അന്ധനായ മാർക്‌സ് 8
ഹെഗൽ ബെർലിൻ സർവകലാശാലയിൽ പ്രൊഫസറായ വർഷമാണ്,മാർക്‌സ് ജനിച്ചത്-1818.ബീഥോവനും വേർഡ്‌സ്വർത്തും ജനിച്ച അതേ വർഷമാണ്,ഹെഗൽ ജനിച്ചത്.മാർക്‌സ് ജൂതനായിരുന്നു എന്ന് മാത്രം കരുതുന്നവരുണ്ട്.അദ്ദേഹം ആ പൈതൃകത്തിൽ ജനിച്ച് ക്രിസ്തുമതത്തിൽ ചേർന്ന കുടുംബത്തിൽ നിന്നാണ്.ആ തത്വശാസ്ത്രത്തിൽ ഈ പൈതൃകം കാണാം.
മലകളും മുന്തിരി തോട്ടങ്ങളും വലയം ചെയ്‌ത്,മൊസെല്ലേ നദിയുടെ താഴ്വരയിലെ ട്രയറിൽ ആയിരുന്നു മാർക്‌സ് ജനിച്ചത്.അപ്പീൽ കോടതിയിൽ വക്കീൽ ആയിരുന്നു,പിതാവ് ഹെൻറിച്ച്.മാതാപിതാക്കൾ ജൂത പുരോഹിത പരമ്പയിൽ നിന്നായിരുന്നു.ജൂതർക്ക് ഫ്രഞ്ച് പൗരത്വവും തൊഴിൽ അവകാശവും നൽകിയ ഫ്രഞ്ച് നവോത്ഥാനത്തിൽ ഹെൻറിച്ച് പ്രചോദനം കണ്ടു.നെപ്പോളിയൻ തോറ്റപ്പോൾ,പ്രഷ്യൻ ഭരണകൂടം,ഫ്രാൻസിൽ നിന്ന് 1814 ൽ ട്രയർ നഗരം വീണ്ടെടുത്തു.ജൂതവിരുദ്ധ നിയമങ്ങൾ വീണ്ടും നടപ്പാക്കി.തൊഴിൽ സംരക്ഷിക്കാൻ ഹെൻറിച്ച് ക്രിസ്തുമതത്തിൽ ചേർന്നു.1817 ൽ പ്രൊട്ടസ്റ്റൻറ് ലൂഥറൻ ആയി.മാർക്‌സ് ജനിക്കുന്നതിന് ഒരു വർഷം മുൻപ്.മാർക്‌സും മറ്റു കുട്ടികളും 1824 ലും ജെന്നി അടുത്ത വർഷവും ക്രിസ്ത്യാനികളായി.
ഹെഗൽ ബെർലിൻ സർവകലാശാലയിൽ പ്രൊഫസറായ വർഷമാണ്,മാർക്‌സ് ജനിച്ചത്-1818.ബീഥോവനും വേർഡ്‌സ്വർത്തും ജനിച്ച അതേ വർഷമാണ്,ഹെഗൽ ജനിച്ചത്.മാർക്‌സ് ജൂതനായിരുന്നു എന്ന് മാത്രം കരുതുന്നവരുണ്ട്.അദ്ദേഹം ആ പൈതൃകത്തിൽ ജനിച്ച് ക്രിസ്തുമതത്തിൽ ചേർന്ന കുടുംബത്തിൽ നിന്നാണ്.ആ തത്വശാസ്ത്രത്തിൽ ഈ പൈതൃകം കാണാം.
