Monday 10 June 2019

മമതയുടെ പതനം

വി കെ ജി ശങ്കര പിള്ള, ബംഗാളിൽ നിന്ന് ഒന്നും കേൾക്കുന്നില്ല എന്നു വിലപിച്ചത്, മൂന്നു പതിറ്റാണ്ടു മുൻപാണ്. ഇപ്പോൾ അവിടെ നിന്നേ കേൾക്കുന്നുള്ളു.അന്ന് അവിടെ മാർക്സിസ്ററ് പാർട്ടിയുടെ ഏക കക്ഷി ഭരണമായിരുന്നു. അവർക്ക് പത്ര പ്രവർത്തകരെ പുച്ഛമായിരുന്നു. ജനത്തെയും പുച്ഛമായിരുന്നു. മിക്കവാറും ദിവസം ബന്ദായിരുന്നു. പൂട്ടിയതോ പൂട്ടാൻ പോകുന്നതോ ആയ ചണ മില്ലുകളിൽ സഖാക്കൾ അക്രമം അഴിച്ചു വിട്ടിരുന്നു. ഞങ്ങളുടെ ലേഖകൻ തപസ് ഗാംഗുലിക്ക് ഒരു ട്രങ്ക് കോൾ ബുക് ചെയ്താൽ, അതു കിട്ടാൻ അഞ്ചു മണിക്കൂർ എടുത്തിരുന്നു. ഇന്ന്, ‘ടെലഗ്രാഫ് ‘ലേഖകനായിരുന്ന സൗമ്യ ദീപ്ത ബാനര്ജിക്ക് അന്നു കണ്ടതൊക്കെ വിളിച്ചു പറയാൻ കഴിയുന്നുണ്ട്. ഏകകക്ഷി ഭരണത്തെ ജനം കടപുഴക്കി എറിഞ്ഞതാണ്, കാരണം.
ദളിതരെ 1978 -1979 ൽ അവർ പാർക്കുന്ന ദ്വീപിൽ പോയി സഖാക്കൾ കൂട്ടക്കൊല ചെയ്തത് അന്ന് ശങ്കര പിള്ള അറിഞ്ഞിട്ടുണ്ടാവില്ല. ഇക്കഴിഞ്ഞ ജ്ഞാനപീഠം കിട്ടിയ അമിതാവ് ഘോഷിൻറെ ‘ദി ഹൻഗ്രി ടൈഡ്’ എന്ന നോവലിൻറെ പശ്ചാത്തലം, മാരീചൻപി  എന്ന ദ്വീപിൽ നടന്ന ആ കൂട്ടക്കൊലയാണ്.സുന്ദർബൻസിലെ കണ്ടൽകാടുകളിലുള്ള ദ്വീപാണ് മാരീചൻപി. ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളെ ഈ ദ്വീപിൽ പുനരധിവസിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പിന്  മുൻപ് മാർക്സിസ്റ്റ് പാർട്ടി വാക്കു നൽകിയിരുന്നു. 1977 ൽ ആദ്യമായി പാർട്ടി അധികാരത്തിൽ വന്നു. അഭയാർത്ഥികൾ കൂട്ടമായി ദ്വീപിൽ കുടിയേറി.ഇവർ 40000 പേർ വരുമായിരുന്നു.1979 ജനുവരി 31 ന് രാവിലെ പത്തു യന്ത്ര ബോട്ടുകളിൽ  സഞ്ചരിച്ച സ്ത്രീകളെ പൊലീസ് ആക്രമിച്ചു കൊണ്ടായിരുന്നു തുടക്കം. അവരെ വെടി വച്ച് കൊന്നു. കുടിയേറ്റക്കാർ പ്രതിഷേധിച്ചതോടെ, സഖാക്കൾ എത്തി. സ്കൂളിൽ അഭയം തേടിയ 15 കുട്ടികൾ ഉൾപ്പെടെ 1700 പേരെ കൂട്ടക്കൊല ചെയ്‌തു. ബുദ്ധദേവ് ഭട്ടാചാര്യ വേറെയും കൂട്ടക്കൊലയുടെ കഥകൾ ഏറ്റു പറഞ്ഞു. മനുഷ്യർ അജ്ഞാതമായ തലയോടുകളായി മാറിയിരുന്നു.
