Friday 12 July 2019

മനുഷ്യനിൽ നിന്ന് കുരങ്ങുണ്ടായി

നുഷ്യ തലച്ചോറിൻറെ ജീൻ ഉപയോഗിച്ച്‌ ജനിതക രൂപാന്തരം വരുത്തിയ കുരങ്ങിനെ ചൈനീസ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. മനുഷ്യ ബുദ്ധിയുടെ പരിണാമം അറിയാനുള്ള പരീക്ഷണത്തിൻറെ ഭാഗമാണ്.
എം ഐ ടി ടെക്‌നോളജി റിവ്യൂ വിലാണ്, ഈ വിവരം.
റീസസ് ആൾ കുരങ്ങിനെയാണ് സൃഷ്ടിച്ചത്. ജീൻ എഡിറ്റിംഗ് ആണ്, പ്രക്രിയ.
ട്രാൻസ് ജൻഡർ എന്ന പോലെ, ഈ കുരങ്ങ് ട്രാൻസ് ജനിക് കുരങ്ങ്.
നിറങ്ങളും ചിത്രങ്ങളും വച്ചുള്ള പരീക്ഷണങ്ങളിൽ, ജനിതക മാറ്റം വന്നവ,സാധാരണ കുരങ്ങുകളെക്കാൾ ഓർമ്മ പ്രകടമാക്കി. ഇവയുടെ തലച്ചോർ വികാസം ദീർഘിച്ചതായിരുന്നു. മനുഷ്യകുഞ്ഞു ങ്ങളുടെ തലച്ചോർ വികാസം പോലെ.
മനുഷ്യ ജ്ഞാനത്തിൻറെ പൂട്ടു തുറക്കാനുള്ള താക്കോൽ ആകാം, ഇത്. എന്നാൽ ഇങ്ങനെ കുരങ്ങിൽ ജനിതക മാറ്റം വരുത്തുന്നതിന്റെ നൈതികത പാശ്ചാത്യ ശാസ്ത്രജ്ഞർ ചോദ്യം ചെയ്യുന്നു.
“ഇത് സാഹസികമായ പാതയാണ്”, കൊളറാഡോ സർവകലാശാലാ ജനിതക ശാസ്ത്രജ്ഞൻ ജയിംസ് സികേല പറഞ്ഞു.
പ്രാചീന ആൾ കുരങ്ങാണ്, പരീക്ഷണം നടന്ന റീസസ് മക്കാക്. ഏത് വാസസ്ഥലത്തും പിടിച്ചു നിൽക്കും.
2018 മാർച്ചിൽ ഈ വർഗത്തിലെ ആൾ കുരങ്ങ് ഒഡിഷയിലെ തലബസ്ഥയിൽ വീട്ടിൽ കയറി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത് അപൂർവ സംഭവമായിരുന്നു. കുഞ്ഞിൻറെ ജഡം കിണറ്റിൽ നിന്ന് കിട്ടി.

