അന്ധനായ മാർക്‌സ് 9
ഹെഗലിൻറെ വിചാരം പകർത്തി,ദൈവത്തെ വിച്ഛേദിച്ച സ്ഥലത്ത് മാർക്‌സ് പണത്തെ പ്രതിഷ്ഠിച്ചു.പണം,അദ്ദേഹത്തിൻറെ ജൂത പാരമ്പര്യത്തിൽ പ്രധാനമായിരുന്നു.ക്രിസ്‌തുമതം ഗ്രീക്ക് നിസ്സംഗതാ വാദ ( Stoicism ) സൃഷ്ടിയാണെന്നാണ് ബ്രൂണോ ബോയർ,മാർക്‌സിന്റെ സുഹൃത്ത് വാദിച്ചത്.
റീനിഷ് ന്യൂസ് ( Rheinische Zeitung) എഡിറ്ററായിരിക്കെ മാർക്‌സ്,ഹെഗലിൽ നിന്ന് പ്രായോഗിക വിഷയങ്ങളിലേക്ക് ഇറങ്ങിയിരുന്നു.പത്രമാരണം,വിവാഹ മോചനം,വനത്തിൽ നിന്ന് പാഴ്ത്തടി ശേഖരണ നിരോധനം,മുന്തിരി കർഷക സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ.പത്രം പൂട്ടിയ ശേഷം,ഫോയർബാക്കിനെയും ഹെഗലിനെയും കൂട്ടിക്കുഴച്ച് രൂപാന്തരത്തിന് ശ്രമിച്ചു.അർനോൾഡ് റൂജുമായി ചേർന്ന് മാർക്‌സ്,'ജർമൻ -ഫ്രഞ്ച് ചരിതം'( German -French Annals ) മാസിക ഇറക്കി.മനുഷ്യൻറെ ആന്തരിക ബോധത്തിൽ നിന്ന് അവൻറെ ഭൗതിക,സാമ്പത്തിക അവസ്ഥകളിലേക്ക് മാർക്‌സ് ശ്രദ്ധ തിരിക്കുന്നതിൻറെ ലക്ഷണം,ഇതിൽ 1843 ൽ എഴുതിയ 'ജൂത പ്രശ്നത്തെപ്പറ്റി' (On the Jewish Question) എന്ന പ്രബന്ധത്തിൽ കണ്ടു.ജൂതന്മാരുടെ പൗര,രാഷ്ട്രീയ സ്വാതന്ത്ര്യത്തെപ്പറ്റി ബ്രൂണോ ബോയർ എഴുതിയ രണ്ടു ലേഖനങ്ങളുടെ നിരൂപണമാണ്, ഇത്.
ഹെഗലിൻറെ വിചാരം പകർത്തി,ദൈവത്തെ വിച്ഛേദിച്ച സ്ഥലത്ത് മാർക്‌സ് പണത്തെ പ്രതിഷ്ഠിച്ചു.പണം,അദ്ദേഹത്തിൻറെ ജൂത പാരമ്പര്യത്തിൽ പ്രധാനമായിരുന്നു.ക്രിസ്‌തുമതം ഗ്രീക്ക് നിസ്സംഗതാ വാദ ( Stoicism ) സൃഷ്ടിയാണെന്നാണ് ബ്രൂണോ ബോയർ,മാർക്‌സിന്റെ സുഹൃത്ത് വാദിച്ചത്.
റീനിഷ് ന്യൂസ് ( Rheinische Zeitung) എഡിറ്ററായിരിക്കെ മാർക്‌സ്,ഹെഗലിൽ നിന്ന് പ്രായോഗിക വിഷയങ്ങളിലേക്ക് ഇറങ്ങിയിരുന്നു.പത്രമാരണം,വിവാഹ മോചനം,വനത്തിൽ നിന്ന് പാഴ്ത്തടി ശേഖരണ നിരോധനം,മുന്തിരി കർഷക സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ.പത്രം പൂട്ടിയ ശേഷം,ഫോയർബാക്കിനെയും ഹെഗലിനെയും കൂട്ടിക്കുഴച്ച് രൂപാന്തരത്തിന് ശ്രമിച്ചു.അർനോൾഡ് റൂജുമായി ചേർന്ന് മാർക്‌സ്,'ജർമൻ -ഫ്രഞ്ച് ചരിതം'( German -French Annals ) മാസിക ഇറക്കി.മനുഷ്യൻറെ ആന്തരിക ബോധത്തിൽ നിന്ന് അവൻറെ ഭൗതിക,സാമ്പത്തിക അവസ്ഥകളിലേക്ക് മാർക്‌സ് ശ്രദ്ധ തിരിക്കുന്നതിൻറെ ലക്ഷണം,ഇതിൽ 1843 ൽ എഴുതിയ 'ജൂത പ്രശ്നത്തെപ്പറ്റി' (On the Jewish Question) എന്ന പ്രബന്ധത്തിൽ കണ്ടു.ജൂതന്മാരുടെ പൗര,രാഷ്ട്രീയ സ്വാതന്ത്ര്യത്തെപ്പറ്റി ബ്രൂണോ ബോയർ എഴുതിയ രണ്ടു ലേഖനങ്ങളുടെ നിരൂപണമാണ്, ഇത്.
