Thursday 12 September 2019

മിനർവയുടെ മൂങ്ങ 

അന്ധനായ മാർക്‌സ് 7

ഇംഗ്ലീഷ്,ഫ്രഞ്ച് നവോത്ഥാനങ്ങൾ പോലെ ഒന്ന് മാർക്‌സിന്റെ ജർമനിയിൽ സംഭവിച്ചില്ല.വ്യവസായ വിപ്ലവവും ഉണ്ടായില്ല.മധ്യ വർഗം ഭരണാധികാരത്തെ അട്ടിമറിച്ച വിപ്ലവവും നടന്നില്ല.

ജർമനിയിൽ ഉപരി മധ്യ വർഗം ഉണ്ടായിരുന്നില്ല.ഇംഗ്ലണ്ടിൽ വ്യവസായ വിപ്ലവം നടന്നപ്പോൾ ജർമനി,ഭൂപ്രഭുക്കളും കർഷകരും സാധാരണക്കാരും ചേർന്ന സാമൂഹ്യ വ്യവസ്ഥയിൽ തുടർന്നു.രാഷ്ട്രീയ വിശ്വാസങ്ങൾ അധീശത്വത്തിന്റേതായി നില നിന്നു.കേന്ദ്രീകൃത ഭരണ കൂടവും ഉണ്ടായിരുന്നില്ല.ഡ്യൂക്കുകളുടെ മേഖലകൾ,മാടമ്പിമാരുടെ തോട്ടങ്ങൾ,വൻ നഗരങ്ങൾ,പ്രവിശ്യകൾ,ചെറിയ പട്ടണങ്ങൾ എന്നിവയുടെ സമാഹാരമായിരുന്നു,അത്.

സാംസ്‌കാരിക രംഗത്ത് ലൂഥറൻ പ്രൊട്ടസ്റ്റൻറ് സഭ തല ഉയർത്തി നിന്നു.അതാണ് അവിടെ പ്രൊട്ടസ്റ്റൻറ് നവോത്ഥാനം കൊണ്ട് വന്നത്.കേരളത്തിന് അവരെ പരിചയപ്പെടുത്തേണ്ടതില്ല.സാമുവൽ ഹേബിക്കും ഗുണ്ടർട്ടുമൊക്കെ ചേർന്ന പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനം ഇവിടെയും ഒരു നവോത്ഥാനത്തിന് അക്ഷര വിത്തിട്ടു.ജീവിതാവസാനം വരെ,ലൂഥറൻ പ്രൊട്ടസ്റ്റന്റായി ദൈവഭയത്തോടെ ജീവിച്ച ആളായിരുന്നു,ഹെഗൽ.