ആദ്യ തന്മാത്ര കണ്ടെത്തി 

പ്രപഞ്ചത്തിൽ ആദ്യമുണ്ടായ തന്മാത്ര,ഹീലിയം ഹൈഡ്രൈഡ് അയൺ  (ion) ബഹിരാകാശത്ത് കണ്ടെത്തി. അണു (atom) വിൽ ഇലക്ട്രോണുകൾ കൂടുകയോ കുറയുകയോ ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന വൈദ്യുത വാഹിയായ കണമാണ്, അയൺ.
മഹാവിസ്ഫോടനം (big bang) കഴിഞ്ഞ് ഒരു ലക്ഷം വർഷത്തിനു ശേഷം, ഊർജവാഹിയായ ഇത്തരം തന്മാത്രകൾ ഉണ്ടായി. ഒരു ഹീലിയം ആറ്റവും ഊർജവാഹിയായ ഹൈഡ്രജൻ ആറ്റവും അടങ്ങിയ തന്മാത്രയാണ്, ഇത്. അതിനു മുൻപ് പ്രപഞ്ചo മുഴുവൻ ഹൈഡ്രജനും ഹീലിയവും ആയിരുന്നു. ഇവ കൂട്ടിമുട്ടി ഹീലിയം ഹൈഡ്രൈഡ് മാത്രമേ ഉണ്ടാകുമായിരുന്നുള്ളു.
പരീക്ഷണശാലയിൽ ഗവേഷകർ ഹീലിയം ഹൈഡ്രൈഡ് കണ്ടിട്ടുണ്ട്. എൻ ജി സി 7027 എന്ന താരാഗണത്തിൽ ഇപ്പോൾ ഇതു കാണുമ്പോൾ, അത് പുറം ലോകത്ത് ആദ്യമാണ്. പതിറ്റാണ്ടുകളായുള്ള അന്വേഷണത്തിൻറെ അന്ത്യമാണ് ഇത്. നേച്ചർ മാസികയുടെ പുതിയ ലക്കത്തിലാണ്,വിവരം.
ഈ താരാഗണം ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷങ്ങൾ അകലെ. 2016 മേയിൽ ബഹിരാകാശത്തെ Stratospheric Observatory for Infrared Astronomy യുടെ മൂന്ന് പറക്കലുകളിലാണ് ഈ താരാഗണം നിരീക്ഷിച്ചത്. സൂര്യനെപ്പോലെ ഒരു നക്ഷത്രം 600 വർഷം മുൻപ് തകർന്നുണ്ടായതാണ്, ഇത്. ഇതിലെ പ്രകാശവർഷത്തിലാണ്, ഹീലിയം ഹൈഡ്രൈഡ് – ൻറെ തരംഗ ദൈർഘ്യം അളന്നത്. ഇത് പഴയ പ്രപഞ്ച അവശിഷ്ടം അല്ല, ഇതിനകത്ത് ഉണ്ടായതാണ്. പുറംലോകത്ത് ഇവ കണ്ടതോടെ, പ്രപഞ്ച സൃഷ്ടി സിദ്ധാന്തം ശരി എന്നു വരുന്നു. “മനുഷ്യ പരിണാമത്തിൽ വിട്ടുപോയ കണ്ണിയായി ഒരു ഫോസിൽ  കണ്ടെത്തും പോലെയാണിത്”, ഇല്ലിനോയി സർവകലാശാലയിലെ ആഡം പെറി നിരീക്ഷിച്ചു.
തമോഗർത്തം ന്യൂട്രോൺ നക്ഷത്രത്തെ വിഴുങ്ങി 
ജ്യോതിശാസ്ത്രജ്ഞർ, തമോഗർത്തം ഒരു ന്യൂട്രോൺ നക്ഷത്രത്തെ ഏപ്രിൽ 26 ന് വിഴുങ്ങുന്നത് കണ്ടെന്ന് സൂചന. അടുത്തകാലത്താണ് തമോഗർത്തത്തിന്റെ ചിത്രം എടുത്തത്. മർമരം പോലൊരു ശബ്ദവും തുടർന്ന് വിഴുങ്ങിയതിൻറെ ഗുരുത്വാകർഷണ തരംഗങ്ങൾ പ്രപഞ്ചമാകെ വ്യാപിക്കുന്നതും ശ്രദ്ധിക്കപ്പെട്ടു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കൂ.


