Monday, 19 August 2019

നാഗിയെ ക്രൂഷ്ചേവ് കൊന്നു

ലൂക്കാച്ച് കഴുമരത്തിൽ നിന്ന് രക്ഷപ്പെട്ടു 

സോവിയറ്റ് യൂണിയനിൽ സ്റ്റാലിന്റെ മരണ ശേഷം 1956 ൽ ക്രൂഷ്ചേവ് അയാളുടെ  ചെയ്തികളെ നിരാകരിച്ചപ്പോഴാണ് ഹംഗറിയിൽ സോവിയറ്റ് ഉപഗ്രഹ സർക്കാരിനെതിരെ ജന വിപ്ളവം  പൊട്ടിപ്പുറപ്പെട്ടത്.ഒക്ടോബർ കലാപങ്ങളുടെ ആദ്യ ഘട്ടത്തിൽ വിമതർ ജയിച്ചപ്പോൾ,ഇoറെ നാഗി പ്രധാനമന്ത്രി ആയി.ബഹുകക്ഷി സമ്പ്രദായം വാഗ്‌ദാനം ചെയ്ത അദ്ദേഹം നിഷ്‌പക്ഷത പ്രഖ്യാപിച്ച് യു എൻ സഹായം തേടി.ആഗോള സംഘർഷത്തിന് പാശ്ചാത്യ ശക്തികൾ തയ്യാറായില്ല.1956 നവംബർ നാലിന് വിപ്ലവം അടിച്ചമർത്താൻ സോവിയറ്റ് സേന ഹംഗറിയിൽ എത്തി.സ്ഥാനഭ്രഷ്ടനായ നാഗിയെ 1958 ൽ തൂക്കി കൊന്നു.അദ്ദേഹത്തോടൊപ്പം മന്ത്രി ആയിരുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജ്യോർഗ് ലൂക്കാച്ച് കഷ്ടിച്ച് രക്ഷപ്പെട്ടു.
ഇoറെ നാഗി 
1952 ൽ പ്രധാനമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയും ആയ മത്യാസ് റാക്കോസി സോവിയറ്റ് പാവ ആയിരുന്നു.1953 ൽ സ്റ്റാലിൻ മരിക്കും വരെ കരുത്തൻ.സ്റ്റാലിൻ മരിച്ച ശേഷം റാക്കോസിയെ അട്ടിമറിച്ച് നാഗി വന്നു.മോസ്‌കോ അനുകൂലിയെങ്കിലും ദേശീയ വാദി.നിർബന്ധിത കൂട്ട് കൃഷിയില്ല,ഘന വ്യവസായമില്ല.കൂടുതൽ ഉൽപന്നങ്ങൾ,രാഷ്ട്രീയ തടവുകാർക്ക് മോചനം.ഈ പരിഷ്കാരങ്ങളെ മോസ്‌കോ അനുകൂലിച്ചില്ല.1955 വസന്തത്തിൽ നാഗിയെ സ്ഥാനഭ്രഷ്ടനാക്കി;പാർട്ടിയിൽ നിന്ന് പുറത്താക്കി.റാക്കോസി തിരിച്ചെത്തി പഴയ നയങ്ങളിലേക്ക് മടങ്ങി.1956 ജൂലൈയിൽ അയാളെ വീണ്ടും പുറത്താക്കി.റാക്കോസി വ്യക്തിപരമായി അവഹേളിച്ച യൂഗോസ്ലാവ് പ്രസിഡൻറ് ടിറ്റോയെ പ്രീണിപ്പിക്കാനാണ് റാക്കോസിയെ ക്രൂഷ്ചേവ് ബലി കഴിച്ചത്.റാക്കോസിയുടെ രണ്ടാമനായ ഏ ണോ ഗിറോ പ്രധാനമന്ത്രി ആയി;അയാളെയും ജനം വെറുത്തു.നാഗിയോടും അയാളുടെ ഗ്രൂപ്പിനോടും വിട്ടു വീഴ്ചയില്ലെന്ന് ഗിറോ പ്രഖ്യാപിച്ചു.