ജർമനിയുടെ ധിഷണാ ലോകത്ത് ആത്മവിദ്യ ( Metaphysics ) ആണ് വാണിരുന്നത്.ശാസ്ത്ര,സാങ്കേതികതകൾ അതിനെ തകർക്കും വിധം വളർന്നിരുന്നില്ല.ജ്ഞാനത്തിലേക്ക് ന്യുട്ടൻറെ പുതിയ സിദ്ധാന്തങ്ങൾ നയിക്കുമെന്ന് ആരും കരുതിയില്ല.സ്‌കോട്ടിഷ് ചിന്തകൻ ഡേവിഡ് ഹ്യൂമിന്റെ ( 1711 -1776 )പുരോഗമനപരമായ ജ്ഞാനവാദം ജർമൻ ചിന്തകരെ ആകർഷിച്ചില്ല.സനാതന മൂല്യങ്ങളെയും ശാസ്ത്ര നിയമങ്ങളെയും നിർമാർജനം ചെയ്‌ത്‌ ആ സ്ഥാനത്ത് മൃഗീയതയെ പ്രതിഷ്ഠിക്കുകയാണ് ഹ്യൂo ചെയ്‌തതെന്ന്‌ പതിനെട്ടാം നൂറ്റാണ്ടിലെ ജർമൻ ചിന്തകർ കരുതി.അതുകൊണ്ട് തത്വ ചിന്തയിൽ വേറിട്ടൊരു പാത ജർമനിയിൽ ഉയർന്നു വന്നു.ഇമ്മാനുവൽ കാന്റ് ( 1724 ̨-1804),ഹ്യൂമിന്റെ നാസ്തികത ( Skepticism ) യ്ക്ക് ഉത്തരമായി,'മനസ്സാണ് പ്രകൃതിയുടെ നിയമ കർത്താവ്  (Mind is the lawgiver to nature) എന്ന് സിദ്ധാന്തിച്ചു.ഇത് ഉപനിഷദ് വചനങ്ങളെ ഓർമിപ്പിക്കുന്നു.കാന്റില്ലാതെ ജ്ഞാന ശാസ്ത്രം (epistemology), ആത്മവിദ്യ  (metaphysics),നീതിശാസ്ത്രം ( ethics ),രാഷ്ട്ര മീമാംസ,സൗന്ദര്യ ശാസ്ത്രം എന്നിവ ഇല്ല.രാഷ്ട്രീയമായി ആഗോള ശാന്തി നൽകുന്ന ജനാധിപത്യത്തിന് അദ്ദേഹം നില കൊണ്ടു.കാന്റിന് പാതിരിയുടെ രക്തമാണെന്ന് നീഷേ പുച്ഛിച്ചു.
ഡേവിഡ് ഹ്യൂo 
യുക്തിവാദികളും ജ്ഞാനവാദികളും തത്വശാസ്ത്രത്തെ കൊണ്ട് ചെന്നെത്തിച്ച പ്രതിസന്ധിക്ക് പരിഹാരം കാണുക ദൗത്യമായി കാന്റ് കരുതി അവയെ അദ്ദേഹം സമന്വയിപ്പിച്ചു.'ശുദ്ധ യുക്തിയുടെ വിമർശം'(Critique of Pure Reason) എന്ന വിഖ്യാതമായ രചനയിൽ ,യുക്തിയും മനുഷ്യാനുഭവവും തമ്മിലുള്ള ബന്ധമാണ് അദ്ദേഹം വിശദീകരിച്ചത്.പരമ്പരാഗത തത്വ ചിന്തയും അതി ഭൗതികതയും തത്വ ചിന്തയ്ക്ക് നിർണയിച്ച അതിരുകൾക്കപ്പുറത്തേക്ക് അദ്ദേഹം കടന്നു.മനസ്സാണ് അനുഭവത്തെ നിർണയിക്കുന്നത്;കാര്യകാരണങ്ങൾ പോലെ സ്ഥല കാലങ്ങളും മനുഷ്യാനുഭവത്തിൽ ഒഴിച്ചു കൂടാനാകാത്തതാണ്.നമ്മുടെ ഇന്ദ്രിയങ്ങൾ വഴി പ്രാതിഭാസിക ലോകത്തിൽ നിന്നുള്ള വിനിമയമാണ് അനുഭവജ്ഞാനം.നമുക്ക് അവയുമായി പ്രത്യക്ഷ ബന്ധം ഇല്ല.

