ജർമൻ നാടകകൃത്ത് റോൾഫ് ഹൊച്ചുത്ത് നാടകരംഗത്ത് വലിയ സംഭാവനകൾ നൽകിയ ആളല്ല. അദ്ദേഹം എഴുതിയ ഒരു നാടകം മാത്രം അറിയപ്പെട്ടു-ദി ഡപ്യൂട്ടി. അതറിയപ്പെടാൻ കാരണം, യൂറോപ്പിൽ നാസികൾ നടത്തിയ ജൂത വംശഹത്യയെപ്പറ്റി പയസ് പന്ത്രണ്ടാമൻ മാർപാപ്പ മൗനം പാലിച്ചതിനെ അത് വിമർശിച്ചു എന്നത് കൊണ്ടാണ്. സാഹിത്യ കൃതികൾ പലപ്പോഴും ചരിത്രത്തെ ഓർമിപ്പിക്കും. വിക്ടർ ഹ്യൂഗോയുടെ നോത്രദാമിലെ കൂനൻ എന്ന നോവലാണ്, ആ പള്ളിയെ സംരക്ഷിച്ചത് എന്നത് ചരിത്രമാണ്. നോവൽ വന്നതിനാൽ പള്ളി പൊളിച്ച് റിയൽ എസ്റ്റേറ്റ് ഉണ്ടാക്കാൻ സഭാ പിതാക്കന്മാർക്ക് കഴിഞ്ഞില്ല.
ഡപ്യൂട്ടി എന്ന നാടകം ( ഇംഗ്ലീഷിൽ The Representative എന്ന പേരിലും വന്നു ) ഇപ്പോൾ ഓർക്കുന്നത് ശ്രീലങ്കയിൽ മുന്നൂറോളം ക്രിസ്ത്യാനികളെ കൊന്നിട്ടും, കനത്തു നിൽക്കുന്നത് മാർപാപ്പയുടെ മൗനമാണ് എന്നത് കൊണ്ടാണ്.ഈസ്റ്റർ പ്രഭാഷണത്തിൽ നാലു വരി വിലപിച്ചു എന്നത് നേരാണ്. ഒരു ബസ്സപകടത്തിൽ അനുശോചിക്കും പോലെയായിരുന്നോ മാർപാപ്പ കൂട്ടക്കൊലയെ കൈകാര്യം ചെയ്യേണ്ടിയിരുന്നത് ?. മാർപാപ്പ വ്യാപൃതനായത്, പീഡക വൈദികർക്ക് പെരുമാറ്റച്ചട്ടം ഉണ്ടാക്കാനും കർത്താവിനുള്ള പ്രാർത്ഥനയിൽ പ്രലോഭനം തിരുത്താനുമൊക്കെയായിരുന്നു. ശ് രീലങ്കയിലെ കർദിനാൾ ടെലിവിഷനിൽ കുർബാന അർപ്പിച്ചതിൽ ദൈവപുത്രൻ കാണിച്ച ധീരമായ വഴിയല്ല കണ്ടത്. മേലങ്കി വിറ്റും വാൾ വാങ്ങുകഎന്ന് യേശു പറഞ്ഞിടം വരെ പോകണം എന്നില്ല. തിന്മയുടെ ശക്തികൾക്ക് താക്കീതെങ്കിലും ആകാമായിരുന്നു. ഐ എസ് തകർന്നു തരിപ്പണമായ വിവരം ഒസര്വേത്തരെ റൊമാനോയുടെ ഇറാഖ് ലേഖകൻ അറിഞ്ഞിട്ടുണ്ടാവില്ല.
റോൾഫ്, നാടകം എഴുതിയത് 1963 ലാണ്. അന്ന് 32 വയസ്. 88ആയി ഇപ്പോൾ. ഷൂ ഫാക്ടറി ഉടമയായിരുന്ന പിതാവ് സാമ്പത്തിക മാന്ദ്യം വന്ന മുപ്പതുകളിൽ ദരിദ്രനായി. പ്രൊട്ടസ്റ്റൻറ് കുടുംബം. പുസ്തകക്കടകളിൽ ജോലി ചെയ്ത റോൾഫ് നാടകമെഴുതുമ്പോൾ,ഒരു പ്രസാധന ശാലയിൽ പ്രൂഫ് വായനക്കാരനായിരുന്നു. അമേരിക്കയി ലേക്ക് 1978 ൽ കൂറ് മാറിയ കമ്മ്യൂണിസ്റ്റ് റുമേനിയയുടെ ചാര മേധാവി അയോൺ മിഹായ് പസേപ്പ, ഈ നാടകം മാർപാപ്പയെ താഴ്ത്തിക്കെട്ടാൻ കെ ജി ബി എഴുതിച്ചതാണെന്ന് ആരോപിച്ചെങ്കിലും, അത് ക്ലച്ച് പിടിച്ചില്ല.കെ ജി ബി അജ്ഞാതനെ പിടിച്ച് നാടകം എഴുതിക്കേണ്ടല്ലോ. തോപ്പിൽ ഭാസിയെ കിട്ടുമായിരുന്നല്ലോ.
