Showing posts with label പി സി മഹലനോബിസ്. Show all posts
Showing posts with label പി സി മഹലനോബിസ്. Show all posts

Friday 16 September 2022

നെഹ്റുവിൻ്റെ പാപ്പരത്തവും, മോദിയുടെ രാജ്യതന്ത്രവും

നെഹ്രുവിൻ്റെ  ആസൂത്രണ പിഴവുകൾ 

ന്ത്യ റിപ്പബ്ലിക് ആയ വർഷമാണ് നരേന്ദ്ര മോദി ജനിച്ചത്. അതേ വർഷമാണ് ഇന്ത്യയിൽ ആസൂത്രണ കമ്മിഷനും ജനിച്ചത്.

ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി മോദി ചുമതല ഏറ്റത് 2014 മെയ് 30 നാണ്. ആ വർഷം, ചുവപ്പുകോട്ടയിൽ നിന്ന് തൻ്റെ ആദ്യത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി ആസൂത്രണ കമ്മിഷൻറെ മരണം പ്രഖ്യാപിച്ചു. അത്രയും നീണ്ട കാലം ഇന്ത്യ സഹിച്ച നെഹ്രുവിയൻ സാമ്പത്തിക ആസൂത്രണ പരീക്ഷണം അവസാനിക്കുകയായിരുന്നു. അതു വരെ ആസൂത്രണ കമ്മിഷൻ ആയിരുന്നു ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ഹൃദയം.

ഒരുകാലത്ത് പ്രധാന സംഭാവനകൾ നൽകിയ ആസൂത്രണ കമ്മിഷൻ നന്നാക്കിയെടുക്കാൻ കഴിയാത്തവണ്ണം ജീർണിച്ചതായി മോദി പ്രസംഗത്തിൽ നിരീക്ഷിച്ചു. അദ്ദേഹം പറഞ്ഞു:

"Sometimes it costs a lot to repair an old house. But it gives us no satisfaction. Afterwards, we realize that we might as well build a new house."

(പഴയ വീട് കേടുപാട് തീർക്കാൻ ചിലപ്പോൾ വലിയ ചെലവ് വരും. പിന്നെ പുതിയ വീട് പണിയാമായിരുന്നു എന്ന് തോന്നും.)

ആ ജീർണിച്ച കെട്ടിടം ബുൾഡോസർ വച്ചു തകർത്ത മോദി തിളക്കമുള്ള പുതിയ മന്ദിരം പണിതു - NITI Aayog (National Institution for Transforming India).

നെഹ്രുവും മഹലനോബിസും 

എങ്ങനെയാണ് നെഹ്രുവിൻറെ സ്വപ്ന പദ്ധതി ജീർണിച്ചത്?

കേരളത്തിൽ നല്ല ചരിത്രകാരന്മാർ ഇല്ലെന്ന് നമുക്കറിയാം. എന്നാൽ, അമേരിക്കയിലെ നോത്രദാ൦ സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ നിഖിൽ മേനോൻ സമീപകാലത്ത് എഴുതിയ Planning Democracy: How a Professor, an Institute and an Idea Shaped India എന്ന പുസ്തകം പറയുന്നത്, നെഹ്രുവിൻറെ ആസൂത്രണം പിഴച്ചു പോയ കഥയാണ്. ഒരുപാട് ഗവേഷണം ഈ പുസ്തകത്തിനു പിന്നിലുണ്ടെന്ന് നെഹ്‌റു പക്ഷപാതിയായ ചരിത്രകാരൻ രാമചന്ദ്ര ഗുഹ പോലും പ്രശംസിച്ചിട്ടുണ്ട്.

ആസൂത്രണം വരുന്നു 

ഇന്ത്യ റിപ്പബ്ലിക്കായി അഞ്ചാം ദിവസം, 1950 ജനുവരി 31 ന് രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ്, സർക്കാരിൻറെ പ്രഥമ ലക്ഷ്യം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് എന്ന് ലോക്‌സഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. അതിനായി ആസൂത്രണ കമ്മിഷൻ ഉണ്ടാക്കി നമുക്കുള്ള വിഭവങ്ങൾ രാഷ്ട്രവികാസത്തിന് പ്രയോജനപ്പെടുത്തും. അങ്ങനെ ആസൂത്രണ കമ്മിഷൻ ഉണ്ടായി.

ഇന്ത്യയെന്ന ഉത്തര കൊളോണിയൽ രാഷ്ട്രത്തിൻറെ എന്നല്ല, മൊത്തം ഉത്തര കൊളോണിയൽ ലോകത്തിലെ തന്നെ സ്വപ്ന പരീക്ഷണം ആയിരുന്നു ഇന്ത്യയുടെ ആസൂത്രണ പദ്ധതി. അത് സോവിയറ്റ് പ്രചോദിതമായ ആസൂത്രണ പദ്ധതിയുടെയും പാശ്ചാത്യ സ്വതന്ത്ര ജനാധിപത്യത്തിൻറെയും ഏച്ചുകെട്ടിയ കല്യാണം ആയിരുന്നു. ശീതസമരം മുറുകി നിന്ന ആ സമയത്ത് പ്രത്യയശാസ്ത്രപരമായി വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന, ഒട്ടും പൊരുത്തപ്പെടാത്ത സംവിധാനങ്ങൾ തമ്മിൽ ആയിരുന്നു ഈ വിവാഹം. പഞ്ചവത്സര പദ്ധതികൾ വഴി ആസൂത്രണ കമ്മിഷൻ രാജ്യത്തിൻറെ സാമ്പത്തിക നില നിർണയിച്ചു. ദേശീയ ഭക്ഷണത്തിൽ പ്രോട്ടീൻ അംശം കൂട്ടാൻ മുക്കുവർ എത്ര മൽസ്യം പിടിക്കണം തുടങ്ങി വലിയ കാര്യങ്ങൾ വരെ കമ്മിഷൻ ചിന്തിച്ചു കൂട്ടി.എല്ലാ പാടത്തും ഫാക്ടറിയിലും കമ്മിഷൻറെ തിട്ടൂരമെത്തി. കമ്യൂണിസ്റ്റ് ഏകാധിപത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ വിവിധ മന്ത്രാലയങ്ങളും എം പി മാരുമായി കമ്മിഷൻ ചർച്ചകൾ നടത്തി.

രണ്ടു നൂറ്റാണ്ടു കാലത്തെ കൊളോണിയൽ ഭരണത്തിനു ശേഷം, രാഷ്ട്രത്തിൻറെ വികസന മന്ത്രമായി ഈ പഞ്ചവത്സര പദ്ധതികൾ. അതു വഴി സർക്കാരിൻറെ അഭിലാഷങ്ങൾ പ്രതിഫലിച്ചു എന്നു മാത്രമല്ല, അവ രാഷ്ട്രതന്ത്രത്തിൻ്റെ ഉരകല്ലുമായി. മാധ്യമങ്ങൾ പഞ്ചവത്സര സൂക്തങ്ങൾ ഭക്തിപൂർവ്വം ഉരുവിട്ടു.

അബദ്ധം മുൻകൂട്ടി കണ്ടവരിൽ ഒരാളായിരുന്നു, ഭരണഘടന എഴുതിയ അംബേദ്‌കർ. 1949 ൽ ഭരണഘടനാ നിർമ്മാണസഭയിലെ അവസാന പ്രസംഗത്തിൽ അദ്ദേഹം, ഇന്ത്യ "വൈരുധ്യങ്ങളുടെ ജീവിതത്തിൽ " (life of contradictions) എത്തിപ്പെടുകയാണെന്ന് ശങ്കിച്ചു. അദ്ദേഹം മുന്നറിയിപ്പ് നൽകി:

"In politics, we will have equality, and in social and economic life we will have inequality."

(രാഷ്ട്രീയമായി നമുക്ക് സമത്വമുണ്ടാകും; സാമൂഹിക സാമ്പത്തിക ജീവിതത്തിൽ അസമത്വവും.)