അമേരിക്കയിലെ രണ്ട് ലിഗോയും (Advanced Laser Interferometer
Gravitational Wave Observatory) ഇറ്റലിയിലെ വിർഗോയുമാണ് രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുന്നതിൻറെ തരംഗങ്ങൾ അറിഞ്ഞത്. ഇത് തമോഗർത്തം ഒന്നിനെ വിഴുങ്ങിയതിന്റേതാണ് എന്നാണ് നിഗമനം. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾക്ക് വെവ്വേറെ സംവിധാനങ്ങളിൽ നിലനിൽക്കാം എന്ന് ഇത് തെളിയിക്കും. ഇത്തരം നാടകീയ ലയനങ്ങളുടെ സ്വഭാവവും വ്യക്തമാകും. വിഴുങ്ങും മുൻപ് പിളർന്നോ അതോ ഒന്നുമില്ലാതെ അഗണ്യകോടിയിൽ ഇല്ലാതായോ എന്നൊക്കെ മനസ്സിലാകും.
നക്ഷത്രങ്ങളെ വിഴുങ്ങുന്ന, ഗുരുത്വാകര്ഷണത്തിന് വിധേയമല്ലാത്ത, കുടുക്കാണ് തമോഗർത്തം. അതിൽ നിന്ന് പദാർത്ഥത്തിനോ വെളിച്ചത്തിനോ രക്ഷപ്പെടാനാവില്ല.
“തിരക്കുള്ള കഫേയിൽ ഒരാൾ മന്ത്രിച്ച ഒരു വാക്ക് ശ്രദ്ധിക്കും പോലെയായിരുന്നു, അത്; വാക്കറിയില്ല, മന്ത്രിച്ചോ എന്നുറപ്പുമില്ല”, നടന്നതിനെപ്പറ്റി ലിഗോ വക്താവും വിസ്കോൺസിൻ സർവകലാശാലാ പ്രൊഫസറുമായ പാട്രിക് ബ്രാഡി പറഞ്ഞു. ഒരേമ്പക്കം മാത്രമായിരിക്കാനുള്ള സാധ്യത 14% മാത്രമാണ്. പ്രപഞ്ചവിഹായസ്സിൽ എവിടെ കൂട്ടിയിടിയുണ്ടായാലും ഈ രണ്ടിടത്തും അതറിയും. മുൻപ് രണ്ടു തമോഗർത്ത ലയനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 


ഏറ്റവും ചെറുതും സാന്ദ്രവുമാണ് ന്യൂട്രോൺ നക്ഷത്രങ്ങൾ. 12 മൈൽ വീതി. ഒരു ടീ സ്‌പൂൺ ന്യൂട്രോൺ നക്ഷത്ര ദ്രവ്യത്തിന് 100 കോടി ടൺ ഭാരം. സ്റ്റീലിനേക്കാൾ 1000 കോടി ഇരട്ടി ശക്തിയുള്ള ന്യൂട്രോൺ മകുടമാണ് അവയ്ക്ക്. ഒരു സൂപ്പർനോവ സ്‌ഫോടനത്തിനു ശേഷമുള്ള ഭീമാകാര നക്ഷത്രാവശിഷ്ടങ്ങളാണ്, അവ. ഇതിലുംവലിയ നക്ഷത്രങ്ങളാണ് തമോഗർത്തങ്ങൾ ആകുന്നത്. രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഗുരുത്വാകർഷണ തരംഗങ്ങൾ മാത്രമല്ല, പ്രകാശവും ഉണ്ടാകും. 120 കോടി പ്രകാശ വർഷങ്ങൾ അകലെയാണ് ഇക്കുറി കൂട്ടിയിടിയുണ്ടായത്. ഉണ്ടായ സ്ഥലം ആകാശത്തിൻറെ മൂന്നിലൊന്നുവരെ അളന്നിട്ടുണ്ട്. അത് തന്നെ വിശാലമാണ്. ആ നേരത്തുണ്ടായ പ്രകാശം അന്വേഷിക്കുകയാണ് ഗവേഷകർ.

