Tuesday, 8 October 2019

പലായനശേഷം അവൻ വന്നു

പ്രളയകാലത്തെ മൺവണ്ടി 13

O light! This is the cry of all the characters of ancient drama brought face to face with their fate. This last resort was ours, too, and I knew it now. In the middle of winter I at last discovered that there was in me an invincible summer.
― Albert Camus/Return to Tipasa

ഒന്ന് 

സി ജെ തോമസിൻറെ മൂന്നങ്കങ്ങളുള്ള 'അവൻ വീണ്ടും വരുന്നു' നാടകത്തിൻറെ രംഗ വിവരണത്തിൽ തന്നെ,രാഷ്ട്രീയമുണ്ട്.നാടകം സംഭവിക്കുന്ന മാത്തുക്കുട്ടിയുടെ വീടിൻറെ ചുമരിൽ,യേശുവിൻറെയും പട്ടാളവേഷത്തിലുള്ള മാത്തുക്കുട്ടിയുടെയും ചിത്രങ്ങൾക്ക് പുറമെ,ചർച്ചിൽ,സ്റ്റാലിൻ,റൂസ്‌വെൽറ്റ് എന്നിവരുടെ പടങ്ങൾ ഒരു പഴയ പഞ്ചാംഗത്തിൻറെ മുകളിൽ ഒട്ടിച്ചിരിക്കുന്നു എന്നാണ്,വിവരണം.വീട് ദരിദ്രമാണ്.ആ വീട്ടിൽ ബുദ്ധിജീവികൾ ഇല്ല.യേശുവിൻറെയും മാത്തുക്കുട്ടിയുടെയും ചിത്രങ്ങൾ സ്വാഭാവികം.മറ്റ് മൂന്നെണ്ണം അങ്ങനെയല്ല.അത് സി ജെ മനഃപൂർവം തിരുകിയതാണ്.അതാണ് ഈ നാടകത്തിലെ രാഷ്ട്രീയം.

നാടകം ആദ്യ പതിപ്പ് 1949 ഓഗസ്റ്റിൽ.സി ജെ യുടെ ആദ്യ നാടകം.അദ്ദേഹം എഴുതിയ പുസ്തകങ്ങളിൽ മൂന്നാമത്തേത്.പിറ്റേ വർഷം 'ഉയരുന്ന യവനിക'.
ദാരിദ്ര്യത്താൽ പട്ടാളത്തിൽ ചേർന്ന് വെടികൊണ്ട് അന്ധനായ മാത്തുക്കുട്ടി തിരിച്ചു വീട്ടിൽ എത്തുന്നതിനെ തുടർന്നുള്ള സംഭവങ്ങളാണ്,പ്രമേയം.ഭാര്യ സാറാമ്മ,അവളെ ഗർഭിണിയാക്കിയ മാത്തുക്കുട്ടിയുടെ ആത്മസുഹൃത്ത് കുഞ്ഞുവർക്കി,മാത്തുക്കുട്ടിയുടെ അമ്മ,ഉപദേശി,മാത്തുക്കുട്ടിയുടെ വെടിമരുന്ന് പരിചയം സമരത്തിന് ഉപയോഗിക്കുന്ന ഫാക്റ്ററി തൊഴിലാളിയും കമ്മ്യൂണിസ്റ്റുമായ രാഘവൻ,സാറാമ്മയുടെ പേറെടുക്കുന്ന പതിച്ചി എന്നിവർ കഥാപാത്രങ്ങൾ.മതവും രാഷ്ട്രീയവും,സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘർഷത്തിന്,പ്രാതിനിധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളെ ഉപയോഗിച്ചിരിക്കുന്നു.മാത്തുക്കുട്ടിയെക്കാൾ മിഴിവുള്ള കഥാപാത്രമാണ്,ആധുനികനായ പ്രതിനായകൻ കുഞ്ഞു വർക്കി.അയാളാണ്,മതത്തെയും സമൂഹത്തെയും പ്രധാനമായും ചോദ്യം ചെയ്യുന്നത്.
കൂത്താട്ടുകുളത്തെ യൗവനത്തിൽ കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്ന സി ജെ,കമ്മ്യൂണിസവുമായി വഴിപിരിഞ്ഞ ശേഷമാണ്,ഈ നാടകം.ആ രാഷ്ട്രീയ പശ്ചാത്തലത്തിലേക്ക് കടക്കും മുൻപ്,തൃശൂരിൽ സി ജെ പങ്കാളിയായ ഒരു സാഹിത്യ സംഘർഷം നടന്ന കഥ:

നാടകത്തിന് പശ്ചാത്തലമായ രണ്ടാം ലോകയുദ്ധം അവസാനിച്ച 1945 ലാണ് പുരോഗമന സാഹിത്യ സംഘടന സജീവമായത്.പഴഞ്ചൻ എഴുത്തുകാരെ വിറളി പിടിപ്പിച്ച കോട്ടയം സമ്മേളനം നടന്നത്,1945 മേയിലാണ്.എം പി പോൾ ആയിരുന്നു സംഘടനയുടെ അധ്യക്ഷൻ.സരോജിനി നായിഡുവിൻറെ സഹോദരൻ കമ്മ്യൂണിസ്റ്റ് സഹയാത്രികൻ ഹരീന്ദ്രനാഥ് ചതോപാധ്യായ മുഖ്യാതിഥി.ചങ്ങമ്പുഴ ഒരു സമ്മേളന അധ്യക്ഷൻ.സംഘടനയിൽ ധാരാളം കമ്മ്യൂണിസ്റ്റുകൾ ഉണ്ടായിരുന്നതിനാൽ,പാർട്ടിയുടെ ആജ്ഞാനുവർത്തിയാണ് സംഘടന എന്ന തോന്നലുണ്ടായി.സംഘടനയുടെ നിലപാടുകൾ അതല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു,പോളിൻറെ സ്വാഗത പ്രസംഗം.ആ പ്രസംഗമാണ്,'സാഹിത്യ വിചാരം' എന്ന പുസ്തകത്തിലെ 'മലയാള സാഹിത്യത്തിൻറെ കുറവുകൾ' എന്ന പ്രബന്ധം.

പി കേശവദേവ് എഴുതിയ 'നാടകകൃത്ത്' എന്ന നാടകം,അവിടെ അരങ്ങേറി.പോളിൻറെ മകൾ പതിനേഴുകാരി റോസി,നായിക.ഒരു നല്ല നാടകകൃത്ത് രചിച്ച നല്ല നാടകം,അതിൽ പൊളിച്ചെഴുത്ത് നടത്തി വികൃതമാക്കുന്നതാണ്,പ്രമേയം.റിഹേഴ്‌സൽ ക്യാമ്പിലെ കോമളാംഗി എന്ന,കണ്ണേറ് കൊണ്ട് സകലരെയും മയക്കുന്ന ഏക നടിയുടെ വേഷമായിരുന്നു,റോസിക്ക്.മുൻ മന്ത്രി പി ടി ചാക്കോ,കോമളാംഗിയെ പ്രണയിച്ച വില്ലൻ.അഭയ ദേവും കേശവ ദേവിൻറെ ഭാര്യ ഗോമതിയും മറ്റ് അഭിനേതാക്കൾ.യാഥാസ്ഥിതിക സുറിയാനി ക്രിസ്ത്യാനികളുടെ പൊളിറ്റ് ബ്യുറോ ആസ്ഥാനമായ കോട്ടയത്ത്,അത് തരക്കേടില്ലാത്ത വിപ്ലവം ആയിരുന്നു.

