ഒറ്റുകാരിൽ എം ഗോവിന്ദനും
ഒരു കൂട്ടം മലയാളികൾക്ക് എം ഗോവിന്ദൻ വിഗ്രഹമാണ്;അതിൽ കൂടുതലും റോയിസ്റ്റുകളാണ്.എം എൻ റോയ് മുന്നോട്ട് വച്ച റാഡിക്കൽ ഹ്യൂമനിസം എന്ന രാഷ്ട്രീയ സിദ്ധാന്തത്തെ അനുകൂലിച്ചവർ.പലർക്കും ഗുരുവായ ഗോവിന്ദൻറെ ഗുരു ആയിരുന്നു,റോയ് ( 1887 -1954 ).ഗോവിന്ദൻറെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പൊതുവെ സംശയാസ്‌പദം ആയതിനാൽ അതിലേക്ക് കടക്കും മുൻപ് അദ്ദേഹത്തിൻറെ ചില ജീവിത ഘട്ടങ്ങൾ പരിശോധിക്കാം.
ഗോവിന്ദൻ പരമാവധി പഠിച്ചത് ഒൻപതാം ക്‌ളാസ് വരെയാണ്.ഇത് അദ്ദേഹം മദ്രാസിലേക്ക് കൗമാരത്തിൽ പോയതുമായി ബന്ധപ്പെട്ടിരിക്കുന്നു.എം കെ സാനു എഴുതിയ എം ഗോവിന്ദൻ എന്ന പുസ്‌തകം നോക്കാം.പൊന്നാനി തൃക്കണാപുരം കൂരടയിൽ ജനിച്ച ഗോവിന്ദൻറെ പിതാവ് കോതയത്ത് മനയ്ക്കൽ ചിത്രൻ നമ്പൂതിരി.അമ്മ മാഞ്ചരേത്ത് താഴത്തേതിൽ ദേവകി അമ്മ.ഗോവിന്ദന് പേരിട്ടത് ഗോവിന്ദൻ നായർ എന്നായിരുന്നു.ആദ്യകാല രേഖകളിലെ ആ പേര് ഗോവിന്ദൻ തുടർന്നില്ല.
നമ്പൂതിരിക്ക് നായർ സ്ത്രീയുമായി സംബന്ധം ഉണ്ടായാൽ അത് അധിക കാലം നിൽക്കില്ല.മദ്രാസിൽ പൊലീസ് ജീവനക്കാരനായ കരുണാകരൻ നായരെ ദേവകി വിവാഹം ചെയ്‌തു.അങ്ങനെയാണ് ഗോവിന്ദൻ മദ്രാസിലേക്ക് പോയത്.കരുണാകരൻ നായരെപ്പറ്റി ആരും വിസ്തരിച്ചു കാണുന്നില്ല.ഗോവിന്ദനും പറഞ്ഞിട്ടില്ല.ഗോവിന്ദൻ എത്രാമത്തെ വയസിൽ പോയി എന്നറിയില്ല.സ്‌കൂൾ വിദ്യാഭ്യാസം അവിടെ കഴിച്ചെന്നും ഒൻപത് വരെ മാത്രം ആയിരുന്നെന്നും സാനു എഴുതുന്നു.ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഗോവിന്ദൻ ആദ്യ കഥ,രണ്ട് ധീര വനിതകൾ,മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു.ശ്രീമതി ബി എ മദിരാശി എന്ന തൂലികാനാമത്തിലാണ് പ്രസിദ്ധീകരിച്ചത്.തൂലികാനാമത്തിൽ മദിരാശി എന്നുള്ളതിനാൽ,ഏഴാം ക്‌ളാസ് മദ്രാസിൽ ആയിരുന്നു എന്ന് സിദ്ധിക്കുന്നു.
എം ഗോവിന്ദൻ |
ഒൻപതാം ക്‌ളാസിനെ കുറച്ചു കാണുന്നില്ല.കേരളത്തിലെപ്പോലെ കഞ്ഞി വിദ്യാഭ്യാസമല്ല തമിഴ്‌നാട്ടിൽ.അവിടെ ഇന്നും പത്തു വരെ പഠിച്ചാൽ ഇംഗ്ലീഷിൽ സ്വാധീനമുണ്ടാകും.എന്നാൽ ഒൻപതാം ക്‌ളാസ് ഗോവിന്ദന് മദ്രാസ് ഇൻഫർമേഷൻ വകുപ്പിൽ ജോലി കിട്ടാനുള്ള യോഗ്യത അല്ല.ജോലി കിട്ടുകയും ചെയ്‌തു.സാനു അറിയാതെ ഗോവിന്ദൻ പത്താം ക്‌ളാസ് എഴുതി എടുത്തതായി രേഖയില്ല;ഇത്രയും വിവരമുള്ള ഗോവിന്ദന് ചുമ്മാ പോയി എഴുതി എടുക്കാമായിരുന്നു;ചെയ്‌തില്ല.
വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവന് ജോലി കിട്ടാൻ ശുപാർശ വേണം.ജസ്റ്റിസ് പാർട്ടി മുഖപത്രമായ സൺഡേ ഒബ്‌സർവറി ന്റെ പത്രാധിപർ പി ബാലസുബ്രഹ്മണ്യ മുതലിയാരാണ് ആ ശുപാർശ ചെയ്‌തതെന്ന് സാനു എഴുതുന്നു ( സാനു എഴുതിയത് റിപ്പബ്ലിക് എന്നാണ് ,മുതലിയാർ എഡിറ്ററായിരുന്നത് ഒബ്‌സർവറി ലാണ് ).ജോലി കിട്ടുന്നത് 1944 ലാണ്.അന്ന് ബ്രിട്ടീഷ് ഭരണമാണ്;രണ്ടാം ലോകയുദ്ധത്തിന്റെ അവസാന ഘട്ടമാണ്.യുദ്ധം തീർന്നത് 1945 ൽ മാത്രമാണ്.മദ്രാസ് പ്രസിഡൻസിയിൽ അന്ന് അന്ന് ഇന്ത്യക്കാർ ഭരിക്കുന്ന സർക്കാർ ഇല്ല.1920 -1937 ൽ ജസ്റ്റിസ് പാർട്ടിയും 1937 -1940 ൽ സി രാജഗോപാലാചാരി മുഖ്യമന്ത്രി ആയ കോൺഗ്രസ് സർക്കാരും ഭരിച്ചിരുന്നു .തങ്ങളോട് ചോദിക്കാതെ ബ്രിട്ടൻ ജർമനിയെ ആക്രമിച്ച് രണ്ടാം ലോകയുദ്ധത്തിൽ ചേർന്നതിൽ പ്രതിഷേധിച്ച് രാജാജി സർക്കാർ 1940 ൽ രാജി വച്ചു .മദ്രാസ് ഗവർണർ സർ ആർതർ ഹോപ് ഭരണം ഏറ്റെടുത്തു .ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് കോൺഗ്രസുകാർ ജയിലിൽ ആയി .ബ്രിട്ടൻ നേരിട്ട് ഭരിക്കുന്ന മദ്രാസിൽ അപ്പോൾ ബ്രിട്ടൻ ഒൻപതാം ക്‌ളാസും ഗുസ്‌തിയും മാത്രമുള്ള ഗോവിന്ദന് ജോലി കൊടുത്തത് , ബ്രിട്ടന് വേണ്ടി പണിയെടുക്കാനാണ് .അങ്ങനെ ബ്രിട്ടന് വിശ്വസിക്കാവുന്ന രാഷ്ട്രീയ പശ്ചാത്തലം ഗോവിന്ദന് ഉണ്ടായിരുന്നു .അന്ന് ഗോവിന്ദന് 25 വയസ്സാണ്,ജനനം 1919.
