Monday, 6 January 2020

ഋഗ്വേദത്തിലെ യഹോവ

വേദം, ക്രിസ്തു മത ഉറവിടം 

ബ്രഹാമിൻറെയും സന്തതികളുടെയും പൈതൃക ദൈവമാണ് യഹോവ-ജൂതരുടെയും മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൊതു പൈതൃകമാണ്, അത്.

മോസസ് 

എന്നാൽ, യഹോവ ഋഗ്വേദത്തിലുണ്ട്. അവരുടെ ദൈവം ഇവിടന്ന് പോയതാണ്. ഋഗ്വേദത്തിലെ 1028 മന്ത്രങ്ങളിൽ  33 എണ്ണത്തിലായി 41 തവണ 'യഹ്‌വ്' ശബ്ദം വരുന്നു. ഒന്നാം മണ്ഡലത്തിലെ അഞ്ച്. രണ്ടിലെ രണ്ട്, മൂന്നിലെ ഒൻപത്, നാലിലെ അഞ്ച്, അഞ്ചിലെ അഞ്ച്, ആറിലെ ഒൻപത്, ഏഴിലെ നാല്, എട്ടിലെ രണ്ട്, ഒമ്പതിലെ മൂന്ന്, പത്തിലെ അഞ്ച് എന്നിവയിലാണ് ഇവ. ഇതിൽ പുരുഷ രൂപമായ യഹ്‌വ 21 തവണയും സ്ത്രീ ശബ്ദമായ യഹ്‌വി 20 തവണയും വരുന്നു. 16 വീതം മന്ത്രങ്ങളിൽ യഹ്‌വയും യഹ്‌വിയും ഒന്നിൽ രണ്ടും. അഗ്‌നി, ഇന്ദ്രൻ, സോമ, അശ്വിന ദേവകളെയാണ് ഇത് കുറിക്കുന്നത്. പ്രപഞ്ചത്തെ ചലനാത്മകമാക്കുന്ന ശക്തിയാണ് വിവക്ഷ. വേദത്തിൽ ഇത് ബ്രഹ്മം ആണല്ലോ.

ബൈബിൾ പഴയ നിയമത്തിൽ യഹോവ ദൈവമാണ്. ക്രിസ്തുവിന് മുൻപ് 830 മുതൽ ഇത് ലിഖിതങ്ങളിലുണ്ട്. ഹീബ്രുവിലെ ഈ ശബ്ദത്തിൻറെ മൂലം അജ്ഞാതമാണ്. പണ്ഡിതർ പറയുന്നത് ഇത് ഇസ്രയേലിന് പുറത്തു നിന്നാകാം എന്നാണ്. അരമയിക്, അറബിക്, ഈജിപ്ഷ്യൻ ഭാഷകളിൽ മൂലം അന്വേഷിച്ചു. ബൈബിളിലെ അർത്ഥത്തോട് സാമ്യമുള്ള സംസ്കൃത മൂലം ആരും അന്വേഷിച്ചില്ല. അബ്രഹാമും മോസസും (മോശെ) ദൈവത്തെ യഹോവ എന്ന് വിളിച്ചതിന് കാരണം കാണും. ഹീബ്രുവിൽ നിന്ന് അത് കിട്ടില്ല. ഈജിപ്ഷ്യൻ സംസ്കാരവും വേദ സംസ്കാരവും ബന്ധപ്പെട്ടു കിടക്കുകയാൽ അതിൽ വേണം അന്വേഷിക്കാൻ.

ഋഗ്വേദത്തിൽ 21 തവണയും യഹ്‌വ എന്ന് പറയുന്നത് അഗ്നിക്കാണ്. എഴുത്തിലെ സൈന്ധവ ആശയങ്ങൾ സിറിയയിലെ പ്രാക്തന മിത്താനി രാജഭരണം വഴി ക്രിസ്‌തുവിന് മുൻപത്തെ രണ്ടു സഹസ്രാബ്ദങ്ങളെ സ്വാധീനിച്ചിരിക്കാം. യഹ്‌വ ലോകത്തെ ചലനാത്മകമാക്കുന്ന ശക്തി എന്ന നിലയിൽ വേദത്തിൽ അഗ്നി മാത്രമല്ല, ദേവലോകവും പ്രഭാത, പ്രദോഷ സന്ധ്യകളുമൊക്കെയാണ്. കൽദായ യഹ്‌വെയും വേദ യഹ്‌വയും തന്നെയാണ്, യഹോവ.

