Wednesday 12 June 2019

താഷ്‌കുണ്ടിലെ പച്ചോന്ത്

പ്രളയകാലത്തെ മൺവണ്ടി 17 

If Nothing had any meaning,you would be right.But there is something that still has a meaning.
-Albert Camus/Second Letter to a German Friend,1943


നിറം മാറാന്‍ കഴിയുന്ന അപൂര്‍വ ജീവികളിലൊന്നാണ്, ഓന്ത് എന്ന് പ്രത്യേകം പറയേണ്ടതില്ല. ഓന്തു കഴിഞ്ഞാല്‍, മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച് കുപ്പായം മാറ്റാന്‍ കഴിയുന്ന അടുത്ത ജന്തുവാണ്, എഴുത്തുകാരന്‍. 

സി.ജെ.തോമസ്, തന്റെ പുരോഗമന കലാ സാഹിത്യസംഘടനക്കാലത്തെ ചേരിപ്പോരും അനുഭവവും വച്ച്, 'വിഷവൃക്ഷം' (1959) എന്ന രാഷ്ട്രീയ നാടകത്തില്‍ ഇങ്ങനെ ഒരു ഓന്തിനെ മരത്തില്‍ കയറ്റിയിട്ടുണ്ട്. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നാടകത്തിലെ കഥാപാത്രങ്ങളെ വച്ച് വിമോചന സമരകാലത്ത് എഴുതിയ നാടകം. 
സി ജെ തോമസ്  
നാടകത്തിലുടനീളം കാണുന്ന എസ്.എസ്.പച്ചോന്ത് എന്ന കവിയും നോവലിസ്റ്റും നാടകകൃത്തും, കോണ്‍ഗ്രസ് ഭരണകാലത്ത് സാഹിത്യ അക്കാദമിയില്‍ അംഗമായി; 1957 ലെ ഇഎംഎസ് ഭരണകാലത്ത്, അയാള്‍ കമ്യൂണിസ്റ്റായി. പൊതുവേ വിവരദോഷിയായതിനാല്‍, ജനകീയ സാഹിത്യസമ്മേളനത്തിന് റഷ്യയില്‍ പോയത്, താഷ്‌കുണ്ടിലാണ് എന്നാണ്, അയാള്‍ പറയുക. 
ആദ്യരംഗത്തില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന പച്ചോന്ത്, മനുഷ്യരുടെ ഭാഷയിലല്ല സംസാരിക്കുന്നത്. അയാള്‍ പറയുന്നു: ''എന്റെ നാമധേയം പച്ചോന്ത്. എസ്.എസ്. പച്ചോന്ത്. സ്‌നേഹമുള്ളവര്‍ മഹാകവിയെന്നും കൂടി കൂട്ടിച്ചേര്‍ക്കാറുണ്ട്. പക്ഷേ, എനിക്കിഷ്ടം സരസ ഗായക വിപ്ലവകാരിയെന്നാണ്. ഞാന്‍ സാഹിത്യ അക്കാദമിയിലെ ഒരംഗവുമാണ്.'' അധികാര ദല്ലാളായ സഖാവ് ഗോപാലന്റെ അച്ഛന്‍ പരമുപിള്ളയെ പരിചയപ്പെടാനാണ്, അയാള്‍ വന്നത്. താഷ്‌കുണ്ട്, 'പിതൃരാജ്യ'മായ റഷ്യയിലെ നഗരമാണ്. റഷ്യയെപ്പറ്റിയും ചൈനയെപ്പറ്റിയും അയാള്‍ കാവ്യങ്ങള്‍ എഴുതി. ജനകീയ സാഹിത്യം, പിന്തിരിപ്പന്‍ അമേരിക്കന്‍ സാഹിത്യമല്ല. ഇപ്പോള്‍ അയാള്‍ എഴുതാന്‍ ആരംഭിച്ചിരിക്കുന്നത്, സഖാവ് ഗോപാലന്‍ നായരെ നായകനാക്കിയുള്ള ബൃഹദ് നോവലാണ്. അതിന് രംഗപരിചയം വരുത്തുകയാണ് ആഗമനോദ്ദേശ്യം. സംഗതി രാമായണത്തോളം വരും. പച്ചോന്ത്, 'കുടല്‍മാല' എന്ന കവിതാ സമാഹാരം ഇറക്കിയിട്ടുണ്ട്. അതിലുള്ളത് സോഷ്യലിസ്റ്റ് റിയലിസമാണ്. പാഠപുസ്തകമാക്കാൻ വഴി തെളിഞ്ഞിട്ടുണ്ട്.മന്ത്രിയും അയാളും ബാല്യകാല സഖികളാണ്.
അധികാര ദല്ലാളായ സഖാവ് ഗോപാലന്‍, കോഴപ്പണം സഹായി സഖാവ് വേലു വശം പരമുപിള്ളയ്ക്ക് കൊടുത്തയയ്ക്കുമ്പോള്‍, പച്ചോന്തും അവിടെയുണ്ട്. അടുത്തനാള്‍ ഗോപാലന്റെ ഗൃഹപ്രവേശമാണ്. അതിന് മംഗള ശ്ലോകമെഴുതാന്‍ താന്‍ തയ്യാറാണെന്ന് പച്ചോന്ത് പറയുമ്പോള്‍, വേലു കളിയാക്കുന്നു:
 ''അന്നു താനാ രാജഭക്തസംഘത്തില്‍ വച്ചു പാടിയ വഞ്ചീശ സ്തവം ഞാന്‍ ഇതുവരെ മറന്നിട്ടില്ല.'' 
അതുകഴിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് പച്ചോന്ത് താഷ്‌കുണ്ടില്‍ പോയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി വന്നപ്പോള്‍, അതിലായി. വേലുവിനെ സംഗീത നാടക അക്കാദമിയിലെടുക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ തയ്യാറായ പച്ചോന്തിനോട്, വേലു, ഇഎംഎസിനെ ധ്വനിപ്പിച്ചു സംസാരിക്കുന്നു:
 ''കുമരകം വേലുനായരുടെ അല്ലി വേഷം സഖാവ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍, വല്യതിരുമേനിയോടൊന്നു ചോദിച്ചു നോക്കൂ.'' 
അപ്പോള്‍, പരമുപിള്ള ചോദിക്കുന്നു: ''എന്നേം കൂടി എടുക്കുവോ സഖാവേ? ഞാന്‍ നന്നായി തോറ്റം പാട്ടു ചൊല്ലാം.'' 
പച്ചോന്ത്: വിശേഷം. ബഹുവിശേഷം. അത് 'ഫാള്‍ക്കാര്‍ട്ടാണ്.' സോവിയറ്റ് യൂണിയനിലും ജനകീയ ചൈനയിലും ഒക്കെയുണ്ട്. ഞാന്‍ തന്നെ പുരാതീനമായ ഒട്ടേറെ ഫാള്‍ക്കാര്‍ട്ടെഴുതിയിട്ടുണ്ട്. മാവോ വിജയം കുറത്തി, കോണ്‍ഗ്രസ് വധം കഥകളി, രൂപഭദ്രം ഭരണിപ്പാട്ട്. ''

