Friday 12 July 2019

ആഗ്നസ്,ചാറ്റോയുടെ അടിമ

പ്രവാസി വിപ്ലവകാരികളിൽ പലരും തങ്ങളുടെ പങ്കാളികളോട് മോശമായാണ് പെരുമാറിയിട്ടുള്ളത്;ഏറ്റവും നല്ല ഉദാഹരണമാണ്,മലയാളി എ സി എൻ നമ്പ്യാർ.മറ്റൊരാളാണ്,ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ.പുരുഷ മേധാവിത്തം  കാട്ടിയിരുന്നയാൾ എന്നാണ്,ചാറ്റോയെപ്പറ്റി,എട്ടു കൊല്ലം കൂടെ ജീവിച്ച ആഗ്നസ് സ്മെഡ്‌ലി രേഖപ്പെടുത്തിയിട്ടുള്ളത്.അമേരിക്കൻ പത്രപ്രവർത്തകയായ അവർ ഇന്ത്യയ്ക്ക് വേണ്ടി വിപ്ലവ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു;ആഗോള കമ്മ്യുണിസ്റ്റ് ചാര വനിതയുടെ മുഖവും അവർക്കുണ്ട്.

അമേരിക്കയിൽ മിസ്സൂറി ഓസ് ഗുഡിലെ കുടിലിലാണ് അവർ ജനിച്ചത്.കന്നുകാലി ബ്രോക്കറായും നാടോടി മരുന്ന് വില്പനക്കാരനായും ഖനി തൊഴിലാളിയായും ജോലി ചെയ്ത ചാൾസിൻറെ  അഞ്ചു മക്കളിൽ രണ്ടാമത്തെ ആൾ.വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല.'അമ്മ അവരുടെ 38 വയസ്സിൽ മരിച്ചു.ദാരിദ്ര്യം ആഗ്നസിൻറെ മനസ്സിൽ മുറിവുകൾ ഉണ്ടാക്കി.പ്രൈമറി സ്‌കൂളുകളിൽ ധനിക കുട്ടികൾ അവളെ കളിയാക്കി .അരിസോണയിലെ ടെമ്പെ നോർമൽ സ്‌കൂളിൽ സവിശേഷ പരിഗണനയിൽ 19 വയസിൽ ചേർന്ന ആഗ്നസ്,അതിൻറെ ആഴ്ചപ്പതിപ്പിൽ ജോലിയും ചെയ്തു.പ്രസംഗ മത്സരം വിലയിരുത്താൻ ന്യൂയോർക്കിൽ നിന്ന് വന്ന ഹൈസ്‌കൂൾ അദ്ധ്യാപിക തോർബർഗ് ബ്രണ്ടിനെ പരിചയപ്പെട്ടു.അവർ വഴി സഹോദരൻ ഏണസ്റ്റിനെയും -ഇരുവരും സോഷ്യലിസ്റ്റുകൾ ആയിരുന്നു.ഏണസ്റ്റിനെ വിവാഹം ചെയ്ത ആഗ്നസ് 1913 ൽ സാൻഫ്രാൻസിസ്കോ നോർമൽ സ്‌കൂളിൽ ചേർന്ന്,സ്‌കൂളിന് ഒരു പത്രമുണ്ടാക്കി-നോർമൽ ന്യൂസ്.എമ്മ ഗോൾഡ് മാൻ,അപ്റ്റൻ സിൻക്ലെയർ,യൂജിൻ ഡബ്‌സ്‌ തുടങ്ങി പല സോഷ്യലിസ്റ്റ് നേതാക്കളെയും അവിടെ പ്രസംഗിക്കാൻ വിളിച്ചു.1916 ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുമ്പോൾ അവർ സ്‌കൂൾ ജീവനക്കാരി ആയിരുന്നു.അവരെ സ്‌കൂൾ പിരിച്ചു വിട്ടു.
ആഗ്നസ് അവസാന കാലം 
ഇന്ത്യൻ വിപ്ലവകാരി കേശവ് ഡി ശാസ്ത്രിയുടെ പ്രസംഗം ആഗ്നസിന് ഇഷ്ടപ്പെട്ടു.സ്‌കൂളിൽ ക്ഷണിച്ചപ്പോൾ,അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ല.അദ്ദേഹത്തിൽ നിന്നും ലാലാ ഹർദയാലിൽ നിന്നും,നാടുകടത്തപ്പെട്ട് ന്യൂയോർക്കിലുള്ള ലാലാ ലജ്‌പത്‌ റായിയെപ്പറ്റി കേട്ടു.സ്‌കൂളിൽ നിന്ന് പുറത്തായ ആഗ്നസ് സാൻ ഡീഗോ വിട്ട് ന്യൂയോർക്കിൽ എത്തി.വിവാഹം തകർന്നിരുന്നു.ന്യൂയോർക്കിൽ ലാലാ ലജ്‌പത്‌ റായിയെ കണ്ടു.ന്യൂയോർക് സർവകലാശാല പ്രൊഫസറായിരുന്നു ,അദ്ദേഹം .അത് വലിയ സ്വാധീനമായി.ഇന്ത്യയിലേക്ക് ആഗ്നസിനെ അധ്യാപികയായി അയയ്ക്കാൻ ആഗ്രഹിച്ച റായി,അവർക്ക് ചരിത്ര ക്‌ളാസുകൾ എടുത്തു.അമേരിക്ക വിപ്ലവം വഴി സ്വതന്ത്രമായ പോലെ,ഇന്ത്യ സ്വാതന്ത്രമാകണമെന്ന് റായിയെ കാണാൻ വരുന്ന വിപ്ലവകാരികളിൽ നിന്ന് ആഗ്നസ് പഠിച്ചു.ആഗ്നസ് വിപ്ലവകാരികളുടെ വാർത്താവിനിമയ കേന്ദ്രമായി .അവർ വിലാസങ്ങൾ സൂക്ഷിച്ചു .അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.

ആഗ്നസ് ചൈനയിൽ 
ആഗ്നസിന് വരുന്ന ഇന്ത്യൻ വിപ്ലവകാരികളുടെ കത്തുകൾ അമേരിക്കൻ ഭരണ കൂടം നിരീക്ഷിച്ചിരുന്നത്,ആഗ്നസിന് അറിയില്ലായിരുന്നു.1918 മാർച്ച് 15 ന് സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ശൈലേന്ദ്ര ഘോഷ്  വരുന്നത് കാത്തിരുന്ന ആഗ്നസിൻറെ ഫ്ലാറ്റിൽ പൊലീസ് എത്തി.ഘോഷ് എത്തിയപ്പോൾ അയാളെയും അറസ്റ്റ് ചെയ്തു.വിപ്ലവകാരികളുടെ വിലാസങ്ങൾ കുറിച്ചിരുന്ന കറുത്ത നോട്ട് ബുക്ക് പിടിച്ചെടുത്തു.ഘോഷും ആഗ്നസും ബ്രിട്ടനെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.യുദ്ധം കഴിഞ്ഞ് 1919 ൽ മോചിതയായി.ഇത് കഴിഞ്ഞ് നാട് കടത്തൽ ഭീഷണി നേരിടുന്ന വിപ്ലവകാരികളെ സഹായിക്കാൻ ആഗ്നസും സുഹൃത്തുക്കളും ഫ്രണ്ട്‌സ് ഓഫ് ഫ്രീഡം ഫോർ ഇന്ത്യ സംഘടനയുണ്ടാക്കി.റോബർട്ട് ലോവെറ്റ് എഡിറ്ററായ ഡയൽ അതിൻറെ താളുകൾ ഇതിനായി തുറന്നിട്ടു.ബ്രിട്ടൻ അമേരിക്കയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നുവെന്നും ഗൂഢാലോചനക്കേസിന് 25 ലക്ഷം പൗണ്ട് മുടക്കിയെന്നും പുറത്തു വന്നു.ജാലിയൻ വാലാബാഗ് കൂട്ടക്കൊല അമേരിക്കയിൽ പ്രചരിപ്പിച്ചു.ആഗ്നസ് ആയിരക്കണക്കിന് കത്തുകൾ പലയിടത്തേക്കും അയച്ചു.തൊഴിലാളി റാലികൾ സംഘടിപ്പിച്ചു.ഇത് നടക്കുമ്പോൾ ഗദർ പാർട്ടി അംഗങ്ങൾ അതിലെ പദവികൾക്കായി പരസ്പരം മല്ലടിച്ചു കൊണ്ടിരുന്നു.

