Wednesday, 12 June 2019

ചെഗുവേര ,രക്തദാഹി

ഫിദല്‍ കാസ്‌ട്രോയ്ക്ക് പകരം, ചെ ഗുവേരയായിരുന്നു ക്യൂബയുടെ തലവനായത് എങ്കില്‍, എന്തു സംഭവിക്കുമായിരുന്നു?
ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, പോള്‍ പോട്ട്, മാവോ എന്നിവരെപ്പോലെ ഒരു കശാപ്പുകാരനാകുമായിരുന്നു. അതിന് സൂചന നല്‍കുന്നതാണ്, ലാ കബാനയിലും സിയറാ മെയ്‌സ്ത്രയിലും ജയിലുകളില്‍ ചെ നടത്തിയ കൂട്ടക്കൊലകള്‍. അവയെ ന്യായീകരിച്ച് അയാള്‍ പറഞ്ഞു:
തോക്കു സേനയുടെ മുന്നിലേക്ക് ആളുകളെ അയയ്ക്കാന്‍, നിയമത്തിന്റെ തെളിവുവേണ്ട. ഇവയെല്ലാം പ്രാചീന ബൂര്‍ഷ്വാ പ്രക്രിയകളാണ്. നമ്മുടേത് വിപ്ലവമാണ്! ശുദ്ധമായ വെറുപ്പുകൊണ്ട് പ്രചോദിപ്പിക്കപ്പെട്ട, ക്രൂരമായി കൊല്ലുന്ന യന്ത്രമായിരിക്കണം, ഒരു വിപ്ലവകാരി.
കാസ്‌ട്രോയുമായി പിണങ്ങി ബൊളീവിയയിലേക്ക് സ്ഥലം വിട്ടില്ലെങ്കില്‍, അയാള്‍ വലിയ കശാപ്പുകാരനായേനെ. ‘ലാ കബാനയിലെ കശാപ്പുകാരന്‍’ എന്ന ഇരട്ടപ്പേര്, ബൊളീവിയയിലേക്ക് പോകും മുന്‍പേ അയാള്‍ക്ക് കിട്ടി. കാസ്‌ട്രോയുടെ മുഖ്യ രാഷ്ട്രീയ തടവറയായിരുന്നു, ലാ കബാന. മുഴുവന്‍ പേര്, സാന്‍ കാര്‍ലോസ് ദ് ലാ കബാന. ബറ്റിസ്റ്റയെ അട്ടിമറിച്ച വിപ്ലവത്തിനുശേഷം കാസ്‌ട്രോ, ചെ യെ ഈ തടവറയുടെ സൂക്ഷിപ്പുകാരനാക്കി. കരിങ്കല്ലില്‍ തീര്‍ത്ത കോട്ടയായിരുന്നു, അത്.
കശാപ്പാണ് നീതി നടത്തിപ്പ് എന്ന ആശയം 1967 ഏപ്രിലില്‍, ഇടതുമാസികയായ ‘ട്രൈ കോണ്ടിനെന്റലി’ ന് നല്‍കിയ സന്ദേശത്തില്‍ ചെ വ്യക്തമാക്കിയിരുന്നു.
വെറുപ്പ് പോരാട്ടത്തിന്റെ ഘടകമാണ്. ശത്രുവിനോടുള്ള ചാഞ്ചല്യമില്ലാത്ത വെറുപ്പ് മനുഷ്യനെ അവന്റെ പ്രകൃതിദത്തമായ പരിമിതികള്‍ ലംഘിച്ച്, പ്രാപ്തിയുള്ള, അക്രമോത്സുകനായ, തെരഞ്ഞുപിടിക്കുന്ന, തണുത്തുറഞ്ഞ, കൊലപാതക യന്ത്രമാക്കുന്നു.
ചെയുടെ മോട്ടോര്‍ സൈക്കിള്‍ യാത്രാവിവരണത്തിന്റെ മൂലത്തില്‍, ”വെടിമരുന്നിന്റെയും ചോരയുടെയും ഉന്മത്തമായ ഗന്ധം എന്റെ നാസാരന്ധ്രങ്ങളെ വികസിപ്പിക്കുന്നു” എന്നു കാണുന്നത്, ശരിയായിരിക്കാനിടയില്ല എന്ന് ചെയുടെ മുന്‍ കാമുകി ചിച്ചിന ഫെറെയ്‌റ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സുഹൃത്ത് ഗ്രാനഡോയോട്, നന്നേ ചെറുപ്പത്തില്‍ ചെ പറഞ്ഞു: ”വെടിയില്ലാതെ എന്ത് വിപ്ലവം? നിനക്ക് ഭ്രാന്താണ്!”