ഹിമാലയത്തിന് മുകളില്‍ ഉദിച്ചുയരുന്ന രക്തചൈനയ്ക്കുവേണ്ടിയാണ്, അരിക്കുവേണ്ടിയല്ല അധ്വാനിക്കുന്ന ജനവിഭാഗം പണിയെടുക്കുന്നത് എന്നാണ് പച്ചോന്തിന്റെ ധാരണ. ചൈനയില്‍ കേരളം പ്രസിദ്ധമാണ്. അദ്ദേഹം അനേകം ചൈനാക്കാരോട് സംസാരിച്ചു. അവരെല്ലാം പറഞ്ഞത്, കേരളം ചൈനയുടെ ഭാഗമാണെന്നാണ്. അവിടെ ലക്ഷക്കണക്കിന് മുതലാളിമാരുണ്ട്. എല്ലാം അണ്ടര്‍ഗ്രൗണ്ടിലാണ്. തരം കിട്ടുമ്പോള്‍ പുറത്തുവരും. അതാണ് തിബത്തിലെ വര്‍ത്തമാനം. പഴഞ്ചന്‍ ലാമയ്ക്ക് പകരം പുത്തന്‍ ലാമ! പുത്തന്‍ ലാമ അമേരിക്കന്‍ ജാതിയാണ്. (ഇന്ന് തിബത്തന്‍ വിപ്ലവകാരികള്‍ ചൂണ്ടിക്കാണിക്കുന്നതും ദലൈലാമ സിഐഎ ചാരനാണെന്നാണ്; നാടകത്തില്‍, പഞ്ചന്‍ലാമയെപ്പറ്റിയുള്ള കറുത്ത ഫലിതമാണ്, പഴഞ്ചന്‍ ലാമ.)

