Thursday, 18 July 2019

എം എൻ റോയ് -ബലാത്സംഗ കഥയിലെ വില്ലൻ

മേരിക്കൻ പത്രപ്രവർത്തകയും ഇന്ത്യൻ പ്രവാസി വിപ്ലവകാരികളുടെ സുഹൃത്തുമായിരുന്ന ആഗ്നസ് സ്‌മെഡ്‌ലിയെ ന്യൂയോർക്കിൽ 1917-18  ൽ  ഒരു ഇന്ത്യൻ വിപ്ലവകാരി ബലാത്സംഗം ചെയ്‌തു.അതിനെത്തുടർന്ന് അവർ ആത്‌മഹത്യാ ശ്രമം നടത്തി.സംഭവത്തിലെ വില്ലൻ എം എൻ റോയ് ആയിരുന്നുവെന്ന്  The Lives of Agnes Smedley എന്ന ജീവചരിത്രത്തിൽ ( 2004 ) റൂത് പ്രൈസ് എഴുതുന്നു.ബലാത്സംഗി ഹേരംബലാൽ ഗുപ്‌ത ആണെന്നാണ് ഇതിന് 16 വർഷം മുൻപ് ഇറങ്ങിയ,ജാനിസ് ആർ മക് കിന്നനും ഭർത്താവ് സ്റ്റീഫനും എഴുതിയ Agnes Smedley:The Life and Times of an American Radical ( 1988 ) എന്ന ജീവചരിത്രത്തിൽ വന്നിരുന്നത്.അമേരിക്കൻ കോൺഗ്രസ്  അംഗമായിരുന്ന ബെല്ലാ അബ്‌സഗിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന റൂത്,ഇടത് സഹയാത്രികയാണ്;15 വർഷം ഗവേഷണം നടത്തി നിരവധി  രേഖകൾ പരിശോധിച്ചാണ് എഴുതിയത്.ആദ്യ ജീവചരിത്രത്തിന് തിരുത്തുമാണ്.അതിനാൽ വില്ലൻ എം എൻ റോയ് എന്നിടത്താണ്,കാര്യങ്ങൾ നിൽക്കുന്നത്.
റോയ് അന്ന് 
ആഗ്നസിൻറെ രണ്ടാം ഭർത്താവ്,ചാറ്റോ എന്നറിയപ്പെട്ട ഇന്ത്യൻ വിപ്ലവകാരി വീരേന്ദ്രനാഥ് ചതോപാധ്യായ ആയിരുന്നു.സരോജിനി നായിഡുവിൻറെ ഇളയ അനുജൻ.ചാറ്റോയുടെ സഹോദരി സുഹാസിനിയായിരുന്നു,ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആദ്യ വനിത.ചാറ്റോയെ വിവാഹം ചെയ്യാതെ 1920 മുതൽ എട്ടു കൊല്ലം കൂടെ താമസിക്കുകയായിരുന്നു,ആഗ്നസ്.പൊട്ടിത്തെറിയുടെ വക്കിലെത്തിയ ആ ബന്ധത്തിൽ നിന്ന്,1928 ൽ  രക്ഷപ്പെട്ട് ചൈനയ്ക്ക് പോകുമ്പോൾ ആഗ്നസ് Daughter of Earth എന്ന ആത്മകഥാപരമായ നോവൽ പൂർത്തിയാക്കിയിരുന്നു.ഇത് ഒരു പ്രോലിറ്റേറിയൻ ക്‌ളാസിക് ആണ്.അതിൽ ബലാത്സംഗത്തിൻറെ വിവരണമുണ്ട്.
മേരി റോജേഴ്‌സ് എന്നാണ് നോവലിലെ കഥാപാത്രത്തിൻറെ പേര്.ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് വരുന്ന മേരി പുരുഷന്മാരുമായുള്ള ബന്ധങ്ങളിൽ വലയുന്നതും സോഷ്യലിസ്റ്റ് പാർട്ടി അംഗമായി ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻറെ ഭാ ഗമാകുന്നതുമാണ്,പ്രമേയം.1929 ൽ പുറത്തിറങ്ങിയ നോവലിന് 1973 ൽ ഉണ്ടായ പുതിയ പതിപ്പിന് പ്രമുഖ നോവലിസ്റ്റ് ആലീസ് വാക്കറാണ് ആമുഖം എഴുതിയത്.ആഗ്നസിൻറെ അറിയപ്പെടുന്ന ജീവിതം തന്നെയാണ് നോവലിൽ കാണുന്നത്.
