Wednesday, 12 June 2019

അങ്ങനെ ചെഗുവേര കൊല്ലപ്പെട്ടു

1967 ഒക്‌ടോബര്‍ ഒന്‍പത് ഉച്ചയ്ക്ക് 1.10 ന്, ഏണസ്റ്റോ ചെ ഗുവേരയെ, ബൊളീവിയന്‍ പട്ടാളത്തിലെ സര്‍ജന്റ്, ജെയ്മി മരിയോ ടെറാന്‍ വെടിവച്ചുകൊന്നു. അയാള്‍ ചെയുടെ മുഖത്തുനോക്കിയില്ല. നെഞ്ചിലും ശരീരത്തിന്റെ ഒരു വശത്തും നിറയൊഴിച്ചു. ആ സ്‌കൂള്‍ മുറിയിലേക്ക് പിന്നെ നിരവധി പട്ടാളക്കാര്‍ ഇരച്ചെത്തി, തലങ്ങും വിലങ്ങും ചെയെ വെടിവച്ചു. ചെ യെ കൊല്ലാന്‍, ജെയ്മിയെ തെരഞ്ഞെടുത്തത്, സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്‌സ് ആയിരുന്നു. ലാ ഹിഗേ്വരയിലെ സ്‌കൂള്‍ മുറിയില്‍, ചെളിയില്‍ കിടക്കുകയായിരുന്നു, ചെ. കൈകള്‍ രണ്ടും പിന്നിലേക്ക് ചേര്‍ത്തുകെട്ടിയിരുന്നു. കാലുകള്‍ രണ്ടും കൂട്ടിക്കെട്ടിയിരുന്നു. സഹഗറിലകളുടെ ശവങ്ങള്‍ക്കിടയിലാണ്, അയാള്‍ കിടന്നത്. സിഐഎ ഏജന്റ് റോഡ്രിഗ്‌സ് ചെയെ കണ്ടപ്പോള്‍, ചെ, ഭാര്യയ്ക്കും ഫിഡല്‍ കാസ്‌ട്രോയ്ക്കുമുള്ള സന്ദേശങ്ങള്‍ നല്‍കി. അവര്‍ ആലിംഗനം ചെയ്തു. പുറത്തിറങ്ങിയ റോഡ്രിഗ്‌സ്, കൊലയാളിയെ, മുറിക്കകത്തേക്ക് അയച്ചു. ജെയ്മി, ലഫ്റ്റനന്റ് പെരെസില്‍നിന്ന്, എം2 കാര്‍ബൈണ്‍ കടം വാങ്ങി, മുറിക്കുള്ളിലേക്ക് കയറി. വയനാട്ടില്‍ കൊല്ലപ്പെട്ട നക്‌സല്‍ നേതാവ്, അടിമകളുടെ പെരുമന്‍, വര്‍ഗീസുമായി ചെ യ്ക്ക് പല സാമ്യങ്ങളുമുണ്ട്. ഡിഐജി ലക്ഷ്മണ, കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരെ, വര്‍ഗീസിനെ കൊല്ലാന്‍ തെരഞ്ഞെടുത്തതുപോലെയല്ലേ, റോഡ്രിഗ്‌സ്, ജെയ്മിയെ തെരഞ്ഞെടുത്തത്? കണ്ണൂരില്‍ താന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍, വര്‍ഗീസ് ഓഫിസ് സെക്രട്ടറിയായിരുന്നുവെന്ന്, എം.വി.രാഘവന്‍ എന്നോടു പറഞ്ഞിട്ടുണ്ട്; പിണറായി വിജയനും നക്‌സലൈറ്റായിരുന്നു. എകെജി മടക്കിക്കൊണ്ടുവന്നതാണ്. 

