കാവാലം നാരായണപ്പണിക്കരുടെ ശവദാഹത്തിന്റെ അന്ന് ഞാന്‍, കാവാലത്ത് പോവുകയുണ്ടായി. എന്നാല്‍, ജഡം കാണുകയുണ്ടായില്ല; കാവാലത്തിന്റെ മരണം അതിനുമുന്‍പേ നടന്നിരുന്നു എന്ന് എനിക്കറിയാമായിരുന്നു- അദ്ദേഹത്തിന്റെ മകന്‍ ഹരി മരിച്ച ദിവസം. ഒരച്ഛനെ സംബന്ധിച്ചിടത്തോളം, പുത്രന്റെ മരണംപോലെ വേറൊരു ദുരന്തം ഇല്ല. അതിനാല്‍ രാജകുമാരനെ നഷ്ടപ്പെട്ട ശ്രീകുമാരന്‍തമ്പിയെയും ഇടക്കിടെ ഓര്‍ക്കുന്നു. മകനെ കുടുംബത്തിനു നഷ്ടപ്പെടുന്ന 'ദേശാടനം' സംവിധായകന്‍ ജയരാജിനൊപ്പമിരുന്നു കണ്ട് കണ്ണു നനഞ്ഞതും ഓര്‍ക്കുന്നു.
ഈ പുത്രവിയോഗങ്ങള്‍, ദൈവമെടുത്തതാണ് എന്നു നമുക്കു പറയാം. എന്നാല്‍, പുത്രനെ കൊല്ലാന്‍ ദൈവം ആവശ്യപ്പെടുന്നത്, സാധാരണമല്ല. അത്തരമൊരു ഗംഭീര സന്ദര്‍ഭമാണ്, ബൈബിള്‍ പഴയനിയമത്തിലെ, അബ്രഹാമിന്റെ ബലി. വിശ്വാസവും ത്യാഗവും ഒരു മഹത്തായ ദൗത്യത്തിന്റെ ഭാഗമാണ് എന്നറിയുന്നതുകൊണ്ടാണ്, അബ്രഹാം, മകനെ കൊല്ലാന്‍ കത്തിയെടുത്തത്. മോറിയാ മലനിരയിലെ ബലിപീഠത്തില്‍, മകന്‍ ഇസഹാക്കിന്റെ കൈകാലുകള്‍ കെട്ടി, അവനെ വിറകിനു മുകളില്‍ കിടത്തി, അബ്രഹാം ബലിക്കായി കൈനീട്ടി കത്തിയെടുത്തപ്പോള്‍ മാലാഖ പറഞ്ഞു: ''കുട്ടിയുടെ മേല്‍ കൈവയ്ക്കരുത്; അവനെ ഒന്നും ചെയ്യരുത്'' (ഉല്‍പത്തി 22:12). ഇക്കഥയില്‍ ക്രൈസ്തവസഭ കാണുന്നത്, വിശ്വാസവും അനുസരണയുമാണ്. ജൂതസംസ്‌കാരത്തില്‍, ബലിക്കുയര്‍ത്തിയ കൈ താഴ്ത്താന്‍ ആജ്ഞയുണ്ടായതിനാല്‍, ഇത് ദൈവ കാരുണ്യത്തിന്റെ കഥയായി. എന്നാല്‍, ഡാനിഷ് ചിന്തകനായ കീര്‍ക്കെഗാദ്, അബ്രഹാമിനെപ്പറ്റി 'ഭയസംഭ്രമങ്ങള്‍' (1843) എന്നൊരു പുസ്തകംതന്നെ എഴുതി. അദ്ദേഹത്തിന്, അബ്രഹാം, ദൈവേച്ഛക്കുള്ള ഒരുപകരണം മാത്രമല്ല; അബ്രഹാം മഹത്വമുള്ളവനാകുന്നത്, അയാള്‍ ദൈവത്തിന്റെ വിശ്വാസവിചാരണയ്ക്കു മുന്നില്‍ പതറാതെ നിന്ന്, ആ സഹനം ഏറ്റുവാങ്ങുന്നതുകൊണ്ടാണ്.