ചാറ്റോ 
1920 ഡിസംബറിൽ ആഗ്നസ്,യൂറോപ്പിലേക്ക് പോകുന്ന ഒരു പോളിഷ് ചരക്കു കപ്പലിൽ തൊഴിലാളിയായി കയറിക്കൂടി ഡാൻസിഗിൽ രക്ഷപ്പെട്ടു.1920 -39 ൽ അർദ്ധ സ്വയംഭരണ പ്രദേശമായിരുന്നു,ജര്മനിക്കും പോളണ്ടിനും ഇടയിലെ ഈ തുറമുഖം.ചാറ്റോയെ തിരക്കി ബർലിനിൽ എത്തി .ബർലിൻ ഇന്ത്യ ഇൻഡിപെൻഡൻസ് കമ്മിറ്റി വഴി ബർലിനിൽ കഴിയാൻ അനുമതി കിട്ടി.അസാമാന്യ സംഘാടകയായി അറിയപ്പെട്ടിരുന്നതിനാൽ,അവർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളിൽ ഒരാളായി.ഏകാകിനിയായ അവരുടെ ജീവിതത്തിൽ,കമ്മിറ്റിയുടെ സംഘാടകനായ ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ എത്തി.ബംഗാളിലെ കുലീന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ചാറ്റോ,സരോജിനി നായിഡുവിൻറെ സഹോദരനായിരുന്നു.ചാറ്റോയുടെ അനുജനായിരുന്നു,ഇടതു ബുദ്ധിജീവി,ഹരീന്ദ്ര നാഥ് -കേരളത്തിലെ പുരോഗമന സാഹിത്യ സംഘടനയെ എം പി പോൾ നയിച്ച കാലത്ത്,ഒരു സമ്മേളനം ഉദ്‌ഘാടനം ചെയ്തത്,ഹരീന്ദ്ര നാഥ് ചതോപാധ്യായ ആയിരുന്നു.ചാറ്റോയുടെ സഹോദരി സുഹാസിനി ഇന്ത്യൻ പ്രവാസി വിപ്ലവകാരി എ സി എൻ നമ്പ്യാരുടെ ഭാര്യ ആയിരുന്നു.ആദ്യ മലയാള കഥ വാസനാവികൃതി എഴുതിയ വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ മകനാണ്,നമ്പ്യാർ.ഹൈദരാബാദിൽ നൈസാം കോളജ് പ്രിൻസിപ്പൽ ഡോ .അഘോർ നാഥ് ചതോപാധ്യയുടെ മകനായി  ജനിച്ച ചാറ്റോ 1902 ൽ 22 വയസിൽ ഐ സി എസ് പരീക്ഷ എഴുതാനാണ്,ലണ്ടനിൽ പോയത്.ഓക്സ്ഫോഡിൽ ചേർന്ന അദ്ദേഹം അവിടെ പ്രവാസി ഇന്ത്യൻ വിപ്ലവകാരികളുടെ സംഘത്തിൽ പെടുകയായിരുന്നു.ചാറ്റോ .1907 ൽ ലെനിൻ പങ്കെടുത്ത രണ്ടാം കോമിന്റേണിന്റെ സ്റ്റുട്ട് ഗാർട്ട് സമ്മേളനത്തിൽ,മാഡം കാമയ്ക്കും എസ്‌ ആർ റാണയ്ക്കുമൊപ്പം പങ്കെടുത്തു.ലെനിനെ കണ്ടതായി അറിവില്ല.കാൾ ലീബക് നെറ്റ്,റോസാ ലക്‌സംബർഗ് എന്നിവരെ കണ്ടിരുന്നു .1909 ജൂണിലെ ഇന്ത്യ ഹൗസ് യോഗത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷുകാരെ കൊല്ലാനുള്ള പദ്ധതി സവർക്കർ അവതരിപ്പിച്ചു .ജൂലൈ ഒന്നിന് ഇന്ത്യ ഓഫിസിലെ പട്ടാള ഓഫിസർ സർ വില്യം കഴ്സൺ വൈലിയെ മദൻലാൽ ദിൻഗ്ര ലണ്ടൻ ഇ൦പീരിയൽ ഇൻസ്റ്റിട്യൂട്ടിൽ  കൊന്നു.സവർക്കറെ തുണച്ച് ജൂലൈ ആറിന് ചാറ്റോ ടൈംസിൽ കത്തെഴുതിയതോടെ,മിഡിൽ ടെംപിളിൽ നിന്ന് പുറത്താക്കി . ലണ്ടനിൽ നിൽക്കാൻ വയ്യാതെ ബർലിനിൽ എത്തിയതാണ്.
ചൈന ഇറക്കിയ സ്റ്റാമ്പ് 
ചാറ്റോയുമായുള്ള എട്ടു കൊല്ലത്തെ ജീവിതം ദുരിതമയമായിരുന്നു.വീട് പുലർത്താൻ ആഗ്നസ് ജർമൻകാരെ ഇംഗ്ലീഷ് പഠിപ്പിച്ച് വരുമാനമുണ്ടാക്കി. എം എൻ റോയ്,ഹേരംബ ലാൽ  ഗുപ്ത എന്നിവർ ആഗ്നസും ചാറ്റോയും തമ്മിലുള്ള ബന്ധത്തെ അസൂയയോടെയാണ് കണ്ടത്.റോയിക്ക് അവരിൽ കണ്ണുണ്ടായിരുന്നു;ഗുപ്ത അവരെ ന്യൂയോർക്കിൽ ബലാത്സംഗം ചെയ്‌തെന്നും ആഗ്നസ് ആത്മഹത്യാ ശ്രമം നടത്തിയെന്നും സ്റ്റീഫൻ മക് കിന്നനും ഭാര്യ ജാനിസും എഴുതിയ Agnes Smedley:The Life and Times of an American Radical എന്ന പുസ്തകത്തിൽ പറയുന്നു ഈ സംഭവം ആഗ്നസ് എഴുതിയ Daughter of Earth എന്ന നോവലിൽ ഞെട്ടിപ്പിക്കും വിധം വിവരിച്ചിട്ടുണ്ട് ജുവാൻ ഡാനിസ് എന്നാണ് അതിൽ ഗുപ്തയുടെ പേര് . ഗുപ്ത ബ്രിട്ടീഷ് ചാരനായി മഹേന്ദ്ര പ്രതാപിൻറെ കാബൂൾ സർക്കാരിനെപ്പറ്റി വിവരം ചോർത്തി.കമ്മിറ്റിയിൽ വിദേശി അംഗമാകരുതെന്ന് ഗുപ്ത പറഞ്ഞു.ആഗ്നസിനെ ബ്രിട്ടീഷ് ചാര പ്രവർത്തകയായി റോയ് മുദ്ര കുത്തി.റോയ് ആണ് ആഗ്നസിനെ ബലാത്സംഗം ചെയ്തത്,ഗുപ്തയല്ല എന്ന് റൂത് പ്രൈസ് എഴുതിയ ആഗ്നസിൻറെ ജീവചരിത്രത്തിൽ പാഠഭേദമുണ്ട്.
ചാറ്റോയുമായുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ കുമിഞ്ഞു കൂടി.വിപ്ലവകാരിയുടെ ഉള്ളിലെ ബ്രാഹ്മണൻ പോയിരുന്നില്ല.ആഗ്നസ് തൊഴിലാളി കുടുംബത്തിൽ നിന്നുള്ളവളാണെന്ന് അയാൾ ഓർമിച്ചു കൊണ്ടിരുന്നു.തൻറെ മുൻ‌കൂർ അനുവാദമില്ലാതെ ആഗ്നസ് ഒന്നും എഴുതരുതെന്ന് അയാൾ പറഞ്ഞു.സർവകലാശാല ഗാന്ധിയെപ്പറ്റി സംസാരിക്കാൻ ആഗ്നസിനെ വിളിച്ചാൽ അയാൾ എതിർത്തു.കുലീനയായ സഹോദര ഭാര്യ കമലാദേവി ചതോപാധ്യായ്ക്ക് അയാൾ ആഗ്നസിനെ പരിചയപ്പെടുത്തിയില്ല.ആ ജീവിതം പീഡനമായിരുന്നു.1923 ജൂൺ നാലിന് ഫ്ലോറെൻസ് ബെക്കർ ലെന്നൻ എന്ന കവയിത്രി സുഹൃത്തിന് ആഗ്നസ് എഴുതി:

Like a storm, he existed according to his nature, absorbing, influencing everything he touched. Our way of life was his choosing, not mine, our home a small edition of that great joint Indian family.. we were desperately poor, and because Viren had no possessions, I sold everything I owned in order to get money.

ഒരു കൊടുങ്കാറ്റ് പോലെ,തൊടുന്നതിനെയെല്ലാം സ്വാധീനിച്ച് അയാൾ നിന്നു.ഞങ്ങളുടെ ജീവിതം അയാളാണ്,ഞാനല്ല നിർണയിച്ചത്.ഇന്ത്യൻ കൂട്ടുകുടുംബത്തിൻറെ ചെറിയ പതിപ്പായിരുന്നു,ഞങ്ങളുടെ വീട്.ഞങ്ങൾ ദയനീയമാം വിധം ദരിദ്രരായിരുന്നു.വീരന് ഒന്നുമില്ലാതിരുന്നതിനാൽ,പണത്തിനായി ഞാൻ കൊണ്ടു വന്നതെല്ലാം,ഞാൻ വിറ്റു.

ആഗ്നസ് തുടർന്നു:
I have married an artist, revolutionary in a dozen different ways, a man of truly a  fine frenzy, a nervous as a cat, always moving, never a rest, indefatigable energy, a hundredfold more than I ever had, a thin man with much hair, a tongue like a razor and brain like hell on fire. What a couple, I am consumed into ashes. And he is always raking up the ashes and setting them on fire again. Suspicious as hell of every man near me and of all men and women from America. I feel like a person living on the brink of a volcano crater. Yet it is awful to love a person who is a torture to you and fascinating person who loves you and won't hear of anything but your loving and living right by his side through the eternity.

വലിയ ഊർജം.നാവ് വാൾത്തല.മസ്തിഷ്‌കം തീ പിടിച്ച നരകം.ഞാൻ ചാരമായി.ചാരം വീണ്ടും ചികഞ്ഞ് തീയിൽ കോരിയിടുകയാണ്,അയാൾ.പരപുരുഷനെ സംശയം.അഗ്നിപർവത മുഖത്തിരിക്കും പോലെ.

ഫ്ലോറെൻസ് ആഗ്നസിൻറെ 15 വർഷത്തെ  കാമുകിയായിരുന്നുവെന്ന് റൂത് പ്രൈസ് എഴുതിയ The Lives of Agnes Smedley എന്ന ജീവചരിത്രത്തിലുണ്ട് . വ ർഷങ്ങൾക്ക് ശേഷം, അവസാനമായി 1933 ൽ ചാറ്റോയെ കണ്ട ശേഷം അവർ എഴുതി:

To my astonishment and resentment Viren remains the center of my emotional life, and if he were in danger I suppose I would walk barefoot around the world to help him. Yet I would not live with him for a day.
ഇപ്പോഴും എൻറെ വൈകാരിക ജീവിതത്തിൻറെ കേന്ദ്രം വീരൻ തന്നെയെന്ന് വിസ്മയത്തോടെയും അവജ്ഞയോടെയും ഞാൻ അറിയുന്നു;അദ്ദേഹം അപകടത്തിലായാൽ സഹായിക്കാൻ ലോകം മുഴുവൻ നഗ്ന പാദയായി ഞാൻ അലയും.എങ്കിലും ,ഒരു നാൾ പോലും ഞാൻ ഒന്നിച്ചു കഴിയില്ല.
ഒന്നിച്ചു ജീവിച്ചതിന്റെ മാനസിക തകരാറുകൾ തീർക്കാൻ അവർ ബർലിൻ സൈക്കോ അനാലിസിസ് ഇൻസ്റ്റിട്യൂട്ടിൽ ചികിത്സ തേടി.സെക്‌സിനോടുള്ള വെറുപ്പ് അങ്ങനെയാണ് മാറിയത്.അമേരിക്കയിലായിരിക്കെ ബലാത്സംഗത്തിന് വിധേയയായ ശേഷവും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ആദ്യം ഗർഭിണി ആയപ്പോൾ ബാത്ത് ടബിൽ ആത്‌മഹത്യയ്ക്ക് ശ്രമം നടത്തിയിരുന്നു.തന്നെപ്പോലെ ഒരു കുഞ്ഞ് ദാരിദ്ര്യത്തിലാകാൻ ഇഷ്ടപ്പെടാത്തതിനാൽ അവർ ഗര്ഭിണിയാകാൻ തയ്യാറല്ലായിരുന്നു.ആദ്യ ഭർത്താവിൽ നിന്നുള്ള രണ്ടാം ഗർഭവും അവർ അലസിപ്പിച്ചു.
റിച്ചാർഡ് സ്റ്റാമ്പ് 
ചാറ്റോയുമായുള്ള ബന്ധം നിലനിൽക്കെ , ആഗ്നസ് ലണ്ടനിൽ നിന്ന് ബർലിനിൽ എത്തിയ കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി  ബക്കർ അലി മിർസയുമായി പ്രണയത്തിലായി.മിർസയും അനുജൻ മെഹ്ദി അലിയും ഓക്സ്ഫോഡിൽ പഠിക്കുമ്പോൾ ചാറ്റോയ്ക്കും ആഗ്നസിനുമൊപ്പം ബർലിനിൽ താമസിക്കാൻ എത്തിയതായിരുന്നു.മിർസ ലണ്ടനിലേക്ക് മടങ്ങിയപ്പോൾ ,എമ്മ ഗോൾഡ്‌മാൻ,മാർഗരറ്റ് സാംഗർ എന്നിവരെ പരിചയപ്പെടുത്തുന്ന കത്തുകൾ എഴുതി.ജർമ്മനിക്ക് ഇടക്കിടെ വന്ന മിർസയും ആഗ്നസും വളരെ അടുപ്പത്തിലായി.1926 ൽ മിർസ ഒരു ഇസ്ലാമിക വിവാഹം നിർദേശിച്ചെങ്കിലും ആഗ്നസ് നിരസിച്ചു.1927 ലെ ക്രിസ്മസ് ഒന്നിച്ചായിരുന്നു .പിന്നെ പരസ്‌പരം കണ്ടില്ല .ഇന്ത്യയ്ക്ക് ഒന്നിച്ചു പോകാനുള്ള ശ്രമം ആഗ്നസിന് വിസ കിട്ടാത്തതിനാൽ നടന്നില്ല.മുംബൈയ്ക്ക് മടങ്ങിയ മിർസ ബംഗാളി വിപ്ലവകാരി ഡോ. പ്രഭാവതി ദാസ് ഗുപ്‌തയെ വിവാഹം ചെയ്‌ത്‌ ഹൈദരാബാദിലേക്ക് മാറി.കോൺഗ്രസിൽ ചേർന്ന മിർസ 1962 -71 ൽ വാറങ്കലിൽ നിന്നും സെക്കന്ദരാബാദിൽ നിന്നും രണ്ടു തവണ ലോക് സഭയിൽ എത്തി.മിർസയുമായി ആഗ്നസിന് കത്തിടപാട് ഉണ്ടായിരുന്നു.ചൈനയ്ക്ക് പോകാൻ ആഗ്നസ് തീരുമാനിച്ചപ്പോൾ മിർസ എഴുതി:
Go Agnes,go to Canton and you be happy.You have written a few pages in my life,in gold,and they will not be forgotten.Your love has been the richest of my experience.To have known you is to learn the dignity of human race and the pathos of the life of suffering.If I was sure that my companionship will help and not hinder your life,I would have persuaded you to act otherwise.But I am too sick in mind and weak for that.Mediocrity is staring me in the face.I need all the strength in me not to fall prey to it.( A Global History of Sexual Science 1880 -1960.Ed by Veronika Fuechtner ). 
ബക്കർ അലി മിർസ 
ചാറ്റോയിൽ നിന്ന് തികച്ചും വ്യത്യസ്തനും ദുർബലനുമായ ഒരാളെയാണ് ഇവിടെ കാണുന്നത്.മിർസയുടെ അനുജൻ മെഹ്ദി 1925 നവംബറിൽ ബർലിൻ സാങ്കേതിക സർവകലാശാലയിൽ മെക്കാനിക്കൽ എഞ്ചിനീറിംഗിന് ചേർന്നു.ജർമൻകാരിയെ വിവാഹം ചെയ്‌ത്‌ 1929 ൽ ഹൈദരാബാദിലേക്ക് മടങ്ങി.ബർലിൻ ദിനങ്ങളെപ്പറ്റി Welcome Each Rebuff എന്ന പുസ്തകം എഴുതി.
ആത്മകഥാപരമായ Daughter of Earth നോവൽ പൂർത്തിയാക്കിയ ശേഷം 1928 ലാണ് ആഗ്നസ്,ചാറ്റോയുമായി  പിരിഞ്ഞത്.Frankfurter Zeitung ലേഖികയായി ചൈനീസ് വിപ്ലവം റിപ്പോർട്ട് ചെയ്യാൻ അങ്ങോട്ട് പോയി.13 കൊല്ലം അവിടെ ജീവിച്ചു.മുപ്പതുകളിൽ ഷാങ്ഹായിൽ ജർമൻ പത്രപ്രവർത്തകനായ 
റഷ്യൻ ചാരൻ റിച്ചാർഡ് സോർജിനൊപ്പം കിടക്ക  പങ്കിട്ടു .ജപ്പാനിലെ അസാഹി ഷിംബുൺ ചൈനാ ലേഖകൻ ഒസാകി ഹോത് സുമിയുമായും ബന്ധമുണ്ടായിരുന്നു.റിച്ചാർഡിനെ ഹോത് സുമിക്ക് പരിചയപ്പെടുത്തിയത് ആഗ്നസാണ് . ടോക്യോയിൽ വലിയ ചാരനാകാൻ ആഗ്നസ് ഇങ്ങനെ അടിത്തറ പാകി .സോവിയറ്റ് യൂണിയനെ ആക്രമിക്കാനുള്ള ഹിറ്റ്ലറുടെ പദ്ധതി ചോർത്തിയത്,റിച്ചാർഡാണ്.അയാളെ ജപ്പാനിൽ പിടിച്ച് 1944 ൽ തൂക്കിക്കൊന്നു . ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് ആഗ്നസ് അപേക്ഷിച്ചെങ്കിലും അച്ചടക്കം ഇല്ലാത്തതിനാൽ ,തള്ളി. ചൈനയെപ്പറ്റി അവർ എഴുതിയ പുസ്തകങ്ങളിൽ Battle Hymns for China ( 1943 ) ഓർക്കപ്പെടുന്നു.താൻ ഈ പുസ്തകം വായിക്കുകയാണെന്ന് നെഹ്‌റു 1944 നവംബർ ഏഴിന് അഹമ്മദ് നഗർ ജയിലിൽ നിന്ന്  സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിന് എഴുതി .നെഹ്‌റു ഇങ്ങനെ കുറിച്ചു :ചൈനീസ് സംഭവങ്ങളുടെ ഹൃദയസ്പർശിയായ വിവരണം മാത്രമല്ല ,ധീരയായ ഒരു സ്ത്രീയുടെ ഒഡീസി കൂടിയാണ് .ആഗ്നസിന് നെഹ്‌റുവിനെ അറിയാമായിരുന്നു . അമേരിക്കൻ പത്രപ്രവർത്തകൻ എഡ്‌ഗാർ സ്നോ 1931 ൽ  ആഗ്നസ് എഴുതിയ കത്തുമായാണ് ,ഇന്ത്യയിൽ എത്തി നെഹ്‌റുവിനെ കണ്ടത് .മാവോ ഉൾപ്പെടെയുള്ള നേതാക്കൾ ആഗ്നസിൻറെ സുഹൃത്തുക്കളായി.ആഗ്നസിനെ ഇന്ത്യ ഓർക്കുന്നില്ലെങ്കിലും ചൈന സ്മരിക്കുന്നു.റിച്ചാർഡ് സോർജുമായുള്ള ബന്ധം എഫ് ബി ഐ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ആഗ്നസ് 1949 ൽ ഇംഗ്ലണ്ടിലേക്ക് കടന്നു .1950 ൽ ഓക്സ്ഫോഡിൽ  അവർ മരിച്ചു -അവരുടെ ചിതാഭസ്മം ബെയ്‌ജിങിന് പുറത്ത് വിപ്ലവകാരികളുടെ ശ്മശാനത്തിൽ അടക്കി.അവർ എ സി എൻ നമ്പ്യാരുടെയും അദ്ദേഹത്തിൻറെ ആദ്യ ഭാര്യ സുഹാസിനിയുടെയും സുഹൃത്തായിരുന്നു;അവരുടെ ജീവിത വിപര്യയങ്ങൾക്ക്  സാക്ഷിയുമായിരുന്നു.