ചെയുടെ മരണത്തെപ്പറ്റി ഇനി, സംശയങ്ങള്‍ക്ക് ന്യായമില്ല; കുറെ രേഖകള്‍, സിഐഎ, രഹസ്യ സ്വഭാവം ഉപേക്ഷിച്ച് പുറത്തുവിട്ടിട്ടുണ്ട്. ചെയെ കൊന്ന ബൊളീവിയന്‍ പട്ടാളത്തിന്റെ രണ്ടാം റേഞ്ചര്‍ ബറ്റാലിയന്റെ കമാന്‍ഡര്‍ ഗാരി പ്രദോ സാല്‍മണ്‍ തന്നെ എഴുതിയ 'ദ ഡിഫീറ്റ് ഓഫ് ചെ ഗുവേര' എന്ന പുസ്തകം, ഡൽഹി  ദാരിയഗഞ്ചിലെ ഒരു ഗുദാമില്‍നിന്ന് ഒരിക്കല്‍ എനിക്ക് കിട്ടി. ചെയുടെ അന്ത്യത്തെപ്പറ്റി ലീ ആന്‍ഡേഴ്‌സന്‍ എഴുതിയ വിഖ്യാതമായ ജീവചരിത്രത്തിലുണ്ട്. അന്ത്യത്തെപ്പറ്റി മാത്രം രണ്ടു പുസ്തകങ്ങളുണ്ട്: ജോര്‍ജ് കാസ്റ്റനേഡ എഴുതിയ, The Life and Death of Che Guevara. ബട്ടര്‍ഫീല്‍ഡ് റയാന്‍ എഴുതിയ, The Fall of Che Guevara. ബ്രയാന്‍ ലാറ്റെല്‍ എന്ന സിഐഎ അനലിസ്റ്റ്, 1965 ഒക്‌ടോബര്‍ 18 ന് സിഐഎയെ അറിയിച്ച വിശകലനത്തില്‍, ചെയും ഫിദലും തമ്മിലുള്ള വിള്ളല്‍ പരാമര്‍ശിക്കുന്നു. അക്കാലത്ത്, ചെയെ ക്യൂബയില്‍ പുറത്തുകണ്ടിരുന്നില്ല; അദ്ദേഹത്തിന് സംഭവിച്ചതെന്ത് എന്ന ആകാംക്ഷ വളര്‍ന്നിരുന്നു. അന്ന്, ക്യൂബന്‍ വിപ്ലവ നേതാവ് എന്ന നിലയില്‍, ചെയുടെ പ്രാമുഖ്യം നഷ്ടപ്പെട്ടിരുന്നു. ത്വരിത വ്യവസായവികസനം എന്ന ചെയുടെ സാമ്പത്തികനയം, ക്യൂബയെ കുത്തുപാള എടുപ്പിച്ചു, ഫിദലിന്റെ ഭരണത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചു. ഫിദലും കൂട്ടരും ക്യൂബന്‍ വിപ്ലവംകൊണ്ടുണ്ടായ ആഭ്യന്തര കുഴപ്പങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴും, ഗറിലാ വിപ്ലവ തന്ത്രത്തില്‍ ചെ ഉറച്ചുനിന്നു. ചെയ്ക്ക് വിരുദ്ധമായി, ഈ പ്രശ്‌നങ്ങളില്‍ ഫിദല്‍ എടുത്ത മുന്‍കരുതലോടെയുള്ള സമീപനം, ചെയെ പതനത്തില്‍ എത്തിച്ചു. അതിനാല്‍, ചെ, ക്യൂബയില്‍ ഇല്ല എന്നാണ്, ലാറ്റെലിന്റെ വിശകലനം. 1966 സെപ്തംബര്‍ -1967 ജൂണ്‍ കാലത്ത്, സിഐഎയ്ക്ക് കിട്ടിയ രഹസ്യവിവരങ്ങളുടെ സംഗ്രഹം, 1967 ഒക്‌ടോബര്‍ 17 ലെ സിഐഎ ഇന്റലിജന്‍സ് കേബിളില്‍ ഉണ്ട്. ചെയുടെ ഗറിലാ യുദ്ധമുറ, ചെയുടെ ബൊളീവിയന്‍ ദൗത്യം എന്നിവയെപ്പറ്റി, സോവിയറ്റ് യൂണിയനും ക്യൂബയും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. സോവിയറ്റ് പ്രധാനമന്ത്രി അലക്‌സി കോസിജിന്‍, 1967 ജൂണില്‍ ഹവാനയിലെത്തി, ഫിദലുമായി ഭിന്നതകള്‍ ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചവഴി ഭിന്നതകള്‍ മൂര്‍ച്ഛിച്ചു. സോവിയറ്റ് യൂണിയന്‍ ലാറ്റിനമേരിക്കയില്‍ അംഗീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുണ്ട്. അവയുമായി സംഘര്‍ഷത്തിലാകാനേ, വിപ്ലവം ക്യൂബയില്‍നിന്നു മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുക എന്ന ചെയുടെ നയം ഉതകിയുള്ളൂ എന്നായിരുന്നു, സോവിയറ്റ് യൂണിയന്റെ വിലയിരുത്തല്‍. ഫിദലിന്റെ മന്ത്രിസഭയില്‍നിന്ന് രാജിവച്ച് ചെ എഴുതിയ വിടപറയല്‍ സന്ദേശം, ചെയുടെ ആഗ്രഹത്തിനു വിരുദ്ധമായി, 1965 ഒക്‌ടോബര്‍ മൂന്നിന്, ഫിദല്‍ പരസ്യമായി, പ്രസംഗത്തിനിടെ വായിച്ചിരുന്നു. ''ക്യൂബന്‍ വിപ്ലവത്തിലെ എന്റെ കടമ ഞാന്‍ നിര്‍വഹിച്ചു, സഖാക്കളെ, നിങ്ങള്‍ക്ക് വിട'' എന്നായിരുന്നു, സന്ദേശം. 