നാഗി ( 1896 -1958 ) കർഷക കുടുംബത്തിൽ ജനിച്ച് ജീവിക്കാൻ കൊല്ലൻ ആയ ആളായിരുന്നു.പിതാവ് ലൂഥറനും പട്ടാള ഓഫിസറുടെ ഡ്രൈവറുമായിരുന്നു. അമ്മ അതേ ഓഫിസറുടെ വേലക്കാരി .സ്‌കൂളിൽ മോശം വിദ്യാർത്ഥി. ഒന്നാം ലോകയുദ്ധത്തിൽ അയാളെ കാലിൽ പരുക്കേറ്റ് സോവിയറ്റ് യൂണിയൻ പിടിച്ചപ്പോൾ അയാൾ കമ്മ്യൂണിസ്റ്റ് ആയി റെഡ് ആർമിയിൽ ചേർന്നു.1929 ൽ മോസ്‌കോയ്ക്ക് പോയി കാർഷിക ഇൻസ്റ്റിട്യൂട്ടിൽ ചേർന്ന് 1944 വരെ അവിടെ തുടർന്നു.1933 -41 ൽ സോവിയറ്റ് ചാരനായി പ്രവർത്തിച്ച നാഗി 200 സഹപ്രവർത്തകരെ ഒറ്റിക്കൊടുത്തു .അവരെ പുറത്താക്കി .അതിൽ 15 പേരെ കൊന്നു. ഹംഗറിയിലെ സോവിയറ്റ് അധിനിവേശ കാലത്ത് മടങ്ങി 1944 -48 ലെ യുദ്ധാനന്തര സർക്കാരുകളിൽ കാർഷിക,ആഭ്യന്തര മന്ത്രി ആയി.കാർഷിക പ്രശ്നങ്ങളിൽ ശ്രദ്ധ ഊന്നിയതിനാൽ നാഗിയെ 1949 ലെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ ഉൾപ്പെടുത്തിയില്ല -പരസ്യമായി പശ്ചാത്തപിച്ചപ്പോൾ കൃഷി മന്ത്രിയാക്കി.1951 ൽ ജാനോസ് കാദറുടെ അറസ്റ്റ് തീരുമാനിച്ച കുറിപ്പിൽ ഒപ്പിട്ടു.കാദർ പീഡിപ്പിക്കപ്പെട്ട് ജീവപര്യന്തം തടവിലായി.

