Thursday 12 September 2019

അയാൾക്ക് എന്നെ മനസ്സിലായില്ല 

അന്ധനായ മാർക്‌സ് 6 

ബെർലിൻ സർവകലാശാലയിൽ നിയമം പഠിക്കുമ്പോഴാണ് (1841),മാർക്‌സ് ഹെഗലിനെ കണ്ടെത്തുന്നത്.കവിത ഉപേക്ഷിച്ച് ,തത്വചിന്ത അന്വേഷിച്ചു.

പതിനേഴാം വയസിൽ (1835) ബോൺ സർവകലാശാലയിൽ പഠനം തുടങ്ങിയെങ്കിലും ഒരു വർഷത്തിന് ശേഷം മാർക്സിനെ പിതാവ് ഹെൻറിച്ച് അരാജകത്വം നിമിത്തം അവിടന്ന് മാറ്റുകയായിരുന്നു. കുടുംബത്തിന് താങ്ങാൻ ആവുന്നതിനേക്കാൾ പണം മാർക്‌സ് ചെലവിട്ടു. ഇങ്ങനെ ചെലവാക്കൽ ആയുഷ്‌കാല ശീലമായി. പഠിക്കുമ്പോൾ ട്രയർ ടാവേൺ മദ്യ ക്ലബിലെ 50 അംഗങ്ങളിൽ ഒരാളായി. അതിൻറെ അഞ്ചു പ്രസിഡന്റുമാരിൽ ഒരാളുമായി. മാർക്സിനെ രാത്രി കുടിച്ചു ബഹളമുണ്ടാക്കിയതിന് സർവകലാശാല 24 മണിക്കൂർ തടവിലിട്ടു. 

1836 ൽ രണ്ടു ചേരികളായി വിദ്യാർത്ഥികൾ തിരിഞ്ഞ്‌ നടത്തിയ സംഘട്ടനത്തിൽ മാർക്സിന് ഇടതു കണ്ണിന് മുകളിൽ പരുക്കേറ്റു. ആയുധങ്ങൾ കൈവശം വച്ചതിന് മാർക്സിനെ പിടിച്ചെങ്കിലും അന്വേഷണം മുന്നോട്ട് പോയില്ല (1). ഇങ്ങനെ ബോണിൽ ഒരു വർഷം തുലച്ചപ്പോഴാണ്,മാർക്സിനെ ബെർലിൻ സർവകലാശാലയിലേക്ക് മാറ്റിയത്. അപ്പോൾ ജെന്നിയുമായി മനസമ്മതം കഴിഞ്ഞിരുന്നു. മാർക്‌സിന്റെ ജൂത കുടുംബം നേരത്തെ ക്രിസ്‌തു മതത്തിലേക്ക് മാറിയിരുന്നു.


മാർക്സിന്റെ ചിന്തയെ മാറ്റിമറിച്ച ലുഡ്വിഗ് ഫോയർബാക്ക് ( 1804 -1872 ) ഇതിന് പത്തു കൊല്ലം മുൻപ് ബെർലിൻ സർവകലാശാലയിൽ പഠിച്ചു.ബോണിലും ബെർലിനിലെ ആദ്യ ശിശിരത്തിലും മാർക്‌സ് എഴുതിയ പ്രണയ കവിതകൾ നഷ്ടപ്പെട്ടു.ഹെയിൻ,ഗൊയ്ഥെ,ഷില്ലർ എന്നീ കവികൾ ആയിരുന്നു പ്രചോദനം.ലെസ്സിങ്,സോൾജർ,വിങ്കൽമാൻ എന്നിവരുടെ രചനകളിൽ നിന്നുള്ള ഭാഗങ്ങൾ അദ്ദേഹം പകർത്തി എഴുതി.വായിക്കുന്ന പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ പകർത്തി സ്വന്തം നിരീക്ഷണങ്ങൾ എഴുതി വയ്ക്കുന്ന ശീലം ജീവിതകാലം മുഴുവൻ നില നിന്നു.ഒരു ഹാസ്യ നോവൽ ഏതാനും അധ്യായങ്ങൾ എഴുതി.Scorpion and Felix എന്ന ഈ നോവലിലെ ഹാസ്യ കവിതകളിലാണ് ആദ്യമായി മാർക്‌സ്,തത്വ ചിന്തകരായ ഹെഗൽ,കാന്റ്,ഫിഷ്‌ടെ ( 2 ) എന്നിവരെ പരാമർശിച്ചത്.ഹെഗൽ ഈ നോവലിൽ അഹങ്കാരിയും അവ്യക്തതയുള്ളവനുമാണ്.