റീനിഷ് ന്യൂസ്, 1842 |
ഇതിൽ, പ്രശ്‍നം മതപരമാണെന്ന ബോയറുടെ വാദത്തെ മാർക്‌സ് നിരാകരിച്ചു.സാബത് ( ദൈവം സൃഷ്ടി കഴിഞ്ഞ് വിശ്രമിച്ച നാൾ ) ആചരിക്കുന്ന മതനിഷ്ഠനായ ജൂതനെയല്ല,സാധാരണക്കാരനായ ജൂതനെയാണ് പരിഗണിക്കേണ്ടതെന്ന് മാർക്‌സ് വാദിച്ചു.പണത്തിനും പലിശയ്ക്കും നില കൊള്ളുന്നവൻ എന്ന ജൂതനെപ്പറ്റിയുള്ള പൊതു ധാരണ സ്വീകരിച്ചു കൊണ്ട് മാർക്‌സ് പറഞ്ഞത്,ജൂത മത പ്രശ്‍നം തീർക്കാൻ പലിശ ഇല്ലായ്‌മ ചെയ്യും വിധം സമൂഹത്തെ പുനഃസംഘടിപ്പിക്കണം എന്നാണ്.സഹസ്രാബ്ദം മുൻപ് മുഹമ്മദ് നബി എടുത്ത രാഷ്ട്രീയ തന്ത്രം അതായിരുന്നു എന്ന് മാർക്‌സ് പറഞ്ഞില്ല.ഇസ്ലാമിൽ നബി പലിശ നിരോധിച്ചത്,മുസ്ലിംകൾ ജൂതന്മാരുടെ പലിശക്കൊള്ളയിൽ വീഴാതിരിക്കാൻ ആയിരുന്നു.
മനുഷ്യൻറെ അന്യവൽക്കരണത്തിൻറെ മുഖ്യ രൂപമായി മാർക്‌സ് മതത്തെ അല്ല,സാമ്പത്തികാവസ്ഥയെ കണ്ട നിമിഷം ആയിരുന്നു,അത്.പക്ഷെ,ഇതും മൗലികമായിരുന്നില്ല.ഫോയർബാക്കിന്റെ ആശയങ്ങൾ ഈ ദിശയിൽ മോസസ് ഹെസ് എന്ന മാർക്‌സിന്റെ സുഹൃത്തായ എഴുത്തുകാരൻ വികസിപ്പിച്ചിരുന്നു.ഹെസ് ( 1812-1875 ) ജൂത ഫ്രഞ്ച് തത്വ ചിന്തകനും ലേബർ സയോണിസത്തിന് രൂപം നൽകിയ ആളുമായിരുന്നു.ഇതിന് 'ജർമൻ ഐഡിയോളജി'യിൽ മാർക്‌സും എംഗൽസും ഹെസിനെ വിമർശിച്ചു.റീനിഷ് ന്യൂസ് ലേഖകൻ ആയിരുന്ന ഹെസ്,കത്തോലിക്ക തൊഴിലാളി സ്ത്രീയെ വിവാഹം ചെയ്‌തു. തത്വചിന്ത വഴി ആദ്യം കമ്മ്യൂണിസത്തിൽ എത്തിയ ആൾ എന്നർത്ഥം.'ജൂത പ്രശ്നത്തെപറ്റി'എന്ന ലേഖനത്തിൽ മാർക്‌സ്,ദൈവത്തിനു പകരം പണത്തെ പ്രതിഷ്ഠിക്കുന്നത് നോക്കുക:
"പണമാണ് ആഗോളമായി,സർവതിന്റെയും സ്വയം നിർമിത മൂല്യം.അതിനാൽ,മുഴുവൻ ലോകത്തിൻറെയും,മനുഷ്യൻറെയും പ്രകൃതിയുടെയും യഥാർത്ഥ മൂല്യത്തെ കൊള്ളയടിച്ചു.മനുഷ്യൻറെ അധ്വാനത്തിൻറെയും ജീവിതത്തിൻറെയും അന്യവൽക്കരിക്കപ്പെട്ട സത്തയാണ്,പണം.ഈ അന്യവൽകൃത സത്ത,അവൻറെ ആരാധന വഴി അവനു മേൽ അധീശത്വം വഹിക്കുന്നു".
ഫോയർബാക്കും ബോയറും മതത്തെയാണ് അന്യവൽക്കരിക്കപ്പെട്ട മനുഷ്യ സത്തയായി കണ്ടത്.അതിന് പരിഹാരം തേടിയാണ് അവർ ക്രിസ്‌തു മതത്തെ വഞ്ചിച്ചത്.ഭൗതികതയ്ക്ക് പകരം മനസ്സിൽ കേന്ദ്രീകരിക്കുന്ന ഏത് തത്വ ശാസ്ത്രവും അന്യവൽകൃത രൂപമാണ് എന്ന് ഫോയർബാക്ക് സിദ്ധാന്തിച്ചു. മതമോ തത്വശാസ്ത്രമോ അല്ല, പണമാണ് മനുഷ്യ സ്വാതന്ത്ര്യത്തിന് അതിരിടുന്നത് എന്ന നിഗമനത്തിൽ മാർക്‌സ് എത്തി. അടുത്ത ഘട്ടം, സാമ്പത്തിക ശാസ്ത്രമാകയാൽ, അദ്ദേഹം അതിലേക്ക് കടന്നു. അങ്ങനെയാണ്, സാമ്പത്തിക, തത്വ ശാസ്ത്ര രേഖകൾ, 'അഥവാ പാരീസ് രേഖകൾ ഉണ്ടാകുന്നത്.