ജീൻ മാറ്റി സൂക്ഷ്‌മ ജീവി ഉണ്ടായി 

ലോകത്തിൽ ആദ്യമായി ഡി എൻ എ കോഡ് മാറ്റിയ സൂക്ഷ്മ ജീവിയെ കേംബ്രിഡ്‌ജ് ശാസ്ത്രജ്ഞർ സൃഷ്ടിച്ചു. ഇതിൻറെ ഡി എൻ എ കോഡ് സ്വാഭാവികമല്ല, മനുഷ്യ നിർമ്മിതം. പരീക്ഷണ ശാലയിൽ സൃഷ്ടിച്ചത് മണ്ണിലും മനുഷ്യൻറെ വയറ്റിലും കാണുന്ന ഇ കോളി ബാക്ടീരിയ ആണ്. ജൈവ ബന്ധുക്കളോട് സാമ്യമുള്ളതാണെങ്കിലും, ഇതിൻറെ ഡി എൻ എ ഘടന അവയുടേതല്ല. വളരെ ലഘുവായ ജനിതക നിർദേശങ്ങളിൽ ജീവിക്കുന്നവയാണ്. അങ്ങനെ സങ്കീർണതകൾ ഏതുമില്ലാത്ത ലളിതമായ ഡി എൻ എ ഘടനയിൽ ജീവന് നിലനിൽക്കാം എന്ന് പരീക്ഷണം തെളിയിച്ചു. മനുഷ്യന്  ജനിതക നിർദേശങ്ങൾ നൽകി മരുന്നുകളും ഉപയാഗപ്രദമായ വസ്തുക്കളും ഇവയിൽ ഉൽപാദിപ്പിക്കാൻ കഴിയും. വൈറസ് പ്രതിരോധം പോലെ പുതിയ സവിശേഷതകൾ ഇതിൽ കൂട്ടിച്ചേർക്കാൻ കഴിയും.


രണ്ടു വർഷത്തെ പ്രയത്നത്തിനൊടുവിലാണ്, കേംബ്രിജ് സർവകലാശാല മോളികുലാർ ബയോളജി വിഭാഗം ഇ കോളി ഡി എൻ എ പുനർ രൂപകൽപന ചെയ്തത്. അത് കഴിഞ്ഞ് കൃത്രിമ കോശങ്ങൾ ഇവയ്ക്കുണ്ടാക്കി. 40 ലക്ഷം അടിസ്ഥാന ജോഡികളാണുള്ളത്. സാധാരണ എ 4 കടലാസ്സിൽ 970 പേജ് മാത്രമേ, G A T C എന്നീ അക്ഷരങ്ങളിൽ ഇത് വരൂ. മനുഷ്യ നിർമിതമായ വലിയ ജീനോം.
ഡി എൻ എ അക്ഷരങ്ങൾ മൂന്നായാണ് വരിക. TCG, TCA എന്നിങ്ങനെ.ഇതിന് കോഡോൺ എന്ന് പറയും. ജെല്ലി ഫിഷ് മുതൽ മനുഷ്യൻ വരെ എല്ലാ ജീവനിലും 64 കോഡോണുകളാണ്. ഒരേ ജോലിയാണ് ഭൂരിപക്ഷവും ചെയ്യുന്നത്. 61 കോഡോണുകൾ അമിനോ ആസിഡുകൾ ഉണ്ടാക്കുന്നു. ഇവ മുത്തുകൾ പോലെ കോർത്താൽ പ്രോട്ടീൻ ആയി. ഇതുണ്ടായാൽ അക്കാര്യം അറിയിക്കുകയാണ് മറ്റ് മൂന്നു കോഡോണുകളുടെ ജോലി. അക്ഷരങ്ങൾക്കിടയിലെ പൂർണ വിരാമം പോലെ. ഇതിൽ ആവശ്യമില്ലാത്ത കോഡോണുകൾ നീക്കുകയാണ് കേംബ്രിഡ്ജിൽ ചെയ്തത്. സെറിൻ എന്ന അമിനോ ആസിഡ് ഉണ്ടാക്കുന്ന TCG എല്ലാം AGC  എന്ന് മാറ്റി. ഇത് പോലെ രണ്ട് കോഡോണുകൾ കൂടി മാറ്റി. 18000 എഡിറ്റിങ് ഇങ്ങനെയുണ്ടായി. ഇങ്ങനെ രൂപകൽപന മാറ്റിയ ജീനോം ഒന്നൊന്നായി ഇ കോളിയിൽ ഘടിപ്പിച്ചു. ഇങ്ങനെയുണ്ടാക്കിയ ബാക്റ്റീരിയയെ സിൻ
61 എന്ന് വിളിക്കുന്നതായി നേച്ചർ മാസികയിലെ പ്രബന്ധം വെളിവാക്കുന്നു.