1954 ല്‍ ഗ്വാട്ടിമാലയില്‍ ജേക്കബോ അര്‍ബെന്‍സിന്റെ വിപ്ലവ ഭരണകൂടം അട്ടിമറിക്കപ്പെട്ടത് കണ്ട ചെ, അമ്മ സീലിയ യോസയ്ക്ക് എഴുതി: ”ബോംബുകളും പ്രഭാഷണങ്ങളും മറ്റും എന്റെ വിരസതയെ തകര്‍ത്തത് നല്ല രസമായിരുന്നു.”
ബറ്റിസ്റ്റയെ അട്ടിമറിക്കാന്‍ മെക്‌സിക്കോയില്‍നിന്ന് ക്യൂബയിലേക്ക് ‘ഗ്രാന്‍മ’ ബോട്ടില്‍ കാസ്‌ട്രോയ്‌ക്കൊപ്പം യാത്ര ചെയ്ത ചെ, അതില്‍നിന്നിറങ്ങി 1957 ജനുവരി 28 ന് ഭാര്യയ്ക്ക് എഴുതി: ”ഞാന്‍ രക്തദാഹിയായി, ക്യൂബന്‍ കാട്ടിലാണ്.” ഇത്, അവര്‍, ആദ്യ ഭാര്യ ഹില്‍ഡ ഗാഡിയ, ‘മൈ ലൈഫ് വിത്ത് ചെ’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
അര്‍ബെന്‍സിന് അധികാരം പോയത് വേണ്ടത്ര ശത്രുക്കളെ കശാപ്പു ചെയ്യാത്തതിനാലാണെന്ന് ചെ നിരീക്ഷിച്ചു. കാമുകിയായ ടിറ്റ ഇര്‍ഫന്റെയ്ക്ക് അയാള്‍ എഴുതി: ”കുറെപ്പേരെ കൊന്നിരുന്നെങ്കില്‍, സര്‍ക്കാരിന് തിരിച്ചടിക്കാന്‍ കഴിയുമായിരുന്നു.”
ബറ്റിസ്റ്റക്കെതിരായ കലാപത്തിലും, ഹവാനയിലേക്ക്, ഭരണകൂടത്തെ അട്ടിമറിച്ച് കടക്കുമ്പോഴും, ചെ നിരവധിയാളുകളെ കൊല്ലുകയും തത്സമയ വിചാരണകളില്‍ ആള്‍ക്കൂട്ടങ്ങളെ കൊല്ലാന്‍ മേല്‍നോട്ടം വഹിക്കുകയും ചെയ്തു. ഒരാളെ സംശയിച്ചാല്‍ തന്നെ കൊന്നുകളയുമായിരുന്നു. സിയറാ മെയ്‌സ്ത്രയില്‍നിന്നുള്ള ചെയുടെ ഡയറിക്കുറിപ്പില്‍നിന്ന്, യൂട്ടീമിയോ ഗുവേരയെ, ചെ കൊന്നത്, അയാള്‍ ശത്രുക്കള്‍ക്ക് വിവരം നല്‍കി എന്നു സംശയം തോന്നിയതിനാല്‍ മാത്രമായിരുന്നു എന്നുകാണാം. ഇതാണ് ഡയറിക്കുറിപ്പ്: ”ഞാന്‍ അയാളുടെ തലച്ചോറിന്റെ വലതുവശത്ത് 0.32 കാലിബര്‍ പിസ്റ്റള്‍ പ്രയോഗിച്ച്, ആ പ്രശ്‌നം പരിഹരിച്ചു….. അയാളുടെ സ്വത്തെല്ലാം ഇനി എന്റേതാണ്.” വിപ്ലവകാരികളില്‍നിന്ന് യാത്ര പറഞ്ഞു പിരിയാന്‍ ശ്രമിച്ച അരിസ്റ്റിഡിയോ എന്ന കര്‍ഷകനെയും ചെ വെടിവച്ചുകൊന്നു. ”അയാള്‍ മരണത്തിന് ശരിക്കും അര്‍ഹനായിരുന്നോ എന്ന് എനിക്കറിയില്ല,” ചെ എഴുതി. അകാരണമായി, തന്റെ സഖാവിന്റെ സഹോദരനായ എക്കെവെരിയയെ കൊല്ലാന്‍ ചെ ഉത്തരവിട്ടു. ഇരകളെ മാനസികമായി പീഡിപ്പിക്കാന്‍, ചെ, അവരെ കൊല്ലുന്നതായി അഭിനയിച്ചു.