ആർനോൾഡ് റൂജ് |
തൊഴിലാളി വർഗം (Proletariat) എന്ന വാക്ക് എങ്ങനെ ഉണ്ടായി?
വ്യവസായികൾ പണമിറക്കിയ തൻറെ പത്രം പ്രഷ്യൻ ഭരണകൂടം പൂട്ടിയ ശേഷം ഹെഗലിൻറെ രാഷ്ട്രീയ തത്വശാസ്ത്ര വിമർശത്തിലേക്ക് തിരിഞ്ഞ മാർക്‌സ്,1844 ൽ 'ജർമൻ -ഫ്രഞ്ച് ചരിത'ങ്ങളിൽ 'ഹെഗലിൻറെ നന്മയുടെ തത്വ ശാസ്ത്ര നിരൂപണത്തിന് ഒരാമുഖം' എന്ന പ്രബന്ധം എഴുതി.ഇത് പൂര്ണമായില്ലെങ്കിലും,മാർക്സിസത്തിൻറെ ഉറവിടമാണ്.ഇതിലാണ് ആദ്യമായി 'തൊഴിലാളി വർഗ ദൗത്യം'വന്നത്.
ആമുഖത്തിൻറെ ആദ്യ ഖണ്ഡികയിൽ ആദ്യമായി, കുപ്രസിദ്ധമായ 'മതം മനുഷ്യനെ മയക്കുന്ന കറപ്പാണ്' (the opium of the people) എന്ന പ്രയോഗം വന്നു.മുഴുവൻ ഇങ്ങനെ:
Religion is the sigh of the oppressed creature, the heart of the heartless world, and the soul of the soulless conditions. It is the opium of the people.
ഇതച്ചടിച്ച മാർക്‌സിന്റെ മാസികയ്ക്ക് ആയിരം കോപ്പി മാത്രമായതിനാൽ, മരണാനന്തരമാണ് ഇതറിയപ്പെട്ടത്. പത്തൊൻപതാം നൂറ്റാണ്ടിൽ,സമാന വാക്യങ്ങൾ പലരും എഴുതിയിരുന്നു. 1798 ൽ നൊവാലിസിന്റെ 'പരാഗം ' എന്ന കൃതിയിൽ, ഈ വാചകം കാണാം. മാർക്‌സ് എഴുതുന്നതിന് മൂന്ന് വർഷം മുൻപ് 1840 ൽ ഈ വാചകം, ഹെൻറിച്ച് ഹെയിൻ, ലുഡ്വിഗ് ബോണിനെപ്പറ്റിയുള്ള പ്രബന്ധത്തിൽ എഴുതി. മാർക്‌സ് മരിച്ച് നാലു വർഷം കഴിഞ്ഞ് ചാൾസ് കിങ്‌സ്‌ലി ചർച് ഓഫ് ഇംഗ്ലണ്ടിന്റെ സഭാ ചട്ടത്തിലും എഴുതി. കറപ്പ് അക്കാലത്ത്, വേദനാ സംഹാരി ആയിരുന്നു.
ആമുഖത്തിൽ, ജർമൻ രാഷ്ട്രീയ സാഹചര്യങ്ങളെ സംബന്ധിച്ച് വിമർശനം മാത്രം പോരാ എന്ന് മാർക്‌സ് പറയുന്നു:
"വിമർശനമെന്ന ആയുധം,ആയുധങ്ങൾ കൊണ്ടുള്ള വിമർശനത്തിന് പകരമാവില്ല.ഭൗതിക ശക്തികളെ അട്ടിമറിക്കാൻ ഭൗതിക ശക്തികൾ തന്നെ വേണം.ജനത്തെ സ്വാധീനിച്ചു കഴിഞ്ഞാൽ,സിദ്ധാന്തവും ഭൗതിക ശക്തി തന്നെ."
ഇവിടെ ജനം എന്നാണ് പ്രയോഗം.അവർക്കുള്ള സവിശേഷ ദൗത്യം ജര്മനിക്കാണ് ബാധകം,ഫ്രാൻസിന് അല്ല.ഫ്രാൻസിൽ രാഷ്ട്രത്തിലെ സകല വർഗ്ഗവും 'രാഷ്ട്രീയമായി ' ആദർശ വാദികളാണ്.പ്രത്യേക വർഗമായല്ല അവർ കാര്യങ്ങൾ അനുഭവിക്കുന്നത്.ജർമനിയിലെ പൊതു ജീവിതത്തിൽ ആത്മാവിന് സ്ഥാനമില്ല.ഏതു വർഗ്ഗവും സ്വതന്ത്രമാകാൻ ഉടൻ സാഹചര്യങ്ങളോ ഭൗതികാവശ്യമോ അവരുടെ ചങ്ങലകളോ നിർബന്ധിക്കണം.
പിൽക്കാലത്ത് 'കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' യിൽ ( 1848 ) സ്ഥാനം പിടിച്ച 'ചങ്ങലകൾ' ഇവിടെ വന്നു.
