Showing posts with label Thiruchuzhi. Show all posts
Showing posts with label Thiruchuzhi. Show all posts

Sunday, 15 May 2022

രമണ മഹർഷിയുടെ വീട്ടിൽ


ഒരു തിരുച്ചുഴി യാത്ര 

മണ മഹർഷിയെ അറിഞ്ഞവരും അറിയാൻ ആഗ്രഹിക്കുന്നവരും തിരുവണ്ണാമലയിലെ രമണാശ്രമത്തിൽ പോവുക പതിവാണ്. പല പ്രാവശ്യം ഞാനും ആശ്രമത്തിൽ പോവുകയും അവിടെ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആശ്രമവും കാഞ്ഞങ്ങാട്ടെ ആനന്ദാശ്രമവും ആശ്രമങ്ങൾക്കാകെ മാതൃകയുമാണ്. രണ്ട് ആശ്രമങ്ങൾ തമ്മിൽ പരസ്പരം ബന്ധപ്പെടുന്നുമുണ്ട്. രണ്ട് ആശ്രമങ്ങളിലും ധ്യാനത്തിനാണ് പ്രാധാന്യം-ആത്മീയ കാര്യങ്ങൾക്കാണ് ഊന്നൽ.

കാഞ്ഞങ്ങാട്ടെ നിത്യാനന്ദാശ്രമവും നിത്യാനന്ദയുടെ സമാധി സ്ഥലമായ മഹാരാഷ്ട്ര താനെയിലെ ഗണേശ് പുരിയിലെ നിത്യാനന്ദ സമാധി മന്ദിറും കൂടി ഓർക്കാം. അമാനുഷിക സിദ്ധികൾ പലതും ഉണ്ടായിരുന്ന നിത്യാനന്ദ (1897 - 1961) യെ മലയാളികൾ വേണ്ടത്ര അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. നിത്യാനന്ദയിൽ നിന്നുണ്ടായ ഒരു അലൗകികാനുഭവം നിത്യചൈതന്യ യതി, ആത്മകഥയായ 'യതി ചരിത' ത്തിൽ വിവരിച്ചിട്ടുണ്ട്. ആനന്ദാശ്രമവും നിത്യാനന്ദാശ്രമവും രണ്ടാണ് എന്നു കൂടി പറഞ്ഞു കൊള്ളട്ടെ. നിത്യാനന്ദന്ദാ ശ്രമത്തിൽ പോയി വൈകാതെ തന്നെ ഗണേശ് പുരിയിലും പോകാൻ ഭാഗ്യമുണ്ടായി. കൊയിലാണ്ടിയിൽ പിറന്ന അനാഥനായ രാമനാണ്, ഭഗവാൻ നിത്യാനന്ദ എന്ന ഗംഭീര സന്യാസിയായി രൂപപ്പെട്ടത്. അദ്ദേഹത്തിൻറെ 'ചിദാകാശ ഗീത' എന്ന പുസ്തകം അസാധാരണ ഗരിമയുള്ളതാണ്.

സുന്ദര മന്ദിരം പണ്ട് 

രമണ മഹർഷിയും കേരളവുമായുള്ള ബന്ധം ആഴമേറിയതാണ്. അദ്ദേഹം വീടു വിട്ടു പോയപ്പോൾ, വീട്ടുകാർ ആദ്യം തിരഞ്ഞത് തിരുവനന്തപുരത്താണ്. ശ്രീനാരായണ ഗുരു തിരുവണ്ണാമലയിൽ അദ്ദേഹത്തെ പോയി കണ്ടിട്ടാണ് 'നിർവൃതി പഞ്ചകം' എഴുതിയത്. നടരാജ ഗുരുവും മഹർഷിയെ കണ്ട കഥ നടരാജ ഗുരുവിൻറെ ആത്മകഥയിൽ വായിക്കാം. തിരുവിതാംകൂർ മഹാരാജാവ് തന്നെ അങ്ങോട്ട് പോയി കണ്ടിട്ടുണ്ട്. അധികാരം ആത്മീയ ശക്തിയുടെ ഏഴയലത്ത് വരില്ല എന്ന തിരിച്ചറിവ് എന്തുകൊണ്ടും നല്ലതാണ്.