തമോഗർത്തത്തിന്റെ ചിത്രം കിട്ടി 

പ്രപഞ്ചത്തിൻറെ മായികതയിലേക്ക് വെളിച്ചം വീശി,ജ്യോതി ശാസ്ത്രജ്ഞർ തമോഗർത്തം അഥവാ ബ്ലാക് ഹോളിൻറെ ഫോട്ടോ പ്രസിദ്ധീകരിച്ചു. പ്രപഞ്ച സമസ്യകളെപ്പറ്റിയുള്ള നമ്മുടെ അറിവിൽ, ഇത് വിപ്ലവമാണ്. ധൂളിയുടെയും വാതകത്തിൻറെയും വലയമാണ്, ചിത്രത്തിൽ. ഭൂമിയിൽ നിന്ന് അഞ്ചരക്കോടി പ്രകാശ വർഷങ്ങൾ അകലെ, മെസ്സിയർ 87 ക്ഷീരപഥത്തിൻറെ ഹൃദയത്തിലുള്ള ഭീമാകാരമായ തമോഗര്ത്തമാണ്, ഇത്. നക്ഷത്രങ്ങളെ വിഴുങ്ങുന്ന, ഗുരുത്വാകര്ഷണത്തിന് വിധേയമല്ലാത്ത, കുടുക്കാണ് തമോഗർത്തം. അതിൽ നിന്ന് പദാർത്ഥത്തിനോ വെളിച്ചത്തിനോ രക്ഷപ്പെടാനാവില്ല. നമുക്ക് കിട്ടിയ ചിത്രം അതിൻറെ പുറംവലയമാണ്. ആദ്യമായി അതിൻറെ പൂമുഖത്ത് മനുഷ്യൻ ചെന്നു.

ഇതിനപ്പുറം മനുഷ്യന് അറിയാവുന്ന ഒന്നുമില്ല -ഇതിനപ്പുറം ഭൗതിക ശാസ്ത്ര നിയമങ്ങൾ വിലപ്പോവില്ല. ഇവൻറ് ഹൊറൈസൺ ടെലസ്കോപ് (ഇ എച്ച് ടി ) ആണ് ചിത്രം എടുത്തത്. അന്റാർട്ടിക്കയിൽ നിന്ന് സ്പെയിനിലേക്കും ചിലിയിലേക്കും പടരുന്ന എട്ട് ടെലസ്കോപ്പുകളുടെ ശൃംഖലയാണ്, ഇത്. 200 ശാസ്ത്രജ്ഞർ പങ്കെടുത്തു.
“കാണാൻ കഴിയില്ല എന്ന് വിചാരിച്ചത് കണ്ടു; പ്രപഞ്ചത്തിലെ ഏറ്റവും മായികമായ വസ്തു”,ഇ എച്ച് ടി ഡയറക്ടർ ഷെപ്പേർഡ് ഡോൾമാൻ പറഞ്ഞു.ചിത്രം കണ്ണ് നനയിച്ചുവെന്ന് യു എസ് നാഷനൽ ഫൗണ്ടേഷൻ ഡയറക്ടർ ഫ്രാൻസ് കൊർദോവ പ്രതികരിച്ചു. തമോഗർത്തങ്ങളെ പ്രവചിച്ചത് ആൽബർട്ട് ഐൻസ്റ്റീൻറെ ആപേക്ഷികത സിദ്ധാന്തമാണ്. അദ്ദേഹം സംശയാലുവായിരുന്നെങ്കിലും, ഇവയെപ്പറ്റി വിവരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. 2017 ലാണ് ഇ എച്ച് ടി ശ്രമം തുടങ്ങിയത്. സജിറ്റേറിയസ് എ എന്ന താരാപഥത്തിന്റെ കേന്ദ്രത്തിലെ തമോഗർത്തത്തിന്റെ ചിത്രം എടുക്കാൻ ശ്രമം തുടരുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...