അതിനാൽ,സാനുവിൻറെ സഹായത്തോടെ ഗോവിന്ദൻറെ രാഷ്ട്രീയ പശ്ചാത്തലം നോക്കാം.വിമോചനസമരത്തെ അനുകൂലിച്ച് ലഘുലേഖ എഴുതുകയും മാർക്സിസ്റ്റ് എം എൽ എ ആവുകയും ചെയ്‌ത വിശ്വാസ സ്ഥൈര്യം സാനുവിനുണ്ടല്ലോ.
സ്‌കൂൾ കുട്ടിയായ ഗോവിന്ദൻ സ്വാതന്ത്ര്യ ലഘുലേഖകൾ വായിക്കുന്ന കാലത്ത്,ഇടശ്ശേരി ഗോവിന്ദൻ നായർ ഗോവിന്ദന്,ജയപ്രകാശ് നാരായൻറെ സോഷ്യലിസം എന്തിന് എന്ന പുസ്‌തകം പി നാരായണൻ നായർ പരിഭാഷ ചെയ്‌തത് വായിക്കാൻ കൊടുത്തു.നാരായണൻ നായർ ഇ എം എസ് സംഘത്തിനൊപ്പം കോൺഗ്രസ് സോഷ്യലിസ്റ്റ് ആയിരുന്നു.അന്ന് ഗോവിന്ദന് 16 വയസ്സ്.മനസ്സിൽ ലഡ്ഡു പൊട്ടി.കൂരട വായനശാലയിൽ ഗോവിന്ദൻ സോഷ്യലിസത്തെപ്പറ്റി സംസാരിച്ചു -ഗോവിന്ദൻ മദ്രാസിൽ നിന്ന് വന്നതാകാം.അച്ഛൻ നമ്പൂതിരി കാലേകൂട്ടി ഉപേക്ഷിച്ചതിനാൽ ആകണം വേദാന്തം മനസ്സിൽ പതിഞ്ഞില്ല.ഗോവിന്ദൻ എഴുതിയ ലേഖനങ്ങൾ പലതിലും വന്നു.കോൺഗ്രസിൽ ഗോവിന്ദൻ അംഗമായെങ്കിലും ഗാന്ധി വിരുദ്ധൻ ആയിരുന്നു.അതിനാൽ 1939 ൽ റോയ് സംഘത്തിൽ പെട്ടു.ഒരു ലേഖനം വഴിയാണ് റോയിയുമായി ബന്ധപ്പെട്ടത്.Caste and Class in South India എന്ന ഗോവിന്ദൻറെ ലേഖനം റോയ് പത്രാധിപരായ Independent India പ്രസിദ്ധീകരിച്ചു.ഗോവിന്ദനെ പ്രോൽസാഹിപ്പിച്ച് കത്തെഴുതിയ റോയ് ഗുരുവായി.ഈ ലേഖനം ഒബ്‌സർവർ എഡിറ്റർ മുതലിയാർക്ക് കൊടുത്തിട്ട് അച്ചടിക്കാത്തപ്പോൾ റോയിക്ക് അയയ്ക്കുകയായിരുന്നു.റോയ് പ്രസിദ്ധീകരിച്ച ലേഖനം മുതലിയാർ ഒബ്‌സർവറിൽ എടുത്തു ചേർത്തു.ഉള്ളവരും ഇല്ലാത്തവരുമെന്ന വർഗ വിഭജനത്തിന് ജാതീയമായ അടിസ്ഥാനമുണ്ട് എന്നാണ് അതിൽ പറഞ്ഞത്.ഈ ഭാഗം ഇഷ്ടപ്പെട്ട മുതലിയാർ ഗോവിന്ദനെ നേരിൽ കണ്ടു.ആ ബന്ധം വളർന്നു.ഗോവിന്ദന് ജോലി വാങ്ങി കൊടുക്കാൻ മുതലിയാരും സുഹൃത്തുക്കളും തല പുകഞ്ഞു.അങ്ങനെ ഗോവിന്ദന് മദ്രാസ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ജോലി കിട്ടി.14 കൊല്ലം അതിൽ തുടർന്നു.സംസ്ഥാന പുനഃസംഘടന നടന്നപ്പോൾ,1957 ൽ കേരളത്തിലേക്ക് മാറി.
എം എൻ റോയ് |
1937 ലാണ് റോയ് Independent India വാരിക,ഗാന്ധിയുടെ നിർദേശം ധിക്കരിച്ച് തുടങ്ങിയത് .1949 വരെ ഇത് നടന്നു .ആദ്യ കാലത്ത് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ എന്ന ട്രേഡ് യൂണിയൻറെ ഭാരവാഹിയായിരുന്നു ഗോവിന്ദൻ എന്നും അങ്ങനെ ഹോട്ടൽ തൊഴിലാളികളെ സംഘടിപ്പിച്ചെന്നും സാനു എഴുതുന്നു .അതേപ്പറ്റി കൂടുതൽ മനസ്സിലാക്കാൻ തിരുവിതാംകൂറിൽ എത്തി. സഹോദരൻ അയ്യപ്പൻ,ആർ സുഗതൻ,പി ടി പുന്നൂസ് തുടങ്ങിയവരുമായി ബന്ധപ്പെട്ടു .തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനങ്ങൾ പഠിച്ചു .മദ്രാസിൽ പെരിയാർ രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ ശക്തമായിക്കൊണ്ടിരുന്ന അബ്രാഹ്മണ പ്രസ്ഥാനവുമായി അതിനു മുൻപ് തന്നെ ഗോവിന്ദൻ സഹകരിച്ചു പോന്നു എന്നും സാനു എഴുതുന്നു.ഗോവിന്ദന് പുരോഗമന മുഖം കൊടുക്കാനുള്ള വ്യഗ്രതയിൽ,ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ 1941 ൽ എം എൻ റോയ് തുടങ്ങിയതാണെന്ന വസ്‌തുത വിട്ടു കളഞ്ഞു.1930 ൽ ഇന്ത്യയിൽ എത്തിയ റോയ്,കാൺപൂർ ഗൂഢാലോചന കേസിൽ അറസ്റ്റിലായി ആറു കൊല്ലം ജയിലിൽ കിടന്ന ശേഷം കോൺഗ്രസിൽ ചേരുകയും 1940 ഒക്ടോബറിൽ,രണ്ടാം ലോകയുദ്ധത്തോടുള്ള കോൺഗ്രസ് വിരുദ്ധ സമീപനത്താൽ, കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെടുകയും ആയിരുന്നു .1940 മാർച്ചിൽ കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിച്ച റോയിക്ക് മൊത്തം പോൾ ചെയ്‌ത വോട്ടിൻറെ പത്തു ശതമാനം മാത്രം കിട്ടി.1941 ൽ ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് പിളർന്നാണ് ഇന്ത്യൻ ഫെഡറേഷൻ ഓഫ് ലേബർ റോയ് ഉണ്ടാക്കിയത്.ഈ സംഘടന യുദ്ധത്തിൽ ബ്രിട്ടനെ അനുകൂലിച്ചു.അപ്പോൾ ഗോവിന്ദൻ തിരുവിതാംകൂറിൽ വന്നത്,റോയിയുടെ ചാരൻ ആയിട്ടായിരുന്നു.ആർ സുഗതൻ തൊഴിലാളി യിൽ ഗോവിന്ദൻറെ രണ്ടു ലേഖനം അടിച്ചെങ്കിലും ബന്ധം തുടർന്നില്ല.