മോസസ് ഇത് കൽദായക്കാരിൽ നിന്ന് സ്വീകരിച്ചിരിക്കാം. എന്നാൽ മൂലം അവിടെയല്ല. കാരണം കൽദായ ഭാഷയിൽ ഇതിന് സംസ്കൃതത്തിൽ ഉള്ളത്ര അർത്ഥ കൽപ്പനകളില്ല.

'യാഹ്‌വ ഇതി മഹതോ നാമധേയം' എന്ന് 'യാസ്ക നിരുക്തം' 8 .8. മഹത് എന്നാൽ പ്രപഞ്ച മനസ്സ് അഥവാ ബ്രഹ്മം.

ഋഗ്വേദത്തിലെ 'ഐതരേയ ബ്രാഹ്മണ'ത്തിൽ ( ii .1 ), ദൈവത്തിൻറെ യജ്ഞാചാര്യനാണ്, യഹ്‌വ.

യഹ്‌വ, ജോവ്‌, ജുപിറ്റർ, മലേക്, എൽ, ബെൽ, ഇയാവോ, അല്ലാഹു തുടങ്ങിയവ എല്ലാം പരസ്പര ബന്ധിതങ്ങളാണ്. അഗ്നി ആരാധകരെല്ലാം യഹോവയെ ആരാധിച്ചു. ബ്രഹ്മി ലിപിയും പ്രാചീന സെമിറ്റിക് ലിപിയും സാമ്യമുള്ളതാണ്. സംസ്കൃത നാമങ്ങളുള്ള സൈന്ധവ രാജ വംശങ്ങൾ ക്രിസ്തുവിന് മുൻപ് രണ്ടാം സഹസ്രാബ്ദത്തിൽ പശ്ചിമേഷ്യയിൽ അറിയപ്പെട്ടിരുന്നു. ജൂതരും ഫിനിഷ്യരുമായി അടുപ്പമുള്ള ഉഗറി തിക്കുകൾക്കും വേദത്തിലെപ്പോലെ 33 ദൈവങ്ങൾ ഉണ്ടായിരുന്നു.

മോസസ് 

മോസസിന് രഹസ്യമായിക്കിട്ടിയ ഈശ്വര നാമമാണ്, യഹോവ. മോസസ് കൽദായക്കാരനാണ് എന്ന് ജർമൻ അസിറിയോളജിസ്റ്റ് ഫ്രഡറിക് ഡെലീഷ് (Friedrich Delitzsch 1850 –  1922) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാഹ്‌വെ എന്നാണ് അവിടെ ഉച്ചാരണം, യഹോവ എന്നല്ല. ഇപ്പോൾ ബൈബിൾ നിഘണ്ടുക്കൾ തയ്യാറാക്കുന്നവർ ഇത് സ്വീകരിക്കുന്നു. കൽദായയിൽ നിന്ന് മൂലം തേടി പിന്നോട്ട് പോയാൽ വേദത്തിൽ എത്തും.


ബൈബിളിൽ ദൈവത്തിൻറെ പുത്രരായി ഇസ്രയേൽ ജനത്തെ നയിച്ച മോസസും അഹറോനും സിനായ് പർവതത്തിന്റെ ചുവട്ടിലെത്തി. മലയിലേക്ക് കയറിപ്പോയ മോസസ് പത്തു കൽപ്പനകളുമായി വൈകിയാണ് തിരിച്ചു വന്നത്. അപ്പോൾ, അദ്ദേഹം നയിച്ചു കൊണ്ട് വന്ന ജനം അന്ധവിശ്വാസികളായി തീർന്നിരുന്നു. മോസസ് ദുഃഖിതനായി വീണ്ടും മലമുകളിലേക്ക് കയറിപ്പോയി. ആ യാത്രയിൽ തേനും പാലും ഒഴുകുന്ന പിതൃഭൂമിയിൽ അദ്ദേഹം എത്തിയിരിക്കാം -അത് ജമ്മു കശ്‍മീർ ആണെന്ന് വിശ്വാസമുണ്ട്. കശ്‍മീരിൽ മോസസിൻറെ കബറിടമുണ്ടെന്ന് ഹോൾഗർ കെർസ്റ്റൻ Jesus Lived in India എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. അവിടെ അദ്ദേഹത്തിൻറെ വടിയുണ്ട്. അതിനടുത്ത്, അദ്ദേഹം വ്യായാമത്തിന് ഉപയോഗിച്ചിരുന്ന വലിയ ഉരുളൻ ശിലയുമുണ്ട്.

