Saturday, 31 August 2019

എലിയറ്റ് 'അനിമൽ ഫാം' നിരസിച്ചപ്പോൾ

ജെയിംസ് ജോയ്‌സും നിരാസത്തിൽ 

ഠിക്കുന്ന കാലത്ത്,എനിക്ക് പ്രിയപ്പെട്ട പ്രസാധന സ്ഥാപനം ഫേബർ ആൻഡ് ഫേബർ ആയിരുന്നു.നല്ല വെളുത്ത കടലാസിൽ ഒന്നാന്തരം അച്ചടി, രൂപ കൽപ്പന.വില കൂടുതൽ ആയിരുന്നു.അവിടന്നുള്ള പുസ്തകങ്ങൾ  മികച്ചതും ആയിരുന്നു.അന്നത്തെ എൻറെ പ്രിയ കവിയും വിമർശകനുമായ ടി എസ് എലിയറ്റ്,ആ സ്ഥാപനത്തിൻറെ ഡയറക്‌ടറും എഡിറ്ററും ആയിരുന്നതിനാൽ ആയിരിക്കും മേന്മ എന്ന് വിചാരിച്ചു.സാമുവൽ ബെക്കറ്റിന്റെയും ഹാരോൾഡ്‌ പിന്ററുടെയും  നാടകങ്ങൾ എല്ലാം അവിടന്നാണ് വന്നിരുന്നത്.

കേരളത്തിൽ ഒരു എഴുത്തുകാരൻ ഒരു പ്രസാധന സ്ഥാപനത്തിൽ എഡിറ്റർ ആയാൽ,മികച്ച പുസ്തകങ്ങൾ വരാനുള്ള സാധ്യത വിരളമാണെന്ന് നിങ്ങൾക്കും അറിയാം.കേരളത്തിലെ മികച്ച ആഴ്ചപ്പതിപ്പിലെ ഒരു എഡിറ്റർ ഖസാക്കിൻറെ ഇതിഹാസം വെട്ടാൻ ശ്രമിച്ച കഥ ഒ വി വിജയൻ ഇതിഹാസത്തിൻറെ ഇതിഹാസ ത്തിൽ പറഞ്ഞിട്ടുണ്ട്.അതേ ആഴ്ചപ്പതിപ്പ് എസ് ഗുപ്തൻ നായരുടെ ആത്മകഥ മനസാ സ്മരാമി യും അയ്യപ്പപ്പണിക്കരുടെ കുരുക്ഷേത്ര വും തിരിച്ചയച്ചു.
എലിയറ്റ്,ഓർവെല്ലിന് എഴുതിയ കത്ത് 
എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം,നിരാസം അഭിമുഖീകരിക്കേണ്ടി വരും.1944 ജൂലൈ 13 ന് എലിയറ്റ് ജോർജ് ഓർവെലിൻറെ അനിമൽ ഫാം തിരിച്ചയച്ചു കൊണ്ട് അദ്ദേഹത്തിന് അയച്ച കത്ത് 2016 ൽ ബ്രിട്ടീഷ് ലൈബ്രറി പുറത്തു വിട്ടപ്പോൾ,തല കുനിഞ്ഞത്,ഇന്നും തലയെടുപ്പുള്ള ഫേബറിനാണ്.2020 ൽ അനിമൽ ഫാം കോപ്പി റൈറ്റ് ഇല്ലാതായി ആർക്കും അടിക്കാം.അപ്പോൾ എലിയറ്റിന്റെ തെറ്റ് തിരുത്തണമെന്ന് ഫേബർ കമ്പനി സ്ഥാപകൻ ജെഫ്രി ഫേബറിൻറെ കൊച്ചു മകനും മുൻ എം ഡി യുമായ ടോബി ഫേബർ ഇപ്പോൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