1956 മുതൽ 32 വർഷം ജനറൽ സെക്രട്ടറി ആയിരുന്ന കാദർ,1948 -50 ൽ ആഭ്യന്തര മന്ത്രി സ്ഥാനത്തുണ്ടായിരുന്നു.മുൻ ചാര മേധാവി ലാസ്ലോ റൈക്കിനെ രഹസ്യ വിചാരണ ചെയ്‌തത് കാദറും ചേർന്നായിരുന്നു.റാക്കോസി തടവിലിട്ട കാദറെ 1954 ൽ നാഗി പ്രധാനമന്ത്രി ആയിരിക്കെ മോചിപ്പിച്ചു.അയാൾ പാർട്ടിയിൽ വീണ്ടും ഉയർന്നു.
പാവപ്പെട്ട കുടുംബത്തിൽ ജനിച്ച കാദർ,കുഞ്ഞായിരിക്കെ അമ്മയെ വിട്ടു പിരിഞ്ഞ പിതാവിനെ ഒരിക്കലും കണ്ടുമുട്ടിയില്ല.സ്‌കൂൾ പഠനം നിർത്തി പാർട്ടിയിൽ ചേർന്നു.രണ്ടാം ലോകയുദ്ധത്തിന് മുൻപേ പാർട്ടി ഒന്നാം സെക്രട്ടറിയായി .കമ്മ്യൂണിസ്റ്റുകൾ പിടി മുറുകിയതോടെ കാദർ പടികൾ കയറി.
റാക്കോസി 
1950 ഓഗസ്റ്റിൽ,1948 -50 ൽ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി ആയിരുന്ന അര്പഡ് സകാസിറ്റ്സ് ( Arpad Szakasits ) മുതലാളിത്ത രാഷ്ട്ര ചാരനായിരുന്നുവെന്ന് കുറ്റസമ്മതം നടത്തിയതായി റാക്കോസി,കാദറോട് പറഞ്ഞു.സകാസിറ്റ്‌സിനെ തടവിലിട്ടതോടെ സ്റ്റാലിനിസ്റ്റ് ഉന്മൂലനത്തിന് തുടക്കമായി.1953 വരെ ഇത് നീണ്ടു.പത്തു ലക്ഷം പേർ ഇതിൽപെട്ടു.ജനസംഖ്യയുടെ പത്തിലൊന്ന്.കൂട്ടു കൃഷി,വ്യവസായ ശാക്തീകരണം എന്നിവ വഴി ഗിറോ സർക്കാർ നാടിനെ ദുരിതത്തിൽ ആഴ്ത്തിയ സമയം.റാക്കോസി, കാദറെ അവിശ്വസിക്കാൻ തുടങ്ങി;അയാൾക്ക് ആഭ്യന്തര മന്ത്രി സ്ഥാനം രാജി വക്കേണ്ടി വന്നു.പാർട്ടിയിൽ താഴെ കിടന്നാൽ ഉന്മൂലനത്തിൽ നിന്ന് രക്ഷപ്പെടാം എന്ന് കാദർ കരുതി.അത് തെറ്റായിരുന്നു.അയാളും പുതിയ മന്ത്രി സാൻഡോർ സോൾഡും പണി നന്നായി ചെയ്യുന്നില്ലെന്ന് വിമർശിക്കപ്പെട്ടു.കാദർ മാറിയപ്പോൾ ഒരു കൊല്ലം മാത്രം ആഭ്യന്തര മന്ത്രിയായ സോൾഡ് ( 1913 -1951 ) ഗ്യുല തുണച്ചാണ് പാർട്ടിയിൽ എത്തിയത്.1942 മുതൽ ഒരാശുപത്രിയിൽ ഡോക്റ്ററായി.ദേശീയ അസംബ്ലി അംഗമായിരുന്നു.
സാൻഡോർ സോൾഡ് 
ഓരോ ആരോപണവും നിഷേധിച്ച് കാദർ റാക്കോസിക്ക് എഴുതുമ്പോൾ,പുതിയവ പൊങ്ങി വന്നു.ഒടുവിൽ തെറ്റുകൾ സമ്മതിച്ച് ഒരു കത്തെഴുതി കാദർ അവസാനിപ്പിച്ചു.രാഷ്ട്രീയ,പ്രത്യയശാസ്ത്ര വിദ്യാഭ്യാസം തനിക്ക് പോരെന്ന് അദ്ദേഹം സ്വയം വിമർശനം നടത്തി.മുതലാളിത്തം തന്നെ പറ്റിച്ചതിനാൽ താൻ സജീവ രാഷ്ട്രീയം മതിയാക്കുന്നുവെന്ന് വ്യക്തമാക്കി.രാജിക്ക് സമ്മതിക്കാതെ,പാർട്ടി കോൺഗ്രസിൽ ഇയാളുടെ പി ബി,സി സി അംഗത്വം പുതുക്കി.രക്ഷപ്പെട്ടെന്ന് കാദർ കരുതി.1951 മാർച്ചിൽ കാദർ,സോൾഡ്,ഗ്യുല കല്ലായ് എന്നിവരെ തടവിലാക്കുകയാണെന്ന് റാക്കോസി മോസ്‌കോയെ അറിയിച്ചു.ഏപ്രിൽ 18 ന് കുടുംബാംഗങ്ങളെ കൊന്ന് സോൾഡ് ജീവനൊടുക്കി.അമ്മയെയും  ഭാര്യയെയും രണ്ടു കുട്ടികളെയുമാണ് കൊന്നത്.മരിച്ച ദിവസം അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