ഈ വൈരുധ്യത്തെയാണ് ഭരണവർഗം നേരിടേണ്ടത്. അത് ചെയ്തില്ലെങ്കിൽ, സമത്വം നിഷേധിച്ചാൽ, അത് രാഷ്ട്രീയ ജനാധിപത്യ ഘടനയെ തട്ടിത്തകർക്കും (It will blow up the structure of political democracy.) എന്ന് അംബേദ്‌കർ ഭയന്നു. ആസൂത്രണം ജനാധിപത്യത്തിൻറെ നിലനിൽപിന് അത്യാവശ്യമാണെന്ന് ആദ്യ പഞ്ചവത്സര പദ്ധതി രേഖയിൽ നിരീക്ഷിച്ചു.

ലോകം ഇന്ത്യൻ പദ്ധതി നാടകം സാകൂതം വീക്ഷിച്ചു. ബ്രിട്ടനും അമേരിക്കയും അംബേദ്ക്കറുടെ ശങ്ക പങ്കിട്ടിരുന്നുവെന്ന് അവരുടെ രേഖകൾ വ്യക്തമാക്കുന്നു. ഇന്ത്യ നശിക്കുമെന്ന് അവർ കരുതി. ഇന്ത്യയുടെ വൈവിധ്യവും ദാരിദ്ര്യവും മുന്നോട്ടു വയ്ക്കുന്ന വെല്ലുവിളികൾ അതിജീവിക്കാൻ കഴിയില്ലെന്ന് അവർ വിചാരിച്ചു. വിഭജനകാലത്തു കണ്ട വർഗീയ കലാപങ്ങൾ ദുശ്ശകുനമായിരുന്നു. ഇന്ത്യ ചെറു രാജ്യങ്ങളായി ചിതറി തെറിക്കുമെന്ന് അവർ പ്രത്യാശിച്ചു. മാവോയുടെ ചൈനയും സ്റ്റാലിൻറെ സോവിയറ്റ് യൂണിയനും ഇന്ത്യയെ ചുവപ്പിച്ചേക്കാമെന്നും അവർ പ്രവചിച്ചു. അവരുടെ നോട്ടത്തിൽ, ഏകാധിപതിയുടെ അട്ടിമറിക്ക് ഇന്ത്യ പാകമായിരുന്നു. വാഷിങ്ങ്ടനിലും പശ്ചിമ യൂറോപ്യൻ തലസ്ഥാനങ്ങളിലും ഉണ്ടായ വിശ്വാസം ജനാധിപത്യം ഇന്ത്യയിൽ അപകടത്തിലാകുന്നതോടെ, ആഗോളമായി ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള മതിപ്പ് നശിക്കും എന്നായിരുന്നു.ഏഷ്യയിൽ ജനാധിപത്യത്തിൻറെ ഭാവി തുലാസിലാണെന്ന് ന്യൂയോർക് ടൈംസ് വിലപിച്ചു. കാരണം, ഇന്ത്യ കമ്യൂണിസത്തിന് എതിരായ കോട്ട മാത്രമല്ല, വിദൂര പൂർവ ദേശത്ത് ജനാധിപത്യത്തിൻറെ പ്രത്യാശ കൂടിയാണ്.

പിൽക്കാലത്ത് പ്രഭുസഭയിൽ എത്തിയ ഓക്സ്ഫഡ് ധനശാസ്ത്രജ്ഞൻ തോമസ് ബലോ, ലണ്ടനിലെ ദ് ഒബ്‌സർവറിൽ എഴുതി: "കമ്യൂണിസ്റ്റ് ഏകാധിപതികൾ മാത്രം നടത്തുന്ന പരീക്ഷണം, പൊതുസമ്മതിയോടെ നടപ്പാക്കാൻ ഇന്ത്യ ശ്രമിക്കുകയാണ്."


രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക സ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷം ആസൂത്രണം വഴി ഇല്ലാതാക്കാൻ കഴിയുമെന്ന് നെഹ്‌റു കരുതി. സ്വാതന്ത്ര്യം ആസ്വദിക്കാൻ സാമ്പത്തിക ഭദ്രത ഇല്ലാത്തവന് സ്വാതന്ത്ര്യം കടലാസ്സിൽ മാത്രമാണ്. എങ്കിലും നെഹ്‌റു പറഞ്ഞു: "ആസൂത്രണം, വലിയ നിയന്ത്രണവും ഏകോപനവും വഴി വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടുമെങ്കിലും, ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ, സ്വാതന്ത്ര്യ വികാസത്തിന് വഴിവയ്ക്കും."

ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായ സാമ്പത്തിക വിമർശമാണ്, കോൺഗ്രസിൻറെ രൂപീകരണത്തിനു കാരണമായത്. ബ്രിട്ടീഷ് ചൂഷണവും സാമ്പത്തിക ദുർഭരണവും ദേശീയ സംവാദത്തിൻറെ പ്രധാന ഘടകങ്ങൾ ആയിരുന്നു. നാം സ്വാതന്ത്ര്യത്തിനായി വാദിച്ചത്, അത് സാമ്പത്തിക ഉന്നമനത്തിനു വഴിവയ്ക്കും എന്നതു കൊണ്ടു കൂടിയാണ്. 1928 -1932 ലെ ആദ്യ സോവിയറ്റ് പഞ്ചവത്സര പദ്ധതി വ്യവസായ വികസനമുണ്ടാക്കി എന്ന കേൾവി നെഹ്രുവിനെപ്പോലുള്ളവരെ പ്രചോദിപ്പിച്ചു. റൂസ്‌വെൽറ്റിൻറെ നയങ്ങൾ 1930 കളിൽ അമേരിക്കയിൽ വലിയ വ്യത്യാസം ഉണ്ടാക്കിയിരുന്നു. ഈ യുഗത്തിൻറെ ഒറ്റമൂലിയാണ് ആസൂത്രണമെന്ന് സ്വതന്ത്ര വിപണിക്കായി വാദിച്ച അന്നത്തെ സാമ്പത്തിക ശാസ്ത്രജ്ഞൻ ലയണൽ റോബിൻസ് നിരാശയോടെ നിരീക്ഷിച്ചു. ആഗോളമാന്ദ്യം പോലുള്ള മുതലാളിത്ത പ്രതിസന്ധികൾ തരണം ചെയ്യാൻ റഷ്യൻ കമ്മ്യൂണിസ്റ്റ് മാതൃക നല്ലതാണെന്ന് നെഹ്‌റു വിശ്വസിച്ചു.

എൻജിനിയറായ എം വിശ്വേശ്വരയ്യ 1934 ൽ Planned Economy for India എന്ന പുസ്തകം എഴുതി. കേന്ദ്രീകൃത സാമ്പത്തിക ആസൂത്രണത്തിനായി അദ്ദേഹം നിലകൊണ്ടു. വ്യവസായ വികസനത്തിനുള്ള ദശവത്സര പദ്ധതിക്ക്, കൂർമബുദ്ധിയുള്ള ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കാൻ അദ്ദേഹം നിർദേശിച്ചു. അന്ന് ടാറ്റ അയേൺ ആൻഡ് സ്റ്റീൽ ഡയറക്ടർ ബോർഡ് അംഗമായിരുന്നു അദ്ദേഹം. അതേ വർഷം ജി ഡി ബിർളയും ആസൂത്രണത്തിനായി രംഗത്തെത്തി. വ്യവസായ വികസനം ആഭ്യന്തര വിപണിക്ക് വേണ്ടിയാകണം എന്ന് ബിർള വാദിച്ചു. വികസനം വന്നാൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് സാധ്യത കുറയുമെന്ന് അദ്ദേഹം കണ്ടു. ബിർള പറഞ്ഞു: 

"There is no surer method of inviting Bolshevism, Communism and anarchism than to create an unhealthy disparity between the higher and lower strata of society."