എലിയറ്റ്,ഓർവെല്ലിന് നോവൽ നിരാകരിച്ചു കൊണ്ട് കത്തെഴുതിയത് ചെറിയ കാര്യമല്ല.നോവലിൻറെ മേന്മ അംഗീകരിക്കുന്നുമുണ്ട്.രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടനും സ്റ്റാലിനും കൈകോർത്തിരിക്കെ,സ്റ്റാലിനെ വിമർശിക്കുന്ന പുസ്‌തകം പറ്റില്ല എന്നാണ് എലിയറ്റ് കണ്ടത്.അദ്ദേഹം എഴുതി:
We have no conviction that this is the right point of view from which to criticise the political situation at the present time.
"ഈ നേരത്തെ രാഷ്ട്രീയ സാഹചര്യത്തെ വിമർശിക്കാൻ പറ്റിയ ശരിയായ കാഴ്ചപ്പാട് ഇതല്ല"

നോവലിൻറെ മേന്മ കത്തിൽ എലിയറ്റ് രേഖപ്പെടുത്തി:
We agree that it is a distinguished piece of writing; that the fable is very skilfully handled, and that the narrative keeps one’s interest on its own plane – and that is something very few authors have achieved since Gulliver.
"ഇതൊരു മികച്ച രചനയാണ്.ദൃഷ്ടാന്ത കഥ സമർത്ഥമായി കൈകാര്യം ചെയ്‌തിട്ടുണ്ട്‌.ആഖ്യാനം താൽപര്യം നില നിർത്തുന്നതാണ്.ഗള്ളിവർക്കു ശേഷം ( Gulliver's Travels ) ചിലർക്ക് മാത്രമേ ഇത് കഴിഞ്ഞിട്ടുളളു."
എലിയറ്റ് 
സ്റ്റാലിനെ വഞ്ചകനായി ചിത്രീകരിക്കുന്ന അനിമൽ ഫാം നാല് പ്രസാധകർ നിരസിച്ചിരുന്നു.ആ സമയത്ത് വിവാദം സൃഷ്ടിക്കും എന്ന് തന്നെ ആയിരുന്നു വിലയിരുത്തൽ.
സക്കർ ആൻഡ് വാർബെർഗ് 1945 ഓഗസ്റ്റിൽ അത് പ്രസിദ്ധീകരിച്ചു -ഉടൻ ഹിറ്റായി.അവർ തന്നെ ഓർവെല്ലിന്റെ അടുത്ത നോവൽ 1984 പ്രസിദ്ധീകരിച്ചു.

എലിയറ്റ് വായിച്ചിട്ടു തന്നെയാണ് നിരസിച്ചത് എന്ന് കത്തിൽ നിന്ന് വ്യക്തമാണ്:
I think my own dissatisfaction with this apologue is that the effect is simply one of negation. It ought to excite some sympathy with what the author wants, as well as sympathy with his objections to something: and the positive point of view, which I take to be generally Trotskyite, is not convincing.And after all, your pigs are far more intelligent than the other animals, and therefore the best qualified to run the farm – in fact, there couldn’t have been an Animal Farm at all without them: so that what was needed (someone might argue), was not more communism but more public-spirited pigs.
"എഴുത്തുകാരൻറെ ലക്ഷ്യത്തോട് വായനക്കാരന് സഹാനുഭൂതി തോന്നണം.ഇതിൻറെ ഫലം നിഷേധം മാത്രമാണ്.നിഷേധത്തോടും അനുതാപം തോന്നണം.അനുകൂല വീക്ഷണം,പൊതുവെ ട്രോട് സ്‌കിയിസ്റ്റ് എന്ന് പറയാവുന്നത്,വിശ്വസനീയമായിട്ടില്ല.താങ്കളുടെ പന്നികൾ മറ്റുള്ളവയെക്കാൾ ബുദ്ധി കൂടിയവയാണ്.അതിനാൽ ഫാം നടത്താൻ യോഗ്യത അവയ്ക്കു തന്നെ.അവയില്ലാതെ ഒരു ഫാം സാധ്യമല്ല.അതിനാൽ കൂടുതൽ കമ്മ്യൂണിസം അല്ല,ജനാവേശമുള്ള പന്നികളാണ് വേണ്ടിയിരുന്നത്."
അനിമൽ ഫാം ആദ്യ പതിപ്പ് 
നോവലിന് അന്ന് എഴുതിയ ആമുഖത്തിൽ,അത് പ്രസിദ്ധീകരിക്കാൻ പ്രയാസമുണ്ടാകുമെന്ന് അറിയാമായിരുന്നു എന്ന് ഓർവെൽ എഴുതി.എന്നാൽ ആമുഖം 1972 ൽ മാത്രമേ പ്രസിദ്ധീകരിച്ചുള്ളു.ഓർവെൽ എഴുതി:

"എഡിറ്റർമാരും പ്രസാധകരും ചില വിഷയങ്ങൾ മാറ്റി വയ്ക്കുന്നത് അറസ്റ്റും ശിക്ഷയും ഭയന്നല്ല;പൊതു ജനാഭിപ്രായം ഭയന്നാണ്.ഈ രാജ്യത്ത് എഴുത്തുകാരനും പത്ര പ്രവർത്തകനും അഭിമുഖീകരിക്കുന്ന വലിയ ശത്രു ബൗദ്ധിക ഭീരുത്വമാണ്.അത് അർഹിക്കുന്ന വിധം ചർച്ച ചെയ്യപ്പെടുന്നില്ല".

അദ്ദേഹം തുടർന്നു:

"ഈ നേരത്ത് നിലനിൽക്കുന്ന യാഥാസ്ഥികത്വത്തിന് വേണ്ടത്,റഷ്യയോടുള്ള വിമർശനരഹിതമായ ആരാധനയാണ്.എല്ലാവരും ഇതറിഞ്ഞു പെരുമാറുന്നു.സോവിയറ്റ് ഭരണകൂടത്തെ പറ്റിയുള്ള ഗൗരവമായ വിമർശനം,ആ സർക്കാർ ഒളിച്ചു വയ്ക്കാൻ ആഗ്രഹിക്കുന്ന വസ്തുതകൾ ഒന്നും അച്ചടിക്കാൻ കഴിയില്ല".
ഓർവെൽ പറയാനുള്ളത് ഇതിൽ പറഞ്ഞിട്ടുണ്ട് -എലിയറ്റിന് ബൗദ്ധിക ഭീരുത്വമുണ്ട്;യാഥാസ്ഥിതികനാണ് !
ഇതിൽ സത്യം ഇല്ലാതില്ല -എലിയറ്റ് മതത്തിന് ഒപ്പമായിരുന്നു.Waste Land ൽ ഏപ്രിൽ ആണ് ഏറ്റവും ക്രൂരമായ മാസം ( April is the cruellest month ) എന്ന് എലിയറ്റ് പറഞ്ഞത്,അത് യേശുവിനെ കുരിശിൽ തറച്ച മാസം ആയതിനാലാണ്.