ചെയെപ്പറ്റി ഡോക്യുമെന്ററിക്ക് ഗവേഷണം ചെയ്ത് ലൂയിസ് ഹാര്‍ഡിയ, പൊദ്രാ കോര്‍സാ എന്നിവരോട് വിപ്ലവ കമാന്‍ഡറായിരുന്ന ജെയ്മി കോസ്റ്റാ വാസ്‌ക്വെസ് പറഞ്ഞത്, പില്‍ക്കാലത്ത് ക്യൂബന്‍ ആഭ്യന്തരമന്ത്രിയായ റാമിറോ വാല്‍ദെസിന്റെ മേല്‍വിലാസത്തിലുള്ള കൊലകളെല്ലാം നടത്തിയത് ചെ ആയിരുന്നു എന്നാണ്. വാല്‍ദെസ് അന്ന് ചെയുടെ മേല്‍നോട്ടത്തിലായിരുന്നു. ”സംശയിച്ചാല്‍, കൊല്ലുക” എന്നായിരുന്നു ചെയുടെ ആജ്ഞ. വിപ്ലവവിജയത്തലേന്ന്, സാന്താ ക്ലാര ദ്വീപില്‍ ചെ രണ്ടു ഡസന്‍ പേരെ കൊല്ലാന്‍ ഉത്തരവിട്ടു. അതില്‍ ചിലരെ ഒരു ഹോട്ടലിലാണ് കൊന്നതെന്ന്, പിന്നീട് പത്രപ്രവര്‍ത്തകനായ വിപ്ലവകാരി മാര്‍സെലോ ഫെര്‍ണാണ്ടസ്-സയാസ് എഴുതിയിട്ടുണ്ട്. അക്കൂട്ടത്തില്‍, തൊഴിലില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മാത്രം വിപ്ലവത്തില്‍ പങ്കെടുത്ത കര്‍ഷകരും പെട്ടു.
ചെ കാമുകി ടിറ്റയ്‌ക്കൊപ്പം 
ചെ ഡ്രാക്കുളയായി മാറിയത്, വിപ്ലവശേഷം ലാ കബാന ജയിലിന്റെ ചുമതല കിട്ടിയപ്പോഴാണ്. 18-ാം നൂറ്റാണ്ടില്‍ ഇംഗ്ലീഷ് കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഹവാനയെ രക്ഷിക്കാന്‍ കെട്ടിപ്പൊക്കിയ കോട്ടയായിരുന്നു അത്. പിന്നീട് അത് പട്ടാളത്താവളമായി. ലാ കബാനയില്‍ ചെയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ച് പിന്നീട് പോര്‍ട്ടോറിക്കോയില്‍ പ്രൊഫസറായ ഹൊസെ വിലാസുസോ പറയുന്നത്, അവിടെ ചെ പട്ടാളക്കോടതിയുണ്ടാക്കി എന്നാണ്. വിപ്ലവ നടത്തിപ്പിന് ഓരോരുത്തരും കൊലപാതകികളാകണം എന്നായിരുന്നു ആജ്ഞ. മിഗ്വല്‍ ദുഖ് എസ്ട്രാഡയായിരുന്നു വിലാസുസോയുടെ അധികാരി. വധശിക്ഷയ്ക്ക് ഫയലുകള്‍ ശരിയാക്കുകയായിരുന്നു വിലാസുസോയുടെ ജോലി.