ഫെലിക്സ് റോഡ്രിഗ്‌സ് 
ചെ, ദുര്‍ബലനാകാന്‍ തുടങ്ങിയത് 1964 ആരംഭത്തിലാണ്. 1963 അവസാനം, ചെയുടെ ത്വരിത വ്യവസായ വികസന പദ്ധതി ക്യൂബയെ വെള്ളത്തിലാക്കി. അത് സോവിയറ്റ് മാതൃകയല്ല, ചൈനീസാണ് എന്ന വിമര്‍ശനമുണ്ടായി. 1964 ജൂലൈയില്‍, ക്യൂബന്‍ മന്ത്രിസഭയില്‍, ചെയുടെ തലയ്ക്ക് മുകളിലൂടെ രണ്ടു നിയമനങ്ങള്‍ ഉണ്ടായി. ലാറ്റിനമേരിക്കയിലെ വിവിധരാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും വിപ്ലവം കയറ്റുമതി ചെയ്യാനുള്ള ചെയുടെ പദ്ധതി, അവതാളത്തിലായി. അങ്ങനെ 1964 ഡിസംബറില്‍, ചെ, മൂന്നുമാസത്തേക്ക്, അമേരിക്ക, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ യാത്ര പോയി. തിരിച്ചെത്തിയപ്പോള്‍, സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ നയങ്ങള്‍ നിരാകരിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹം വിപ്ലവ കയറ്റുമതിക്ക് ബൊളീവിയയില്‍ പോയത്. 1966 സെപ്തംബര്‍ രണ്ടാംവാരത്തിനും നവംബര്‍ ആദ്യവാരത്തിനുമിടയില്‍ ചെ, വ്യാജ ഉറുഗ്വേ പാസ്‌പോര്‍ട്ടില്‍, ബൊളീവിയയില്‍ എത്തി. ബൊളീവിയയില്‍ വിപ്ലവം മൂന്നു കാരണങ്ങള്‍കൊണ്ട് നടത്താന്‍ ചെ ആഗ്രഹിച്ചു: അമേരിക്കയ്ക്ക് അവിടെ ശ്രദ്ധയില്ല; അഞ്ച് രാജ്യങ്ങളുമായി ബൊളീവിയ അതിര്‍ത്തി പങ്കിടുന്നതിനാല്‍, ആ രാജ്യങ്ങളിലേക്കും വിപ്ലവം കയറ്റുമതി ചെയ്യാം. ബൊളീവിയ ദരിദ്രമായതിനാല്‍, വിപ്ലവത്തിനു പാകമാണ്. മൗലികമായ ഒരാശയവും ഇല്ലാതിരുന്നയാളാണ് ചെ. ക്യൂബ വിപ്ലവത്തിന്റെ ഇടത്താവളം മാത്രമാണെന്ന മണ്ടന്‍ ആശയം മാത്രം, മൗലികമാണെന്നു പറയാം. 
