അമേരിക്കൻ എഴുത്തുകാരി ഹാർപർ ലീ ഒരു നോവൽ മാത്രമേ പ്രസിദ്ധീകരിച്ചുള്ളു. 1960 ൽ ഇറങ്ങിയ ടു കിൽ എ മോക്കിങ് ബേഡ്. അത് ആധുനിക ക്‌ളാസിക് ആണ്. അവരുടെ സുഹൃത്ത് ട്രൂമാൻ കപൊട്ടിയുടെ ഇൻ കോൾഡ് ബ്ലഡ് (966 ) പോലെ. ആ നോവലിന് ഗവേഷണം നടത്തിയത്, ലീ ആയിരുന്നു. 2016 ൽ അവർ മരിച്ചു. അതുവരെയും മറ്റൊരു നോവൽ ഉണ്ടായില്ല. 2015 ൽ ഗോ സെറ്റ് എ വാച്ച്മാൻ എന്ന പേരിൽ ഇറങ്ങിയ നോവൽ, ആദ്യ നോവലിൻറെ കരടാണെന്ന് പിന്നീട് വെളിപ്പെട്ടു. എഴുത്തുകാര്ക്ക് കുറേക്കാലം എഴുതാനാകാതെ വരുന്ന അവസ്ഥയ്ക്ക് റൈറ്റേഴ്‌സ് ബ്ളോക് എന്ന് പറയും. 55 കൊല്ലം അതുണ്ടാവുക സാധാരണമല്ല.
ലീ,ഒറ്റപുസ്തകം കൊണ്ട് കോടീശ്വരിയായി. അതുകൊണ്ട് ആരും എഴുത്ത് നിർത്താറില്ല. കടുത്ത മദ്യപ ആയിരുന്നു ലീ. ആറു മാസം ഉഗ്രമായി മദ്യപിക്കുകയും അടുത്ത ആറുമാസം ഉഗ്രമായി എഴുതുകയും ചെയ്തയാളായിരുന്നു,ഏണസ്റ്റ് ഹെമിങ്‌വേ. ഒരു ദിവസം ആറു ചെറുകഥ വരെ എഴുതുന്ന അപാര സർഗ്ഗശേഷിയായിരുന്നു അദ്ദേഹത്തിന്. കഥകൾക്ക് അഡ്വാൻസും വൻ പ്രതിഫലവും കിട്ടിയിരുന്നു. കേരളത്തിലെപ്പോ ലെ പീറ പത്ര ഉടമകളും പത്രാധിപന്മാരുമല്ല അമേരിക്കയിലുള്ളത്.
മൻഹാട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലായിരുന്നു ലീയുടെ താമസം. ” ലീ എച്ഛ് ” എന്ന് മാത്രമാണ് വാതിലിൽ എഴുതിയിരുന്നത്. അജ്ഞാതയായി, മദ് യത്തിൽ മുങ്ങി ജീവിക്കുകയായിരുന്നു. കോടീശ്വരി യായിട്ടും ലളിതമായി ജീവിച്ചു. പാതിരയ്ക്ക് അയൽപക്കത്തെ വാതിലിൽ മുട്ട് കേട്ടാൽ അത് മദ്യപിച്ച ലീ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ മുട്ടിയ ഒരിക്കൽ, 300 പേജ് എഴുതിയ നോവൽ ഇൻസിനറേറ്ററിൽ കത്താൻ ഇട്ടെന്ന് ലീ പറഞ്ഞു. ഒരു കയ്യെഴുത്തു പ്രതി മോഷ്ടിക്കപ്പെട്ടെന്ന് പരിതപിച്ചു. എഴുത്തിനെപ്പറ്റി പൊതുവെ സംസാരിച്ചിരുന്നില്ല.
ആ സമയത്ത് ഒരു സംഭവമുണ്ടായി.
1977 ജൂൺ 18 പ്രാദേശിക പാസ്റ്ററായ റവ.വില്ലി മാക്‌സ്‌വെൽ വളർത്തുമകൾ ഷേർലി ആൻ എലിങ്ങ്ടന്റെ ( 16 ) ശവമടക്കിന് ഭാര്യക്കൊപ്പം അലബാമയിലെ ഹച്ചിൻസൺ ഫ്യൂണറൽ ഹോമിലെത്തി. ഒരാഴ്ച മുൻപാണ് ഷേർലി കൊല്ലപ്പെട്ടത്. ഭാര്യ ശവപ്പെട്ടിക്ക് മുന്നിൽ ഇരുന്നു. ഇരുവരെയും ജനം ശ്രദ്ധിച്ചു. മാക്‌സ്‌വെൽ ആണ് കൊലയാളിയെന്ന് പൊതുധാരണ പരന്നിരുന്നു. ഷേര്ലിയുടെ സഹോദരങ്ങൾ അയാളെ ചൂണ്ടി നിലവിളിച്ചു: ” നിങ്ങളാണ് കൊന്നത് ;നിങ്ങൾ വില നൽകേണ്ടിവരും “. ചാപ്പലിൽ കൂടിയ 300 പേരിൽ നിന്നൊരാൾ കീശയിൽ നിന്ന് പിസ്റ്റൾ എടുത്ത് മാക്‌സ്‌വെല്ലിന്റെ തലയിൽ മൂന്നുതവണ നിറയൊഴിച്ചു.