തുടർന്ന് സ്വാതന്ത്ര്യത്തിനുള്ള വഴി മാർക്‌സ് പറയുന്നു:
''തീവ്ര ചങ്ങലകളുള്ള ഒരു വർഗം ...ആഗോളമായി ദുരിതമനുഭവിക്കുകയാൽ ആഗോള സ്വഭാവമുള്ള ഒരു സമൂഹ മണ്ഡലം ...മനുഷ്യ രാശിയിൽ എല്ലാം നഷ്ടപ്പെട്ടതും മനുഷ്യ രാശിയുടെ സമ്പൂർണ വിമോചനം വഴി സ്വയം വിമോചിപ്പിക്കാൻ കഴിയുന്നതുമായ ഒരു മണ്ഡലം.സമൂഹം വിഘടിച്ച് ഇങ്ങനെ ഒരു വർഗമാകുന്നതാണ്,തൊഴിലാളി വർഗം -Proletariat ".
തൊഴിലാളി വർഗത്തെ മാർക്‌സ് സങ്കൽപ്പിക്കുന്നത്,മാറ്റി മറിച്ച ഹെഗേലിയൻ തത്വ ശാസ്ത്രത്തിനുള്ളിലാണ്:
"തത്വശാസ്ത്രം അതിൻറെ ആയുധങ്ങൾ തൊഴിലാളി വർഗ്ഗത്തിൽ കാണുന്നത് പോലെ,തൊഴിലാളി വർഗം അതിൻറെ ബുദ്ധിയുടെ ആയുധങ്ങൾ തത്വശാസ്ത്രത്തിൽ കാണുന്നു.തത്വ ശാസ്ത്രത്തെ സാക്ഷാൽക്കരിക്കാൻ തൊഴിലാളി വർഗത്തെ സമ്പുഷ്ടമാക്കണം.തൊഴിലാളി വർഗം സമ്പുഷ്ടമാകാൻ തത്വ ശാസ്ത്രത്തെ സാക്ഷാൽക്കരിക്കണം."
മോസസ് ഹെസ് |
ഹെഗൽ 'മിനർവയുടെ മൂങ്ങ' എന്ന ബിംബം വഴി ധ്വനിപ്പിച്ച തത്വ ശാസ്ത്രത്തിൻറെ സായന്തന പൂർത്തീകരണ ഘട്ടമാണ്,'സാക്ഷാൽക്കാരം' വഴി മാർക്‌സ് അർത്ഥമാക്കുന്നത്. മിനർവ എന്ന റോമൻ ജ്ഞാന ദേവതയുടെ മൂങ്ങ സമൂഹം മാറുന്ന അവസ്ഥയിലേ ചിറക് വീശി പറക്കൂ എന്നാണ് ഹെഗൽ പറഞ്ഞത്.അദ്ദേഹത്തിൻറെ സിദ്ധാന്തത്തിൽ ബലപ്രയോഗം ഇല്ല.സമൂഹം സ്വാഭാവികമായി രൂപാന്തരം പ്രാപിച്ചു കഴിയുമ്പോഴേ തത്വ ശാസ്ത്രം അതറിയൂ,തത്വ ശാസ്ത്രം മാറ്റത്തിനുള്ള ഉപകാരണമല്ല എന്നാണ് ഹെഗൽ പറഞ്ഞത്.
മാർക്‌സ് കൽപിക്കുന്നത്,മനുഷ്യൻ അവൻറെ അന്യവൽകൃത സത്തയുടെ അടിമയായി മാറുന്ന വൈരുദ്ധ്യാത്മക പ്രക്രിയയുടെ സാക്ഷാൽക്കാരത്തിന് തൊഴിലാളി വർഗം എത്തും എന്നാണ്.സ്വത്തവകാശമുള്ള മധ്യ വർഗത്തിന് ആ അവകാശം വഴിയുള്ള സ്വാതന്ത്ര്യമുണ്ട്.സ്വത്തില്ലാത്ത തൊഴിലാളി വർഗത്തിന് മനുഷ്യൻ എന്ന ശീർഷകം മാത്രമേയുള്ളു;സ്വാതന്ത്ര്യം ഇല്ല.അപ്പോൾ,മനുഷ്യരാശിയെ ഒന്നാകെ മോചിപ്പിച്ചു കൊണ്ടേ അവർക്ക് സ്വതന്ത്രരാകാൻ കഴിയൂ.
മാർക്‌സ് 1844 നു മുൻപ് ഒരിടത്തും തൊഴിലാളി വർഗത്തെ എഴുന്നള്ളിക്കുന്നില്ല.ഇപ്പോൾ ആ വർഗത്തെ കണ്ടെത്തിയതും ആഴമുള്ള സാമ്പത്തിക ശാസ്ത്ര പഠനം വഴിയല്ല.അതിന് ചരിത്രപരമായ കാരണങ്ങളും ഇല്ല.തൊഴിലാളി മാർക്‌സിൽ എത്തിയത്,മോസസ് ഹെസ് വഴി ആയിരുന്നു.അത് വരെ മാർക്‌സ് പഠിച്ചത് തത്വ ശാസ്ത്രമാകയാൽ,ഇതിനും അടിസ്ഥാനം തത്വ ശാസ്ത്രമാകണം.മനുഷ്യൻറെ അന്യവൽക്കരണം ഒരു വർഗ്ഗത്തിൻറെ മാത്രം പ്രശ്നമല്ല.ഹെഗൽ പറഞ്ഞ പ്രകാരം പ്രാപഞ്ചികമാണ്.അത് പരിഹരിക്കാൻ വേണ്ടത്,പ്രപഞ്ചം നിറഞ്ഞു നിൽക്കുന്ന ഒരു നായക കഥാപാത്രമാണ്.ഒന്നുമില്ലാത്തവനാണ് നായകനാകാൻ യോഗ്യൻ എന്ന് മാർക്‌സ് തീരുമാനിച്ചു.ഹെഗൽ കണ്ടത്,പ്രത്യേക വർഗത്തെ അല്ല,മൊത്തം മാനുഷ്യകത്തെയാണ്.മാർക്സിന് തൊഴിലാളി മാനുഷ്യക ബിംബമായത്,അസംബന്ധ കൽപന മാത്രമാണ്.മാനുഷ്യകം ഒരു വർഗം മാത്രമല്ല,അത് അവിഭാജ്യമാണ്.
