Thursday 4 July 2019

സി ജെ യുടെ ഞാനും ബെർക്കിലിയുടെ ഞാനും

മ്മുടെ സർഗാത്മക എഴുത്തുകാരിൽ തത്വ ചിന്തയുടെ അടിത്തറയുള്ളവർ വിരലിൽ എണ്ണാവുന്നവരേയുള്ളു.സി ജെ തോമസും വിലാസിനിയും പോലെ.അല്ലാത്തവരിൽ,കെ രാഘവൻ പിള്ളയെപ്പോലെ,അസ്തിത്വ വാദം ലളിതമായി വിശകലനം ചെയ്യാൻ കഴിയുന്ന ഒരാൾ ഉണ്ടായിരുന്നു.പിള്ള സാർത്രിന്റെ അസ്തിത്വ ദർശനം,അസ്തിത്വ വാദികളും ഭഗവദ് ഗീതയും എന്നീ പുസ്തകങ്ങൾ എഴുതിയപ്പോൾ,ഒന്നിന് അവതാരിക വിലാസിനിയെ കൊണ്ട് തന്നെ എഴുതിച്ചു.കെ ബാലഗോപാൽ Existentialism എന്ന വാക്കിന് വേറാക്കൂറ് എന്ന പരിഭാഷ കണ്ടെത്തി,ആ പേരിൽ പുസ്തകം എഴുതി.എല്ലാം വായിച്ചിരുന്നു എന്ന് പറയപ്പെടുന്ന എം ഗോവിന്ദനിൽ നിന്ന് ഒന്നും ഉണ്ടായില്ല.ഗോവിന്ദ ശിഷ്യൻ ആനന്ദ് ആകട്ടെ,കാഫ്ക്കയിൽ നിന്നും ബർട്രൻഡ് റസ്സലിൽ നിന്നും കടം കൊണ്ട് യൂറോ സെൻട്രിസ്റ്റ് ആയി അവസാനിച്ചു.ഫ്രോയിഡ് ഇല്ലായിരുന്നെങ്കിൽ,എം എൻ വിജയൻ ചിന്തകനും എം ലീലാവതി നിരൂപകയും ആകുമായിരുന്നില്ല.എം എൻ റോയ് എന്ന കപട വേഷമാണ്,ഗോവിന്ദനെയും ശിഷ്യന്മാരെയും കുറെക്കാലം വഴി തെറ്റിച്ചത്.

തത്വ ചിന്തയുടെ അടിത്തറയുണ്ടെങ്കിൽ എഴുത്തിന് ആഴം കിട്ടും.അളവും തിരിച്ചറിവും ഉണ്ടാകും.ജി ശങ്കരപ്പിള്ള,കാവാലം നാരായണപ്പണിക്കർ എന്നിവരുടെ നാടകങ്ങൾക്ക് ആഴമില്ലാത്തതും,സി ജെ തോമസിൻറെ നാടകങ്ങൾ പൊതുവെ കാലത്തെ അതിജീവിക്കുന്നതും തത്വ ചിന്തയുടെ ഉരകല്ലിൽ ഉരച്ചു നോക്കുമ്പോഴാണ്.സി എൻ ശ്രീകണ്ഠൻ നായരുടെ രാമായണ നാടക ത്രയം,രാമായണത്തിൽ ഉറഞ്ഞു കിടക്കുന്ന ധർമ്മ ശാസ്ത്രത്തിൻറെ ഹോമാഗ്നിയിൽ തെളിഞ്ഞ് കത്തുന്നതും അത് കൊണ്ടാണ്.
തത്വ ശാസ്ത്രം ഒരാൾക്ക് വെറുതെ കിട്ടുകയില്ല.ജീവിതത്തിൻറെ അർത്ഥത്തെപ്പറ്റി ആകുലത ഉണ്ടാകണം.സഹജാവ ബോധം വേണം.സി ജെ തോമസിനെ,പ്രത്യയ ശാസ്ത്രാന്വേഷണവും സഹായിച്ചു.ആ അന്വേഷണത്തിൻറെ വിസ്തൃതിയും അഗാധതയും വെളിപ്പെടുത്തുന്ന പുസ്തകമാണ്,കെ എം ചുമ്മാറും ജോസ് കരിമ്പനയും സമാഹരിച്ച സി ജെ യുടെ ലേഖനങ്ങൾ.