സർവകലാശാല നിയമവകുപ്പിൽ ഹെഗലിൻറെ നിലപാട് പ്രസംഗിച്ചിരുന്നത്,എഡ്വേർഡ് ഗൻസ് ആയിരുന്നു.ജൂതനായ ഗൻസ് 1930 ലെ ഫ്രഞ്ച് വിപ്ലവത്തെ അനുകൂലിച്ചു.ചരിത്രത്തിൻറെ യുക്തിസഹമായ വികാസം എന്ന ഹെഗലിൻറെ ആശയം വിശദീകരിച്ചു.ബ്രിട്ടീഷ് മാതൃകയിലെ രാജഭരണത്തിനായി നില കൊണ്ടു.'തൊഴിലാളി വർഗ്ഗവും മധ്യ വർഗ്ഗവും തമ്മിലുള്ള സമര'ത്തിന് പരിഹാരം കാണാൻ ആഗ്രഹിച്ചു.എതിർ വാദം അവതരിപ്പിച്ചത്,നിയമചരിത്ര വകുപ്പിലെ കാൾ വോൺ സാവിഗ്‌നി ആയിരുന്നു.അദ്ദേഹം നിയമത്തിന് സാധ്യത കണ്ടെത്തിയത്,സിദ്ധാന്തങ്ങളിൽ അല്ല,പൈതൃകത്തിലും ആചാരത്തിലും  ആയിരുന്നു.നിയമവകുപ്പിൽ ഫ്രഞ്ച് വിപ്ലവ തത്വങ്ങളും പ്രതികരണങ്ങളും ഏറ്റുമുട്ടി.'എന്താണ്?','എന്തായിരിക്കണം ?' എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി മാർക്‌സ് 300 പേജിൽ എഴുതി.ഈ രണ്ടു ചോദ്യങ്ങൾക്കും ഇടയിലെ വിടവ് പൂരിപ്പിച്ചത് ഹെഗൽ ആണെന്ന് മാർക്‌സ് കണ്ടെത്തി.

ഉറക്കമിളച്ചുള്ള തലച്ചോറിൻറെ അധ്വാനം,മാർക്സിനെ രോഗിയാക്കി.കുടുംബത്തിൽ പലരെയും ബാധിച്ച ക്ഷയ ലക്ഷണങ്ങൾ കണ്ടു.ശ്വാസകോശങ്ങൾ ദുർബലമായി.രക്തം ഛർദിക്കുകയാൽ,മാർക്സിനെ പട്ടാള സേവനത്തിൽ നിന്നൊഴിവാക്കി.ഡോക്റ്റർ വിശ്രമം വിധിച്ചപ്പോൾ,ബെർലിന്‌ പുറത്തെ സ്ട്രാലോ എന്ന ഗ്രാമത്തിലേക്ക് പോയി ചിന്തകൾ തീവ്രമായി മാറി.മാർക്‌സ് എഴുതി ( 3 ):

"യവനിക വീണു.എൻറെ ഹൃദയ അൾത്താര നെടുകെ പിളർന്നു.പുതിയ ദൈവങ്ങളെ പ്രതിഷ്ഠിക്കേണ്ടി വന്നു.കാന്റിന്റെയും ഫിഷ്‌ടെയുടെയും ആശയവാദം ഞാൻ ഉപേക്ഷിച്ചു.ആശയത്തെ യാഥാർഥ്യത്തിൽ തന്നെ കാണാൻ ശ്രമിച്ചു.മുൻപ് ദൈവങ്ങൾ ഭൂമിക്ക് മുകളിലാണ് വസിച്ചത് എങ്കിൽ ഇപ്പോൾ അവ കേന്ദ്രത്തിലായി."