മോസസിൻറെ പൂർവ പിതാമഹൻ നോഹ വെള്ളപ്പൊക്കം ശമിച്ച്‌ പെട്ടകം അടുപ്പിച്ച സ്ഥലം കശ്‍മീർ ആണെന്നും കരുതുന്നു. അവിടെ മലയിടുക്കിൽ പ്രളയാനന്തരം 14 മീറ്റർ കനത്തിൽ എക്കൽ അടിഞ്ഞെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അത്ര മാത്രം ബ്രഹ്മാണ്ഡ പ്രളയമായിരുന്നു, അത്. അമർ നാഥ് യാത്ര പഹൽഗാം, ശേഷനാഗ് വഴി ട്രെക്കിങ് ആകുമ്പോൾ നാലാം ക്യാമ്പ് ആകുന്ന പഞ്ചതരണിക്ക് മുൻപ് ഒരു വൻ വിസ്തൃത പ്രദേശം കാണാം. ഈ പീഠഭൂമി മോസസിൻറെയോ മറ്റോ കാലത്തെ അതിവൃഷ്ടി കൊണ്ട് മല തൂർന്ന്, മലയിടുക്ക് മണലും ചെളിയും കൊണ്ട് നിറഞ്ഞ് നിരന്നതാകാം. ഇസ്രയേൽ ജനത്തിൻറെ പിതൃഭൂമി കശ്‍മീർ എന്ന് അർത്ഥം.

ഫ്രഡറിക് ഡെലീഷ് ലൂഥറൻ ദൈവശാസ്ത്രജ്ഞൻ ഫ്രാൻസ് ഡെലീഷിന്റെ മകനായിരുന്നു. ലീപ്‌സിഗിൽ സെമിറ്റിക് ഭാഷകൾ, അസിറിയോളജി എന്നിവയുടെ പ്രൊഫസറായിരുന്ന അദ്ദേഹം ജർമ്മൻ ഓറിയന്റൽ സൊസൈറ്റി സഹ സംഘാടകനും റോയൽ മ്യൂസിയം നിയർ ഈസ്റ്റേൺ വിഭാഗം ഡയറക്ടറും ആയിരുന്നു.

പ്രാചീന മധ്യ പൂർവ ഭാഷകളിൽ പ്രാവീണ്യം നേടിയ ഡെലീഷ് അസീറിയൻ ഭാഷ, സംസ്‌കാരം, ചരിത്രം എന്നിവയിൽ ധാരാളം എഴുതി. ബൈബിൾ പഴയ നിയമത്തിൻറെ ഖണ്ഡന വിമർശം ശ്രദ്ധ നേടി. Babel and Bible എന്ന വിഷയത്തിൽ 1912 ൽ നടത്തിയ കോളിളക്കം സൃഷ്‌ടിച്ച പ്രഭാഷണത്തിൽ, പഴയ ബാബിലോണിയൻ കഥകളിൽ നിന്ന് കടം കൊണ്ടതാണ് പല പഴയ നിയമ കഥകളും എന്ന് അദ്ദേഹം സമർത്ഥിച്ചു. ഉൽപത്തി പുസ്തകത്തിലെ സൃഷ്ടി, പ്രളയ കഥകൾ ഉദാഹരിച്ചു. 1920 കളിൽ, ബൈബിൾ വിമർശം, The Great Deception (മഹത്തായ വഞ്ചന) എന്ന ശീർഷകത്തിൽ രണ്ടു ഭാഗങ്ങളായി ഇറക്കി. പഴയ നിയമത്തിലെ സങ്കീർത്തനങ്ങൾ, പ്രവാചകർ,കാനാൻ അധിനിവേശം തുടങ്ങിയവ ഇതിൽ വിമർശിക്കപ്പെട്ടു. ഹീബ്രൂ ബൈബിളിൻറെ ചരിത്രപരമായ കൃത്യത ചോദ്യം ചെയ്തു. അതിലെ കാക്കത്തൊള്ളായിരം അധാർമ്മിക അവിഹിത ബന്ധങ്ങൾ എടുത്തു കാട്ടി.