അമേരിക്കൻ പ്രസാധകൻ Knopf ലെ ഒരു എഡിറ്റർ അനിമൽ ഫാം നിരസിച്ചു കൊണ്ട് ഓർവെലിന് എഴുതിയത്,“a stupid and pointless fable in which animals take over a farm and run it" എന്നായിരുന്നു.ഒരു ഫാം ഏറ്റെടുത്ത് മൃഗങ്ങൾ നടത്തുന്ന അർത്ഥമില്ലാത്ത,മണ്ടൻ ദൃഷ്ടാന്ത കഥ .ഈ എഡിറ്റർക്ക് ഒന്നും മനസിലായില്ല.ഈ പ്രസാധകൻ ലോക ക്ലാസ്സിക് The Diary of Anne Frank നിരസിച്ചു കൊണ്ട് പറഞ്ഞത്,“a dreary record of typical family bickering, petty annoyances and adolescent emotions” എന്നാണ്.അല്പത്തം നിറഞ്ഞ കുടുംബ കലഹങ്ങളുടെയും കൗമാര വികാരങ്ങളുടെയും മുഷിപ്പൻ വിവരണം !
ഓർവെൽ 
ബ്രിട്ടീഷ് ലൈബ്രറി പുറത്തു വിട്ട നിരാസ കത്തുകളിൽ നിറയുന്ന മറ്റൊരാൾ ജെയിംസ് ജോയ്‌സ് ആണ്.അദ്ദേഹത്തിൻറെ A Portrait of the Artist as a Young Man,അഭ്യുദയ കാംക്ഷി ഹാരിയറ്റ് ഷോ വീവർ പല പ്രസാധകർക്കും അയച്ചു.അവർ അത് The Egoist ൽ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു." ഞങ്ങൾക്ക് സംശയമുള്ള സ്വഭാവത്തിന് ഉടമയായ ഒരാൾ ക്‌ളാസിക് എഴുതിയാലും അച്ചടിക്കില്ല" എന്ന് ഒരാൾ പറഞ്ഞു.ചില ഖണ്ഡികകൾ നീക്കിയാൽ നോക്കാം എന്ന് മറ്റൊരാൾ.ബ്രിട്ടനിൽ പ്രസാധകനെക്കാൾ അച്ചടിക്കുന്നവനായിരുന്നു,കേസ് വന്നാൽ ഉത്തരവാദിത്തം.അമേരിക്കൻ പ്രസാധകൻ ബി ഡബ്ലിയു ഹുബ്ഷ് അത് പ്രസിദ്ധീകരിച്ചു.

വിർജീനിയ വോൾഫ്,ജോയ്‌സിന്റെ ക്ലാസിക് യൂലിസ്സസ് 1918 ൽ  നിരസിച്ച കത്തും കൂട്ടത്തിലുണ്ട്.അതിനു നീളം കൂടുതലാണെന്നും 300 പേജുള്ള പുസ്തകം ഇറക്കാൻ രണ്ടു വർഷമെടുക്കുമെന്നും അവർ പറയുന്നു.1917 ൽ വിർജിനിയയും ഭർത്താവ് ലിയോനാർഡ് വോൾഫും തുടങ്ങിയ പ്രസാധക കമ്പനിയാണ്,ഹോഗാർത് പ്രസ്.

ഹാരി പോട്ടർ 12 നിരാസങ്ങൾക്കു ശേഷമാണ് പ്രസിദ്ധീകരിച്ചത്.ബ്ലൂംസ്ബറി കമ്പനിയിലെ ഒരു എഡിറ്ററുടെ എട്ടു വയസുള്ള മകൾ  ചവറു കൂനയിൽ നിന്നെടുത്തു വായിച്ചതാണ്,വഴിത്തിരിവായത്.

മറ്റൊരു ഫേബറും ഇല്ലാതെയാണ് കമ്പനിക്ക് ജെഫ്രി ഫേബർ,ഫേബർ ആൻഡ് ഫേബർ എന്ന് പേരിട്ടത്.ബ്രിട്ടീഷ് സാഹിത്യ പത്ര പ്രവർത്തകൻ ചാൾസ് വിബ്‌ളി,എലിയറ്റിനെ ശുപാർശ ചെയ്‌തു.ലോയ്‌ഡ്‌സ് ബാങ്കിലെ ജോലി വിട്ട് ഫേബറിൽ എലിയറ്റ് ഉപദേഷ്ടാവായി ചേർന്ന് ആദ്യം പ്രസിദ്ധീകരിച്ചത്,അദ്ദേഹത്തിൻറെ കവിതകൾ തന്നെ ആയിരുന്നു.1928 ൽ സിഗ്ഫ്രീഡ് സസൂൻ എഴുതിയ നോവൽ,Memoirs of a Fox Hunting Man ആയിരുന്നു,ആദ്യ വിജയം.ആദ്യ പതിപ്പിൽ നോവലിസ്‌റ്റിൻറെ പേരുണ്ടായിരുന്നില്ല.ആറു മാസത്തിൽ എട്ടു പതിപ്പിറക്കി.
ഓർവെല്ലിന്റെ A Scullions Tale ( Down and Out in Paris and London) എന്ന പുസ്തകവും എലിയറ്റ് നിരസിച്ചു.