(വിശ്വേശ്വരയ്യയെ പരാമർശിച്ചതിനാൽ, ഒരു കാര്യം കൂടി പറയട്ടെ -ഇന്ത്യയിൽ സ്വയം ഭാരതരത്നം നൽകിയ രണ്ടു പ്രധാനമന്ത്രിമാരുണ്ട്. ഭാരതരത്നം നല്കാൻ തുടങ്ങിയത് 1954 ലാണ്. 1955 ൽ നെഹ്‌റു അത് തനിക്കും വിശ്വേശ്വരയ്യയ്ക്കുമായി വീതിച്ചു. 1971 ൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തനിക്ക് തന്നെ ഭാരതരത്നം നൽകി അച്ഛൻറെ പാത പിന്തുടർന്നു. നെഹ്‌റു കുടുംബത്തിൻറെ ഹൃദയ വിശാലത പടിപ്പുകഴ്തേണ്ടത് തന്നെ!)

1938 ഫെബ്രുവരിയിൽ ഗുജറാത്തിലെ ഹരിപുര സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായ സുഭാഷ് ചന്ദ്ര ബോസ്, ഒരു ആസൂത്രണ കമ്മിഷൻ വഴി ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് സോഷ്യലിസ്റ്റ് പരിഹാരം കാണണമെന്ന നിർദ്ദേശത്തോടെ കോൺഗ്രസുകാരെ ഞെട്ടിച്ചു. പൊതു ഉടമയിൽ രാജ്യ നിയന്ത്രണത്തിൽ വ്യവസായ വികസനത്തിന് കമ്മിഷൻ സമഗ്ര പരിപാടി തയ്യാറാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അദ്ദേഹം ദേശീയ ആസൂത്രണ സമിതിക്ക് രൂപം നൽകി. അതിൻ്റെ അധ്യക്ഷ സ്ഥാനം ലണ്ടനിൽ ആയിരുന്ന നെഹ്‌റുവിന് ഒരു കത്തു വഴി ബോസ് വാഗ്‌ദാനം ചെയ്തു. നെഹ്രുവിൻറെ നേതൃത്വത്തിൽ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ച സോഷ്യലിസ്റ്റ് ധനശാസ്ത്രജ്ഞൻ കെ ടി ഷാ നയിച്ച ആ സമിതിയിൽ 15 അംഗങ്ങൾ ഉണ്ടായിരുന്നു. നാല് വ്യവസായികൾ, അഞ്ച് ശാസ്ത്രജ്ഞർ, മൂന്ന് ധനശാസ്ത്രജ്ഞർ, ഒരു തൊഴിലാളി നേതാവ്. ഒരു സംശയാലുവായ ഗാന്ധിയൻ. ഗാന്ധി തന്നെ, ഈ സമിതിയുടെ പ്രയോജനം എന്തെന്ന് മനസ്സിലാകുന്നില്ലെന്ന് കാട്ടി നെഹ്‌റുവിന് കത്തെഴുതി. രബീന്ദ്രനാഥ് ടഗോർ സമിതിയെ ആഹ്‌ളാദത്തോടെ കണ്ടു. ബോസ് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് ടഗോർ ആഗ്രഹിച്ചു. ടാറ്റയുടെ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ആയിരുന്നു, സമിതിയുടെ ഓഫിസ്. സമിതി അംഗങ്ങൾ പൊതു ഉടമ വിഷയത്തിൽ തർക്കിച്ചു. രണ്ടാം ലോകയുദ്ധവും ക്വിറ്റ് ഇന്ത്യ സമരവും സമിതിയെ പൂട്ടിക്കെട്ടി.

Minister V Muraleedharan in Kochi seminar

രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടൻ ഇന്ത്യയിൽ ഉണ്ടാക്കിയ ആസൂത്രണ, വികസന വിഭാഗം, നിലച്ചു പോയ സമിതിയുടെ സോഷ്യലിസ്റ്റ് ആദർശങ്ങൾ ഉൾക്കൊണ്ടു. 1945 ൽ ചർച്ചിൽ പുറത്തായി, ആറ്റ്ലീയുടെ ലേബർ ഭരണം വന്നു. അതിൻ്റെ പരിപാടിയിലും സോഷ്യലിസം സ്ഥാനം പിടിച്ചു. 1944 ൽ വ്യവസായികളുടെ ബോംബെ പ്ലാൻ, എം എൻ റോയിയുടെ ജനകീയാസൂത്രണ പദ്ധതി, മുസ്ലിം ലീഗിൻറെ ആസൂത്രണ സമിതി, ഗാന്ധിയുടെ പ്ലാൻ എന്നിവ ഉണ്ടായി. ടാറ്റ, ബിർള തുടങ്ങിയവർ നയിച്ച ബോംബെ പ്ലാൻ എഴുതിയത്, ടാറ്റയുടെ ഉപദേഷ്ടാവായ ധനശാസ്ത്രജ്ഞൻ ജോൺ മത്തായി ആയിരുന്നു. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ബദലായിരുന്നു ബോംബെ പ്ലാൻ എന്ന് കരുതപ്പെടുന്നു.

ജോൺ മത്തായി പോകുന്നു 

രാഷ്ട്രീയത്തിനു മുകളിൽ വികസന ചിന്തകൾ നിൽക്കും എന്ന് നെഹ്‌റു ആശിച്ചു. അങ്ങനെ ആസൂത്രണം അദ്ദേഹത്തിന് രക്ഷാകേന്ദ്രമായി. പ്രത്യയശാസ്ത്ര സംഘർഷങ്ങളിൽ നിന്നും രാഷ്ട്രീയ തർക്കങ്ങളിൽ നിന്നുമുള്ള അഭയ കേന്ദ്രം. അങ്ങനെയാണ് സ്വാതന്ത്ര്യ ശേഷം ആസൂത്രണ കമ്മിഷൻ വന്നത്. അതിന് ഒരു ഉപദേശക സമിതിയുടെ സ്വഭാവമായിരുന്നു. ഗാന്ധിയൻ തൊഴിലാളി നേതാവ് ഗുൽസാരിലാൽ നന്ദയും കോൺഗ്രസ് പ്രവർത്തക സമിതിയും കമ്മിഷന് കടുത്ത അധികാരങ്ങൾ നൽകാൻ വാദിച്ചെങ്കിലും മന്ത്രിസഭ അവ തള്ളി. കമ്മിഷൻ രൂപീകരിച്ചതിന് പിന്നാലെ ധനമന്ത്രി ജോൺ മത്തായി രാജിവച്ചു; മന്ത്രിമാർ മുട്ടുമടക്കേണ്ടി വരുന്ന സമാന്തര മന്ത്രിസഭയാണ് കമ്മിഷൻ എന്ന് മത്തായി രോഷം കൊണ്ടു. നെഹ്‌റു കമ്മിഷൻ അംഗമായിരുന്നു. കാബിനറ്റ് സെക്രട്ടറി കമ്മിഷൻ പ്രിൻസിപ്പൽ സെക്രട്ടറിയും ആയിരുന്നു.

രാജിക്ക് ശേഷം, പത്രപ്രസ്താവനയിൽ, ജോൺ മത്തായി പറഞ്ഞു:

I consider the Planning Commission not merely ill-timed but in its working and general set-up ill-conceived. The Planning Commission was tending to become a parallel cabinet…it would weaken the authority of the Finance Ministry and gradually reduce the Cabinet to practically a registering authority.

The Planning Commission was totally unnecessary and in fact, hardly qualified for its work…there was a general tendency amongst the various Ministries to disregard the authority of the Standing Finance Committee and that some of the greatest offenders were the Ministers directly under the control of the Prime Minister. When departures from accepted practice were approved by the Prime Minister, it has a demoralizing effect on other departments of Government.

(ആസൂത്രണ കമ്മിഷൻ അനവസരത്തിലും അതിൻ്റെ സംവിധാനവും പ്രവർത്തനവും ആശയദരിദ്രവുമാണ്. ആസൂത്രണ കമ്മിഷൻ സമാന്തര മന്ത്രിസഭ ആയി...അത് ധനമന്ത്രാലയത്തെ ദുർബലപ്പെടുത്തും. മന്ത്രിസഭയെ ഏറാൻ മൂളിയാക്കും.