അന്നത്തെ പ്രസംഗത്തിൽ പോൾ പറഞ്ഞു:
"നമ്മുടെ സാഹിത്യം അലസ ധനികന്മാരുടെയും പ്രഭുക്കന്മാരുടെയും സുഖോപരണമായി കഴിഞ്ഞു പോന്നിരുന്നു.ചതുരംഗത്തെക്കാൾ മഹനീയമായ സ്ഥാനം സാഹിത്യത്തിനുണ്ടെന്ന് വെളിപ്പെട്ടു തുടങ്ങിയിട്ട് ഏറെ നാളായില്ല.സാഹിത്യത്തിനും ജീവിതത്തോട് അവിച്ഛിന്നമായ ബന്ധമുണ്ടെന്നും അത് സമുദായ ശരീരത്തിൻറെ അകത്തും പുറത്തും മേലും കീഴും വ്യാപിക്കുന്നുണ്ടെന്നും അത് ജീവിതത്തിൻറെ പ്രതിബിംബം മാത്രമല്ല,അതിപ്രധാനമായ ഒരംശമാണ് എന്നുമുള്ള ബോധത്തിൽ നിന്നാണ് പുരോഗമന സാഹിത്യം ഉണ്ടായത്."

നിയമം പാസായി കോട്ടയം വൈ എം സി എ യിൽ കഴിഞ്ഞിരുന്ന സി ജെ യെ,നാഗമ്പടത്തെ പോൾസ് ട്യൂട്ടോറിയൽ കോളജിൽ പോൾ അധ്യാപകനായി നിയമിച്ച കാലം.റോസി സി ജെ യുടെ കാമുകി.സി ജെ സമ്മേളനത്തിൻറെ ഭാഗമായിരുന്നു-പിന്നിൽ നിന്ന് ചരട് വലി.
സ്വാതന്ത്ര്യ ശേഷം,1947 ഡിസംബറിൽ തൃശൂരിൽ ചേർന്ന സംഘടനയുടെ സമ്മേളനം കലുഷമായി.ഇ എം എസ്,കെ ദാമോദരൻ,സി അച്യുതക്കുറുപ്പ്,എം എസ് ദേവദാസ് എന്നിങ്ങനെ രാഷ്ട്രീയക്കാരും എഴുത്തുകാരുമായ നേതാക്കൾ,സാംസ്‌കാരിക സംഘടനകൾ പിടിച്ചെടുക്കാൻ നടപ്പായിരുന്നു.തൃശൂർ സെൻറ് തോമസ് കോളജിൽ ഇ എം എസിന്റെയും സി അച്യുത മേനോന്റെയും അധ്യാപകനായിരുന്നു,പോൾ.ഇ എം എസും മേനോനും സഹപാഠികൾ ആയിരുന്നു.

തൃശൂർ,കോട്ടയം സമ്മേളനങ്ങൾ തമ്മിൽ ഒരു സാമ്യവും ഉണ്ടായിരുന്നില്ല.തൃശൂരിൽ മുൽക് രാജ് ആനന്ദ് ഉദഘാടകൻ.പൊതുസമ്മേളന തലേന്ന്,പാർട്ടി എഴുത്തുകാർ സ്വന്തം മാനിഫെസ്റ്റോ അവതരിപ്പിച്ചു.അട്ടിമറി നീക്കം സി ജെ,അന്ന് രാത്രി പോളിനെ അറിയിച്ചു.പോൾ,ജോസഫ് മുണ്ടശ്ശേരി,തകഴി ശിവശങ്കര പിള്ള,പി കേശവ ദേവ് എന്നിവർക്കൊപ്പം,സി ജെ യും മാനിഫെസ്റ്റോയെ എതിർത്തു.രാഷ്ട്രീയ നുഴഞ്ഞു കയറ്റക്കാരെ എതിർത്ത് പോൾ നടത്തിയ അധ്യക്ഷ പ്രസംഗം കോളിളക്കമുണ്ടാക്കി.സംഘടനയുടെ പേരിൽ ചിലർ പടച്ചു വിട്ട അശ്ലീല സാഹിത്യത്തെ പോൾ വിമർശിച്ചു.

പോളിൻറെ പ്രസംഗത്തിൽ നിന്ന്:

"സംസ്കാരത്തിൻറെ ഉത്തമ മാതൃകകൾ നമുക്ക് എവിടെ നിന്നും സ്വീകരിക്കാം.പക്ഷെ ഒരു രാജ്യത്തിൻറെയോ കക്ഷിയുടെയോ പേരിൽ എന്തെങ്കിലും പ്രമാണ സംഹിത പുരോഗമന സാഹിത്യകാരൻറെ തലയിൽ കെട്ടി വയ്ക്കുന്നത്,എത്രമാത്രം അനാശാസ്യമാണെന്ന് കാണിക്കാൻ മാത്രമാണ്,വിവാദത്തിനും പ്രക്ഷോഭത്തിനും ഇടയ്ക്കുള്ള ഈ വിഷയത്തെക്കുറിച്ച് ഞാൻ ഇത്രയും പ്രസ്താവിച്ചത്.ഒരു കലാകാരന് തൻറെ ആശയ സ്വാതന്ത്ര്യം ജീവനെക്കാൾ വലിയതാണ്.ഒരു രാഷ്ട്രീയ കക്ഷിക്കാകട്ടെ,പല സമര മുഖങ്ങളിൽ ഒന്ന് മാത്രമാണ്,സാംസ്‌കാരിക രംഗം.ഒരു സാംസ്‌കാരിക സംഘടനയ്ക്കാകട്ടെ,പല സമരമുഖങ്ങളിൽ ഒന്നാണ് ,രാഷ്ട്രീയ രംഗം.കലയുടെ പ്രേരണാ ശക്തി എല്ലാവർക്കുമറിയാം.അത് സ്വാധീനമാക്കാൻ ഓരോ കക്ഷിയും ശ്രമിക്കുന്നത് സ്വാഭാവികമാണ്.എന്നാൽ കലയ്ക്ക് കക്ഷി നിരപേക്ഷമായ ഒരു മനഃസാക്ഷിയുണ്ട്.അതനുസരിച്ച് മാത്രമേ അതിന് പ്രവർത്തിക്കാൻ പാടുള്ളു".

ഒന്നാന്തരമാണ്,ഈ നിലപാട്.
എം പി പോൾ 
സി ജെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായപ്പോൾ,അദ്ദേഹത്തിന് മേൽ ഒരു വിധവയുടെ അവിഹിത ഗർഭം കെട്ടി വച്ചു,പ്രകോപിതരായ കമ്മ്യൂണിസ്റ്റ് പക്ഷം.നേർ മറുപടി ഇല്ലാത്തതിനാൽ,പോളിനെ വത്തിക്കാൻറെ ഏജൻറ് എന്ന് വിളിച്ചു.ആ സംഘടന നാമാവശേഷമായി എന്ന് മാത്രമല്ല,പോളും സി ജെയും ആയിരുന്നു ശരിയെന്ന് 40 വർഷത്തിന് ശേഷം,'ഭാഷാപോഷിണി' സമ്മേളനത്തിൽ ഇ എം എസ് കുമ്പസാരിക്കുകയും ചെയ്‌തു.
പി ഭാസ്കരൻറെ 'എന്നുമെന്നും വയലാർ' എന്ന നിഴൽ നാടകത്തിൽ,കിഴവൻറെ നിഴലായി അഭിനയിച്ച് സി ജെ തൃശൂരിൽ നിന്ന് മടങ്ങി.

