Saturday, 16 November 2019

1921:അഹിംസ തോൽക്കുന്നു

ഹിന്ദുക്കളുടെ കാര്യത്തിൽ ഗാന്ധിക്ക് മൗനം 

ക്ഷിണാഫ്രിക്കയിൽ ഗാന്ധി ബ്രിട്ടീഷ് സേനയ്ക്ക് ഭടന്മാരെ തിരഞ്ഞെടുത്ത് നൽകിയ ഒരു കാലമുണ്ടായിരുന്നു.അക്കാലത്ത് ഖുദിറാം ബോസ്,കനയ്യലാൽ ദത്ത,സതീന്ദർ പാൽ,പണ്ഡിറ്റ് കാൻഷി റാം,മദൻലാൽ ദിൻഗ്ര എന്നിവർ നാടിന് വേണ്ടി തൂക്കുമരം ഏറിക്കഴിഞ്ഞിരുന്നു.അഹിംസ ഗാന്ധി പിന്നീട് വ്രതമാക്കിയെങ്കിലും ,ചൗരി ചൗരാ പോലുള്ള പ്രക്ഷോഭങ്ങൾ അക്രമാസക്തമായി.വൈശാഖി ഘോഷിക്കാൻ പോയ നിരായുധർ പോലും ജാലിയൻവാലാ ബാഗിൽ കൂട്ടക്കുരുതിക്ക് ഇരയായി.ഗാന്ധിയുമായി പിരിഞ്ഞ് സുഭാഷ് ചന്ദ്ര ബോസ് സായുധ വിപ്ലവത്തിനിറങ്ങി.ഇന്ത്യൻ സ്വാതന്ത്ര്യം അഹിംസ കൊണ്ട് നേടിയതല്ല.

അഹിംസയെ താത്വികമായി ഇവിടെ വിശകലനം ചെയ്യുന്നില്ല.കൊല്ലാതിരിക്കലാണ്,അഹിംസ എന്ന് പൊതുധാരണയുണ്ട്.മഹാഭാരതത്തിൽ അഹിംസയുടെ നിർവചനം,മനോ വാക് കർമ്മങ്ങളുടെ മിതമായ ഉപയോഗം എന്നാണ്;മാംസം ആഹാരമാണ്.കൊലയില്ലാതെ അതുണ്ടാവില്ല.ക്ഷാമകാലത്ത് ദലിതന്റെ ചാളയിൽ പോയി,വിശ്വാമിത്രൻ പട്ടിമാംസം കട്ടു തിന്നുന്നുണ്ട്.ആവശ്യത്തിന് ഹിംസയുണ്ട്.മനുഷ്യനെ കൊല്ലുവോളം അത് വളരരുത്.

അഹിംസയെ ഗാന്ധി കേവല സത്യമായി കണ്ടില്ല.ഹിംസയ്ക്ക് പകരം അദ്ദേഹം അത് തിരഞ്ഞെടുത്തു.
ഗാന്ധി.കസ്തുർബ മലബാർ സേവാഗ്രാം ദലിത് ക്രിസ്ത്യൻ വിവാഹത്തിൽ 
അതുവരെ ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവും ചെയ്യാത്ത ചൂതാട്ടത്തിനാണ് ഗാന്ധി മുതിർന്നത്.മതപരമായ ഒരു വിഷയത്തെ,മുസ്ലിംകൾക്ക് മാത്രം താൽപര്യമുള്ള ഒരു വിഷയത്തെ,ഹിന്ദു -മുസ്ലിം ഐക്യത്തിന് ഉപയോഗിക്കുക.തുർക്കി സുൽത്താനെ ബ്രിട്ടൻ സ്ഥാനഭ്രഷ്ടനാക്കിയ ഖിലാഫത്ത് പ്രക്ഷോഭത്തിൽ ഹിന്ദുക്കൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.ഗാന്ധി ഇതിന് കോപ്പ് കൂട്ടുമ്പോൾ മുഹമ്മദാലി ജിന്ന ചെറിയ പ്രായമുള്ള രത്തൻ ബായിയുമായി 1920 ഏപ്രിൽ 19 മുതൽ ജൂൺ 30 വരെ ഊട്ടിയിൽ മധുവിധുവിൽ ആയിരുന്നു.ഗാന്ധി ആയതിനാൽ,ജിന്നയെ വെട്ടാൻ കരുതിക്കൂട്ടി ചെയ്തതാണ് എന്ന് പറയുന്നില്ല -ജിന്നയ്ക്ക് ഈ പ്രക്ഷോഭത്തിൽ താൽപര്യം ഉണ്ടായിരുന്നില്ല.അത് രാഷ്ട്രീയ പ്രശ്നമാണെന്ന് അദ്ദേഹത്തിന് തോന്നിയില്ല.മുസ്ലിംകളെ തൃപ്തിപ്പെടുത്താൻ ചില ഇടപെടലുകൾ നടത്തി എന്ന് മാത്രം.ഗാന്ധി കൂട്ട് പിടിച്ചത് തീവ്ര മുസ്ലിം നേതാക്കളെ ആയിരുന്നു.1919 ൽ അഞ്ചുമാസം ജിന്ന ലണ്ടനിലും ആയിരുന്നു.നിസ്സഹകരണ പ്രസ്ഥാനത്തിൽ മുസ്ലിംകളെയും കിട്ടുമെന്ന് ഗാന്ധി കരുതി.പോകുന്നിടത്തൊക്കെ ഗാന്ധി ഖിലാഫത്തിനെപ്പറ്റി പ്രസംഗിക്കാൻ തുടങ്ങി;അതേപ്പറ്റി തുടരെ എഴുതി.