ആസൂത്രണ കമ്മിഷൻ അനാവശ്യമായിരുന്നു. ആ ജോലിക്ക് തീരെ യോഗ്യവുമല്ല...ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധികാരത്തെ അവഗണിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് പ്രവണതയുണ്ടായി. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ചില മന്ത്രിമാരായിരുന്നു വലിയ കുറ്റവാളികൾ. അംഗീകൃത രീതികളിൽ നിന്നുള്ള വ്യതിചലനങ്ങളെ പ്രധാനമന്ത്രി അംഗീകരിച്ചപ്പോൾ, സർക്കാരിൻറെ മറ്റ് വകുപ്പുകൾ നിർവീര്യമായി.)

ജോൺ മത്തായി, ആസൂത്രണ കമ്മിഷൻ ആ പണിക്ക് പറ്റിയതല്ല എന്നു പറഞ്ഞത് സത്യമായിരുന്നു. ആദ്യത്തെ ആസൂത്രണ കമ്മിഷൻ അംഗങ്ങളെ ഇന്ന് ആരും ഓർക്കുന്നില്ല. ബറോഡ, ജയ്‌പൂർ എന്നിവിടങ്ങളിൽ ദിവാൻ ആയിരുന്ന വി ടി കൃഷ്ണമാചാരി ( ടി ടി അല്ല), താരിഫ് ബോർഡ് പ്രസിഡൻറ് ജി എൽ മേത്ത, ഐ സി എസ് ഓഫിസർ ആർ കെ പാട്ടീൽ എന്നിവരായിരുന്നു, അംഗങ്ങൾ. മേത്ത ലണ്ടൻ സ്‌കൂൾ ഇക്കണോമിക്‌സിൽ പഠിച്ചിരുന്നെങ്കിലും ആ രംഗത്തല്ല പ്രവർത്തിച്ചിരുന്നത്.

ജോൺ മത്തായി രാജിവച്ചത് നെഹ്‌റുവിന് ഭരണം അറിയില്ല എന്ന് അടുത്തു നിന്ന് കണ്ടതു കൊണ്ടു കൂടിയാണ്. നിയമപരമായ അധികാരങ്ങളില്ലാത്ത ആസൂത്രണ കമ്മിഷൻ, സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കുന്നത് എങ്ങനെ എന്ന് നെഹ്‌റുവിനെ മത്തായി ചോദ്യം ചെയ്തപ്പോൾ നെഹ്‌റു ക്ഷുഭിതനായി. മത്തായി, മേലധികാരിയെ ചോദ്യം ചെയ്യുകയാണെന്ന് നെഹ്‌റു ആരോപിച്ചു. കോൺഗ്രസ് പ്രവർത്തക സമിതിയുടെ സമ്മർദ്ദം കാരണമാണ് താൻ ഇതൊക്കെ ചെയ്യുന്നതെന്ന് നെഹ്‌റു ന്യായീകരിച്ചു. 1950 ജൂൺ 17 ന് മത്തായി, നെഹ്‌റുവിന് എഴുതി:

"Your suggestion that you were bound by the decision of the Congress Working Committee is hardly relevant. If the Prime Minister is to be bound by the decision of the party caucus in so important a matter to the extent you presume, there is an end to parliamentary democracy as one knows it".

(കോൺഗ്രസ് പ്രവർത്തക സമിതിയുടെ തീരുമാനത്താൽ ബന്ധിതനാണ് എന്ന താങ്കളുടെ അവകാശവാദം പ്രസക്തമല്ല. പാർട്ടിയിലെ ഉപജാപക വൃന്ദത്തിൻറെ തീരുമാനങ്ങളുടെ തടവിലാണ് പ്രധാനമന്ത്രി എങ്കിൽ, അത്, പാർലമെൻററി ജനാധിപത്യത്തിൻറെ അന്ത്യമാണ്.)

ആസൂത്രണത്തിന് കണക്കുകൾ ആവശ്യമാണെന്ന് കണ്ട നെഹ്‌റു അക്കാര്യം പ്രൊഫസർ പി സി മഹലനോബിസിനെ ഏൽപിച്ചു. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടും നാഷനൽ സാമ്പിൾ സർവേയും ഉണ്ടായി. വീടുവീടാന്തരമുള്ള സർവേ മറ്റ് രാജ്യങ്ങൾക്കും മാതൃകയായി. 1950 കളിൽ തന്നെ കമ്പൂട്ടറുകൾ ഇന്ത്യയിൽ എത്തി.അതിന് ഹോമി ഭാഭയും മുന്നിൽ നിന്നു. ആണവശാസ്ത്രജ്ഞർക്കും അത് വേണ്ടിയിരുന്നു. ഊർജ്ജതന്ത്രമാണ് മഹലനോബിസ് പഠിച്ചത്. അദ്ദേഹത്തിന് ഇന്ത്യൻ ധനശാസ്ത്രജ്ഞരെപ്പറ്റി വലിയ അഭിപ്രായം ഉണ്ടായിരുന്നില്ല. വിദേശ ധനശാസ്ത്രജ്ഞരുടെ സഹായം അദ്ദേഹം തേടി. അവർ തന്നോട് യോജിച്ചപ്പോൾ അദ്ദേഹം സന്തോഷിച്ചു. എങ്കിലും ഡൽഹി കേന്ദ്രമായ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് ആണ് ടി എൻ ശ്രീനിവാസൻ, ജഗദീഷ് ഭഗവതി, അമർത്യ സെൻ, സുരേഷ് ടെണ്ടുൽക്കർ, ബി എസ് മിൻഹാസ് തുടങ്ങിയ ധനശാസ്ത്രജ്ഞരെ രൂപപ്പെടുത്തിയത്. ഇവരാണ് 1991 ൽ പി വി നരസിംഹ റാവുവും മൻമോഹൻ സിംഗും കൊണ്ടു വന്ന സാമ്പത്തിക ഉദാരവൽക്കരണത്തിന് പിന്തുണ നൽകിയത്. ഇവരിൽ ചിലർ 1964 ൽ പീതാംബർ പന്തിൻറെ മേൽനോട്ടത്തിൽ എല്ലാ ഇന്ത്യക്കാർക്കും മിനിമം വരുമാനം ഉറപ്പാക്കാനുള്ള ആശയം ആവിഷ്‌കരിച്ചു.

നിഖിൽ മേനോൻ 

ജോൺ മത്തായി 1950 ൽ ധനമന്ത്രി സ്ഥാനം ഒഴിഞ്ഞത്, ഒരു പാർലമെൻററി ജനാധിപത്യത്തിൽ ആസൂത്രണ കമ്മിഷൻ എന്ന സംവിധാനം കാബിനറ്റ് സമ്പ്രദായത്തെ അട്ടിമറിക്കും എന്ന് പരാതിപ്പെട്ടാണ്. പകരം വന്ന സി ഡി ദേശ്മുഖ്, മഹലനോബിസിനോട് അനുഭാവം കാട്ടി. 1945 മുതൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് പ്രസിഡൻറ് ആയിരുന്ന ദേശ് മുഖ് ആണ് റിസർവ് ബാങ്കിൽ ഗവേഷണ സംഘത്തെ സംഘടിപ്പിച്ചത്. തുടർന്നു വന്ന ധനമന്ത്രിമാർ ടി ടി കൃഷ്ണമാചാരിയും മൊറാർജി ദേശായിയും ആസൂത്രണം പിഴച്ചപ്പോഴൊക്കെ സാമ്പത്തിക നയം കയ്യടക്കി.