ജനനവും ബാല്യവും

രമണ മഹർഷി ജനിച്ചത് വിരുദുനഗർ ജില്ലയിലെ തിരുച്ചുഴി എന്ന ചെറിയ ഗ്രാമത്തിലാണ്. അതിനാൽ, ഇക്കുറി രാമേശ്വരം യാത്ര തീരുമാനിച്ചപ്പോൾ, രാമേശ്വരത്തു നിന്ന് മധുരയിലെത്തി താമസിച്ച്, രമണ മഹർഷിയുടെ വീട് കാണാൻ ആഗ്രഹിച്ചു. തിരുവണ്ണാമലയിലെ ആശ്രമത്തിൽ പോകുന്നവർ പൊതുവെ ഈ വീട്ടിൽ എത്താറില്ല. അതൊരു വലിയ തീർത്ഥാടന കേന്ദ്രമായി ആശ്രമം വിപുലപ്പെടുത്തിയിട്ടുമില്ല.

മധുരയിൽ നിന്ന് 48 കിലോമീറ്ററും വിരുദുനഗറിൽ നിന്ന് 22 കിലോമീറ്ററും ദൂരെയാണ്, ഈ ഗ്രാമം. 1902 ൽ മധുര -രാമേശ്വരം റെയിൽ പാത തുറക്കും മുൻപ്, രാമേശ്വരത്തേക്ക് പോകുന്നവർക്ക് ഇടത്താവളം ആയിരുന്നു, തിരുച്ചുഴി. ഈ സ്ഥലം, മാണിക്കവാസകർ, സുന്ദരർ എന്നിവരുടെ രചനകളിൽ വന്നിട്ടുണ്ട്.

ഋഷിയുടെ പൂർവ്വാശ്രമവും പുഴയുടെ ഉദ്ഭവവും അന്വേഷിക്കേണ്ടതില്ല എന്ന് തമിഴിൽ ഒരു ചൊല്ലുണ്ട്. പരാശര മുനിയുടെ പരമ്പരയിലാണ് വേദവ്യാസൻ ജനിച്ചത്. പരാശര ഗോത്രത്തിലാണ് രമണൻറെ മുത്തച്ഛൻ നാഗസ്വാമി അയ്യരും ജനിച്ചത്. തിരുച്ചുഴിയിലെ ഒരു പ്രമാണി ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിനും ഭാര്യ ലക്ഷ്മി അമ്മാളിനും നാല് ആൺമക്കൾ: വെങ്കടേശ്വര അയ്യർ, സുന്ദരം അയ്യർ, സുബ്ബയ്യർ, നെല്ലിയപ്പ അയ്യർ. ലക്ഷ്മി അമ്മാൾ എന്ന് തന്നെ പേരുള്ള ഒരു മകളും ഉണ്ടായിരുന്നു.

നാഗസ്വാമി അയ്യർ മരിച്ച ശേഷം, വെങ്കടേശൻ കുറച്ചുകാലം കുടുംബം നോക്കി നടത്തി. എന്നാൽ, ലൗകിക കാര്യങ്ങളിൽ താൽപര്യം ഇല്ലാതെ അദ്ദേഹം തീർത്ഥയാത്രയ്ക്ക് പോയി മടങ്ങിയില്ല. സുന്ദരത്തിൻ്റെ ചുമലിലായി കുടുംബം.ഭരദ്വാജ ഗോത്രത്തിലെ നാഗസുന്ദരം അയ്യരുടെ മകൾ അഴകമ്മാളിനെ സുന്ദരം വിവാഹം ചെയ്തു.

സുന്ദരത്തിൻ്റെ കുടുംബത്തിൽ ഓരോ തലമുറയിലും ഒരു പുരുഷൻ വീട് വിട്ട് സന്യാസി ആയി തീർന്നതാണ്, ചരിത്രം. നാഗസ്വാമി അയ്യരുടെ അമ്മാവൻ അങ്ങനെ പോയിട്ടുണ്ട്. വെങ്കടേശൻ തിരുപ്പറംകുണ്ട്രത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ്, അപ്രത്യക്ഷനായത്. അദ്ദേഹത്തെ പിന്നീട് ചിദംബരം നടരാജ ക്ഷേത്രത്തിൻറെ പ്രദക്ഷിണ വഴിയിൽ മുള്ളുകൾ നീക്കുന്ന സന്യാസിയായി കാണുകയുണ്ടായി. ചിലർ അദ്ദേഹത്തെ കാശിയിലും കണ്ടു.

ദേശാടനത്തിൽ ഏർപ്പെട്ട ഒരു സന്യാസി ഒരിക്കൽ ഈ തറവാട്ടിൽ എത്തിയപ്പോൾ, ആദരിച്ചില്ല, ആഹാരം നൽകിയില്ല. ഓരോ തലമുറയിലും ഒരാൾ വീതം സന്യാസിയായി ഭക്ഷണത്തിന് അലയട്ടെ എന്ന് അദ്ദേഹം ശപിച്ചുവത്രെ.