അമേരിക്കയിൽ മിസ്സൂറി ഓസ് ഗുഡിലെ കുടിലിലാണ് അവർ ജനിച്ചത്.കന്നുകാലി ബ്രോക്കറായും നാടോടി മരുന്ന് വില്പനക്കാരനായും ഖനി തൊഴിലാളിയായും ജോലി ചെയ്ത ചാൾസിൻറെ  അഞ്ചു മക്കളിൽ രണ്ടാമത്തെ ആൾ.വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല.'അമ്മ അവരുടെ 38 വയസ്സിൽ മരിച്ചു.ദാരിദ്ര്യം ആഗ്നസിൻറെ മനസ്സിൽ മുറിവുകൾ ഉണ്ടാക്കി.പ്രൈമറി സ്‌കൂളുകളിൽ ധനിക കുട്ടികൾ അവളെ കളിയാക്കി .അരിസോണയിലെ ടെമ്പെ നോർമൽ സ്‌കൂളിൽ സവിശേഷ പരിഗണനയിൽ 19 വയസിൽ ചേർന്ന ആഗ്നസ്,അതിൻറെ ആഴ്ചപ്പതിപ്പിൽ ജോലിയും ചെയ്തു.പ്രസംഗ മത്സരം വിലയിരുത്താൻ ന്യൂയോർക്കിൽ നിന്ന് വന്ന ഹൈസ്‌കൂൾ അദ്ധ്യാപിക തോർബർഗ് ബ്രണ്ടിനെ പരിചയപ്പെട്ടു.അവർ വഴി സഹോദരൻ ഏണസ്റ്റിനെയും -ഇരുവരും സോഷ്യലിസ്റ്റുകൾ ആയിരുന്നു.ഏണസ്റ്റിനെ വിവാഹം ചെയ്ത ആഗ്നസ് 1913 ൽ സാൻഫ്രാൻസിസ്കോ നോർമൽ സ്‌കൂളിൽ ചേർന്ന്,സ്‌കൂളിന് ഒരു പത്രമുണ്ടാക്കി-നോർമൽ ന്യൂസ്.എമ്മ ഗോൾഡ് മാൻ,അപ്റ്റൻ സിൻക്ലെയർ,യൂജിൻ ഡബ്‌സ്‌ തുടങ്ങി പല സോഷ്യലിസ്റ്റ് നേതാക്കളെയും അവിടെ പ്രസംഗിക്കാൻ വിളിച്ചു.1916 ൽ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേരുമ്പോൾ അവർ സ്‌കൂൾ ജീവനക്കാരി ആയിരുന്നു.അവരെ സ്‌കൂൾ പിരിച്ചു വിട്ടു.