ഖിലാഫത്ത് പ്രസ്ഥാനത്തെ തുണച്ച് 1921 ജൂൺ ഒന്നിന് ഗാന്ധി പ്രഖ്യാപിച്ചു:
"അഹിംസയിൽ വിശ്വസിക്കുന്ന ഒരാൾ അക്രമമോ കായിക ശക്തിയോ പ്രത്യക്ഷമായോ പരോക്ഷമായോ ഒന്നിനെയും പ്രതിരോധിക്കാൻ പ്രയോഗിക്കില്ല.അതിനർത്ഥം,അയാൾ അഹിംസ ആധാരമാക്കാത്ത വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ സഹായിക്കില്ല എന്നല്ല.മറിച്ചായിരുന്നെങ്കിൽ,എനിക്ക് ഇന്ത്യ സ്വരാജ് നേടിയെടുക്കുന്നതിനെ സഹായിക്കാനാവില്ല.ഇന്ത്യയുടെ ഭാവി പാർലമെന്റിന് പട്ടാളമോ പൊലീസോ ഉണ്ടാകും എന്നെനിക്കറിയാം.അഹിംസയിൽ വിശ്വസിക്കാത്ത മകനെ അച്ഛൻ സഹായിക്കാതിരുന്നു കൂടാ.എൻറെ ജോലി സ്വയം അക്രമത്തിനു മുതിരാതിരിക്കുകയും ദൈവമക്കൾ എന്ന നിലയിൽ കഴിയുന്നത്ര പേരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്.അഹിംസയുമായി ചേരാത്ത വ്യക്തികളെയോ നടപടികളെയോ നീതിയുടെ കാര്യത്തിൽ സഹായിക്കുന്നത് നിരസിച്ചാൽ,ഞാൻ എൻറെ വിശ്വാസത്തോട് സത്യസന്ധൻ ആയിരിക്കില്ല.ഇസ്ലാമിൻറെ മാനം നശിപ്പിക്കാൻ വഞ്ചനാപരമായി ഒരുമ്പെട്ടവർക്കെതിരെ ഞാൻ അവരെ സഹായിച്ചില്ലെങ്കിൽ,ഞാൻ ഹിംസ പ്രോത്സാഹിപ്പിക്കുകയാകും.ഇരു കക്ഷികളും ഹിംസയുടെ ഭാഗത്തായിരിക്കെ,ഒരു പക്ഷത്ത് നീതിയുണ്ടാകും.കൊള്ള ചെയ്യപ്പെട്ട ഒരാൾ ബലം പ്രയോഗിച്ച് അത് വീണ്ടെടുക്കാൻ ശ്രമിക്കുമ്പോൾ,അയാളുടെ ഭാഗത്ത് നീതിയുണ്ട്.അയാളെ സത്യഗ്രഹം വഴി വീണ്ടെടുക്കാൻ പ്രേരിപ്പിച്ചാൽ,അത് അഹിംസയുടെ വിജയമായിരിക്കും.സർവതന്ത്ര സ്വതന്ത്രമായ പോരിന് പകരം,സ്നേഹവും ആത്മബലവുമാണ് പ്രയോഗിക്കേണ്ടത്".
(ഗാന്ധി സമ്പൂർണ കൃതികൾ,പേജ് 151 . Nirmal Kumar Bose,Selections From Gandhi,1957).

ചൗരി ചൗരാ 1922 ഫെബ്രുവരി അഞ്ചിനായിരുന്നു -മാപ്പിള ലഹള കഴിഞ്ഞ്.

ഗാന്ധിയുടെ പ്രഖ്യാപനത്തിലുള്ളത്,തുർക്കി സുൽത്താനെ ബ്രിട്ടൻ നീക്കം ചെയ്തത് വഞ്ചനയാണെന്നും അതിനോട് മുസ്ലിംകൾ ഹിംസാത്മകമായി പ്രതികരിച്ചാൽ,അഹിംസക്കാരൻ അതോടൊപ്പം നിൽക്കണം എന്നുമാണ്.നീതി മുസ്ലിംകൾക്കൊപ്പമാണ്.

അതായത്,ഖിലാഫത്ത് പ്രക്ഷോഭത്തിൽ മുസ്ലിംകൾ ഹിംസ നടത്തിയേക്കാം.അപ്പോൾ ഹിന്ദുക്കൾ,കൈകൂപ്പി 'രാമ രാമ പാഹിമാം'ചൊല്ലണം.
വൈരുധ്യങ്ങൾ കൊണ്ട് സമ്പന്നമാണ്,ഗാന്ധിയുടെ സമീപനം.ദേശീയ സ്വാതന്ത്ര്യ സമരത്തിൽ കോൺഗ്രസിന് മുസ്ലിംകളെ കിട്ടിയിരുന്നില്ല.ഖിലാഫത്ത് വച്ച് അവരെ പിടിക്കാൻ ഗാന്ധിയിലെ രാഷ്ട്രീയക്കാരൻ ഉണർന്നു.അത് മലബാറിനെ ചോരയിൽ കുളിപ്പിച്ചു.തുർക്കിയിൽ ഇല്ലാതിരുന്ന ഒന്നാണ് ഖിലാഫത്ത് പ്രക്ഷോഭം.ഇന്ത്യയിൽ സകലതും ഉപേക്ഷിച്ച് കുറെ മുസ്ലിംകൾ തുർക്കിയിലേക്ക് 1920 ൽ വിശുദ്ധ യുദ്ധത്തിന് പോയി.ഈ ജിഹാദികളെ വഴിയിൽ പിടിച്ച് എം എൻ റോയ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കി.

ഗാന്ധിയുടെ പ്രശ്‍നം,മലബാറിൽ 1836 മുതൽ നടന്ന മാപ്പിള ലഹളകളെ കണക്കിലെടുത്തില്ല എന്നതാണ്.മലബാറിൽ,ബ്രിട്ടനും ഇസ്ലാമും തമ്മിലെ സംഘർഷo ,ഹിന്ദുവും ഇസ്ലാമും തമ്മിൽ ആയി മാറിക്കഴിഞ്ഞിരുന്നു.ഇതിൽ നീതി ഇസ്ലാമിനൊപ്പമാണെന്ന് ഗാന്ധി പറഞ്ഞാൽ,അത് മണി കെട്ടിയ വിഡ്ഢിത്തം ആയിരിക്കും.അഹിംസ പറഞ്ഞു പോയ സ്ഥിതിക്ക് ഹിന്ദുക്കൾ കൂട്ടക്കശാപ്പിന് വിധേയരായപ്പോൾ,ഗാന്ധി മൗനം പാലിച്ചു.കോൺഗ്രസ് നേതാക്കൾ ഷണ്ഡീകരിക്കപ്പെട്ടു.