സുന്ദര മന്ദിരം ഇന്ന് 

1879 ൽ തിരുച്ചുഴിയിൽ 500 വീടുകൾ ഉണ്ടായിരുന്നു. ഇന്ന് രമണ മഹർഷി തെരുവായ അന്നത്തെ കാർത്തികേയ തെരുവിൽ ആയിരുന്നു. സുന്ദരത്തിൻ്റെ വീട്. പ്ലീഡർ ആയ അദ്ദേഹത്തിന് ഗ്രാമത്തിൽ സ്വാധീനം ഉണ്ടായിരുന്നു. 12 വയസിൽ അക്കൗണ്ടൻറ് ക്ളർക് ആയി മാസം രണ്ടു രൂപ ശമ്പളത്തിൽ തുടങ്ങി സ്വന്തം അധ്വാനത്തിൽ വളർന്ന ആളായിരുന്നു, അദ്ദേഹം. അതിന് ശേഷം പെറ്റീഷൻ റൈറ്റർ ആയി. തുടർന്നാണ്, അൺസർട്ടിഫൈഡ് പ്ലീഡർ ആകാൻ അനുമതി നേടിയത്. വക്കീൽ സ്വാമി എന്ന് അദ്ദേഹം അറിയപ്പെട്ടു. നിയമ ബിരുദം ഉണ്ടായിരുന്നില്ല. സബ് മജിസ്‌ട്രേറ്റ് കോടതിയിൽ പ്രാക്ടീസ് ചെയ്തു.

മകൻ രമണനെപ്പോലെ ആത്മീയ വഴിയിൽ ആയിരുന്നില്ല, സുന്ദരം. വീടിന് അടുത്തായിരുന്നു അമ്പലം. വീട്ടിൽ കാർമികരെത്തി പുരാണങ്ങൾ വായിച്ചിരുന്നു.

ഭൂമിനാഥ ക്ഷേത്രത്തിന് വടക്കുകിഴക്കാണ്, സുന്ദര മന്ദിരം. 1880 ആയപ്പോൾ തിരക്കുള്ള വക്കീൽ ആയിരുന്നു, സുന്ദരം. വരുന്ന അതിഥികൾക്ക് താമസിക്കാവുന്ന വിധം ഇരട്ട വീടുകളാണ് അദ്ദേഹം പണിതത്. ഒന്നിൽ അദ്ദേഹവും കുടുംബവും താമസിച്ചു. മറ്റേത് തിരുച്ചുഴിയിൽ എത്തുന്ന സർക്കാർ ഓഫിസർമാർക്ക് വേണ്ടിയുള്ളതായിരുന്നു.

കാളവണ്ടിയിൽ രാത്രിയിൽ സഞ്ചരിക്കുന്നവരെ കൊള്ളയടിക്കുന്നവർ സുന്ദരത്തെ വെറുതെ വിട്ടിരുന്നു. ഭയം കൊണ്ട് മാത്രമല്ല. അദ്ദേഹം എല്ലാവരുടെയും സ്നേഹം പിടിച്ചു പറ്റിയിരുന്നു. ഒരിക്കൽ കൊള്ളക്കാർ വലയം ചെയ്ത മജിസ്‌ട്രേട്ടിനെ പിന്നിലെ വക്കീൽ സ്വാമിയുടെ കാളവണ്ടി കണ്ട് വിട്ടയച്ച കഥയുണ്ട്. ഒരു പോലീസ് ഇൻസ്‌പെക്ടർ സഹായം അഭ്യർത്ഥിച്ചപ്പോൾ ആഭരണങ്ങൾ മോഷ്ടിച്ച കള്ളനെക്കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ച കഥയുമുണ്ട്.

സ്‌കൂളിൽ പോകാത്ത അഴകമ്മാൾ, ശങ്കരാചാര്യർ രചിച്ച ദക്ഷിണാമൂർത്തി സ്തോത്രം ചൊല്ലിയിരുന്നു. ഒരു അരി സ്തോത്രവും കഞ്ഞി സ്തോത്രവും ഉണ്ടായിരുന്നു. ആവുദൈ അക്ക എന്നൊരു സ്ത്രീ ആയിരുന്നു ഇവ എഴുതിയത്. വാമൊഴിയായി മധുരയിലും പരിസരങ്ങളിലും പ്രചരിച്ചിരുന്ന ഈ പാട്ടുകൾ ഇപ്പോൾ തിരുക്കോയിലൂർ ജ്ഞാനാനന്ദ തപോവൻ ശേഖരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്വൈത സത്ത ഈ പാട്ടുകളിലുണ്ട്.