പ്രഷ്യയിലെ കോനിഗ്‌സ് ബെർഗിലാണ് കാന്റ് ജനിച്ചത്.പടച്ചട്ട പണിയുന്നയാളായിരുന്നു,പിതാവ്.ജ്ഞാന സ്നാന സമയത്ത് 'എമ്മാനുവൽ'എന്നായിരുന്നു പേരെങ്കിലും,ഹീബ്രു പഠിച്ച ശേഷം അദ്ദേഹം അത് 'ഇമ്മാനുവൽ'എന്ന് മാറ്റി.കാന്റിന്റെ നടത്തം നോക്കിയാണ് അയൽക്കാർ ഘടികാരങ്ങൾ കൃത്യമാക്കിയിരുന്നത് എന്ന് പറയാറുണ്ട്.
അവിവാഹിതനായിരുന്നു.അദ്ദേഹം 16 കിലോമീറ്ററിനപ്പുറം പോയിട്ടില്ല എന്ന് കളിയായി പറയാറുണ്ടെങ്കിലും,അധ്യാപന ജോലി സ്ഥലങ്ങൾ 20 കിലോമീറ്ററും 145 കിലോമീറ്ററും അകലെ ആയിരുന്നു.സർവകലാശാലയിൽ ന്യുട്ടൻറെ പുതിയ ശാസ്ത്രം പരിചയപ്പെട്ടു.ഇത് പരിചയപ്പെടുത്തിയ പ്രൊഫസർ മാർട്ടിൻ നുറ്റ്‌സൻ ആശയവാദത്തിൽ ( idealism ) നിന്ന് കാന്റിനെ അകറ്റി.യാഥാർഥ്യം പൂർണമായും മാനസികമാണ് എന്നതാണ് ഈ വാദം.ആദ്യ പുസ്തകത്തിൽ വികസിപ്പിച്ചത്,അതീത ആശയവാദം (transcendental idealism) ആണ്.

"മനസ്സിൻറെ തത്വശാസ്ത്രം'' എന്ന് ഇരുപതാം നൂറ്റാണ്ടിലെ തത്വ ചിന്തകർ വിളിച്ച പ്രതിഭാസമാണ് കാന്റിനെ അലട്ടിയത്.ബാഹ്യ ലോകത്തു നിന്ന് വിവരങ്ങൾ വന്നു വീഴുന്ന കലിപ്പാത്രമല്ല മനസ്സ് എന്ന് അദ്ദേഹം വിശ്വസിച്ചു.മനസ്സിൽ എത്തുന്ന വിനിമയത്തിന് എവിടെ നിന്നെങ്കിലും ക്രമം ഉണ്ടാകണം.കിട്ടുന്ന കാഴ്ച അത് പോലെ നിൽക്കാൻ ക്രമം വേണം.അതുണ്ടാകുന്നത്,കാലത്തെ സംബന്ധിച്ച മനസ്സിൻറെ ആത്മജ്ഞാനം കാരണമാണ്.