ഇതുവരെ ഹെഗലിൻറെ ആശയ യുക്തിവാദം നിരസിക്കുകയും ഭൗതിക യാഥാർഥ്യത്തിന് മുകളിലാണ് ദൈവം എന്ന് നിനച്ച് കാന്റിനെയും ഫിഷ്‌ടെയെയും അനുഗമിക്കുകയും ചെയ്ത മാർക്‌സ് അത് കാല്പനികമായ ആത്മനിഷ്ഠത ആണെന്ന് കണ്ടു.സത്യം യാഥാർഥ്യത്തിൽ അന്തർലീനമാണെന്ന് തോന്നി.മാർക്‌സ്, ഹെഗലിയനിസത്തിലേക്ക് മാറി.1818 -31 ൽ ബെർലിൻ സർവകലാശാലയിൽ ഫിലോസഫി പ്രൊഫസറായിരുന്ന ഹെഗലിൻറെ സിദ്ധാന്തങ്ങൾ തന്നെ ആയിരുന്നു അന്ന് ബെർലിനിൽ വേരാഴ്ത്തിയ തത്വചിന്ത.

ഇന്ന് പാശ്ചാത്യ തത്വ ചിന്താ ലോകത്ത് വിശുദ്ധ പദവിയുള്ളയാളാണ്,ജോർജ് വിൽഹെം ഫ്രഡറിക് ഹെഗൽ (1770 -1831 ).അദ്ദേഹത്തിൻറെ കേവല ആശയ വാദം ( Absolute Idealism ) ,മനസ്സ് / പ്രകൃതി,ദ്രഷ്ടാവ് / വസ്‌തു എന്നീ ദ്വന്ദ്വങ്ങളെ സമന്വയിപ്പിക്കുന്ന ആത്മാവിൻറെ  തത്വ ചിന്തയാണ്.അത് മനഃശാസ്ത്രം,ഭരണകൂടം,ചരിത്രം,കല,മതം,തത്വചിന്ത എന്നിവയെ ആത്മാവുമായി ബന്ധിപ്പിക്കുന്നു.Geist എന്ന ജർമൻ വാക്കാണ് അതിൽ മുഴങ്ങുന്നത്.അതിന് ആത്മാവ് എന്നോ മനസ് എന്നോ പറയാം.അദ്ദേഹം ആവിഷ്‌കരിച്ച അടിമ / ഉടമ ദ്വന്ദ്വo,ഇരുപതാം നൂറ്റാണ്ടിലെ ഫ്രാൻസിനെ സ്വാധീനിച്ചു.യുക്തിസഹമായ ആശയം അഥവാ സത്യത്തിൻറെ ചരിത്രപരമായ പ്രത്യക്ഷമാണ് ആത്മാവ് / മനസ്സ് എന്ന അദ്ദേഹത്തിൻറെ പ്രസ്താവനയും ഒറ്റ നോട്ടത്തിൽ വിരുദ്ധമെന്ന് തോന്നുന്ന ഘടകങ്ങൾ സമന്വയിക്കുന്നു എന്ന നിരീക്ഷണവും വിശേഷ ശ്രദ്ധ ആകർഷിച്ചു.ഈ വൈരുധ്യത്തിൽ പെട്ടതാണ്,പ്രകൃതി / സ്വാതന്ത്ര്യം,സർവത്വം ( Immanence )/ അതീതം എന്നിവ.ശരിക്കും ജൊവാൻ ഗോറ്റ്‌ലിബ് ഫിഷ്‌ടെ ( Fichte ) പ്രയോഗിച്ചതാണെങ്കിലും,കൃത്യമായ അർത്ഥത്തിൽ വാദം ( Thesis ),പ്രതിവാദം (Antithesis ),സമന്വയം ( Synthesis ) എന്ന ത്രിത്വത്തിൻറെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്.ഹെഗൽ ആണ്.മാർക്‌സ് മാത്രമല്ല,ഫ്രഡറിക് നീഷേയുടെ തത്വ ചിന്തയും പ്രതിഭാസിക ശാസ്ത്രം ( Phenomenology ),മാനസിക അപഗ്രഥനം ( Pycho Analysis ) എന്നിവയും തുടങ്ങിയത്,ഹെഗലിൽ തന്നെ.
ഫിഷ്‌ടെ 
തെക്കുപടിഞ്ഞാറൻ ജർമനിയിലെ സ്റ്ററ്റ്ഗാർട്ടിൽ ആണ് ഹെഗൽ ജനിച്ചത്.പിതാവ് ഡ്യൂക്കായ കാൾ യൂജന്റെ റവന്യു സെക്രട്ടറിയും അമ്മ വക്കീലിൻറെ മകളും ആയിരുന്നു.ഹെഗലിന് 13 വയസുള്ളപ്പോൾ കുടലിൽ പനി വന്ന് അമ്മ മരിച്ചു.സഹോദരൻ നെപ്പോളിയൻ പട്ടാളക്കാരനായി 1812 ലെ റഷ്യൻ പോരാട്ടത്തിൽ കൊല്ലപ്പെട്ടു.കൗമാരത്തിൽ നവോത്ഥാന രചനകൾ വായിച്ചു.18 വയസിൽ ട്യൂബിങ്ങൻ സർവകലാശാല പ്രൊട്ടസ്റ്റന്റ് സെമിനാരിയിൽ ചേർന്നപ്പോൾ കൂടെ താമസിച്ചിരുന്നവർ ആയിരുന്നു,കവി ഫ്രഡറിക് ഹോൾഡർലിനും തത്വചിന്തകൻ ഫ്രഡറിക് ഷെല്ലിംഗും.മാർക്‌സും തത്വചിന്തകൻ കീർക്കെഗാദും ഷെല്ലിംഗിൻറെ പ്രഭാഷണങ്ങൾ കേട്ടവരായിരുന്നു.സെമിനാരിയിലെ കർക്കശ അന്തരീക്ഷം വെറുത്ത് മൂവരും ആത്മ സുഹൃത്തുക്കളായി.ഗ്രീക്ക് സംസ്‌കാരത്തെ സ്നേഹിച്ചു.ഹെഗൽ, റൂസോ,കവി ഗോത്തോൾഡ് ലെസ്സിങ് എന്നിവരെ ആരാധിച്ചു.ഫ്രഞ്ച് വിപ്ലവം കണ്മുന്നിൽ അരങ്ങേറുന്നത് ഉത്സാഹത്തോടെ കണ്ടു നിന്നു.ഷെല്ലിംഗും ഹോൾഡർലിനും കാന്റിൻറെ തത്വശാസ്ത്രം ചർച്ച ചെയ്‌തപ്പോൾ ഹെഗൽ മാറി നിന്നു.കടുകട്ടി തത്വശാസ്ത്രം ലളിതമായി ജനത്തോട് പറയാൻ ഹെഗൽ ആഗ്രഹിച്ചു.