മരിയോ ടെറൻ 
ചെയുടെ ഗറിലാ സംഘത്തിന് 1967 മാര്‍ച്ച്-ഓഗസ്റ്റ് കാലത്ത്, ബൊളീവിയന്‍ പട്ടാളത്തിനുമേല്‍, ചില വിജയങ്ങളുണ്ടായി. പട്ടാളത്തിലെ അംഗസംഖ്യ 20,000 മാത്രം; 30 പട്ടാളക്കാര്‍ മരിക്കുമ്പോള്‍, ഒരു ഗറില എന്നതായിരുന്നു, നില. 1967 ഏപ്രില്‍ 28 ന്, ബൊളീവിയന്‍ പട്ടാളത്തിലെ ജനറല്‍ ഒവാന്‍ഡോയും യുഎസ് പട്ടാളത്തലവനും തമ്മില്‍ ധാരണാ പത്രം ഒപ്പിട്ടു. ബൊളീവിയന്‍ സേനയുടെ രണ്ടാം ബറ്റാലിയന്റെ പരിശീലനം, ഏകോപനം എന്നിവ യുഎസ് പട്ടാളം നിര്‍വഹിക്കും എന്നതായിരുന്നു, ധാരണ. നാലുമാസത്തെ പരിശീലനത്തിനുശേഷം, 650 അംഗ പ്രത്യേക സേന, ചെയുടെ ഗറിലാ സംഘത്തെ പിന്തുടരും. പാനമയിലെ സൗത്ത്‌കോമിലുള്ള യുഎസ് പ്രത്യേകസേനയുടെ എട്ടാം ഡിവിഷനിലെ 16 അംഗ ഗ്രീന്‍ ബെറെറ്റ് സംഘത്തിനായിരുന്നു, പരിശീലന ദൗത്യം. ഇതുവഴിയാണ്, ഒക്‌ടോബറില്‍ ബൊളീവിയന്‍ പട്ടാളത്തിന്റെ രണ്ടാം ബറ്റാലിയന്‍, സിഐഎ സഹായത്തോടെ ചെയുടെ സംഘത്തെ നാനാവിധമാക്കിയത്. ധാരണാപത്രമനുസരിച്ച്, സിഐഎ ക്യൂബന്‍-അമേരിക്കക്കാരനായ ഏജന്റ്,ഫെലിക്‌സ് റാമോസ് (റോഡ്രിഗ്‌സ്) മെദീനയെ ദൗത്യം ഏല്‍പിച്ചു. എഡ്വേര്‍ഡോ ഗോണ്‍സാല്‍വസ് ആയിരിക്കും സഹായി. ഇരുവരും ഓഗസ്റ്റ് രണ്ടിന്, ലാപാസിലെ സിഐഎ സ്റ്റേഷനില്‍, മേധാവി ജോണ്‍ ടില്‍ട്ടണെ കണ്ടു. കേസ് ഓഫിസര്‍ 'ജിം' (വ്യാജനാമം), അവിടെയുണ്ടായിരുന്നു. ഗുസ്താവോ വില്ലാഡോ ഉടനെത്തും. ഓഗസ്റ്റ് 31 ന് ചെയുടെ സംഘത്തിന്റെ മൂന്നിലൊന്ന്, പോരാട്ടത്തില്‍ നശിച്ചു. ഹൊസെ കാസ്റ്റിലോ ഷാവേസ് (പാക്കോ എന്ന് ഓമനപ്പേര്) പിടിക്കപ്പെട്ടു. ഗറിലകള്‍ പിന്‍വാങ്ങി. ചെയുടെ ആരോഗ്യം മോശമായി. സെപ്തംബര്‍ മൂന്നിന്, റോഡ്രിഗ്‌സും ബൊളീവിയന്‍ പട്ടാളത്തിലെ മേജര്‍ അര്‍നാള്‍ഡോ സെന്റേനയും സാന്താക്രൂസില്‍ നിന്ന് പാക്കോയെ ചോദ്യം ചെയ്യാന്‍, വല്ലെ ഗ്രാന്‍ഡേയിലേക്ക് പോയി. അതില്‍നിന്നാണ്, റോഡ്രിഗ്‌സിന് ചെ എവിടെയുണ്ടെന്ന സൂചന കിട്ടിയത്. അയാളാണ്, പട്ടാളത്തോട് അങ്ങോട്ടുനീങ്ങാന്‍ ഉത്തരവിട്ടത്. സെപ്തംബര്‍ 24 ന് ചെയും സംഘവും, ക്ഷീണിതരായി, രോഗികളായി, ലോമാ ലാര്‍ഗയിലും 26 ന് ലാ ഹിഗ്വേരയിലും എത്തി. ഗ്രാമീണര്‍ എല്ലാവിവരവും പട്ടാളത്തിനു നല്‍കി. നാട്ടുകാര്‍ക്ക് വിപ്ലവത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല; ഒരു സ്വയംഭോഗ വിപ്ലവം. 