റോൾഫ് ജൂത വിരുദ്ധനും കത്തോലിക്കാ വിരുദ്ധനുമാണെന്ന് ചിത്രീകരിക്കാനും ശ്രമമുണ്ടായി. ഈശോ സഭയുടെ അമേരിക്കഎന്ന മാസികയിൽ 1963 ൽ തന്നെ, ജർമൻ ഹാസ്യ സാഹിത്യകാരൻ വിൽഹെം ബുഷിൻറെ സമ്പൂർണ കൃതികൾ റോൾഫ് എഡിറ്റ് ചെയ്തപ്പോൾ, ജൂത വിരുദ്ധ, കത്തോലിക്കാ വിരുദ്ധ ഭാഗങ്ങൾ അതേപടി നിലനിർത്തിയെന്ന് കത്തോലിക്കാ ചരിത്രകാരൻമാർ ലേഖനമെഴുതി. ഇങ്ങനെ നീക്കുന്നതാണ് എഡിറ്റിങ് എങ്കിൽ ചാൾസ് ഡിക്കൻസിന്റെ എഡിറ്റർക്ക്ഒലിവർ ട്വിസ്റ്റ് മൊത്തത്തിൽ മാറ്റി വയ്‌ക്കേണ്ടി വരുമായിരുന്നു എന്ന് വിവരമുള്ളവർ പറഞ്ഞുകൊടുത്തു.
എഴുതി വച്ച പോലെ നാടകം കളിച്ചാൽ എട്ടു മണിക്കൂർ വരും. ഒരുപാട് കഥാപാത്രങ്ങൾ. ചെത്തി മിനുക്കി വേണം അവതരിപ്പിക്കാൻ. ആദ്യ സംവിധാനം, ഇതിഹാസമായ എർവിൻ പിസ്‌കേറ്റർ ആയിരുന്നു. അവതരണങ്ങളിൽചീമുട്ട എറിഞ്ഞിട്ടുണ്ട്; നടന്മാരും കാണികളും ഏറ്റുമുട്ടിയിട്ടുണ്ട്. പോൾ ആറാമൻ മാർപാപ്പ ഒരു വശത്തും ആൽബർട്ട് ഷ്വെറ്റ്‌സർ മറു വശത്തും തർക്കിച്ചു. ഷ്വെറ്റ്‌സർ അവതാരിക എഴുതി. ആദ്യ പതിപ്പ് 164000 കോപ്പി വിറ്റു .
നാടകം ഉയർത്തിയ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ,അത് എപ്പോഴും ഉയർന്നു വരുന്നു. പോൾ ആറാമൻ മാർപാപ്പ, പയസ് പന്ത്രണ്ടാമനെ പ്രതിരോധിച്ചത്, നാസി കൂട്ടക്കൊലയെ പരസ്യമായി വിമർശിച്ചിരുന്നു എങ്കിൽ അതിക്രമങ്ങൾ കൂടുമായിരുന്നു എന്നു പറഞ്ഞാണ്. ജൂതന്മാർ ഉൾപ്പെടെയുള്ള ഇരകളെ സഹായിക്കാൻ പിന്നണിയിൽ സഭ ചെയ്തിരുന്ന പ്രവൃത്തിയെ അത് ബാധിക്കുമായിരുന്നു എന്ന് പറഞ്ഞാണ്. എന്നാലും, ഏറ്റവും വലിയ ക്രിസ്ത്യൻ നിഷ്പക്ഷമതിയുടെ സ്വരം ലോകത്തിലെ ഏറ്റവും വലിയ അധാർമികതയ്ക്ക് എതിരെ ഉയരണമായിരുന്നു എന്നാണ് നാടകം പറഞ്ഞത്.അത് കൊണ്ട് ഒരുപാട് ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. തിന്മയ്ക്ക് മുന്നിൽ ഓരോ ആളും കാട്ടേണ്ട ധാർമിക ഉത്തരവാദിത്തം വിളിച്ചു പറയുകയാണ്, നാടകം.മൗനം ഒരു കാലത്തും, ഒരിടത്തും ഉത്തരമായിരുന്നില്ല -ജർമനിയിലും ശ്രീലങ്കയിലും അത് ഉത്തരമല്ല.
No comments:
Post a Comment