ഇനി രാഷ്ട്രീയ പശ്ചാത്തലം.

കമ്മ്യൂണിസ്റ്റ് പാർട്ടി ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ എതിർത്ത് ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചിരുന്നു എന്നും പാകിസ്ഥാൻ വാദത്തെ അനുകൂലിച്ചിരുന്നു എന്നും ചരിത്രത്തിലുണ്ട്.ബ്രിട്ടീഷ് നേതൃത്വത്തിൽ നാസിസത്തിനെതിരായി നടക്കുന്ന യുദ്ധം,ജനകീയ യുദ്ധമാണെന്ന് അന്ന് പാർട്ടി കണ്ടു;പാകിസ്ഥാൻ വാദം ഉപദേശീയതയാണെന്ന് തെറ്റിദ്ധരിച്ചു.
ലോക നാടക ചലനങ്ങൾ ശ്രദ്ധിച്ച സി ജെ യ്ക്ക്,ലോക കമ്മ്യൂണിസ സംഘർഷവും അന്യമായിരുന്നിരിക്കില്ല.'അവൻ വീണ്ടും വരുന്നു' എഴുതും മുൻപ്,കേരള കമ്മ്യൂണിസത്തെ രണ്ടു സംഭവ വികാസങ്ങൾ പിടിച്ചുലച്ചു:ബ്രോഡർ സിദ്ധാന്തവും കൊൽക്കത്ത തീസിസും.

1934 -1945 ൽ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ആയിരുന്ന,ഏൾ ബ്രോഡർ ( Earl Browder 1891 -1973 ) ഒന്നാം ലോകയുദ്ധത്തെ എതിർത്ത് ജയിലിലായി.1936 ലും 1940 ലും യു എസ്‌ പ്രസിഡൻറ് സ്ഥാനാർഥി.സോവിയറ്റ് ചാരനായി,പാസ്പോർട്ട് തട്ടിപ്പിന് 1940 ൽ തടവിലിട്ടു.1946 ൽ പാർട്ടിയിൽ നിന്ന് പുറത്തായി.

രണ്ടാം ലോകയുദ്ധം അവസാനിച്ചയുടനെയാണ്,ബ്രോഡർ സിദ്ധാന്തം വന്നത്.സാമ്രാജ്യത്വ ശക്തി ക്ഷയിച്ചെന്നും ലോകം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കീഴിൽ അമർന്നെന്നും പഴയ മട്ടിലുള്ള സംഘടനാ പ്രവർത്തനം ഇനി ആവശ്യമില്ലെന്നും സംഘടന പിരിച്ചു വിടണമെന്നും ആയിരുന്നു,സിദ്ധാന്തം.പാർട്ടിക്ക് ഇനി പഴയ പോലെ മുഴുവൻ സമയ പ്രവർത്തകർ ആവശ്യമില്ലെന്നും പ്രവർത്തകർ വേറെ പണി ചെയ്‌ത്‌ ജീവിക്കണമെന്നും ബ്രോഡർ നിർദേശിച്ചു.

ഇത് വിശ്വസിച്ച് പാർട്ടി സെക്രട്ടറി പി കൃഷ്‌ണ പിള്ള സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു.മണ്ടനായിരുന്നു എന്നർത്ഥം.ഇ എം എസ് യോഗ ക്ഷേമ സഭ പ്രസിഡൻറായി.സി എച്ച് കണാരൻ എസ് എൻ ഡി പി യിൽ പോയി.പിരിച്ചു  വിടും മുൻപ് പാർട്ടി,പ്രതിസന്ധിയിൽ ആയിരുന്നു.പിള്ളയും ഇ എം എസും വ്യത്യസ്ത ധ്രുവങ്ങളിൽ ആയിരുന്നു.'പ്രസ്ഥാനത്തിൻറെ മുകളിൽ കയറിയിരുന്ന് മറ്റുള്ളവരെ ഹനിക്കുന്നതും ശാസിക്കുന്നതും നേതൃത്വമായി വിചാരിച്ചവരെ'  പി നാരായണൻ നായർ ആത്മകഥയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്."ഒളിവിൽ ജീവിച്ചതിൻറെ അഭിജാത്യത്തിൽ മറ്റുള്ളവരോട് അവരുടെ പ്രവർത്തനങ്ങളെപ്പറ്റി ഡയറികളും റിപ്പോർട്ടുകളും എഴുതി വാങ്ങിക്കുക,അവ വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള കഴിവില്ലാതെ റിഫോമിസ്റ്റ് മുദ്രയും പെറ്റി ബൂർഷ്വാ വിളികളും അച്ചടക്ക ഖഡ്‌ഗവുമായി കേവലം യാന്ത്രികമായി വിലസുക"' ഇതൊക്കെയായിരുന്നു ഈ നേതൃത്വത്തിൻറെ പരിപാടിയെന്ന് നാരായണൻ നായർ നിരീക്ഷിക്കുന്നു.ഈ സ്ഥിതി വിശേഷം കൃഷ്‌ണ പിള്ളയെ വ്യാകുലപ്പെടുത്തിയപ്പോൾ ഉണ്ടായ  പ്രതികരണമായിരുന്നു,പിരിച്ചു വിടൽ.'ഈ നേതൃത്വം'' എന്ന് നായർ പറയുന്നത് ആരെപ്പറ്റിയാണ്?ഇ എം എസ് മാത്രമാണ് അന്ന് ദേശീയ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് ഉണ്ടായിരുന്നത്.

ഇ എം എസിനോട് വള്ളുവനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കൃഷ്‌ണപിള്ള നിർദേശിച്ചു. കണാരന് കർഷക സംഘം ചുമതല നൽകി.മുഴുവൻ സമയ പ്രവർത്തകർ ജോലിക്ക് പോയി ജീവിക്കാനും  മിച്ചമുള്ള സമയത്ത് പാർട്ടി പ്രവർത്തനത്തിന് പോകാനും ഇ എം എസ് നിർദേശിച്ചു.കെ പി ജി നമ്പൂതിരി വിപ്ലവ പാട്ടെഴുത്ത് നിർത്തി തിരുവനന്തപുരം ലോ കോളജിൽ ചേർന്നു.തുടർന്നുള്ള കാലത്ത് കേന്ദ്ര കമ്മിറ്റി ഇവിടെ പുനഃസംഘടന നടപ്പാക്കിയെങ്കിലും,പാർട്ടിയിൽ ആകെ നിരാശയുടെ കരിനിഴൽ വീണ കാലമായിരുന്നു,1946 -1948.കേരളകമ്മിറ്റിക്ക് മുൻപ് കമ്മ്യൂണിസ്റ്റ് ഇന്റര്നാഷനലും പിരിച്ചു വിട്ടു.
ബ്രോഡർ 
ഐക്യമുന്നണിയല്ല,കമ്മ്യൂണിസ്റ്റ് പാർട്ടി ആധിപത്യമാണ് വേണ്ടത് എന്ന ലൈൻ 1947 മധ്യത്തിൽ സ്റ്റാലിൻ എടുത്തു.മധ്യ,പൂർവ യൂറോപ്യൻ രാഷ്ട്രങ്ങളിൽ പാർട്ടി അധികാരത്തിൽ എറിയതായിരുന്നു ലൈൻ മാറ്റത്തിന് കാരണം.കോമിൻഫോം രൂപീകരിച്ചു.സോവിയറ്റ്,മധ്യ / പൂർവ യൂറോപ്യൻ പാർട്ടികൾ,ഇറ്റലി,ഫ്രഞ്ച് പാർട്ടികൾ എന്നിവ അംഗങ്ങൾ.ചൈനീസ് പാർട്ടിയെ ഒഴിവാക്കി.ടിറ്റോയുടെ അധീശത്വം കാരണ,യുഗോസ്ലാവ്യൻ പാർട്ടിക്കായിരുന്നു രണ്ടാം സ്ഥാനം.