See https://hamletram.blogspot.com/2019/07/blog-post_10.html

മനുഷ്യനിൽ നിന്ന് കുരങ്ങുണ്ടായി

നുഷ്യ തലച്ചോറിൻറെ ജീൻ ഉപയോഗിച്ച്‌ ജനിതക രൂപാന്തരം വരുത്തിയ കുരങ്ങിനെ ചൈനീസ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. മനുഷ്യ ബുദ്ധിയുടെ പരിണാമം അറിയാനുള്ള പരീക്ഷണത്തിൻറെ ഭാഗമാണ്.
എം ഐ ടി ടെക്‌നോളജി റിവ്യൂ വിലാണ്, ഈ വിവരം.
റീസസ് ആൾ കുരങ്ങിനെയാണ് സൃഷ്ടിച്ചത്. ജീൻ എഡിറ്റിംഗ് ആണ്, പ്രക്രിയ.
ട്രാൻസ് ജൻഡർ എന്ന പോലെ, ഈ കുരങ്ങ് ട്രാൻസ് ജനിക് കുരങ്ങ്.
നിറങ്ങളും ചിത്രങ്ങളും വച്ചുള്ള പരീക്ഷണങ്ങളിൽ, ജനിതക മാറ്റം വന്നവ,സാധാരണ കുരങ്ങുകളെക്കാൾ ഓർമ്മ പ്രകടമാക്കി. ഇവയുടെ തലച്ചോർ വികാസം ദീർഘിച്ചതായിരുന്നു. മനുഷ്യകുഞ്ഞു ങ്ങളുടെ തലച്ചോർ വികാസം പോലെ.
മനുഷ്യ ജ്ഞാനത്തിൻറെ പൂട്ടു തുറക്കാനുള്ള താക്കോൽ ആകാം, ഇത്. എന്നാൽ ഇങ്ങനെ കുരങ്ങിൽ ജനിതക മാറ്റം വരുത്തുന്നതിന്റെ നൈതികത പാശ്ചാത്യ ശാസ്ത്രജ്ഞർ ചോദ്യം ചെയ്യുന്നു.
“ഇത് സാഹസികമായ പാതയാണ്”, കൊളറാഡോ സർവകലാശാലാ ജനിതക ശാസ്ത്രജ്ഞൻ ജയിംസ് സികേല പറഞ്ഞു.
പ്രാചീന ആൾ കുരങ്ങാണ്, പരീക്ഷണം നടന്ന റീസസ് മക്കാക്. ഏത് വാസസ്ഥലത്തും പിടിച്ചു നിൽക്കും.
2018 മാർച്ചിൽ ഈ വർഗത്തിലെ ആൾ കുരങ്ങ് ഒഡിഷയിലെ തലബസ്ഥയിൽ വീട്ടിൽ കയറി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് അപൂർവ സംഭവമായിരുന്നു. കുഞ്ഞിൻറെ ജഡം കിണറ്റിൽ നിന്ന് കിട്ടി.

ആദ്യ തന്മാത്ര കണ്ടെത്തി 

പ്രപഞ്ചത്തിൽ ആദ്യമുണ്ടായ തന്മാത്ര,ഹീലിയം ഹൈഡ്രൈഡ് അയൺ  (ion) ബഹിരാകാശത്ത് കണ്ടെത്തി. അണു (atom) വിൽ ഇലക്ട്രോണുകൾ കൂടുകയോ കുറയുകയോ ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന വൈദ്യുത വാഹിയായ കണമാണ്, അയൺ.
മഹാവിസ്ഫോടനം (big bang) കഴിഞ്ഞ് ഒരു ലക്ഷം വർഷത്തിനു ശേഷം, ഊർജവാഹിയായ ഇത്തരം തന്മാത്രകൾ ഉണ്ടായി. ഒരു ഹീലിയം ആറ്റവും ഊർജവാഹിയായ ഹൈഡ്രജൻ ആറ്റവും അടങ്ങിയ തന്മാത്രയാണ്, ഇത്. അതിനു മുൻപ് പ്രപഞ്ചo മുഴുവൻ ഹൈഡ്രജനും ഹീലിയവും ആയിരുന്നു. ഇവ കൂട്ടിമുട്ടി ഹീലിയം ഹൈഡ്രൈഡ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളു.
പരീക്ഷണശാലയിൽ ഗവേഷകർ ഹീലിയം ഹൈഡ്രൈഡ് കണ്ടിട്ടുണ്ട്. എൻ ജി സി 7027 എന്ന താരാഗണത്തിൽ ഇപ്പോൾ ഇതു കാണുമ്പോൾ, അത് പുറം ലോകത്ത് ആദ്യമാണ്. പതിറ്റാണ്ടുകളായുള്ള അന്വേഷണത്തിൻറെ അന്ത്യമാണ് ഇത്. നേച്ചർ മാസികയുടെ പുതിയ ലക്കത്തിലാണ്,വിവരം.
ഈ താരാഗണം ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷങ്ങൾ അകലെ. 2016 മേയിൽ ബഹിരാകാശത്തെ Stratospheric Observatory for Infrared Astronomy യുടെ മൂന്ന് പറക്കലുകളിലാണ് ഈ താരാഗണം നിരീക്ഷിച്ചത്. സൂര്യനെപ്പോലെ ഒരു നക്ഷത്രം 600 വർഷം മുൻപ് തകർന്നുണ്ടായതാണ്, ഇത്. ഇതിലെ പ്രകാശവർഷത്തിലാണ്, ഹീലിയം ഹൈഡ്രൈഡ് – ൻറെ തരംഗ ദൈർഘ്യം അളന്നത്. ഇത് പഴയ പ്രപഞ്ച അവശിഷ്ടം അല്ല, ഇതിനകത്ത് ഉണ്ടായതാണ്. പുറംലോകത്ത് ഇവ കണ്ടതോടെ, പ്രപഞ്ച സൃഷ്ടി സിദ്ധാന്തം ശരി എന്നു വരുന്നു. “മനുഷ്യ പരിണാമത്തിൽ വിട്ടുപോയ കണ്ണിയായി ഒരു ഫോസിൽ  കണ്ടെത്തും പോലെയാണിത്”, ഇല്ലിനോയി സർവകലാശാലയിലെ ആഡം പെറി നിരീക്ഷിച്ചു.
തമോഗർത്തം ന്യൂട്രോൺ നക്ഷത്രത്തെ വിഴുങ്ങി 
ജ്യോതിശാസ്ത്രജ്ഞർ, തമോഗർത്തം ഒരു ന്യൂട്രോൺ നക്ഷത്രത്തെ ഏപ്രിൽ 26 ന് വിഴുങ്ങുന്നത് കണ്ടെന്ന് സൂചന. അടുത്തകാലത്താണ് തമോഗർത്തത്തിന്റെ ചിത്രം എടുത്തത്. മർമരം പോലൊരു ശബ്ദവും തുടർന്ന് വിഴുങ്ങിയതിൻറെ ഗുരുത്വാകർഷണ തരംഗങ്ങൾ പ്രപഞ്ചമാകെ വ്യാപിക്കുന്നതും ശ്രദ്ധിക്കപ്പെട്ടു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കൂ.


അമേരിക്കയിലെ രണ്ട് ലിഗോയും (Advanced Laser Interferometer
Gravitational Wave Observatory) ഇറ്റലിയിലെ വിർഗോയുമാണ് രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുന്നതിൻറെ തരംഗങ്ങൾ അറിഞ്ഞത്. ഇത് തമോഗർത്തം ഒന്നിനെ വിഴുങ്ങിയതിന്റേതാണ് എന്നാണ് നിഗമനം. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾക്ക് വെവ്വേറെ സംവിധാനങ്ങളിൽ നിലനിൽക്കാം എന്ന് ഇത് തെളിയിക്കും. ഇത്തരം നാടകീയ ലയനങ്ങളുടെ സ്വഭാവവും വ്യക്തമാകും. വിഴുങ്ങും മുൻപ് പിളർന്നോ അതോ ഒന്നുമില്ലാതെ അഗണ്യകോടിയിൽ ഇല്ലാതായോ എന്നൊക്കെ മനസ്സിലാകും.
നക്ഷത്രങ്ങളെ വിഴുങ്ങുന്ന, ഗുരുത്വാകര്ഷണത്തിന് വിധേയമല്ലാത്ത, കുടുക്കാണ് തമോഗർത്തം. അതിൽ നിന്ന് പദാർത്ഥത്തിനോ വെളിച്ചത്തിനോ രക്ഷപ്പെടാനാവില്ല.
“തിരക്കുള്ള കഫേയിൽ ഒരാൾ മന്ത്രിച്ച ഒരു വാക്ക് ശ്രദ്ധിക്കും പോലെയായിരുന്നു, അത്; വാക്കറിയില്ല, മന്ത്രിച്ചോ എന്നുറപ്പുമില്ല”, നടന്നതിനെപ്പറ്റി ലിഗോ വക്താവും വിസ്കോൺസിൻ സർവകലാശാലാ പ്രൊഫസറുമായ പാട്രിക് ബ്രാഡി പറഞ്ഞു. ഒരേമ്പക്കം മാത്രമായിരിക്കാനുള്ള സാധ്യത 14% മാത്രമാണ്. പ്രപഞ്ചവിഹായസ്സിൽ എവിടെ കൂട്ടിയിടിയുണ്ടായാലും ഈ രണ്ടിടത്തും അതറിയും. മുൻപ് രണ്ടു തമോഗർത്ത ലയനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 