ഇന്ത്യൻ വിപ്ലവകാരി കേശവ് ഡി ശാസ്ത്രിയുടെ പ്രസംഗം ആഗ്നസിന് ഇഷ്ടപ്പെട്ടു.സ്‌കൂളിൽ ക്ഷണിച്ചപ്പോൾ,അദ്ദേഹത്തെ പ്രസംഗിക്കാൻ അനുവദിച്ചിരുന്നില്ല.അദ്ദേഹത്തിൽ നിന്നും ലാലാ ഹർദയാലിൽ നിന്നും,നാടുകടത്തപ്പെട്ട് ന്യൂയോർക്കിലുള്ള ലാലാ ലജ്‌പത്‌ റായിയെപ്പറ്റി കേട്ടു.സ്‌കൂളിൽ നിന്ന് പുറത്തായ ആഗ്നസ് സാൻ ഡീഗോ വിട്ട് ന്യൂയോർക്കിൽ എത്തി.വിവാഹം തകർന്നിരുന്നു.ന്യൂയോർക്കിൽ ലാലാ ലജ്‌പത്‌ റായിയെ കണ്ടു.ന്യൂയോർക് സർവകലാശാല പ്രൊഫസറായിരുന്നു ,അദ്ദേഹം .അത് വലിയ സ്വാധീനമായി.ഇന്ത്യയിലേക്ക് ആഗ്നസിനെ അധ്യാപികയായി അയയ്ക്കാൻ ആഗ്രഹിച്ച റായി,അവർക്ക് ചരിത്ര ക്‌ളാസുകൾ എടുത്തു.അമേരിക്ക വിപ്ലവം വഴി സ്വതന്ത്രമായ പോലെ,ഇന്ത്യ സ്വാതന്ത്രമാകണമെന്ന് റായിയെ കാണാൻ വരുന്ന വിപ്ലവകാരികളിൽ നിന്ന് ആഗ്നസ് പഠിച്ചു.ആഗ്നസ് വിപ്ലവകാരികളുടെ വാർത്താവിനിമയ കേന്ദ്രമായി .അവർ വിലാസങ്ങൾ സൂക്ഷിച്ചു .അമേരിക്ക ഒന്നാം ലോകയുദ്ധത്തിൽ ചേർന്ന കാലം.അമേരിക്കയിലെ ഇന്ത്യൻ വിപ്ലവകാരികൾ ഉണ്ടാക്കിയ ഗദർ പാർട്ടിയിലെ പല പ്രവർത്തകരും ബ്രിട്ടനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് പോയിരുന്നു.ജർമ്മൻ കോൺസുലേറ്റ് സഹായിച്ചാൽ അവർക്ക് ആയുധം എത്തിക്കാം.അമേരിക്ക യുദ്ധത്തിൽ ബ്രിട്ടൻറെ പങ്കാളി ആയതോടെ,അമേരിക്കയിൽ വിപ്ലവകാരികൾ അപകടത്തിലായി.ഗദർ പാർട്ടി പ്രവർത്തകരും സാൻഫ്രാൻസിക്കോയിലെ ജർമൻ കോൺസുലേറ്റ് ജീവനക്കാരും പിടിയിലായി.ബ്രിട്ടൻ കൊടുത്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു,അറസ്റ്റ്.കേസ് ഇൻഡോ -ജർമൻ ഗൂഢാലോചന എന്നറിയപ്പെട്ടു.

ആഗ്നസിന് വരുന്ന ഇന്ത്യൻ വിപ്ലവകാരികളുടെ കത്തുകൾ അമേരിക്കൻ ഭരണ കൂടം നിരീക്ഷിച്ചിരുന്നത്,ആഗ്നസിന് അറിയില്ലായിരുന്നു.1918 മാർച്ച് 15 ന് സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ശൈലേന്ദ്ര ഘോഷ്  വരുന്നത് കാത്തിരുന്ന ആഗ്നസിൻറെ ഫ്ലാറ്റിൽ പൊലീസ് എത്തി.ഘോഷ് എത്തിയപ്പോൾ അയാളെയും അറസ്റ്റ് ചെയ്തു.വിപ്ലവകാരികളുടെ വിലാസങ്ങൾ കുറിച്ചിരുന്ന കറുത്ത നോട്ട് ബുക്ക് പിടിച്ചെടുത്തു.ഘോഷും ആഗ്നസും ബ്രിട്ടനെ അട്ടിമറിക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.യുദ്ധം കഴിഞ്ഞ് 1919 ൽ മോചിതയായി1920 ഡിസംബറിൽ ആഗ്നസ്,യൂറോപ്പിലേക്ക് പോകുന്ന ഒരു പോളിഷ് ചരക്കു കപ്പലിൽ തൊഴിലാളിയായി കയറിക്കൂടി ഡാൻസിഗിൽ രക്ഷപ്പെട്ടു.1920 -39 ൽ അർദ്ധ സ്വയംഭരണ പ്രദേശമായിരുന്നു,ജര്മനിക്കും പോളണ്ടിനും ഇടയിലെ ഈ തുറമുഖം.