ഡെലീഷ് 

ആദ്യ ബാബിലോണിയൻ പേരുകളിൽ യഹ്‌വ കാണാമെന്ന് ഫ്രഡറിക് ഡെലീഷ് പറയുന്നു. യാഹ്‌വെ യാഹ്‌വ ആയി പരിണമിക്കുകയാണ്. അതിനാൽ അത് മൂല രൂപമല്ല. ആര്യ രൂപമായ യാഹ്‌വെ ബാബിലോണിയക്കാരും ജൂതരും സാമ്യം കൊണ്ട് സ്വീകരിച്ചത് ആകാം. ഇരുവരും ദൈവത്തിന് യാഹു എന്നാണ് അത് വരെ പറഞ്ഞിരുന്നത്. ഇത് 'ഇലു' വിന് പര്യായമാണ്. ജൂത / ക്രിസ്ത്യൻ ദൈവം, ഹീബ്രുവിൽ യഹ്‌വ് ആണ് -എഴുതുമ്പോൾ യഹ്‌വെ എന്നോ യഹ്‌വ എന്നോ ആകാം. സെമിറ്റിക് ദൈവങ്ങൾക്കെല്ലാം വേദ ദൈവങ്ങളിൽ സമാന്തരങ്ങളുണ്ട്. യാം, യമ ആകാം. ജല ജന്യൻ (ഋഗ്വേദം 10 .10 .4 ). മോട്, മൃത്യു ആകാം. ഇള, രണ്ടിലും അഗ്നി തന്നെ. യഹ്‌വ, ഋഗ്വേദത്തിൽ, ശുഭം എന്നതിന് പകരമായ ശിവ ആകാം. അത് തുടർന്ന് രുദ്ര എന്നാകുന്നു.

ഇള, യഹ്‌വ എന്നിവ സെമിറ്റിക് എൽ, യഹോവ എന്നിവ ആകുന്നത് ആകസ്മികമല്ല. ഇവ രണ്ടും വേദ കാലത്തേതായതിനാൽ ഇന്ത്യയിൽ ഇന്ന് പരക്കെ അറിയുന്നില്ല. ദൈവം വാക്കുകൾക്ക് അപ്പുറമായതിനാൽ നാമ രൂപങ്ങൾ പലതാകാം. യഹ്‌വ,യഹ്‌വെ എന്നിവ ഒന്നായതിനാൽ, അബ്രഹാമിക, ക്രിസ്ത്യൻ പൈതൃക ഉറവിടം, വേദങ്ങൾ ആകുന്നു.

എന്താണ് ഉഗറിതിക്ക് ?

വടക്കു പടിഞ്ഞാറൻ സെമിറ്റിക് മൃത ഭാഷയാണ്, അത്. അമോറിറ്റ് ഗോത്ര വർഗക്കാർ വെങ്കല യുഗത്തിൽ സംസാരിച്ചിരുന്ന ഭാഷ. സിറിയയിൽ ഇന്നത്തെ റാസ് ഷിംറ പഴയ മൃത നഗരം ഉഗറിത്. ഇവിടന്ന് ഫ്രഞ്ച് പുരാവസ്തു ഗവേഷകർക്ക് 1929 ൽ ഈ ഭാഷയിലെ ചില പാഠങ്ങൾ കിട്ടി. ഹീബ്രു ബൈബിൾ പണ്ഡിതർ ഇത് വച്ച് പഴയ ഇസ്രയേൽ, യഹൂദിയ സംസ്കാരങ്ങൾ പഠിക്കുന്നു. ഈജിപ്ഷ്യൻ ചിത്ര ലിപികൾക്കും മെസൊപൊട്ടേമിയൻ ക്യൂനിഫോമിനും ശേഷമുള്ള ഏറ്റവും വലിയ സാഹിത്യ കണ്ടെത്തൽ ആണിത്. വടക്കു പടിഞ്ഞാറൻ സെമിറ്റിക് ഭാഷാ കുടുംബത്തിൽ ഇത് പെടുമെന്ന് പൊതു ധാരണയുണ്ട്. ഇത് പഴയ ഫിനിഷ്യൻ ഭാഷയാകാമെന്നും സ്വതന്ത്ര ഭാഷയാണെന്നും  തർക്കമുണ്ട്. ക്രിസ്തുവിന് മുൻപ് 14 -12 നൂറ്റാണ്ടുകളിലേതാണ് കണ്ടു കിട്ടിയ പാഠങ്ങൾ. ഉഗറിത് നഗരം ക്രിസ്തുവിന്'മുൻപ് ഏതാണ്ട് 1190 ൽ തകർത്തു.