ദൈവശാസ്ത്ര സർട്ടിഫിക്കറ്റ് കിട്ടി ചില കുലീന കുടുംബങ്ങളിൽ അധ്യാപകനായ ഹെഗൽ ആദ്യം എഴുതിയത്,'യേശുവിൻറെ ജീവിതം' ആണ്.ക്രിസ്‌തു മതത്തെപ്പറ്റിയും എഴുതി.തുടർന്ന് വന്ന Fragments on Religion and Love ആണ് ആദ്യം മാർക്‌സ് വായിച്ചത്.'ക്രിസ്‌തു മതത്തിൻറെ മനസ്സും വിധിയും ' എന്ന എന്ന അടുത്ത പ്രബന്ധം ഹെഗലിൻറെ മരണാനന്തരം പ്രസിദ്ധീകരിച്ചു.'ഫിഷ്‌ടെ,ഷെല്ലിംഗ് എന്നിവരുടെ തത്വചിന്തയിലെ വൈജാത്യങ്ങൾ'ആയിരുന്നു ആദ്യ പുസ്തകം.ഷെല്ലിംഗും ഹെഗലും തത്വചിന്താ മാസികയും ഇറക്കി.

ജേന സർവകലാശാലയിൽ ജേക്കബ് പ്രൈസ് എന്ന എതിരാളിക്ക് ഉദ്യോഗക്കയറ്റം നൽകിയതിൽ പ്രതിഷേധിച്ച് കവിയും സാംസ്‌കാരിക മന്ത്രിയുമായ ഗൊയ്ഥെയ്ക്ക് കത്തെഴുതി സാമ്പത്തിക പ്രയാസം അനുഭവിക്കുമ്പോഴാണ്,Phenomenology of Spirit എന്ന പ്രാമാണിക ഗ്രൻഥം ഹെഗൽ തീർത്തത്.അപ്പോൾ ജെനയിൽ നെപ്പോളിയൻ പ്രഷ്യൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയായിരുന്നു.ദാരിദ്ര്യം കൊടികുത്തിയ നേരത്ത് വീട്ടുടമസ്ഥയിൽ ഹെഗലിന് അവിഹിത സന്തതി ഉണ്ടായി -വാടക കുടിശ്ശിക അതിൽ തട്ടിക്കിഴിച്ചു കാണണം.1807 ൽ ഹാംബർഗിൽ പത്രാധിപരായി.സെനറ്ററുടെ മകൾ മേരിയെ വിവാഹം കഴിച്ച ശേഷം രണ്ടാമത്തെ പ്രധാന പുസ്തകം വന്നു -The Science of Logic.ഫിഷ്‌ടെ മരിച്ച ശേഷം ബെർലിൻ സർവകലാശാലയിൽ ആ സ്ഥാനത്ത് ഹെഗൽ എത്തി.1831 നവംബർ 14 ന് കോളറ വന്ന് അന്ത്യശ്വാസം വലിക്കുമ്പോൾ ഹെഗൽ പറഞ്ഞു:"അയാൾക്ക് എന്നെ മനസ്സിലായില്ല".