ചാറ്റോയെ തിരക്കി ബർലിനിൽ എത്തി .ബർലിൻ ഇന്ത്യ ഇൻഡിപെൻഡൻസ് കമ്മിറ്റി വഴി ബർലിനിൽ കഴിയാൻ അനുമതി കിട്ടി.അസാമാന്യ സംഘാടകയായി അറിയപ്പെട്ടിരുന്നതിനാൽ,അവർ കമ്മിറ്റിയിലെ പ്രധാന അംഗങ്ങളിൽ ഒരാളായി.ഏകാകിനിയായ അവരുടെ ജീവിതത്തിൽ,കമ്മിറ്റിയുടെ സംഘാടകനായ ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാധ്യായ എത്തി.ചാറ്റോയുമായുള്ള എട്ടു കൊല്ലത്തെ ജീവിതം ദുരിതമയമായിരുന്നു.വീട് പുലർത്താൻ ആഗ്നസ് ജർമൻകാരെ ഇംഗ്ലീഷ് പഠിപ്പിച്ച് വരുമാനമുണ്ടാക്കി. എം എൻ റോയ്,ഹേരംബ ലാൽ  ഗുപ്ത എന്നിവർ ആഗ്നസും ചാറ്റോയും തമ്മിലുള്ള ബന്ധത്തെ അസൂയയോടെയാണ് കണ്ടത്.ആഗ്നസ് ബർലിൻ കമ്മിറ്റിയിൽ ഉണ്ടാകരുതെന്ന് അവർ വാശി പിടിച്ചു.1921 ൽ കോമിന്റേൺ മൂന്നാം കോൺഗ്രസിൽ പങ്കെടുക്കാൻ ചാറ്റോയും ആഗ്നസും മോസ്‌കോയിൽ പോയപ്പോൾ ചാറ്റോ വച്ച സിദ്ധാന്തത്തെ റോയ് മോസ്‌കോയിൽ ഉണ്ടാക്കിയിരുന്ന സ്വാധീനം വഴി വെട്ടി നിരത്തി.ഇരുവരും രാജ്യാന്തര കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭിന്ന ധ്രുവങ്ങളിലായി.
ആദ്യ വിവാഹം തകർന്ന് 1917 ൽ 25 വയസിൽ നാട് വിട്ട് ഗ്രീൻവിച്ചിൽ എത്തുമ്പോൾ ആഗ്നസ് രണ്ടു തവണ  ഗർഭം അലസിപ്പിച്ചിരുന്നു.അവിടെയാണ്,മാർഗരറ്റ് സാംഗർ നടത്തിവന്ന ജനനനിയന്ത്രണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്.
ബർലിൻ കാലം കഴിഞ്ഞ് സോവിയറ്റ് -മഞ്ചുറിയ അതിർത്തി വഴിയാണ് ആഗ്നസ് ചൈനയിൽ എത്തിയത്‍.1938 -40 ൽ ഷു എൻ ലായ് റെഡ് ആർമിക്കൊപ്പം യുദ്ധ മേഖലയിൽ സഞ്ചരിക്കാൻ ആഗ്നസിന് അനുവാദം നൽകിയതോടെ,അവർ ശരിക്കും പത്ര പ്രവർത്തകയായി.ലോങ് മാർച്ച് ഇത് പോലെ വേറൊരാൾക്കും റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞില്ല.മാർച്ചിനിടയിൽ ക്ഷീണിക്കുന്നവരെ ഉല്ലസിപ്പിക്കാൻ അവർ നൃത്തം പഠിപ്പിച്ചു.അത് പഠിച്ചവരിൽ ഒരാൾ മാവോ ആയിരുന്നു.ആഗ്നസ് താമസിച്ച ഗുഹയിലെത്തി മാവോ അവരുടെ പ്രണയ കഥകൾ കേട്ടു.വിവാഹിതനായ മാവോ ഒരു നടിയുമായി പ്രണയത്തിലായിരുന്നു.ആഗ്നസിൻറെ അയൽ ഗുഹയിലായിരുന്നു,നടി.ഒരു വൈകുന്നേരം നടിയുടെ ഗുഹയിൽ മാവോയെ പിന്തുടർന്ന് ഭാര്യ എത്തി,നടിയെ പൊതിരെ തല്ലി.അതിൽ ഇടപെട്ട ആഗ്നസിനെയും തല്ലി -ആഗ്നസ് തിരിച്ചു തല്ലിയതോടെ,ഭാര്യ നിലത്തു വീണു.മാവോ ഭാര്യയുമായുള്ള ബന്ധം വിച്ഛേദിച്ചു.