ഉഗറിത് കളിമൺ ലിഖിതം 

കേരത്തിൻറെ ഇതിഹാസം, ദാനലിന്റെ ഇതിഹാസം, ബാലിന്റെ മരണം, ബാൽ അയ്യൻറെ ഐതിഹ്യം തുടങ്ങിയവ കണ്ടു കിട്ടിയ രചനകളാണ്. എസക്കിയേൽ പരാമർശിക്കുന്ന ദാനിയേലിനെ സംബന്ധിച്ച ബൈബിൾ സമസ്യ (എസക്കിയേൽ 14 :13 -16) ഇവ പരിഹരിക്കുമെന്ന് കരുതുന്നു. ഉഗറിത്, ഹീബ്രു പാഠങ്ങളിൽ, ദാനൽ ആണ്; ദാനിയേൽ അല്ല.

കാനാനിലെ ഇസ്രയേലികൾ ക്രിസ്തുവിന് മുൻപ് 18 -16 നൂറ്റാണ്ടിൽ ഈജിപ്തിലേക്ക് കുടിയേറി. നൈൽ നദീ തടത്തിൽ സ്വന്തം രാജ്യം അവർക്ക് കുറെക്കാലം ഉണ്ടായിരുന്നു. സെമിറ്റിക് അല്ലാത്ത, ഇൻഡോ ആര്യൻ ബന്ധമുള്ള ഹിസ്‌കോസ്‌ എന്നറിയപ്പെട്ട വർഗക്കാർ കുതിരപ്പുറത്ത് അധിനിവേശം നടത്തി ഈജിപ്ത് വിഷമച്ചുഴിയിൽ പെട്ട കാലമായിരുന്നു, അത്. അത് വരെ കുതിരയെ ഈജിപ്ത് കണ്ടിരുന്നില്ല. പതിയെ കുതിരകളെ സ്വന്തമാക്കി രാജ്യം വീണ്ടെടുത്ത അവർ, ഇസ്രേലികളെ പീഡിപ്പിച്ചു. അടിമകളാക്കി. ഹിസ്‌കോസുകളെപ്പറ്റി പിന്നെ ഒന്നും കേട്ടില്ല. ക്രിസ്തുവിന് മുൻപ് 12 നൂറ്റാണ്ടിനടുത്ത് മോസസ്, അടിമകളായ ഇസ്രേലികളെ ഈജിപ്തിന് പുറത്തേക്ക് നയിച്ചു -പുറപ്പാട്. ആ വഴിയിൽ യഹോവയിൽ നിന്ന്, സിനായ് മലയിൽ പത്തു കൽപനകൾ കിട്ടി. ഇത് ഐതിഹ്യമാണ്.
 
എൽ (സ്രഷ്ടാവ് ) നയിച്ച ദൈവ ശ്രേണിയിലെ താഴെയുള്ള ദൈവമായിരുന്നു, യഹോവ. ക്രിസ്തുവിന് മുൻപ് പത്താം നൂറ്റാണ്ടു മുതൽ യഹോവ മുൻ നിരയിൽ വന്നു. ഒൻപത് -എട്ട് നൂറ്റാണ്ടുകളിൽ അത് ഏക ദൈവത്വത്തിലേക്ക് എത്തി.