സി ജെ യുടെ നാടകങ്ങളിൽ,ബൈബിളിൻറെ മാത്രമല്ല,ആൽബേർ കാമുവിന്റെയും കീർക്കെഗാദിന്റെയും സ്വാധീനമുണ്ട്.കീർക്കെഗാദിന്റെ Fear and Trembling എന്ന തത്വശാസ്ത്ര ഗ്രന്ഥം,ദൈവേച്ഛ സഫലീകരിക്കാൻ,മകനായ ഇസഹാക്കിനെ ബലി കൊടുക്കാൻ തയ്യാറായ അബ്രഹാമിനെപ്പറ്റിയാണ്.ഗ്രീക്ക് ദുരന്ത നായകനെക്കാൾ മഹാനാണ്,വിശ്വാസത്തിൻറെ ബലി പീഠത്തിൽ ജീവിതം ഹോമിക്കാൻ തയ്യാറായ അബ്രഹാo എന്നാണ് കീർക്കെഗാദിന്റെ കണ്ടെത്തൽ.ഇതിൽ നിന്നാണ്,അസംബന്ധ തത്വം ( absurd ) ഉറവെടുത്തത്.ഗ്രീക്ക് ദുരന്ത നാടകങ്ങൾ സി ജെ യ്ക്കും പ്രിയപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹത്തിൻറെ നാടക പരിഭാഷകളിൽ നിന്നറിയാം;പരിഭാഷകൾ അത്ര മികച്ചത് അല്ലെങ്കിലും.
സി ജെ നാടക കൃത്തും പത്ര പ്രവർത്തകനും ആകും മുൻപുള്ള സെമിനാരി ജീവിതം അദ്ദേഹത്തിലെ തത്വ ജ്ഞാനിയെ ഉണർത്തിയിരിക്കാം.സി ജെ യുടെ തത്വ ശാസ്ത്രം സൂചിപ്പിക്കുന്നതായി പരക്കെ കരുതപ്പെടുന്ന ലേഖനമാണ്,ഞാൻ .1953 ലെ ഇവൻ എൻറെ പ്രിയ പുത്രൻ എന്ന സമാഹാരത്തിൽ വന്നു.ആ ലേഖനത്തിൽ നിന്ന് പലരും ഉദ്ധരിച്ചിട്ടുള്ള ഖണ്ഡിക ഇതാണ്:
ഞാൻ ജനിക്കുന്നതിന് വളരെ മുൻപ് തന്നെ പ്രപഞ്ചം ഉണ്ടായിരുന്നു.ഞാൻ മരിച്ചു കഴിഞ്ഞും അതുണ്ടായിരിക്കും.പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം,എൻറെ അസ്തിത്വമാണ് ആദ്യത്തെ പടി.പ്രപഞ്ചത്തിൻറെ അസ്തിത്വത്തെ ഞാൻ അംഗീകരിക്കണമെങ്കിൽ,ഞാൻ ഉണ്ടായിരിക്കണം.അതിന് എൻറെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ടു കഴിയുകയില്ലല്ലോ.എന്നെ നിഷേധിച്ചാൽ പ്രപഞ്ചത്തിന് നിൽക്കാനാവില്ല.ഞാനില്ലെങ്കിലും പ്രപഞ്ചമുണ്ടെന്ന് നിങ്ങളല്ലേ പറയുന്നത് ?ഞാനില്ലെങ്കിൽ ആ പ്രസ്താവനയുടെ ചുവട്ടിൽ ഞാനെങ്ങനെ ഒപ്പു വയ്ക്കും ?
ബെർക്കിലി 
ഇനി  1710 ൽ പ്രസിദ്ധീകരിച്ച ജോർജ് ബെർക്കിലിയുടെ A Treatise Concerning the Principles of Human Knowledge എന്ന പുസ്തകത്തിൻറെ ആരംഭം കാണുക:
Ideas are known and perceived by a knowing perceiver. This active perceiver is designated by the names mind, spirit, soul, or self. Ideas exist by virtue of a perceiver. The existence of an idea consists in being perceived.
What is meant by the term "exist" when it is applied to a thing that is known through the senses? To say that something exists is to say that it is perceived by a perceiver. This is the main principle of human knowledge.
