ഫിദല്‍ കാസ്‌ട്രോയുടെ ഏറ്റവും വലിയ വിമര്‍ശക സ്വന്തം മകള്‍ അലീന റവ്യൂള്‍ട്ട ഫെര്‍ണാണ്ടസ് തന്നെയായിരുന്നു; മകളുടെ പേരിന്റെ കൂടെ കാസ്‌ട്രോ എന്നില്ല. കാസ്‌ട്രോയാണ് അച്ഛനെന്ന് പത്താം വയസിലാണ് അലീന അറിഞ്ഞത്. പന്ത്രണ്ടാം വയസില്‍ തന്റെ പേരു കൂടെ വയ്ക്കാമെന്ന് കാസ്‌ട്രോ പറഞ്ഞപ്പോള്‍, അവള്‍ നിരസിച്ചു. അവള്‍ കാസ്‌ട്രോയുടെ മകള്‍ മാത്രമായിരുന്നില്ല: കാസ്‌ട്രോയുടെ വെപ്പാട്ടിയുടെ മകള്‍ ആയിരുന്നു. നതാലിയ റവ്യൂള്‍ട്ട ക്ലൂസ് ആയിരുന്നു വെപ്പാട്ടി. വിപ്ലവകാലത്തെ ക്യൂബയിലെ ഏറ്റവും ധനികയായ സുന്ദരി; നിശാപാര്‍ട്ടികളിലെ സ്ഥിരക്കാരി; വിവാഹിത.
2015 മാര്‍ച്ച് നാലിന് 89-ാം വയസിലാണ് നതാലിയ എന്ന നാറ്റി മരിച്ചത് എന്നുപറഞ്ഞാല്‍, കാസ്‌ട്രോയ്ക്കും അവര്‍ക്കും ഒരേ പ്രായമായിരുന്നു എന്നറിയാം. ക്യൂബയിലെ ധനികസമൂഹത്തില്‍ ഏറ്റവും സുന്ദരിയായി കരുതപ്പെട്ട നാറ്റി, കാസ്‌ട്രോയുടെ കാമുകിയായി, വിപ്ലവത്തിനുവേണ്ടി, ആഭരണങ്ങള്‍ പണയം വച്ചു. അയാളുടെ മകളെ, അവിഹിത ഗര്‍ഭത്തില്‍ ചുമന്നു. വിപ്ലവം ജയിച്ചപ്പോള്‍ കാസ്‌ട്രോ, നാറ്റിയെ തള്ളിക്കളഞ്ഞെങ്കിലും, നാറ്റി ആ ‘പരമാവധി നേതാവി’നെ ആരാധിച്ചു.
ഹവാനാ സര്‍വകലാശാലയുടെ ചന്ദ്രപ്രകാശം വഴിഞ്ഞ പടികളില്‍, 1952 ലാണ് നാറ്റിയും കാസ്‌ട്രോയും കണ്ടുമുട്ടിയത്. അന്ന് 26 വയസുള്ള നാറ്റി തന്നെക്കാള്‍ 20 വയസ്സു മൂപ്പുള്ള ഡോക്ടറുടെ ഭാര്യയായിരുന്നു. മാതൃത്വവും കോക്‌ടെയില്‍ പാര്‍ട്ടികളും അവള്‍ക്കു മടുത്തിരുന്നു. നാറ്റിയുടെ ചുരുണ്ട മുടിയും പച്ചക്കണ്ണുകളും അളവൊത്ത രൂപവും, ടെന്നിസ് ക്ലബുകളിലും ബ്രിഡ്ജ് മേശകളിലും നിറഞ്ഞ ധനികര്‍ക്കു കുളിര്‍മയായിരുന്നു. കണ്ടയുടന്‍ കാസ്‌ട്രോയ്ക്കും, കുളിര്‍മയായി.
സ്പാനിഷ് കൊളോണിയല്‍ ശക്തികള്‍ 1871 ല്‍ ക്യൂബന്‍ വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്തതിന്റെ വാര്‍ഷികാചരണത്തിലാണ് അവര്‍ കണ്ടുമുട്ടിയത്. ഫുള്‍ഗെന്‍ഷ്യോ ബാറ്റിസ്റ്റയുടെ ഭരണകൂടത്തെ എതിര്‍ത്തവര്‍ക്കൊപ്പമായിരുന്നു, നാറ്റി. താന്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തട്ടെ എന്നു കാസ്‌ട്രോ ചോദിച്ചപ്പോള്‍, ഏതു ദിവസവും അഞ്ചുമണിക്കുശേഷം വീട്ടില്‍ വരാന്‍, നാറ്റി ക്ഷണിച്ചു.