കോമിൻഫോം ഉദ് ഘാടന യോഗത്തിൽ സോവിയറ്റ് സൈദ്ധാന്തികൻ ഷഡാനോവ് പറഞ്ഞു:
"ഇന്ന് ലോകത്ത് രണ്ടു ചേരികളേയുള്ളു.ഒന്ന് സോഷ്യലിസ്റ്റ്,സാമ്രാജ്യത്വ വിരുദ്ധ ചേരി.രണ്ട്,മുതലാളിത്ത സാമ്രാജ്യത്വ അനുകൂല ചേരി."
നിങ്ങൾ ഏതു ചേരിയിൽ എന്നായി ചോദ്യം.

ഈ ലൈൻ അനുസരിക്കുന്നവരുടെ മുഴക്കം തൃശൂർ സമ്മേളനത്തിൽ കേട്ടു.സ്റ്റാലിൻ ലൈൻ അംഗീകരിക്കുക എന്നതിനർത്ഥം,ഇന്ത്യയ്ക്ക് കിട്ടിയത്,സ്വാതന്ത്ര്യം അല്ല എന്നായിരുന്നു.ഇത് ഇന്ത്യൻ പാർട്ടിയെ പ്രതിസന്ധിയിലാക്കി.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അംഗീകരിച്ചത് ഏതാനും വർഷം കഴിഞ്ഞ് പാലക്കാട് കോൺഗ്രസിലാണ്.
പുതിയ ലൈനിന്റെ അടിസ്ഥാനത്തിൽ,13 കൊല്ലം ജനറൽ സെക്രട്ടറി ആയിരുന്ന പി സി ജോഷിയെ ആ സ്ഥാനത്ത് നിന്ന് മാറ്റി,ബി ടി രണദിവെയെ അവരോധിച്ചു.രണദിവെയുടെ നേതൃത്വത്തിൽ 1948 ഫെബ്രുവരി 28 മുതൽ മാർച്ച് ആറു വരെ കൊൽക്കത്തയിൽ നടന്ന രണ്ടാം പാർട്ടി കോൺഗ്രസാണ് കൊൽക്കത്ത തീസിസ് അംഗീകരിച്ചത്.സായുധ കലാപം പാർട്ടി നയമാക്കിയ ആ നയത്തിന് മുൻപ് തെലങ്കാന,പുന്നപ്ര വയലാർ കലാപങ്ങൾ സംഭവിച്ചു.-1946.തെറ്റായ ആ നയം തെറ്റായി കേരളത്തിൽ നടപ്പാക്കി.


സി ജെ ജനിച്ചു വളർന്ന കൂത്താട്ടുകുളം ആ നയത്തിന് കൊടുത്ത വില വലുതായിരുന്നു.കൂത്താട്ടുകുളം മേരിയോട് പൈശാചികമായി പോലീസ് പക തീർത്തു.അക്കാലത്ത് ആദ്യ നാലു നാൾ പോലീസ് സ്റ്റേഷനുകളിൽ സ്ത്രീ പുരുഷന്മാരെ നഗ്നരായി തടവിലിട്ടു.സ്ത്രീകളുടെ മുലക്കണ്ണുകളിൽ വെള്ളയ്ക്കാ മോടo തൂക്കി.ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായ പി കെ കുമാരനോട് സ്റ്റേഷനിലുണ്ടായിരുന്ന മഹിളാ സംഘം പ്രവർത്തക പി സി കുറുമ്പയുടെ സ്വകാര്യ ഭാഗം നക്കാൻ ആവശ്യപ്പെട്ടു.വിസമ്മതിച്ച കുമാരൻറെ മുഖം പോലീസ് ബലമായി അവരോട് ചേർത്തുരുമ്മി.മൊയാരത്ത് ശങ്കരൻ,എരൂർ സി കെ ദാമോദരൻ,വൈക്കം ദാമോദരൻ,തിരുമാറാടി രാമകൃഷ്ണൻ,മണ്ണത്തൂർ വർഗീസ്,പാമ്പാക്കുട രാജപ്പൻ,ഉല്ലല ദാമോദരൻ എന്നിവർ ലോകകപ്പുകളിൽ കശാപ്പ് ചെയ്യപ്പെട്ടു.
സി ജെ നാടകങ്ങൾക്ക് പശ്ചാത്തലം യുദ്ധവും സംഘർഷവും ആയതിൽ അദ്‌ഭുതമില്ല.

കൂത്താട്ടുകുളത്ത് പൊതുസമ്മതനായിരുന്ന യോഹന്നാൻ കോർ എപ്പിസ്കോപ്പയുടെ മകനായി ജനിച്ച സി ജെ,14 വയസിൽ നിരീശ്വരതയോട് ചായ്‌വ് കാട്ടാൻ തുടങ്ങി.പിതാവിൻറെ നിർബന്ധത്താൽ ശെമ്മാശനായി.ളോഹ ഊരി 1941 -'43 ൽ തിരുവനന്തപുരം ലോ കോളജിൽ പാർട്ടി ഘടകം സെക്രട്ടറിയായി.ഫ്ലെച്ചർ ബിൽഡിങ്സിൽ പാർട്ടി ഓഫീസ് ഉദ് ഘാടനം ചെയ്യുമ്പോൾ,കെ സി ജോർജിനും പി ടി പുന്നൂസിനുമൊപ്പം സി ജെ യും ഉണ്ടായിരുന്നു.പാർട്ടി ഓഫിസ് പുസ്തക ശാലാ ചുമതല സി ജെ യ്ക്ക് ആയിരുന്നു.

ഉത്തരവാദ പ്രക്ഷോഭത്തിൽ ( 1938 ) പങ്കെടുത്ത സി ജെ യുടെ ജ്യേഷ്ഠൻ സി ജെ ജോസഫിനെ പോലീസ് മർദിച്ച്  ക്ഷയരോഗിയാക്കി കൊന്നു.കൂത്താട്ടുകുളം മേരി അടുത്ത ബന്ധുവായിരുന്നു.സംഘർഷം സി ജെ യുടെ വീട്ടിലും വിരുന്നിനെത്തി.
'അവൻ വീണ്ടും വരുന്നു' എഴുതുമ്പോൾ സി ജെ സംശയാലുവായ തോമസ് ( Doubting Thomas ) ആയിരുന്നു.