അത് ആരെപ്പറ്റി എന്നറിയില്ല.പിന്നെയും പത്തു വർഷം കഴിഞ്ഞാണ് മാർക്‌സ് ഹെഗലിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് എന്നതിനാൽ,മാർക്‌സിനെപ്പറ്റി അല്ല.
വോൾട്ടെയർ 
ഫ്രഞ്ച് വിപ്ലവം ( 1789 -90 ) മേരി അന്റോയ്‌നെറ്റ് രാജ്ഞിയുടെയും മാടമ്പികളുടെയും ജനശത്രു എന്ന് കരുതിയ ഏതൊരുവൻറെയും തല കൊയ്‌തതോടെ,നവോത്ഥാന കാലത്തിന് അന്ത്യമായി.1685 ൽ തുടങ്ങിയ നവോത്ഥാനം 1815 വരെ,വിപ്ലവം കഴിഞ്ഞും നില നിന്നു.നവോത്ഥാനകാല തത്വ ചിന്ത പ്രചോദിപ്പിച്ച മൂന്നാം വിപ്ലവമായിരുന്നു,ഫ്രഞ്ച് വിപ്ലവം.1688 ൽ ഇംഗ്ലണ്ടിലെ ജെയിംസ് രണ്ടാമനെ അദ്ദേഹത്തിൻറെ പ്രൊട്ടസ്റ്റന്റായ മകൾ മേരിയുടെ ഭർത്താവ്,ഡച്ച് രാജകുമാരൻ ഓറഞ്ചിലെ വില്യമിൻറെ സഹായത്തോടെ ഒരുകൂട്ടം പാർലമെൻറ് അംഗങ്ങൾ സ്ഥാനഭ്രഷ്ടൻ ആക്കിയതാണ് ആദ്യ വിപ്ലവം.കത്തോലിക്കാ അനന്തരാവകാശം പിഴുതെറിഞ്ഞ ആ വിപ്ലവം ഇംഗ്ലണ്ടിൽ വിഗ് ചരിത്രത്തിന് അടിത്തറ പാകി.
പതിമൂന്ന് അമേരിക്കൻ കോളനികൾ ബ്രിട്ടനെതിരെ പോരാടി ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിച്ചതാണ് രണ്ടാം വിപ്ലവം ( 1765 -1783 ).

ഫ്രഞ്ച് വിപ്ലവം നടക്കുമ്പോൾ രാജാധികാരം ഫ്രാൻസിനെ പാപ്പരാക്കിയിരുന്നു.ക്ഷാമം കൊടുമ്പിരികൊണ്ടു.കന്നുകാലികൾ ചത്തൊടുങ്ങി.റൊട്ടിക്ക് വില കൂടി.1793 ൽ ലൂയി പതിനാറാമനെ കൊന്നു.1799 ൽ നെപ്പോളിയൻ അധികാരമേറ്റതോടെ വിപ്ലവം തീർന്നു.ഫ്രഞ്ച് നിയമനിർമാണ സഭ 1789 ഓഗസ്റ്റ് 13 ന് ഫ്യുഡലിസം അവസാനിപ്പിക്കുന്ന നിയമം പാസാക്കി.ഇതിനെ "പഴയ ക്രമത്തിൻറെ മരണ സർട്ടിഫിക്കറ്റ്" എന്ന് ചരിത്രകാരൻ ജോർജസ് ലെഫെബ്രെ വിശേഷിപ്പിച്ചു.