ഇന്ത്യൻ ആസൂത്രണം രാജ്യത്തെ പ്രതിസന്ധിയിലാക്കിയത് 1956 ൽ മഹലനോബിസിൻറെ മേൽനോട്ടത്തിൽ വലിയ പ്രതീക്ഷയോടെ തുടങ്ങിയ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വർഷത്തിലാണ്. ആസൂത്രണ കമ്മിഷൻ ധനമന്ത്രാലയത്തിൻറെ അധികാരത്തിൽ കൈകടത്തി. ആസൂത്രണ കമ്മിഷനെ കൊൽക്കത്തയിൽ മഹലനോബിസിൻറെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് ഭരിക്കാൻ നോക്കി. 1960 ൽ മാത്രമാണ് മഹലനോബിസ് ആസൂത്രണ കമ്മിഷൻ അംഗമായത്. 1963 ൽ മാത്രമാണ് ഒരു ധനശാസ്ത്രജ്ഞൻ, വി കെ ആർ വി റാവു ആസൂത്രണ കമ്മിഷനിൽ മുഴുവൻ സമയ അംഗമായത്.

നെഹ്‌റു പരാജയം 

ശീതയുദ്ധ കാലത്ത് നെഹ്രുവിയൻ ആസൂത്രണം വൈവിധ്യമാർന്ന ഒരു വ്യവസായ അടിത്തറ ഉണ്ടാക്കിയെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ അത് വലിയ പരാജയമായിരുന്നു. കാരണം, കിഴക്കൻ ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ 1965 ന് ശേഷം സാമ്പത്തികമായി കുതിച്ചു ചാടിയപ്പോൾ ഇന്ത്യൻ വ്യവസായ മേഖല യാഥാസ്ഥിതികമായ കടുത്ത നിയന്ത്രണങ്ങളിൽ പതറി. കേന്ദ്രീകൃത ആസൂത്രണം പ്രതിസന്ധിയിലായി. 1960 നു ശേഷം പലതരത്തിൽ ജനാധിപത്യം ഇന്ത്യയിൽ വേരാഴ്ത്തിയതും ഇതിന് കാരണമാണ്. പ്രാദേശിക വരേണ്യ നേതാക്കളുടെ രാഷ്ട്രീയ ശബ്ദം ഉച്ചത്തിലായി. പ്രാദേശിക സർക്കാരുകളുടെ ശക്തി കൂടി. പരിമിതമായ ധനാഗമ മാർഗ്ഗങ്ങൾക്ക് മേൽ അവകാശവാദങ്ങൾ ഉണ്ടായി. നിഖിൽ മേനോൻ ഇങ്ങനെ ആസൂത്രണം പാളിയതിൻറെ യഥാർത്ഥ കാരണം കണ്ടെത്തുന്നില്ല -കോൺഗ്രസ് രാഷ്ട്രീയ നെഹ്രുവിൻറെ അവസാന കാലങ്ങളിൽ പാപ്പരായി എന്നതാണ് സത്യം. 1959 ൽ കേരളത്തിൽ ഇ എം എസ് സർക്കാരിനെ നെഹ്‌റു പിരിച്ചു വിട്ടത് ഇന്ദിരാ ഗാന്ധിയുടെ സമ്മർദ്ദം കാരണമാണെന്ന് എസ് ഗോപാൽ എഴുതിയ നെഹ്‌റു ജീവചരിത്രത്തിൽ കാണാം. 1962 ൽ ചൈനയുമായുള്ള യുദ്ധത്തിൽ തോറ്റ നെഹ്‌റു പ്രധാനമന്ത്രി പദം ഒഴിയാനുറച്ച് ഹിമാലയത്തിൽ പോയി. ബ്രഷ്നേവിൻ്റെ ഇടപെടൽ കാരണമാണ് തിരിച്ചു വന്നത്. അദ്ദേഹം ഒരു രാജ്യതന്ത്രജ്ഞൻ (statesman) എന്ന നിലയിൽ സമ്പൂർണ തോൽവിയായി കഴിഞ്ഞിരുന്നു. 

അക്കാലത്തെപ്പറ്റി പ്രമുഖ പത്രപ്രവർത്തകൻ ഇന്ദർ മൽഹോത്ര 2013 ജൂൺ 10 ന് ഇന്ത്യൻ എക്സ്‌പ്രസിൽ എഴുതി:

India literally almost lived from ship-to-mouth, and those of us who lived through that era swallowed a measure of humiliation with every morsel of American food.

(ഇന്ത്യ കപ്പലിൽ വന്ന ഭക്ഷണം കൊണ്ട് ജീവിച്ചു. ഞങ്ങളുടെ കാലത്ത് ജീവിച്ചവർ ഓരോ ഉരുള അമേരിക്കൻ ഭക്ഷണത്തിനൊപ്പം അപമാനം കടിച്ചിറക്കി.)

നെഹ്രുവിയൻ ആസൂത്രണത്തിൽ രണ്ട് പ്രധാന സാങ്കേതിക പിഴവുകൾ ഉണ്ടായിരുന്നു. കുറെപ്പേർ ഇരുന്ന് വികസനം തീരുമാനിക്കുന്ന physical planning ആയിരുന്നു അത് എന്നതിനാൽ, വിഭവ വിതരണത്തിൽ, സാധനങ്ങളുടെ വിലയുടെ പങ്ക് കണക്കിൽ എടുത്തതേയില്ല. എത്ര കൽക്കരി, ഉരുക്ക്, യന്ത്രങ്ങൾ, ഉപഭോക്തൃ വസ്തുക്കൾ എന്നിവ ഉൽപാദിപ്പിക്കണം എന്നു തീരുമാനിച്ചത് ഈ ആസൂത്രകരാണ്; ഉപഭോക്താക്കളുടെ മനസ്സറിയുന്ന കമ്പനികൾ അല്ല. അതു കൊണ്ടാണ് ഇന്ത്യൻ ആസൂത്രണത്തെ ബ്രിട്ടീഷ് ധനശാസ്ത്രജ്ഞൻ പീറ്റർ ബോയർ "priceless" എന്നു വിളിച്ചത്. അമൂല്യം എന്ന അർത്ഥത്തിൽ അല്ല, വിലയില്ലാത്തത് എന്ന അർത്ഥത്തിൽ.

രണ്ടാമത്തെ സാങ്കേതിക പിഴവ്, കണക്കിൻറെ വെല്ലുവിളി ആയിരുന്നു. ലക്ഷക്കണക്കിന് ഉൽപന്നങ്ങളും ഉപഭോക്താക്കളും കൃഷിയിടങ്ങളും ഫാക്ടറികളും വാഹനങ്ങളും റീട്ടയിൽ ശൃംഖലകളുമുള്ള സങ്കീർണമായ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് ആസൂത്രണ മാതൃകകൾ ഉണ്ടാക്കുന്നതിൻറെ ഗണിത വെല്ലുവിളി ഇന്നും ഭീകരമാണ്. സോവിയറ്റ് ആസൂത്രണത്തിലെ ഈ പാകപ്പിഴ Red Plenty എന്ന നോവലിൽ ഫ്രാൻസിസ് സ്പഫോർഡ് വരച്ചു കാട്ടിയിട്ടുണ്ട്.

പ്രായപൂർത്തി വോട്ടവകാശം വച്ച് പുതിയ ജനാധിപത്യം കെട്ടിപ്പടുക്കുക, അതിൻ്റെ സാമ്പത്തിക യാത്ര ഡൽഹിയിൽ ഇരുന്നു തീരുമാനിക്കുക -അതിൻ്റെ സംഘർഷം വലുതായിരുന്നു. ജനത്തിലേക്ക് എത്തിച്ചർന്നു കൊണ്ടുള്ള ജനാധിപത്യ ആസൂത്രണമായിരുന്നു നെഹ്രുവിൻറെ മനസ്സിൽ. ഒരിക്കൽ നെഹ്‌റു ആദ്യ പഞ്ചവത്സര പദ്ധതി രേഖ മുഴുവൻ മന്ത്രിസഭാ യോഗത്തിൽ വായിക്കാൻ കാബിനറ്റ് സെക്രട്ടറിയോട് ഉത്തരവിട്ടു. അത് വായിച്ചു തീർക്കാൻ മൂന്നു ദിവസം എടുത്തു. അതു നടക്കുമ്പോൾ പലരും ഉറങ്ങി.