പ്രസാധകർ നിരസിച്ച 10 പ്രമുഖ പുസ്തകങ്ങൾ:

  • മോബി ഡിക് /ഹെർമൻ മേൽവിൽ:കാരണം -ദീർഘവും പഴയ ശൈലിയിൽ ഉള്ളതും.ഒരു പ്രസാധകൻ ഒടുവിൽ സ്വീകരിച്ചപ്പോൾ കുറച്ചു കോപ്പികൾ മാത്രം അച്ചടിച്ചു.മേൽവിൽ ജീവിച്ചിരുന്നപ്പോൾ അവ വിറ്റു തീർന്നതുമില്ല.ബെന്റ്ലി ആൻഡ് സൺ കമ്പനിയിലെ പീറ്റർ ബെന്റ്ലി നോവൽ നിരസിച്ചു കൊണ്ട് ചോദിച്ചു:"ഒരു സ്രാവ് തന്നെ ആകണോ? രസമാണെങ്കിലും,യുവാക്കൾക്ക് ഇഷ്ടപ്പെടും വിധം പരിചയമുള്ള ഒരു മുഖം ഞങ്ങൾ നിർദേശിക്കുന്നു.ക്യാപ്റ്റന് മദാലസകളുമായുള്ള നൈരാശ്യം ആയിക്കൂടെ?".ആ കമ്പനിയിലെ തന്നെ റിച്ചാർഡ് ബെന്റ്ലി അച്ചടിച്ചു.കമ്പോസിംഗ്,പ്ളേറ്റ് ഉണ്ടാക്കൽ എന്നിവയ്ക്ക് മേൽവിൽ തന്നെ പണം മുടക്കേണ്ടി വന്നു.
  • ലോലിത/വ്ളാദിമിർ നബോക്കോവ്:പ്രസാധകനെ കിട്ടാതെ അമേരിക്കയ്ക്ക് പുറത്ത് നോക്കി.അമേരിക്കയിൽ പ്രസിദ്ധീകരിച്ചപ്പോൾ ചൂടപ്പം പോലെ വിറ്റു.സ്റ്റാൻലി കുബ്രിക് ഉൾപ്പെടെ പലരും സിനിമയാക്കി.മോഡേൺ ലൈബ്രറി 100 നല്ല നോവൽ പട്ടികയിൽ നാലാം റാങ്ക് നൽകി.നിരസിച്ച പ്രസാധകൻ എഴുതി:“…overwhelmingly nauseating, even to an enlightened Freudian … the whole thing is an unsure cross between hideous reality and improbable fantasy. It often becomes a wild neurotic daydream … I recommend that it be buried under a stone for a thousand years.” ഫ്രോയ്‌ഡിനെ അറിയുന്നയാൾക്ക് പോലും ഓക്കാനം വരും.ഒരു പാറയ്ക്കടിയിൽ ആയിരം വർഷം ഒളിപ്പിച്ചു വയ്ക്കണം!
  • ദി വണ്ടർഫുൾ വിസാർഡ് ഓഫ് ഓസ്/ ഫ്രാങ്ക് ബോം:കുട്ടികളുടെ ഈ ക്‌ളാസിക് ഒരുപാട് പേർ നിരസിച്ചപ്പോൾ അവ രേഖപ്പെടുത്താൻ എഴുത്തുകാരൻ 'എ റെക്കോഡ് ഓഫ് ഫെയ്‌ലിയർ' എന്ന ഡയറി സൂക്ഷിച്ചു.