ഹെഗൽ പറഞ്ഞ പ്രകാരം, സാക്ഷാൽക്കാര വിത്ത് സാഹചര്യത്തിൽ തന്നെ ഉണ്ടാകണം. മഹദ് സാക്ഷാൽക്കാരങ്ങൾ, വിജയങ്ങൾ ഉണ്ടായത്, നിരാശയുടെ ആഴങ്ങളിൽ നിന്നാണ്. അതിനാൽ , ഹെഗൽ പിൻഗാമികളിൽ ചിലർ അദ്ദേഹത്തിൻറെ അന്യവൽക്കരണ തത്വത്തിൽ യേശുവിൻറെ കുരിശുമരണം വഴിയുള്ള മാനവരാശിയുടെ ഉയിർപ്പിൻറെ ഛായ കണ്ടു. മാർക്‌സ് യേശുവിൻറെ സ്ഥാനത്ത് തൊഴിലാളിയെ പ്രതിഷ്ഠിച്ചു. മാർക്‌സിസ പ്രതിഷ്‌ഠ നടക്കുമ്പോഴും, ബിംബം മതപരം തന്നെ: ഉത്ഥാനം അഥവാ ഉയിർപ്പ്.
ഇതിന് മാർക്സിനെ പാരിസിലേക്കുള്ള ദേശാടനം സഹായിച്ചു.ജർമനിയെക്കാൾ സോഷ്യലിസ്റ്റ് ആശയങ്ങൾ പന്തലിച്ച സ്ഥലം.മാർക്‌സ് അവിടെ താമസിച്ചത്,തീവ്ര ഇടത് തൊഴിലാളി ഗ്രൂപ്പായ ലീഗ് ഓഫ് ദി ജസ്റ്റ് -ൻറെ നേതാവിനൊപ്പം ഒരേ വീട്ടിലാണ്.അക്കാലത്ത്,തൊഴിലാളികളെപ്പറ്റി മാർക്‌സ് എഴുതി:"മനുഷ്യൻറെ കുലീനത അവരുടെ വിയർത്ത ശരീരങ്ങളിൽ പ്രകാശിക്കുന്നു".
ജർമൻ കുടിയേറ്റക്കാർ 1836 ൽ പാരിസിൽ സ്ഥാപിച്ച ഉട്ടോപ്യൻ സോഷ്യലിസ്റ്റ്,ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് ഗ്രൂപ് ആയിരുന്നു,ലീഗ് ഓഫ് ദി ജസ്റ്റ്.ഫ്രഞ്ച് വിപ്ലവകാലത്തെ രാഷ്ട്രീയ,പത്ര പ്രവർത്തകൻ ഗ്രാക്കസ് ബാബിയാഫിന്റെ ആശയങ്ങളിവർ പ്രചരിപ്പിച്ചു.അയൽക്കാരനെ സ്നേഹിച്ച് ദൈവരാജ്യം കൊണ്ട് വരിക.
" പണമാണ് ഇസ്രയേലിൻറെ അസൂയാലുവായ ദൈവം.വേറൊരു ദൈവത്തെയും അത് സഹിക്കില്ല.പണം മനുഷ്യൻറെ ദൈവങ്ങളെ സ്ഥാനഭ്രഷ്ടരാക്കി,അവയെ ഉൽപന്നങ്ങളാക്കി മാറ്റുന്നു".
ഈ പണാരാധന ഇപ്പോൾ ക്രിസ്‌തുമതം സ്വീകരിച്ചതായി അദ്ദേഹം നിരീക്ഷിക്കുന്നു.ക്രിസ്ത്യൻ ലോകത്താണ്,പണാരാധനയിൽ സ്വയം അന്യവൽക്കരിക്കപ്പെട്ട മനുഷ്യൻ,സ്വാർത്ഥതയുടെയും മത്സരത്തിൻറെയും അഹന്തയുടെയും ലോകം പൂർണത കണ്ടെത്തുന്നത്.ക്രിസ്ത്യൻ പൊതു സമൂഹം,ജൂതമായി.അങ്ങനെ,ജൂതരുടെ ഉയിർപ്പ്,ജൂത മതത്തിൽ നിന്ന് മനുഷ്യൻറെ ഉയിർപ്പാണ്.