റോയിസ്റ്റാകും മുൻപ് ,പെരിയാരുടെ അബ്രാഹ്മണ പ്രസ്ഥാനത്തിന് ഒപ്പമായിരുന്നു ഗോവിന്ദൻ എന്ന് പറഞ്ഞാൽ അർത്ഥം,അദ്ദേഹം ജസ്റ്റിസ് പാർട്ടിയിൽ ആയിരുന്നു എന്നാണ്.പെരിയാർ അന്ന് ജസ്റ്റിസ് പാർട്ടിയിൽ ആയിരുന്നു.ഗോവിന്ദന് ജോലി കിട്ടിയ വർഷം ആ പാർട്ടി പിളർന്നു.പെരിയാരുടെ വിരുദ്ധ ചേരിയിൽ ആയിരുന്നു ഗോവിന്ദന് ജോലിയുണ്ടാക്കി കൊടുത്ത മുതലിയാർ.റോയ് ബന്ധം മാത്രമല്ല,ജസ്റ്റിസ് പാർട്ടി ബന്ധവും ഗോവിന്ദന് സഹായമായി എന്നർത്ഥം.സ്വന്തം വാരികയിൽ ഗാന്ധി നിന്ദ നടത്തിയ മുതലിയാർക്കെതിരെ രാജാജി കേസ് നടത്തിയ ചരിത്രവുമുണ്ട്.
ജോലിക്ക് ചേരും മുൻപുള്ള ഗോവിന്ദൻറെ രാഷ്ട്രീയാഭിപ്രായം ബ്രിട്ടന് രുചിക്കുന്നത് ആയിരുന്നോ എന്നറിയാൻ സാനുവിനെ ആശ്രയിക്കാം.സാനു എഴുതുന്നു:
റോയിസ്റ്റാകും മുൻപ് ,പെരിയാരുടെ അബ്രാഹ്മണ പ്രസ്ഥാനത്തിന് ഒപ്പമായിരുന്നു ഗോവിന്ദൻ എന്ന് പറഞ്ഞാൽ അർത്ഥം,അദ്ദേഹം ജസ്റ്റിസ് പാർട്ടിയിൽ ആയിരുന്നു എന്നാണ്.പെരിയാർ അന്ന് ജസ്റ്റിസ് പാർട്ടിയിൽ ആയിരുന്നു.ഗോവിന്ദന് ജോലി കിട്ടിയ വർഷം ആ പാർട്ടി പിളർന്നു.പെരിയാരുടെ വിരുദ്ധ ചേരിയിൽ ആയിരുന്നു ഗോവിന്ദന് ജോലിയുണ്ടാക്കി കൊടുത്ത മുതലിയാർ.റോയ് ബന്ധം മാത്രമല്ല,ജസ്റ്റിസ് പാർട്ടി ബന്ധവും ഗോവിന്ദന് സഹായമായി എന്നർത്ഥം.സ്വന്തം വാരികയിൽ ഗാന്ധി നിന്ദ നടത്തിയ മുതലിയാർക്കെതിരെ രാജാജി കേസ് നടത്തിയ ചരിത്രവുമുണ്ട്.
ജോലിക്ക് ചേരും മുൻപുള്ള ഗോവിന്ദൻറെ രാഷ്ട്രീയാഭിപ്രായം ബ്രിട്ടന് രുചിക്കുന്നത് ആയിരുന്നോ എന്നറിയാൻ സാനുവിനെ ആശ്രയിക്കാം.സാനു എഴുതുന്നു:
1942 ൽ നടന്ന ക്വിറ്റ് ഇന്ത്യ സമരം 'ക്രൂരമായ ഒരു കളി' ആണെന്ന് അക്കാലത്ത് ഗോവിന്ദൻ അഭിപ്രായപ്പെട്ടു.അത് തിരുത്തണമെന്ന് ഒരിക്കലും അദ്ദേഹത്തിന് തോന്നിയില്ല.അത് മൂലം ബഹുജനങ്ങളുമായി അദ്ദേഹവും കൂട്ടുകാരും അകന്നു.ആ അവസ്ഥ അവരെ വിഷമിപ്പിച്ചില്ല.ഒഴുക്കിനെതിരായി നീന്താനും വേണ്ടിവന്നാൽ സ്വയം ഭ്രഷ്ടരായി തത്വാധിഷ്ഠിതമായ പ്രവർത്തനം തുടരാനും അവർ സന്നദ്ധരായിരുന്നു.ആ സന്നദ്ധത കൊണ്ട് ഒന്നും നേടാൻ പോകുന്നില്ലെന്ന് അവർ മനസ്സിലാക്കി.അതിനാൽ തങ്ങളുടെ കഴിവുകൾ മറ്റൊരു രീതിയിൽ രാഷ്ട്രത്തിന് സമർപ്പിക്കുന്നതാണ് നല്ലതെന്ന തീരുമാനത്തിൽ അവർ എത്തിച്ചേർന്നു.അങ്ങനെ 1944 ൽ ഗോവിന്ദൻ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങി.ഒരു വ്യക്തിയുടെ അനുവാദം മാത്രമേ അദ്ദേഹം ചോദിച്ചുള്ളൂ -എം എൻ റോയിയുടെ.അത് ലഭിക്കുകയും ചെയ്‌തു.