കാസ്ട്രോയും അലീനയും ;നതാലിയ |
”ഒരാള്‍ക്കും അയാളെ കണ്ടില്ലെന്ന് നടിക്കാനാവുമായിരുന്നില്ല”, വര്‍ഷങ്ങള്‍ക്കുശേഷം നാറ്റി ഓര്‍ത്തു. ”അയാള്‍ മുറിയിലുണ്ടെങ്കില്‍, ആളുകള്‍ ശ്രദ്ധിച്ചു. എനിക്കും ആകര്‍ഷണം തോന്നി.”
നാറ്റിയുടെ ഭര്‍ത്താവറിയാതെ, ആ വീട്, സാന്റിയാഗോയിലെ മൊങ്കാട പട്ടാള സങ്കേതം ആക്രമിക്കാനുള്ള കാസ്‌ട്രോയുടെ താവളമായി. നാറ്റി കമ്യൂണിസ്റ്റുകള്‍ക്ക് യൂണിഫോം തയ്ച്ചു. പത്രങ്ങളില്‍ ലഘുലേഖകള്‍ എത്തിച്ചു. സമ്പാദ്യവും വജ്രങ്ങളും വിപ്ലവത്തിന് സംഭാവന ചെയ്തു.
ആക്രമണത്തിലെ തോല്‍വി, കാസ്‌ട്രോയെ ജയിലിലെത്തിച്ചു. നാറ്റി, പുസ്തകങ്ങള്‍ അയച്ചുകൊടുത്ത് അയാളുടെ ആത്മവിശ്വാസം കാത്തു. സോമര്‍സെറ്റ് മോമിന്റെ ‘കേക്ക്‌സ് ആന്‍ഡ് എയ്ല്‍’ അയച്ചത്, അതിന്റെ മുഖചിത്രം വെട്ടി, സ്വന്തം ചിത്രം പകരം വച്ചായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട കവിത നാറ്റി അയാള്‍ക്ക് അയച്ചുകൊടുത്തു. റഡ്‌യാര്‍ഡ് കിപ്ലിങ് എഴുതിയ, ‘ഇഫ്.’ കടല്‍ത്തീരം ഓര്‍മിക്കാന്‍ ഒരു കവറില്‍ കുറെ മണല്‍തരികള്‍ അയച്ചു. ”അകലത്താണെങ്കിലും, താന്‍ നല്ല കൂട്ടാണ്,” നാറ്റി എഴുതി.
നാറ്റിയുടെ ഭര്‍ത്താവറിയാതെ, ആ വീട്, സാന്റിയാഗോയിലെ മൊങ്കാട പട്ടാള സങ്കേതം ആക്രമിക്കാനുള്ള കാസ്‌ട്രോയുടെ താവളമായി. നാറ്റി കമ്യൂണിസ്റ്റുകള്‍ക്ക് യൂണിഫോം തയ്ച്ചു. പത്രങ്ങളില്‍ ലഘുലേഖകള്‍ എത്തിച്ചു. സമ്പാദ്യവും വജ്രങ്ങളും വിപ്ലവത്തിന് സംഭാവന ചെയ്തു.
ആക്രമണത്തിലെ തോല്‍വി, കാസ്‌ട്രോയെ ജയിലിലെത്തിച്ചു. നാറ്റി, പുസ്തകങ്ങള്‍ അയച്ചുകൊടുത്ത് അയാളുടെ ആത്മവിശ്വാസം കാത്തു. സോമര്‍സെറ്റ് മോമിന്റെ ‘കേക്ക്‌സ് ആന്‍ഡ് എയ്ല്‍’ അയച്ചത്, അതിന്റെ മുഖചിത്രം വെട്ടി, സ്വന്തം ചിത്രം പകരം വച്ചായിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട കവിത നാറ്റി അയാള്‍ക്ക് അയച്ചുകൊടുത്തു. റഡ്‌യാര്‍ഡ് കിപ്ലിങ് എഴുതിയ, ‘ഇഫ്.’ കടല്‍ത്തീരം ഓര്‍മിക്കാന്‍ ഒരു കവറില്‍ കുറെ മണല്‍തരികള്‍ അയച്ചു. ”അകലത്താണെങ്കിലും, താന്‍ നല്ല കൂട്ടാണ്,” നാറ്റി എഴുതി.
