Wednesday, 12 June 2019

കൂലിപ്പട്ടാളം കണ്ട ഗാന്ധി

അരുണ ആസഫലി കോൺഗ്രസ് വിടുന്നു 
മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഗാന്ധിയെ ഹിംസിക്കാം. കോണ്‍ഗ്രസിനകത്ത് നില്‍ക്കുമ്പോഴേ അവര്‍ അഹിംസക്കെതിരായിരുന്നു. എന്നിട്ടും, ഗാന്ധി അവരെ സ്‌നേഹിച്ചു. 1929 ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ ഉന്നത കമ്യൂണിസ്റ്റ് നേതാക്കളെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തപ്പോള്‍, ഗാന്ധി അവരെ ജയിലില്‍ പോയി കണ്ടു. 1937 ലെ ബംഗാള്‍ വിപ്ലവകാരികളെ മോചിപ്പിക്കാന്‍ ഗാന്ധി രംഗത്തിറങ്ങി. 1931 ല്‍ കിഴക്കന്‍ ബംഗാളില്‍ കലക്ടര്‍ ചാള്‍സ് സ്റ്റീവന്‍സിനെ കൊന്ന ശാന്തി, സുനീതി എന്നീ പെണ്‍കുട്ടികളെയും ഗാന്ധി ഇടപെട്ട് ജീവപര്യന്തം തടവില്‍നിന്ന് മോചിപ്പിച്ചു.
1940 ലെ റാംഗഡ്  എഐസിസി സമ്മേളനത്തിനിടയില്‍, വിഷയ നിര്‍ണയ കമ്മിറ്റി യോഗത്തിന്, ഒളിവിലായിരുന്ന ഒരുന്നത കമ്യൂണിസ്റ്റ് നേതാവിനെ ഗാന്ധി സ്വന്തം കാറില്‍ കയറ്റിക്കൊണ്ട് പോകുന്നത് താന്‍ കണ്ടതായി, കമ്യൂണിസ്റ്റ് നേതാവും ‘മെയ്ന്‍ സ്ട്രീം’ പത്രാധിപരുമായിരുന്ന നിഖില്‍ ചക്രവര്‍ത്തി എഴുതിയിട്ടുണ്ട്. ഔദ്യോഗിക പ്രമേയത്തിനെതിരെ, കമ്യൂണിസ്റ്റ് ഭേദഗതി ആ നേതാവിന് അവതരിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. ഇതിനാണ് പ്രതിപക്ഷ ബഹുമാനം എന്നുപറയുന്നത്. 1946 വരെയും കമ്യൂണിസ്റ്റുകളെ കോണ്‍ഗ്രസില്‍ നിലനിര്‍ത്തിയിരുന്നു. 1942 ലെ മുംബൈ എഐസിസി സമ്മേളനത്തില്‍ ക്വിറ്റിന്ത്യാ പ്രമേയത്തെ അവര്‍ എതിര്‍ത്തപ്പോഴും, അവരെ പുറത്താക്കിയില്ല.
ആദ്യകാലത്തുതന്നെ എസ്.എ. ഡാങ്കെ, ഗാന്ധിയെയും ലെനിനെയും താരതമ്യം ചെയ്ത് എഴുതിയ പുസ്തകത്തില്‍, വിപ്ലവപ്പോരാട്ടത്തിന് പറ്റിയ ഒന്നല്ല അഹിംസ എന്നുപറഞ്ഞിരുന്നു. മുപ്പതുകളില്‍, ആല്‍ഡസ് ഹക്‌സ്‌ലിയുടെ എന്‍ഡ്‌സ് ആന്‍ഡ് മീന്‍സ് (ലക്ഷ്യവും മാര്‍ഗവും) പ്രസിദ്ധമായപ്പോള്‍ ലണ്ടനിലെ കൃഷ്ണ ഷെല്‍വാങ്കര്‍ എന്ന മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവി, ‘എന്‍ഡ്‌സ് ആര്‍ മീന്‍സ്’ (ലക്ഷ്യമാണ് മാര്‍ഗം) എന്ന ബദല്‍ പുസ്തകം എഴുതി. സ്വാതന്ത്ര്യത്തിനുശേഷം ഷെല്‍വാങ്കര്‍ ‘ഹിന്ദു’ ലേഖകനായി. അന്ന് ലണ്ടനില്‍ രൂപപ്പെട്ടിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് സംഘത്തിന് ഇഷ്ടവിഭവമായിരുന്നു, ഷെല്‍വാങ്കറിന്റെ പുസ്തകം. ഈ ഘട്ടത്തില്‍ തന്നെയാണ്, ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളുടെ തലതൊട്ടപ്പന്‍ രജനി പാമെ ദത്ത് ‘ഇന്ത്യാ ടുഡേ’ എന്ന പുസ്തകം എഴുതിയത്. അതില്‍ ഗാന്ധിയെ ‘ഇന്ത്യന്‍ വിപ്ലവത്തിന്റെ യോനാ’ എന്നു പരിഹസിച്ചു. ബൈബിളിലെ ചെറുകിട പ്രവാചകനായ യോനയാണ്, നിനവേ നഗരത്തിന്റെ നാശം പ്രവചിച്ചത്. ഇപ്പുസ്തകം, ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെ മുച്ചൂടും ഗാന്ധി വിരോധികളാക്കി.
കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കമ്യൂണിസ്റ്റുകള്‍ ഹിംസ മാര്‍ഗമായി കൊണ്ടുനടന്നു. ബംഗാളിലും യുപിയിലും പഞ്ചാബിലും ഇവര്‍ കോണ്‍ഗ്രസ് ഭാരവാഹികളായി തുടര്‍ന്നു. ബംഗാളിലെ മിക്കവാറും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ ഇവരുടേതായിരുന്നു. എസ്.ജി.സര്‍ദേശായ്, ബെങ്കിം മുക്കര്‍ജി, ദിന്‍കര്‍ മേത്ത, പി. കൃഷ്ണപിള്ള, ഇഎംഎസ് ഒക്കെ ഹിംസാവാദികളായിരുന്നു.
റഷ്യയെ 1941 ജൂണില്‍ ഹിറ്റ്‌ലര്‍ ആക്രമിച്ചതോടെ, കമ്യൂണിസ്റ്റുകള്‍ ദേശവിരുദ്ധരായി. യുദ്ധത്തെ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളിലും രണ്ടഭിപ്രായമുണ്ടായിരുന്നു. യുദ്ധശേഷം സ്വാതന്ത്ര്യം ബ്രിട്ടന്‍ വാഗ്ദാനം ചെയ്താല്‍, ബ്രിട്ടനൊപ്പം നില്‍ക്കാം എന്ന നിലപാടിന് മുന്‍തൂക്കം കിട്ടി. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സേന രൂപവല്‍ക്കരിച്ച് ജപ്പാന്‍ സേനയ്‌ക്കൊപ്പം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുമ്പോള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി കൂടി നിലപാട് ചര്‍ച്ച ചെയ്തു. ആ ചര്‍ച്ച ബ്രിട്ടന്‍ ചോര്‍ത്തി പുറത്തുവിട്ടതോടെ, ഓഗസ്റ്റ് ആദ്യവാരം മുംബൈയില്‍ എഐസിസി വിളിക്കാന്‍ തീരുമാനിച്ചു. അതിലാണ് ക്വിറ്റിന്ത്യാ പ്രമേയം പാസാക്കിയത്.
ഗാന്ധി ,ജോഷി ,അരുണ 

റഷ്യ ആക്രമിക്കപ്പെട്ടതോടെ രണ്ടാംലോകയുദ്ധം ജനകീയ യുദ്ധമായി കണ്ട കമ്യൂണിസ്റ്റുകള്‍, അതുവരെ സ്വീകരിച്ച സാമ്രാജ്യത്വയുദ്ധമെന്ന നിലപാടില്‍ നിന്ന് തെന്നി മാറി. ദിയോളിയില്‍ തടവില്‍ കഴിഞ്ഞിരുന്ന ബി.ടി. രണദിവെ, ബ്രിട്ടനൊപ്പം നില്‍ക്കണമെന്ന ബദല്‍രേഖ പാര്‍ട്ടി നേതൃത്വത്തിന് അയച്ചു. ഇതും ഇതിനുള്ള മറുപടിയും പൊളിറ്റ് ബ്യൂറോ കീഴ്ഘടകങ്ങള്‍ക്ക് അയച്ചു. 1941 ഡിസംബറില്‍, യുദ്ധം ജനകീയ യുദ്ധമാണെന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റ് നേതാവ് ഹാരി പൊളിറ്റ് ഉത്തരവിട്ടതോടെ, വിഭാഗീയത അടങ്ങി. അത് കോമിന്റേണ്‍ ലൈന്‍ ആണെന്ന് പൊളിറ്റിന്റെ കത്തു വന്നു. പട്‌നയില്‍ ചേര്‍ന്ന എഐഎസ്എഫ് യോഗത്തില്‍ ജനകീയ യുദ്ധകാഹളം മുഴങ്ങി. എം.എന്‍.റോയിയുടെ ചേരി, ബ്രിട്ടനൊപ്പം പരസ്യമായി രംഗത്തുവന്നു.