(ഗ്യുല ( 1910 -1996 ) ശുദ്ധീകരണത്തെ അതിജീവിച്ച് 1965 -67 ൽ പ്രധാനമന്ത്രി ആയി.1957 ൽ നാഗിയെ റൊമാനിയയിൽ പോയി ഇയാൾ ചോദ്യം ചെയ്‌തു നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ്,നാഗിയെ കൊന്നത്.)
കാദറും ഗ്യുലയും കടും കൈ കാട്ടുമെന്നു ഭയന്ന് ഇരുവരെയും ഉടൻ പിടി കൂടി.നടന്നതറിയാതെ,രോഗിണിയായ ഭാര്യ മരിയ യെ ശുശ്രൂഷിച്ചു വീട്ടിൽ കഴിയുകയായിരുന്നു,കാദർ.പീഡനത്തിനിടയിൽ കാദറുടെ ശരീരത്തിൽ രസം തേച്ചു;വായിൽ മൂത്രം ഒഴിച്ചു.
ജാനോസ് കാദർ 
1953 -55 ൽ പ്രധാനമന്ത്രി ആയിരിക്കെ സ്വതന്ത്ര സമീപനം കാരണം സോവിയറ്റ് പി ബി നിർദേശ പ്രകാരം പി ബി യിൽ നിന്നും സി സി യിൽ നിന്നും നാഗി പുറത്താക്കപ്പെട്ടു;അയാൾ അധ്യാപകനായി.1956 ഒക്ടോബർ വിപ്ലവകാലത്ത് സോവിയറ്റ് വിരുദ്ധർ പ്രധാനമന്ത്രി ആകാൻ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു.

നാഗി വന്നപ്പോൾ രാജ്യത്തിന് കിട്ടിയ താൽക്കാലിക സ്വാതന്ത്ര്യം,സോവിയറ്റ് പാർട്ടി ഇരുപതാം കോൺഗ്രസിൽ 1956 ഫെബ്രുവരിയിൽ സ്റ്റാലിനെ തള്ളി ക്രൂഷ്ചേവ് നടത്തിയ പ്രസംഗം,പോളണ്ട് 1956 വസന്തത്തിലും വേനലിലും സോവിയറ്റ് യൂണിയന് ഉയർത്തിയ ഭീഷണി -ഇതെല്ലം ഹംഗറി ജനതയെ ആവേശഭരിതരാക്കി.ഒക്ടോബർ 23 ന് ബുഡാപെസ്റ്റിലെ വിദ്യാർത്ഥികൾ വൻ പ്രകടനം നടത്തി,രാജ്യത്തിൻറെ ദുരിതങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഗിറോയ്ക്ക് നിവേദനം കൊടുത്ത് അത് അവസാനിക്കേണ്ടതായിരുന്നു.അവരുടെ പ്രകടനത്തിൽ ജനവും ചേർന്നു.ഗിറോ പ്രകോപനപരമായ പ്രസംഗം നടത്തി;പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടി വച്ചു.സമാധാനപരമായ പ്രകടനം വിപ്ലവമായി.പട്ടാളം ഇവരോടൊപ്പം ചേർന്നു.ആർമി ഡിപ്പോകൾ പ്രകടനക്കാർക്ക് ആയുധങ്ങൾ നൽകി.ബുഡാപെസ്റ്റിന് പുറത്ത് ജനം ഭരണം ഏറ്റെടുത്തു.കണ്ടുകെട്ടിയ പാടങ്ങളിൽ കർഷകർ ഇറങ്ങി.കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥ വൃന്ദം ഇല്ലാതായി.തടവറകൾ തുറന്നു.സുരക്ഷാ ഭടന്മാർ പാലായനം ചെയ്‌തു.കർദിനാൾ മിൻഡ്‌സെന്റിയെ ജനം അരമനയിലേക്ക് വീണ്ടും ആനയിച്ചു.