വിവരം ശങ്കര പിള്ള എന്നല്ല.,.നാമാരും അറിഞ്ഞില്ല. സി പി എം ഗുണ്ടകൾ പിൽക്കാലത്ത് തൃണമൂൽ ഗുണ്ടകളായതും സി പി എം അതിൻറെ പല ജില്ലാ സമ്മേളനങ്ങൾ ഒന്നിച്ച് സുരക്ഷിതമായ കല്യാണ മണ്ഡപങ്ങളിൽ നടത്തേണ്ടി വന്നതും നാം ശ്രദ്ധിച്ചില്ല.പതിമൂന്നു വർഷത്തിനു ശേഷം, മമത ബാനർജി, ധർണ രാഷ്ട്രീയത്തിലേക്ക് മടങ്ങിയപ്പോൾ  ഒന്നു വ്യക്തം -അവർ പേടിക്കുന്ന വിധം, ബി ജെ പി വളർന്നിരിക്കുന്നു. ഇപ്പോൾ നടക്കുന്ന പോരാട്ടത്തിൽ ബി ജെ പി ജയിച്ചാൽ, അവർ ബംഗാൾ ഭരിക്കും.
മമതയെ കൊൽക്കത്തയിലെ കുടുസ്സു വീട്ടിൽ അവരുടെ പോരാട്ട കാലത്തു ഞാൻ കണ്ടിട്ടുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്കെതിരെ ഒറ്റയാൾ സമരം നടത്തുന്ന അവർക്ക് ഉറക്കം കുറവായിരുന്നു.അവർ രണ്ടു പുസ്തകങ്ങൾ എനിക്കു തന്നു-അവർ എഴുതിയ കഥകൾ. എന്നിട്ടും അവർ അമിതാവ് ഘോഷിന് ഒരു സ്വീകരണം കൊടുത്തില്ല. 2004 ൽ ആണ് ഹൻഗ്രി ടൈഡ് വന്നത്; മമത മുഖ്യമന്ത്രിയായത്, ഏഴു വർഷം കഴിഞ്ഞാണ്. ശാരദ ചിട്ടിഫണ്ട് കേസ് കൊടുത്തത്, കോൺഗ്രസ് ആണ്. സുപ്രീം കോടതി ആണ് കേസ് സിബിഐയെ ഏൽപ്പിച്ചത്.  ഇതൊന്നും ചെയ്തത് ബിജെപി അല്ല. പണ്ട് മോദിയെ സിബിഐ ഒൻപതു മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ട് അമിത്ഷായെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കിയിട്ടുണ്ട്. ഒരു പോലീസ് കമ്മീഷണർക്ക് എതിരെ നിയമം അതിന്റെ വഴിക്ക് പോകരുത് എന്ന് പറയാൻ മമതയ്ക്ക് എന്ത് അധികാരം?സി പി എം നൽകിയ പാഠങ്ങൾ അവർ പഠിച്ചില്ല. അധികാരം അവരെയും ദന്തഗോപുര വാസിയാക്കി. അവരിൽ നിന്ന് ജനം അകന്നു പോയി. ഇത്, ഒരു വഴിത്തിരിവാണ്.