സ്വയം ഭ്രഷ്ടരായി എന്ന് സാനു പറയുന്നത് വസ്തുതകൾക്ക് നിരക്കില്ല .അതായത് ,ഗോവിന്ദൻ ദേശീയ പ്രസ്ഥാനത്തിനും ദേശീയ സമരങ്ങൾക്കും എതിരായിരുന്നു.ജനം ആ നിലപാടുള്ളവരെ ഭ്രഷ്ടരാക്കി .ഈ നിലപാടാണ് ക്വിറ്റ് ഇന്ത്യ കാലത്ത് കമ്മ്യൂണിസ്റ്റുകൾക്കും ഉണ്ടായിരുന്നത്.അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി പി സി ജോഷി തന്നെ ബ്രിട്ടീഷ് ചാരനായിരുന്നു.ക്വിറ്റ് ഇന്ത്യയ്ക്ക് ശേഷം ബ്രിട്ടീഷുകാർ തങ്ങൾക്കൊപ്പം നിന്ന കമ്മ്യൂണിസ്റ്റുകൾക്കും ജോലി കൊടുക്കുമായിരുന്നു.ഗാന്ധിക്കും ക്വിറ്റ് ഇന്ത്യയ്ക്കും എതിരെ ഗോവിന്ദൻ കവിത തന്നെ എഴുതിയിരുന്നു.ഇതാണ് ഗാന്ധി നിന്ദ വഴിഞ്ഞൊഴുകുന്ന വിട എന്ന കവിത ( 1975 ):
ഒരു കൂലി വക്കീലായ്
ഒരു കുടിലിൽ
ദർബാൻ നഗരത്തിൽ
സ്ഥിരമായങ്ങു
കുടി പാർത്തിരുന്നെങ്കിൽ
മുപ്പതിലുപ്പു സത്യാഗ്രഹ -
മാരംഭിക്കാതിരുന്നെങ്കിൽ
ക്വിറ്റ് ഇന്ത്യ പ്രമേയം
ഡ്രാഫ്റ്റ് ചെയ്യാതിരുന്നെങ്കിൽ
വെടിമൂന്നേറ്റു ബിർലാ ഹൗസിൽ
പിടഞ്ഞു മരിക്കാതിരുന്നെങ്കിൽ
അത്രമാത്രമല്ലീ -
യനുഗൃഹീതഭൂവിൽ
പ്പിറക്കാതെയിരുന്നെങ്കിൽ
ഇന്ത്യക്കാരായ ഞങ്ങൾ -
ക്കെന്തു താൻ സംഭവിച്ചിരിക്കും ?
ഒന്നുമില്ല
ഒന്നുമില്ല
ഒന്നുമില്ല
സഹസ്രാബ്‌ദ പുരുഷനായ ഗാന്ധി ജനിക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ഒന്നുമില്ല എന്ന വാചകം വിഷം നിറഞ്ഞ മനസ്സിൽ നിന്നേ വരൂ;ജീവിച്ചിരിക്കുന്ന ഗോഡ്‌സെയിൽ നിന്നേ വരൂ.സർ സി ശങ്കരൻ നായർ എന്ന ബ്രിട്ടീഷ് ഏജൻറ് Gandhi and Anarchy എന്ന പുസ്‌തകം 1922 ൽ എഴുതി ഗാന്ധിയെ ആശയപരമായി ഇല്ലായ്‌മ ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല.അവിടെയാണ് പീറക്കവിത വഴി ഗോവിന്ദ ഗുരു ഉന്മൂലനത്തിന് ശ്രമിക്കുന്നത്.
റോയിയുമായി ഗോവിന്ദൻ ബന്ധപ്പെടുന്നത് ,അയാൾ റാഡിക്കൽ ഹ്യൂമനിസം രൂപപ്പെടുത്തിയ 1939 ലാണ് .തൻറെ രാഷ്ട്രീയ നിലപാട് ഗോവിന്ദൻ തന്നെ വ്യക്തമാക്കുന്നത്‍ ഇങ്ങനെ:
രണ്ടാം ലോകയുദ്ധം അന്താരാഷ്ട്രീയ ആഭ്യന്തര യുദ്ധമാണെന്ന് ( International Civil War ) റോയ്,ഞങ്ങളെയെല്ലാം വിളിച്ച് നേരിട്ടും പത്രങ്ങളിലൂടെയും ബോധ്യപ്പെടുത്താൻ വ്യഗ്രത കാണിച്ചു.അത് ജനകീയ യുദ്ധമാക്കി മാറ്റേണ്ടതാണ് പ്രധാന കൃത്യമെന്നും അക്കൊല്ലം ( 1940 ) ജൂലൈ 14 ന് ( അന്നാണ് ഫ്രഞ്ച് വിപ്ലവകാരികൾ ബാസ്റ്റിൽ കാരാഗൃഹം തകർക്കുകയും വിപ്ലവത്തിൻറെ വിജയ പതാക പറപ്പിക്കുകയും ചെയ്‌തത്) ഇന്ത്യയിലൊട്ടുക്കും -അതായത് എവിടെയൊക്കെ റാഡിക്കൽ കോൺഗ്രസുകാർ ഉണ്ടായിരുന്നോ,അവിടെയൊക്കെ -ഫാഷിസ്റ്റ് വിരുദ്ധ ദിനം കൊണ്ടാടണമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്‌തു.അന്ന് ഞാൻ മദ്രാസിലായിലായിരുന്നു.എൻറെയും മറ്റ് സഹപ്രവർത്തകരുടെയും ഉത്സാഹത്തിൽ മദ്രാസിലെ മൂർ മാർക്കറ്റിൽ നിരവധിയാളുകൾ പങ്കെടുത്ത ഫാഷിസ്റ്റ് വിരുദ്ധ ദിനം ആചരിച്ചു.ആ മഹായോഗത്തിൽ അധ്യക്ഷത വഹിച്ചത്,പെരിയാർ ഇ വി രാമസ്വാമി നായ്ക്കരായിരുന്നു.കൂക്കിവിളികളും കാക്ക കരച്ചിലും ഉണ്ടായില്ലെന്ന് പറഞ്ഞു കൂടാ....