വിചിത്രമായ ഈ നിഗമനത്തിൽ എത്തി തടഞ്ഞു നിന്ന മാർക്സിനെ 1844 ലെ പാരീസ് രേഖകളുടെ എഴുത്തിലും തുണച്ചത്,ഹെഗലിൻറെ തത്വ ശാസ്ത്രം തന്നെ.അഞ്ച് ആശയങ്ങളാണ്,ഈ പുസ്തകത്തിൽ:
ഒന്ന്:തല കീഴായ ഹെഗൽ
ഈ പുസ്തകത്തിലെ 'ഹെഗലിൻറെ വൈരുധ്യാത്മകതയുടെയും തത്വ ശാസ്ത്രത്തിന്റെയും സമഗ്ര നിരൂപണം' ( Criticism of the Hegelian Dialectic and Philosophy as a Whole ) എന്ന പ്രബന്ധത്തിൽ മാർക്‌സ് പറയുന്നത്,ഹെഗലിൻറെ Phenomenology of Mind,സാമ്പത്തിക ജീവിതത്തിൻറെ തത്വശാസ്ത്രവും ചരിത്രത്തിൻറെ സാമ്പത്തിക വ്യാഖ്യാനവുമാണ് എന്നാണ്.മനസ്സിൻറെ അന്യവൽക്കരണം എന്ന് ഹെഗൽ പറയുന്നത്,മനുഷ്യൻ തൻറെ ഉൽപ്പന്നമായ ഭൗതിക വസ്‌തുക്കളിൽ സ്വയം അന്യവൽക്കരിക്കുന്നതാണ് എന്ന് മാർക്‌സ് വ്യാഖ്യാനിക്കുന്നു.ഹെഗലിൻറെ തത്വ ശാസ്ത്രത്തിലെ ഗൂഢാർത്ഥം സാമ്പത്തിക ശാസ്ത്രമാണ് എന്ന നാടകീയ ഭാവനയാണ് ഇത്.ഹെഗലിനെ തല കീഴായി നിർത്തിയാൽ മാത്രം കിട്ടുന്നതാണ്,മനുഷ്യൻ മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ അവൻറെ അധ്വാനം വഴി ഉണ്ടാക്കിയ ഉൽപന്നങ്ങളിൽ നിന്ന് സ്വയം അന്യവൽകൃതനാണ് എന്ന വ്യാഖ്യാനം.ഹെഗലിൻറെ പുസ്തകത്തിലെ ഉടമ / അടിമ അധ്യായത്തെ മാർക്‌സ് ഇതിന് ഉപയോഗിക്കുന്നു.അടിമ സ്വന്തം അധ്വാനത്തിൻറെ ഉൽപന്നങ്ങളിൽ നിന്നുള്ള അന്യവൽക്കരണത്തെ അതിജീവിച്ച് സ്വന്തം സത്ത കണ്ടെത്തി സ്വതന്ത്രനാകുന്നു എന്ന് മാർക്‌സ് കാണുന്നു.
അധ്വാന മഹത്വം കണ്ടെത്തിയ ഹെഗലിനെ മാർക്‌സ് അഭിനന്ദിക്കുന്നു:
"ഹെഗലിൻറെ പ്രാതിഭാസിക ശാസ്ത്രത്തിൻറെ മഹത്വം,അധ്വാനത്തിൻറെ സത്ത കണ്ടെത്തുന്നു എന്നതും,വസ്തുനിഷ്ഠനായ മനുഷ്യനെ സങ്കൽപിക്കുന്നു എന്നതുമാണ്.മനുഷ്യൻറെ അധ്വാനത്തിൻറെ തന്നെ ഫലമാണ്,അത് ".
മാർക്‌സ് ഈ പുസ്തകം അച്ചടിൽക്കാതിരുന്നതിന് കാരണം,ഇതല്ല ഹെഗൽ പറഞ്ഞത് എന്ന ശങ്ക കൊണ്ടാകാം.മാർക്‌സ് 'മൂലധനം ' 1845 ൽ ഒരു പ്രസാധകന് വാഗ്‌ദാനം ചെയ്‌ത് 1871 വരെ അയാൾ താൻ നൽകിയ അഡ്വാൻസിനായി മാർക്സിന് പിന്നാലെ നടന്നിരുന്നതിൻറെ ശേഷിപ്പാണ്,ഇവ എന്ന് Marx :A Very Short Introduction ൽ പീറ്റർ സിംഗർ പറയുന്നുണ്ട്.
ഹെഗൽ പറഞ്ഞത് ആത്മാവിനെ/മനസ്സിനെപ്പറ്റിയാണ്.അത് സ്വന്തം സത്തയിൽ നിന്ന് അന്യവൽക്കരിക്കപ്പെടുകയും ചരിത്ര വികാസത്തിൽ ആത്മ സാക്ഷാൽക്കാരം നേടുകയും ചെയ്യുന്നു.ഇത് മനസ്സിലാകാതെ,ചരിത്രത്തിന് മേൽ പൊതു മനുഷ്യനായി തൊഴിലാളിയെ കെട്ടി വച്ച്,അവനെ സ്രഷ്ടാവായി അവതരിപ്പിച്ച്,അവൻറെ ആത്മ സാക്ഷാൽക്കരമാണ്,മാർക്‌സ് ചർച്ച ചെയ്‌തത്.
അന്യവൽക്കരണത്തെ ജയിച്ച് ആത്മ സാക്ഷാൽക്കാരത്തിന് ഹെഗൽ നിർദേശിച്ച മാർഗം,മനുഷ്യ ബോധ/ ആത്മീയ കര്മങ്ങളാണ്.ഇങ്ങനെ വിചാര ലോകത്ത് മാത്രം നിന്നാൽ ലോകം മാറില്ല എന്നാണ് മാർക്‌സിന്റെ വിമർശം.