സോറന്‍ ആബ്യെ കീര്‍ക്കെഗാദ്, മുപ്പതാം വയസ്സില്‍, പ്രണയവിഛേദത്തിനു ശേ ഷമാണ്, ആത്മബലിയുടെ പുസ്തകം എഴുതുന്നത്. മകന്റെ ബലിക്ക് അബ്രഹാം മല കയറുമ്പോള്‍, അയാള്‍ക്ക് നൂറുവയസ്സ് തികഞ്ഞിരുന്നു; കാലവുമായി അയാള്‍ പോരാടുകയായിരുന്നു. വിശ്വാസമുള്ളതുകൊണ്ടാണ്, അബ്രഹാം ആ പ്രായത്തില്‍ ചെറുപ്പമായിരുന്നത്. പ്രത്യാശ മാത്രമുള്ളവന്‍, ജീവിതത്താല്‍ വഞ്ചിക്കപ്പെട്ട്, വൃദ്ധനാകുന്നു. തിന്മ മാത്രം പ്രതീക്ഷിക്കുന്നവന്‍ അകാലത്തില്‍ വൃദ്ധനാകുന്നു. വിശ്വാസമുള്ളവന്‍, അനന്തയൗവ്വനത്തില്‍ കഴിയുന്നു. ഇത്, കീര്‍ക്കെഗാദ് എഴുതിയ വാചകങ്ങളാണ്. കീര്‍ക്കെഗാദ് എന്നത്, ഡാനിഷ് ഭാഷയില്‍, രവൗൃരവ്യമൃറ അഥവാ പള്ളിപ്പറമ്പിനെ കുറിക്കുന്ന വാക്കാണ്; ഇംഗ്ലീഷിലെന്നപോലെ, ആ വാക്കിന്റെ ആദ്യ അര്‍ത്ഥം ശ്മശാനം എന്നുതന്നെ. കീര്‍ക്കെഗാദിന്റെ പിതാവിന്റെ കുടുംബം, ജൂട്‌ലാന്‍ഡിലെ പ്രാദേശിക പുരോഹിതന്റെ ഭൂമിയില്‍ അടിമപ്പണി എടുക്കുന്നവരായിരുന്നു. അങ്ങനെയാണ്, പള്ളിപ്പറമ്പ്, കുടുംബപ്പേരായത്. 1813 മെയ് അഞ്ചിന്, കോപ്പന്‍ഹേഗനിലായിരുന്നു, കീര്‍ക്കെഗാദിന്റെ ജനനം. 21-ാം വയസ്സില്‍ അടിമപ്പണിയില്‍നിന്നു മോചിതനായ പിതാവ്, അമ്മാവന്റെ അടിവസ്ത്രവ്യാപാരത്തില്‍ സഹായിക്കാന്‍ കോപ്പന്‍ഹേഗനിലെത്തിയ സമയമായിരുന്നു, അത്. അടിമപ്പണിയില്‍നിന്ന് അടിവസ്ത്രത്തിലേക്കുള്ള പോക്കില്‍, ഒരു കയറ്റമല്ല, മുങ്ങാങ്കുഴിയിടലാണ്, ഉള്ളത്. പിതാവ്, പില്‍ക്കാലത്ത്, ഇറക്കുമതി ചെയ്ത ചരക്കുകളുടെ മൊത്തവില്‍പ്പനക്കാരനായി, ധനികനായി, കയറ്റത്തിലെത്തി. പിതാവ് മരിച്ചപ്പോള്‍, പുത്രന് നല്ല സ്വത്തുകിട്ടി. ഏഴുമക്കളില്‍ ഇളയവനായിരുന്നു, കീര്‍ക്കെഗാദ്; പിതാവിന്റെ രണ്ടാം ഭാര്യയിലെ പുത്രന്‍. ആദ്യഭാര്യയുടെ വേലക്കാരിയായിരുന്നു, രണ്ടാം ഭാര്യ. കീര്‍ക്കെഗാദിന് ഒന്‍പതു വയസ്സാകും മുന്‍പ്, ഒരു സഹോദരനും സഹോദരിയും മരിച്ചു. ബാക്കി രണ്ടു സഹോദരിമാരും ഒരു സഹോദരനും അമ്മയും 21-ാം പിറന്നാളിനു മുന്‍പു മരിച്ചു. താന്‍ മുപ്പത്തിമൂന്നിനപ്പുറം പോവില്ലെന്ന് കീര്‍ക്കെഗാദ് ഉറപ്പിച്ചു. മരിച്ചത്, 42-ാം വയസ്സിലായിരുന്നു. കര്‍ക്കശമായി നടത്തപ്പെട്ട സദാചാരപാഠശാലയിലായിരുന്നു, പഠനം. അവിടെ, തീക്ഷ്ണമായ, നര്‍മമേറിയ പ്രതികരണങ്ങള്‍ കൊണ്ടു ശ്രദ്ധിക്കപ്പെട്ടു. 1830 ല്‍ സര്‍വകലാശാലയില്‍ ദൈവശാസ്ത്ര പഠനത്തിനു ചേര്‍ന്നു. ഏഴുകൊല്ലം അങ്ങനെ പോയി.