പെരിയാർ,ജിന്നയുടെ വീട്ടിൽഅംബേദ്‌കർക്കൊപ്പം ,1940.ഇടത്തു നിന്ന് പി ബാലസുബ്രഹ്മണ്യം ,ടി എ വി നാഥൻ,കെ എം ബാലസുബ്രഹ്മണ്യം |
ഗോവിന്ദൻ എഴുതുന്നു:
ബഹുഭൂരിപക്ഷം പേരുടെയും കണ്ണിൽ ഞങ്ങൾ അന്ന് ദേശീയ വിരുദ്ധരും സ്വാതന്ത്ര്യ വഞ്ചകരുമായിരുന്നു-ഗാന്ധിയെ ഞങ്ങൾ അന്ന് ഫാഷിസ്റ്റ് മുദ്ര കുത്തിയില്ലെന്ന് തോന്നുന്നു.പക്ഷെ,അദ്ദേഹത്തിൻറെ നയം വിജയിക്കുകയാണെങ്കിൽ,അതിൻറെ ആനുകൂല്യം കൂടുതൽ അനുഭവിക്കുക ഇന്ത്യക്കാരല്ല,അന്ന് അടിക്കടി വിജയം നേടി വന്ന ഹിറ്റ്ലറും മുസ്സോളിനിയും ടോജോവും മറ്റുമായിരിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു.യോഗങ്ങൾ സംഘടിപ്പിച്ച് വിളിച്ചു പറഞ്ഞു.രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ നിലനിൽക്കുക എന്ന പ്രശ്നമില്ലെന്ന കാര്യത്തിൽ എം എൻ റോയിക്കും അദ്ദേഹത്തെ പിന്തുടർന്ന എന്നെപ്പോലുള്ളവർക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല.പല വിപ്ലവങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നേരിട്ട് പങ്കാളിത്തവും ബുദ്ധിപരമായ ഉയർന്ന കഴിവും സ്വായത്തമായ റോയിയുടെ രാഷ്ട്രീയ വിശകലനങ്ങൾ എന്നും ശ്രദ്ധയർഹിക്കുന്നു...അപ്പോഴേക്കും സോവിയറ്റ് -ജർമൻ ഉടമ്പടിയെന്ന മാരീച രാഷ്ട്രീയം ഏതോ രാമൻറെ കൂരമ്പു കൊണ്ടു മരിച്ചുവെന്ന് മാത്രമല്ല,ജർമൻ പട്ടാളക്കാർ മോസ്കോയുടെ പടിവാതിൽക്കൽ വരെ എത്തുകയും ചെയ്‌തിരുന്നു.നാസി ജർമനി റഷ്യയെ ആക്രമിച്ച് ആറുമാസം കഴിഞ്ഞപ്പോൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഫാഷിസ്റ്റ് വിരുദ്ധരായി.
ഗാന്ധിയെ ഫാഷിസ്റ്റ് മുദ്ര കുത്തിയില്ലെന്നു തോന്നുന്നുവെന്നും ഏതോ രാമൻറെ കൂരമ്പ് എന്നും ഗോവിന്ദൻ എഴുതിയത്,രാഷ്ട്രീയ സത്യസന്ധത ഇല്ലായ്‌മ കാരണമാണ്.ലോകയുദ്ധത്തിന്റെ വസ്‌തുതകൾ വിശദമായിരിക്കെ,ഏതോ എന്ന കവി കൽപന രാഷ്ട്രീയത്തിന് ചേരില്ല.ഗാന്ധി ബ്രിട്ടീഷ് വിരുദ്ധ നയം തുടരുകയും റോയി -ഗോവിന്ദ- കമ്മ്യൂണിസ്റ്റ് പ്രഭൃതികൾ ബ്രിട്ടനൊപ്പം നിൽക്കുകയും ഗാന്ധിയെ ഫാഷിസ്റ്റ് എന്നും സുഭാഷ് ചന്ദ്ര ബോസിനെ ചെരുപ്പ് നക്കിയെന്നും അഞ്ചാം പത്തിയെന്നും ഒക്കെ വിളിച്ചുവെന്നും ലളിതമായി പറയേണ്ട കാര്യമാണ്,ഗോവിന്ദൻ പരത്തി പറയുന്നത്.ഇന്ത്യയെ കോളനിയായി വച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടന് വേണ്ടി മൂർ മാർക്കറ്റിൽ സമരം നടത്തി വിടു പണി ചെയ്‌തപ്പോൾ,ഗോവിന്ദന് ബ്രിട്ടീഷ് ഇൻഫർമേഷൻ സർവീസിൽ കയറിപ്പറ്റാനായി .ജോലി കിട്ടിയപ്പോൾ, റോയിയോട് ചോദിച്ച് രാഷ്ട്രീയം നിർത്തി.രാഷ്ട്രീയ സത്യസന്ധത ഗോവിന്ദന് ചോർന്നു പോയത്,ക്വിറ്റ് ഇന്ത്യ വിരുദ്ധ രാഷ്ട്രീയത്തിന് അന്ന് ബ്രിട്ടൻ പണം നൽകിയിരുന്നു എന്നത് കൊണ്ടാകണം.
ആഗ്നസ് സ്‌മെഡ്‌ലി |
ഒരുപാട് വിപ്ലവങ്ങൾ നടത്തിയ ബുദ്ധിമാനാണ് റോയ് എന്നാണ് ഗോവിന്ദൻ പറയുന്നത്.ഏത് വിപ്ലവമാണ് റോയ് നടത്തിയത്?
റോയിയുമായി ഗോവിന്ദന് അടുപ്പം തോന്നാൻ ഒരു കാരണം,പത്താം ക്‌ളാസ് കഴിഞ്ഞ് ടെക്‌നിക്കൽ ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന റോയ്,ഗോവിന്ദനെപ്പോലെ പഠിത്തം പൂർത്തിയാക്കാതെ വിപ്ലവത്തിന് ഇറങ്ങിയെന്നതാകാം.അമേരിക്കയിലാണ് റോയ് എത്തിയത്.അവിടെ നിന്ന് മെക്‌സിക്കോയിൽ 1918 ൽ എത്തി മെക്‌സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കി.അതിൻറെ പശ്ചാത്തലം കൂടി അറിയണം.ആ കഥയുടെ ആദ്യ ഭാഗം, കലാകൗമുദിയിൽ ( ജൂലൈ 28 -ഓഗസ്റ്റ് 4,2019 ) എഴുതുകയുണ്ടായി.ന്യൂയോർക്കിൽ പത്ര പ്രവർത്തക ആഗ്നസ് സ്മെഡ്‌ലി യെ ബലാൽസംഗം ചെയ്‌തിട്ടാണ്,റോയ് മുങ്ങിയതെന്നാണ് The Lives of Agnes Smedley എന്ന പുസ്‌തകത്തിൽ റൂത് പ്രൈസ് എഴുതുന്നത്.അതിനു ശേഷം ആഗ്നസ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഇന്ത്യൻ വിപ്ലവകാരികളുടെ അടുത്ത സുഹൃത്തായിരുന്ന അവർ തനിക്കുണ്ടായ ദുരന്തം 1928 ൽ Daughter of Earth എന്ന നോവലിൽ എഴുതി.ജർമനിയിൽ നോവൽ എഴുതുമ്പോൾ,ആഗ്നസ് വിപ്ലവകാരി വിരേന്ദ്രനാഥ് ചതോപാധ്യായയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു.സരോജിനി നായിഡുവിൻറെ ഇളയ സഹോദരനായിരുന്നു,ചാറ്റോ എന്നറിയപ്പെട്ട വിരേന്ദ്രൻ.ചാറ്റോയെയും ആഗ്നസിനെയും മോസ്‌കോ സ്വാധീനം ഉപയോഗിച്ച് റോയ് കോമിന്റേണിൽ നിന്ന് അകറ്റി നീർത്തി.നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ഉള്ള ചാറ്റോ റോയിയെക്കാൾ വിവരമുള്ളവനായിരുന്നു.