ഖുർ ആൻ പറയുന്ന കാരുണ്യത്തിന് ചുറ്റും ഹിംസയുടെ സമുദ്രമുണ്ട്.ഖുർ ആൻ രണ്ടാം അധ്യായം 'അൽ ബക്ര' ആണ്-പശു.എന്നിട്ടും പശു, വിശുദ്ധമൃഗം ആയില്ല..വിഗ്രഹങ്ങൾ കട പുഴക്കിയും കൊന്നുമാണ്, മതമുണ്ടാക്കിയത്.മതം വഴിയേ അവരെ പിടിക്കാൻ പറ്റൂ എന്ന് ഗാന്ധി ചിന്തിച്ചത് ശരി.പക്ഷെ അത് രാഷ്ട്രീയവുമായി കൂടിക്കുഴഞ്ഞപ്പോൾ,കോൺഗ്രസിനെ  മുസ്ലിം മത നേതാക്കൾ ജിഹാദിന് ആയുധമാക്കി.
ഷൗക്കത്തും മുഹമ്മദും 
ഗാന്ധിയുടെ നയം,ഹിംസ നീതിക്കായി ഉപയോഗിക്കുന്നവരെ സഹായിക്കാം എന്നായിരുന്നെങ്കിൽ അദ്ദേഹത്തിന് ബോസിനൊപ്പം നിൽക്കാമായിരുന്നു.ഭഗത് സിംഗിനെ അനുകൂലിക്കാമായിരുന്നു.അങ്ങനെ സംഭവിച്ചില്ല.ഈ നയം മുസ്ലിംകൾക്ക് സംവരണം ചെയ്തതായിരുന്നു.അവരെ അദ്ദേഹത്തിന് സത്യഗ്രഹത്തിലേക്ക് ആകർഷിക്കാമായിരുന്നു.ഈ നയം മതം അനുസരിച്ച് മാറിയിരുന്നു.

ഗാന്ധി 1920 ഓഗസ്റ്റ് 18 ന് ഖിലാഫത്ത് പ്രക്ഷോഭത്തിൻറെ ഭാഗമായി മലബാറിൽ എത്തി.കോഴിക്കോട്ട് ട്രെയിനിൽ എത്തിയ അദ്ദേഹം 500 കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിച്ചു.അതിന് ശേഷം ബീച്ചിൽ വൻ പൊതുയോഗം.തലശ്ശേരിയും കണ്ണൂരും കണ്ട് മടങ്ങി.അഹിംസയ്ക്കും ഹിന്ദു-മുസ്ലിം  ഐക്യത്തിനും ആഹ്വാനം ചെയ്തു.

ഖിലാഫത്തിൽ ഗാന്ധി അലി സഹോദരന്മാരുടെ അഭിപ്രായമാണ് സ്വീകരിച്ചിരുന്നതെന്ന് വ്യക്‌തമാണ്.മുഹമ്മദ് -ഷൗക്കത്തലി സഹോദരന്മാർ അത്രമാത്രം ഗാന്ധിയുടെ ഇണ പിരിയാത്ത സുഹൃത്തുക്കൾ ആയിരുന്നു.അങ്ങനെ മതത്തിന് വേണ്ടിയാണ് മാപ്പിളമാർ ഹിംസ നടത്തിയതെന്ന ന്യായത്തിൽ ഗാന്ധി അതിനെ ന്യായീകരിച്ചു..

അലിഗഢ് പ്രസ്ഥാനത്തിൻറെ ഉൽപന്നങ്ങൾ ആയിരുന്നു,അലി സഹോദരർ.1923 ൽ ഏതാനും മാസം കോൺഗ്രസ് പ്രസിഡന്റായിരുന്നു,മുഹമ്മദ് അലി ( 1875 -1931).മുസ്ലിം ലീഗ് സ്ഥാപകൻ ആയിരുന്നു.ലണ്ടനിൽ മരണം.
മുഹമ്മദ് അലിയുടെ ജ്യേഷ്ഠനായിരുന്നു ഷൗക്കത്ത് അലി ( 1873 -1938 ).അലിഗഢ് സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയിരുന്നു.ഔധ്,ആഗ്ര സിവിൽ സർവീസിൽ ആയിരുന്നു.ഉത്തർ പ്രദേശ് രാംപൂർ സ്വദേശികൾ.

വിപ്ലവകാരി സചിന്ദ്രനാഥ് സന്യാലിന് റിവോൾവർ നൽകിയത് ഷൗക്കത്ത് അലി ആയിരുന്നു.അനുശീലൻ സമിതി അംഗമായിരുന്ന സന്യാൽ,റാഷ് ബിഹാരി ബോസിൻറെ സഹപ്രവർത്തകനായിരുന്നു.മാപ്പിള ലഹളക്കാലത്ത് ആൻഡമാൻ ജയിലിൽ.പുറത്ത് വന്ന് ഹിന്ദുസ്ഥാൻ റിപ്പബ്ലിക് അസോസിയേഷൻ ഉണ്ടാക്കി.ഗോരഖ്‌പൂർ ജയിലിൽ ക്ഷയരോഗത്താൽ മരിച്ചു.