തൃശൂർ സമ്മളനത്തിന് ശേഷം,സി ജെ,പാർട്ടിയിൽ നിന്ന് വഴിമാറി നടന്നു.കൊൽക്കത്ത തീസിസിന് ശേഷമായിരുന്നു,കൂത്താട്ടുകുളത്ത് കോളിളക്കമുണ്ടാക്കിയ ഉമ്മൻ കൊലക്കേസ്.ഒരുമാതിരി കമ്മ്യൂണിസ്റ്റുകളെയൊക്കെ പിടിക്കാൻ വാറൻറ് ഉണ്ടായിരുന്നു.അതിൽപെട്ട കമ്മ്യൂണിസ്റ്റ് ആയിരുന്നു,തിരുമാറാടിയിൽ പിഷാരടി കുടുംബത്തിൽ നിന്ന് വിവാഹം ചെയ്‌ത നരസിംഹയ്യർ.ഒളിവിൽ പോകാൻ അയ്യരോട് പാർട്ടി നിർദേശിച്ചു.പ്രസംഗം ദൗർബല്യമായ അദ്ദേഹം,പാലക്കുഴ ഷാപ്പിനടുത്തു നടന്ന ഒരു പാർട്ടി യോഗത്തിൽ പൊങ്ങി.അവിടന്ന് മടങ്ങുമ്പോൾ,അയ്യരെ പോലീസുകാരൻ ഉമ്മൻ പിടികൂടി.അയ്യരെ പോലീസ് ലോക്കപ്പിൽ മർദിച്ച് അവശനാക്കി.പാർട്ടിക്കാർ ഉമ്മനെ കൊന്നു.കുഞ്ഞ് എന്നൊരാളാണ് ഉമ്മനെ കുത്തിയതെന്ന് വിശ്വാസം ഉണ്ടായിരുന്നു.അയാളെയൊഴിച്ച് പലരെയും പോലീസ് പൊക്കി.നിരോധനാജ്ഞ നടപ്പാക്കി.പട്ടാളമെത്തി.നിരപരാധികളെ മർദിച്ചവശരാക്കി.സി ജെ യുടെ സുഹൃത്ത് ഫോട്ടോഗ്രഫർ ജേക്കബ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തപ്പോൾ,സി ജെ തൃശൂരിലേക്ക് കടന്നു.അവിടെയാണ് 'അവൻ വീണ്ടും വരുന്നു' പിറന്നത്.

രണ്ട്‌ 

രണ്ടു വരവുകൾക്കിടയിലാണ്,നാടകം.പട്ടാളക്കാരനായിരുന്ന മാത്തുക്കുട്ടിയുടെ വരവിൽ ആരംഭിക്കുന്ന നാടകം,ഭാര്യ സാറാമ്മയുടെ അവിഹിത ഗർഭത്തിലെ കുഞ്ഞ് ലോകത്തേക്ക് വരുന്നിടത്ത്,ഒരു പ്രസവത്തിൽ,അവസാനിക്കുന്നു.ലോകനാടകത്തിൽ പ്രസവത്തിൽ അവസാനിക്കുന്ന ഏകനാടകം.

ഗ്രീക്ക് ദുരന്ത നാടകങ്ങളിൽ കാണുന്ന ഡെൽഫിയിലെ വെളിച്ചപ്പാടിൻറെ ( Oracle of Delphi ) മട്ടിലാണ്,സി ജെ ഉപദേശിയെ രൂപപ്പെടുത്തിയിരിക്കുന്നത്.കഥാപാത്രത്തെ സോഫോക്ലിസിൻറെ തൈറേഷ്യസ് പോലെ കാണുന്നതിന് പകരം, പെന്തക്കോസ്ത് മാതൃകയിലെ ഉപദേശിയുടെ മട്ടിൽ പരിഹാസ്യമാക്കിയ സംവിധായകൻ കേരളത്തിൽ ഉണ്ടായി-എന്നിട്ടും തിരുവനന്തപുരം വി ജെ ടി ഹാളിലെ അരങ്ങേറ്റം വിജയമായിരുന്നു എന്ന് അതിൽ അഭിനയിച്ച എസ് ഗുപ്തൻ നായർ 'മനസാ സ്മരാമി'യിൽ എഴുതി;ആരോ വിഡ്ഢിത്തം പറഞ്ഞത് കേട്ട് അത് പരാജയമായിരുന്നു എന്ന് എം തോമസ് മാത്യു,'സി ജെ യുടെ നാടകങ്ങൾ'എന്ന പുസ്തകത്തിൻറെ അവതാരികയിൽ പകർത്തി.മഹത്തായ നാടകം അല്ലെങ്കിലും കന്നി നാടകം എന്ന നിലയിൽ,ശിൽപ ഭംഗിയുണ്ട്.തുളച്ചു കയറുന്ന സംഭാഷണങ്ങൾ ചിലതുണ്ട്.മതത്തെയും ദൈവത്തെയും പൗരോഹിത്യത്തെയും ചോദ്യം ചെയ്യുന്ന സംഭാഷണങ്ങൾക്ക് അതി മുഴക്കമില്ല.ഉപദേശിയെ സന്നിവേശിപ്പിച്ചതിൽ ചാരുതയുണ്ട്.പശ്ചാത്തല ശബ്ദമായും അയാളുണ്ട്.ബൈബിളിലെ കയ്യടക്കം പാത്ര സൃഷ്ടിയിൽ കാണാം.
സി ജെ തോമസ് 
''ലോകാവസാനം അടുത്തിരിക്കുന്നു!ഇപ്പോൾ സുപ്രസാദ കാലം;ഇപ്പോൾ തന്നെ രക്ഷാ ദിവസം'' എന്ന് പറയുന്ന ഉപദേശി,
"അവൻ വീണ്ടും വരുന്നു! നിങ്ങളുടെ വിളക്കുകളിൽ എണ്ണയൊഴിച്ചു കാത്തിരിപ്പിൻ" എന്ന് നാന്ദി ചൊല്ലുന്നതിൽ,മാത്തുക്കുട്ടിയുടെ മടങ്ങി വരവിന്റെ സൂചനയുണ്ട്.

രണ്ടാം ലോകയുദ്ധ കാലമാണ് നാടക കാലം.ആ യുദ്ധം എന്ന് കഴിയുമെന്ന് മാത്തുക്കുട്ടിയുടെ അമ്മ ചോദിക്കുന്നതിന്,
"പുറം ജാതിക്കാരെയും അവിശ്വാസികളെയും പോലെ ജ്യോതിഷത്തിൽ വിശ്വസിക്കരുത്" എന്ന് മറുപടി പറഞ്ഞ് ഒഴിയുകയാണ്,ഉപദേശി.
അത്യാവശ്യം ജ്യോതിഷം അറിയാമായിരുന്ന സി ജെ,42 വയസ്സിലെ മരണവും അതിൽ നിന്നറിഞ്ഞിരുന്നു.

അവിഹിത ഗർഭം പേറുന്ന സാറാമ്മ,ഉപദേശിക്ക് കൊടുക്കേണ്ട കാപ്പി അടങ്ങിയ കോപ്പ താഴെ വീഴ്ത്തി പൊട്ടിച്ചു കൊണ്ടാണ്,വേദിയിൽ എത്തുന്നത്.ഞെട്ടിയും വിരണ്ടും അമ്പരന്നുമാണ് സാറാമ്മ വേദിയിൽ ഉടനീളം.

യുദ്ധക്കെടുതികൾ മാത്തുക്കുട്ടിയുടെ അമ്മ വിവരിക്കേ,ലൂക്കോസിൻറെ സുവിശേഷത്തിലെ 10:23 -24 വാക്യങ്ങൾ ഉപദേശി ഉദ്ധരിക്കുന്നു:
നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ.എന്തുകൊണ്ടെന്നാൽ,ഞാൻ നിങ്ങളോട് പറയുന്നു,വളരെ പ്രവാചകന്മാരും രാജാക്കമാരും നിങ്ങൾ കാണുന്നത് കാണാൻ ആഗ്രഹിക്കുന്നു എങ്കിലും,കണ്ടില്ല;നിങ്ങൾ കേൾക്കുന്നത് കേൾക്കാനും എങ്കിലും കേട്ടില്ല!