External objects are things that are perceived through our senses. We perceive only our own sensations or ideas. Ideas and sensations cannot exist unperceived.
To say that an object exists without being perceived is to attempt to abstract that which cannot be abstracted. We cannot separate or abstract objects and their qualities from our perception of them.
If an object exists or is perceived, it must be perceived by me or some other perceiver. It is impossible to separate the being of a sensible thing from its existence as a perception of a perceiver.
There can be no unthinking substance or substratum of ideas. Therefore, the perceiving mind or spirit is the only substance of ideas. Ideas inhere in or belong to a perceiver.
Are there things that exist in an unthinking substance outside of the perceiver's mind? Can they be the originals that the ideas copy or resemble? An idea can only be like an idea, not something undetectable. It is impossible for us to conceive of a copy or resemblance unless it is between two ideas.
അതായത്,ഞാൻ ഉണ്ടെങ്കിലേ വസ്തുക്കൾ ഉള്ളു.
ബെർക്കിലിയുടെ ആശയങ്ങളുമായി സെമിനാരിക്കാലത്ത് സി ജെ പരിചയപ്പെട്ടിരിക്കാം.ആർതർ കോളിയറിന്റെ Clavis Universalis വരുന്നതിന് മൂന്നു വർഷം മുൻപാണ് ബെർക്കിലിയുടെ പ്രബന്ധം വന്നത്.രണ്ടും തമ്മിൽ വളരെ സാമ്യമുണ്ട്.ജർമൻ തത്വ ചിന്തകൻ ആർതർ ഷോപ്പനോവർ,ബെർക്കിലിയെപ്പറ്റി പറഞ്ഞത്,അദ്ദേഹമാണ് ആദ്യമായി വ്യക്തിയെ പ്രപഞ്ചത്തിനു മേൽ നിർത്തിയ തത്വ ജ്ഞാനി എന്നാണ്.ബ്രിട്ടീഷ് ജ്ഞാന വാദത്തിന്റെ ആദ്യ വക്താക്കളിൽ ഒരാളാണ്,ബെർക്കിലി.ആധുനിക തത്വ ചിന്തകരിൽ പലരെയും,പ്രത്യേകിച്ച് ഡേവിഡ് ഹ്യൂമിനെ,ബെർക്കിലി സ്വാധീനിച്ചു.ക്ളോയ്‌നിലെ ബിഷപ്പായിരുന്ന ബെർക്കിലി ( 1685 -1753 ) യുടെ സിദ്ധാന്തം,അപ്രസക്ത വാദം ( immaterialism ) എന്നറിയപ്പെട്ടു.തത്വജ്ഞാനിയുടെ ആശയങ്ങൾ മനസ്സിൽ വിതച്ച വിസ്ഫോടനം തന്നെയാകണം ളോഹ കീറി സഹോദരിക്ക് ചട്ട തയ്‌ക്കാൻ സി ജെ യെ പ്രാപ്തനാക്കിയതും.

ആശയങ്ങൾ നാടകീയമായി പൊട്ടിത്തെറിക്കുന്നത് നാടകത്തിലാകയാൽ,സി ജെ നാടകത്തിലേക്ക് തിരിഞ്ഞതും അദ്‌ഭുതമല്ല;നാടകം എന്ന ലേഖനത്തിൽ അദ്ദേഹമെഴുതുന്നു:
നാടകത്തിൽ സംഘട്ടനം വേണമെന്ന് പരക്കെ അറിയപ്പെടുന്നു.പക്ഷെ അത് രണ്ടു ഗുസ്തിക്കാർ തമ്മിലുള്ള പോരാട്ടമായാലും മതി എന്ന ധാരണയാണ്,പ്രചരിച്ചിട്ടുള്ളത്.ശങ്കരനും കൃഷ്ണനുമായി കല്യാണിയുടെ പ്രേമത്തിന് വേണ്ടിയും മാധവൻ അവൻറെ കുടികിടപ്പവകാശത്തിനു വേണ്ടി മത്തായി മുതലാളിയോടും നടത്തുന്ന സമരമാണ്,നാടകത്തിലെ സംഘട്ടനമെന്ന് ധരിച്ചു വച്ചിരുന്നാൽ നാടകമെഴുത്തും ഉണ്ടാകയില്ല,അഭിനയവും ഉണ്ടാകയില്ല.മുടിഞ്ഞ തറവാട്,മര്ദകനായ ജന്മി,ആത്മഹത്യ തൊഴിലാക്കിയ കാമുകൻ മുതലായവയാണല്ലോ പ്രധാന നാടകാദർശങ്ങൾ.