ബർലിൻ കാലം വരെ,ചാറ്റോയുമായുള്ള ബന്ധം പിരിയും വരെയുള്ള ജീവിതമാണ്,ആഗ്നസിൻറെ നോവലിലുള്ളത്.പഴയ ബലാത്സംഗ കഥ ചാറ്റോ അറിയുന്നത്,അസ്വാരസ്യത്തിന് കാരണമാകുന്നുണ്ട്,നോവലിൽ.കഥ ചാറ്റോയോട് പറയുന്നത് പഴയ വില്ലൻ തന്നെ.
നോവലിൽ,മേരി ന്യൂയോർക്കിൽ സോഷ്യലിസ്റ്റ്  പ്രസ്ഥാനവുമായി ബന്ധപ്പെട്ട്,The Call എന്ന പ്രസിദ്ധീകരണത്തിൽ പ്രവർത്തിക്കുന്നു.സർദാർ രഞ്ജിത് സിംഗിനെ പരിചയപ്പെട്ട് ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൽ എത്തുന്നു.കുറെ വിപ്ലവകാരികളുടെ വിലാസങ്ങൾ ഒളിപ്പിക്കാൻ മേരിയോട് തൽവാർ സിംഗ് ആവശ്യപ്പെടുന്നു.ഒരു ദിവസം വിപ്ലവകാരി ജുവാൻ ഡയസ്,മേരിയുടെ ഫ്‌ളാറ്റിൽ,മേരിയില്ലാത്ത നേരത്ത്  അതിക്രമിച്ചു കയറുന്നു.മേരി എത്തുമ്പോൾ തൽവാറിനെപ്പറ്റി ജുവാൻ മേരിയെ ചോദ്യം ചെയ്യുന്നു.മേരി അജ്ഞത നടിക്കുന്നു.അപ്പോഴാണ്,അയാൾ മേരിയെ ബലാത്സംഗം ചെയ്യുന്നത്.ആത്മഹത്യയ്ക്ക് ശ്രമിച്ച മേരി ആശുപത്രിയിലാകുന്നു.അവിടന്ന് മടങ്ങിയെത്തുമ്പോഴാണ് അറസ്റ്റിൽ ആകുന്നത്.അതിനു ശേഷം അവർ ആനന്ദ് മൻവേക്കറെ പ്രണയിച്ച് വിവാഹം ചെയ്യുന്നു.ആഗ്നസിൻറെ ലൈംഗിക ഭൂതകാലം അയാളെ അസ്വസ്ഥനാക്കുന്നു.ജുവാൻ ഡയസ് ഒരു സഖാവിനോട് താൻ അഗ്നസുമായി വേഴ്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതോടെ,ആ വിവാഹം അവസാനിക്കുന്നു.
ആനന്ദാണ് ചാറ്റോ.സർദാർ രഞ്ജിത് സിംഗ് ,ലാലാ ലജ്‌പത്‌ റായ് .തൽവാർ സിംഗ്,ശൈലേന്ദ്രനാഥ് ഘോഷ്.ജുവാൻ ഡയസ് ആണ് എം എൻ റോയ് എന്ന് റൂത് പ്രൈസ് കണ്ടെത്തുന്നു,നോവലിലെ ജുവാന് റോയിയുമായോ ഗുപ്‌തയുമായോ  യഥാർത്ഥ ജീവിതത്തിൽ സാമ്യമില്ല .അയാൾ പാതി ഇന്ത്യക്കാരനും പാതി പോർച്ചുഗീസുമാണ്.ക്രിസ്ത്യാനി.ഇയാൾ പിന്നീട് മേരിയെയും ഭർത്താവിനെയും ബ്ലാക് മെയിൽ ചെയ്യുന്നു.ഇതാണ് മേരിയുടെ ദാമ്പത്യം തകരാൻ കാരണം.തൻറെ വിപ്ലവാശയങ്ങൾ സ്ത്രീകളിലേക്ക് എത്തുന്നില്ലെന്ന് ബലാത്സംഗത്തിന് മുൻപ് അയാൾ വീമ്പിളക്കുന്നു.