ജോൺ മത്തായി 

നെഹ്‌റു മതേതരവാദിയാണെന്ന് പലരും പടിപ്പുകഴ്ത്തുമെങ്കിലും, ആസൂത്രണ പദ്ധതി ജനകീയമാക്കാൻ അദ്ദേഹം മതവിശ്വാസത്തെ ഉപയോഗിച്ചു. 1954 ൽ പ്രയാഗ്‌രാജിലെ കുംഭമേളയിൽ ഗുൽസാരിലാൽ നന്ദ, ഭാരത് സാധു സാമാജിനെ സഹകരിപ്പിച്ച് പ്രചാരണം നടത്തി. കോസി നദി ശ്രമദാന൦ വഴി വൃത്തിയാക്കാൻ ബിഹാറിൽ ഭാരത് സേവക് സമാജ് പ്രവർത്തകർ ഒത്തു ചേർന്നപ്പോൾ, പ്രാരംഭമായി പൂജാരിമാർ വേദമന്ത്രങ്ങൾ ഉരുവിട്ടു. യശ്‌പാലിൻറെ നോവലായ 'ജൂട്ട സച്ചി'ൽ രണ്ടു മുഖ്യ കഥാപാത്രങ്ങളിൽ ഒരാൾ ആസൂത്രണ കമ്മിഷനിലെ ധനശാസ്ത്രജ്ഞൻ ആയത് ആകസ്മികമായിരുന്നില്ല.

മൂന്നാമത്തെ പഞ്ചവത്സര പദ്ധതിക്ക് ശേഷം, ഇന്ത്യൻ ആസൂത്രണ പാളിച്ചകൾ രാജ്യത്തെ തുറിച്ചു നോക്കി. ആസൂത്രണ കമ്മിഷൻറെ സ്വാധീനം ലാൽബഹദൂർ ശാസ്ത്രി വെട്ടിനീക്കി. 1967 ൽ ആദ്യ ഭരണ പരിഷ്കാര കമ്മിഷൻ റിപ്പോർട്ടിൽ കമ്മിഷനെ നിശിതമായി വിമർശിച്ചു. ഇന്ദിരാ ഗാന്ധി ആസൂത്രണ കമ്മിഷനെ സഹതാപത്തോടെ കണ്ടെങ്കിലും മിൻഹാസ് 1973 ൽ രാജിവച്ചു. അഞ്ചാം പഞ്ചവത്സര പദ്ധതി വസ്തുതകളുമായി നിരക്കാത്തവിധം വലിപ്പമേറിയതാണെന്ന് അദ്ദേഹത്തിന് തോന്നി. ഒരു സംഘം വിദൂഷകരാണ് ആസൂത്രണ കമ്മിഷൻ അംഗങ്ങൾ എന്ന് രാജീവ് ഗാന്ധി പരിഹസിച്ചു.

ഉദാരവൽക്കരണം 

1991 ലെ ഉദാരവൽക്കരണ നയം അനിവാര്യമായിരുന്നു. കാരണം ആ വർഷം ഇന്ത്യൻ ആസൂത്രണത്തിൻറെ പിതൃഭൂമിയായ സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതായി. സ്വകാര്യ ഉടമ ഇന്ത്യൻ വികസനത്തിൻറെ ചാലക ശക്തിയായി. ആസൂത്രണ കമ്മിഷൻ സ്വയം പരിഷ്കരിക്കാൻ ശ്രമിച്ചെങ്കിലും, അതിൻ്റെ ഉദകക്രിയ എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. 2014 ൽ മോദി അത് നിർവഹിച്ചു.

വികസനത്തിൽ സർക്കാരിൻറെ പങ്ക് തിരിച്ചറിയുന്ന ആളാണ് മോദി. വ്യവസായ വികസനം സർക്കാർ നിക്ഷേപം വഴിയല്ല ഉണ്ടാകേണ്ടത്. എങ്കിലും രാജ്യത്തിന് ചേർന്ന വ്യവസായ നയവും അത് പരിസ്ഥിതി സൗഹൃദം ആയിരിക്കുക എന്ന ഘടകവും വെല്ലുവിളികൾ തന്നെ. കണക്ക് ഇക്കാലത്ത് വളരെ പ്രധാനമാണ്. നെഹ്‌റുവിൻറെയും മഹലനോബിസിൻറെയും വീടിൻറെ പ്രേതബാധ ആഭിചാര ക്രിയകൾ വഴിയല്ലാതെ ഉച്ചാടനം ചെയ്യേണ്ടതുണ്ട്.

നെഹ്രുവും മോദിയും തമ്മിൽ താരതമ്യങ്ങളില്ല. വളരെ വൈകിയാണ് അദ്ദേഹം എന്തെങ്കിലും മുദ്ര പതിപ്പിച്ചത്. പതിനാറാം വയസിൽ ഇംഗ്ലണ്ടിലെ ഹാരോ സ്‌കൂളിലും അതിനു ശേഷം കേംബ്രിഡ്ജിലും പോയെങ്കിലും, 30 വയസു വരെ ഒരു നേട്ടവും ഉണ്ടായില്ല. 1929 ൽ നാൽപതാം വയസിൽ കമ്മ്യുണിസ്റ്റ് ഇൻറർനാഷനൽ (Comintern) ബ്രസൽസിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ വിരുദ്ധ സമ്മേളനത്തിനു പോയി മാർക്സിസത്തിലും സോവിയറ്റ് യൂണിയനിലും ആകൃഷ്ടനായി. മോത്തിലാൽ നെഹ്‌റു മകന് കോൺഗ്രസ് പ്രസിഡൻറ് പദം ഉറപ്പിക്കുക മാത്രമല്ല, നെഹ്രുവിൻറെ വളർച്ചയുടെ ഉത്തരവാദിത്തം ഗാന്ധിയെ ഏൽപിക്കുകയും ചെയ്തു.

മോദിയാകട്ടെ, 16 വയസിൽ വീടു വിട്ടിറങ്ങി സ്വയം പര്യാപ്തത കൈവരിച്ചു. മിക്കവാറും നടന്നാണ് അദ്ദേഹം ഇന്ത്യയെ കണ്ടെത്തിയത്. നെഹ്‌റു ആദ്യമായി ഒരു ജോലി ചെയ്തത് 54 വയസിൽ ഇടക്കാല പ്രധാനമന്ത്രി ആയപ്പോഴാണ്. ഗാന്ധിയുടെ വിയോഗത്തിന് ശേഷമേ സ്വന്തം കാലിൽ നിന്നുള്ളൂ. 51 വയസിൽ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയി. രണ്ടു ദശകമായി അദ്ദേഹം ഭരിക്കുന്നു.

അമേരിക്കാവിരുദ്ധമായ ചേരിചേരാ പ്രസ്ഥാന നേതാവായിരുന്നു, നെഹ്‌റു. ബാന്ദുങിൽ ഷു എൻ ലായിയെ അനുഗമിച്ച് ചൈനയെ ലോകവേദിയിലേക്ക് സ്വാഗതം ചെയ്തു. സാമ്രാജ്യത്വ വിരുദ്ധനായ നെഹ്‌റു, കഴ്സൺ പ്രഭു കയ്യടക്കിയ തിബത്തൻ മേഖല മടക്കി നൽകുമെന്ന് ചൈന ആശിച്ചു. അത് നടക്കാത്തപ്പോൾ ചൈന അക് സായ് ചിൻ കയ്യടക്കി. ദുർബലനായ വി കെ കൃഷ്ണ മേനോനെ പ്രതിരോധ വകുപ്പ് ഏൽപിച്ചതിൽ നെഹ്‌റുവിന് തെറ്റു പറ്റി. ഇന്ത്യ തോറ്റു, ലോകത്തിനു മുന്നിൽ നാണം കെട്ടു. എന്തൊക്കെ ചെയ്തുകൂടാ എന്നതിന് മോദിക്കു മുന്നിലെ പാഠപുസ്തകമാണ്, നെഹ്‌റു.