ഇവരിൽ ഷൗക്കത്ത് അലി, ഗാന്ധിയെ മലബാറിൽ അനുഗമിച്ചു എന്ന് മാത്രമല്ല,വിഷലിപ്തമായ പ്രസംഗങ്ങൾ കൊണ്ട് മാപ്പിളമാരുടെ തീവ്ര മത വികാരത്തെ ആളിക്കത്തിക്കുകയും ചെയ്‍തു.ഗാന്ധിക്കൊപ്പം വേദി പങ്കിട്ട് ഒരാളെ ഇങ്ങനെ പ്രസംഗിക്കാൻ അനുവദിച്ചു എന്നത്,പിടികിട്ടാത്ത സമസ്യയാണ്.ബീച്ചിൽ 20000 വരുന്ന സദസ്സിനോട് ഷൗക്കത്ത് അലി പറഞ്ഞു:
"ഓരോ മുസൽമാനും ആരോഗ്യത്തോടെ ജീവിക്കുന്നിടത്തോളം കാലം നിങ്ങളുടെ വിശ്വാസങ്ങളെ എതിർക്കുന്ന ദുരധികാരിയായ രാജാവിനോടും ദുഷ്ടഭരണകൂടത്തോടും പൊരുതേണ്ടത് കടമയാണ്.അതിനുള്ള ശാരീരിക ശക്തിയില്ലാത്തവരും ദുർബലരുമാണ് നിങ്ങൾ എന്നുണ്ടെങ്കിൽ അനീതി നിറഞ്ഞ ആ ദേശം വിട്ട് മറ്റൊരു രാജ്യത്തേക്ക് പോവുക".( 1 )
ഹിംസയാണ് അലി മുന്നോട്ട് വച്ചത്.

ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ഈ സന്ദർശനത്തോട് കാര്യമായി പ്രതികരിച്ചില്ല.ഒരു വർഷം കൊണ്ട് കോൺഗ്രസ് അംഗത്വത്തിൽ വർധനയുണ്ടായി.1921 ജൂൺ ആയപ്പോൾ 200 കമ്മിറ്റികളും 20000 അംഗങ്ങളുമായി വളർന്നു( 2 ).ഖിലാഫത്തും കോൺഗ്രസും അടയും ചക്കരയും പോലെയായി.1920 ഒടുവിൽ ഖിലാഫത്ത് ആശയങ്ങൾ മലബാറിൽ വേര് പിടിച്ചു.ഖിലാഫത്ത് സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത മുസ്ലീംകളെ ഊരു വിലക്കി.ഖിലാഫത്ത് കമ്മിറ്റികൾ മുസ്ലിം കേന്ദ്രങ്ങളിൽ ഉണ്ടായി.
മുഹമ്മദ് അലി 
ഷൗക്കത്ത് അലിയുടെ സഹോദരൻ മുഹമ്മദ് അലി, ഗാന്ധിയെ വേദിയിൽ ഇരുത്തി ഉത്തരേന്ത്യൻ സമ്മേളനങ്ങളിൽ മുസ്ലീംകളോട് വാളെടുക്കാൻ ആഹ്വാനം ചെയ്തു.അത് ഗാന്ധി വിലക്കിയപ്പോൾ അലി സ്വീകരിച്ചില്ല.അലിഗഢിലും ഫൈസാബാദിലും അലി ഇത് വിശദീകരിച്ചു:
"' ശത്രുവിനെതിരെ,അവൻ ശക്തനായിരിക്കെ ആയുധം പ്രയോഗിക്കാനുള്ള എൻറെ അവകാശം എനിക്ക് ദൈവം നൽകിയതാണെന്നും ആർക്കും എന്നെ വിലക്കാനാവില്ലെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു.നമ്മുടെ വിശ്വാസം അതാണ്.നമ്മുടെ രാജ്യം അതിന് ശക്തമല്ലെന്നു നാമിപ്പോൾ കാണുന്നു.കരുത്താർജിക്കാൻ നമുക്ക് കഴിയാത്തിടത്തോളം നാം അദ്ദേഹത്തിൻറെ ( ഗാന്ധി ) സഹപ്രവർത്തകരായിരിക്കും.അതുകൊണ്ട് ഞങ്ങളിന്ന് ഒരേ വേദിയിൽ നിൽക്കുന്നു.ആദർശപരമായ കാരണങ്ങളാൽ അദ്ദേഹവും നയപരമായ കാരണങ്ങളാൽ നമ്മളും."( 3 )

ഗാന്ധിയെ വേദിയിൽ ഇരുത്തി പൊരിച്ചുവെന്ന് ചുരുക്കം.മുസ്ലിംകൾക്ക് ശക്തിയുണ്ടാവുമ്പോൾ ഗാന്ധിയെ ഉപേക്ഷിക്കും.പാക്കിസ്ഥാനിലേക്ക് പോകും.അഹിംസ പറഞ്ഞ് ഗാന്ധിയും ഹിംസ പറഞ്ഞ് മുസ്ലിംകളും അത് വരെ വേദി പങ്കിടും -കറകളഞ്ഞ അവസരവാദം.മാപ്പിള ലഹള മൂത്ത് ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെടുമ്പോൾ.ഒരു കോൺഗ്രസുകാരനും രക്ഷിക്കാൻ ഉണ്ടായിരുന്നില്ല.ആകെ മുഹമ്മദ് അബ്‌ദുറഹിമാൻ മാത്രം പുറത്തിറങ്ങി നടന്നു.

1921 ൽ മാപ്പിളകൾക്കെതിരെ സ്വയം പ്രതിരോധത്തിന് പോലും ബലം പ്രയോഗിക്കാൻ ഗാന്ധി ഹിന്ദുക്കളെ അനുവദിച്ചില്ല.ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടന് വേണ്ടി ഇന്ത്യക്കാർ സേനയിൽ ചേരണമെന്ന് ഗാന്ധി ആഹ്വാനം ചെയ്തു.ബ്രിട്ടീഷുകാർക്ക് വേണ്ടി ഹിംസയാകാം.സാമ്രാജ്യ പ്രജകൾ എന്ന നിലയിൽ അത് കടമയാണെന്ന് ഗാന്ധി വാദിച്ചു.ഇന്ത്യൻ സ്വാതന്ത്ര്യ പ്രശ്‍നം വന്നപ്പോൾ ബ്രിട്ടനെതിരെ ഹിംസ പാടില്ലെന്നായി.ഇന്ത്യൻ വിപ്ലവകാരികളെ ബ്രിട്ടൻ അമർച്ച ചെയ്യുന്നതിനൊപ്പം നിന്നു.ജാലിയൻ വാലാബാഗിന് കാരണമായ റൗലറ്റ് നിയമത്തിനും എതിരെ സത്യഗ്രഹമായിരുന്നു,ഗാന്ധിയുടെ മരുന്ന്."ബംഗാളിൻറെ ചെറുകിട അക്രമ മതം' പടരരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു.ചിത്തരഞ്ജൻ ദാസിൻറെ കാലത്ത് ബംഗാൾ കോൺഗ്രസുകാർ ഗാന്ധിയെ അടുപ്പിച്ചിരുന്നില്ല.