കത്തോലിക്കാ കർദിനാൾ ജോസഫ് മിൻഡ്‌സെന്റി ( 1892 -1975 ) 1945 മുതൽ ഹംഗറിയിൽ സഭയെ നയിച്ചു വന്നു.രണ്ടാം ലോകയുദ്ധ കാലത്ത് നാസികൾ തടവിലാക്കി.1949 ൽ കമ്മ്യൂണിസ്റ്റുകൾ അറസ്റ്റ് ചെയ്‌ത്‌ പീഡിപ്പിച്ച് ജീവപര്യന്തം തടവ് നൽകി.1956 ൽ ബുഡാപെസ്റ്റിലെ അമേരിക്കൻ എംബസി അഭയം നൽകി.15 കൊല്ലം അവിടെ ജീവിച്ച കർദിനാളിനെ 1971 ൽ നാട് വിടാൻ അനുവദിച്ചു.വിയന്നയിലായിരുന്നു മരണം.
കർദിനാൾ മിൻഡ്‌സെന്റി 
നാഗി ഒക്ടോബർ 25 ന് അധികാരമേറ്റു.ഇളവുകൾ നിരവധി നൽകേണ്ടി വന്നു.നവംബർ മൂന്നിന് നാഗി പ്രധാനമന്ത്രി ആയി മുന്നണി ഭരണകൂടം ഉണ്ടായി.സോവിയറ്റ് സേന പിൻവാങ്ങി.നവംബർ ഒന്നിന്,സോവിയറ്റ് അനുകൂല കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്ന വാഴ്സ ഉടമ്പടിയിൽ നിന്ന് നാഗി പിന്മാറി.പാശ്ചാത്യ രാഷ്ട്രങ്ങൾ ഇടപെടുമെന്ന് ഭയന്ന് സോവിയറ്റ് യൂണിയൻ ആദ്യം മടിച്ചു.ചൈന,റൊമാനിയ,ചെക്കോസ്ലോവാക്യ,യുഗോസ്ലാവ്യഎന്നിവയുടെ സമ്മർദം വന്നു -ഹംഗറി സോവിയറ്റ് ഘടകം അല്ലാതാകുന്നത് അപകടമാണ്.ഇസ്രയേൽ,ബ്രിട്ടൻ,ഫ്രാൻസ് എന്നിവ സൂയസ് പ്രതിസന്ധിയിലാണ്;അമേരിക്ക ഇപ്പോൾ സംഘർഷത്തിന് വരില്ല -ഈ കണക്കു കൂട്ടലുകൾ വച്ച്,അതിർത്തിക്കപ്പുറം പിൻവാങ്ങിയ സോവിയറ്റ് ടാങ്കുകൾ തിരിച്ചു വന്നു.നവംബർ നാലിന് ബുഡാപെസ്റ്റിലെത്തി വിപ്ലവം ഉന്മൂലനം ചെയ്യാൻ തുടങ്ങി.നാഗി യൂഗോസ്ലാവ് എംബസിയിലും കർദിനാൾ മിൻഡ്‌സെന്റി അമേരിക്കൻ കാര്യാലയത്തിലും അഭയം തേടി.

വാഴ്സ ഉടമ്പടിയിൽ നിന്ന് മാറിയ പ്രഖ്യാപനം വിഡ്ഢിത്തമായിരുന്നു.അന്ന് രാത്രി പാർട്ടി ജനറൽ സെക്രട്ടറി ജാനോസ് കാദർ സോവിയറ്റ് എംബസിയിൽ ചെന്നു;അയാളെ മോസ്‌കോയ്ക്ക് കൊണ്ട് പോയി.നവംബർ ഒന്ന് മുതൽ മൂന്ന് വരെ ക്രൂഷ്ചേവ് വാഴ്സ ഉടമ്പടി രാജ്യങ്ങളിൽ പര്യടനം നടത്തി.ടിറ്റോയുടെ ഉപദേശം സ്വീകരിച്ച് കാദറെ അടുത്ത നേതാവായി ക്രൂഷ്ചേവ് നിശ്ചയിച്ചു.പാർട്ടി സർക്കാരിന് നാഗി സമ്മതിച്ചാൽ അയാളെയും മന്ത്രിയാക്കാം.മൂന്നിന് കാദർ കമ്മ്യൂണിസ്റ്റ് ന്യൂനപക്ഷ മന്ത്രിസഭയുണ്ടാക്കി.ഒരു ദിവസമേ അതിന് ആയുസുണ്ടായുള്ളു.നാലിന് സോവിയറ്റ് യൂണിയൻ Operation Whirlwind നടപ്പാക്കി -ബുഡാപെസ്റ്റ് ആക്രമിച്ചു.രാജ്യം നിലനിൽക്കും എന്ന ഒരു സെക്കൻഡ് രാജ്യ അഭിസംബോധന നാഗിയിൽ നിന്നുണ്ടായി.സോവിയറ്റ് സേനയെ തടയേണ്ട എന്ന് പട്ടാളത്തോട് പറഞ്ഞ് അയാൾ യൂഗോസ്ലാവ് എംബസിയിൽ എത്തി.സുരക്ഷിതമായി രക്ഷപെടാൻ അനുവദിക്കാം എന്ന കാദറിന്റെ രേഖാമൂലമുള്ള ഉറപ്പ് വിശ്വസിച്ച് എംബസി വിട്ട നാഗിയെ നവംബർ 22 ന് അറസ്റ്റ് ചെയ്‌തു.റൊമാനിയയിലെ സ്നാഗോവിലേക്ക് കൊണ്ട് പോയി.