K Surendran inaugurating Kozhikode seminar

മോദി ഒരു ബദൽ ഇന്ത്യൻ ആശയം മുന്നോട്ട് വയ്ക്കുന്നു. ഹിന്ദു ദേശീയതയാണ് അടിത്തറ. ജനക്ഷേമ രാഷ്ട്രമാണ് ലക്ഷ്യം. മോദി പുതിയ ധാർമിക ക്രമം രാജ്യത്തിന് ഉറപ്പു നൽകുന്നു. രണ്ടാമൂഴത്തിലെ വിജയ പ്രഭാഷണത്തിൽ മോദി പറഞ്ഞു:

"We never stepped back from our path, never let our ideals dim. We never stopped, nor got tired, nor did we bend … We will never leave our ideals, nor our sanskaar.”

(നാം ഒരിക്കലും നമ്മുടെ വഴിയിൽ നിന്ന് പിന്നോട്ട് പോയില്ല . നാം കിതച്ചു നിന്നില്ല, തല കുനിച്ചില്ല ...നാം നമ്മുടെ ആദർശങ്ങളോ സംസ്കൃതിയോ കൈവെടിയില്ല. )

1952 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നെഹ്‌റു പ്രഖ്യാപിച്ചത്, "ദുഷ്ട വർഗീയ ശക്തികൾക്കെതിരായ സമഗ്ര" യുദ്ധമാണ്. "വർഗീയത രാജ്യത്തിന് നാശവും മരണവും വിതയ്ക്കു"മെന്ന് നെഹ്‌റു ശങ്കിച്ചു. സ്വന്തം പാർട്ടിയിലെ യാഥാസ്ഥിതികർക്കെതിരെ ആയിരുന്നു നെഹ്രുവിൻറെ ആക്രമണം. രാജേന്ദ്രപ്രസാദും സർദാർ പട്ടേലും അംബേദ്‌കറും കെ എം മുൻഷിയും മൊറാർജി ദേശായിയും ജോൺ മത്തായിയും ഒക്കെയായിരുന്നു ഈ ശത്രുക്കൾ. പട്ടേലും അംബേദ്‌കറും നേരത്തേ മരിച്ചതിനാൽ, നെഹ്‌റു പിടിച്ചു നിന്നു.

മതേതരത്വം എന്ന വാക്ക് നെഹ്രുവും കൂട്ടരും ഉപയോഗിച്ചത് ആത്മാർത്ഥമായല്ല എന്ന് മോദി കാണുന്നു. വിജയപ്രഭാഷണത്തിൽ അദ്ദേഹം നിരീക്ഷിച്ചു:

"Especially for the last 30 years in this country, there has been a printout, a tax, label so fashionable that you could do anything and treat it like a purifying bath in the Ganga. It was completely false, and the tax was called secularism.”

(കഴിഞ്ഞ 30 വർഷമായി ഇവിടെ ഒരു കടലാസു കാട്ടി ആർക്കും എന്തും ചെയ്ത് ഗംഗയിൽ സ്നാനം ചെയ്ത് ശുദ്ധി വരുത്തിയ പോലെ ഭാവിക്കാമായിരുന്നു . അത് വ്യാജമായിരുന്നു. ആ കടലാസാണ്, മതേതരത്വം.)

സത്യത്തിൽ, ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് ആക്കി ഭയപ്പെടുത്തിയാണ് കോൺഗ്രസ് ഭരിച്ചതെന്നും മോദി കണ്ടു. അതിനാൽ, "സബ്കാ സാഥ്, സബ്കാ വികാസ്" എന്ന മുദ്രാവാക്യം "സബ്കാ വിശ്വാസ് " എന്നു കൂടി അദ്ദേഹം വികസിപ്പിച്ചു. അതു കൊണ്ട് മോദി അദ്ദേഹത്തിൻറെ സ്വപ്നം ഇങ്ങനെ പ്രകടമാക്കി:

"You will have to leave the thought process of the 20th century. This is the 21st century, this is a new Bharat.”

(നിങ്ങൾ ഇരുപതാം നൂറ്റാണ്ടിനെ മറക്കണം; ഇത് ഇരുപത്തൊന്നാണ്, ഇത് നവഭാരതമാണ്.)

നെഹ്‌റുവിന് വലിയ അണക്കെട്ടുകൾ ആധുനിക ഇന്ത്യയുടെ അമ്പലങ്ങൾ ആയിരുന്നു. എന്നാൽ മോദിക്ക് ശൗചാലയങ്ങൾ ഉണ്ടാക്കുന്നതു തന്നെ വികസന തുടക്കമായി. ഇന്ത്യയിൽ ഇന്ന് രണ്ടു ജാതികളേയുള്ളു എന്ന് മോദി നിരീക്ഷിച്ചു: ദരിദ്രരും ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നവരും. അതാണ് മോദിയുടെ ക്ഷേമരാഷ്ട്രം. ഇത് നെഹ്‌റു കണ്ട വർഗ വിഭജനം അല്ല. സർക്കാരിനെ നയിക്കുന്നത് ഭൂരിപക്ഷമാണെങ്കിലും രാഷ്ട്രത്തെ നയിക്കുന്നത് സമവായമാണ്. അതാണ് മോദി കൊണ്ടു വന്ന മൂലമന്ത്രം.

മോദി ബോസ് പ്രതിമയ്ക്ക് മുന്നിൽ 

നെഹ്രുവിൻറെ പ്രത്യയശാസ്ത്രം ഇറക്കുമതി ചരക്കായിരുന്നു; അവ്യക്തവും കപടവുമായിരുന്നു. അതുകൊണ്ടാണ്, രാഷ്‌ട്രപതി രാജേന്ദ്രപ്രസാദ് സോമനാഥ ക്ഷേത്രത്തിലെ അഭിഷേക ചടങ്ങിൽ പങ്കെടുക്കുന്നത് നെഹ്‌റു വിലക്കിയത്. സോമനാഥ ക്ഷേത്ര പരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയ മന്ത്രി കെ എം മുൻഷി, നെഹ്‌റു മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. സോമനാഥ ക്ഷേത്ര പുനരുദ്ധാരണം എന്ന ആശയം മുന്നോട്ടു വച്ച ഉപപ്രധാനമന്ത്രി സർദാർ പട്ടേലും നെഹ്രുവും പരസ്‌പരം മിണ്ടാതായി. ഈ കപട മതേതരത്വം കയ്യാളിക്കൊണ്ടു തന്നെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം രാവിലെ കാർമികർ വീട്ടിലെത്തി രാജാവായി അഭിഷേകം ചെയ്തു.

നെഹ്രുവിൻറെ പ്രത്യയശാസ്ത്രം ഹിന്ദുവിരുദ്ധമായതിനാൽ, കപട മതേതരവാദികൾ അതിനെ പാടിപ്പുകഴ്ത്തി. നെഹ്‌റു, പാക്കിസ്ഥാൻ പ്രധാനമന്ത്രി ലിയാഖത് അലി ഖാനുമായി ഉണ്ടാക്കിയ ഡൽഹി സന്ധിക്ക് അംബേദ്‌കറും ശ്യാമപ്രസാദ് മുക്കർജിയും മാത്രമല്ല, ജോൺ മത്തായിയും എതിരായിരുന്നു,

കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് 10 ലക്ഷം ഹിന്ദുക്കളുടെ പലായനമായിരുന്നു, ആ സന്ധിയുടെ ഫലം. ഹിന്ദുവിരുദ്ധമായ ആ സന്ധിക്ക് പിന്നാലെ മുക്കർജിയും അംബേദ്ക്കറും രാജിവച്ചു.