ആദ്യ ജീവചരിത്രത്തിൽ ഇത് ഹേരംബലാൽ ( ദാസ് ) ഗുപ്‌തയാണെന്ന് പറഞ്ഞിരുന്നതിനാൽ,അധികം അറിയപ്പെടാത്ത ഗുപ്‌ത ആരെന്നു കൂടി പറയാം.ടാഗോറിൻ്റെ 'ചിത്ര' 1919 ൽ സ്‌പാനിഷിലേക്ക് പരിഭാഷ ചെയ്‌ത ഗുപ്‌ത 1950 ൽ മരിക്കുന്നതു വരെ മെക്‌സിക്കോയിൽ ഇന്ത്യൻ സാഹിത്യ പ്രൊഫസർ ആയിരുന്നു.
ഹേരംബലാൽ 
കൊൽക്കത്തയിൽ 1884 നടുത്ത് ഉമേഷ് ചന്ദ്രദാസ് ഗുപ്‌തയുടെ   മകനായി ജനിച്ച ഗുപ്‌ത  1911 ലാണ് ലണ്ടനിൽ പഠിക്കാൻ കപ്പൽ കയറിയത്.അവിടെ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗുപ്‌ത,ഒന്നാം ലോകയുദ്ധ കാലത്ത് പല പ്രവാസി വിപ്ലവകാരികളെയും പോലെ ബർലിനിൽ എത്തി ഇന്ത്യ കമ്മിറ്റി അംഗമായി.ജർമ്മൻ വിദേശവകുപ്പ് സഹായം നൽകിയ ഇന്ത്യ കമ്മിറ്റി അംഗമായി.ഇക്കാലത്ത് അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത്,വിദ്യാർത്ഥികൾ,സിഖ് കർഷകർ,ഇന്ത്യൻ രാഷ്ട്രീയ അഭയാർത്ഥികൾ എന്നിവർ ചേർന്ന് ഹിന്ദു അസോസിയേഷൻ ഓഫ് ദി പസിഫിക് കോസ്റ്റ് ഉണ്ടാക്കി.28 വയസുള്ള ലാലാ ഹർദയാൽ 1911 ഫെബ്രുവരിയിൽ ഇതിൻറെ കൺവീനറായി.ഒന്നാം ലോകയുദ്ധം തുടങ്ങിയപ്പോൾ അദ്ദേഹം വീട്ടുതടങ്കലിൽ ആയി.ഇന്ത്യയിലേക്ക് നാട് കടത്തും മുൻപ് ഹർദയാൽ സ്വിറ്റ്സർലൻഡിലേക്ക് രക്ഷപ്പെട്ടു.1915 ൽ ബർലിനിൽ എത്തി.അമേരിക്കയിൽ ഹർദയാലിനു പകരം പണ്ഡിറ്റ് രാമചന്ദ്ര ചുമതലയേറ്റു.ജർമ്മൻ സഹായം വഴി കിട്ടിയ ആയുധങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ രാമചന്ദ്ര,ജവാല സിംഗിനെ നിയോഗിച്ചു.60 ഇന്ത്യക്കാരുമായി സാൻഫ്രാൻസിസ്‌കോയിൽ നിന്നുള്ള എസ് എസ് കൊറിയ എന്ന കപ്പലിൽ ഇവർ പുറപ്പെട്ടു.ചൈനയിലെ കാന്റണിൽ നിന്ന് 90 വിപ്ലവകാരികൾ കൂടി കയറി.കപ്പൽ കൊൽക്കത്തയിൽ അടുത്തപ്പോൾ ഇവർ അറസ്റ്റിലായി,പദ്ധതി പൊളിഞ്ഞു.