ഇന്ന് 'ശുദ്ധ യുക്തിയുടെ വിമർശം' തത്വ ചിന്തയിലെ പ്രമുഖ പാഠമാണെങ്കിലും,ഇറങ്ങിയപ്പോൾ അത് തിരസ്‌കരിക്കപ്പെട്ടു.'എന്താണ് നവോത്ഥാനം'തുടങ്ങി 1784 മുതലുള്ള പ്രബന്ധങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.
ഇന്ദ്രിയാനുഭൂതികൾ മാത്രമാക്കി ജ്ഞാനത്തെ ചുരുക്കിയ ഹ്യൂമിനാണ് കാന്റ് മറുപടി പറഞ്ഞത്.ന്യുട്ടൻറെ ഭൗതിക തന്ത്രത്തെ ഹ്യുമിൻറെ സംഹാരാത്മകമായ നാസ്തികതയിൽ നിന്ന് അങ്ങനെ രക്ഷിച്ചു.ന്യുട്ടൻറെ ഭൗതിക നിയമങ്ങൾക്ക് ആധാരമായ ആശയങ്ങൾ മനുഷ്യ മനസ്സിലുണ്ട്.ന്യുട്ടൻറെ ഭൗതിക നിയമങ്ങൾക്ക് പ്രകൃതിയിൽ അല്ല,മനുഷ്യ മനസ്സിലാണ് ക്രമം.ദെക്കാർത്തെയും ഹ്യൂമും യുക്തിവാദികളും പറഞ്ഞു പോന്നതിന് വിരുദ്ധമായിരുന്നു,ഇത്.മനസ്സാണ് പ്രകൃതിക്ക് നിയമങ്ങൾ നൽകുന്നത്.കാന്റിൻറെ തത്വശാസ്ത്രത്തോടെ,ലോകക്രമം മനസിനെ ആശ്രയിച്ചായി എന്ന് അമേരിക്കൻ തത്വചിന്തകൻ സി ഐ ലൂയിസ് എഴുതി.അങ്ങനെ കാന്റ് തത്വശാസ്ത്രത്തിൽ പുതിയ വഴി വെട്ടി.മനുഷ്യ ജ്ഞാനത്തിന് ആധാരമായി,അദ്ദേഹം അവൻറെ ആന്തര ലോകത്തെ പ്രതിഷ്ഠിച്ചു.ഇത് പാശ്ചാത്യ തത്വ ശാസ്ത്രത്തെ പിടിച്ചു കുലുക്കിയെങ്കിലും,ഭാരതീയ തത്വശാസ്ത്രത്തിന് പുത്തരിയല്ല.
ഇമ്മാനുവൽ കാന്റ് 
ഒന്ന് വ്യക്തമായി -നാം ജീവിക്കുന്ന ലോകം,നാം സൃഷ്ടിക്കുന്ന ലോകമാണ്.ലോകം ക്രൂരമാണെങ്കിൽ,മനസ്സ് അതിനെ അങ്ങനെ കാണുന്നത് കൊണ്ടാണ്.മനസ്സിലെ വിചാരങ്ങൾ മാറ്റിയാൽ,ലോകവും മാറിയതായി അനുഭവപ്പെടും.ഹിറ്റ്‌ലറെ കുറ്റപ്പെടുത്തുമ്പോൾ ഒരാൾ പറയുന്നത് അയാൾ ഉണ്ടാക്കിയ ലോകത്തെപ്പറ്റിയാണ്.അയാളുടെ മനസ്സ് അയാൾക്കായി ലോകത്തെ അങ്ങനെ പ്രത്യക്ഷമാക്കി.അയാളുടെ വിശ്വാസങ്ങളും മൂല്യങ്ങളും അങ്ങനെ ആയിരുന്നു.സംഭവങ്ങൾ അവയിൽ ഒടുങ്ങുന്നില്ല;അവയെ മനസ്സ് അറിയുന്നതിലും വ്യാഖ്യാനിക്കുന്നതിലുമാണ്,കാര്യം.

ഇങ്ങനെ മനഃശാസ്ത്രം ചിന്തിക്കാൻ തുടങ്ങിയത്,കാന്റ് തത്വശാസ്ത്ര ലോകത്തെ പിടിച്ചു കുലുക്കിയതോടെ ആയിരുന്നു.കാഴ്ച വസ്‌തു ഒരു പരിധി വരെ കാഴ്ചക്കാരൻറെ തന്നെ സൃഷ്ടിയാണ്.സന്ത് ജ്ഞാനേശ്വറിന്റെ ഏറ്റവും വലിയ സംഭാവന നൂറ് പേജ് മാത്രം വരുന്ന 'അമൃതാനുഭവം' ആണ് എന്നാണ് എൻറെ അനുഭവം.ബിംബ / പ്രതിബിംബ ദ്വന്ദ്വത്തിൻറെ ആന്തരിക ലോകത്തേക്കുള്ള യാത്രയാണ്,അത്.കാന്റിൻറെ ബിംബ,പ്രതിബിംബങ്ങൾ ആ ഓർമയെ ഉണർത്തുന്നു.ഹെഗലും മാർക്‌സും ഒടുവിൽ സാർത്രും കാന്റിൽ നിന്ന് മോചിതരായില്ല.