റൊമാനിയയിലെ പാർട്ടി ജനറൽ സെക്രട്ടറി ഗോർഗ്യു ദേജ് സ്റ്റാലിന്റെ പാവ ആയിരുന്നു.ഗതാഗത/വിനിമയ മന്ത്രിയും സോവിയറ്റ് ചാരനുമായ എമിൽ ബോദ്റാനസ് ആണ് നാഗിയെയും സംഘത്തെയും എത്തിക്കാൻ ഏർപ്പാട് ചെയ്‌തത്‌.നവംബർ 21 ന് അയാളും ഗോർഗ്യുവും,ജാനോസ് കാദറിനെ കണ്ടിരുന്നു.അടുത്ത നാൾ കെ ജി ബി നാഗിയെയും സംഘത്തെയും ബുക്കാറസ്റ്റിൽ എത്തിച്ചു.റൊമാനിയൻ വിദേശകാര്യമന്ത്രി ഗ്രിഗോർ പ്രിയോടീസ,നാഗിക്ക് റൊമാനിയ രാഷ്ട്രീയാഭയം നൽകുകയാണെന്ന് അവകാശപ്പെട്ടു.സോവിയറ്റ് വിരുദ്ധനായ ഒരാൾക്ക് റൊമാനിയ അത് നൽകുകയേ ഇല്ല.ബുക്കാറസ്റ്റിനു വടക്ക് ഒരു വസതിയിൽ നാഗിയെ പാർപ്പിച്ചു.പ്രതിവിപ്ലവ പരിപാടികൾക്കുള്ള കെ ജി ബി മുഖ്യ ഉപദേഷ്ടാവ് ബോറിസ് ഷുമിലിൻ ചോദ്യം ചെയ്യൽ ഏകോപിപ്പിച്ചു.വാൾട്ടർ റോമൻ എന്ന റൊമാനിയൻ പാർട്ടി അംഗം നാഗിയുടെ സഹപ്രവർത്തകരെ ചോദ്യം ചെയ്‌തു.സ്‌പാനിഷ്‌ യുദ്ധത്തിൽ പങ്കെടുത്ത ഇയാൾ സോവിയറ്റ് ചാരനായിരുന്നു.നാഗിയുടെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജ്യോർഗ് ലൂക്കാച്ചിനെയും ചോദ്യം ചെയ്‌തു.റൊമാനിയ ചെയ്‌ത സഹായം മുൻ നിർത്തി രണ്ടു വർഷത്തിന് ശേഷം ക്രൂഷ്ചേവ് അവിടെ നിന്ന് സോവിയറ്റ് സേനയെ പിൻവലിച്ചു.