യൂറോപ്പിലെ രാഷ്ട്രീയം,തത്വചിന്ത,ശാസ്ത്രം,സാഹിത്യം എന്നിവയെ മാറ്റിമറിച്ച നവോത്ഥാനത്തിന് ഫ്രാൻസിസ് ബേക്കൺ,തോമസ് ഹോബ്‌സ്‌ എന്നിവർ ഇംഗ്ലണ്ടിലും റെനെ ദെക്കാർത്തെ ഫ്രാൻസിലും തത്വശാസ്ത്രത്തിലും,ഗലീലിയോ,കെപ്ലർ,ലിബ്നിസ് എന്നിവർ മറ്റു മേഖലകളിലും മുൻഗാമികളായി.എന്നാൽ ഐസക് ന്യൂട്ടൻറെ പ്രിൻസിപിയ മാത്തമാറ്റിക്ക,1686 ലും ജോൺ ലോക്കിൻറെ Essay Concerning Human
Understanding 1689 ലും വന്നത്,അതുവരെയുള്ള ശാസ്ത്ര,തത്വ വിചാരങ്ങളെ മാറ്റി മറിച്ചു.ആർജിതാനുഭവങ്ങളിൽ നിന്നാണ് ജ്ഞാനമുണ്ടാകുന്നത് എന്ന് ലോക്ക് സിദ്ധാന്തിച്ചു.ബാഹ്യ ലോകത്തേക്കുള്ള സത്യാന്വേഷണത്തിൽ നിന്നല്ല.ന്യുട്ടൻ മാറ്റത്തെയും പ്രകാശത്തെയും കൃത്യമായി അളക്കാമെന്ന് കാൽക്കുലസും മറ്റുപകരണങ്ങളും വഴി തെളിയിച്ചു.

ഫ്രഞ്ച് വിപ്ലവമാണ് ഹെഗലിനെയും അത് വഴി മാർക്സിനെയും പ്രചോദിപ്പിച്ചത്.നവോത്ഥാനം മരിച്ചു;പുതിയ ലോക ക്രമം വേണം.
പ്ളേറ്റോ,ദെക്കാർത്തെ,ഡേവിഡ് ഹ്യൂo,ഹെഗൽ എന്നിങ്ങനെയുള്ള നെടുംതൂണുകൾ ഒന്നുമല്ല ഫ്രഞ്ച് വിപ്ലവത്തിന് പ്രചോദനമായ തത്വ വിമർശകർ.പതിനെട്ടാം നൂറ്റാണ്ടിൻറെ മധ്യത്തിൽ,ഫിലോസഫസ് ( Philosaphe s ) എന്നറിയപ്പെട്ട സംഘമാണ് ഫ്രാൻസിൽ നവോത്ഥാന ചിന്തകൾ പ്രചരിപ്പിച്ചത്.ഇവരാരും പാരീസിലോ സോർബോണിലോ പഠിപ്പിച്ചിരുന്ന പ്രൊഫസർമാരായിരുന്നില്ല.ഇക്കൂട്ടത്തിൽ ഇക്കൂട്ടത്തിൽ ബുദ്ധിജീവികളും പത്ര പ്രവർത്തകരും കലാകാരന്മാരും കഫേ താത്വികരും ഒക്കെ ഉണ്ടായിരുന്നു.ഇതിൽ പെട്ടവരായിരുന്നു വോൾട്ടയർ,ദിദറോ,ലാ മെത്രി,ഹെൽവെത്തിയസ്,ഹേൽബിക് എന്നിവർ.
റോബസ്‌പിയർ 
ഭൗതിക പ്രകൃതിയുടെയും മനുഷ്യ പ്രകൃതിയുടെയും ലയവും ക്രമവും നിയമവും വെളിവാക്കിയ ന്യുട്ടനും ദെക്കാർത്തെയും പോയകാല ബിംബങ്ങളായി മാറിയിരുന്നു.കത്തോലിക്കാ സഭയും പുതിയ ശാസ്ത്രവും തമ്മിലുള്ള ശണ്ഠ തീർന്നിരുന്നു.ദെക്കാർത്തെയും ഹ്യൂമും നടത്തിയ യുക്തിവാദ,ജ്ഞാനവാദ തർക്കങ്ങളിൽ പുതിയ തത്വ ചിന്തകർക്ക് താൽപര്യമുണ്ടായിരുന്നില്ല.രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇരു പക്ഷത്തെയും നല്ല വശങ്ങൾ അവർ സ്വീകരിച്ചു.ഫ്രാൻസിൽ കത്തോലിക്കാ സഭയുടെയും രാജാവിൻറെയും അധികാരം അവസാനിപ്പിച്ച് നവോത്ഥാന തത്വ ശാസ്ത്രം ആധാരമാക്കി,പുതിയ രാഷ്ട്രീയ ക്രമം  എന്നതായിരുന്നു ലക്ഷ്യം.എക്കാലവും ചില സംഘങ്ങൾ യുക്തിയെ ( reason ) ചങ്ങലക്കിട്ടു വച്ചിരിക്കുകയായിരുന്നുവെന്ന് നവ ചിന്തകർ വാദിച്ചു.റോമിലെ സഭയും ഫ്രാൻസിലെ രാജാക്കന്മാരും ചങ്ങലക്കിട്ട യുക്തി സ്വതന്ത്രമാവുകയാണ്.നവോത്ഥാനത്തിന് അനിവാര്യമായ സാക്ഷരതയെയും വിദ്യാഭ്യാസത്തെയും സംഘം കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു.ജനത്തെ ഇവർ നിരക്ഷരരും ദരിദ്രരുമാക്കി അടിച്ചമർത്തി. ജനത്തെ സഭയും രാജാവും അന്ധവിശ്വാസങ്ങളിൽ തളച്ചിട്ടു സാധാരണക്കാർ രാജാവിനെയും സഭയെക്കാൾ ബുദ്ധിയിലും ധാർമ്മികതയിലും താഴ്ന്നവരാണെന്ന് അവർ വിശ്വസിപ്പിച്ചു.ചരിത്രത്തിൽ ആദ്യമായി,യുക്തി വഴി ജനം സത്യം അറിയുന്നുവെന്ന് ഫിലോസഫസ് സംഘം നിരീക്ഷിച്ചു.റോമിലെ സഭക്കെതിരെ വോൾട്ടയർ ആക്രോശിച്ചു:"ആ നീചന്മാരെ തച്ചു തകർക്കുക".