മലകളും മുന്തിരി തോട്ടങ്ങളും വലയം ചെയ്‌ത്,മൊസെല്ലേ നദിയുടെ താഴ്വരയിലെ ട്രയറിൽ ആയിരുന്നു മാർക്‌സ് ജനിച്ചത്.അപ്പീൽ കോടതിയിൽ വക്കീൽ ആയിരുന്നു,പിതാവ് ഹെൻറിച്ച്.മാതാപിതാക്കൾ ജൂത പുരോഹിത പരമ്പയിൽ നിന്നായിരുന്നു.ജൂതർക്ക് ഫ്രഞ്ച് പൗരത്വവും തൊഴിൽ അവകാശവും നൽകിയ ഫ്രഞ്ച് നവോത്ഥാനത്തിൽ ഹെൻറിച്ച് പ്രചോദനം കണ്ടു.നെപ്പോളിയൻ തോറ്റപ്പോൾ,പ്രഷ്യൻ ഭരണകൂടം,ഫ്രാൻസിൽ നിന്ന് 1814 ൽ ട്രയർ നഗരം വീണ്ടെടുത്തു.ജൂതവിരുദ്ധ നിയമങ്ങൾ വീണ്ടും നടപ്പാക്കി.തൊഴിൽ സംരക്ഷിക്കാൻ ഹെൻറിച്ച് ക്രിസ്തുമതത്തിൽ ചേർന്നു.1817 ൽ പ്രൊട്ടസ്റ്റൻറ് ലൂഥറൻ ആയി.മാർക്‌സ് ജനിക്കുന്നതിന് ഒരു വർഷം മുൻപ്.മാർക്‌സും മറ്റു കുട്ടികളും 1824 ലും ജെന്നി അടുത്ത വർഷവും ക്രിസ്ത്യാനികളായി.
ഫോയർബാക് |
ഫ്രഞ്ച് കച്ചവടക്കാരനും രാഷ്ട്രീയ,സാമ്പത്തിക സൈദ്ധാന്തികനും ആയിരുന്നു,ക്ളോദ് ഹെൻറി ദി റൗറോയ്,കൊംതെ ദി സെൻറ് സൈമൺ അഥവാ ഹെൻറി ദി സെൻറ് സൈമൺ ( 1760 -1825 ).തൊഴിലാളി വർഗം എന്ന് വിളിച്ച വ്യവസായ വർഗത്തിന് അംഗീകാരം നൽകിയ വ്യവസായ തത്വശാസ്ത്ര ( Industrialism ) ഉപജ്ഞാതാവ്.കൈത്തൊഴിൽകാരെ മാത്രമല്ല,ഉൽപാദന പ്രക്രിയയിലെ എല്ലാവരെയും അദ്ദേഹം തൊഴിലാളി വർഗമായി കണ്ടു.ജോൺ സ്റ്റുവർട്ട് മില്ലിൻറെ ഉട്ടോപ്യൻ സോഷ്യലിസം,പിയറി ജോസഫ് പ്രൂധോണിൻറെ അനാർക്കിസം,മാർക്‌സിസം എന്നിവയ്ക്ക് പ്രചോദനം.
മാർക്‌സ് ഡോക്റ്ററേറ്റിന് പഠിച്ച 1836 -1841 ൽ ഫ്രഞ്ച് വിപ്ലവം വിതറിയ സ്വാതന്ത്ര്യ ആശയങ്ങൾക്കെതിരായിരുന്നു,പ്രഷ്യയിലെ രാജാവ് ഫ്രഡറിക് വില്യം മൂന്നാമൻ.പിതാവിനെക്കാൾ കർക്കശക്കാരനായി,നാലാമൻ.അധീശത്വം,പത്രമാരണം,പൊതുയോഗ നിരോധനം,തീവ്ര ചിന്തകളുടെ അടിച്ചമർത്തൽ.പഠിക്കാൻ വന്ന നിയമം മറന്ന്,മാർക്‌സ്,ഹെഗൽ പഠനത്തിൽ മുഴുകി.തീവ്ര ഇടതു പക്ഷ യുവ ഹെഗേലിയൻ സംഘ നേതാവായി.
പ്രഷ്യയിലെ രാഷ്ട്രീയ സംഘർഷം ഹെഗൽ അനുയായികളെ വലതും ഇടതുമായി വിഭജിച്ചതിന് കാരണം,ഹെഗലിൻറെ ചിന്തയിലെ അവ്യക്തതയും ദ്വന്ദ്വാത്മകതയും സമസ്യകളും അമൂർത്തതയും തന്നെ ആയിരുന്നു.ഇപ്പോഴും ഇപ്പോഴും പിടികിട്ടാതെ കിടക്കുന്ന നീണ്ട ഒരു പുസ്തകത്തിലെ ആശയങ്ങൾ ലളിതമായാണ് മുൻപ് വിവരിച്ചത്.നാലു സന്ദിഗ്ദ്ധതകൾ ഹെഗൽ സിദ്ധാന്തങ്ങളിലുണ്ട്.