കോപ്പന്‍ഹേഗനിലെ ഒരു ധനികന്റെ മകളായ പതിനാലുകാരി റെജിന്‍ ഒാള്‍സനെ കീര്‍ക്കെഗാദ് 1837 ല്‍ കണ്ടു, ഇഷ്ടപ്പെട്ടു. അടുത്തവര്‍ഷം പിതാവു മരിച്ചു. മതത്തിലും ജീവിതത്തിലും പിതാവ് പ്രകടമാക്കിയ കാര്‍ക്കശ്യം നിറഞ്ഞ ബാല്യകാലം, കീര്‍ക്കെഗാദില്‍ നീറിനിന്നു. ആ പീഡനത്തില്‍നിന്ന് സ്വച്ഛമായി ഒഴുകാന്‍ മനസ്സ് വെമ്പി.പിതാവുമായി ബന്ധപ്പെട്ട ക്രൈസ്തവികത, തന്നെ തകര്‍ക്കുന്ന സ്വാധീനമായി 1835 ല്‍ തന്നെ കീര്‍ക്കെഗാദ് വിവരിച്ചു. അയാള്‍, പഠനം പാതിവഴിക്കു നിര്‍ത്തി, തനിക്കു പറ്റിയ ഒരാശയം തേടി അലഞ്ഞു; ആ ആശയത്തിനുവേണ്ടി, ജീവിക്കണം, മരിക്കണം. കലാകാരനായ ധനികയുവാവായി അയാള്‍ അലയുന്നതാണ് ജനം കണ്ടത്. എന്നാല്‍, കീര്‍ക്കെഗാദ് അക്കാലത്ത് എഴുതിയ ഡയറിക്കുറിപ്പുകളില്‍ കാണുന്നത്, കടുത്ത വിഷാദത്തിലാണ്ട ഒരാളെയാണ്. 81-ാം വയസ്സില്‍ മരിച്ച പിതാവുമായി അദ്ദേഹം സന്ധിചെയ്തതായും കാണുന്നു. പിതാവ് മരിക്കുമ്പോള്‍ കീര്‍ക്കെഗാദിന് 25 വയസ്സ്. 1840 സെപ്തംബര്‍ 10 ന് ഇരുവരുടെയും മനസ്സമ്മതം കഴിഞ്ഞപ്പോള്‍, അദ്ദേഹം കുടുംബജീവിതത്തിലേക്കു കടക്കുംപോലെ തോന്നി. അതല്ല, നടന്നത്. മനസ്സമ്മതം കഴിഞ്ഞ് കീര്‍ക്കെഗാദ്, പുരോഹിതനാകാനുള്ള പ്രായോഗിക പരിശീലനത്തിലായി; ജോലി ലക്ഷ്യംവച്ചാകാം, ഡോക്ടറേറ്റ് ഗവേഷണ പ്രബന്ധവും തുടങ്ങിവച്ചു. ആദ്യകുര്‍ബാന അര്‍പ്പിച്ചു. എന്നാല്‍, 1841 ഓഗസ്റ്റില്‍, മനസ്സമ്മത സമയത്ത് അണിഞ്ഞ മോതിരം, അയാള്‍ കാമുകിയെ തിരിച്ചേല്‍പ്പിച്ചു. നവംബറില്‍ ഡോക്ടറേറ്റ് പ്രബന്ധം വിജയകരമായി പൂര്‍ത്തിയാക്കി, അയാള്‍ ബര്‍ലിനിലേക്കു പോയി. അവിടെ ജര്‍മന്‍ തത്വചിന്തകനും ഹെഗലിന്റെ റൂംമേറ്റുമായ ഫ്രഡറിക് ഷെല്ലിങ്ങിന്റെ പ്രഭാഷണങ്ങള്‍ കേട്ടു. ഇക്കാലത്ത്, കാള്‍ മാര്‍ക്‌സും ആ പ്രഭാഷണങ്ങള്‍ കേട്ടിരുന്നു. എന്നാല്‍, മാര്‍ക്‌സും കിര്‍ക്കെഗാദും പരസ്പരം കണ്ടതിനു തെളിവില്ല. ഒരു ഭര്‍ത്താവിന്റെയും പിതാവിന്റെയും ജീവിതം തനിക്കു പറ്റില്ലെന്നും, അത്തരമൊന്നല്ല തന്റെ ദൗത്യമെന്നും തിരിച്ചറിഞ്ഞതാകാം, പ്രണയവിഛേദത്തിനു കാരണം.