എല്ലാം പിടിച്ചടക്കിയിരിക്കുന്ന രാജാവിന് പകരം,ഒരു റിപ്പബ്ലിക് ഉണ്ടാകണം.

ലാ മെത്രി പറഞ്ഞു:"നമുക്ക് ദൈവം,ആത്മാവ്,അമരത്വം എന്നിവയിലെ നിശ്വാസവും സഭയുടെ അപ്രമാദിത്വവും നശിപ്പിക്കാം".ലോകജ്ഞാനം മനുഷ്യന് കിട്ടിയിരിക്കുന്നു.സ്വാതന്ത്ര്യം,സമത്വം,സ്വത്ത് എന്നിവയിൽ മനുഷ്യന് പ്രകൃത്യാ അവകാശമുണ്ട്.ലോകത്തെ മാറ്റിമറിക്കാനുള്ള സത്യം മനുഷ്യന് കൈവന്നിരിക്കുന്നു.

ഫ്രഞ്ച് വിപ്ലവം മുന്നോട്ട് പോയി,1793 ൽ 'ഭീകര ഭരണം' ( Reign of Terror ) എന്ന നിലയിൽ എത്തി.വിപ്ലവം കൊടുമ്പിരിക്കൊണ്ട് തീവ്ര ഇടതു പക്ഷമായ ജക്കോബിനുകളുടെ കൈയിൽ വന്നു.യുക്തിയുടെ സത്യം നിലനിൽക്കുന്നതിന് പകരം,ആൾക്കൂട്ടം സത്യത്തിൻറെ ഉറവിടമായി. വിപ്ലവ നായകൻ മാക്സിമിലിയൻ റോബസ്‌പിയറെ ( 1758 -1794 ) വിപ്ലവകാരികൾ തന്നെ ഗില്ലറ്റിനിൽ കൊന്നു.സഹോദരൻ അഗസ്റ്റിനെയും 12 അനുയായികളെയും കൊന്നു.വിപ്ലവം നേതാക്കളെ തന്നെ സംഹരിച്ചു.ഫിലോസഫസ് സംഘത്തിലെ മുൻ നിരക്കാർ പോയ് മറഞ്ഞിരുന്നു.ജീവിച്ചിരുന്നെങ്കിൽ അവർ ഇക്കാലം ഇരുണ്ടതായി കണ്ടേനെ.അമേരിക്കൻ വിപ്ലവ നായകരിൽ ഒരാളായ മാർക്വീസ് ദി കൊണ്ടോർസെറ്റ് ആയിരുന്നു,ഫിലോസഫസ് സംഘത്തിലെ അവസാന താത്വികരിൽ ഒരാൾ ( 4 ).അദ്ദേഹം ടോം പെയ്‌നിനൊപ്പം ഫ്രഞ്ച് റിപ്പബ്ലിക് ഭരണ ഘടന കരട് തയ്യാറാക്കിയപ്പോൾ, അത് നിരാകരിച്ചു.ഭേദഗതികളെ വിമർശിച്ചപ്പോൾ അദ്ദേഹത്തെ വേട്ടയാടി.കോൺഡോർസെറ്റ് ( (1743-
1744) ഫ്രഞ്ച് ചിന്തകനും ഗണിത ശാസ്ത്രജ്ഞനും ആയിരുന്നു.1791 ൽ ഫ്രഞ്ച് നിയമ നിർമാണ സഭാ സെക്രട്ടറി.ലൂയി പതിനാറാമൻറെ വധത്തെ എതിർത്തു.