നിങ്ങൾ ഒരു പ്രത്യേക വർഗത്തിലോ സമുദായത്തിലോ സംഘത്തിലോ അംഗമായതിനാൽ,പ്രത്യേക തത്വ ശാസ്ത്രം ആകാമെന്നും ലോകത്തെ ഭിന്നമായി കാണാമെന്നും കരുതുന്നുവെങ്കിൽ,നിങ്ങൾക്ക് ഹെഗൽ,മാർക്‌സ്,സാർത്ര് എന്നിവർക്കൊപ്പം പോകാൻ കഴിയും.ആധുനിക ലോകത്തിൽ ബ്രിട്ടൻ,ഫ്രാൻസ്,ജർമനി എന്നീ ശക്തികൾ ഇങ്ങനെ ലോകത്തെ സ്വന്തം നിലയ്ക്ക് കാണാൻ കഴിയുന്ന തത്വശാസ്ത്രങ്ങൾ രൂപപ്പെടുത്തി.ബ്രിട്ടനിൽ ഹ്യൂമും ഫ്രാൻസിൽ ദെക്കാർത്തെയും ജർമനിയിൽ കാന്റും ഉദാഹരണം.എന്നാൽ ജർമനിയിൽ ആശയവാദം വഴി,കാന്റിനേക്കാൾ വലിയ തട്ടിലായി ഹെഗൽ.1844 ൽ മാർക്‌സ് ഹെഗലിനെപ്പറ്റി എഴുതുമ്പോൾ,അദ്ദേഹത്തിൻറെ The Phenomecnology of
Mind തൻറെ തത്വശാസ്ത്രത്തിൻറെ ജന്മസ്ഥലവും രഹസ്യവുമാണെന്ന് മാർക്‌സ് വിശേഷിപ്പിച്ചു.*

പ്രപഞ്ചത്തിൻറെ ആത്മീയ വശത്തെ കുറിക്കാനാണ്,ഹെഗൽ ആത്‌മാവ്‌ എന്നോ മനസ്സ് എന്നോ പറയാവുന്ന Geist എന്ന വാക്ക് ഉപയോഗിച്ചത്.പ്രപഞ്ച മനസ്സ് എന്ന അർത്ഥത്തിൽ.ഈ പ്രപഞ്ച മനസ്സിൻറെ പരിമിതമായ പ്രത്യക്ഷങ്ങളാണ് ഓരോ മനുഷ്യൻറെയും മനസ്സ്.പ്രപഞ്ച മനസ്സ് എന്നാൽ ദൈവമാണോ അതോ ഹെഗൽ ദൈവത്തെ പ്രപഞ്ചമനസ്സുമായി ചേർന്ന് കാണുകയാണോ എന്നെല്ലാം ധാരാളം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രപഞ്ച മനസ്സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്,വ്യക്തി മനസ്സുകളായാണെന്ന് മനോ വികാസത്തെപ്പറ്റി ഹെഗൽ പറയുന്നു.വ്യക്തി മനസ്സിന് ആത്മ ബോധമില്ല.അത് സ്വതന്ത്രമല്ല.അത് വികസിച്ച് പൂർണ ആത്മബോധവും സ്വാതന്ത്ര്യവുമുള്ള പ്രപഞ്ച മനസ്സായി മാറുന്നു.ഈ വികാസം ചരിത്രപരമോ യുക്തിപരമോ അല്ല.രണ്ടും ചേർന്നതാണ്.വ്യക്തിയുടെ പാതയിലൂടെ പ്രപഞ്ച മനസ്സിൻറെ സഞ്ചാരമാണ്,ചരിത്രം.