ഒന്ന്:മാനവ ചരിത്രത്തിൻറെ കൊടുമുടിയായി ഒരു വശത്ത് പ്രഷ്യയിലെ ക്രിസ്ത്യൻ ഭരണകൂടത്തെ അദ്ദേഹം കണ്ടു.പ്രഷ്യ ജർമൻ പ്രവിശ്യയായിരുന്നു.ഹൊഹൻ സോളേൻ കുടുംബം ഭരിച്ചു പോന്നു.ആദ്യം കോണിഗ്‌സ് ബെർഗും 1701 മുതൽ ബെർലിനുമായിരുന്നു തലസ്ഥാനം.1871 ൽ ജർമൻ സാമ്രാജ്യം ഉണ്ടായി.ഹെഗൽ,കൂടുതൽ യുക്തിയിലേക്കും മാറ്റത്തിലേക്കും നയിക്കുന്ന ഒരനുസ്യൂത ദ്വന്ദ്വാത്മകതയെ വിവരിച്ചു.മാർക്‌സും കൂട്ടരും ഇതിലെ തീവ്ര വശം മാത്രം എടുത്തു.പ്രതിദിനം ഏകാധിപത്യത്തിലേക്ക് വളരുന്ന പ്രഷ്യൻ ഭരണകൂടം തന്നെ ദ്വന്ദ്വാത്മകതയ്ക്ക് അതീതമല്ലെന്ന് അവർ വാദിച്ചു.
രണ്ട്:രാഷ്ട്രീയ സ്വാതന്ത്ര്യത്തോടും അതിൻറെ ഇരട്ട ഘടകങ്ങളായ യുക്തിവാദം,ജനാധിപത്യം എന്നിവയോടും ഹെഗൽ മുഖം തിരിച്ചു നിന്നു.ഹെഗലിനെ സംബന്ധിച്ച്,ഭരണകൂടത്തിനാണ്,വ്യക്തിക്ക് മേൽ അധീശത്വവും ധാർമികാധികാരവും.ഹെഗൽ മുന്നോട്ട് വച്ച ചരിത്രത്തിൻറെ തത്വ ശാസ്ത്രമാകട്ടെ,സ്വാതന്ത്ര്യ കൊടി ഉയർത്തി നിന്നു.മാനവ ചരിത്ര സത്ത,സ്വാതന്ത്ര്യ ബോധത്തിലൂടെയുള്ള പരിമിത മനസ്സിൻറെ യാ ത്രയാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.തീവ്ര ഇടതു പക്ഷം ഈ രണ്ടാമത്തെ ഭാഗം മാത്രം എടുത്തു.പ്രഷ്യൻ ഭരണകൂടത്തിൽ നിന്ന് സ്വാതന്ത്ര്യത്തിന് വാദിച്ചു.
മൂന്ന്:ദൈവത്തെ സംബന്ധിച്ച ഇരട്ടത്താപ്പ്.യാഥാർഥ്യം എന്നാൽ,കേവലമായ ആത്മാവ് അഥവാ മനസ്സാണ്,യുക്തി സത്യത്തിൻറെ സമഗ്രതയായ ദൈവമാണ് എന്ന് ഹെഗൽ പറഞ്ഞു.മനുഷ്യ വ്യവഹാരത്തിൽ അല്ലാതെ ദൈവത്തിന് അസ്തിത്വമില്ല.ദൈവം വെളിപ്പെടുമ്പോഴേ,അസ്തിത്വമുള്ളൂ.ചരിത്ര പ്രയാണത്തിൽ,മനുഷ്യ ബോധത്തിലും സാമൂഹിക സ്ഥാപനങ്ങളിലും ഇങ്ങനെ ബാഹ്യവൽക്കരിക്കപ്പെട്ട പ്രത്യക്ഷമാണ്,ദൈവം.ദൈവത്തെപ്പറ്റി ഹെഗൽ നിലനിർത്തിയ അവ്യക്തത,തീവ്ര ഇടതുപക്ഷത്തെ നാസ്തികതയിലേക്ക് നയിച്ചു.മനുഷ്യ ബോധമായി നിൽക്കുന്ന ദൈവം,അസ്തിത്വമില്ലാത്തതാണെന്ന് അവർ നിരീക്ഷിച്ചു.