പല കമ്യൂണിസ്റ്റ് നേതാക്കളും മുംബൈ എഐസിസിക്കു പോയതേയില്ല. ഒരു ഡസന്‍ കമ്മ്യൂണിസ്റ്റുകളെ അവിടെയെത്തിയുള്ളൂ. അവര്‍, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിന് പോകാതെ, കോണ്‍ഗ്രസും മുസ്ലിം ലീഗുമായി ചേര്‍ന്ന് ദേശീയ സര്‍ക്കാരിന് വാദിക്കണമെന്ന് ഭേദഗതി കൊണ്ടുവന്നു. അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയതിന് ഗാന്ധി കമ്യൂണിസ്റ്റുകളെ അഭിനന്ദിച്ചു. അദ്ദേഹം ഉപദേശിച്ചു: ”പ്രതീക്ഷ വറ്റിയ ന്യൂനപക്ഷമായിട്ടും, ആളുകള്‍ പരിഹസിക്കുമെന്നറിഞ്ഞിട്ടും, ധീരരായിത്തന്നെ ഇരിക്കുക.”
പലയിടത്തും കോണ്‍ഗ്രസിന്റെ പ്രക്ഷോഭത്തെ കമ്യൂണിസ്റ്റുകള്‍ തടഞ്ഞ്, ഉല്‍പാദനം കൂട്ടാന്‍ യത്‌നിച്ചു. അവര്‍, ജനത്തില്‍നിന്ന് ഒറ്റപ്പെട്ടു. ഗാന്ധി ജയിലില്‍ നിന്ന് 1944 ല്‍ പുറത്തിറങ്ങിയപ്പോള്‍ കമ്യൂണിസ്റ്റ് നേതാക്കള്‍ കോണ്‍ഗ്രസ് വികാരം മയപ്പെടുത്തണമെന്ന് അപേക്ഷിച്ചു. ആ സംഘത്തിലുള്‍പ്പെട്ട മോഹന്‍ കുമാരമംഗലം പില്‍ക്കാലത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഗാന്ധിയോട് അപേക്ഷിച്ചിട്ട് പ്രയോജനമുണ്ടായില്ല. യുദ്ധശേഷം, 1945 ല്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ പുറത്തുവന്നപ്പോള്‍ പലയിടത്തും കമ്യൂണിസ്റ്റുകള്‍ക്ക് തല്ലുകൊണ്ടു. 1946 ല്‍ കമ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസില്‍നിന്ന് പുറത്തായി. അഞ്ചുവര്‍ഷത്തിനുള്ളില്‍, ക്വിറ്റിന്ത്യാ നേതാക്കളില്‍ പലരും കമ്യൂണിസ്റ്റ് പാളയത്തിലെത്തി-നാനാപാട്ടീല്‍ (സത്താറ), അജയ് മുക്കര്‍ജി (താംലുക്), വീര്‍ ബഹാദൂര്‍ സിങ് (ബലിയ). ക്വിറ്റിന്ത്യാ സമ്മേളനത്തില്‍, മുംബൈ ഗൊവാലിയ ടാങ്ക് മൈതാനത്ത് പതാക ഉയര്‍ത്തിയ അരുണാ ആസഫ് അലി തന്നെയും അക്കൂട്ടത്തില്‍പ്പെട്ടു.
ഗാന്ധിയും ബോസും ‘അന്ധമിശിഹ’മാരാണെന്ന് കമ്യൂണിസ്റ്റ് മുഖപത്രം ക്വിറ്റിന്ത്യയ്ക്ക് മുന്‍പ് പരിഹസിച്ചു. ”ബൂര്‍ഷ്വാ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം വഴിമുട്ടി”യെന്ന് 1941 ഫെബ്രുവരിയില്‍ എഴുതി. ”പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക” എന്ന മുദ്രാവാക്യം ആശയപരമായ പാപ്പരത്തമാണെന്ന് അവഹേളിച്ചു-ആര്‍എസ്എസ് ശാഖകളില്‍, സ്വാതന്ത്ര്യ ഗീതം പാടിയിരുന്ന കാലമായിരുന്നു, അത്; അരുണയ്ക്ക് തന്നെയും ആര്‍എസ്എസ് അഭയം നല്‍കിയ കാലം. അന്ന് ബ്രിട്ടീഷ് ഏജന്റായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി.സി.ജോഷി, 1943 മാര്‍ച്ച് 15 ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി സര്‍ റജിനാള്‍ഡ് മാക്‌സ്‌വെല്ലിന് 120 പേജുള്ള റിപ്പോര്‍ട്ട് അയച്ചു-ഏതൊരു ചാരനെയും പോലെ.