1843 ഫെബ്രുവരി മുതല്‍ ഭിന്നതൂലികാനാമങ്ങളില്‍, അനവധി രചനകള്‍ അദ്ദേഹത്തില്‍നിന്നുണ്ടായി. എഴുത്തുകാരന്റെ ജീവിതമാണ്, 1855 നവംബര്‍ 11 ന് മരിക്കുംവരെ, കീര്‍ക്കെഗാദ് പിന്തുടര്‍ന്നത്. ജനരോഷം ക്ഷണിച്ചുവരുത്തി, അതില്‍ മുങ്ങിയായിരുന്നു, മരണം. 1846 ല്‍ ഡാനിഷ് ഹാസ്യവാരികയായ 'കോഴ്‌സെയറു'മായി തുടങ്ങിവച്ച പോരാട്ടമായിരുന്നു, ഇതിനു കാരണം. ഡാനിഷ് സഭയ്ക്കും അതിന്റെ മേധാവികള്‍ക്കുമെതിരായ കീര്‍ക്കെഗാദിന്റെ ആക്രമണം, വാരികയ്ക്ക് ഇഷ്ടപ്പെടാതെ, അദ്ദേഹത്തെ അത് പരിഹാസപാത്രമാക്കി. അദ്ദേഹത്തിന്റെ രൂപം, വസ്ത്രങ്ങള്‍, ഇളകിയുള്ള നടത്തം എന്നിവയെ കളിയാക്കി. ഒന്‍പതു ലക്കം മാത്രം നീണ്ട 'ദ ഇന്‍സ്റ്റന്റ്' എന്ന പത്രം സ്വന്തം നിലയ്ക്ക് ഇറക്കി മറുപടി പറയുന്നതിനിടയിലാണ്, അദ്ദേഹം വഴിയില്‍ കുഴഞ്ഞുവീണത്. ആറാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ മരിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് കാരണം എന്നാണ് കരുതുന്നത്. സ്വന്തം സഹോദരന്‍ പുരോഹിതനായിരുന്നെങ്കിലും, താനുള്‍പ്പെട്ട സഭയിലെ എമില്‍ ബോസന്‍ എന്ന ഉപദേശിയെ മാത്രമേ കീര്‍ക്കെഗാദ് കാണുമായിരുന്നുള്ളൂ. മരണക്കിടക്കയില്‍, ബോസനെ വിളിച്ച് കീര്‍ക്കെഗാദ് പറഞ്ഞു: ''എന്റെ ജീവിതം പൊങ്ങച്ചവും അഹന്തയും നിറഞ്ഞതാണെന്നു തോന്നിയിരിക്കാം; എന്നാല്‍, അത് മറ്റുള്ളവര്‍ക്ക് അജ്ഞാതമായ മഹാസഹനമായിരുന്നു.'' വിവാഹം കഴിക്കാത്തതിലും, ഒരു പദവി വഹിക്കാത്തതിലും അദ്ദേഹം അപ്പോള്‍ ഖേദിച്ചു. കീര്‍ക്കെഗാദിന്റെ വിലാപയാത്രയും ബഹളത്തില്‍ കലാശിച്ചു. തന്റെ ശവസംസ്‌കാരച്ചടങ്ങുകളില്‍ സഭ ഇടപെടരുതെന്ന് അദ്ദേഹം വിലക്കിയിരുന്നെങ്കിലും, സഭ അതിനു മുതിര്‍ന്നപ്പോള്‍, വിദ്യാര്‍ത്ഥിയായ അനന്തരവന്‍, സുഹൃത്തുക്കള്‍ക്കൊപ്പമെത്തി, ചോദ്യംചെയ്തു.