ഉപദേശി മാത്തുക്കുട്ടിയെയും അമ്മയെയും ഇത് മറുതലിപ്പിൻറെ കാലം എന്ന് പറഞ്ഞ് പേടിപ്പിക്കുന്നു."സ്രഷ്ടാവ് കണക്ക് ചോദിക്കും."
സാറാമ്മ കാപ്പിയുമായി വരുമ്പോൾ,ഉപദേശിയിൽ നിന്ന് കേൾക്കുന്നത്,കർത്താവ് കണക്കു ചോദിക്കുന്ന മുഹൂർത്തത്തെപറ്റിയാണ്:
....അന്നു രണ്ടു സ്ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചു കൊണ്ടിരിക്കും.ഒരുത്തിയെ അവൻ സ്വീകരിക്കും.മറ്റവളെയോ അവൻ ചാകാത്ത പുഴുവും കെടാത്ത തീയും നിറഞ്ഞ നിത്യ നരകത്തിലേക്ക് തള്ളും !

തനിക്ക് പറഞ്ഞുറപ്പിച്ച നരകത്തീയെപ്പറ്റി കേട്ടാണ്,സാറാമ്മയിൽ നിന്ന് ചായക്കോപ്പ വീണുടയുന്നത്.

സാറാമ്മയും ജാരനായ കുഞ്ഞുവർക്കിയും തമ്മിലുള്ള സംഭാഷണത്തിൽ നിന്ന്,പള്ളിയിലെ മിന്നു കെട്ട് കഴിഞ്ഞ ഉടൻ,സാറാമ്മയുടെ വികാരങ്ങളെ അവഗണിച്ചാണ്,മാത്തുക്കുട്ടി മുന്നണിയിലേക്ക് പോയതെന്നറിയാം.നാല് വർഷമായി സ്നേഹിക്കാൻ ആരും ഉണ്ടായിരുന്നില്ല.വെറും അരിവയ്‌പുകാരി ആയാണ് അവിടെ കഴിഞ്ഞത്.കുഞ്ഞുവർക്കി പോറ്റാൻ തയ്യാറല്ല.ഒളിച്ചോടിയാൽ മാനം വിൽക്കേണ്ടി വരും.

മാത്തുക്കുട്ടി വരുന്ന തീവണ്ടിയുടെ മടക്കശബ്ദം കേട്ട് ഭ്രാന്തിയെപ്പോലെ സാറാമ്മ എഴുന്നേറ്റോടുന്ന മൂന്നാം രംഗത്തിൽ,അവൾ തൈർക്കലത്തിൽ കാൽ തട്ടി മറിഞ്ഞു വീഴുമ്പോൾ,മാത്തുക്കുട്ടിയുടെ അമ്മ നടത്തുന്ന ദേഹ പരിശോധനയിലാണ്,അവിഹിത ഗർഭം വെളിച്ചത്ത് വരുന്നത്.മാത്തുക്കുട്ടി വരുന്നത്,സാറാമ്മ മാനം കളഞ്ഞെന്ന അമ്മയുടെ വിലാപം കേട്ടാണ്.
നാടകം സംഘർഷ ഭരിതമാകുന്നു.നരകത്തെപ്പറ്റി ഉപേദശി ആവർത്തിക്കുമ്പോൾ,യുദ്ധ നരകം ഓർക്കുന്നു,മാത്തുക്കുട്ടി.അതൊന്നും ഇത്ര വേദനിപ്പിച്ചില്ല.സാറാമ്മ അയാളുടെ കാലിൽ വീഴുന്നു.

മൂന്നു മാസം കഴിഞ്ഞാണ്,രണ്ടാം അങ്കം.മാത്തുക്കുട്ടി,സാറാമ്മയ്ക്കും വർക്കിക്കും ഇടയിൽ താൻ പ്രതിബന്ധമാണെന്ന തിരിച്ചറിവിൽ വീട് വിടാൻ തീരുമാനിക്കുന്നു.അപ്പോൾ ഫാക്റ്ററി തൊഴിലാളി രാഘവൻ വരുന്നു.പുന്നപ്ര വയലാറിന് രക്ത സാക്ഷികളെ നൽകിയ വിമുക്ത ഭടൻമാരെ ഓർമിപ്പിക്കുമാറ്,രാഘവൻ വെടിമരുന്ന് പടക്കമായി എറിയുന്നതും കെട്ടുന്നതുമായ വിദ്യ പഠിപ്പിക്കാൻ അപേക്ഷിക്കുന്നു.ഇവിടത്തെ അക്രമവും അനീതിയും കണ്ട് മാത്തുക്കുട്ടി യുദ്ധത്തിന് തയ്യാർ.

ഉപദേശിയോട് സാറാമ്മ പാപ പരിഹാരം തേടുമ്പോൾ,അയാൾ ഉന്നയിക്കുന്നത്,യേശു,സ്വന്തം മാതാവിനോട് ചോദിച്ച ചോദ്യമാണ്:
"സ്ത്രീയേ,എനിക്കും നിനക്കും തമ്മിൽ എന്ത്?"

ദൈവം കൂട്ടിച്ചേർത്തവരെ മനുഷ്യൻ അകറ്റാതിരിക്കട്ടെ എന്ന ഉപദേശിയുടെ നിലപാടിനെ മാത്തുക്കുട്ടി ചോദ്യം ചെയ്യുന്നു:
"ദൈവം ആരെയാണ് കൂട്ടി ചേർത്തത് ? എന്തിനാണ് ഈ യുദ്ധമുണ്ടായത്?എന്തിനാണ് പട്ടാളത്തിൽ പോകാൻ മാത്രം ഞാൻ ദരിദ്രനായത്?ആരാണ് സാറാമ്മയെയും കുഞ്ഞു വർക്കിയെയും ഒരുമിച്ചു കൊണ്ട് വന്നത്?..ആരാണ് ഇതിനൊക്കെ കാരണക്കാരൻ?"

അന്ധനായ മാത്തുക്കുട്ടി വിപ്ലവത്തിനിറങ്ങുന്നു.ദൈവത്തെ ചോദ്യം ചെയ്യുന്ന നിലപാട് അവസാന അങ്കത്തിൽ,കുഞ്ഞു വർക്കി ആവർത്തിക്കുന്നു:

ഉപദേശി:ഏതു പള്ളിയിൽ വച്ചാണ് നിങ്ങളുടെ വിവാഹം നടന്നത്.
സാറാമ്മ:ഈ പള്ളിയിൽ വച്ച് തന്നെ
കുഞ്ഞുവർക്കി:അതിന് പള്ളി തന്നെ വേണമെന്നുണ്ടോ ?
ഉപദേശി:പുരോഹിതനും വേണ്ടേ?
കുഞ്ഞുവർക്കി:കിട്ടാൻ മാർഗ്ഗമില്ലെങ്കിൽ,കൂടാതെ കഴിക്കണം .
ഉപദേശി:ഞാൻ തുറന്നു പറയുകയാണ്,കുഞ്ഞുവർക്കീ,നീ എന്നോട് പരിഭവിക്കേണ്ട.ദൈവത്തിൻറെ ജോലി ചെയ്യുന്നതിൽ മുഖം നോക്കാൻ നിവൃത്തിയില്ല.മാത്തുക്കുട്ടി പോയിട്ട് ഇന്നു രണ്ടുമാസം തികയുന്നു.നിങ്ങൾ രണ്ടു പേരും ഇങ്ങനെ ഇവിടെ ഒരുമിച്ചു താമസിക്കയും. ഇത് ദൈവത്തിനും മനുഷ്യനും നിരക്കാത്ത പ്രവൃത്തിയാണ്.
കുഞ്ഞുവർക്കി:തൽക്കാലം ഞാൻ ദൈവത്തെയും മനുഷ്യനെയുമല്ല നോക്കാൻ നിശ്ചയിച്ചിരിക്കുന്നത്;സാറാമ്മയെയാണ്.
ഉപദേശി:അത് ദൈവം നോക്കിക്കൊള്ളും 
കുഞ്ഞുവർക്കി:പട്ടിണിയിലേക്ക് തുറന്ന വഴി .
ഉപദേശി:ദൈവം അങ്ങനെ തിരുമനസ്സാണെങ്കിൽ,മനുഷ്യൻ അതും അനുഭവിക്കണം 
കുഞ്ഞുവർക്കി:അവളുടെ ഈ അവസ്ഥയിലുമോ ?
ഉപദേശി:തീർച്ചയായും;അത് ദൈവത്തെ ഭരമേൽപിക്കുക 
കുഞ്ഞുവർക്കി:ദൈവത്തിന് ഒരു വയറ്റാട്ടിയെയും പരിചയമില്ല,വൈദ്യനെ വിളിക്കാനും മരുന്ന് വാങ്ങാനും അദ്ദേഹത്തിന് നേരവുമില്ല.

പ്രതിനായകൻ നായകനാകുന്ന സന്ദർഭം.ദൈവത്തെയും ആത്മാവിനെയുംകാൾ വലുതാണ് കാരുണ്യം എന്ന് വർക്കി പ്രഖ്യാപിക്കുന്നു.
സാറാമ്മ ഇന്നും മാത്തുക്കുട്ടിയുടെ ഭാര്യയാണ് എന്ന് ഉപദേശി പറയുമ്പോൾ,സാറാമ്മ താലി പൊട്ടിച്ചെറിയുന്നു -ഒരു ഇബ്‌സൻ സന്ദർഭം.
"ദൈവം കൂട്ടിച്ചേർത്തതിനെ" എന്ന വാചകം,സി ജെ നിരന്തരം ദാമ്പത്യത്തെ പരിഹസിക്കാൻ പ്രയോഗിച്ചിരുന്നതായി,റോസി എഴുതിയിട്ടുണ്ട്."നിന്നെ ഒരു ഹിന്ദുവിന് വിവാഹം ചെയ്‌തു കൊടുക്കും"എന്ന് കൗമാരത്തിൽ റോസിയോട് പറയുമായിരുന്ന പോൾ,സി ജെ യുമായി പ്രണയത്തിൽ ആയപ്പോൾ അതിന് വിഘ്നം തീർത്തു.അതേസമയം പള്ളിയിൽ പോക്കും കുമ്പസാരവും ഇല്ലാതിരുന്ന പോളിനെ തെമ്മാടിക്കുഴയിലാണ്,അടക്കിയത്.
അവിഹിത ഗർഭമാണെങ്കിലും സാറാമ്മയുടെ പേറെടുക്കാൻ വയറ്റാട്ടി എത്തിയപ്പോൾ കുഞ്ഞുവർക്കി സാറാമ്മയോട് പറയുന്നു:

"താഴ്ന്നവൻറെ സന്മാർഗ ക്രമത്തിനുമുണ്ട് വ്യത്യാസം.അവന് വേറൊരു നിയമമാണ്;നമ്മുടെ തെറ്റ് അവൻറെ കണ്ണിൽ ക്ഷമിക്കത്തക്കതായിരിക്കും.അവർ നമ്മെ സ്വീകരിക്കുകയും ചെയ്യും".

ഫാക്റ്ററിയിൽ നടന്ന വെടിവയ്‌പിൽ മാത്തുക്കുട്ടി മരിച്ച വിവരം ഇരുവരും രാഘവനിൽ നിന്നാണ് അറിയുന്നത്.ശവങ്ങളെല്ലാം മണ്ണെണ്ണ ഒഴിച്ച് അവർ കത്തിച്ചു കളഞ്ഞുവെന്നും അയാൾ പറയുന്നു.അങ്ങനെയാണ് പുന്നപ്ര വയലാറിലും സംഭവിച്ചത്.

സാറാമ്മയുടെ പ്രസവം കാത്തിരിക്കുന്ന അവസാന രംഗത്തിൽ,''ഉണർവുള്ള മണവാട്ടികളേ,നിങ്ങളുടെ ദീപങ്ങളെ കൊളുത്തുക! അവൻ വീണ്ടും വരുന്നു" എന്ന ഉപദേശി വചനത്തെ കുഞ്ഞുവർക്കിയും രാഘവനും പരിഹസിക്കുന്നു:

രാഘവൻ:വലിക്കുന്നോ ?
കുഞ്ഞുവർക്കി:ഒരുപാട് വലിച്ചു 
രാഘവൻ:ഇത് ആ ഉപദേശി പറയുന്ന പോലെയാ ...ഏതോ അഞ്ചു മണവാട്ടിമാർ രാത്രി മുഴുവൻ ആരെയോ കാത്തിരുന്നെന്ന് 
കുഞ്ഞുവർക്കി:അവരും ഒരുപാട് ബീഡി വലിച്ചായിരിക്കും.ഇവിടെ മണവാട്ടിയൊന്നും ഇല്ല.പ്രസവം കൊണ്ടാണ് ആരംഭം.
സാറാമ്മ പ്രസവിക്കുന്ന കുഞ്ഞിന് മാത്തുക്കുട്ടി എന്ന് പേരിടുകയും,ഉപദേശി അവൻ വീണ്ടും വരുന്നു എന്ന് പ്രവചിക്കുകയും ചെയ്യുന്നിടത്തു നാടകം തീരുന്നു.

കമ്മ്യൂണിസം അന്ധനായ മാത്തുക്കുട്ടിയെ കൊലയ്ക്ക് കൊടുക്കുന്നു;അശരണനെ സഹായിക്കാൻ മതം എത്തുന്നില്ല.യുദ്ധo പോലെ ജീവിതവും അസംബന്ധം.രാഷ്ട്ര തലവന്മാരുടെ ചിത്രങ്ങൾ പഴയ പഞ്ചാംഗത്തിൽ തന്നെ സി ജെ ഒട്ടിച്ചു വച്ചത് മനഃപൂർവമായിരിക്കും.കാലഹരണപ്പെട്ട രാഷ്ട്രീയം.യുദ്ധം കഴിഞ്ഞാൽ അതുണ്ടാക്കിയവനും അതിൽ പങ്കെടുത്തവനും വെറും ചുവർ ചിത്രങ്ങൾ.
ആൽബേർ കാമുവിൻറെ The Misunderstanding സി ജെ യുടെ നാടക പശ്ചാത്തലത്തിൽ കാണാം.യുദ്ധവും മരണവും പരസ്ത്രീ ഗമനവുമാണ് 1943 ൽ കാമു എഴുതിയ ഈ നാടകത്തിൽ വിഷയം.