ഗാന്ധി മുന്നോട്ട് വച്ച ആത്മീയ സ്വരാജ്,ഡൊമിനിയൻ പദവി എന്നിവ പ്രകാരം,ബ്രിട്ടന് ഇന്ത്യയിൽ അധികാരം നഷ്ടപ്പെടുമായിരുന്നില്ല.ഗാന്ധിയെ തുണച്ച വ്യവസായികൾക്കും ഭരണ തുടർച്ച വേണ്ടിയിരുന്നു.ജെ ബി കൃപലാനി പറഞ്ഞ പോലെ,'ശത്രുക്കളെയും കൂടെ നിർത്താൻ' അദ്ദേഹം വ്യഗ്രത കാട്ടി എന്ന് വ്യാഖ്യാനിക്കാം.ഈ അവ്യക്തതയെ ഗാന്ധി ന്യായീകരിച്ചത് ഇങ്ങനെ"
"സ്ഥിരതയില്ലാത്തതിനാൽ ഇത് അസംബന്ധമാണെന്ന് വിമർശകർ പറഞ്ഞേക്കാം.ഇത് ഭാവനാത്മകമാണെന്നും.തത്വത്തെ സാധുകരിക്കാൻ നാം പുതിയ വസ്തുതകൾ കണ്ടെത്തണം.നിലവിലുള്ള വസ്തുതകൾക്കായി തത്വങ്ങൾ മാറ്റുക എന്ന അസാധ്യ സാഹസത്തിന് മുതിരരുത് ".
(Hindus and Moplahs, Young India, January 26, 1922).

വസ്തുതകൾ കണ്ടെത്തുക എന്നത്,എത്രമാത്രം ധാർമ്മികവും സ്വാഭാവികവുമാണെന്ന് അറിഞ്ഞു കൂടാ.
ഷൗക്കത്ത് അലി 
ഖിലാഫത്തിനെ അനുകൂലിക്കാൻ കോൺഗ്രസിനെ ഗാന്ധി പ്രേരിപ്പിച്ച ശേഷം മലബാറിൽ ഹിന്ദു കൂട്ടക്കൊലകൾ ഉണ്ടായപ്പോൾ,ഗാന്ധി ഹിന്ദുക്കളോട് സഹതപിക്കുകയോ മുസ്ലിംകളെ അപലപിക്കുകയോ ചെയ്തില്ലെന്ന് അന്നത്തെ കത്തുകളിൽ നിന്നും പ്രഭാഷണങ്ങളിൽ നിന്നും വ്യക്തമാണ്.ഓഗസ്റ്റ് 19 ന് തുടങ്ങിയ മാപ്പിള ലഹളയുടെ ക്രൂരതകൾ ഇന്ത്യയൊട്ടാകെ ഒക്ടോബർ ആയപ്പോൾ പത്രങ്ങളിൽ നിറഞ്ഞു.ഒക്ടോബറിന് മുൻപ് വന്ന റിപോർട്ടുകൾ സി ഗോപാലൻ നായർ സമാഹരിച്ചു.സ്ത്രീകളുടെ വസ്ത്രങ്ങൾ അഴിച്ചതും ക്ഷേത്ര വളപ്പിൽ പശുക്കളെ കൊന്നതും അവയുടെ കുടൽ മാലകൾ വിഗ്രഹങ്ങളിൽ ചാർത്തിയതും തലയോട്ടികൾ പുരപ്പുറത്ത് വച്ചതുമൊക്കെ നായരുടെ സമാഹാരത്തിലുണ്ട്*.സർ സി ശങ്കരൻ നായരുടെ സഹോദരനായ ഗോപാലൻ നായർ,മലബാർ ഡപ്യൂട്ടി കലക്റ്ററായിരുന്നു.

1921 ഡിസംബർ എട്ടിന് ഗാന്ധി,മാപ്പിളമാരെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കിയും അവരുടെയും ഇരകളായ ഹിന്ദുക്കളുടെയും നില സമാനമാക്കിയും വെളിപാടുമായി എത്തി:
"എന്തുകൊണ്ടാണ് സർക്കാരിനാണ് ഉത്തരവാദിത്തം എന്ന് ഞാൻ പറയുന്നത്,'വിചിത്രം'ആകുന്നത് ?അവർക്ക് ഖിലാഫത്ത് പ്രശ്‍നം പരിഹരിക്കാമായിരുന്നു.നിസ്സഹകരണ പ്രസ്ഥാനക്കാരെ അഹിംസയുടെ സന്ദേശം മാപ്പിളമാരിൽ എത്തിക്കുന്നതിന് അനുവദിക്കാമായിരുന്നു.മാപ്പിളമാരുടെ മതവികാരം കലക്‌ടർ കണക്കിലെടുത്തെങ്കിൽ പ്രശ്‍നം ഉണ്ടാവില്ലായിരുന്നു.മാപ്പിളമാരുടെ രോഷത്തിൽ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് പകരം,മുസ്ലിംകൾ കുഴപ്പം കാണിച്ച ശേഷം അവരെ ശിക്ഷിക്കുന്നതിൽ ഞാൻ സർക്കാരിനെ കുറ്റപ്പെടുത്തുന്നു.ഹിന്ദുക്കളുടെ സ്ഥാനത്ത് ബ്രിട്ടീഷ് കുടുംബങ്ങൾ ആയിരുന്നെങ്കിൽ ഈ അലസത ഉണ്ടാകുമായിരുന്നോ ?മാപ്പിളമാർക്ക് പകരം ബ്രിട്ടീഷുകാർ ആയിരുന്നെങ്കിൽ അവരോട് ഇത്ര മനുഷ്യത്വഹീനമായി പെരുമാറുമായിരുന്നോ ?".
(Moplah Tragedy, December 8, 1921, Young India )

ഹിന്ദുക്കളെ കശാപ്പ് ചെയ്ത മാപ്പിളമാരോട് ബ്രിട്ടൻ മനുഷ്യത്വഹീനമായി പെരുമാറിയത്തിലാണ്,ഗാന്ധിക്ക് ഉൽക്കണ്ഠ.