റെജീനുമായുള്ള പ്രണയം വിഛേദിച്ചശേഷം, സര്‍ഗശേഷിയുടെ അപാരമായ കുത്തൊഴുക്കില്‍, കീര്‍ക്കെഗാദ് 1843 ല്‍ എഴുതിയ മൂന്നു പുസ്തകങ്ങളില്‍ അവസാനത്തേതാണ്, അബ്രഹാമിന്റെ മനസ്സന്വേഷിക്കുന്ന, 'ഭയസംഭ്രമങ്ങള്‍, (Fear and Trembling ). ഭൗതികലോകം വിട്ട്, പ്രാപഞ്ചിക ലോകം എത്തിപ്പിടിക്കാനുള്ള വ്യഗ്രതയിലാണ്, പ്രണയവിഛേദം. ആ ദൗത്യം എത്തിപ്പിടിക്കാന്‍, ത്യാഗം അഥവാ ബലി ആവശ്യമുണ്ട്. അങ്ങനെ, ജീവിതത്തിനുനേരെ, വിശ്വാസവും ത്യാഗവും ഉരച്ചുനോക്കുന്ന പുസ്തകമാണ്, ഇത്. പ്രണയസാഫല്യമായി, വിവാഹം കാത്തുനിന്ന റെജീനെ, ബലികഴിക്കുകയായിരുന്നു അദ്ദേഹം; അത് ആത്മബലിയായിരുന്നു. പിതാവിന്റെ മതപരമായ കാര്‍ക്കശ്യത്തില്‍ തന്റെ ജീവിതം ബലിയര്‍പ്പിക്കപ്പെട്ടു എന്നു കരുതിയ കീര്‍ക്കെഗാദിന് പ്രണയബലി വലുതായി തോന്നിയിട്ടുണ്ടാവില്ല. അങ്ങനെ, അദ്ദേഹത്തെ സംബന്ധിച്ച്, പിതാവിന്റെ സ്ഥാനത്ത് അബ്രഹാം നിന്നു. മനഃശാസ്ത്രമറിയുന്നയാളായിരുന്നു, കീര്‍ക്കെഗാദ്. കാമുകിയെ ബലികഴിച്ചപ്പോഴുണ്ടായ വേദന, പിതാവ് തനിക്കു നല്‍കിയ വേദനകൊണ്ട് അദ്ദേഹം ഹരിച്ചിരിക്കാം. വിശ്വാസത്തിന്റെ കാര്യവും ഇതുതന്നെ. തനിക്ക് 'ഈ ജീവിതത്തില്‍' വിശ്വാസമുണ്ടായിരുന്നെങ്കില്‍, താന്‍ റെജീന്റെ കൂടെ കഴിയുമായിരുന്നുവെന്ന്, അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളില്‍ കാണുന്നു. എന്നാല്‍, അതിനും ബലി വേണ്ടിയിരുന്നു- എഴുത്തുകാരന്‍ എന്ന നിലയ്ക്കുള്ള ജീവിതത്തിന്റെ ബലി. ഒരു ബലിയും എളുപ്പമല്ല. അബ്രഹാമിനെയും മകന്‍ ഇസഹാക്കിനെയും മരണം വേര്‍പെടുത്തുമായിരുന്നു. ഇസഹാക്കാണ്, അതിന്റെ ഇര. ദൈവം തന്നെയാണ്, ഇവിടെ മരണദൂതന്‍. ഇതിനപ്പുറം കടുത്ത ഒരു പരീക്ഷണം മനുഷ്യന് ഇല്ല. മരണദൂതനെയാണു ശപിക്കാറുള്ളത്; ഇവിടെ അതും വയ്യ. അബ്രഹാമിന്, സ്വന്തം നെഞ്ചില്‍ കത്തി കുത്തിയിറക്കാമായിരുന്നു. ആ മലഞ്ചെരിവില്‍ ആടുകള്‍ മേയുന്നുണ്ടായിരുന്നു. അതിലൊന്നിനെ പകരമെടുക്കൂ എന്നു യാചിക്കാമായിരുന്നു. ഒടുവില്‍ ദൈവമെടുത്തത് ആടിനെയായിരുന്നല്ലോ. എന്നാല്‍, അയാള്‍ വിശ്വാസത്തില്‍ മുറുകെപ്പിടിച്ച്, മകനെ ത്യജിക്കാന്‍ നിന്നു. അങ്ങനെ, ബലി, കൊലയല്ലാതായി; അതു