നാല്:ഹെഗലിൻറെ വിഖ്യാത വചനമായ ''യാഥാർഥ്യമാണ് യുക്തി,യുക്തിയാണ് യാഥാർഥ്യം" (The Real is the Rational,and the Rational is the Real). അമൂർത്തമായ ഈ വാചകത്തെ വലതു പക്ഷവും ഇടതു പക്ഷവും പിച്ചി ചീന്തി.വലതു പക്ഷം ആദ്യ ഭാഗം മാത്രമെടുത്ത്, ഉള്ളതെല്ലാം ദ്വന്ദ്വാത്മക യുക്തി പ്രക്രിയയിൽ ആവശ്യമാകയാൽ,അതിൽ കേവല സത്യവും ( Absolute ) ഉണ്ടെന്ന് വാദിച്ചു.അതിനാൽ,നിലനിൽക്കുന്നതിനെ,പ്രഷ്യൻ ഭരണകൂടത്തെ മാറ്റി മറിക്കുന്നത്,വൈരുദ്ധ്യാത്മക യുക്തി പ്രക്രിയയ്ക്കും അത് വഴി ദൈവത്തിനും എതിരാണ്.ദൈവത്തിൻറെ പ്രതിബിംബമാണ്, രാജാവും ഭരണകൂടവും. ഇടതുപക്ഷം, രണ്ടാം ഭാഗമെടുത്ത്, ഹെഗൽ നിലനിൽക്കുന്നതിനെ പ്രതിരോധിച്ചില്ല എന്ന് വാദിച്ചു.
നിലനിൽക്കുന്നതൊക്കെ യുക്തിക്ക് നിരക്കുന്നതാണ്.യുക്തിപൂർണമായതു മാത്രമാണ് യാഥാർഥ്യം.തത്വ ചിന്തകൻറെ ദൗത്യം,എല്ലാ സാമൂഹിക സ്ഥാപനങ്ങളെയും വിമർശിച്ച് അവയെ കൂടുതൽ യുക്തി സഹവും യാഥാർഥ്യവുമാക്കുക എന്നതാണ്.''വിമർശനം'' ഇടതു മുദ്രാവാക്യമായി.ഹെഗലിൻറെ സിദ്ധാന്തങ്ങളുടെ തീവ്രവൽക്കരണം മാർക്‌സിൽ ഉറച്ചു.
ഭരണകൂടത്തിൻറെ ഉന്നതരൂപം സൃഷ്ടിക്കാൻ പ്രഷ്യൻ ഭരണകൂടത്തെ വൈരുധ്യാത്മകമായി നിരാകരിക്കണമെന്ന് ഇടതുപക്ഷം വാദിച്ചു. രാഷ്ട്രീയാധീശത്വത്തെ ചെറുക്കാൻ, സ്വാതന്ത്ര്യ വാഞ്ഛ വേണം.മനുഷ്യ ജീവിതത്തിൽ മാത്രം അസ്തിത്വമുള്ള ദൈവത്തെ ചെറുക്കാൻ അവർ യുക്തിവാദത്തെ തുണച്ചു.ദൈവ നിരാകരണം നിലവിൽ വന്നു.ദൈവദത്തമായി ഒന്നുമില്ലെന്ന് വരുത്താൻ,നില നിൽക്കുന്നതിനെ എല്ലാം വിമർശിച്ച് യുക്തി പൂർണമാക്കാം -വേണമെങ്കിൽ അക്രമാസക്തമായ വിപ്ലവം തന്നെയാകാം.
ഹെഗലിന് ഒരു യാഥാസ്ഥിതിക വശവും തീവ്ര വശവും ഉണ്ടായിരുന്നു എന്നും പാകമായപ്പോൾ യാഥാസ്ഥിതികൻ ആയിരുന്നുവെന്നും നാം കണ്ടതാണ്. യുവ ഹെഗേലിയന്മാർ കണ്ടതാകട്ടെ, വൈരുധ്യാത്മകതയിലെ നിരാകരണമാണ് അദ്ദേഹത്തിൻറെ കേന്ദ്ര സിദ്ധാന്തമെന്നാണ്. അതിനാൽ ഏതു ഘടനയെയും സ്ഥാപനത്തെയും വിമർശിക്കാം; ആക്രമിക്കാം, അസ്ഥിരമാക്കാം.