അത് കഴിഞ്ഞ് സോവിയറ്റ് യൂണിയൻ നാഗിയെ ഹംഗറിക്ക് മടക്കി.രാജ്യത്തിന് എതിരെ ഗൂഢാലോചന നടത്തിയ കുറ്റത്തിന് രഹസ്യ വിചാരണ ചെയ്‌തു.1958 ജൂൺ 16 ന് തൂക്കി കൊന്നു.ജയിൽ വളപ്പിൽ തന്നെ അയാളെ അടക്കി.1989 ജൂൺ 16 ന് ദേശീയ ബഹുമതിയോടെ പുനഃസംസ്‌കാരം നടന്നു.ആയിരക്കണക്കിനാളുകൾ പങ്കു കൊണ്ടു.
സോവിയറ്റ് സൈന്യം സന്ധി ചർച്ചയ്ക്കായി വിളിച്ച നാഗി സർക്കാരിൻറെ പ്രതിരോധ മന്ത്രി ജനറൽ പാൽ മലേറ്ററെ അവർ തടവുകാരനാക്കി കൊന്നു.
പാൽ മലേറ്റർ 
കേരളത്തിൽ അറിയപ്പെടുന്ന മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ ജ്യോർഗ് ലൂക്കാച്ച് ( Gyorgy Lukacs 1885 -1971 ) ഹംഗറിയിലെ സ്റ്റാലിനിസ്റ്റ് ആയിരുന്നു;1919 മാർച്ച് മുതൽ ഓഗസ്റ്റ് വരെ നിലനിന്ന ഹംഗേറിയൻ സോവിയറ്റ് റിപ്പബ്ലിക് സർക്കാരിലും 1956 ലെ നാഗി സർക്കാരിലും  വിദ്യാഭ്യാസ ,സാംസ്‌കാരിക മന്ത്രി ആയിരുന്നു.രാജ്യത്തിൻറെ 23 % മാത്രമേ ഈ കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കിൽ ഉണ്ടായിരുന്നുള്ളു.അക്കാലത്ത് ലെനിൻ നേതൃത്വം  നൽകിയ ചുവപ്പ് ഭീകരതയുടെ വക്താവായിരുന്നു,അദ്ദേഹം.1919 ഏപ്രിൽ 15 ന് നെപ്‌സാവ പത്രത്തിൽ അദ്ദേഹം എഴുതി:

The possession of the power of the state is also a moment for the destruction of the oppressing classes. A moment, we have to use.
അധികാരം പീഡക വർഗത്തെ നശിപ്പിക്കാനുള്ളതാണ്;അത് നാം പ്രയോഗിക്കണം.