അപൂര്‍വമായി മാത്രം കാണുന്ന പ്രണയവികാരം, സെന്‍സര്‍ ചെയ്ത കാസ്‌ട്രോയുടെ മറുപടിക്കത്തുകളിലും കണ്ടു. ”ഞാന്‍ തീയിലാണ്,” 1954 ല്‍ കാസ്‌ട്രോ എഴുതി, ”എനിക്ക് നിന്റെ കത്തില്ലാതെ വയ്യാ; ഞാന്‍ നിന്നെ ഒരുപാടു സ്‌നേഹിക്കുന്നു.” ടൈപ്പ് റൈറ്റര്‍ ഉപേക്ഷിച്ച് സ്വന്തം കൈപ്പടയില്‍ കത്തെഴുതാന്‍ അയാള്‍ നാറ്റിയോട് ആവശ്യപ്പെട്ടു- ”അതു സ്‌ത്രൈണം, ലോലം, അനുപമം.”
അതേസമയത്ത് അയാള്‍ ഭാര്യ മിര്‍ത്താ ഡയസിനും എഴുതി. ജയിലധികാരി പറ്റിച്ചതാകാം-ഒരു ദിവസം നാറ്റിക്കുള്ള കത്ത് മിര്‍ത്തയ്ക്കും മിര്‍ത്തയ്ക്കുള്ളത്, നാറ്റിക്കും കിട്ടി. കാസ്‌ട്രോയെ 1955 ല്‍ മോചിപ്പിച്ചപ്പോള്‍, മിര്‍ത്ത അയാളെ ഉപേക്ഷിച്ചു. ഏതാനും മാസങ്ങള്‍ നാറ്റി കാമുകിയായി. അവള്‍ ഗര്‍ഭിണിയാണ് എന്നറിയാതെ, കാസ്‌ട്രോ, മെക്‌സിക്കോയില്‍ വിപ്ലവത്തിന് പോയി. കൂടെച്ചേരാന്‍ കാസ്‌ട്രോ ക്ഷണിച്ചെങ്കിലും, അവള്‍ നിരസിച്ചു. ബാറ്റിസ്റ്റയെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ അയാള്‍ കൊല്ലപ്പെടും എന്ന് നാറ്റി കരുതി. 1956 ല്‍ മകള്‍ പിറന്നപ്പോള്‍, അത് തന്റേതായാണ്, ഭര്‍ത്താവ് കരുതിയത്.
മൂന്നുവര്‍ഷത്തിനുശേഷം കാസ്‌ട്രോയും സംഘവും ഹവാന കീഴടക്കുംവരെ, നാറ്റി അയാളെ കണ്ടില്ല. അതുകഴിഞ്ഞ് അയാള്‍ അവളെയും അലീനയെയും കണ്ടു. തൊഴിലാളികള്‍ക്കുവേണ്ടി വാദിക്കുന്ന നേതാവിന് ചേര്‍ന്ന പെണ്ണാകുമായിരുന്നില്ല, നാറ്റി. രാജ്യത്തിന്റെ പ്രഥമവനിതയാകണമെന്നു നാറ്റി ആഗ്രഹിച്ചെങ്കിലും, അയാള്‍ അവളെ ഉപേക്ഷിച്ചു. അലീനയെ മകളായി കാണാനും അയാള്‍ വിസമ്മതിച്ചു. കാസ്‌ട്രോ പലപ്പോഴും വീട്ടിലെത്തിയിരുന്നത് നാറ്റിയുടെ ഭര്‍ത്താവില്‍ സംശയമുളവാക്കിയിരുന്നു. 1961 ല്‍ അയാള്‍ നാറ്റിയെ ഉപേക്ഷിച്ച്, നറ്റാലിയ എന്നുതന്നെ പേരുള്ള മകളെയുംകൊണ്ട് അമേരിക്കയ്ക്ക് പോയി.
നാറ്റി 1925 ഡിസംബര്‍ ആറിന് ഹവാനയിലാണ് പിറന്നത്. ന്യൂകാസിലില്‍ നിന്ന് കുടിയേറിയ ഇംഗ്ലീഷ് എന്‍ജിനീയറായിരുന്നു, അവളുടെ മുത്തച്ഛന്‍. അവളുടെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ദുഷ്ടയായ അമ്മ, അമേരിക്കന്‍ ഉടമയിലുള്ള ഹവാന ഇലക്ട്രിക്കല്‍ കമ്പനി എക്‌സിക്യൂട്ടീവിനെ പരിണയിച്ചു. നാറ്റി അമേരിക്കയിലെ സ്‌കൂളില്‍ പഠിച്ചു; വാഷിംഗ്ടണിലെ മര്‍ജോറി വെബ്സ്റ്റര്‍ കോളജില്‍ ബിസിനസ് പഠിച്ചു. 19-ാം വയസില്‍ ക്യൂബയിലെത്തി യുഎസ് എംബസിയിലും സ്റ്റാന്‍ഡേര്‍ഡ് ഓയിലിലും ജോലി ചെയ്തു. 22-ാം വയസില്‍ പ്രമുഖ ഹൃദയ ചികിത്സാവിദഗ്ദ്ധന്‍ ഒര്‍ലന്‍ഡോ ഫെര്‍ണാണ്ടസിന്റെ ഭാര്യയായി.