രമണൻ ജനിച്ചത് 1879 ഡിസംബർ 30 പുലർച്ചെ ഒരുമണിക്കാണ്. അത് ആർദ്ര ദർശന ദിനം ആയിരുന്നു. ഗൗതമ മുനിക്കും വ്യാഘ്രപാദനും പതഞ്ജലിക്കും മുന്നിൽ നടരാജൻ പ്രത്യക്ഷപ്പെട്ട ദിവസം. അന്ന് ശിവക്ഷേത്രങ്ങളിൽ ആഘോഷ ദിവസമാണ്. അന്ന് നടരാജനെ ദർശിച്ചാൽ മോക്ഷം കിട്ടും എന്നാണ് വിശ്വാസം. മാർകഴി മാസത്തിൽ തിരുവാതിര അഥവാ ആർദ്ര നക്ഷത്രം ഉച്ചത്തിൽ നിൽക്കുന്ന ദിവസം.

രമണൻ രണ്ടാമത്തെ മകൻ ആയിരുന്നു. മൂത്തയാൾ നാഗസ്വാമി. രമണൻ എത്തുന്നതിന് കുറച്ചു നാൾ മുൻപ്, സുന്ദരത്തിൻ്റെ സഹോദരി ലക്ഷ്മി അമ്മാൾ മരിച്ചു. അവർക്ക് രാമസ്വാമി, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കൾ ഉണ്ടായിരുന്നു. ഇവർ സുന്ദരത്തിൻ്റെ വീട്ടിലാണ് വളർന്നത്. രമണനെ അഴകമ്മാൾ ഗർഭം ധരിച്ചിരിക്കെ, സുന്ദരത്തിൻ്റെ അമ്മ ലക്ഷ്മി അമ്മാൾ ഒരു പെൺകുഞ്ഞിന് വേണ്ടിയാണ് പ്രാർത്ഥിച്ചത്. ആ കുഞ്ഞ് തൻ്റെ മകളുടെ മകൻ രാമസ്വാമിക്ക് വധുവാകാൻ അവർ ആഗ്രഹിച്ചു.

രമണൻ ജനിക്കുമ്പോൾ, ആർദ്ര കഴിഞ്ഞ് പുനർവസു (പുണർതം) പിറന്നു തുടങ്ങിയിരുന്നു. ആ സമയത്ത് ദേവൻ ക്ഷേത്രത്തിലേക്ക് പുനഃപ്രവേശിക്കുകയാണ്. രാത്രി ഭക്തർ ആഘോഷിച്ച ശേഷമുള്ള നിമിഷം.

പ്രസവമുറിയിൽ നിന്ന് "മകൻ", "മകൻ" എന്ന വിവരം വന്നപ്പോൾ, സുന്ദരം മധുര പലഹാരങ്ങളും നാണയങ്ങളും വിതരണം ചെയ്തു. സുന്ദരത്തിൻ്റെ അമ്മ ഖേദിച്ചു. പേറെടുത്തത് അന്ധയായ ഒരു സ്ത്രീ ആയിരുന്നു. അവർ ലക്ഷ്മി അമ്മാളിനെ ആശ്വസിപ്പിച്ചു. അന്ധ മുറിയിൽ വലിയ പ്രകാശധാര കണ്ടതായി പറയപ്പെടുന്നു. അക്കാര്യം അവർ ലക്ഷ്മി അമ്മാളിനോട് പറഞ്ഞു. "ഇന്ന് ഇവിടെ ജനിച്ചവൻ ദൈവികത്വം ഉള്ളവനാണ്", അവർ പറഞ്ഞു. കുട്ടി സാധാരണ കുട്ടിയായി വളരുമ്പോൾ, പേറ്റിച്ചിയുടെ പ്രവചനം വീട്ടുകാർ മറന്നു.

ഈ മകന്, പതിനൊന്നാം ദിവസം, കുലദൈവമായ വെങ്കടാചലപതി അഥവാ തിരുപ്പതി ഭഗവാൻറെ പേരിട്ടു. ആദ്യം പേര് വെങ്കടേശ്വര ശർമ്മ എന്നായിരുന്നുവെന്നും ഇത് സ്‌കൂളിൽ ചേർക്കുമ്പോൾ വെങ്കട്ടരാമൻ എന്നാക്കിയെന്നും പറയപ്പെടുന്നു.