ഹെഗലിൻറെ സിദ്ധാന്തങ്ങളെ വ്യാഖ്യാനിക്കുന്നതിൽ, യുവ ഹെഗേലിയന്മാർ ഒതുങ്ങിയില്ല.ധിഷണാപരമായ മൂന്ന് മേഖലകളിൽ അവർ ഇടപെട്ടു.വിമർശനം വേണ്ടതിനാൽ ലഘു ലേഖകൾ,പുസ്തകങ്ങൾ എന്നിവ വന്നു.ലോകത്തെ മാറ്റി മറിക്കാൻ ഇത് നല്ല വഴിയെന്ന് മാർക്‌സ് കരുതി.സുഹൃത്ത് അർനോൾഡ് റൂജിന് * 1843 ൽ എഴുതിയ കത്തിൽ അദ്ദേഹം ഇത് വ്യക്തമാക്കി:
"നിലനിൽക്കുന്ന എല്ലാറ്റിന്റെയും ദാക്ഷിണ്യമില്ലാത്ത ഖണ്ഡനം.ദാക്ഷിണ്യമില്ലായ്‌മ രണ്ടുതരത്തിൽ:അത് നിഗമനങ്ങളെ ഭയക്കരുത്.സ്ഥാപിത ശക്തികളുമായി സംഘട്ടനത്തിൽ ഏർപ്പെടുന്നതിൽ സങ്കോചമരുത്".
താമസിയാതെ, ലോകത്തെ മാറ്റാനുള്ള വഴി,അധ്വാനിക്കുന്ന വർഗ്ഗത്തിൻറെ സംഘടിത ശക്തിയാണെന്ന നയത്തിലേക്ക് മാർക്‌സ് വഴുതി.
നിരീശ്വരവാദം ആയിരുന്നു രണ്ടാം മേഖല.മനുഷ്യൻറെ രൂപത്തിൽ ദൈവം ഇല്ല.ഇടതു പക്ഷം ഹെഗലിൻറെ സിദ്ധാന്തത്തെ ശീര്ഷാസനത്തിലാക്കി -കേവല സത്യത്തിൻറെ യുക്തി സമഗ്ര വികാസം മനുഷ്യ ലോകത്തിൽ മാത്രമാണെങ്കിൽ,മനുഷ്യനാണ് യഥാർത്ഥ ദൈവം.
ഈ വിചിത്രമായ കണ്ടു പിടിത്തം അവരെ മൂന്നാം മേഖലയിൽ എത്തിച്ചു.മനുഷ്യൻറെ ദൈവികത്വം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.അതിനാൽ,മനുഷ്യന് ദൈവമായി ജീവിക്കാൻ,നില നിൽക്കുന്ന ലോകക്രമത്തെ മാറ്റി മറിക്കുന്ന ലോക വിപ്ലവം ഉണ്ടാകണം.ലോക സ്ഥാപനങ്ങളെ അട്ടിമറിക്കുന്ന ഒരു സംഹാരം.എന്നിട്ട്,ഹെഗലിൻറെ തത്വങ്ങൾ അനുസരിച്ച് പുനർനിർമാണം !
ഈ മൂന്ന് മണ്ഡലങ്ങളാണ്,മാർക്‌സിയൻ ചിന്തയിലെ നിതാന്ത ഘടകങ്ങൾ.
ഹെഗൽ കഴിഞ്ഞാൽ, മാർക്‌സ് വിപുലമായി പകർത്തിയത്,ലുഡ്വിഗ് ഫോയർബാക്കിനെയാണ്.ഹെഗലിനെ വായിച്ചു തീർത്തപ്പോഴാണ്, 1841 ൽ ഒരു ബോംബ് പോലെ ഫോയർബാക്കിന്റെ The Essence of Christianity എന്ന പുസ്തകം വന്നു വീണത്. മാർക്‌സ് ഇച്ഛിച്ച പോലെ, മനുഷ്യനാണ് ദൈവമെന്ന് സമർത്ഥിച്ച ക്രിസ്‌തു മത ഖണ്ഡനമായിരുന്നു, അത്.
പണ്ഡിത കുടുംബത്തിൽ ജനിച്ച ഫോയർബാക്ക് (1804 -1872) തത്വ ചിന്തകൻ മാത്രമല്ല, നരവംശ ശാസ്ത്രജ്ഞനുമായിരുന്നു.യുവ ഹെഗേലിയൻ സംഘത്തോട് ചേർന്ന് നിന്ന അദ്ദേഹത്തിൻറെ ചിന്തകൾ 'വൈരുദ്ധ്യാത്മക ഭൗതിക വാദം' (dialectical materialism) വികസിപ്പിക്കുക മാത്രമല്ല,അദ്ദേഹം ഹെഗലിനും മാർക്‌സിനുമിടയിൽ പാലമാവുകയും ചെയ്‌തു. ഹെഗലിന്റെയും ഫോയർബാക്കിന്റെയും പുസ്തകങ്ങളിലെ ഖണ്ഡികകൾ ചേർത്ത് വച്ചാൽ മാർക്‌സിസം കിട്ടും.