തൂവാല കൊണ്ട് ചോര തുടയ്ക്കാൻ കഴിയും മുൻപ് അയാൾ മരിച്ചു വീണു.
റോബർട്ട് ബേൺസ് എങ്ങും പോയില്ല. പോലീസിന് കീഴടങ്ങി അയാൾ പറഞ്ഞു: “എനിക്ക് അത് ചെയ്യേണ്ടി വന്നു”
ഷേര്ലിയുടെ ബന്ധുവായിരുന്നു, അയാൾ.
മാക്സ്‌വെല്ലിന്റെ രണ്ടു ഭാര്യമാർ, സഹോദരൻ, അനന്തരവൻ എന്നിവർക്ക് ശേഷമാണ് ഷേലിയും ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മാക്സ്‌വെല്ലിനെ ആരും തടഞ്ഞില്ല.വലിയ ഇൻഷുറൻസ് തുകകൾ ഉൾപെട്ടതും മാക്‌സ്‌വെൽ ദുർമന്ത്രവാദിയാണെന്ന വിശ്വാസവും പൊലീസിൻറെ അലസതയും അടുത്ത ഇര ആരായിരിക്കും എന്ന സംശയം വളർത്തിയിരുന്നു.
ബേൺസിൻറെ വിചാരണ വൻ ശ്രദ്ധ നേടി. കോടതിയിലെ പ്രധാന കഥാപാത്രത്തെ ആരും ശ്രദ്ധിച്ചില്ല – ഹാർപർ ലീ ഒരു നോവൽ എഴുതാൻ ശ്രമിക്കുകയായിരുന്നു.
ബേൺസിനെ മാനസികനില തെറ്റിയ ആൾ എന്ന് പറഞ്ഞ് വിട്ടയച്ചു. അയാൾക്ക് വേണ്ടി ഹാജരായത്, മാക്സ്‌വെല്ലിന് വേണ്ടി എല്ലാ ക്രിമിനൽ കേസിലും ഹാജരായ അഭിഭാഷകൻ തന്നെ ആയിരുന്നു. മൂന്ന് രാജ്യങ്ങളിൽ പോയി ലീ ബന്ധപ്പെട്ടവരെയെല്ലാം കണ്ടു. അക്കാലത്ത് വളർത്തിയ ഒരു തെരുവ് പൂച്ചയെ ലീ വിളിച്ചത് തന്നെ റെവറൻറ് എന്നായിരുന്നു. മാക്സ്‌വെല്ലിന് മന്ത്രശക്തിയൊന്നും ലീ കണ്ടില്ല,മരിച്ചവർ അറിയാതെ, അവർ മരിച്ചാൽ താൻ അവകാശിയായി, സ്വന്തം വിലാസത്തിൽ മാക്‌സ്‌വെൽ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. എല്ലാം കൊലയായിരുന്നു, കൊലയാളി ഒന്നിലും ശിക്ഷിക്കപ്പെട്ടില്ല. രേഖകൾ കുമിഞ്ഞു കൂടിയപ്പോൾ പുസ്തകത്തിന് ലീ പേരിട്ടു –ദി റെവറന്റ്..
“എടോ, തനിക്ക് അടുത്ത കഥാപാത്രമായി” എന്ന് ഗ്രിഗറി പെക്കിനോട് പറഞ്ഞു.പക്ഷെ ലീ ഒരു പുസ്തകവും ഒരു കുപ്പി സ്കോച്ചും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു. സ്കോച്ച് ജയിച്ചിരിക്കാം.
നോവലിൻറെ നാല് പേജ് കുറിപ്പുകൾ ഒരു ബ്രീഫ് കേസിൽ നിന്ന് കിട്ടി. ലീയുടെ ആർകൈവ് പൂട്ടിയിരിക്കുകയാണ്. അത് തുറക്കും വരെ കാത്തു നോക്കാം.
No comments:
Post a Comment