രണ്ട്:മനുഷ്യനാണ് സ്രഷ്ടാവ്
ചരിത്ര പ്രയാണത്തിൽ പ്രകൃത്യാ ഉണ്ടാകുന്ന ജീവിയാണ് മനുഷ്യൻ.ഉൽപാദനത്തിൽ അവസാനിക്കുന്ന കഴിവുകൾ പ്രകടിപ്പിക്കുന്ന സർഗാത്മക ജീവി.പ്രകൃതിയിലെ വസ്‌തുക്കൾ രൂപാന്തരപ്പെടുത്തി സാംസ്‌കാരിക ലോകം സൃഷ്ടിച്ചതാണ്,മനുഷ്യ ചരിത്രം.മനുഷ്യൻ ലോകത്ത് സ്വയം സാക്ഷാത്കരിക്കുന്നു .അധ്വാനം വഴി അവൻ ഉൽപാദിപ്പിച്ചതാണ്,ലോക ചരിത്രം.സ്വാഭാവികമായ സ്വയം നിർണയത്തിന്റെ ഫലമല്ല അവൻറെ ഉൽപാദന പ്രക്രിയ.പണമെന്ന ദൈവത്തിൻറെ അടിമ ആയാണ് ഇത് ചെയ്യുന്നത്.സ്വന്തം ഉൽപാദന സ്വഭാവത്തിൽ നിന്നുള്ള അന്യവൽക്കരണത്തിന്റേതാണ് മനുഷ്യൻറെ ഉൽപാദന പ്രക്രിയയുടെ ചരിത്രം.
മൂന്ന്:അന്യവൽക്കരണം
നാല് രൂപങ്ങളിലാണ് മനുഷ്യൻറെ അന്യവൽക്കരണം.ഉല്പന്നത്തിൽ നിന്ന്,ഉൽപാദന പ്രക്രിയയിൽ നിന്ന്,സാമൂഹിക പ്രകൃതിയിൽ നിന്ന്,സഹ ജീവികളിൽ നിന്ന് .ഒരുവൻ ഉണ്ടാക്കിയ ഉൽപന്നം,അന്യർ സ്വന്തം സ്വത്താക്കി മാറ്റുകയാണ്.തൊഴിലാളി കൂടുതൽ ഉൽപാദിപ്പിക്കുന്തോറും,അതിന് വില കുറഞ്ഞു വരുന്നു.തൊഴിലാളി തൻറെ ഉല്പന്നത്തെക്കാൾ വില കുറഞ്ഞ ഉൽപന്നമാകുന്നു.അവൻറെ അധ്വാനം,അടിച്ചേൽപിക്കപെട്ട അധ്വാനമാകുന്നു.അവന് താൻ തൊഴിലിന് പുറത്താണെന്നും തൻറെ തൊഴിലിൽ താൻ തനിക്ക് തന്നെ അന്യനാണെന്നും തോന്നുന്നു.കൂടുതൽ പണിയുന്തോറും,മനുഷ്യൻ എന്ന നിലയിൽ അവൻ ചെറുതാകുന്നു.മുതലാളിത്ത സമൂഹം അവനെ മനുഷ്യരാശിയുടെ അവശ്യ ഗുണങ്ങളിൽ നിന്ന് അന്യവൽക്കരിക്കുന്നു.മനുഷ്യന്,മനുഷ്യൻ അപരിചിതനാകുന്നു.
ഹെഗൽ മുന്നോട്ട് വച്ച അന്യവൽക്കരണ തത്വവുമായി ഇതിന് ഒരു ബന്ധവുമില്ല -പ്രപഞ്ച മനസ്സിൻറെ ഭാഗമാണ് താനെന്ന് മനുഷ്യൻറെ വ്യക്തി മനസ്സ് അറിയാത്തതാണ് അന്യവൽക്കരണം എന്നാണ് ഹെഗൽ പറഞ്ഞത്.
നാല്:ആർത്തിയെന്ന പ്രചോദനം
അന്യവൽകൃതനായ തൊഴിലാളി,ഉടമയുടെ ആർത്തിയുടെ തടവുകാരനും ഉടമയുടെ,മുതലാളിത്തത്തിൻറെ,പണമെന്ന ദൈവത്തിൻറെ അടിമയുമാകുന്നു.മൂലധനം വളർത്താനുള്ള മുതലാളിത്ത അന്തരീക്ഷത്തിന്റെ ആശയങ്ങൾ അവനെ സ്വാധീനിക്കുന്നു.അവനും സമ്പാദിക്കാൻ തത്രപ്പെടുന്നു.അവൻറെ സമ്പാദ്യം,അവൻറെ മൂലധനമാകുന്നു.തീറ്റ കുറച്ചാൽ,പുസ്തകം വായിക്കാതിരുന്നാൽ,നാടകം കാണാതിരുന്നാൽ ....വേണ്ടെന്ന് വച്ചാൽ,സമ്പാദ്യം കൂടും.മനുഷ്യൻ ചെറുതാകുന്തോറും,അവന് കൂടുതൽ സമ്പാദ്യം ഉണ്ടാകും.കലയും ജ്ഞാനവും ഭൂത കാലവുമൊക്കെ അത് കൊണ്ട് വാങ്ങാൻ കിട്ടുന്നു.എല്ലാം മൂലധനത്തിൻറെ അടിമയാകുന്നു.മൂലധനം ഉടമ ആയാൽ,അവൻ സേവകനായി.മനുഷ്യൻറെ പ്രചോദനങ്ങൾ എല്ലാം ആർത്തിയിൽ മുങ്ങുന്നു.