വെങ്കട്ടരാമൻറെ ജാതകം അനുസരിച്ചു തന്നെ അദ്ദേഹം മഹർഷി ആകുമായിരുന്നു. ശുക്രനും ബുധനും രണ്ടാം ഭാവത്തിലും വ്യാഴം അഞ്ചാം ഭാവത്തിലും നിന്ന് വിളങ്ങുകയാണ്.1936 ൽ തങ്കവേലു നാടാർ എന്നൊരാൾ കാക ബുജന്ദറുടെ നാഡി ജ്യോത്സ്യം അനുസരിച്ചു വെങ്കട്ടരാമൻറെ ജീവിതം പ്രവചിച്ചപ്പോഴും അത് ഒരു മഹർഷിയുടേതാണെന്ന് കണ്ടു. അച്ഛൻറെ ജോലി അസത്യം സത്യമാക്കലും സത്യം അസത്യമാക്കലുമാണ്. ജാതകന് പഠിത്തത്തിൽ താൽപര്യം ഉണ്ടാവില്ല. പോകുന്നിടത്തൊക്കെ ഒരു പ്രതിമ പോലെ ഇരിക്കും. അന്തർമുഖൻ ആയിരിക്കും. ജാതകൻറെ ആന്തരിക ജീവിതം അറിയാതെ ജ്യേഷ്ഠൻ വഴക്കടിച്ചു കൊണ്ടിരിക്കും.15 വർഷവും അഞ്ചു മാസവും 27 ദിവസവും കൂടുന്ന ദിവസം ജാതകൻ പരമ സാക്ഷാൽക്കാരം നേടും. ബ്രഹ്മാവും വിഷ്ണുവും ഒരിക്കൽ പരമ പ്രഭാ സ്തൂപത്തിൻ്റെ അടിയും അറ്റവും തേടിയ തിരുവണ്ണാമലയിൽ അദ്ദേഹം എത്തി ക്ഷേത്രത്തിൽ വസിക്കും. അദ്ദേഹം ഇഹലോക ജീവി ആയിരിക്കില്ല.ദക്ഷിണാമൂർത്തിയെ പോലെ, മൗനം കൊണ്ടും കണ്ണു കൊണ്ടും അദ്ദേഹം ഭക്തരെ നയിക്കും.

മഹർഷി ജനിച്ച മുറി പണ്ട് 

വെങ്കട്ടരാമൻ ജനിച്ച് അഞ്ചു വർഷത്തിന് ശേഷം സുന്ദരത്തിന് നാഗസുന്ദരം എന്ന മകനുണ്ടായി. അതിന് ശേഷം, അലർമേലു എന്ന മകൾ.

സാധാരണ തമിഴ് കുടുംബങ്ങളിൽ അച്ഛനെ 'അപ്പാ' എന്നാണ് വിളിക്കുക. എന്നാൽ വെങ്കട്ടരാമൻ അച്ഛനെ തെലുഗു രീതിയിൽ 'നയന' എന്നാണ് വിളിച്ചിരുന്നത്. അത് പിന്നീട് സുന്ദരത്തിൻ്റെ പൊതു നാമമായി. കുടുംബത്തിൽ ഉണ്ടായിരുന്ന തെലുങ്ക് അറിയാവുന്ന ലക്ഷ്മണ അയ്യർ എന്ന ബന്ധുവാണ് കുട്ടിയെ 'രമണ' എന്ന് വിളിച്ചിരുന്നത്. അദ്ദേഹത്തിൽ നിന്ന് കുട്ടി തെലുങ്ക് പഠിച്ചു.

മരണാനുഭവം

രമണന് മരണാനുഭവം ഉണ്ടായ അമ്മാവൻറെ വീട് മധുര മീനാക്ഷി ക്ഷേത്രത്തിൻറെ തെക്കേ ഗോപുരത്തിൽ നിന്ന് 300 മീറ്റർ മാത്രം അകലെ, ചൊക്കപ്പ നായ്ക്കർ തെരുവിലാണ് -രമണ മന്ദിരം. പിതാവിൻ്റെ മരണശേഷം, 12 വയസുള്ള രമണൻ 1892 ഫെബ്രുവരിയിൽ ഈ വീട്ടിൽ എത്തി. 

ജ്ഞാനോദയം ഉണ്ടായ ശേഷം ആറാഴ്ച രമണൻ ഇവിടെ ഉണ്ടായിരുന്നു. ഈ കാലയളവിൽ ദിവസവും മീനാക്ഷി ക്ഷേത്രത്തിൽ രമണനെത്തി ധ്യാനിച്ചിരുന്നു. 1896 ഓഗസ്റ്റ് 29 ന് ഈ വീട്ടിൽ നിന്ന് രമണൻ ഒളിച്ചോടി തീവണ്ടിയിൽ തിരുവണ്ണാമലയിൽ എത്തി.അമ്മാവൻറെ വീട് ഇന്ന് ധ്യാനമന്ദിരമാണ്.