നോവലിൽ,മേരി ന്യൂയോർക്കിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട്,The Call എന്ന പ്രസിദ്ധീകരണത്തിൽ പ്രവർത്തിക്കുന്നു.സർദാർ രഞ്ജിത് സിംഗിനെ പരിചയപ്പെട്ട് ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിൽ എത്തുന്നു.കുറെ വിപ്ലവകാരികളുടെ വിലാസങ്ങൾ ഒളിപ്പിക്കാൻ മേരിയോട് തൽവാർ സിംഗ് ആവശ്യപ്പെടുന്നു.ഒരു ദിവസം വിപ്ലവകാരി ജുവാൻ ഡയസ്,മേരിയുടെ ഫ്‌ളാറ്റിൽ,മേരിയില്ലാത്ത നേരത്ത് അതിക്രമിച്ചു കയറുന്നു.മേരി എത്തുമ്പോൾ തൽവാറിനെപ്പറ്റി ജുവാൻ മേരിയെ ചോദ്യം ചെയ്യുന്നു.മേരി അജ്ഞത നടിക്കുന്നു.അപ്പോഴാണ്,അയാൾ മേരിയെ ബലാത്സംഗം ചെയ്യുന്നത്.ആത്മഹത്യയ്ക്ക് ശ്രമിച്ച മേരി ആശുപത്രിയിലാകുന്നു.അവിടന്ന് മടങ്ങിയെത്തുമ്പോഴാണ് അറസ്റ്റിൽ ആകുന്നത്.അതിനു ശേഷം അവർ ആനന്ദ് മൻവേക്കറെ പ്രണയിച്ച് വിവാഹം ചെയ്യുന്നു.ആഗ്നസിൻറെ ലൈംഗിക ഭൂതകാലം അയാളെ അസ്വസ്ഥനാക്കുന്നു.ജുവാൻ ഡയസ് ഒരു സഖാവിനോട് താൻ അഗ്നസുമായി വേഴ്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നതോടെ,ആ വിവാഹം അവസാനിക്കുന്നു.
ആനന്ദാണ് ചാറ്റോ.സർദാർ രഞ്ജിത് സിംഗ് ,ലാലാ ലജ്‌പത് റായ് .തൽവാർ സിംഗ്,ശൈലേന്ദ്രനാഥ് ഘോഷ്.ജുവാൻ ഡയസ് ആണ് എം എൻ റോയ് എന്ന് റൂത് പ്രൈസ് കണ്ടെത്തുന്നു.ബലാത്സംഗി ഹേരംബലാൽ ഗുപ്‌ത ആണെന്നാണ് ഇതിന് 16 വർഷം മുൻപ് ഇറങ്ങിയ,ജാനിസ് ആർ മക് കിന്നനും ഭർത്താവ് സ്റ്റീഫനും എഴുതിയ Agnes Smedley:The Life and Times of an American Radical ( 1988 ) എന്ന ജീവചരിത്രത്തിൽ വന്നിരുന്നത്.അമേരിക്കൻ കോൺഗ്രസ് അംഗമായിരുന്ന ബെല്ലാ അബ്‌സഗിന്റെ പ്രസ് സെക്രട്ടറി ആയിരുന്ന റൂത്,ഇടത് സഹയാത്രികയാണ്;15 വർഷം ഗവേഷണം നടത്തി നിരവധി രേഖകൾ പരിശോധിച്ചാണ് എഴുതിയത്.ആദ്യ ജീവചരിത്രത്തിന് തിരുത്തുമാണ്.അതിനാൽ വില്ലൻ എം എൻ റോയ് എന്നിടത്താണ്,കാര്യങ്ങൾ നിൽക്കുന്നത്.
ബലാൽസംഗത്തിനാണോ ഗോവിന്ദൻ വിപ്ലവം എന്ന് പറയുന്നത്?
മെക്‌സിക്കോയിൽ റോയ് പാർട്ടിയുണ്ടാക്കിയ കഥ റോയിയുടെ ആത്മകഥ ( Memoirs ) യിൽ നിന്നറിയാം.
1917 ജൂലൈയിൽ റോയ് മെക്‌സിക്കോയിൽ എത്തുമ്പോൾ അവിടെ ആരെയും പരിചയമില്ല.കൂടെ ഭാര്യ എവ്‌ലിൻ ഉണ്ടായിരുന്നു.അവർ സ്റ്റാൻഫോഡ് സർവകലാശാലയിൽ വിദ്യാർത്ഥിനി ആയിരുന്നു.മെക്‌സിക്കോയ്ക്ക് ആദ്യ പ്രസിഡൻറ് ഉണ്ടായിരുന്നതേയുള്ളു.ഇടതു പക്ഷത്തെ ഡോൺ കറൻസ.ആ ദരിദ്രവാസി പാർട്ടിക്ക് പത്രമിറക്കാൻ പോലും പണമില്ലായിരുന്നു.ഹോട്ടൽ ഡി ജനീവയിൽ താമസിച്ച റോയിയെ അവിടെ ബറ്റേവിയയിൽ വച്ച് പരിചയമുണ്ടായിരുന്ന രണ്ട് ജർമൻകാർ കണ്ടു.അവർക്ക് മുന്നിൽ റോയ് ചൈനാ വിമോചന പദ്ധതി വച്ചു.അവർ ആദ്യ ഗഡുവായി 10000 സ്വർണ പീസോ റോയിക്ക് കൊടുത്തു.അത് ഒരു ലക്ഷം വരെ എത്തി.റോയ് ചൈനയ്ക്കു പോകാതെ വലിയ ബംഗ്ളാവ് വാടകക്കെടുത്ത് താമസമായി.അയാളെ ധനികനായ ഇന്ത്യൻ രാജകുമാരനായി പ്രസിഡന്റും കൂട്ടരും തെറ്റിദ്ധരിച്ചു.അയാൾ ഇടതു പക്ഷത്തെ ഒന്നിച്ചു കൂട്ടി ഒരു പാർട്ടി ആക്കി അതിൻറെ സെക്രട്ടറി ആയി.അപ്പോഴാണ്,കോമിന്റേൺ ഏജൻറ് മിഖയിൽ ബോറോദിൻ വന്നു പെട്ടത്.അയാൾ റോയിയെ മോസ്‌കോയിൽ എത്തിച്ചു.അയാളായിരുന്നു,റോയിയുടെ ശക്തി.മെക്‌സിക്കോയിൽ എത്തുമ്പോൾ മാർക്‌സിസം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത റോയിയെ ബോറോദിൻ ബാലപാഠങ്ങൾ പഠിപ്പിച്ചു.മെക്‌സിക്കോയിൽ ലേഖനങ്ങൾ എഴുതിയാണ്,ഒന്നും അറിയാത്ത ഇടതു പക്ഷത്തെ റോയ് കൈയിൽ എടുത്തത് -ഗോവിന്ദൻ ചെന്ന് വീണ പോലെ.