30 ന് ഗ്രാന്‍ഡെ നദിക്കു തെക്ക്, ചെയും സംഘവും, വല്ലെ സെറാഗോ കാട്ടിലെ കെണിയില്‍ അകപ്പെട്ടു. വിപ്ലവം കയറ്റുമതി ചെയ്യാന്‍ പുറപ്പെട്ട് 11 മാസം തികഞ്ഞ ഒക്‌ടോബര്‍ ഏഴിന്, ചെ ഡയറിയില്‍, അവസാന വരികള്‍ കുറിച്ചു. ആടുവളര്‍ത്തുന്ന ഒരു വൃദ്ധ അവരെ കണ്ടത് പട്ടാളത്തെ അറിയിക്കാതിരിക്കാന്‍, 50 പീസോ കോഴ കൊടുത്ത വിവരമാണ്, അത്. ചുറോ മലയിടുക്കില്‍, ചെയും 17 ഗറിലകളും എത്തിയെന്ന വിവരം, പട്ടാളത്തിനു കിട്ടി. രണ്ടുപേരെ കൊന്നു. 'അന്റോണിയോ', 'കാര്‍ട്ടൂഗ', 'റമോണ്‍', 'വില്ലി' (വ്യാജപ്പേരുകള്‍) എന്നിവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍, റമോണ്‍ ആയിരുന്നു, ചെ. വലംകൈ, സൈമണ്‍ ക്യൂബ സരാബിയ ആയിരുന്നു, വില്ലി. ചെയ്ക്ക്, കാലില്‍ വെടിയേറ്റു. അടുത്തനാള്‍, ഒക്‌ടോബര്‍ എട്ടിന് ചെയും കൂട്ടരും യൂറോ പുഴക്കരയിലുണ്ടെന്ന് ഒരു വൃദ്ധ പട്ടാളത്തെ അറിയിച്ചു. ഇത്, കോഴ കിട്ടിയ വൃദ്ധയാണോ എന്നറിയില്ല. ഉച്ചയ്ക്ക് 12 ന്, ജനറല്‍ പ്രാദോ രണ്ടുഗറിലകളെ കൊന്നു. മറ്റുള്ളവര്‍ക്ക് പരുക്കേറ്റു. ഒന്നരയ്ക്കായിരുന്നു, അവസാന പോരാട്ടം. ചെ, സരാബിയയ്ക്ക് പിന്നില്‍നിന്നു. കാലില്‍ പല കുറി വെടിയേറ്റു. സരാബിയ, ചെയെ പൊക്കിയെടുത്ത് നീങ്ങി. ചെയുടെ തൊപ്പി വെടിയുണ്ടയേറ്റ് താഴെ വീണു. വെറും പത്തുവാര അകലെ, ചെ, റേഞ്ചേഴ്‌സിനെ കണ്ടു. ഒറ്റക്കൈ കൊണ്ട് ചെയ്ക്ക്, തോക്കുയര്‍ത്താനായില്ല. വലതുകാലില്‍ വെടിയേറ്റു. തോക്കു താഴെവീണു. വലതുകൈ വെള്ളയില്‍ ഒരു വെടിയുണ്ട തുളച്ചുകയറി. സേന, ചെയെ വളഞ്ഞു. ''വെടിവയ്ക്കരുത്, ഞാനാണ്, ചെ ഗുവേര, ഞാന്‍ ജീവിക്കുന്നതാണ്, നിങ്ങള്‍ക്ക് നന്ന്,'' ചെ പറഞ്ഞു. പ്രാദോ സന്ദേശമയച്ചു: Hello Saturn, We have Papa. സാറ്റേണ്‍ എന്നത് എട്ടാം ബൊളീവിയന്‍ പട്ടാള ഡിവിഷന്റെ മേധാവി, കേണ്‍ ജൊയാക്വിം സെന്റേന. പപ്പ എന്നാല്‍, ചെ. 