അമ്മാവൻറെ വീട് 

രമണ മഹർഷിയുടെ ജീവിതം വഴി തിരിച്ചു വിട്ട മരണാനുഭവം അദ്ദേഹത്തിനുണ്ടായത് 1896 ജൂലൈ മധ്യത്തിൽ ആയിരുന്നു. ആ അനുഭവം പിൽക്കാലത്ത് അദ്ദേഹം വിവരിക്കുകയുണ്ടായി.

മധുരയിലെ വീടു വിട്ട് ആത്മീയ ജീവിതത്തിലേക്ക് കടക്കുന്നതിന് ആറാഴ്ച മുൻപായിരുന്നു അത്. "പൊടുന്നനെയാണ് അതുണ്ടായത്," മഹർഷി ഓർമ്മിച്ചു. "അമ്മാവൻറെവീട്ടിലെ മുകൾ നിലയിൽ ഒരു മുറിയിൽ ഇരിക്കുകയായിരുന്നു, ഞാൻ. എനിക്ക് കാര്യമായി രോഗങ്ങൾ ഒന്നും വന്നിരുന്നില്ല. ആ ദിവസം എനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ പൊടുന്നനെ മാരകമായ ഒരു മരണഭയം എന്നെ കീഴടക്കി. അതിന് കാരണമായി എൻ്റെ ശരീരത്തിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ആ ഭയത്തിൻറെ കാരണം തേടാൻ തുനിഞ്ഞുമില്ല. 'മരിക്കാൻ പോവുകയാണ്' എന്ന് തോന്നി. എന്താണ് ചെയ്യുക എന്ന് ആലോചിച്ചു. ഡോക്ടറോടോ മുതിർന്ന കുടുംബങ്ങളോടോ കൂട്ടുകാരോടോ ആലോചിക്കണമെന്ന് തോന്നിയില്ല. അപ്പോൾ അവിടെ ഞാൻ തന്നെ പ്രശ്‍നം പരിഹരിക്കണം എന്ന് തോന്നി."

മരണഭയം രമണനെ ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു. അദ്ദേഹം മനസ്സിൽ പറഞ്ഞു: "മരണം എത്തിയിരിക്കുന്നു. എന്താണ് അതിനർത്ഥം? എന്താണ് മരിക്കുന്നത്? ഈ ശരീരമാണ് മരിക്കുന്നത്."

ഉടൻ രമണൻ ജഡാവസ്ഥ അഭിനയിച്ചു. കാലു നീട്ടിക്കിടന്നു. അന്വേഷണ തൃഷ്ണയ്ക്ക് യാഥാർഥ്യമാക്കാൻ വേണ്ടിയായിരുന്നു, ഇത്. ശ്വാസം പിടിച്ചു, ചുണ്ടുകൾ ഇറുക്കിയടച്ചു. ഒരു വാക്കും ഉരിയാടരുത്. 'ഞാൻ' എന്ന വാക്ക് ഒരിക്കലും പുറത്തു വരരുത്.

രമണൻ സ്വയം പറഞ്ഞു: "ശരീരം മരിച്ചു. അത് ശ്മശാനത്തിലേക്ക് കൊണ്ടു പോകും. അവിടെ കത്തി ചാരമാകും. ശരീരം മരിച്ചാൽ, ഞാൻ മരിക്കുമോ? ശരീരമാണോ ഞാൻ? ശരീരം ജഡമായിട്ടും, ഞാൻ എൻ്റെ വ്യക്തിത്വത്തിൻറെ സർവ ഊർജ്ജവും ഉള്ളിൽ അനുഭവിക്കുന്നു. ഉള്ളിൽ നിന്ന് വേറിട്ട്, ഉള്ളിൽ തന്നെ, 'ഞാൻ' എൻ്റെ ശബ്ദം കേൾക്കുന്നു. അപ്പോൾ 'ഞാൻ' ശരീരത്തെ അതിവർത്തിക്കുന്ന ആത്മാവാണ്. ശരീരം മരിക്കുമ്പോൾ, അതിനെ അതിവർത്തിക്കുന്ന ആത്മാവിനെ മരണത്തിന് തൊടാൻ കഴിയുന്നില്ല. ഇതിനർത്ഥം, ഞാൻ മരണമില്ലാത്ത ആത്മാവ് ആണെന്നാണ്."