ചൈനയില്‍ ഭൂമി പൊതുസ്വത്താണ്. അവിടെ അരിക്ക് വിലയില്ല. ഊണും ഉറക്കവും ഫ്രീ. വല്യമ്മാവന്റെ അമ്മാവന്റെ കാലത്ത് കേരളത്തിലും അങ്ങനെയായിരുന്നുവെന്ന്, പരമുപിള്ള ചൂണ്ടിക്കാട്ടുന്നു. പത്താഴം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും, എന്ന് പച്ചോന്ത്. എല്ലാ പുലയരെയും മക്കളെപ്പോലെ നോക്കിക്കൊള്ളും. പക്ഷേ, ധിക്കാരം കാണിക്കാന്‍ സമ്മതിക്കില്ല. വടക്കൊക്കെ (ഇഎംഎസിന്റെ നാട്ടില്‍) ചെറുമക്കള്‍ എന്നുപറയും. അതാണ്, ഏക യോഗ ക്ഷേമം! (ഇഎംഎസ് പാര്‍ട്ടി വിട്ട്, യോഗക്ഷേമ സഭയില്‍ പ്രവര്‍ത്തിക്കാന്‍ പോയിരുന്നു.)

ഇഎംഎസ് സര്‍ക്കാരിന്റെ ആന്ധ്രാ അരി കുംഭകോണം ചര്‍ച്ചയാകുമ്പോള്‍, പരമുപിള്ളയ്ക്ക് സംശയമുണ്ട്- ആദ്യം പറഞ്ഞു, കേന്ദ്രം അരി തരണമെന്ന്; പിന്നെപ്പറഞ്ഞു, സ്വയം വാങ്ങിച്ചോളാമെന്ന്. പച്ചോന്ത് ഇടപെടുന്നു-അതാണ് ദ്വന്ദ്വമാനമായ വൈരുദ്ധ്യം. അതുകൊണ്ട്, ഭക്ഷ്യക്ഷാമത്തെപ്പറ്റിയും താന്‍ കവിതയെഴുതും.

ചന്ദനത്തോപ്പിലും മൂന്നാറിലും ഇഎംഎസ് സര്‍ക്കാര്‍ തൊഴിലാളികളെ വെടിവച്ചു കൊന്നത്, അങ്ങനെ ചെയ്തിട്ട്, സ്വയം അന്വേഷണം പ്രഖ്യാപിക്കുന്നത്, ചര്‍ച്ചയാകുമ്പോള്‍, ദളിത് യുവതി മാല ചോദിക്കുന്നു: ''ഈ വെടിവെപ്പുകള്‍ നമ്മെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തുകില്ലേ?'' പച്ചോന്ത്: ഹില്ല; നാം നാട്ടുകാരെ ഒറ്റപ്പെടുത്തും. 
കമ്യൂണിസം, നാട്ടുകാരെ ഒറ്റപ്പെടുത്തുന്ന വിരുദ്ധോക്തി, സി.ജെ. തോമസിന്, ജര്‍മന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ അതിലെ കേന്ദ്ര കമ്മറ്റി അംഗമായിരുന്ന, നാടകകൃത്ത് ബെര്‍ടോള്‍ട് ബ്രെഹ്തിന്റെ അവസാന കവിതയില്‍ നിന്നു കിട്ടിയതാകാം. 