ഹംഗേറിയൻ റെഡ് ആർമി അഞ്ചാം ഡിവിഷൻ കമ്മിസാർ ആയ അയാൾ,1919 മെയിൽ പൊറോസ്ലോയിൽ സ്വന്തം ഡിവിഷനിലെ എട്ട് സൈനികരെ കൊല്ലാൻ ഉത്തരവിട്ടു.വിയന്നയിലേക്ക് പലായനം ചെയ്‌ത അയാൾ അറസ്റ്റിലായെങ്കിലും തോമസ് മൻ അടക്കമുള്ള എഴുത്തുകാരുടെ അഭ്യർത്ഥന മാനിച്ച് മോചിപ്പിച്ചു.തോമസ് മൻ എഴുതിയ The Magic Mountain കേരളത്തിൽ വിഖ്യാതമാണ്;അതിലെ നാഫ്‌ത എന്ന കഥാപാത്രം ലൂക്കാച്ച് ആണ്.വിയന്നയിൽ അന്റോണിയോ ഗ്രാംഷിയെ പരിചയപ്പെട്ട ലൂക്കാച്ച്,തത്വ ശാസ്ത്രത്തിൽ ലെനിനിസം കലർത്തി.അതാണ് History and Class Consciousness എന്ന പുസ്തകം.1924 ലെ അഞ്ചാം കോമിന്റേൺ  കോൺഗ്രസിൽ ഗ്രിഗറി സിനോവീവ് ഈ പുസ്തകത്തെ ആക്രമിച്ചു.തൊഴിലാളി വർഗ സർവാധിപത്യം എന്ന ലെനിൻ ലൈനിന് എതിരെ ജനാധിപത്യ തൊഴിലാളി,കർഷക സർവാധിപത്യം എന്ന സിദ്ധാന്തം ലൂക്കാച്ച് കൊണ്ട് വന്നപ്പോൾ കോമിന്റേൺ തെറിയുടെ പൊങ്കാലയിട്ടു -സജീവ രാഷ്ട്രീയം ലൂക്കാച്ച് നിർത്തി.ബുദ്ധിജീവി ആയതിനാൽ വിരണ്ടു കാണും.
ലൂക്കാച്ച് 
1930 മാർച്ചിൽ ബുഡാപെസ്റ്റിലായിരിക്കെ ലൂക്കാച്ചിനെ മോസ്കോയിലേക്ക് വിളിച്ച് മാർക്സ് ഏംഗൽസ് ഇൻസ്റ്റിട്ട്യൂട്ടിന്റെ നിലവറയിൽ ഡേവിഡ് റിയാസനോവിനൊപ്പം ജോലി ചെയ്യാൻ ഉത്തരവായി.രണ്ടാം ലോകയുദ്ധം കഴിയും വരെ അവിടെ ബന്ദിയായി.സ്റ്റാലിന്റെ മഹാ ശുദ്ധീകരണ കാലത്ത്,താഷ്‌ക്കെന്റിൽ ആഭ്യന്തര പ്രവാസത്തിന് വിധിച്ചു.സോവിയറ്റ് യൂണിയനിലെ 80% ഹംഗറിക്കാരെയും ഉന്മൂലനം ചെയ്‌തിട്ടും ലൂക്കാച്ച് ജീവിച്ചു.1945 ൽ ഹംഗറിക്ക് മടങ്ങിയ ശേഷം,ബേല ഹംവാസ്,ഇസ്തവൻ ബിബോ ലാജോസ് പ്രോഹസ്‌ക,കരോലി കേനറി തുടങ്ങിയ കമ്മ്യൂണിസ്റ്റ് ഇതര ബുദ്ധിജീവികളെ ഹംഗേറിയൻ അക്കാദമിക ജീവിതത്തിൽ നിന്ന് നീക്കുന്നതിൽ ലൂക്കാച്ച് പങ്കു വഹിച്ചു.ബിബോയെയും മറ്റും തടവിലാക്കി കൈത്തൊഴിലുകൾ ചെയ്യിച്ചു.1955 -56 ൽ ഹംഗേറിയൻ റൈറ്റേഴ്‌സ് യൂണിയൻ ശുദ്ധീകരിക്കാൻ പാർട്ടി അയാളെ ഉപയോഗിച്ചു.

സോവിയറ്റ് വിരുദ്ധമായ 1956 ലെ നാഗി സർക്കാരിൽ ലൂക്കാച്ച് മന്ത്രി ആയത് അത് നില നിൽക്കും എന്ന വിശ്വാസം കൊണ്ടാകണം.Budapest Diary യിൽ ലൂക്കാച്ച് പറയുന്നത് സോവിയറ്റ് അനുകൂല പുത്തൻ പാർട്ടിക്കായി താൻ നിലകൊണ്ടു എന്നാണ്.ബലപ്രയോഗം ഒഴിവാക്കി,പ്രേരണ പ്രയോഗിക്കണം.
നവ വിപ്ലവം അലസിയപ്പോൾ നാഗിക്കൊപ്പം ലൂക്കാച്ചിനെയും മറ്റ് മന്ത്രിമാരെയും പിടി കൂടി റൊമാനിയയ്ക്ക് അയച്ചു.അയാൾ തൂക്കുമരത്തിൽ നിന്ന് രക്ഷപ്പെട്ടു.പാർട്ടി പിന്നീട് അയാളെ വിശ്വസിച്ചില്ല.അറുപതുകളിലും എഴുപതുകളിലും അയാളുടെ അനുയായികളെ രാഷ്ട്രീയ കുറ്റ കൃത്യങ്ങളിൽ പെടുത്തി.ചിലർ അമേരിക്കയ്ക്ക് പോയി.1957 ൽ ബുഡാപെസ്റ്റിൽ മടങ്ങിയെത്തി,പൊതു വേദികൾ വിട്ട് ലൂക്കാച്ച് സ്വയം വിമർശനത്തിൽ ഏർപ്പെട്ടു.




FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...