മത്തായിക്ക് നെഹ്‌റു കത്ത് എഴുതിയ ദിവസമാണ് , അംബേദ്‌കർ നിയമമന്ത്രി സ്ഥാനം രാജി വച്ചത് . കിഴക്കൻ പാക്കിസ്ഥാനിൽ ഹിന്ദുക്കൾ അനുഭവിക്കുന്ന യാതന ആയിരുന്നു, കാരണം. രാജിക്കത്തിൽ അംബേദ്‌കർ പറഞ്ഞു:

There are two grounds which have disturbed our relations with Pakistan – one is Kashmir and the other is the condition of our people in East Bengal. I felt that we should be more deeply concerned with East Bengal where the condition of our people seems from all the newspapers intolerable……

(പാക്കിസ്ഥാനുമായുള്ള നമ്മുടെ ബന്ധത്തെ രണ്ടു സംഭവങ്ങൾ ബാധിച്ചിരിക്കുന്നു- ഒന്ന്, കശ്മീർ; മറ്റേത് കിഴക്കൻ ബംഗാളിലെ ഭാരതീയരുടെ അവസ്ഥ. അസഹ്യമായ ആ അവസ്ഥയെപ്പറ്റി നാം കൂടുതൽ ആകുലപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നി ...)

മോദിക്ക് പ്രത്യയശാസ്ത്ര സന്ദേഹങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹം അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് കല്ലിട്ടു; കാശി വിശ്വനാഥ ക്ഷേത്രത്തെ പഴയ പ്രൗഢിയിലേക്ക് ഉയർത്തി. കശ്‍മീരിൽ ജനിച്ച നെഹ്‌റു ഇസ്ലാമുമായി സന്ധി ചെയ്ത് കശ്‍മീരിൽ പാളി. മോദി കശ്‍മീരിന്‌ പ്രത്യേക പദവി നൽകുന്ന 370 വകുപ്പ് എടുത്തു കളഞ്ഞു. താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ച ശേഷം അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ച പദ്ധതിയുടെ പേര് 'ഓപ്പറേഷൻ ദേവിശക്തി' എന്നായിരുന്നു. വേദങ്ങളും ഉപനിഷത്തുക്കളും മുതൽ തിരുവള്ളുവരും തുളസീദാസുമൊക്കെ മോദിക്ക് വഴങ്ങും. ഭാരതീയതയോട് അദ്ദേഹത്തിന് പുച്ഛമില്ല.

പാക്കിസ്ഥാൻ പത്താൻകോട്ട് പട്ടാളകേന്ദ്രം ആക്രമിച്ചപ്പോൾ നാം അതിർത്തിക്കപ്പുറം പോയി വെല്ലുവിളികൾ നേരിട്ടു. അതിർത്തികൾക്കപ്പുറം വളർന്ന് മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ രാജ്യ തന്ത്രജ്ഞനായി. സ്വന്തം പ്രത്യയശാസ്ത്രം എന്താണെന്ന് ഉറപ്പുള്ളതിനാൽ ആ പൈതൃകത്തിൽ അദ്ദേഹം നിന്നു; അങ്ങനെ ഭരണത്തിന് ദിശാബോധം ഉണ്ടായി. എപ്പോഴും ദരിദ്ര നാരായണന്മാരെ ഓർമ്മിച്ചു. ഇപ്പോൾ ഡൽഹിയിൽ നെഹ്രുവിൻറെ നിഴലുകൾ കാണാനില്ല.

ഇന്ത്യ ഗേറ്റിൽ മോദി, സുഭാഷ് ചന്ദ്രബോസിൻറെ പ്രതിമ സ്ഥാപിച്ചതിന് നാനാർത്ഥങ്ങളുണ്ട്. 1939 ൽ കോൺഗ്രസിൻറെ ത്രിപുരി സമ്മേളനത്തിൽ, ബോസിന് പ്രസിഡൻറ് സ്ഥാനം ഒഴിയേണ്ടി വന്നു. കടുത്ത പനിയായിട്ടും സമ്മേളനത്തിനെത്തിയ ബോസ് കക്ഷത്തിൽ ഉള്ളി തിരുകി ശരീര താപനില കൂട്ടിയതാണെന്ന് ഗാന്ധിയന്മാർ പോഴത്തം പറഞ്ഞതായി പുനെയിൽ നിന്നിറങ്ങിയ Servant of India റിപ്പോർട്ട് ചെയ്തു. നെഹ്‌റു അദ്ദേഹത്തിൻറെ രക്ഷയ്ക്ക് എത്തിയില്ല. ബോസിൻറെ പ്രതിമയ്ക്ക് വേണ്ടി 1965 നവംബർ മൂന്നിന് രാജ്യസഭയിൽ ആവശ്യം ഉയർന്നു. അന്ന് രാജ്യസഭയിൽ ദത്തോപന്ത് തെംഗ്ടി ചോദിച്ചു: ഡൽഹിയിൽ ഇപ്പോഴും എന്തിനാണ് ജോർജ് രാജാവിൻറെയും എഡ്‌വേഡ്‌ രാജാവിൻറെയും വിക്ടോറിയ രാജ്ഞിയുടെയും പ്രതിമകൾ?

ബോസ് പ്രതിമയ്ക്ക് വേണ്ടി പലപ്പോഴായി ഉയർന്ന നിലവിളികൾ കോൺഗ്രസ് സർക്കാരുകൾ തള്ളി.

നെഹ്രുവും മോദിയും സ്വതന്ത്ര ഇന്ത്യയെ രണ്ടു ഘട്ടങ്ങളായി വിഭജിക്കുന്നു. ഇപ്പോൾ നാം കാണുന്നത് ഇന്ത്യൻ മനസ്സിൽ നിന്ന് കോളനിവൽക്കരണ അവശിഷ്ടങ്ങളുടെ ഉന്മൂലനമാണ്. മൗണ്ട് ബാറ്റനെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആയി പ്രതിഷ്ഠിച്ച ആളായിരുന്നു, നെഹ്‌റു. ഒരു കോളനിവിരുദ്ധ പദ്ധതി (decolonisation project) നാം ആദ്യമായി കാണുന്നത് മോദി ഭരണത്തിലാണ്. ഇന്ന് രാജ്‌പദ് ഇല്ല. ഇന്ത്യ ഗേറ്റിനും രാഷ്‌ട്രപതി ഭവനും ഇടയിൽ, മൂന്നു കിലോമീറ്ററിൽ പുതിയ ഭരണ സിരാകേന്ദ്രം വരുന്നു. കോളനികാലത്തെ നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയങ്ങൾ ആകുന്നു. അടിമ മനസ്സിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുകയാണ്, മോദി. ഒരു പൈതൃക വീണ്ടെടുപ്പ് നടക്കുകയാണ്.

ദളിതനായ കോളനിവിരുദ്ധ ചിന്തകൻ ഫ്രാൻസ് ഫാനൻ (Frantz Fanon) The Wretched of Earth എന്ന പുസ്തകത്തിൽ എഴുതി:

"For a colonized people the most essential value, because the most concrete, is first and foremost the land: the land which will bring them bread and, above all, dignity...Imperialism leaves behind germs of rot which we must clinically detect and remove from our land but our minds as well”.

(കോളനിവൽക്കരിക്കപ്പെട്ട ജനതയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന മൂല്യം നാടാണ്; തങ്ങൾക്ക് ആഹാരവും അഭിമാനവും നൽകുന്ന നാട്. ..സാമ്രാജ്യത്വം തുരുമ്പിച്ച രോഗാണുക്കളെ അവശേഷിപ്പിക്കുന്നു. അത് കണ്ടെത്തി നാം നാട്ടിൽ നിന്ന് മാത്രമല്ല, മനസ്സിൽ നിന്ന് തന്നെ ഉന്മൂലനം ചെയ്യണം).

അതാണ് ഇപ്പോൾ നടക്കുന്നത്.

(കൊച്ചി,  കോഴിക്കോട് എന്നിവിടങ്ങളിൽ ബി ജെ പി നടത്തിയ Modi: Vision and Mission of Statecraft എന്ന സെമിനാറിൽ, From Rhetoric to Delivery: The Paradigm Shift എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധം)

Report of the event: https://www.manoramaonline.com/district-news/kozhikode/2022/10/01/kozhikode-seminar-for-narendramodi-life.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...