നാടകം എഴുതുമ്പോള്‍ തന്നെ, നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ സി.ജെ അറിഞ്ഞിരുന്നുവെന്നു തോന്നുന്നു. കേന്ദ്രസര്‍ക്കാര്‍, ഇഎംഎസ് സര്‍ക്കാരിനെതിരെ എന്തൊക്കെയോ ആലോചിക്കുന്നുവെന്ന 'പരമരഹസ്യം' പച്ചോന്ത് പുറത്തുവിടുന്നു. പക്ഷേ, പച്ചോന്ത് അത് കണക്കാക്കി ഒരു കവിത തയ്യാറാക്കിയിട്ടുണ്ട്: ''വരൂ, വരൂ കേന്ദ്രമേ, വരൂ വരൂ മോചകാ'' എന്ന വരി മാത്രമേ ഓര്‍മയുള്ളൂ! അപ്പോള്‍, സഖാവ് ഗോപാലനെപ്പറ്റിയുള്ള രാമായണം എവിടംവരെയായി എന്നു പരമുപിള്ള ചോദിക്കുന്നുണ്ട്. ''അപൂര്‍ണ കൃതികള്‍ സഹൃദയസമക്ഷം അവതരിപ്പിക്കരുതെന്നാണ് ബ്രഹുസ്പതി (ബൃഹസ്പതി) മതം എന്നാണ് പച്ചോന്തിന്റെ ഉത്തരം. പച്ചോന്തിന്റെ ഒറിജിനല്‍ ആരാണെന്ന് വായനക്കാര്‍ക്ക് സംശയമുണ്ടാകാം.
ജി ശങ്കരക്കുറുപ്പ് 
1935 ല്‍ ജി. ശങ്കരക്കുറുപ്പ്, 'നാളെ' എന്ന കവിതയില്‍ എഴുതി:
വെമ്പുക! വിളറുക! വിറകൊള്ളുക നോക്കൂ
നിന്‍ പുരോഭാഗത്തതാ ധീരതേജസ്സാം നാളെ!
രക്തമായുടുപ്പിന്മേല്‍ രക്തപുഷ്പവും കുത്തി
വ്യക്ത വൈഭവം വന്നതെന്തിനാണെന്നോ 'നാളെ?'
വേലതന്‍ ജയത്തിന്റെ പവിഴക്കൊടിക്കൂറ
ലീലയില്‍ പറപ്പിച്ചു പാരിനെപ്പുതുക്കുവാന്‍
നിങ്ങള്‍ കൈയടക്കിയ മോദവും പ്രകാശവും
മങ്ങലില്‍ കിടക്കുന്ന മന്നിനു പകുക്കുവാന്‍ 
'ചോദിക്കട്ടെ' എന്ന കവിതയില്‍, ശങ്കരക്കുറുപ്പ് എഴുതി:

അമ്പിളിക്കല വാനിന്‍ വക്കില്‍പോല്‍,ചരിത്രത്തിന്‍
തുമ്പിലാരക്തശ്രീയായ്ത്തിളങ്ങു'മരിവാളേ'!
ചിരവഞ്ചിതയായ വേല നിന്മേലാ ഞാനാശാ
ഭരനമ്രയായ് നിന്നതിന്നത്തെക്കൂട്ടക്കൊയ്ത്തില്‍ 
പിന്നെ, 'തൂപ്പുകാരി'യും 'പൂവിന്റെ പാട്ടും' വന്നു. 'കണ്‍വിടര്‍ന്ന കാലം' എന്ന കവിതയില്‍, സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പരീക്ഷണങ്ങളെ വാഴ്ത്തി. ഹിറ്റ്‌ലറെ, റഷ്യ തോല്‍പ്പിച്ചപ്പോള്‍ എഴുതിയ 'ജൈത്ര പടഹം', കമ്യൂണിസത്തിന് സിന്ദാബാദ് വിളിച്ചു:

 ആഹ്‌ളാദിക്കൂ  ഹൃദയമേ, ആഹ്ളാദിക്കൂ 
റഷ്യന്‍ സൈനികനു ജൈത്രപടഹമടിക്കൂ!
സമരകൗതുകമല്ല അവന്റെ വാളില്‍,
തീവ്രയാതനയുടെ നാളില്‍,
സമാധാനത്തിനുള്ള മോഹം
മനുഷ്യത്വത്തോടുള്ള സ്‌നേഹം
ആണ് വെട്ടിത്തിളങ്ങുന്നത്.

ആഹ്ളാദിക്കൂ  ഹൃദയമേ, ആഹ്ളാദിക്കു !
മനുഷ്യത്വത്തിന്റെ വിജയോല്ലാസത്തില്‍ മത്തടിക്കൂ.

സാഗരവീചിക പരിവര്‍ത്തന ഗായിക
രക്തസൈനികന്റെ അപദാനം
നിത്യമോഹന നവഗാനം
ആലപിച്ചാലപിച്ചാടുന്നു
ആഹ്‌ളാദിക്കൂ  ഹൃദയമേ, ആഹ്ളാദിക്കു !
ഉദാരമായ ചെങ്കൊടിയിന്മേല്‍ ഉയര്‍ന്നുയര്‍ന്നു പറക്കൂ
മാനവമഹിമയുടെ കൊടുമുടിയില്‍ തത്തിക്കളിക്കുന്ന ചെങ്കൊടിയില്‍
ചിരപ്രതീക്ഷിതമായ നവ്യപ്രഭാതത്തിന്റെ
നറും തുടുപ്പു നടമാടുന്നു

ഇരുട്ടില്‍ നിന്ന് വെളിച്ചം പിടിച്ചെടുക്കുന്ന 
സന്ധ്യാകാശ ചന്ദ്രക്കല
ചെങ്കൊടിയിലെ ആ സഖിയെ ചുംബിക്കും.
ആഹ്ളാദിക്കു   ഹൃദയമേ, ആഹ്ളാദിക്കു !
ലോകസ്വാതന്ത്ര്യത്തിന്റെ ചിറക് വിടരുന്ന
ചലനമേറ്റൊന്നു തുടിക്കൂ!