യഹോവയുടെ ഉറവിടം അപ്പോൾ ഈജിപ്ത് അല്ല. ക്രിസ്തുവിന് മുൻപ് മൂന്നാം സഹസ്രാബ്ദം വരെ, പുറപ്പാടിന്‌ രണ്ടായിരം വർഷം മുൻപ് വരെ അവിടെ യഹോവ ഇല്ല. ഇസ്രേലികൾ കൊണ്ട് വന്ന യഹോവയെ അവർ മടക്കി കൊണ്ട് പോയതാണോ ?

അതാണെങ്കിൽ നമ്മുടെ വേദത്തിൽ യഹോവയെ ആരാധിക്കേണ്ടതില്ല. പുറപ്പാടിന്‌ അഞ്ച് -പത്ത് നൂറ്റാണ്ട് മുൻപാണ് വേദ കാലം. വേദത്തിൽ യഹോവയുടെ നാമം ചിതറിക്കിടക്കുകയാണെങ്കിൽ, അത് പുറത്തു നിന്ന് വന്നതാണ് എന്ന് പറയാമായിരുന്നു. അത് നാമമായും കർമമായും ക്രിയയായും വിശേഷണമായും ഒക്കെ 33 തവണ വേദത്തിലുള്ളതിനാൽ, സംഭവം അതല്ല. അത്, നാനാർത്ഥങ്ങളുള്ള സംസ്കൃത ആശയമാണ്.

എപ്പോൾ?

യഹോവ എപ്പോൾ ഇസ്രയേൽ ദൈവമായി?

ഹിമയുഗത്തിന് ഒടുവിൽ, ക്രിസ്തുവിന് 12000 വർഷം മുൻപ് കൃഷി സംഘടിതമായി ആരംഭിച്ചു. ലോഹ യുഗം വന്നു.സംഘടിത നാഗരികതയും സാമൂഹിക, മത ക്രമങ്ങളുമുണ്ടായി. ഈ നാഗരികതകളിൽ ആദ്യ അഞ്ചെണ്ണം, ഈജിപ്ത്, പെറു, തെക്കൻ ഇറാഖ് അഥവാ മെസൊപൊട്ടേമിയയിലെ സുമേറിയക്കാർ, സിന്ധു നദീ തടം, ചൈനയിലെ പീത നദി. ഓരോന്നും, ക്രിസ്തുവിന് 32  മുതൽ 22 നൂറ്റാണ്ട് വരെ ആയിരം വർഷം നില നിന്നു. ഇതിൽ ഒന്നും യഹോവയും കുതിരയും ഇല്ല. പ്രകൃതി ക്ഷോഭങ്ങൾ ഈ നൈരന്തര്യത്തെ അട്ടിമറിച്ചു. പല ദിശകളിലേക്കും കുടിയേറ്റം നടന്നു. പഴയ രാജ വംശങ്ങൾ വീണു. മെസൊപൊട്ടേമിയയിൽ അക്കാദിയനായ സർഗണിന്റെ ആദ്യ സെമിറ്റിക് രാജ ഭരണം ഉണ്ടായി. അപ്പോഴും യഹോവയും കുതിരയും ഇല്ല. ക്രിസ്തുവിന് മുൻപ് രണ്ടാം സഹസ്രാബ്ദത്തിൻറെ ഉച്ച ഘട്ടത്തിൽ, അക്കാദിയന്മാർ,മെസൊപൊട്ടേമിയയിൽ വിഘടിത സെമിറ്റിക് രാജ്യങ്ങളുണ്ടാക്കി. യൂഫ്രട്ടീസ്-ടൈഗ്രിസ് സമതലത്തിന് വടക്ക് അസിറിയക്കാർ, തെക്ക് ബാബിലോണിയക്കാർ.