ഏറ്റവും ചെറുതും സാന്ദ്രവുമാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ. 12 മൈൽ വീതി. ഒരു ടീ സ്‌പൂൺ ന്യൂട്രോൺ നക്ഷത്ര ദ്രവ്യത്തിന് 100 കോടി ടൺ ഭാരം. സ്റ്റീലിനേക്കാൾ 1000 കോടി ഇരട്ടി ശക്തിയുള്ള ന്യൂട്രോൺ മകുടമാണ് അവയ്ക്ക്. ഒരു സൂപ്പർനോവ സ്‌ഫോടനത്തിനു ശേഷമുള്ള ഭീമാകാര നക്ഷത്രാവശിഷ്ടങ്ങളാണ്, അവ. ഇതിലുംവലിയ നക്ഷത്രങ്ങളാണ് തമോഗർത്തങ്ങൾ ആകുന്നത്. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഗുരുത്വാകർഷണ തരംഗങ്ങൾ മാത്രമല്ല, പ്രകാശവും ഉണ്ടാകും. 120 കോടി പ്രകാശ വർഷങ്ങൾ അകലെയാണ് ഇക്കുറി കൂട്ടിയിടിയുണ്ടായത്. ഉണ്ടായ സ്ഥലം ആകാശത്തിൻറെ മൂന്നിലൊന്നുവരെ അളന്നിട്ടുണ്ട്. അത് തന്നെ വിശാലമാണ്. ആ നേരത്തുണ്ടായ പ്രകാശം അന്വേഷിക്കുകയാണ് ഗവേഷകർ.

ജീൻ മാറ്റി സൂക്ഷ്‌മ ജീവി ഉണ്ടായി 

ലോകത്തിൽ ആദ്യമായി ഡി എൻ എ കോഡ് മാറ്റിയ സൂക്ഷ്മ ജീവിയെ കേംബ്രിഡ്‌ജ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. ഇതിൻറെ ഡി എൻ എ കോഡ് സ്വാഭാവികമല്ല, മനുഷ്യ നിർമ്മിതം. പരീക്ഷണ ശാലയിൽ സൃഷ്ടിച്ചത് മണ്ണിലും മനുഷ്യൻറെ വയറ്റിലും കാണുന്ന ഇ കോളി ബാക്ടീരിയ ആണ്. ജൈവ ബന്ധുക്കളോട് സാമ്യമുള്ളതാണെങ്കിലും, ഇതിൻറെ ഡി എൻ എ ഘടന അവയുടേതല്ല. വളരെ ലഘുവായ ജനിതക നിർദേശങ്ങളിൽ ജീവിക്കുന്നവയാണ്. അങ്ങനെ സങ്കീർണതകൾ ഏതുമില്ലാത്ത ലളിതമായ ഡി എൻ എ ഘടനയിൽ ജീവന് നിലനിൽക്കാം എന്ന് പരീക്ഷണം തെളിയിച്ചു. മനുഷ്യന്  ജനിതക നിർദേശങ്ങൾ നൽകി മരുന്നുകളും ഉപയാഗപ്രദമായ വസ്തുക്കളും ഇവയിൽ ഉൽപാദിപ്പിക്കാൻ കഴിയും. വൈറസ് പ്രതിരോധം പോലെ പുതിയ സവിശേഷതകൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും.


രണ്ടു വർഷത്തെ പ്രയത്നത്തിനൊടുവിലാണ്, കേംബ്രിജ് സർവകലാശാല മോളികുലാർ ബയോളജി വിഭാഗം ഇ കോളി ഡി എൻ എ പുനർ രൂപകൽപന ചെയ്തത്. അത് കഴിഞ്ഞ് കൃത്രിമ കോശങ്ങൾ ഇവയ്ക്കുണ്ടാക്കി. 40 ലക്ഷം അടിസ്ഥാന ജോഡികളാണുള്ളത്. സാധാരണ എ 4 കടലാസ്സിൽ 970 പേജ് മാത്രമേ, G A T C എന്നീ അക്ഷരങ്ങളിൽ ഇത് വരൂ. മനുഷ്യ നിർമിതമായ വലിയ ജീനോം.
ഡി എൻ എ അക്ഷരങ്ങൾ മൂന്നായാണ് വരിക. TCG, TCA എന്നിങ്ങനെ.ഇതിന് കോഡോൺ എന്ന് പറയും. ജെല്ലി ഫിഷ് മുതൽ മനുഷ്യൻ വരെ എല്ലാ ജീവനിലും 64 കോഡോണുകളാണ്. ഒരേ ജോലിയാണ് ഭൂരിപക്ഷവും ചെയ്യുന്നത്. 61 കോഡോണുകൾ അമിനോ ആസിഡുകൾ ഉണ്ടാക്കുന്നു. ഇവ മുത്തുകൾ പോലെ കോർത്താൽ പ്രോട്ടീൻ ആയി. ഇതുണ്ടായാൽ അക്കാര്യം അറിയിക്കുകയാണ് മറ്റ് മൂന്നു കോഡോണുകളുടെ ജോലി. അക്ഷരങ്ങൾക്കിടയിലെ പൂർണ വിരാമം പോലെ. ഇതിൽ ആവശ്യമില്ലാത്ത കോഡോണുകൾ നീക്കുകയാണ് കേംബ്രിഡ്ജിൽ ചെയ്തത്. സെറിൻ എന്ന അമിനോ ആസിഡ് ഉണ്ടാക്കുന്ന TCG എല്ലാം AGC  എന്ന് മാറ്റി. ഇത് പോലെ രണ്ട് കോഡോണുകൾ കൂടി മാറ്റി. 18000 എഡിറ്റിങ് ഇങ്ങനെയുണ്ടായി. ഇങ്ങനെ രൂപകൽപന മാറ്റിയ ജീനോം ഒന്നൊന്നായി ഇ കോളിയിൽ ഘടിപ്പിച്ചു. ഇങ്ങനെയുണ്ടാക്കിയ ബാക്റ്റീരിയയെ സിൻ
61 എന്ന് വിളിക്കുന്നതായി നേച്ചർ മാസികയിലെ പ്രബന്ധം വെളിവാക്കുന്നു.

തമോഗർത്തത്തിന്റെ ചിത്രം കിട്ടി 

പ്രപഞ്ചത്തിൻറെ മായികതയിലേക്ക് വെളിച്ചം വീശി,ജ്യോതി ശാസ്ത്രജ്ഞർ തമോഗർത്തം അഥവാ ബ്ലാക് ഹോളിൻറെ ഫോട്ടോ പ്രസിദ്ധീകരിച്ചു. പ്രപഞ്ച സമസ്യകളെപ്പറ്റിയുള്ള നമ്മുടെ അറിവിൽ, ഇത് വിപ്ലവമാണ്. ധൂളിയുടെയും വാതകത്തിൻറെയും വലയമാണ്, ചിത്രത്തിൽ. ഭൂമിയിൽ നിന്ന് അഞ്ചരക്കോടി പ്രകാശ വർഷങ്ങൾ അകലെ, മെസ്സിയർ 87 ക്ഷീരപഥത്തിൻറെ ഹൃദയത്തിലുള്ള ഭീമാകാരമായ തമോഗര്ത്തമാണ്, ഇത്. നക്ഷത്രങ്ങളെ വിഴുങ്ങുന്ന, ഗുരുത്വാകര്ഷണത്തിന് വിധേയമല്ലാത്ത, കുടുക്കാണ് തമോഗർത്തം. അതിൽ നിന്ന് പദാർത്ഥത്തിനോ വെളിച്ചത്തിനോ രക്ഷപ്പെടാനാവില്ല. നമുക്ക് കിട്ടിയ ചിത്രം അതിൻറെ പുറംവലയമാണ്. ആദ്യമായി അതിൻറെ പൂമുഖത്ത് മനുഷ്യൻ ചെന്നു.