ഹൈഡൽബെർഗ് സർവകലാശാലയിൽ പഠിക്കുമ്പോൾ പുരോഹിതൻ ആവുകയായിരുന്നു ഫോയർബാക്കിന്റെ ലക്ഷ്യം.അദ്ദേഹത്തിൻറെ പ്രൊഫസറായ കാൾ ദോബ്,ഹെഗൽ ചിന്തകളുമായി പരിചയപ്പെടുത്തി.ന്യായാധിപനായ പിതാവിൻറെ ആഗ്രഹം മറികടന്ന് ഫോയർബാക്ക്,ഹെഗലിന് കീഴിൽ തന്നെ പഠിക്കാൻ ബെർലിൻ സർവകലാശാലയിൽ എത്തി.രണ്ടു വർഷം കഴിഞ്ഞ് ഹെഗലിൻറെ സ്വാധീനം ഇറങ്ങി അദ്ദേഹം ഇടതു പക്ഷത്തിൽ എത്തി.ഹെഗലിൻറെ സിദ്ധാന്തം വ്യാഖ്യാനിച്ച്,സ്ഥാപനങ്ങളെ ഖണ്ഡിക്കണമെന്ന് ഇടതു പക്ഷം പറഞ്ഞതിൽ ക്രൈസ്‌തവ സഭയും ഉൾപ്പെട്ടു.മൂന്ന് പുസ്തകങ്ങൾ എഴുതി,വിവാഹം ചെയ്‌ത്,ചെറുകിട പിഞ്ഞാണ ഫാക്റ്ററിയിൽ ഭാര്യയ്ക്കുള്ള ഓഹരിയിൽ ഫോയർബാക്ക് ജീവിച്ചു വരുന്നതിനിടെയാണ് 'ക്രിസ്‌തു മതത്തിൻറെ സത്ത' ജനിച്ചത്.അത് ഇംഗ്ലീഷിലാക്കിയത്,പ്രമുഖ നോവലിസ്റ്റ് ജോർജ് എലിയട്ട് ( മേരി ആൻ ഇവാൻസിന്റെ തൂലികാ നാമം.ആഡം ബീഡ്,മിൽ ഓൺ ദി ഫ്ളോസ്,സൈലാസ് മാർനർ എന്നിവയുടെ കർത്താവ് ) എന്നിവയുടെ കർത്താവ് ) ആയിരുന്നു.
ഹെഗലിൻറെ സിദ്ധാന്തം വ്യാഖ്യാനിച്ച് ഫോയർബാക്ക് അദ്ദേഹത്തിന് മുന്നിൽ തന്നെ വച്ചപ്പോൾ,ഹെഗൽ അതിനെ അനുകൂലിച്ചില്ല.ഫോയർബാക്ക് എഴുതി:"മനുഷ്യന് ദൈവത്തിൽ ആശ്വാസം ഉണ്ടാകണം എങ്കിൽ,സ്വയം ദൈവത്തിൽ കാണണം".അപ്പോൾ,ദൈവം മനുഷ്യൻ തന്നെ;മനുഷ്യൻറെ ആന്തര പ്രകൃതിയുടെ ബാഹ്യ കൽപന.
പിഞ്ഞാണ ഫാക്റ്ററി പൂട്ടിയപ്പോൾ,ദാരിദ്ര്യത്തിലായ ഫോയർബാക്ക് സുഹൃത്തുക്കളുടെ സംഭാവനകൾ വഴി ജീവിതം തള്ളി നീക്കി;1868 ൽ മാർക്‌സിന്റെ 'മൂലധനം' ആദ്യ വാല്യം വായിച്ച ശേഷം,സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു.