കാസ്‌ട്രോയുടെ ചിത്രം സാര്‍വത്രികമായതിനാല്‍, നാറ്റിക്ക് അയാളെ മറക്കാനായില്ല. വിവിധ മന്ത്രാലയങ്ങളില്‍ അവള്‍ ജോലി ചെയ്തു. ന്യൂയേവോ വെഡാഡോയിലെ ബംഗ്ലാവ് കൈവശം വയ്ക്കാന്‍ കാസ്‌ട്രോ അവരെ അനുവദിച്ചു.
അലീനയ്ക്ക് നാറ്റിയുമായി സ്വരച്ചേര്‍ച്ചയുണ്ടായിരുന്നില്ല. വിഷാദരോഗം കൂടപ്പിറപ്പായി. 1993 ല്‍ തിരുത്തിയ പാസ്‌പോര്‍ട്ടും വിഗുമായി, അലീന സ്‌പെയിനിലേക്ക് കടന്നു. പിന്നെ മിയാമിയിലെത്തി. അവിടെ കാസ്‌ട്രോയെ വിമര്‍ശിക്കുന്ന റേഡിയോ പരിപാടിയുടെ അവതാരകയായി. 2014 ല്‍, അമ്മയെ കാണാന്‍ ഹവാനയിലെത്തി. ആയുഷ്‌കാലം പുകവലിച്ച നാറ്റിയെ വിരുന്നുകളില്‍ സ്വര്‍ണ സിഗററ്റ് പെട്ടിയുമായാണ് കണ്ടിരുന്നത്.
അലീന, മോഡലും ഒരു ക്യൂബന്‍ ഫാഷന്‍ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടറുമായിരുന്നു. 37-ാം വയസിലാണ്, സ്‌പെയിനിലേക്ക് വേഷപ്രച്ഛന്നയായി, വിഗ് വച്ച് കടന്നത്. 1998 ല്‍ അലീന, ‘കാസ്‌ട്രോസ് ഡോട്ടര്‍: ആന്‍ എക്‌സൈല്‍സ് മെമ്‌വാ ഓഫ് ക്യൂബ’ എന്ന പുസ്തകം എഴുതി. ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു, ‘സിംപ്ലി അലീന’ എന്ന റേഡിയോ പരിപാടി. ‘ഫോറിന്‍ പോളിസി’ മാസികയ്ക്ക് 2008 ല്‍ നല്‍കിയ അഭിമുഖത്തില്‍, താന്‍ കാസ്‌ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയുമായി, കാസ്‌ട്രോയെക്കാള്‍ അടുപ്പത്തിലായിരുന്നുവെന്ന് അലീന പറഞ്ഞു. റൗള്‍ പലപ്പോഴും സഹായിച്ചു. ഫിദല്‍ ഒരിക്കലും സഹായിച്ചില്ല.
അലീനയുടെ പുസ്തകത്തില്‍, ഫിദലിന്റെ മാതാപിതാക്കളായ ഏഞ്ചല്‍, ലിനാ റൂസ് എന്നിവരെപ്പറ്റിയും അമ്മായി ജൂവാനിറ്റയെപ്പറ്റിയും മോശം പരാമര്‍ശങ്ങളുണ്ടായിരുന്നു. ജൂവാനിറ്റ മാനനഷ്ടക്കേസ് കൊടുത്ത്, അവ നീക്കി. പ്രസാധകനായ റാന്‍ഡം ഹൗസ് 45000 ഡോളര്‍ (31 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കേണ്ടിവന്നു.
ക്യൂബയിലേക്ക് എന്നെങ്കിലും മടങ്ങുമോ എന്നാരാഞ്ഞപ്പോള്‍ അലീന പറഞ്ഞു: ”അറിയില്ല. ഈ നീണ്ട കാലത്തിനിടയില്‍, വേരില്ലാത്ത, പ്രായമായ മരമായി, ഞാന്‍ മാറി.”
അതാണ് ലോകനിയമം-ഒരു വെപ്പാട്ടിക്കും മകള്‍ക്കും വേരില്ല.
അതാണ് ലോകനിയമം-ഒരു വെപ്പാട്ടിക്കും മകള്‍ക്കും വേരില്ല.
No comments:
Post a Comment