ഈ ഘട്ടത്തിൽ ബർലിനിൽ നിന്ന് ഗുപ്‌തയെ അമേരിക്കയിലേക്ക് അയച്ചു.ഗുപ്‌ത സഹായം ചോദിച്ച് ചൈനയിലും ജപ്പാനിലും പോയ നേരത്ത് ചന്ദ്ര കെ ചക്രവർത്തിക്കായിരുന്നു,ചുമതല.ഇവരുടെ നീക്കങ്ങൾ അമേരിക്കയിലെ ബ്രിട്ടീഷ് ഇൻറലിജൻസ് മേധാവി വില്യം വൈസ്‌മാൻ നിരീക്ഷിച്ചിരുന്നു.1917 മാർച്ച് ആറിന് ചക്രവർത്തിയെ അറസ്റ്റ് ചെയ്‌തു.റോയി മെക്സിക്കോയ്ക്ക് രക്ഷപ്പെട്ടു.ചക്രവർത്തി എല്ലാം വെളിപ്പെടുത്തി.തനിക്ക് ജർമ്മനിയിൽ നിന്ന് 60000 ഡോളർ കിട്ടി.ഗുപ്തയ്ക്ക് 40000 -50000 കിട്ടി.1916 ജൂണിൽ ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ഗുപ്ത അറസ്റ്റിലായി,18 മാസം തടവും 700 ഡോളർ പിഴയും ശിക്ഷ കിട്ടി.ജാമ്യത്തിലിറങ്ങി മെക്‌സിക്കോയ്ക്ക് രക്ഷപ്പെടുകയായിരുന്നു.Universidad Autonomayil ഇന്ത്യൻ സാഹിത്യ അധ്യാപകനായ ഗുപ്ത 1950 ഏപ്രിൽ 28 ന് മരിച്ചു.1918 ൽ ഗുപ്ത ബ്രിട്ടീഷ് ഏജൻറ് ആയി മാറിയിരുന്നു.
ഗുപ്തയ്ക്ക് വിപ്ലവ പ്രവർത്തനങ്ങളുടെ ചുമതല ഉണ്ടായിരുന്നതിനാൽ ആകാം ആദ്യ ജീവചരിത്രത്തിൽ വില്ലൻ ആയി അയാൾ വന്നത്.ജർമ്മനിയിൽ നിന്ന് ഒരു ലക്ഷം ഡോളർ കിട്ടിയ റോയ് മെക്‌സിക്കോയിൽ രാജകുമാരനായി ജീവിച്ച് അവിടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.മിഖയിൽ ബോറോദിൻ എന്ന കോമിന്റേൺ ഏജന്റുമായി സൗഹൃദത്തിലായി,മറ്റുള്ളവരെയൊക്കെ വെട്ടി 1928 ൽ കോമിന്റേൺ പുറത്താക്കും വരെ അരങ്ങു വാണു.റോയിയുടെ ആത്മകഥയിൽ ( Memoirs ) 1921 ൽ മോസ്‌കോയിൽ ബർലിൻ കമ്മിറ്റിയിൽ നിന്ന് കോമിന്റേൺ മൂന്നാം കോൺഗ്രസിനെത്തിയ  ആഗ്നസിനെപ്പറ്റി ഇങ്ങനെ പറയുന്നു:
The driving force of the delegation however was Agnes Smedley an American by birth.I had met her in America.Then she was an anarchist -pacifist working as private secretary of Lajpatrai for some time;she seemed to have developed a great sympathy for India.
താൻ അമേരിക്കയിൽ ആഗ്നസിനെ കണ്ടുമുട്ടിയിട്ടുണ്ട് എന്ന് റോയ് പറയുന്നു.അന്ന് ലാലാ ലജ്‌പത്‌ റായിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന അവർ അരാജകവാദി ആയിരുന്നു.റോയിയുടെ രചനകൾ നാല് വാല്യങ്ങളായി എഡിറ്റ് ചെയ്‌ത ശിവ് നാരായൺ റേ,റോയിയും ചാറ്റോയും ആഗ്നസിൻറെ കാര്യത്തിൽ ശത്രുക്കളായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്.

See https://hamletram.blogspot.com/2019/07/blog-post_85.html



FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...