ഹെഗലിൻറെ കേവല സത്യ (Absolute) വാദം,പ്രച്ഛന്ന വേഷത്തിൽ ദൈവം മനുഷ്യനായി എത്തി എന്ന ക്രിസ്ത്യൻ സിദ്ധാന്തം തന്നെയാണെന്ന് ഫോയർബാക്ക് വ്യാഖ്യാനിച്ചു.ഹെഗൽ കേവല സത്യത്തിൽ ആരോപിച്ചത്,മനുഷ്യൻറെ ചരിത്ര നേട്ടങ്ങൾ അല്ലാതെ മറ്റൊന്നല്ല.അതിനാൽ,ഹെഗൽ സിദ്ധാന്തം കൊണ്ട് മനുഷ്യനുള്ള ഗുണം,കേവല സത്യത്തെപ്പറ്റി അത് എന്ത് പറയുന്നു എന്നതല്ല,മനുഷ്യ പ്രകൃതിയെപ്പറ്റി അതിലുള്ള കല്പനയാണ്."ഹെഗലിൻറെ തത്വ ചിന്തയുടെ സത്യമറിയാൻ ഹെഗലിനെ ശീര്ഷാസനത്തിൽ നിർത്തണം",ഫോയർബാക്ക് എഴുതി.
അതാണ് മാർക്‌സ് ചെയ്‌തത്.
ബ്രൂണോ ബോയർ |
ഹെഗലിന് എതിരായ ഫോയർബാക്കിന്റെ ആക്രമണത്തിൽ നിന്ന് രണ്ട് ആശയങ്ങൾ മാർക്‌സ് സ്വീകരിച്ചു.ഫോയർബാക്കിന്റെ ഭൗതിക വാദം ഒന്ന്. രണ്ട്, ഹെഗലിനെ തല കീഴായി നിർത്തൽ.അങ്ങനെ ചെയ്‌താൽ, ഭൗതിക ലോകത്തെ മനുഷ്യ ജീവിത സ്വഭാവം വെളിപ്പെടും; ദൈവ പ്രത്യക്ഷം, അപ്രത്യക്ഷമാകും.
സത്യത്തെ ശീർഷാസനത്തിൽ നിർത്തുന്ന ഈ സമ്പ്രദായം,ലോകമാകെ മാർക്സിസ്റ്റുകൾ പകർത്തി; ഗുരുനിന്ദയായി, ഗുരു ദക്ഷിണ.
മാർക്‌സ് 1841 ൽ ഉറ്റ സുഹൃത്ത് ബ്രൂണോ ബോയർ ** പഠിപ്പിച്ചിരുന്ന ബോണിൽ എത്തി. അധ്യാപക ജോലി ആയിരുന്നു ലക്ഷ്യമെങ്കിലും,പ്രഷ്യൻ വിദ്യാഭ്യാസ മന്ത്രി ഏയ്കോൺ,ബോയറെ തന്നെ പിരിച്ചു വിട്ടു.കൊളോണിൽ എത്തി മാർക്‌സ് 'റീനിഷ് ന്യൂസ്'ൻറെ പത്രാധിപരായി.ഭരണകൂടം അത് നിരോധിച്ചു.പാരിസിൽ എത്തി മാർക്‌സ് ജീവിച്ച 1843 -45 ആണ് ആ ചിന്താ ജീവിതത്തിൽ പ്രധാനം.1844 ൽ മാർക്‌സ് The Economic and Philosophic Manuscripts എഴുതി.ആ വേനലിൽ തീർന്ന ഈ പുസ്തകം ജനത്തിൽ നിന്ന് 100 കൊല്ലം മാർക്‌സിസ്റ്റ് ലോകം മറച്ചു വച്ചു.
മോസ്‌കോ മാർക്‌സ് -എംഗൽസ് ഇൻസ്റ്റിട്യൂട്ട്,മാർക്‌സ് -എംഗൽസ് സമ്പൂർണ കൃതികൾ 1932 ൽ പ്രസിദ്ധീകരിച്ചപ്പോൾ മാത്രമാണ് ഇത് വെളിച്ചം കണ്ടത്.പണ്ഡിതനായ ഡേവിഡ് റിയാബാനോവ് ആയിരുന്നു ഇൻസ്റ്റിട്യൂട്ട് ഡയറക്റ്റർ.അദ്ദേഹത്തെ സ്റ്റാലിൻ ശുദ്ധീകരണകാലത്ത് വെടി വച്ച് കൊന്നു.
എന്ത് കൊണ്ട് മാർക്‌സ് ഇത് പ്രസദ്ധീകരിച്ചില്ല?എന്ത് കൊണ്ട് പരാമർശിക്കുക പോലും ചെയ്‌തില്ല?