ഇതിനപ്പുറം മനുഷ്യന് അറിയാവുന്ന ഒന്നുമില്ല -ഇതിനപ്പുറം ഭൗതിക ശാസ്ത്ര നിയമങ്ങൾ വിലപ്പോവില്ല. ഇവൻറ് ഹൊറൈസൺ ടെലസ്കോപ് (ഇ എച്ച് ടി ) ആണ് ചിത്രം എടുത്തത്. അന്റാർട്ടിക്കയിൽ നിന്ന് സ്പെയിനിലേക്കും ചിലിയിലേക്കും പടരുന്ന എട്ട് ടെലസ്കോപ്പുകളുടെ ശൃംഖലയാണ്, ഇത്. 200 ശാസ്ത്രജ്ഞർ പങ്കെടുത്തു.
“കാണാൻ കഴിയില്ല എന്ന് വിചാരിച്ചത് കണ്ടു; പ്രപഞ്ചത്തിലെ ഏറ്റവും മായികമായ വസ്തു”,ഇ എച്ച് ടി ഡയറക്ടർ ഷെപ്പേർഡ് ഡോൾമാൻ പറഞ്ഞു.ചിത്രം കണ്ണ് നനയിച്ചുവെന്ന് യു എസ് നാഷനൽ ഫൗണ്ടേഷൻ ഡയറക്ടർ ഫ്രാൻസ് കൊർദോവ പ്രതികരിച്ചു. തമോഗർത്തങ്ങളെ പ്രവചിച്ചത് ആൽബർട്ട് ഐൻസ്റ്റീൻറെ ആപേക്ഷികത സിദ്ധാന്തമാണ്. അദ്ദേഹം സംശയാലുവായിരുന്നെങ്കിലും, ഇവയെപ്പറ്റി വിവരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. 2017 ലാണ് ഇ എച്ച് ടി ശ്രമം തുടങ്ങിയത്. സജിറ്റേറിയസ് എ എന്ന താരാപഥത്തിന്റെ കേന്ദ്രത്തിലെ തമോഗർത്തത്തിന്റെ ചിത്രം എടുക്കാൻ ശ്രമം തുടരുന്നു.

ഗ്വാട്ടിമാലയിൽ മായൻ നിധി

മായൻ സംസ്കാരകാലത്തെ നിധിശേഖരം ഗ്വാട്ടിമാലയിലെ ടിക്കൽ വനത്തിൽ ലേസർ ഭൂപട സഹായത്തോടെ ഗവേഷകർ കണ്ടെത്തി. രാജ്ഞിയുടെ ശരീരാവശിഷ്ടങ്ങൾ, ചോക്കലേറ്റ് കുടിക്കാനുള്ള അലങ്കാരപ്പാത്രം, ബലി നൽകിയ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം എന്നിവയാണ് കിട്ടിയത്. മൂടിക്കിടന്ന ഗുഹയിൽ കണ്ട ഒരു തലയോട്ടി സുഗന്ധത്തിരികൾ കത്തിച്ചു വയ്ക്കാൻ ഉപയോഗിച്ചിരുന്നതായി കരുതുന്നു. നഗരപ്രതിരോധം, പിരമിഡുകൾ എന്നിവയെപ്പറ്റി പുതിയ ഉൾക്കാഴ്ചകളും കിട്ടി – നാഷനൽ ജ്യോഗ്രഫിക് ഷോയിൽ ഇവ വരും. ആദ്യമായാണ് ഇവിടെ ചെല്ലുന്നത്.


ലിഡർ സാങ്കേതികവിദ്യ വഴി കണ്ടെത്തിയിരിക്കുന്നത് ഒരു നാഗരികതയെ തന്നെയാണ് 60000 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ. പിരമിഡുകൾ, വൻ നഗരങ്ങൾ.വനാന്തരങ്ങളിൽ. ഹോൽമുൽ എന്ന പ്രാചീന നഗരമാണ് കണ്ടെത്തിയിരിക്കുന്നത്. കൊട്ടാരത്തിലെ സിംഹാസന മുറി എന്ന് കരുതുന്ന ഇടത്തെ നിലം ഖനനം ചെയ്തപ്പോൾ രാജാവും രാജ്ഞിയും എന്ന് കരുതാവുന്ന രണ്ടാളുടെ അവശിഷ്ടങ്ങൾ കിട്ടി. ഈ ഭാഗം അധീനതയിലാക്കിയിരുന്ന അടുത്ത മേഖലയിലെ രാജാവിൻറെ പേരു കൊത്തിയ ഒരു പാത്രം കിട്ടിയതിനാൽ ഇവർ ഭരണാധികാരികൾ ആയിരുന്നിരിക്കും എന്ന് അനുമാനിക്കുന്നു. ഈ പാത്രം ചടങ്ങുകളിൽ ഉപചാരമായി ചോക്ളേറ്റ് കുടിക്കാനുള്ളതാണ്. സഖ്യത്തിലുള്ളവരെ സൽക്കരിച്ച് അവർക്ക് പാത്രം സമ്മാനിക്കുകയായിരുന്നു.അതുകൊണ്ട് പാത്രത്തിൽ പേരുള്ളയാൾ ഈ അവശിഷ്ട രാജാവല്ല. എ ഡി 554 – 558 ലാണ് ഈ ശവം അടക്കം ചെയ്തതെന്ന് കാർബൺ പരിശോധന തെളിയിച്ചു. ഈ രാജാവിൻറെ പേര് കൊത്തിയ രണ്ടാമത്തെ പാത്രമാണ് കിട്ടിയത്.


വടക്കൻ ഗ്വാട്ടിമാലയിൽ വിറ്റ്‌സ്‌ന നഗരത്തിന് പുറത്ത് ഇതുവരെ അറിയാതിരുന്ന പിരമിഡുകളും കണ്ടെത്തി. കത്തിപ്പോയ സ്മാരകമാണ് ഇത്.നഗരത്തിൽ ആക്രമണം നടന്നതിന്റെ തെളിവ്. കുന്നിനു മുകളിൽ പിരമിഡ് അസാധാരണമാണ്. ഇതിനു മുന്നിലെ കിണറ്റിലാണ് ബലിക്ക് വിധേയനായ കുട്ടിയുടെ തലയോട്ടിയുടെ ഭാഗം  കണ്ടത്. തലയോട്ടിയുടെ മുകൾ ഭാഗവും ചില പല്ലുകളും. “മായന്മാർ രക്തദാഹികൾ അല്ലെങ്കിലും കുട്ടികളെ ബലി കൊടുത്തിരുന്നു:, പുരാവസ്തു ഗവേഷകൻ ഫ്രാൻസിസ്‌കോ എസ്ട്രാഡ ബെല്ലി പറഞ്ഞു.
ക്രിസ്തുവിനു മുൻപ് ആയിരത്തിൽ വികസിക്കാൻ തുടങ്ങിയ മായൻ നാഗരികതയുടെ ഉച്ചഘട്ടം എ ഡി 300 – 900 ൽ ആയിരുന്നു.തെക്കുകിഴക്കൻ മെക്സിക്കോ മുതൽ ഗ്വാട്ടിമാല, ബെലീസ്, ഹോണ്ടുറാസ്, എൽ സാൽവദോർ എന്നീ മധ്യ അമേരിക്കൻ നഗരങ്ങളിൽ വ്യാപിച്ചുകിടന്ന സംസ്കാരമായിരുന്നു ഇത്.