ബോറോദിൻ |
റഷ്യയിൽ 1905 ലെ വിപ്ലവം പരാജയപ്പെട്ടപ്പോൾ,അമേരിക്കയിൽ കുടിയേറിയ ബോറോദിൻ ,സാർ ചക്രവർത്തിയെ 1917 ൽ അട്ടിമറിക്കും വരെ അവിടെ തുടർന്നു.വിപ്ലവം കഴിഞ്ഞ് റഷ്യയിൽ തിരിച്ചെത്തി,ലെനിനുമായുള്ള സൗഹൃദം മുതലാക്കി.മിഖയിൽ മാർകോവിച്ച് ബൊറോഡിൻ ( 1884 -1951 ) റഷ്യയിലെ യാനോവിച്ചിലാണ് ജനിച്ചത് -ഇന്ന് ബെലാറസ്.ശരിപ്പേര് മിഖയിൽ ഗ്രൂസൻബെർഗ്.ഇരുപതുകളിൽ ചീഫ് കോമിന്റേൺ ഏജൻറ് ആയി ചൈനയിൽ പോയി,സംഘടിതമല്ലാതെ കിടന്ന സൺയാത് സെന്നിൻറെ നാഷനലിസ്റ്റ് പാർട്ടി ( കുമിന്താങ് ) യെ കേന്ദ്രീകൃത ലെനിനിസ്റ്റ് പാർട്ടിയാക്കി മാറ്റി.1903 ൽ ബോൾഷെവിക് പാർട്ടിയിൽ ചേർന്ന അയാളെ രണ്ടു കൊല്ലം കഴിഞ്ഞ് അറസ്റ്റ് ചെയ്‌തു നാട് കടത്തി.അമേരിക്കയിലേക്ക് കുടിയേറി,ഇൻഡ്യാന വാൾപരൈസോ സർവകലാശാലയിൽ പഠിച്ച്,ഷിക്കാഗോയിൽ കുടിയേറ്റക്കാർക്ക് സ്‌കൂൾ തുടങ്ങി. വിപ്ലവം കഴിഞ്ഞ് തിരിച്ചെത്തിയ അയാളെ സ്കാൻഡിനേവിയ,മെക്സിക്കോ,സ്പെയിൻ,തുർക്കി,ബ്രിട്ടൻ എന്നിവിടങ്ങളിൽ കമ്മ്യുണിസ്റ്റ് ഏജൻറ് ആയി അയയ്ക്കുകയായിരുന്നു.
ഇന്ത്യയെപ്പറ്റി മാർക്സിനെ വെല്ലുന്ന മണ്ടത്തരം റോയ് ബൊറോദിനെ കാണും മുൻപ് 189 പേജുള്ള La India എന്ന സ്‌പാനിഷ് പുസ്തകത്തിൽ എഴുതിയിരുന്നു:
ഹിന്ദു രാജാക്കന്മാരുടെ കാലത്ത് ഹിന്ദുക്കൾ എല്ലാവരും സാക്ഷരർ ആയിരുന്നുവെന്നാണ്,റോയ് വച്ച് കാച്ചിയിരിക്കുന്നത് !
ബൊറോദിൻ റോയിയെ യൂറോപ്യൻ സാംസ്‌കാരിക ചരിത്രവും ഹെഗലിൻറെ തത്വ ചിന്തയും പഠിപ്പിച്ചു.ഇന്ത്യൻ വിപ്ലവ പ്രതിനിധിയായി റോയിയെ ബോറോദിൻ ലെനിന് മുന്നിൽ അവതരിപ്പിച്ചു;സ്റ്റാലിൻ റോയിയെ പുറത്താക്കി.
മുതലിയാർ |
ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം ഗോവിന്ദൻ കേരള ഇൻഫർമേഷൻ വകുപ്പിലേക്ക് മാറുന്നത് സഹപ്രവർത്തകൻ എ എൻ നമ്പ്യാർക്ക് ഒപ്പമാണ്.മണി മുഴങ്ങുന്നതാർക്കു വേണ്ടി,കേഴുക പ്രിയ നാടേ എന്നീ നോവലുകൾ മലയാളത്തിലേക്ക് പരിഭാഷ ചെയ്‌ത നമ്പ്യാരെയും ഗോവിന്ദനെയും പിന്നെ കാണുന്നത്,ഇ എം എസ് സർക്കാരിന് എതിരായ അട്ടിമറി ശ്രമങ്ങളിലാണ്.ആന്ധ്രാ അരി കുംഭകോണ രേഖകൾ നമ്പ്യാർ സൂക്ഷ്‌മമായി പരിശോധിച്ച് അഴിമതി നടന്നതായി ബോധ്യപ്പെട്ടു.ഗോവിന്ദനുമായി ചേർന്ന് നമ്പ്യാർ ലഘു ലേഖ തയ്യാറാക്കി കൊൽക്കത്തയിലെ സുഹൃത്തുക്കൾക്ക് അയച്ചു.അവിടെ അച്ചടിച്ച് അനേകം കോപ്പികൾ കേരളത്തിൽ എത്തിച്ചു.ഗോവിന്ദനും നമ്പ്യാരും നോട്ടപ്പുള്ളികളായി.ഇരുവരും രാജി വച്ചു.