ഇപ്പോൾ ബി ജെ പി 18 ൽ തൃണമൂലുമായി അഞ്ചു സീറ്റിൻറെ മാത്രം വ്യത്യാസത്തിൽ നിൽക്കുമ്പോൾ, അതൊരു വലിയ കടന്നു കയറ്റവും വളർച്ചയുമാണ്. സി പി എമ്മിൻറെ അണികൾ കൂടി സഹായിച്ച ഭീമമായ വളർച്ച. ബി ജെ പി ക്ക് ഏജന്റുമാരില്ലാത്ത ബൂത്തുകളിൽ, സി പി എം അണികൾ സഹായിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയത്,രണ്ട് സീറ്റ് മാത്രമാണ്. 2009 ൽ വെറും ഒരു സീറ്റ് ആയിരുന്നു – ഡാർജിലിംഗ്.എന്നാൽ വോട്ട് ശതമാനം 2009 ലെ ആറിൽ നിന്ന് 2014 ൽ 17 ലെത്തി. അഞ്ച് വർഷത്തിന് ശേഷം, അത് 40 ൽ എത്തി.വോട്ട് ശതമാനം 2014 ൽ സി പി എമ്മിന് പത്തും കോൺഗ്രസിന് നാലും കുറഞ്ഞു.സി പി എമ്മിന് 22, കോൺഗ്രസിന് 9.6. ഇക്കുറി സി പി എമ്മിന് കിട്ടിയത് വെറും ആറു ശതമാനം.ബാക്കി 16 ശതമാനവും ബി ജെ പി ക്ക് കിട്ടി. സി പി എമ്മിന് ഒരു സീറ്റും കിട്ടിയില്ല. കോൺഗ്രസിന് ഒന്ന്.തൃണമൂലിന് 2014 ൽ 8 കൂടി 39 ൽ എത്തിയിരുന്നു. അഞ്ചു ശതമാനം ഇക്കുറി കൂടി.
തൃണമൂലും സി പി എമ്മും പോരടിച്ചിരുന്നിടത്ത്, ഇപ്പോൾ തൃണമൂലും ബി ജെ പി യും തമ്മിലായി. തോൽവിയുടെ ഉത്തരവാദിത്തം സീതാറാം യെച്ചൂരി ഏറ്റു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ക്ക് മൂന്നു സീറ്റേ കിട്ടിയുള്ളൂ. 2011 ൽ ഒന്നുമുണ്ടായിരുന്നില്ല.
വോട്ട് ശതമാനത്തിൽ കേരളവുമായി സാമ്യവുമുണ്ട്.
കേരളത്തെക്കാൾ ബി ജെ പി വളരുകയും അതിനനുസരിച്ച് സി പി എം തളരുകയും ചെയ്‌തു. 2018 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പി രണ്ടാം സ്ഥാനത്തെത്തി.
എന്നാൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ 39 , നിയമസഭാ തിരഞ്ഞെടുപ്പിൽ 45 വോട്ട് ശതമാനം നേടിയ തൃണമൂലിൻറെ അടുത്തൊന്നും അല്ല, കണക്കിൽ, ബി ജെ പി. തൃണമൂൽ ലോക് സഭയിൽ 42 ൽ 34, നിയമസഭയിൽ 294 ൽ 211.
തൃണമൂലിനെതിരെ അടിത്തട്ടിൽ അമർഷമുണ്ട്. മമതയുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ, ഭൂരിപക്ഷ വികാരമുണ്ട്. ഒരുകാലത്ത് കോൺഗ്രസിലെ ചിത്തരഞ്ജൻ ദാസും ശ്യാമപ്രസാദ് മുഖർജിയും, സുഭാഷ് ചന്ദ്ര ബോസും കൈകാര്യം ചെയ്ത രാഷ്ട്രീയം ആണ്, അത്. 2014 നു ശേഷം പത്തിടങ്ങളിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടായി. കൂച് ബിഹാർ, ഉലുബെറിയ ലോക് സഭാ ഉപതിരഞ്ഞെടുപ്പുകളിലും കാന്തി, നോവപോര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും ബി ജെ പി രണ്ടാം സ്ഥാനത്തു വന്നു. ഇക്കുറി ഹിന്ദു വികാരത്തിൽ പിടിക്കുന്ന മൂന്ന് വിഷയങ്ങൾ ബി ജെ പി എടുത്തു. പൗരത്വ ബിൽ,ദേശീയ റജിസ്റ്റർ കമ്മീഷൻ, ബംഗ്ലാദേശി കുടിയേറ്റം.30 % മുസ്ലിംകൾ തൃണമൂലിൻറെ കൂടെ നിന്നു.മുൻപ് അവർ സി പി എമ്മിനൊപ്പമായിരുന്നു. 40 എം എൽ എ മാർ തൃണമൂൽ വിടുമെന്നത് മോദിയുടെ വാക്കാണ്. അത് ഭീഷണിയുമാണ്.