ഒരമ്മയും അവരുടെ മകൾ മാർത്തയും നടത്തുന്ന ലോഡ്ജിൽ അന്തേവാസിയായി ധനിക പ്രവാസി എത്തുന്നിടത്താണ്,കാമു നാടകം തുടങ്ങുന്നത്.കാൾ പിസേക് എന്ന വ്യാജപ്പേരിൽ എത്തുന്ന അയാൾ ആ അമ്മയുടെ മകൻ ജാൻ തന്നെ.38 വയസുള്ള അയാൾ ബൊഹീമിയയിൽ നിന്നാണ്.അന്തേവാസികളെ കൊന്ന് പണം തട്ടുന്ന പരിപാടിയാണ്,അമ്മയ്ക്കും മകൾക്കും.ഇരുവരും ജാനിനെയും കൊല്ലുന്നു.പാസ്സ്‌പോർട്ട് കണ്ട് കൊല്ലപ്പെട്ടയാൾ മകനായിരുന്നു എന്നറിയുന്നു.അപ്പോൾ അമ്മ മകളോട് പറയുന്നു:
"ഇത് മാർത്താ,ശിക്ഷയാണ്.നമുക്കുള്ള ശിക്ഷ.എല്ലാ കൊലയാളികൾക്കും ഇങ്ങനെ ഒരു നിമിഷമുണ്ട്.അവർ എന്നെപ്പോലെ ഉള്ളു പൊള്ളയായും വന്ധ്യമായും ഭാവി ശൂന്യമായും ഇങ്ങനെ നിൽക്കേണ്ടി വരും.ജീവിച്ച ഒരു മനുഷ്യന്,മരണം,അർത്ഥരഹിതമാണ്."

അവിവാഹിതയായ മാർത്ത പറയുന്നു:
"ഒരാളും എന്നെ ചുംബിച്ചിട്ടില്ല.ഒരാളും എന്നെ നഗ്നയായി കണ്ടിട്ടില്ല.അത് ഒരു കടമാണ്"  

കൊലയ്ക്ക് ശേഷം,അയാളെ തിരക്കി ഭാര്യ മരിയ വരുന്നു.ഇരുവരും കുറ്റം ഏറ്റു പറയുന്നു.മരിയ ദൈവത്തെ വിളിക്കുന്നു.അപ്പോൾ നാടകത്തിലെ ഓരോ അങ്കത്തിലും പ്രത്യക്ഷപ്പെടുന്ന മൗനിയായ വൃദ്ധൻ കടന്നു വരുന്നു.
"എന്നെ രക്ഷിക്കൂ ",മരിയ അപേക്ഷിക്കുന്നു.
"ഇല്ല",കനത്ത ശബ്ദത്തിൽ വൃദ്ധൻ നിരാകരിക്കുമ്പോൾ,നാടകം തീരുന്നു -ദൈവം ഇവിടെയും കരുണ വറ്റിയ കഥാപാത്രമാണ്.ഈ വൃദ്ധൻ മതമാകാം,മരണമാകാം,ഹിറ്റ്ലറാകാം.

ഈ നാടകമാണ് തന്നെ പ്രതിനിധീകരിക്കുന്നത് എന്ന് കാമു പറഞ്ഞിരുന്നു.ഹിറ്റ്‌ലർ കീഴടക്കിയ ഫ്രാൻസിലാണ് നാടകം എഴുതിയത്.രണ്ടാം ഭാര്യയെ അൾജിയേഴ്‌സിൽ വിട്ട്,ആദ്യ ഭാര്യയ്‌ക്കൊപ്പം ക്ഷയം ബാധിച്ച് ഫ്രാൻസിൽ എത്തിയ കാമു,ഫ്രഞ്ച് ഒളിപ്പോരാളികൾക്കൊപ്പം നിന്നതിനാൽ,വധഭീഷണി നേരിട്ടു.നാടക പ്രമേയം,കാമുവിൻറെ 'അന്യൻ' ( The Stranger / Outsider ) എന്ന നോവലിൽ നായകൻ വായിക്കുന്ന പത്ര റിപ്പോർട്ട് പോലെയാണ്.അത്,ധനിക പ്രവാസി,സഹോദരിയും വിധവയായ അമ്മയും നടത്തുന്ന ഹോട്ടലിൽ കൊല്ലപ്പെടുന്നതാണ്.

കാമുവിൻറെ നാടകം എൻ എൻ പിള്ള പകർത്തി -ദി ഡാം.പിള്ള പറഞ്ഞത്,താനും കാമുവും ഒരിടത്തു നിന്നാണ് എടുത്തത് എന്നാണ്.ഒരു സ്കാന്ഡിനേവിയൻ നാടോടിക്കഥ ആധാരമാക്കി റൂപർട്ട് ബ്രുക് ( 1887 -1915 ) എഴുതിയ 'ലിത്വനിയ' ( 1915 ).

സംഗതി സത്യമാണ് -ഒരമ്മ,മകൾ,ഒരന്യൻ,ഒരച്ഛൻ,യുവാവ്,വോഡ്‌ക സ്റ്റോർ കീപ്പർ,അയാളുടെ മകൻ എന്നിവർ ആ നാടകത്തിൽ.ഈ നാടകങ്ങളിലെല്ലാം,മകൻറെ തിരിച്ചു വരവുണ്ട്.

സോഫോക്ലിസിനൊപ്പം,കാമുവും സി ജെ യ്ക്ക് പ്രിയൻ ആയിരുന്നെന്ന് റോസിയുടെ 'ഇവൻ എൻറെ പ്രിയ സി ജെ' യിൽ കാണാം.
ഗ്രീക്ക് നാടകത്തിലെ വെളിച്ചപ്പാടിൻറെ നിഴൽ കാമു നാടകത്തിലെ വൃദ്ധനിലും സി ജെ യുടെ ഉപദേശിയിലുമുണ്ട്.ദൈവ നിരാകരണവുമുണ്ട്.രാഘവനെ രൂപപ്പെടുത്താൻ അറിയാവുന്ന കമ്മ്യൂണിസം സി ജെ ഉപയോഗിച്ചു.കൊൽക്കത്ത തീസിസിന് പിന്നാലെ സി ജെ തൃശൂർക്ക് പലായനം ചെയ്യുമ്പോൾ അമ്മ മരിച്ച് അധികം ആയിരുന്നില്ല.പുരയിടത്തിലെ ആദായം,സി ജെ യ്ക്കായി കാത്തു വയ്ക്കുമായിരുന്നു,അവർ.സി ജെ പോയതോടെ,തൻറെ ഭാര്യ പോയതോടെ,സി ജെ യുടെ പിതാവ് വീട് വിട്ട് വികാരിയായിരുന്ന കൂത്താട്ടുകുളം വടകര പള്ളിയിൽ താമസമായി.

'അവൻ വീണ്ടും വരുന്നു' നിൽക്കുന്നത് ഒരു വഴിത്തിരിവിലാണ്.മതത്തിൻറെയും അധികാരത്തിൻറെയും കമ്മ്യൂണിസത്തിന്റെയും ആൾക്കൂട്ടങ്ങളിൽ നിന്ന്,വ്യക്തി സത്തയിലേക്ക് സി ജെ വളരുന്ന ദശാ സന്ധി.
---------------------------------------------------
See https://hamletram.blogspot.com/2019/10/blog-post_5.html




















FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...