പ്രപഞ്ച മനസ്സിൻറെ വികാസം ദ്വന്ദ്വാത്മകം ആണ് -Dialectical.ഇതിനെ തന്നെയാണ്,വൈരുധ്യാധിഷ്ഠിതം എന്ന് പറയുന്നത്.ഇത് മാർക്‌സ് അതേ പടി മോഷ്ടിച്ചതിനാൽ എന്താണ് ദ്വന്ദ്വാത്മകം എന്ന് വിശദീകരിക്കാം.
ഹെഗലിൻറെ The Phenomenology of Mind ലെ ഏറ്റവും കൊണ്ടാടപ്പെട്ട ഭാഗം,ഉടമ ( Master ) യും അടിമ ( Slave ) യും തമ്മിലുള്ളതാണ്.ഇതിൽ നിന്നുതന്നെ ദ്വന്ദ്വാത്മകം പിടി കിട്ടും.അതിൽ നിന്നാണ് മാർക്‌സിന്റെ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധം വരുന്നത്.രണ്ടു വ്യക്തികളെ എടുക്കാം.അവർക്ക് അവരുടെ സ്വാതന്ത്ര്യത്തെപ്പറ്റി അറിയാം.എന്നാൽ പ്രപഞ്ച മനസ്സിൻറെ ഘടകങ്ങൾ എന്ന നിലയിലുള്ള പൊതു സ്വഭാവത്തെപ്പറ്റി അറിയില്ല.ഒരാൾ മറ്റെയാളെ ശത്രുവായി കാണുന്നു-തൻറെ ശക്തിക്ക് പരിമിതി ഉയർത്തുന്നയാൾ.ഈ നില അസ്ഥിരമാണ്.തുടർന്നുള്ള പോരാട്ടത്തിൽ ഒരാൾ മറ്റെയാളെ കീഴ്പെടുത്തി അടിമയാക്കുന്നു.ഉടമ / അടിമ ബന്ധവും സ്ഥിരമല്ല.തുടക്കത്തിൽ ഉടമ എല്ലാമാണെന്നും അടിമ ഒന്നുമല്ലെന്നും തോന്നാം.എന്നാൽ,അടിമയുടെ അധ്വാനമാണ് ലോകത്തെ മാറ്റുന്നത്.ഇങ്ങനെ ലോകത്തിന് മേൽ തൻറെ പ്രകൃതിയും ബോധവും ഉറപ്പിക്കുന്ന അടിമ,തൃപ്തനാവുകയും ആത്മബോധം ഉറപ്പിക്കുകയും ചെയ്യുന്നു.ഉടമ,അടിമയെ ആശ്രയിച്ചു കഴയുന്നവനാണ്.ആത്യന്തിക ഫലം അടിമയുടെ മോചനവും രണ്ടു വ്യക്തികൾ തമ്മിൽ ആദ്യമുണ്ടായിരുന്ന സംഘർഷത്തിൻറെ അതിജീവനവുമാണ്.

ഇത്രയും ഹെഗൽ പറഞ്ഞതാണ്;അപ്പോൾ മാർക്സിനു മൗലികതയുണ്ടോ എന്ന് ചോദിച്ചു തുടങ്ങാം.

ഇത്,ഹെഗലിൻറെ പുസ്തകത്തിലെ ചെറിയ ഖണ്ഡം മാത്രമാണ്.വൈരുധ്യത്തെയും സംഘർഷത്തെയും അതിജീവിച്ചു കൊണ്ടുള്ള മനസ്സിൻറെ വികാസമാണ് ഹെഗൽ  ചർച്ച ചെയ്യുന്നത്.മനസ്സ് പ്രകൃത്യാ പ്രാപഞ്ചികമാണ്.പരിമിത രൂപത്തിൽ,വ്യക്തികളുടെ മനസ്സ് എന്ന നിലയിൽ,സ്വന്തം പ്രാപഞ്ചിക സ്വഭാവത്തെപ്പറ്റി അതിന് അറിയില്ല.അങ്ങനെ പ്രപഞ്ച മനസ്സിനെ അറിയാത്ത വ്യക്തി മനസ്സ്,അതിൽ നിന്ന് തന്നെ അന്യവൽക്കരിക്കപ്പെട്ടതാണ് -Alienation.അതായത്,പ്രപഞ്ച മനസ്സിൻറെ പ്രത്യക്ഷമായ വ്യക്തി,പ്രപഞ്ച മനസ്സിൻറെ തന്നെ പ്രത്യക്ഷമായ അന്യവ്യക്തിയെ വിദേശിയായും ശത്രുവായും തന്നിൽ നിന്ന് ബാഹ്യമായ ഒന്നായും കാണുന്നു.എല്ലാം മഹത്തായ ഒന്നിൻറെ ഘടകങ്ങളാണ്.
ഈ അന്യവൽകൃത അവസ്ഥയിൽ മനസ്സ് സ്വതന്ത്രമാവില്ല.ആ നിലയിൽ അത് എതിർപ്പ് കാണുകയും സ്വന്തം വികാസത്തിന് അതിരു കൽപിക്കുകയും ചെയ്യുന്നു.പ്രപഞ്ച മനസ്സ് അനന്തവും സർവ്വാന്തര്യാമിയും ആയതിനാൽ,എതിർപ്പും അതിരുകളും തോന്നലുകൾ മാത്രമാണ്.മനസ്സ് സ്വയം തിരിച്ചറിയാതെ,സ്വയം അന്യനും ശത്രുവുമായി കാണുകയാണ്.ഈ അന്യശക്തികൾ മനസിൻറെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു.മനസ്സിന് അതിൻറെ അനന്തമായ ഫലമറിയാതെ,ആ ബലം സ്വന്തം പദ്ധതികൾക്ക് അനുസരണമായി ലോകത്തെ സംഘടിപ്പിക്കാൻ ഉപയോഗിക്കാൻ ആവില്ല.