താൻ എഴുതിയ 'ചരിത്രത്തിൻറെ തത്വശാസ്ത്ര'ത്തിൽ  കോൺഡോർസെറ്റ് നിരീക്ഷിച്ചു:"സ്വതന്ത്രനായ മനുഷ്യനിൽ മാത്രം സൂര്യൻ പ്രകാശം ചൊരിയുന്ന കാലം വരും.അവൻ യുക്തിയെ മാത്രം ഗുരുവായി കാണും.പീഡകരും അടിമകളും പുരോഹിതരും അവരുടെ മർദനോപകാരണങ്ങളും ചരിത്ര താളുകളിലും നാടക ശാലകളിലും ശേഷിക്കും".

തൻറെ ഒളിവിടം പഴയ സഖാക്കൾ കണ്ടെത്തിയതായി കേട്ട അദ്ദേഹം,പാരിസിന് പുറത്തേക്ക് രക്ഷപെട്ടു.മദ്യശാലയിൽ ഒളിച്ച അദ്ദേഹത്തെ പിടി കൂടി.ഗില്ലറ്റിനിൽ ശിരച്ഛേദത്തിനു മുൻപ് ഹൃദയാഘാതത്താലോ വിഷഗുളികകൾ തിന്നോ അദ്ദേഹം മരിച്ചു.ഫ്രഞ്ച് വിപ്ലവം ആധുനിക ലോകത്തെ മഹത്തായ വിപ്ലവമായി അറിയപ്പെട്ടെങ്കിലും,അതിൻറെ അന്ത്യ,അതിൻറെ സന്ദേശങ്ങളെ പിറകോട്ടടിച്ചു.വിപ്ലവത്തിന് ഒടുവിൽ നെപ്പോളിയൻ ഫ്രഞ്ച് ചക്രവർത്തിയായി.ഒരധീശത്വം മാറി മറ്റൊന്ന് വന്നു.
ഒരുവശത്ത് സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യൻറെ പോരാട്ടത്തിൻറെ മഹത്തായ കാഴ്ചയാണ്.മറുവശത്ത്,അതിനു വിരുദ്ധമായി ഭീകരതയിൽ നിപതിച്ച ആൾക്കൂട്ട അരാജകത്വമായി,അത്.

ഈ വൈരുധ്യങ്ങൾ ഹെഗൽ കണ്ടു.അവയും വിപരീതങ്ങളും സമസ്യകളും ഘടനാപരമായി കോർത്തിണക്കിയതാണ്,ഹെഗലിൻറെ തത്വ ചിന്ത.ഫ്രഞ്ച് വിപ്ലവത്തിന് വഴിവച്ച നവോത്ഥാന ആശയങ്ങൾ അതേ പടി മാർക്‌സ് പകർത്തി.
-------------------------------------------------
1.Karl Marx A Biography/David Mc Lellan, 1973.
2.ജൊവാൻ ഫിഷ്‌ടെ ( (1762- 1814) :ജർമൻ ആശയ വാദ ഉപജ്ഞാതാക്കളിൽ പ്രമുഖൻ.
3. Karl Marx and Trier/H. Mous

See https://hamletram.blogspot.com/2019/09/blog-post_11.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...