കവിതയൊഴിച്ച് വേറെ പലതുമുള്ള ഇതു പകര്‍ത്തുമ്പോള്‍ തന്നെ, എന്റെ പേനയ്ക്ക്, ഓക്കാനം വന്നു. ഇനിയാണു ഛര്‍ദ്ദി-പച്ചോന്തിന്റെ 'കുടല്‍മാല'യ്ക്കു പകരം, ജി. ശങ്കരക്കുറുപ്പിന്റെ 'അന്ത്യമാല്യം.' ഇഎംഎസ് സര്‍ക്കാര്‍ വെടിവെച്ചുകൊന്ന ഫ്‌ളോറിയുടെ ഗര്‍ഭസ്ഥശിശുവിന്,
അന്ത്യോപചാരം,'അന്ത്യ മാല്യം'.

ഹാ മരിച്ചുപോയ് മണ്ണില്‍പ്പിറന്നു വീഴും മുന്‍പി- 
ലോമനേ, നീ നാടിന്റെ നിഷ്ഠുര പാപത്താലേ! 
......................................................... 
കളിക്കാനൊരു പിടി മണ്ണു നീയെടുത്തിലി- 
ങ്ങൊളിക്കാന്‍ പുരവാതില്‍ തന്‍ പിന്നില്‍ നീ നിന്നീല. 
തായതന്‍ മടിയിലെ സ്‌നേഹത്തിന്‍ സിംഹാസനം 
സ്വീയമാക്കിയില്ലധികാരത്തിലിരുന്നീല. 
താരുകളുടെ ഘോഷയാത്രയെ നയിച്ചീല, 
താരകങ്ങളായ് ഗൂഢാലോചന നടത്തീല, 
ഉച്ചലല്‍ കല്ലോലങ്ങളോടൊത്തു മുദ്രാവാക്യ- 
മുച്ചരിച്ചീലാ വിശ്വസ്വാതന്ത്ര്യത്തിനുവേണ്ടി, 
വാരിളം തളിര്‍ കുഞ്ഞിക്കാലിനാല്‍ ചവിട്ടീല 
പാരിനെ ദുഃഖിപ്പിക്കും പാപത്തിന്‍ മുഖങ്ങളില്‍, 
എന്തപരാധം ചെയ്തിതമ്മ തന്നുദരത്തില്‍ 
ശാന്തമായുറങ്ങുമ്പോള്‍ നീതിതന്‍ വെടിയേല്‍ക്കാന്‍? 
നീതിയും നിയതിയും കേള്‍ക്കട്ടേ, ചോദിക്കുവിന്‍ 
പ്രീതി നോക്കാതാവര്‍ത്തിച്ചാവര്‍ത്തിച്ചലകളേ!
 കുരിശിന്‍ നിഴലിലേക്കോമനേ; നീയും നിന്‍ പു- 
ഞ്ചിരി കാണാതേ നൊന്ത കണ്ണടഞ്ഞൊരു തായും,
 ചൂരലും തോക്കും ജാതിമതകക്ഷി വര്‍ഗാധി- 
കാരമോഹവും കലാവിദ്യയും ന്യായങ്ങളും 
നിങ്ങളെ ഹോമിക്കാത്ത നിത്യശാന്തിയിലേക്കു
നീങ്ങുക,ശപിക്കാതെ നിഷ്ഠുര മനുഷ്യനെ! 
ഇതില്‍ മുങ്ങാക്കുഴിയിട്ടാലും കവിത കിട്ടില്ല. ഹൃദയത്തില്‍ നിന്നു വന്നില്ല. കളത്തില്‍ വേലായുധന്‍ നായര്‍ ചെന്നുപറഞ്ഞപ്പോള്‍, ഒറ്റയിരിപ്പിനു കാച്ചി. അന്നന്നത്തെ കമ്പോളനിലവാരം. ശ്രാന്തമംബരം, നിദാഘോഷ്മള സ്വപ്‌നാക്രാന്തം!

പച്ചയോന്തിനും നാണം വരുന്നു.    

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...