അത് അർത്ഥമില്ലാത്ത ചിന്ത ആയിരുന്നില്ല. അത്, രമണൻ്റെയുള്ളിൽ വൈവിധ്യത്തോടെ, നിത്യസത്യമായി മിന്നി. വിചാരപ്രക്രിയ ഇല്ലാതെ തന്നെ അത് രമണൻ നേരിട്ട് അനുഭവിച്ചു. ഇപ്പോഴത്തെ നിലയിൽ 'ഞാൻ' മാത്രമാണ് സത്യം. എൻ്റെ ശരീരവുമായി ബന്ധപ്പെട്ട സകല ബോധ പ്രക്രിയകളും ആ 'ഞാനി'നെ ആശ്രയിച്ചാണ് നടക്കുന്നത്.

ആ നിമിഷം മുതൽ 'ഞാൻ' അഥവാ ആത്മാവ് അതിൽ തന്നെ ശക്തമായ ആകർശനത്തോടെ കേന്ദ്രീകരിച്ചുവെന്ന് മഹർഷി പിൽക്കാലത്ത് ഓർത്തു. മരണഭയം എന്നന്നേക്കുമായി അപ്രത്യക്ഷമായി. 'ഞാൻ' എന്ന കേന്ദ്രത്തിൽ മനസ്സ് ഉറച്ചു. സംഗീത സ്വരങ്ങൾ പോലെ വിചാരങ്ങൾ വന്നു കൊണ്ടിരുന്നു. പക്ഷെ, 'ഞാൻ' ആധാര ശ്രുതിയായി. അത് സകല സ്വരങ്ങളെയും ഏകോപിപ്പിച്ചു. ശരീരം സംസാരിച്ചു, വായിച്ചു, പലതും ചെയ്തു - 'ഞാൻ' ആത്മാവിൽ ഉറച്ചു നിന്നു.

ഈ നിർണായക നിമിഷത്തിനു മുൻപ് രമണന് ആത്മാവിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല. അന്നു മുതൽ രമണൻ പരാതികൾ നിർത്തി. മര്യാദകേടുകൾക്കെതിരെ പ്രതികരിച്ചില്ല. വിനയത്തിൽ ലയിച്ചു.

മഹർഷി ജനിച്ച മുറി ഇന്ന് 

ജ്ഞാനികളുടെ ബോധോദയ നിമിഷമാണ് മഹർഷി വിവരിച്ചത്. ഇതിനു ശേഷം മധുര മീനാക്ഷി ക്ഷേത്രത്തോടുള്ള സമീപനം മാറിയെന്ന് അദ്ദേഹം ഓർമിച്ചു. അതുവരെ വല്ലപ്പോഴും മീനാക്ഷി ക്ഷേത്രത്തിൽ പോയി കൂട്ടുകാർക്കൊപ്പം കണ്ടത് ബിംബങ്ങളാണ്. നെറ്റിയിൽ ഭസ്മവും കുങ്കുമവും തേച്ചു. പ്രത്യേകിച്ചൊന്നും തോന്നാതെ വീട്ടിലേക്ക് മടങ്ങി. ബോധോദയത്തിന് ശേഷം എല്ലാ സായാഹ്നത്തിലും രമണൻ ഒറ്റയ്ക്ക് മീനാക്ഷി ക്ഷേത്രത്തിൽ പോയി. ശിവന്റെയോ മീനാക്ഷിയുടെയോ നടരാജന്റെയോ 63 സിദ്ധന്മാരുടെയോ ബിംബങ്ങൾക്ക് മുന്നിൽ ദീർഘനേരം അനക്കമില്ലാതെ നിന്നു. അങ്ങനെ നിന്നപ്പോൾ വികാരത്തിരകളിൽ രമണൻ മുങ്ങി.