കുതിര വരുന്നു 

ഈ ഘട്ടത്തിലാണ്, മെസൊപൊട്ടേമിയയിലേക്കും സിറിയ -തുർക്കി അതിർത്തിയിലേക്കും ഇൻഡോ ആര്യൻ നിറമുള്ള, കുതിരയെ മെരുക്കിയ വർഗം വരുന്നത്. കുതിര, മധ്യ പൂർവ ദേശ ചരിത്രത്തെ മാറ്റി മറിച്ചു. അധിനിവേശം നടത്തിയ ഇവർ, ഫലഭൂയിഷ്ട മേഖലകളിൽ താമസം ഉറപ്പിച്ചു. പഴയ ജനം പുതിയ മേഖലകളിൽ കുടിയേറി. അധിനിവേശം നടത്തിയവർ കന്നി മണ്ണും, തുർക്കി -സിറിയ അതിരിലെ ഖാബുർ പോലെ, മധ്യ തുർക്കിയിലെ കിസിലിർമാർക്ക് പോലെ, ഉഴുതു. ക്രിസ്തുവിന് മുൻപ് 18 നൂറ്റാണ്ടായപ്പോൾ, ഇസ്രയേലികളും  കുതിരപ്പുറത്തെ ഹിസ്‌കോസുകളും ഈജിപ്തിൽ കുടിയേറുന്ന ചരിത്രം കിട്ടുന്നു. തുർക്കി -സിറിയ മേഖലയിൽ, സെമിറ്റിക് അല്ലാത്ത ഈ കുതിരക്കാർ പാർപ്പുറപ്പിക്കുന്നു. ഒരു ഇൻഡോ ആര്യൻ അധിനിവേശ ഭരണ കൂടം ഉണ്ടാകുന്നു. ഖാബുർ താഴ്വരയിലെ മിത്താനി രാജവംശമാണ് പ്രധാനം. ഇവർ സെമിറ്റിക്കോ ആര്യനോ അല്ലാത്ത ഒരു ഭാഷയിൽ ശിലാ ലിഖിതങ്ങൾ അവശേഷിപ്പിക്കുന്നു -ഹുറിയൻ.


അവരിൽ ഏറ്റവും പ്രധാനപ്പെട്ട രാജാവ്,ദശരഥൻ. വേദ ദൈവങ്ങളായ ഇന്ദ്രൻ, വരുണൻ, മിത്രൻ തുടങ്ങിയവർ,ഈ ഭരണം ഉച്ചത്തിൽ നിന്ന ബി സി 15 -13 നൂറ്റാണ്ടുകളിൽ പരാമർശിക്കപ്പെടുന്നു. മിത്താനി ഹുറിയന്മാരും വടക്ക് അനറ്റോലിയയിലെ ഹിറ്റായിറ്റുകളും തമ്മിലുള്ള ഉടമ്പടിയിൽ ഈ ദൈവങ്ങളെ സാക്ഷികളാക്കുന്നു. ഒരു അജ്ഞാത സ്ഥലത്തു നിന്ന് അനറ്റോലിയയിൽ കുടിയേറിയ ഹിറ്റായിറ്റുകൾ, ഒരു ഇൻഡോ -യൂറോപ്യൻ ഭാഷ സംസാരിച്ചിരുന്നു. ബി സി 20 നൂറ്റാണ്ടിലാണ് അവർ കുടിയേറിയത്.
സംസ്കൃതവുമായി ബന്ധമുള്ള ഭാഷ സംസാരിച്ച, കുതിരയെ മെരുക്കിയ, വേദ ദൈവങ്ങളെ ആരാധിച്ച ഒരു കൂട്ടം മധ്യ പൂർവ ദേശത്ത് ബി സി 20 നൂറ്റാണ്ടു മുതൽ സ്വാധീനം ഉറപ്പിച്ചു എന്നർത്ഥം. അവർ വേദത്തെ ആരാധിച്ചെങ്കിൽ, യഹോവയെയും ആരാധിച്ചു.

എന്നാൽ, ഈ കുടിയേറ്റക്കാർ ഇന്ത്യ ഒഴിച്ച് എവിടന്നുമാകാം എന്ന മട്ടിലാണ്, എ ഡി 19 നൂറ്റാണ്ടു മുതൽ മാക്സ് മുള്ളർ തുടങ്ങിയ ഇൻഡോളജിസ്റ്റുകളുടെ സൈദ്ധാന്തിക യാത്ര. ഈ കുടിയേറ്റക്കാർ, പ്രകൃതി ക്ഷോഭങ്ങളാൽ ഇന്ത്യ വിട്ടവർ ആകാമല്ലോ. അഗ്നിയെ ആരാധിച്ച, സംസ്കൃതം സംസാരിച്ച, ഭാരതീയ നാമങ്ങളുള്ള മനുഷ്യർ വേറെ എവിടന്നാണ് ?

നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ, അവർ മധ്യ പൂർവ ദേശത്തും തുർക്കിയിലും പടർന്നു. കുതിരയെ മെരുക്കിയവരുമായി ലയിച്ചു. ഖാബുറിലും കിസിലിർമാർക്കിലും മാത്രമല്ല, ഇസ്രയേലിലും ഈജിപ്തിലും എത്തി. കുതിരയുടെ കരുത്ത് അധിനിവേശത്തെ സഹായിച്ചു. കുതിരയുമായി കുറേപ്പേർ ഉപ ഭൂഖണ്ഡത്തിലേക്ക് തിരിച്ചു വന്നിരിക്കാം. വടക്കൻ ചൈനയിൽ നിന്ന് ബി സി രണ്ടാം നൂറ്റാണ്ടിൽ പുറത്താക്കപ്പെട്ട യൂ ചി വർഗം നടത്തിയ കുടിയേറ്റം, ബാക്ട്രിയറിലും ശാഖന്മാരിലും ഗംഗാ സമതലത്തിലും അട്ടിമറികൾ സൃഷ്ടിച്ചത് സമാന്തരമായി ഓർക്കാം. പട്ട്, പല വ്യഞ്ജന പാതയിൽ ഇത് സമൃദ്ധി കൊണ്ട് വന്നു. ഇത് കുശാന സാമ്രാജ്യം സൃഷ്ടിച്ചു; ഭാരതീയതയെ മഹത്താക്കിയ ഗുപ്ത സാമ്രാജ്യത്തിന് വഴി വച്ചു. ഇവിടെ പറഞ്ഞ അങ്ങോട്ടുള്ള കുടിയേറ്റം അംഗീകരിച്ചാൽ, സൈന്ധവ നാഗരികതയുടെ നാശത്തിനും സംസ്കൃതവും പ്രാചീന ഗ്രീക്കും തമ്മിലുള്ള ബന്ധത്തിനും കാരണമായി.

പറഞ്ഞതിൻറെ ഉള്ളടക്കം ഇതാണ് -യഹോവയുടെ ഏറ്റവും പഴയ പരാമർശം ഋഗ്വേദത്തിലാണ്; മറ്റ് തെളിവുകളെക്കാൾ വേദം ഒരു സഹസ്രാബ്ദമെങ്കിലും മുന്നിലാണ്.

അബ്രഹാമിക മതക്കാരും മാക്സ് മുള്ളറും ഇത് അംഗീകരിച്ചില്ലെങ്കിൽ അതിന് കാരണം, ആ മതങ്ങൾ ഏക ദൈവത്തിൽ അധിഷ്ഠിതമാണ് എന്നതായിരിക്കും. വേദത്തിൽ, ഹിന്ദുവിന് ദൈവത്തിൻറെ സഹസ്ര നാമങ്ങളിൽ ഒന്ന് മാത്രമാണ്, യഹോവ. മണൽ തരി മുതൽ ദൈവം വരെയുള്ള പ്രപഞ്ച സത്യത്തിൻറെ ഏകാവിഷ്കാരം. ഭാരതീയതയിൽ ഏകം എന്നാൽ കേവലം (Absolute) ആണ്; ഒന്ന് എന്നല്ല ആ വാക്കിൻറെ അർത്ഥം. ആ ഏകമാണ്, ബ്രഹ്മം. അബ്രഹാമിക മതങ്ങളിൽ, ബഹുസ്വരതയില്ല; ഏക ദൈവമേയുള്ളു. അതിൽ നിന്നാണ് ഏകാധിപത്യം വരുന്നത്. ഫാഷിസവും നാസിസവും മാർക്സിസവും വന്നത്. അവിടെ യഹോവ ക്രുദ്ധ ദൈവമാണ്; മനുഷ്യനെ ശിക്ഷിക്കുകയും അക്രമം ഉപദേശിക്കുകയും ചെയ്യുന്ന ദൈവം. യേശു തന്നെ,"നീ മേലങ്കി വിറ്റും വാൾ വാങ്ങുക " ( ലൂക്കോസ് 22:36 -38 ) എന്ന് അവസാനത്തെ അത്താഴ നേരത്ത് പറയുകയുണ്ടായി.



© Ramachandran 







FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...