'ഓപ്പറേഷന്‍ പപ്പ' എന്നായിരുന്നു, ആ ദൗത്യത്തിന്റെ പേര്. ഒരു കമ്പിളിപ്പുതപ്പില്‍, ഏഴു കിലോമീറ്ററകലെ ലാ ഹിഗ്വേരയിലേക്ക്, നാലു പട്ടാളക്കാര്‍, ചെയെ വഹിച്ചു. ചെ, സരാബിയ എന്നിവരെ ഒരു മുറിയിലാക്കി. രാത്രി വേറെ ഗറിലകളും തടവുകാരായി എത്തി. ചെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വ്യാജ സന്ദേശം പട്ടാളം കൈമാറി. അടുത്തനാള്‍, റോഡ്രിഗ്‌സ്, സെന്റേനയ്‌ക്കൊപ്പം ഹെലികോപ്റ്ററില്‍, ലാ ഹിഗ്വേരയിലെത്തി. റേഡിയോയും ക്യാമറയും അയാള്‍ക്കൊപ്പമുണ്ടായിരുന്നു. ആശയവിനിമയ വിദഗ്ദ്ധനായിരുന്നു, റോഡ്രിഗ്‌സ്. ചെ യെ ജീവനോടെ പിടിക്കാനായിരുന്നു, സിഐഎ ആജ്ഞ. എന്നാല്‍ ബൊളീവിയന്‍ പ്രസിഡന്റ് റെനെ ബാരിയന്റോസിന്റെ ആജ്ഞയാണ്, അയാള്‍ കേട്ടത്: ചെയെ കൊല്ലുക. ചെയുടെ മുഖത്തു വെടിവയ്ക്കരുതെന്ന് റോഡ്രിഗ്‌സ് പറഞ്ഞു. അങ്ങനെയുണ്ടായാല്‍, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നു തോന്നും. മുറിയിലേക്ക് ചെന്ന്, ചെയെ കൊല്ലുമെന്ന വിവരം, റോഡ്രിഗ്‌സ്, അദ്ദേഹത്തെ അറിയിച്ചു. 
ഗാരി പ്രാദോ സാൽമൺ 
കൊലയ്ക്കുശേഷം, ചെയുടെ റോളക്‌സ് വാച്ച്, റോഡ്രിഗ്‌സ് ഊരിയെടുത്തു. ജഡത്തില്‍ നിന്ന്, ചെയുടെ കൈകള്‍ ഗുസ്താവോ വില്ലോഡോ വെട്ടി; മരിച്ചതിനു തെളിവ്. വില്ലാ ഗ്രാന്‍ഡെയിലെ വിജനമായ വിമാനമിറക്കാനുള്ള മൈതാനത്ത്, ജഡം മറവുചെയ്തു. ആ രഹസ്യ സ്ഥലം 1997 ജൂണില്‍ കണ്ടെത്തി. കൊല്ലും മുന്‍പ്, തനിക്ക് എണീറ്റു നില്‍ക്കണം എന്നു ചെ പറഞ്ഞപ്പോള്‍, സര്‍ജന്റ് ജയ്മി പേടിച്ചു. എണീറ്റുനിന്ന ചെ പറഞ്ഞു: ''ഇതറിയുക, നീ ഒരു മനുഷ്യനെയാണ് കൊല്ലുന്നത്.'' ക്യൂബയില്‍ പോകാത്തവനാണ്, ക്യൂബാ മുകുന്ദന്‍; എം.എ.