ഹിന്ദുക്കൾ മാപ്പിളമാരെ അവഗണിച്ചതാണ് ലഹളയ്ക്ക് കാരണമെന്ന് 1922 ജനുവരി 26 ന് ഗാന്ധി സിദ്ധാന്തിച്ചു:
"മാപ്പിള മതഭ്രാന്തിൻറെ കാരണങ്ങൾ ഹിന്ദുക്കൾ അന്വേഷിക്കണം.അവരും കുറ്റക്കാരാണ്.അവർ ഇന്നുവരെ മാപ്പിളമാരെ കണക്കിലെടുത്തില്ല.അവരെ അടിമകളായി കരുതി അല്ലെങ്കിൽ ഭയപ്പെട്ടു.സുഹൃത്തും അയൽക്കാരനുമായി കരുതി ആദരിക്കുകയോ പരിഷ്കരിക്കുകയോ ചെയ്തില്ല.ഇപ്പോൾ മാപ്പിളമാരെയും പൊതുവെ ,മുസ്ലിംകളെയും വെറുത്തിട്ട് കാര്യമില്ല ".
( Hindus and Moplahs, Young India, January 26, 1922).

ഇതേ ലേഖനത്തിൽ,മാപ്പിളമാരെ ന്യായീകരിച്ച കോൺഗ്രസ് നേതാവും ഉർദു കവിയുമായ മൗലാനാ ഹസ്രത് മൊഹാനിയെ ഗാന്ധി ശ്ശാഘിച്ചു:
"മൗലാനയെ സംബന്ധിച്ചിടത്തോളം,യുദ്ധത്തിലും പ്രേമത്തിലും എല്ലാം ന്യായമാണ്.മാപ്പിളമാർ അവരുടെ മതത്തിന് വേണ്ടി പൊരുതിയെന്ന്അദ്ദേഹം കാണുന്നു.അതിനാൽ അവർ കുറ്റമുക്തരാണ്."
കോൺഗ്രസുകാരനായ മൊഹാനി ( 1878 -1951 ) യാണ് ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം സൃഷ്ടിച്ചത്.1921 അഹമ്മദാബാദ് കോൺഗ്രസ് സമ്മേളനത്തിൽ സ്വാമി കുമാരാനന്ദിനൊപ്പം ആദ്യമായി പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ടു.
മൊഹാനിയും അംബേദ്ക്കറും 
1921 ഒക്ടോബർ 20 ന് ഗാന്ധി 'യങ് ഇന്ത്യ'യിൽ എഴുതി:
"സ്വന്തം വലിപ്പത്തിൻറെ ഭാരത്താൽ തവിടു പൊടിയാകുമായിരുന്ന ഒരു സമ്പ്രദായത്തിന് കിട്ടിയ അനുഗ്രഹമാണ്,മാപ്പിള ലഹള.എന്താണ് കൂടുതൽ വെറുക്കേണ്ടത് ?മാപ്പിളയുടെ മതഭ്രാന്തോ അതോ,നിസ്സഹായനായി മാർഗം കൂടിയ ഹിന്ദു സഹോദരൻറെ ഭീരുത്വമോ,കുടുമ്മ മുറിക്കാനും വസ്ത്രം മാറാനും ഹിന്ദു നൽകിയ സമ്മതമോ ?എന്നെ തെറ്റിദ്ധരിക്കരുത്.കൊല്ലാതെ മരിക്കാനുള്ള ശാന്തമായ ധീരത മുസ്ലിമും ഹിന്ദുവും നേടണം.അത് പറ്റില്ലെങ്കിൽ,കൊല്ലുകയും കൊല്ലപ്പടുകയും ചെയ്യുന്ന കല വളർത്തിയെടുക്കണം.അപകടത്തിൽ നിന്ന് ഭീരുവിനെപ്പോലെ പലായനം ചെയ്യരുത്.അത് ചെയ്യുന്നവന്റേത് മാനസിക ഹിംസയാണ്.കൊല്ലുമ്പോൾ കൊല്ലപ്പെടാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്,പലായനം".


മുസ്ലിമിൻറെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടാൽ നീതിക്ക് വേണ്ടി ഹിംസയാകാം എന്ന് പറഞ്ഞ ഗാന്ധി,ഹിന്ദുവിൻറെ മാനം പോയപ്പോൾ അത് അനുഗ്രഹമായി കണ്ടു.അക്രമികളോട് ക്ഷമിച്ചു.വിഭജന കാലത്തും ഉന്മൂലനത്തിൻറെ വക്കിൽ നിന്ന ഹിന്ദുക്കളോടും സിഖുകാരോടും അഹിംസ ഉപദേശിച്ചു.അപ്പോഴും സംവരണ മണ്ഡലത്തിലാണ്,മുസ്ലിം.

വംശഹത്യയ്ക്ക് വഴങ്ങാൻ ഹിന്ദുക്കളോട് 1922 ജനുവരി 26 ന് ഗാന്ധി ആഹ്വാനം ചെയ്തു:
"നിർബന്ധിത മതം മാറ്റത്തിന് വഴങ്ങാതെ മരണം വരിക്കാനുള്ള ധീരത ഹിന്ദുക്കൾ കാട്ടണം എന്ന് പറയാൻ എനിക്ക് വിഷമമില്ല.അതിന് പകരം മാപ്പിള വാൾ സ്വീകരിച്ച ഹിന്ദുക്കളിൽ അഭിമാനമുണ്ട്.ഇവർ രോഷവും വെറുപ്പുമില്ലാതെ മരിച്ചെങ്കിൽ,അവരാണ് യഥാർത്ഥ ഹിന്ദുക്കൾ..മുറിവേൽപ്പിക്കുന്ന മുസ്ലിമിനെ ഹിന്ദു കൂടുതൽ സ്നേഹിക്കണം.അയൽക്കാർ എന്ന നിലയിൽ അവരെ സഹായിക്കണം ".
(Hindus and Moplahs, Young India, January 26, 1922 ).