സി പി എം നേരിട്ട ദയനീയ പരാജയത്തിൽ,റായ് ഗഞ്ചിൽ അതിൻറെ സിറ്റിംഗ് എം പി മുഹമ്മദ് സലിമിനെ തോൽപിച്ചത്, ബി ജെ പി സ്ഥാനാർത്ഥി ദേബശ്രീ ചൗധരി. ദേബശ്രീയ്ക്ക് 511652 വോട്ട് കിട്ടിയപ്പോൾ സലീമിന് കിട്ടിയത് 182035 മാത്രം.ദേബശ്രീയ്ക്ക് 40% വോട്ട്,സലീമിന് 14.25 മാത്രം. ഇവിടെ മൂന്നാം സ്ഥാനത്താണ്.രണ്ടാം സ്ഥാനത്ത് തൃണമൂലിൻറെ കനയ്യ ലാൽ അഗർവാൾ. 35.32. കോൺഗ്രസിൻറെ ദീപ ദാസ് മുൻഷിക്ക് 6 .55 % മാത്രം -83662 വോട്ട്.കോൺഗ്രസ് നേതാവായിരുന്ന പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ വിധവയാണ്.
റായ്‌ഗഞ്ചിലും മുർഷിദാബാദിലുമാണ് 2014 ൽ സി പി എം ജയിച്ചിരുന്നത്. മുർഷിദാബാദിൽ സിറ്റിംഗ് എം പി ബദറുദ്ദുസ ഖാനും മൂന്നാം സ്ഥാനത്തായി. തൃണമൂലിൻറെ താഹിർ ഖാനാണ് തോൽപിച്ചത്. ബി ജെ പി യുടെ ഹുമയൂൺ കബീറിന് 17 .05%. ബദറുദ്ദുസയ്ക്ക് 12 .44 മാത്രം.
ബി ജെ പി ക്ക് 2014 ൽ രണ്ടു സീറ്റ് മാത്രമായിരുന്നു – അസൻസോളിൽ ഗായകൻ ബാബുൽ സുപ്രിയോയും ഡാർജിലിംഗിൽ എസ് എസ് അലുവാലിയയും. അവിടന്നാണ് 18 ലേക്ക് കുതിച്ചു ചാടിയത്.
കോൺഗ്രസുമായി ഈ രണ്ട് സീറ്റുകൾ ഉൾപ്പെടെ ആറു സീറ്റിൽ ധാരണയ്ക്ക് സി പി എം കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാട്ടിയെങ്കിലും, അത് കോൺഗ്രസ് തള്ളുകയായിരുന്നു. നാല് സീറ്റ് കോൺഗ്രസ് ജയിച്ചതായിരുന്നു. ഇക്കുറി രണ്ടു സീറ്റിൽ കോൺഗ്രസ് ഒതുണ്ടി – ബഹ്റാം പൂരിൽ അദിർ രഞ്ജൻ ചൗധരിയും ദക്ഷിണ മാൽഡയിൽ അബു ഹസിം ഖാൻ ചൗധരിയും.
ബി ജെ പി ജയിച്ച മണ്ഡലങ്ങൾ:
ആലിപ്പൂർ ദ്വാർ, അസൻസോൾ,ബലുർ ഘട്ട്,ബംഗാവ്ൻ, ബാങ്കുറ, ബർധമാൻ -ദുർഗാപുർ, ബാറക് പൂർ, ബിഷ്ണു പൂർ, കൂച്ച് ബീഹാർ, ഡാര്ജിലിങ്, ഹൂഗ്ലി, ജൽപൈഗുഡി, ജർഗ്രാം, മാൽഡ ഉത്തർ, മേദിനി പൂർ, പുരുലിയ, റായ് ഗഞ്ജ് , റാണാ ഘട്ട്.
പ്രണബ് മുഖർജിയുടെ മകൻ അഭിജിത് ജംഗൽ പൂരിൽ മൂന്നാം സ്ഥാനത്തായി. കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...