മനസ്സിൻറെ ദ്വന്ദ്വാത്മക വികാസം,ഹെഗലിൻറെ തത്വ ചിന്തയിൽ,സ്വാതന്ത്ര്യത്തിലേക്കാണ്."ലോകചരിത്രം,സ്വാതന്ത്ര്യ ബോധത്തിൻറെ വികാസമല്ലാതെ മറ്റൊന്നുമല്ല",ഹെഗൽ എഴുതി.പാശ്ചാത്യ തത്വചിന്തയിൽ ഹെഗലിൻറെ പുസ്തകം ഇതിഹാസമായി.
മനസ്സിന് അതിൻറെ യഥാർത്ഥ സ്വഭാവം വെളിവാക്കി കൊടുക്കാനുള്ള പ്രപഞ്ച മനസ്സിൻറെ യാത്രയാണ് ചരിത്രം എങ്കിൽ,ഹെഗൽ ഈ രചന വഴി മനസ്സിനെ അറിഞ്ഞതോടെ ചരിത്ര ലക്ഷ്യം സാദിച്ചല്ലോ എന്ന ചോദ്യമുണ്ട്.ഹെഗലിനെക്കാൾ ചെറിയ എഴുത്തുകാരൻ ഈ ചോദ്യം വന്നാൽ തകർന്നേനെ.പ്രപഞ്ച മനസ്സ് എന്ന സങ്കൽപം മാറ്റിവച്ചാൽ തന്നെയും ഹെഗലിൽ ചർച്ച ചെയ്യാനൊരുപാടുണ്ട്.അത് മാറ്റിയാൽ മനുഷ്യൻറെ സ്വാതന്ത്ര്യ യാത്രയാണ്,ചരിത്രം,പ്രപഞ്ച മനസ്സ് മാനവരാശിയുടെ സമഗ്ര മനസ്സാകാം.
മിനർവ 
ഹെഗലിൽ നിന്ന് ദൈവത്തെ വിച്ഛേദിച്ചവരാണ് ഇങ്ങനെ ചിന്തിച്ചത്.ഇവർ യുവ ഹെഗേലിയന്മാർ ( Young Hegelians ) എന്നറിയപ്പെട്ടു,അവരിൽ ഒരാളായിരുന്നു,സർവകലാശാല വിദ്യാർത്ഥിയായ മാർക്‌സ്.യാഥാസ്ഥിതിക ഹെഗേലിയന്മാരാകട്ടെ,പ്രപഞ്ച മനസ്സിൻറെ ലോക പ്രത്യക്ഷമാണ് മാനവരാശി എന്നതിനാൽ,ഇവിടെ സംഭവിക്കുന്നതൊക്കെ സത്യവും യുക്തിസഹവും ആണെന്ന് കണ്ടു-The Real is the Rational.
ഈ പുസ്തകത്തിലെക്കാൾ പാകതയുള്ള ഹെഗലിനെ 1821 ൽ പ്രസിദ്ധീകരിച്ച Philosophy of Right ( നന്മയുടെ തത്വശാസ്ത്രം ) എന്ന പുസ്തകത്തിൽ കാണാം എന്ന് കരുതുന്നവരുണ്ട്.അതിലാണ്,ലോക തത്വശാസ്ത്രത്തിൽ വിഖ്യാതമായ ഈ വാചകം വന്നത്:

"The owl of Minerva spreads its  wings and takes flight only when the shades of night are falling."
മിനർവയുടെ മൂങ്ങ ചിറകുകൾ വീശി പറക്കുന്നത്,രാത്രിയുടെ നിഴൽ പരക്കുമ്പോഴാണ്.

ജ്ഞാനത്തിൻറെ റോമൻ ദേവതയാണ്,മിനർവ.പാരമ്പരാഗതമായി ഈ ദേവതയുടെ ബിംബമാണ്,വിവേകശാലിയായി കരുതപ്പെടുന്ന മൂങ്ങ.മിനർവയുടെ മൂങ്ങ എന്നാൽ തത്വ ശാസ്ത്രം തന്നെ.ഒരു ചരിത്ര സന്ദർഭത്തെ,അത് കടന്നു പോകുമ്പോൾ മാത്രമേ തത്വശാസ്ത്രത്തിന് മനസ്സിലാകൂ എന്നർത്ഥം.

ഒരു സംസ്കാരത്തിൻറെ യാഥാർഥ്യത്തെ തത്വശാസ്ത്രം തിരിച്ചറിയുന്നത്,ആ സംസ്‌കാരം പാകമായി പഴുക്കുകയും അതിൻറെ അതീത സത്യം ( Absolute ) വെളിവാക്കുകയും ചെയ്യുമ്പോഴാണ്.ഈ സമയമാകുമ്പോഴേക്കും,സമൂഹത്തിന് മാറാൻ കഴിയില്ല.തത്വ ശാസ്ത്രത്തിന് ജ്ഞാനമുദിക്കുന്നത്,വൈകി മാത്രമാണ്.സമൂഹത്തിന് അത് എന്താണെന്ന് മനസ്സിലാക്കി കൊടുക്കാനേ തത്വശാസ്ത്രത്തിന് കഴിയൂ.അതിന് മാറ്റി മറിക്കാൻ കഴിയില്ല.സമൂഹത്തെ വലയം ചെയ്‌തിരിക്കുന്ന ആത്യന്തിക സത്യത്തെ വെളിവാക്കാനേ കഴിയൂ.

മാർക്‌സിനെപ്പോലുള്ളവർ വിഭാവനം ചെയ്യുന്ന മാറ്റി മറിക്കലുകൾ സ്വാഭാവികം അല്ലെന്നും അത്തരം അവിഹിത വിപ്ലവ ഗര്ഭധാരണം സമൂഹത്തിൽ സാധ്യമല്ലെന്നും അർത്ഥം.അത് കൊണ്ട് ഹെഗലിൻറെ ഈ വാചകത്തിനെതിരെ മാർക്സിന്റെ പ്രസിദ്ധമായ മറുപടി വന്നു:
The philosphers have so far only interpreted the world in various ways;the point, however, is to change it.**

തത്വ ചിന്തകർ ഇതുവരെ ലോകത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളു;അതിനെ ഇനി മാറ്റുകയാണ് വേണ്ടത്.

പാകതയെ അതില്ലായ്‌മ കൊണ്ട് വെട്ടുന്ന കാഴ്ചയാണ്,ഇത്.
--------------------------------------
*Karl Marx: A Biography/ David Mc Lellan 
** The Economic and political Manuscripts p 98.

See https://hamletram.blogspot.com/2019/09/blog-post_12.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...