മാപ്പിള ലഹള തുടങ്ങി ഏഴു ദിവസം കഴിഞ്ഞ്,ജന്മാഷ്ടമി ദിനത്തിൽ ( 1921 ഓഗസ്റ്റ് 6 ) വടക്കുകിഴക്ക് ഗാന്ധി ട്രെയിനിലിരുന്ന് എഴുതി:
"മാപ്പിളമാർ മുസ്ലിംകളാണ്.അവരിലുള്ളത് അറബ് രക്തമാണ്.എളുപ്പം ആവേശം കൊള്ളുന്നവരും ദേഷ്യം വരുന്നവരുമാണ്.നിമിഷങ്ങൾക്കകം കോപിച്ച് അക്രമം നടത്തും.ഒരുപാട് കൊലകൾ അവർ നടത്തി.വർഷങ്ങൾക്ക് മുൻപ് അവരെ വരുതിയിലാക്കാൻ പ്രത്യേക നിയമം കൊണ്ട് വന്നു.പത്തുലക്ഷം ഉണ്ടത്രേ.നിരക്ഷരർ എങ്കിലും ധീരർ.മരിക്കാൻ പേടിയില്ല.തോൽക്കില്ല എന്ന് പ്രതിജ്ഞ ചെയ്താണ്,പോരാടാൻ ഇറങ്ങുന്നത് .അതിനാൽ അക്രമവും കൊലയും അവർക്ക് വിഷയമല്ല.യാക്കൂബ് ഹസ്സനെത്തടഞ്ഞ് തടവിലാക്കിയത് അക്രമം പേടിച്ചാണ്.നാല് ഇന്ത്യൻ ഓഫീസർമാരെയും രണ്ട് ബ്രിട്ടീഷുകാരെയും കൊന്നു എന്നാണ് കേട്ടത്.500 മാപ്പിളമാർ കൊല്ലപ്പെട്ടതായി കേട്ടു.കൊള്ളയുണ്ട്."
( Complete Works of Mahatma Gandhi / Gandhi's Speech on the Moplah Outbreak , Vol 24.)

ഇതിലും ഇരകളായ ഹിന്ദുക്കളോട് അനുതാപമില്ല.കച്ചവടക്കാരനും കോൺഗ്രസുകാരനുമായ യാക്കൂബ് ഹസ്സൻ സേട്ട് ( 1875 -1940 ) മദ്രാസിൽ 1937 ലെ രാജാജി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രി ആയിരുന്നു.നാഗ്പൂരിൽ ജനിച്ച് അലിഗഢിൽ പഠിച്ച അദ്ദേഹം,ബംഗളുരുവിലാണ് ബിസിനസിന് എത്തിയത്.മദ്രാസിൽ താമസമാക്കി.മുസ്ലിം ലീഗ് വിട്ട് കോൺഗ്രസിൽ എത്തി.
യാക്കൂബ് ഹസ്സൻ 
1921 ഓഗസ്റ്റ് 29 ന്  ഗാന്ധി സിൽഹാട്ടിൽ നിന്നെഴുതി:
"പരസ്പരം പൊരുത്തമില്ലാത്ത സംഹാരാത്മകമായ ശക്തികളാണ്,ഹിംസയും അഹിംസയും.അഹിംസ വിജയിക്കാൻ അത്തരം അന്തരീക്ഷം വേണം.ഇതിനെ മാപ്പിള കലാപം ഉലച്ചു.നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയത് മുതൽ ഇങ്ങനെ ഒരുലച്ചിൽ സംഭവിച്ചില്ല"
( മുകളിൽ പറഞ്ഞ വാല്യം )

സെപ്റ്റംബർ 16 ന് 'ഹിന്ദു' പത്രത്തിന് നൽകിയ സന്ദേശം:
"കലാപത്തിന് ഉടൻ കാരണം പള്ളി വളഞ്ഞതാണ് എന്നറിഞ്ഞു.നിരവധി ഹിന്ദു വീടുകൾ കൊള്ള ചെയ്തത് മനസ്സിലാകുന്നില്ല.കൊൽക്കത്തയിലായിരിക്കെ.മൂന്ന് നിർബന്ധിത മതം മാറ്റങ്ങൾ നടന്നതായി കേട്ടു.ഇപ്പോൾ കൂടുതൽ നടന്നതായി അറിഞ്ഞു.ഖേദകരമാണ്.മാപ്പിള അരാജകത്വം നിരാശാജനകമാണ്;ഹിന്ദു -മുസ്ലിം മൈത്രിയെ അത് ഗൗരവമായി ബാധിക്കില്ല".

1921 ജനുവരി ആറിന് ഗാന്ധി എഴുതിയ ലേഖനം,കെ പി കേശവ മേനോനും മറ്റും വസ്തുതകൾ നിരത്തി എഴുതിയ കത്തുകൾക്കുള്ള മറുപടി ആയിരുന്നു.അഹമ്മദാബാദിലെ ഖിലാഫത്ത് സമ്മേളനവും മൗലാനാ അബ്ദുൽ ബാരിയുടെ കമ്പി സന്ദേശവും വച്ച് പുറത്തുള്ള മുസ്ലിംകൾക്ക് ലഹളയെപ്പറ്റി വിവരമില്ല എന്ന് തോന്നുന്നതായി കത്തുകളിൽ പറഞ്ഞിരുന്നു.അവർ കാരുണ്യത്തോടെ കാണുമെന്ന് കരുതി.ഖിലാഫത്ത് സമ്മേളനം മതത്തിൻറെ പേരിൽ ത്യാഗം ചെയ്ത മാപ്പിളമാരെ അഭിനന്ദിച്ചു.മൊഹാനി കൊള്ളയെ ന്യായീകരിച്ചുവെന്നും കത്തിൽ നിരീക്ഷിച്ചിരുന്നു.ഇതിനാണ് മൊഹാനിയെ പ്രതിരോധിച്ച് ഗാന്ധി ലേഖനം എഴുതിയത്.മലബാറിലെ കോൺഗ്രസ് നേതാക്കളെ ഗാന്ധി കാര്യമാക്കിയില്ല.