മഹർഷിയുടെ വീട്ടിൽ

കുടുംബ സമേതമാണ് ഞാൻ രാമേശ്വരത്തു പോയത്. അച്ഛനും അമ്മയും ഉൾപ്പെടെ ഓരോ കുടുംബത്തിലെയും പ്രപിതാമഹനും പ്രപിതാമഹിയും വരെയുള്ളവർക്ക് അവിടത്തെ ശൃംഗേരി മഠം കാർമ്മികൻറെ സഹായത്തോടെ തർപ്പണം ചെയ്തു. അഗ്നിതീർത്ഥം ഉൾപ്പെടെ 23 തീർത്ഥങ്ങളിൽ സ്നാനം ചെയ്തു. പിന്നെ ധനുഷ്കോടിയിൽ പോയി. രാമേശ്വരത്തു നിന്ന് ധനുഷ്കോടിയിലേക്ക് തീവണ്ടിപ്പാത ഉണ്ടായിരുന്നുവെന്നും 1964 ഡിസംബർ 23 ന് ചക്രവാതത്തിൽ ധനുഷ്‌കോടി പട്ടണം ഇല്ലാതായെന്നും മനസ്സിലായി. റെയിൽവേ സ്റ്റേഷൻറെ അവശിഷ്ടങ്ങൾക്ക് മുന്നിൽ നിന്ന്, പ്രകൃതിയുടെ സൃഷ്ടി, സംഹാര ശക്തിയെപ്പറ്റി  ഓർത്തു അന്നത്തെ ചക്രവാതത്തിൻറെ ചരിത്രം തിരഞ്ഞപ്പോൾ, തകർന്ന പാമ്പൻ പാലം നന്നാക്കാൻ ആറു മാസം വേണ്ടിവരും എന്ന് കണക്കാക്കിയിരുന്നുവെന്നും അത് ഒരു യുവ എൻജിനിയർ ഒന്നരമാസം കൊണ്ട് ശരിയാക്കിയെന്നും വായിച്ചു.ആ എൻജിനിയറുടെ പേര് ഇ ശ്രീധരൻ എന്നായിരുന്നു; അന്ന് അദ്ദേഹത്തിന് 32 വയസ് ആയിരുന്നു. 

രാമേശ്വരത്തു നിന്ന് മടങ്ങി മധുര മീനാക്ഷിയെ തൊഴുത് അടുത്ത നാൾ രാവിലെ ഒറ്റയ്ക്ക് തിരുച്ചുഴിയിൽ പോയി. മധുരയിൽ നിന്ന് എട്ടു കിലോമീറ്റർ അകലെ മാട്ടു താവണി ബസ് സ്റ്റാൻഡിൽ നിന്ന് തിരുച്ചുഴി ബസ് ഇടക്കിടെ ഉണ്ട്. ഞാൻ അറുപ്പു കോട്ടയിൽ ചെന്ന് അവിടന്ന് വേറെ ബസിൽ തിരുച്ചുഴി കവലയ്ക്ക് മുൻപ് ഭൂമിനാഥ ക്ഷേത്രത്തിനടുത്ത് ഇറങ്ങി. അതിനോട് ചേർന്ന് ഇടത്തേക്കുള്ള വഴിയിൽ വലതുവശം ആദ്യ വീടാണ് രമണ മഹർഷി ജനിച്ച സുന്ദര മന്ദിരം.

അതിൻ്റെ ചെറിയ വാതിൽ തുറന്നു കിടന്നു. അകത്ത് ഞാൻ അല്ലാതെ ആരുമില്ല. 2010 മെയ് 16 ന് ഈ വീട് ആശ്രമം പരിഷ്കരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. മഹർഷി ജനിച്ച മുറി കഴിച്ചുള്ള ഭാഗങ്ങൾ ഒറ്റ വിശാല മുറിയാക്കിയിരിക്കുന്നു.

ജനിച്ച മുറിയിൽ മഹർഷിയുടെ വലിയ ചിത്രത്തിന് മുന്നിൽ കെടാവിളക്ക്. ഒരു ചെറിയ വിളക്ക് താഴെയുണ്ട്. വലത്തേ ജനാലപ്പടിയിൽ കണ്ട തീപ്പെട്ടിയെടുത്ത് ചെറിയ വിളക്കിലെ തിരി ഞാൻ തെളിച്ചു. പെട്ടെന്ന് ശങ്കരാചാര്യരുടെ 'കനകധാരാ സ്തോത്രം' മനസ്സിൽ തോന്നി അത് ഉരുവിട്ടു. 'ദാരിദ്ര്യഭീത ഹൃദയം ശരണാഗതം മാം' എന്ന അവസാന ശ്ലോകഭാഗം ആവർത്തിച്ചു ചൊല്ലി.

നാം ഓരോരുത്തരും "ഞാൻ ആരാണ്?" (who am I ?) എന്ന് ചോദിക്കാനാണ് രമണ മഹർഷി ആവർത്തിച്ചു പറഞ്ഞിരിക്കുന്നത് എന്നതിനാൽ, ആ ചോദ്യം അവിടെയിരുന്ന് ഞാൻ സ്വയം ചോദിച്ചു.

എൻ്റെ ഉള്ളിൽ നിന്ന് ഉത്തരം വന്നു: "അയമാത്മാ ബ്രഹ്മ". (ഈ ആത്മാവ് ബ്രഹ്മമാണ്, മാണ്ഡുക്യോപനിഷത്, 1:2).


© Ramachandran 










FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...