ഇത് കാണുംവരെ,മാർക്‌സിസം പാകതയുള്ള ഒരു മനുഷ്യനുണ്ടാക്കിയ ശാസ്ത്രമാണെന്ന് പലരും ധരിക്കുകയും ധരിപ്പിക്കുകയും ചെയ്‌തു പോന്നു.അത് ചരിത്രത്തിൻറെ സാമ്പത്തിക,ഭൗതിക വ്യാഖ്യാനമാണെന്നും കരുതിപ്പോന്നു.തൊഴിൽ,വർഗസമരം,വർഗ ബോധം,മുതലാളിത്തത്തെ വിപ്ലവംവഴി അട്ടിമറിക്കൽ എന്നിവയിലാണ് മാർക്‌സ് ചരിത്രത്തിൻറെ അർഥം കണ്ടെത്തിയത് എന്ന് പറഞ്ഞു പോന്നു. സിദ്ധാന്തം എന്ന നിലയിൽ മാർക്സിസത്തിന്,ധാർമികമോ മതപരമോ തത്വശാസ്ത്രപരമോ ആയ അർത്ഥങ്ങൾ ഇല്ലെന്നും ചരിത്ര മാറ്റങ്ങളെ നിയന്ത്രിക്കുന്ന സാമ്പത്തിക നിയമങ്ങളാണ് അത് വിശദീകരിക്കുന്നതെന്നും പ്രചരിപ്പിക്കപ്പെട്ടു.
രണ്ടാം ലോകയുദ്ധ ശേഷമാണ്,മാർക്‌സിന്റെ 'സാമ്പത്തിക തത്വ ശാസ്ത്ര രേഖകൾ' ( പാരീസ് രേഖകൾ ) അറിയപ്പെട്ടത്.അപ്പോൾ,മാർക്സിസത്തിന് മതപരവും ധാർമികവുമായ അടിത്തറ ഉണ്ടെന്നും ലോകവിപ്ലവം വഴി മാനവരാശിയുടെ ധാർമിക പുനർ നിർമാണമാണ് അതിൻറെ ലക്ഷ്യം എന്നുമുള്ള വ്യാഖ്യാനത്തിന് ന്യായമുണ്ടായി.ഇതിന് കൂടി വഴിയുണ്ട്,രണ്ടു മാർക്‌സിസമുണ്ട് എന്നത് കൊണ്ടാണ്,മാർക്‌സിസം ഇന്ന് ചർച്ച ചെയ്യപ്പെടുന്നത്.ആധുനിക മനുഷ്യൻറെ ഏകാകിതയും അന്യവൽക്കരണവും വിഷയമായ ലോകത്ത്,പണമെന്ന വ്യാജ ദൈവത്തെ എതിർക്കുന്ന മതമായി മാർക്‌സിസം പരിണമിച്ചു.മാർക്‌സ് മത നേതാവായി.
അതുകൊണ്ടാണ്,ഇതുവരെയും മാർക്‌സ് അവലംബിച്ചത് തത്വ ചിന്തകരെ ആയിരുന്നുവെന്നും അത് വിച്ഛേദത്തിൻറെ മതശാസ്ത്രമായിരുന്നുവെന്നും പറഞ്ഞു പോന്നത്.മാർക്‌സിന്റെ പിൽക്കാല രചനകളിലെ എല്ലാ ഘടകങ്ങളും പാരീസ് രേഖകളിൽ കാണാം.
--------------------------------------------
*അർനോൾഡ് റൂജ് ( 1802 -1880 ):ജർമൻ ചിന്തകൻ,രാഷ്ട്രീയ സൈദ്ധാന്തികൻ.ലുഡ്വിഗ് റൂജിൻറെ ജ്യേഷ്ഠൻ.മാർക്‌സിന്റെ വിചാര വികാസത്തിലെ പ്രധാന ശക്തി.മാർക്‌സിൽ നിന്നകന്ന് പുസ്തക ശാല ഉടമയായി.
** ബ്രൂണോ ബോയർ ( 1809 -1882 ):ജർമൻ ചരിത്രകാരൻ,തത്വ ചിന്തകൻ.ഹെഗലിൻറെ ശിഷ്യൻ.യുക്തി വാദ,ബൈബിൾ വിമർശകൻ.മാർക്‌സിൽ നിന്നകന്നു ആത്മീയ വാദിയായി.മാർക്‌സ്,ബോയറിൽ നിന്നകന്നതിൻറെ ഫലമാണ്,The Holy Family ( 1845),The German Ideology ( 1846 ) എന്നിവ.
See https://hamletram.blogspot.com/2019/09/blog-post_55.html
No comments:
Post a Comment