1924 മെയ് ഒന്നിന് ഗാന്ധി,യാക്കൂബ് ഹസ്സന്റെ കത്ത് 'യങ് ഇന്ത്യ'യിൽ പ്രസിദ്ധീകരിച്ചു.ഹിന്ദു ജന്മികൾക്ക് കീഴിൽ കർഷകരായ മാപ്പിളമാർ ക്രൂരതകൾക്ക് ഇരയായി,ബ്രിട്ടീഷ് സേനയെ കൂട്ടി ഹിന്ദുക്കൾ ആക്രമിച്ചു,ഏതു ഹിന്ദുവും ഈ സാഹചര്യത്തിൽ ചെയ്യുന്നതേ മാപ്പിളമാർ ചെയ്തുള്ളു എന്ന് ഹസ്സൻ വാദിച്ചു.അവസാന വാദം ഗാന്ധി അംഗീകരിച്ചില്ല.ജന്മികളുടെ എണ്ണം കുറവായിരുന്നു;അവരെ തിരിച്ചറിയാം.പക്ഷെ ആക്രമിക്കപ്പെട്ടത് ഹിന്ദുക്കൾ മുഴുവനുമാണ്.ദളിതരും കൊല്ലപ്പെട്ടു.ജന്മിമാർക്കെതിരെ മതപരമായി അല്ലാതെ പ്രതികരിക്കാൻ കഴിയുമായിരുന്നു.ജിഹാദിൻറെ പേരിലാണ് ഹിന്ദുക്കളെ ആക്രമിച്ചത്.എങ്കിലും മാപ്പിളമാരെ സഹായിക്കാൻ രാജ്യത്തോട് ഗാന്ധി ആവശ്യപ്പെട്ടു.

ജിഹാദാണ് നടന്നതെന്ന തിരിച്ചറിവിൽ ഗാന്ധി എത്തി.മുസ്ലിം പ്രീണനം എന്നിട്ടും അവസാനിച്ചില്ല.
അലിസഹോദരരും സംഘവും 
മാപ്പിള ലഹളയ്ക്ക് ശേഷം മുഹമ്മദ് അലി കോൺഗ്രസ് പ്രസിഡന്റായിരിക്കെ അലി സഹോദരന്മാർ 1923 ൽ ഗാന്ധിയിൽ നിന്നകന്നു.ഹിന്ദു -മുസ്ലിം ബന്ധങ്ങൾ വഷളായതും കോൺഗ്രസ് വർഗീയശക്തികളുമായി  ഹിന്ദ് സ്വരാജിന് വേണ്ടി ചങ്ങാത്തം സ്ഥാപിച്ചെന്ന് ചില മുസ്ലിം വൃത്തങ്ങളിൽ ഉണ്ടായ സംശയവുമായിരുന്നു കാരണമെന്ന് മുശീറുൽ ഹസൻ എഴുതിയിട്ടുണ്ട്.വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ കൊഹാട്ടിലെ കലാപത്തിന് ശേഷം,അകൽച്ച പരസ്യമായി .കലാപം സംബന്ധിച്ച മുഹമ്മദ് അലിയുടെ പ്രമേയത്തിന് ഗാന്ധി ഇങ്ങനെ മറുപടിക്കത്ത് എഴുതി:
"ഹിന്ദുക്കൾക്ക് അർഹിക്കുന്നത് കിട്ടി എന്ന് താങ്കളുടെ പ്രമേയം വായിച്ചാൽ തോന്നും...താങ്കൾക്ക് ഭീകരമായ തെറ്റ് പറ്റി ...താങ്കൾക്ക് മൗനം പാലിക്കാമായിരുന്നു."

ഗാന്ധിയുടെ പിന്തുണയോടെ 1928 ൽ നെഹ്‌റു തയ്യാറാക്കിയ ഭരണഘടനാ പരിഷ്കാര റിപ്പോർട്ടിനെ മുഹമ്മദാലി എതിർത്തു.ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് ഡൊമിനിയൻ പദവി എന്ന നിലപാട് 'ഇസ്ലാമിൻറെ സ്വതന്ത്ര വികാരത്തിന്' ചേർന്നതല്ലെന്ന് അലി വിമർശിച്ചു.ഒരു വർഷത്തിന് ശേഷം അലി സഹോദരന്മാർ,മുസ്ലിംകൾ കോൺഗ്രസിനെ ബഹിഷ്കരിക്കാൻ ആവശ്യപ്പെടുന്ന ഡൽഹി മാനിഫെസ്റ്റോ പുറത്തിറക്കി.

വിച്ഛേദം പൂർണമായി.നിക്ഷിപ്‌ത താൽപര്യം മുൻ നിർത്തി കോൺഗ്രസിലെത്തിയ തീവ്ര മുസ്ലിംകളുടെ കൈയിലെ കരുവാകുകയായിരുന്നു ഗാന്ധി എന്ന് വ്യക്തമായി.

തുർക്കിയിൽ 1923 ൽ അധികാരമേറിയ കെമാൽ അത്താതുർക് ഖിലാഫത്ത് അവസാനിപ്പിച്ചതോടെ,ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനം കട പൂട്ടി.മതേതരവാദി ആയ അത്താതുർക്കിനെക്കാൾ,ഖലീഫയ്ക്ക് വേണ്ടിയുള്ള മതഭ്രാന്താണ്‌,കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വർഗസമരം;കോൺഗ്രസിന് സ്വാതന്ത്ര്യ സമരം !
-----------------------------------
*The Moplah Rebellion/C Gopalan Nair,1923
1.Madras Police Report 28 August 1920 
2.മലബാർ കലാപം/ കെ മാധവൻ നായർ.പേജ് 82.
3.Home / Pol 1921.File No 241.
Reference:
Gandhi and the Ali Brothers:Biography of A Friendship / Rakhahari Chatterji 

See https://hamletram.blogspot.com/2019/11/blog-post_8.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...