നേര്‍ച്ചയായി. എന്താണു വിശ്വാസം? ദൈവം ഇസഹാക്കിന്റെ ജീവനെടുക്കില്ല എന്നതാണ്, അത്. അയാള്‍ ഒരു നിമിഷവും ശങ്കിച്ചില്ല. ദൈവത്തോട്, 'പോ മോനേ ദിനേശാ' എന്നു പറഞ്ഞ്, അബ്രഹാമിന്, മകനെയുംകൊണ്ടു സ്ഥലംവിടാമായിരുന്നു. വീടണഞ്ഞാല്‍, അവിടെ ഭാര്യ സാറയുണ്ടാകും. അവള്‍ക്കൊപ്പം സഹശയനമാകാം. മകന്‍ കൂടെയുണ്ടാകും. പക്ഷേ, ഒന്നും പഴയപോലെ ആയിരിക്കില്ല. ജീവിതം പലായനവും ഈശ്വരേച്ഛ ഹാസ്യവുമായിത്തീരും. 'മോറയ ഗിരിനിരകളിലേക്കു നടത്തിയ യാത്ര' എന്ന പേരില്‍ ഒരു പീറകൃതി എഴുതാം. അത്രമാത്രം. പരമമായ പരീക്ഷണത്തെ അതിജീവിച്ച്, മരണത്തിനു മുന്‍പേ മരണത്തെ ദര്‍ശിച്ച്, അബ്രഹാം അമരനായി. പുസ്തകത്തിനൊടുവില്‍, കീര്‍ക്കെഗാദ്, നമുക്കുമുന്നില്‍, സോക്രട്ടീസിനെ ആനയിക്കുന്നു. ധിഷണാശാലിയായ ദുരന്തനായകനാണ്, സോക്രട്ടീസ്. രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, ഇ.കെ. നായനാര്‍, മുഖ്യമന്ത്രിസ്ഥാനത്തേക്ക്, സുശീലാ ഗോപാലനെ തോല്‍പിച്ചത്. വെറും മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, സോക്രട്ടീസിന്, വധശിക്ഷ വിധിച്ചത്. ആ വിധിച്ച നിമിഷം, സോക്രട്ടീസ് മരിച്ചു. അയാള്‍, അധികാരികള്‍ കൊല്ലാന്‍ കാത്തുനിന്നില്ല. ആ മരണം, പ്രാണന്റെ കരുത്താണ്. അത്, മരണത്തിനു മുന്‍പുള്ള മരണമാണ്; ഭീഷ്മരുടേതെന്നപോലെ, സ്വച്ഛന്ദമൃത്യു. നായകനെന്ന നിലയില്‍, സോക്രട്ടീസ് ശാന്തനാണ്. ധിഷണശാലിയായ നായകനെന്ന നിലയില്‍, സ്വയം പൂര്‍ണനാകാന്‍ അയാള്‍ ആത്മാവിന്റെ കരുത്തുകൂടി കാട്ടണം. അതിന്, സാധാരണ ദുരന്തനായകനെപ്പോലെ, മരണവുമായി മുഖാമുഖം കണ്ടാല്‍ പോരാ. താന്‍ സംഘര്‍ഷങ്ങള്‍ക്ക് അതീതനാണെന്ന് അയാള്‍ തെളിയിക്കണം. അത്, ആ നിമിഷംതന്നെ വേണം താനും. വധശിക്ഷാവിധി കേട്ട് തടവറയിലേക്ക് മടങ്ങി, തൂക്കുമരവും കാത്ത് സോക്രട്ടീസ് കാലയാപനം ചെയ്തിരുന്നുവെങ്കില്‍, അദ്ദേഹം സ്വന്തം ജീവിതത്തിന്റെ ഫലശ്രുതിയെ ദുര്‍ബ്ബലമാക്കിയേനെ. നാം അയാളെ ഓര്‍ക്കുമായിരുന്നില്ല. മരണത്തെ അതിജീവിക്കുന്നതാണ്, മഹത്വം. അതുകൊണ്ടാണ്, 'ജ്ഞാനേശ്വരി'യില്‍ ജ്ഞാനേശ്വര്‍ പറഞ്ഞത്- വേഷപ്രച്ഛന്നമായി എത്തിയ മരണമാണ്, ജീവിതം.
No comments:
Post a Comment