ഹെഗൽ കണ്ടത്,ഇങ്ങനെയല്ല.പ്രചോദനമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ശക്തിയെന്ന് അദ്ദേഹം കണ്ടു.മാർക്സിന് ആ ശക്തി,പണത്തോടുള്ള ആർത്തി മാത്രമായി.പണത്തെ അധികാരത്തോട് തുലനം ചെയ്യുന്ന പണ ഭ്രാന്ത്.മാർക്സിനെ സംബന്ധിച്ച്,മനുഷ്യനെ അവൻറെ സത്തയിൽ നിന്ന് അന്യവൽക്കരിച്ചതും അവനെ മനുഷ്യത്വഹീനൻ ( dehumanization ) ആക്കിയതും,ചരിത്രത്തിൽ ഉടനീളം,ആർത്തി തന്നെ.
മാർക്‌സ് എഴുതി:
"പണം വിശ്വാസത്തെ അവിശ്വാസവും സ്നേഹത്തെ വെറുപ്പും വെറുപ്പിനെ സ്നേഹവും നന്മയെ തിന്മയും തിന്മയെ നന്മയും സേവകനെ യജമാനനും യജമാനനെ സേവകനും ജ്ഞാനത്തെ അജ്ഞാനവും അജ്ഞാനത്തെ ജ്ഞാനവും ആക്കി മാറ്റുന്നു."
അഞ്ച്:അന്യവൽക്കരണത്തിൻറെ അതിജീവനം
അന്യവൽക്കരണം ലോകത്തെ ശിഥിലമാക്കി.അത് രാഷ്ട്രീയം,നിയമം,കുടുംബം,ധർമം,മതം തുടങ്ങി എല്ലാ മേഖലകളെയും ബാധിച്ചു.അതാണ് മനുഷ്യ ചരിത്രത്തിൻറെ നിർണായക സ്വഭാവം.
ഹെഗലിൻറെ മനുഷ്യൻ,പരിമിതമായ ആത്മാവ്,ചരിത്ര പ്രയാണത്തിൽ അനുസ്യൂതം സ്വാതന്ത്ര്യ ബോധത്തിൽ വികസിക്കുന്നു.മാർക്‌സിന്റെ മനുഷ്യൻ,ഉൽപാദകനായ സാധാരണക്കാരൻ,സ്വാതന്ത്ര്യ ബോധത്തിൽ അല്ല വികസിക്കുന്നത്.അടിമത്ത ബോധത്തിലാണ് അവൻ നിൽക്കുന്നത്.അനുസ്യൂതം വികസിക്കുന്ന അന്യവൽക്കരണമാണ്,മാർക്സിന് മനുഷ്യ ചരിത്രം.അതിനെ അതിജീവിക്കാൻ ചെയ്യേണ്ടത്,വിപ്ലവം വഴി മുതലാളിത്തത്തിൻറെ സ്വത്ത് പിടിച്ചെടുക്കലാണ്.അത് കൊണ്ട് ആത്മ സാക്ഷാൽക്കരമുണ്ടാവില്ല.ഇത് വഴി പ്രാഗ് കമ്മ്യൂണിസമേ ഉണ്ടാകൂ.സമ്പൂർണ കമ്യൂണിസത്തിന് മുൻപത്തെ അന്തരാള ഘട്ടം.ഇതാണ് പിൽക്കാലത്ത് തൊഴിലാളി വർഗ ഏകാധിപത്യമായി മാർക്‌സ് കണ്ടത്.ഇത് ആർത്തിയെ ആഗോളവൽക്കരിക്കുകയേ ചെയ്യൂ.
ഇത് കഴിഞ്ഞുള്ള ആത്യന്തിക കമ്മ്യൂണിസത്തെ മാർക്‌സ്,പരമ മാനവികത ( Positive Humanism ) എന്ന് പാരീസ് രേഖകളിൽ വിളിച്ചു.അധ്വാനത്തിൻറെ സ്ഥാനത്ത് ആഹ്ളാദകരമായ ഉൽപാദന പ്രക്രിയ വരും.ആർത്തിയും സ്വകാര്യ സ്വത്തും നശിക്കും.മനുഷ്യ സത്തയിൽ നിന്നുള്ള അന്യവൽക്കരണം നാമാവശേഷമാകും.ഭരണ കൂടം കൊഴിയും.കുടുംബം,നിയമം,മതം,ധാർമികത എല്ലാം കൊഴിയും.ഇതെല്ലം അടിമത്ത രൂപങ്ങളാണ്.മനുഷ്യൻ മനുഷ്യനുമായും പ്രകൃതിയുമായും ഇണങ്ങി ജീവിക്കുന്ന നല്ല ലോകം വരും.
അങ്ങനെ,ഹെഗലിൻറെ ലോകത്ത് നിന്ന് മാർക്‌സ് വാഗ്‌ദത്ത ലോകത്തെത്തി.വിഭ്രാന്തിയുടെ ലോകം തച്ചു തകർക്കാൻ ശ്രമിച്ച അദ്ദേഹം മറ്റൊരു വിഭ്രാന്ത ലോകത്തെത്തി.ബൈബിൾ പഴയ നിയമത്തിലെ ജൂത പാരമ്പര്യത്തിലാണ്,ഇതിൻറെ വേരുകൾ.
See https://hamletram.blogspot.com/2019/09/blog-post_13.html