ഈ ലേഖനത്തിൽ,' മൃച്ഛ കടികം' എഴുതിയത്,ഭാസനാണെന്ന് സി ജെ പറയുന്നത്,തെറ്റാണ്.ആ നാടകം എഴുതിയത്,ശൂദ്രകനാണ്.
തെളിഞ്ഞ ഗദ്യത്തിൽ ആളുകളെ ഞെട്ടിക്കാനുള്ള വിദ്യ സി ജെ യുടെ ലേഖനങ്ങളിൽ കാണാം.ഇതേ ലേഖനത്തിൽ,കഥകളിയെ പുച്ഛിക്കുന്നത് നോക്കുക:കഥകളിയെപ്പോലെ മലയാള നാടക വേദിയെ നശിപ്പിച്ച മറ്റൊരു ശക്തിയില്ല.ഈ പ്രാകൃത യാന്ത്രിക കല പ്രചരിക്കുന്നിടത്തോളം കാലം ഇവിടെ അഭിനയം എന്നൊന്നുണ്ടാകയില്ല.മുദ്ര കാണിക്കുന്നത് അഭിനയമല്ല.അത് രണ്ടും തമ്മിലുള്ള വ്യത്യാസം,സംസാരവും മോഴ്സ് കോഡും തമ്മിലുള്ളതാണ്.
പത്രപ്രവർത്തകൻ എന്ന നിലയിൽ,പത്രപ്രവർത്തനത്തിൻറെ ധർമം,ധർമ്മച്യുതി എന്നിവയെപ്പറ്റിയുള്ള സി ജെ യുടെ വിചാരങ്ങൾ ലേഖനങ്ങളിൽ പലയിടത്തും ചുര മാന്തുന്നുണ്ട്.എ ബാലകൃഷ്ണ പിള്ള എന്ത് ചെയ്‌തു? എന്ന ലേഖനത്തിൽ,അദ്ദേഹത്തെപ്പറ്റി പറയുന്നതൊക്കെ സത്യമായിരിക്കെ,' സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ധീര സമരം ഒരു കൊള്ളിമീൻ പോലെ എരിഞ്ഞടങ്ങി' എന്ന രാമകൃഷ്ണ പിള്ളയ്ക്കുള്ള പ്രശംസ,അസ്ഥാനത്താണ്.ഈ വാചകത്തിനു ശേഷമുള്ള ഭാഗങ്ങളും സ്വദേശാഭിമാനിയെപ്പറ്റിയാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്,അവ  കേസരിയെപ്പറ്റിയാണെങ്കിലും.എം .കെ സാനു പറയുന്നത്,സി ജെ പിന്നീട്,ഒരു വീര പുളകത്തിൻറെ പിന്നിലെ കഥ എന്ന പ്രബന്ധത്തിൽ  പി കെ ബാലകൃഷ്ണൻ സ്വദേശാഭിമാനി യുടെ തനിനിറം തുറന്നു കാട്ടിയപ്പോൾ,സി ജെ തെറ്റ് മനസ്സിലാക്കി എന്നാണ്.
അകാലത്തിൽ മരിച്ചതിനാൽ ഇങ്ങനെ ചിലത് തിരുത്താനുള്ള അവസരങ്ങൾ സി ജെ യ്ക്ക് നഷ്ടപ്പെട്ടു.കാലത്തെ അതിജീവിക്കുന്ന ഏക മലയാള കവി എഴുത്തച്ഛൻ ആണെന്ന് സി ജെ പറയുന്നു -മലയാളത്തിൽ കാലത്തെ അതിജീവിക്കുന്ന പ്രധാന കവി,ശ്രീനാരായണ ഗുരു ആണെന്നാണ്,എൻറെ വിശ്വാസം.
(സാഹിത്യ വിമർശം / ജനുവരി-ഫെബ്രുവരി,2019 )

See  https://hamletram.blogspot.com/2019/06/blog-post_26.html

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...