ഒരു പ്രാചീന കല്ലറ ഇംഗ്ലണ്ടിൽ 

ജിപ്തിലെ തുത്തൻകാമുൻ ഫറവോ കല്ലറ പോലെ പ്രാചീനമായ കലാനിധികൾ നിറഞ്ഞ കല്ലറ എസക്സിലെ പ്രിറ്റ്‌ൽ വെല്ലിൽ കണ്ടെത്തി. അൽദിക്കടുത്ത് തിരക്കുള്ള റോഡിൻറെ ഓരത്താണ് ഒരു ആംഗ്ലോ സാക്സൺ പ്രഭുവിൻറെ കല്ലറ കാലഹരണപ്പെടാതെ കണ്ടത്. 2003 ൽ കണ്ടത് മുതൽ നടന്ന ഗവേഷണ ഫലങ്ങൾ ഇപ്പോൾ വെളിവാക്കുമ്പോൾ ഒരു വിസ്മയ കാലമാണ് വിടരുന്നത്. 40 ഗവേഷകരാണ് പദ്ധതിയിൽ പങ്കെടുത്തത്.ഇത് തുത്തൻകാമുൻ പോലെ തന്നെയെന്ന് മ്യൂസിയം ഓഫ് ലണ്ടൻ ആർക്കിയോളജി ഗവേഷണ ഡയറക്ടർ സോഫി ജാക്സൺ പറഞ്ഞു.

എസ്സെക്സ് സാംസ്‌കാരിക കേന്ദ്രമായിരുന്നുവെന്ന് കല്ലറയിലെ കലാ വസ്തുക്കൾ വെളിവാക്കുന്നു. ഇത് ഈസ്റ്റ് സാക്സൺ രാജാവ് സ്ലെഡിന്റെ മകൻ സെബെർട്ടിന്റെ കല്ലറയാണെന്നായിരുന്നു ആദ്യ നിഗമനം. അദ്ദേഹം 616 ൽ മരിച്ചു. കാർബൺ ഡേറ്റിങ് ഇപ്പോൾ തെളിയിക്കുന്നത് ശവമടക്ക് നടന്നത് 580 നടുത്താണെന്നാണ്. എങ്കിൽ ഇത് സെബെർട്ടിന്റെ ഇളയ സഹോദരൻ സെക്‌സയുടേതാകാം. ശരീരം ജീർണിച്ചു. പല്ലിൻറെ ഇനാമലുണ്ട്. സ്വർണ ഫോയിൽ കുരിശുകൾ കിട്ടി. മരിച്ചയാൾ ക്രിസ്ത്യാനിയാണെന്ന വിവരവും അമ്പരപ്പിക്കുന്നു.ഇംഗ്ലണ്ട് ക്രിസ്തുമതം സ്വീകരിച്ചതിനു മുൻപുള്ള കാലമാണ് ഇത്.അഗസ്റ്റിൻ വിഗ്രഹാരാധകരെ മതം മാറ്റാൻ എത്തും മുൻപാണ്. സെക്സയുടെ ‘അമ്മ രികുല കെന്റിലെ ഏതൽബെർട്ടിന്റെ സഹോദരിയായിരുന്നു എന്നതിൽ സൂചനയുണ്ട് – ഏതൽബെർട്ട് ബെർത എന്ന ഫ്രാങ്കിഷ്‌ ക്രിസ്ത്യൻ രാജകുമാരിയെയാണ് വിവാഹം ചെയ്തിരുന്നത്.

35 മമ്മികൾ കിട്ടി 

ജിപ്‌തിലെ തെക്കൻ നഗരമായ അസ്വാനിൽ ഇറ്റലിയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള പുരാവസ്‌തു ശാസ്ത്രജ്ഞർ 35 മമ്മികൾ കണ്ടെത്തി. ഗ്രെക്കോ – റോമൻ കാലത്തെ ബി സി 332 – എ ഡി 395 ലെ കല്ലറയാണ് കണ്ടത്. 


പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും മമ്മികളുണ്ട്. നാലു മമ്മികളുള്ള ചെറിയ അറയാണ് ആദ്യം കണ്ടത്. അത് കഴിഞ്ഞ് 31 പേരുടെ അറയിൽ അടക്കത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കളും ഉണ്ടായിരുന്നു തൈല പാത്രങ്ങളും പനമരവും തുണിയും കൊണ്ടുള്ള ശവവാഹകവും ഉണ്ടായിരുന്നു.
ഒരറയുടെ മൂലയിലായിരുന്നു കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങൾ. ഒരമ്മയുടെയും കുഞ്ഞിൻറെയും ഒഴിച്ചുള്ളവ ജീർണിച്ചിരുന്നു. ശവപേടകാവശിഷ്ടങ്ങളിൽ ശ്മശാന ഉടമയുടെ പേർ ചിത്രാക്ഷരങ്ങളിൽ കൊത്തിയിരുന്നു: ടി ജിറ്റ്. അലങ്കരിച്ച മുഖം മൂടികൾ, പ്രതിമകൾ, പാപ്പിറസ് ശവകവചം എന്നിവ കിട്ടി. ആഗാ ഖാൻ സ്മാരകത്തിനടുത്ത് ഈജിപ്ത് പുരാവസ്‌തുമന്ത്രാലയവും മിലൻ സർവകലാശാലയും സംയുക്തമായിട്ടായിരുന്നു, ഖനനം.

സ്വർണ ശവപ്പെട്ടി തിരിച്ചു നൽകും 

ഴിഞ്ഞ കൊല്ലം ന്യൂയോർക് മെട്രോപൊളിറ്റൻ ആർട് 
മ്യൂസിയത്തിലെത്തി,ആഘോഷ വസ്തുവായ ഈജിപ്തിലെ സ്വർണ ശവപേടകം മോഷണ മുതലാണെന്നു കണ്ടെത്തി. 29 കോടി രൂപ നൽകിയ ഈ പുരാവസ്തു ഈജിപ്തിന് തിരിച്ചു നൽകും.
ബി സി ഒന്നാം നൂറ്റാണ്ടിലെ ഈ പേടകം, ഹെറാക്ലെയോപോളിസിലെ ആട്ടിൻ തലയുള്ള ദൈവം ഹെറിഷെഫിൻറെ പൂജാരി നെഡ്‌ജെമൻഖിന് വേണ്ടിയുള്ളതായിരുന്നു.

2011 ൽ ഈജിപ്തിൽ നിന്ന് ഇത് മോഷണം പോയതിൻറെ തെളിവ്, മൻഹാട്ടൻ അറ്റോർണി ഓഫിസ് കൈമാറി. 2017 ൽ പാരിസിലെ ഇടനിലക്കാരനിൽ നിന്നു വാങ്ങുമ്പോൾ, വർഷങ്ങൾക്കു മുൻപ് കയറ്റി അയച്ച വ്യാജ രേഖ നൽകിയിരുന്നു
പത്തു കൊല്ലം മുൻപ് ഇതേ മ്യൂസിയം, 2500 വർഷം പഴക്കമുള്ള പൂപ്പാത്രം ഇറ്റലിക്കു മടക്കിയിരുന്നു. 2017ൽ 2300 വർഷം പഴക്കമുള്ള മറ്റൊരു പൂപ്പാത്രം ഇവിടന്നു പിടിച്ചിരുന്നു.

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...