ബേബിയുടെ തീര്‍ത്ഥാടന കേന്ദ്രമാണ് ക്യൂബ. ബേബിയാണ് തന്നെ ക്യൂബയില്‍ കൊണ്ടുപോയതെന്നു നടന്‍ മുരളി എന്നോടു പറയുകയുണ്ടായി. ഫിദല്‍ കാസ്‌ട്രോ പ്രസംഗിച്ചു നില്‍ക്കുന്നിടത്തുനിന്നു പോയി, ലഹരി രുചിച്ച് അഞ്ചാറു മണിക്കൂര്‍ കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴും, ഫിദല്‍ കാസ്‌ട്രോ, പ്രസംഗിച്ചു തന്നെ നില്‍ക്കുന്നു. എന്തൊരസംബന്ധ നാടകം! ഇവിടെ നാല്‍ക്കവലകളില്‍, പാര്‍ട്ടി പോസ്റ്ററുകളില്‍ ഗുരുവിനും ചട്ടമ്പിക്കും വിവേകാന്ദനുമൊപ്പമാണ്, ചെ. ഇവരും, ചെയുമായി എന്താണ് ബന്ധം? എവിടെയാണ്, അഗാധത? ക്യൂബയിലെ അച്യുതാനന്ദനാണ് ഫിദല്‍ എന്നല്ലേ യെച്ചൂരി പറഞ്ഞത്? ചെഗുവേരയെ പൂവിട്ടു പൂജിക്കുന്നവരോട് ഒന്നുചോദിക്കട്ടെ. കൊല്‍ക്കത്ത തീസിസ് എന്ന പേരില്‍ 1948 ല്‍ തന്നെ ചെയുടെ സിദ്ധാന്തം, ഇവിടെ വന്നിരുന്നില്ലേ? അപ്പോള്‍, പി.സുന്ദരയ്യയും ബി.ടി.രണദിവെയും പി. കൃഷ്ണപിള്ളയും കെ.വി.പത്രോസുമല്ലേ കേമന്മാര്‍? പത്രോസിന്റെ ചിത്രം, സഖാവേ, എവിടെപ്പോയി?
കൊലയാളികൾ 
ഫെലിക്‌സ് റോഡ്രിഗ്‌സ് മെന്‍ഡി ഗുട്ടിയ: ചെയെ കൊന്നതില്‍ മാത്രമല്ല, ബേ ഓഫ് പിഗ്‌സ് കീഴടക്കിയതിലും പങ്ക്. 1941 മെയ് 31 ന് ജനനം. ക്യൂബന്‍ അമേരിക്കന്‍. ഇറാന്‍-കോണ്‍ട്രാ പ്രശ്‌നകാലത്ത് ജോര്‍ജ് ബുഷിന്റെ സുഹൃത്ത്. ബാറ്റിസ്റ്റ മന്ത്രിസഭയില്‍ മരാമത്തു മന്ത്രിയായിരുന്നു പിതാവ്. ധനിക കുടുംബം. കാസ്‌ട്രോ വന്നപ്പോള്‍, കുടുംബാംഗങ്ങളില്‍ പലരെയും കൊന്നു.
മരിയോ ടെറാന്‍: ചെയെ വെടിവച്ചുകൊന്നയാള്‍. 74 വയസ്സ്. വിവാഹിതന്‍, അഞ്ചുമക്കള്‍. ബൊളീവിയന്‍ നഗരമായ സാന്താക്രൂസില്‍, പെദ്രോ സലാസര്‍ എന്ന പേരില്‍ രഹസ്യജീവിതം. സിഐഎ സംരക്ഷിക്കുന്നു. 2006 ല്‍ വ്യാജനാമത്തില്‍, തിമിരത്തിന് ക്യൂബന്‍ ഡോക്ടര്‍മാര്‍ ചികിത്സിച്ചു, കാഴ്ച തിരിച്ചുകിട്ടി. രണ്ടുവര്‍ഷം മുമ്പാണ്, ഇയാളാണ് വെടിവച്ചതെന്നു കണ്ടെത്തിയത്.
ഗാരി പ്രാദോ സാല്‍മണ്‍: ചെയെ കൊന്ന സേനാ കമാന്‍ഡര്‍. 1938 ല്‍ ജനനം. ഇപ്പോള്‍, ബൊളീവിയയെ വിഭജിക്കാന്‍ ശ്രമിച്ച ഭീകരരെ തുണച്ച കേസില്‍ വീട്ടുതടങ്കലില്‍. ചെയെ പിടിച്ച കഥ 'ചെയുടെ തോല്‍വി' എന്ന പേരില്‍ പുസ്തകമാക്കി

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...