സി ജെ തോമസ് |
എറണാകുളത്ത് ദീനബന്ധു പത്രാധിപർ ആയിരുന്നു,ഉദയഭാനു.കെ പി മാധവൻ നായർ,കളത്തിൽ വേലായുധൻ നായർ,പി സി ചെറിയാൻ,ജോർജ് തോമസ് കൊട്ടുകാപ്പള്ളി എന്നിവർ ചേർന്ന് തുടങ്ങിയ ഡെമോക്രാറ്റിക് പബ്ലിഷിംഗ് കമ്പനിയാണ് ദീനബന്ധു വും വീക്കിലി കേരള യും ഇറക്കിയത്.ഇംഗ്ലീഷിൽ ഇറങ്ങിയിരുന്ന വീക്കിലി കേരള യുടെ ചുമതല,പഴയ കമ്മ്യൂണിസ്റ്റ് എ കെ തമ്പിക്കായിരുന്നു.കമ്മ്യൂണിസ്റ്റ് വിരുദ്ധനായ പി കേശവദേവും ഒന്നിച്ച് 1956 ൽ ആകാശവാണിയിൽ ചേർന്ന സി ജെ തോമസ്,അവിടന്നിറങ്ങി,ദക്ഷിണ ഭാഷാ ബുക് ട്രസ്റ്റിൽ ജോലി നേടി മദ്രാസിൽ എത്തി.1949 ൽ എം ലിറ്റ് പഠിക്കാൻ മദ്രാസിൽ പോയപ്പോഴാണ് സി ജെ,ഗോവിന്ദ ശിഷ്യനായത്.പഠിക്കാൻ പറ്റാതെ സി ജെ അമേരിക്കൻ ഇൻഫർമേഷൻ സർവീസിൽ ചേർന്നു.സി ജെ ബുക് ട്രസ്റ്റ് വിട്ട് ഡെമോക്രാറ്റിക് പബ്ലിഷിംഗ് കമ്പനിയിൽ എത്തി.എം വി ദേവനും സാനുവും പുറത്തു നിന്ന് സഹായിച്ചു.വെട്ടൂർ രാമൻ നായർ പാക്കനാർ എന്ന പേരിൽ ദീനബന്ധു വിൽ കല്ലും നെല്ലും എന്ന പംക്തി എഴുതി.സുകുമാർ അഴീക്കോടും കേശവദേവും എഴുതി.സർക്കാരിനെ താഴെയിറക്കാൻ,ലഘു ലേഖകൾ ഇറക്കി.തത്വ ചിന്ത ഗോവിന്ദനും സംസ്‌കാര പ്രസാരണി സാഹിത്യം സാനുവും സംസ്‌കാരവും നീതി ധർമവും അഴീക്കോടും ചുവന്ന ചാരന്മാർ,കൊന്നേ തീരുവോ സഖാവെ,കുംഭകോണങ്ങളുടെ കുംഭമേള,സഖാവ് ദാമോദരൻറെ സുവിശേഷം,ഒരു വേദപുസ്തകം മരണമടയുന്നു എന്നിവ സി ജെ യും എഴുതി.കെ പി എ സി ക്ക് ബദലായി,സി ജെ, ഡെമോക്രാറ്റിക് തിയറ്റേഴ്‌സ് ഉണ്ടാക്കി വിഷവൃക്ഷം കളിച്ചു.
വിമോചന സമരകാലത്തെ
നാട് ഭരിക്കാനറിയില്ലെങ്കിൽ
താടിവടിക്കൂ നമ്പൂരി
എന്ന മുദ്രാവാക്യം ഗോവിന്ദൻറെ സംഭാവന ആണെന്ന് പറയപ്പെടുന്നു;
തൂങ്ങിച്ചാകാൻ കയറില്ലെങ്കിൽ
പൂണൂലില്ലേ നമ്പൂരി
എന്ന മുദ്രാവാക്യവും ,
സസ്യശ്യാമള കേരള ഭൂവിൽ
വി ...വി ...വിക്കൻ നമ്പൂരിക്കെന്ത് കാര്യം
എന്നതും,
ഗൗരിച്ചോത്തിയെ മടിയിലിരുത്തി
നാട് ഭരിക്കുന്ന നമ്പൂരി
എന്നതും ആരുടെ സംഭാവന എന്ന് ഗവേഷണം ചെയ്‌ത് നോക്കണം.അച്ഛൻ നമ്പൂരിയോട് ഗോവിന്ദന് പക കലശലായിരുന്നല്ലോ.മദ്രാസിൽ അബ്രാഹ്മണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടപ്പോൾ ഗോവിന്ദൻ എഴുതിയ തീസിസിലും ഉപേക്ഷിച്ചു പോയ അച്ഛൻ നമ്പൂതിരിയോടുള്ള വിരോധം കാണാം -Revolt Against Brahminism is Revolt Against Imperialism ( ബ്രാഹ്മണ മേധാവിത്വത്തിന് എതിരായ കലാപം,സാമ്രാജ്യത്വത്തിന് എതിരായ കലാപമാണ് ).ഈ സിദ്ധാന്തം കാരണമാകാം,ഗോവിന്ദൻ ഇ എം എസിനെതിരെ സമരം ചെയ്‌തത്.വിമോചനസമര കാലത്തെ രാഷ്ട്രീയ സഖ്യത്തിൽ നിന്നാണ് ഗോവിന്ദ ഭക്ത സംഘം ഉണ്ടായത്.
ആർതർ ഹോപ് |
ഗോവിന്ദന് ജോലി കൊടുത്ത ഗവർണർ ആർതർ ഹോപ് ( 1940 -1946 ) അഴിമതിക്കാരനായിരുന്നു.ചെറുകിട ക്രിക്കറ്റർ ആയ അയാൾ മദ്രാസ് ക്രിക്കറ്റ് ക്ലബ് ബാറിലെ സ്ഥിരക്കാരൻ ആയിരുന്നു.ആ ബിൽ അയാൾ അടച്ചു തീർത്തോ എന്നറിയില്ല.കുതിര പന്തയത്തിൽ അയാൾക്ക് 40000 പൗണ്ട് കടം വന്നു.കടം വാങ്ങിയത് രാജകുടുംബങ്ങളിൽ നിന്നായിരുന്നു.പ്രധാനമായും കടം വാങ്ങിയത്,മധുര മിൽസിലെ ജെയിംസ് ഡോക്കിൽ നിന്ന്.ഡോക്കിന് സർ പദവിയും വായ്‌പ കൊടുത്ത മറ്റുള്ളവർക്ക് മറ്റ് ആനുകൂല്യങ്ങളും കിട്ടി.സംഗതി അങ്ങാടിപ്പാട്ടായി.ഇയാളെ മാറ്റാൻ സമ്മർദ്ദം വന്നെങ്കിലും,ഗവർണർമാർ നിയമത്തിന് അതീതരാണെന്ന വ്യവസ്ഥ അതിന് തടസ്സമായി.ഇന്ത്യൻ കാലാവസ്ഥയിൽ ബ്രിട്ടീഷുകാർക്ക് വരുന്ന neurasthenia തനിക്കുണ്ടെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി അയാൾ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടു.ഇയാൾക്ക് റെഡ് ക്രോസിനായി കൊടുത്ത പണം ഇയാൾ കൈമാറിയില്ലെന്ന് പിൻഗാമി സർ അർച്ചിബാൾഡ് നൈ കണ്ടെത്തി.ഈ പണത്തിൻറെ വലിയ ഭാഗം പൊതു ഖജനാവിൽ നിന്നെടുത്ത് തിരിച്ചടച്ച് പ്രധാനമന്ത്രി ക്ലെമൻറ് ആറ്റ്ലി സംഭവം ഒതുക്കി.2019 മാർച്ച് 16 നാണ് ലണ്ടൻ ടൈംസ് ഇത് റിപ്പോർട്ട് ചെയ്‌തത്.
See https://hamletram.blogspot.com/2019/07/blog-post_18.html
.