ക്വിറ്റിന്ത്യാ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ താനും പാര്‍ട്ടിയും ആവതെല്ലാം ചെയ്യുന്നുണ്ടെന്ന് അതില്‍ ജോഷി പറഞ്ഞു. പാക്കിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നതിന് നാലു കാരണങ്ങള്‍ ജോഷി റിപ്പോര്‍ട്ടില്‍ നിരത്തി. ഒന്ന്: ഇന്ത്യ ഒറ്റ രാഷ്ട്രമല്ല, പല ദേശീയതകള്‍ ചേര്‍ന്നതാണ്. രണ്ട്: പാക്കിസ്ഥാനുവേണ്ടിയുള്ള ആവശ്യം ന്യായമാണ്; കാരണം, അവരെ ഹിന്ദുക്കള്‍ ഭാവിയില്‍ പീഡിപ്പിക്കും. മൂന്ന്: മുസ്ലിംലീഗ് തന്നെ പുരോഗമനപരവും മതേതരവുമായി മാറി. ജിന്ന മതേതരവാദിയും മതവിരുദ്ധനുമായി. നാല്: സ്വയം നിര്‍ണയാവകാശം മുസ്ലിംകള്‍ക്ക് കോണ്‍ഗ്രസ് അനുവദിക്കണം.
ക്വിറ്റിന്ത്യാകാലത്ത് കോണ്‍ഗ്രസുകാരെ കമ്യൂണിസ്റ്റുകള്‍ ഒറ്റുന്നതിനെതിരെ ഗാന്ധിതന്നെ 1944 ജൂണ്‍ ഒന്നിന് എഴുതി. അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ജോഷി കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു, ഇത്. ആ കത്തില്‍ ഗാന്ധി അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചു:
ഒന്ന്: ‘ജനകീയ യുദ്ധ’ത്തില്‍ ‘ജനം’ എന്നുവച്ചാലെന്താണ്? ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ പേരില്‍ എന്നോ? കിഴക്ക്/തെക്ക് പശ്ചിമ ആഫ്രിക്കയിലെ നീഗ്രോകളുടെ പേരില്‍ എന്നോ? അമേരിക്കയിലെ നീഗ്രോകളുടെ പേരില്‍ എന്നോ? സഖ്യകക്ഷികള്‍ ഇത്തരമൊരു യുദ്ധത്തിലാണോ?
രണ്ട്:താങ്കള്‍ പ്രതിനിധീകരിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പണമിടപാടുകള്‍ പൊതു ഓഡിറ്റിന് വിധേയമാണോ? ആണെങ്കില്‍, എന്നെ കാണിക്കാമോ?
മൂന്ന്: കഴിഞ്ഞ രണ്ടുവര്‍ഷം തൊഴില്‍സമരങ്ങള്‍ നടത്തിയ നേതാക്കളെയും സംഘാടകരെയും അറസ്റ്റ് ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി, അധികാരികളെ സജീവമായി സഹായിച്ചുവെന്നു പറയപ്പെടുന്നു.
നാല്: ദുഷ്ടലാക്കോടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നുഴഞ്ഞുകയറിയതായി പറയപ്പെടുന്നു.
അഞ്ച്: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയം പുറത്തുനിന്ന് ആജ്ഞാപിക്കുന്നതല്ലേ?
ജൂണ്‍ 14 ന് ജോഷി അയച്ച മറുപടിയില്‍, ഗാന്ധിയുടെ ആരോപണങ്ങള്‍ നിരാകരിച്ചില്ല. അവ തെളിയിക്കാനാവില്ല എന്നുപറഞ്ഞു കൈകഴുകി. എന്നിട്ട് ജോഷി ഇങ്ങനെ വീമ്പിളക്കി:
കടുത്ത ക്ഷാമത്തിനിടയിലും ഞങ്ങള്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ പോരാട്ടങ്ങളില്‍ നിന്ന് തടഞ്ഞത്, ഞങ്ങളുടെ സ്വാധീനത്തിന് മാത്രമല്ല, ദേശീയ താല്‍പര്യങ്ങള്‍ തിരിച്ചറിയാനുള്ള ഞങ്ങളുടെ കഴിവിന് കൂടി തെളിവാണ്.
ഇതാണ്, കമ്യൂണിസ്റ്റുകളുടെ ഗാന്ധി; കൂലിപ്പടയാളികളുടെ ഗാന്ധി. ഇതാണ്, അവര്‍ കാണുന്ന വരിയുടയ്ക്കപ്പെട്ട തൊഴിലാളിവര്‍ഗം. ഇതാണ്, ചാരന്മാരുടെ ദേശീയ താല്‍പര്യം.

© Ramachandran

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...