  • ലൈഫ് ഓഫ് പി/യാൻ മാർട്ടെൽ:ലണ്ടൻ പ്രസാധകർ നിരസിച്ച പുസ്തകം കാനഡയിൽ പ്രസിദ്ധീകരിച്ചു.ബുക്കർ പ്രൈസ് കിട്ടി.സിനിമയായി സമ്മാനം നേടി.പത്തു ലക്ഷം കോപ്പിയിൽ അധികം വിറ്റു.
  • ഗോൺ വിത്ത് ദി വിൻഡ്/മാർഗരറ്റ് മിച്ചൽ:40 പ്രസാധകർ നിരസിച്ച നോവൽ.പുലിറ്റ്സർ സമ്മാനം കിട്ടി.ബൈബിൾ കഴിഞ്ഞാൽ അമേരിക്കയിൽ അടുത്ത പുസ്തകം എന്ന് വോട്ടെടുപ്പിൽ കണ്ടു.
  • ക്യാച് 22/ജോസഫ് ഹെല്ലർ:22 പ്രസാധകർ നിരസിച്ചു."എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് മനസിലാകുന്നില്ല," ഒരാൾ എഴുതി,"തമാശ പറയാൻ ശ്രമിക്കുകയാകാം.ബൗദ്ധിക തലത്തിൽ ഒരു തമാശയും ഇല്ല".
  • ലോഡ് ഓഫ് ദി ഫ്‌ളൈസ്/ വില്യം ഗോൾഡിങ്:21 നിരാകരണം.ഇന്ന് ലോകത്തിലെ പ്രധാന നോവലുകളിൽ ഒന്ന്.ഗോൾഡിങിന് നൊബേൽ സമ്മാനവും കിട്ടി.
  • ഡബ്‌ളിനേഴ്‌സ്/ജെയിംസ് ജോയ്‌സ്:18 പേർ നിരാകരിച്ചു.500 കോപ്പി വിറ്റില്ലെങ്കിൽ റോയൽറ്റി ഒരു പൈസ പോലും കൊടുക്കില്ലെന്ന് കരാറിൽ വ്യവസ്ഥ.499 എണ്ണം വിറ്റതിൽ 120 ജോയ്‌സ് തന്നെ വാങ്ങി.ഇന്ന് ആധുനിക നോവലുകളിൽ മികച്ചതായി പഠിപ്പിക്കുന്നു.
  • ദി സൺ ആൾസോ റൈസസ്/ ഏണസ്റ്റ് ഹെമിംഗ്‌വേ:പീക്കോക് ആൻഡ് പീകോക്ക് കമ്പനിയിലെ മൊബെർലി ലുഗർ 1925 ൽ 26 വയസുള്ള ഹെമിങ്‌വേയ്ക്ക് എഴുതി:"തുറന്നു പറയട്ടെ,ഗദ്യം കൊള്ളാം.എന്നാൽ നിങ്ങളുടെ ശ്രമം പരിക്ഷീണവും വെറുപ്പിക്കുന്നതുമാണ്.നിങ്ങൾ ഒരു ക്ലബിൽ ഇരുന്ന് ഒരു കൈയിൽ പേനയും മറു കൈയിൽ ബ്രാൻഡിയും വച്ച് എഴുതിയ പോലെ തോന്നുന്നു."സ്ക്രിബ്നേഴ്‌സ് അടുത്ത കൊല്ലം പുസ്തകം പ്രസിദ്ധീകരിച്ചു.
  • ദി ഗ്രേറ്റ് ഗാറ്റ്‌സ്ബി/ എഫ് സ്കോട്ട്ഫിറ്റ്‌സ്ജെറാൾഡ്:ഒരു പ്രസാധകൻ എഴുതി:"ആ ഗാറ്റ്‌സ്ബിയെ ഒഴിവാക്കിയാൽ നല്ല പുസ്തകമാകും."


See https://hamletram.blogspot.com/2019/06/blog-post_84.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...