ശിക്ഷവിധിച്ചു കഴിഞ്ഞാല്‍, തിങ്കള്‍ മുതല്‍ വെള്ളിവരെ പാതിരയ്ക്കാണ് വെടിവച്ചു കൊന്നിരുന്നത്. വിലാസുസോ ഓര്‍ക്കുന്ന ഒരു കരാള രാത്രിയില്‍, ഏഴുപേരെ വെടിവച്ചുകൊന്നു. 300 പേര്‍ക്ക് മാത്രം കഴിയാവുന്നിടത്ത് 800 പേരുണ്ടായിരുന്നെന്നാണ്, തടവുപുള്ളികള്‍ക്ക് അന്ത്യശുശ്രൂഷ നല്‍കിയിരുന്ന കത്തോലിക്കാ പുരോഹിതനും വിമോചന ദൈവശാസ്ത്രജ്ഞനുമായ ഹവിയേര്‍ അര്‍സുഗ ഓര്‍ക്കുന്നത്. അക്കൂട്ടത്തില്‍ മുന്‍ പട്ടാളക്കാര്‍, പത്രപ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, വ്യവസായികള്‍ എന്നിവരുണ്ടായിരുന്നു. അപ്പീല്‍ കോടതി അധ്യക്ഷനായിരുന്നു, ചെ. ഒരു വിധിയും അയാള്‍ റദ്ദാക്കിയില്ല. ”ശിക്ഷ വിധിക്കപ്പെട്ടവര്‍ ഞാന്‍ ഹിപ്‌നൊട്ടൈസ് ചെയ്തതിനാല്‍ ശാന്തരായിരുന്നുവെന്ന് കിംവദന്തി പരന്നു; അതിനാല്‍ കൊല്ലുമ്പോള്‍ എന്റെ സാന്നിദ്ധ്യം വേണമെന്ന് ചെ നിര്‍ബന്ധിച്ചു,” അര്‍സുഗ ഓര്‍ക്കുന്നു.
അര്‍സുഗ മേയില്‍ പോയശേഷവും കൊലകള്‍ നടന്നു. 55 വധശിക്ഷകള്‍ക്ക് അര്‍സുഗ സാക്ഷിയായി. പലവട്ടം തടവുകാര്‍ക്കായി ചെയോട് അദ്ദേഹം യാചിച്ചു. ഏരിയല്‍ ലിമ എന്ന കുട്ടിക്ക് വേണ്ടിയും അപേക്ഷിച്ചു. ചെ വഴങ്ങിയില്ല. കാസ്‌ട്രോയും വഴങ്ങിയില്ല. 1959 മേയില്‍ അര്‍സുഗ, ലാ കബാന തടവറയുടെ കാസാ ബ്ലാങ്ക ഇടവക വിടുമ്പോള്‍, മടുത്തിരുന്നു. മൂന്നുവര്‍ഷം അവിടെ അദ്ദേഹം കുര്‍ബാന അര്‍പിച്ചു. അര്‍സുഗ വിട പറയുമ്പോള്‍ ചെ പറഞ്ഞു: ”നാം ഇരുവരും പരസ്പരം സ്വന്തം ചേരിയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചെങ്കിലും, വിജയിച്ചില്ല. നാം മുഖംമൂടികള്‍ മാറ്റിയാല്‍, ശത്രുക്കളാകും.”
ലാ കബാനയില്‍ 200 പേരെ കൊന്നിട്ടുണ്ടാകുമെന്ന് പെദ്രോ കോര്‍സോ പറയുന്നു. റിട്ടയര്‍ ചെയ്ത ധനശാസ്ത്ര പ്രൊഫസര്‍ അര്‍മാന്‍ഡോ ലാഗോ എട്ടുവര്‍ഷത്തെ ഗവേഷണത്തില്‍ 179 പേരുകള്‍ കണ്ടെത്തിയിട്ടുണ്ട്. 1959 ജനുവരിക്കും ചെ, ലാ കബാന വിട്ട ജൂണിനുമിടയില്‍ 400 പേരെ കൊന്നതായി വിലാസുസോ കണക്കാക്കുന്നു. ഹവാനയിലെ അമേരിക്കന്‍ എംബസി അക്കാലത്തയച്ച സന്ദേശങ്ങളില്‍ 500 ആണ് കണക്ക്. കണക്ക്, പുന്നപ്ര വയലാര്‍ പോലെയാണ്. ചെയുടെ ജീവചരിത്രകാരന്മാരിലൊരാളായ ജോര്‍ജ് കാസ്റ്റനേഡ, ഫാ. ഇനാകി ദ അസ്പിയാര്‍സുവിനെ ഉദ്ധരിച്ചു പറയുന്നത്, 700 പേര്‍ കൊല്ലപ്പെട്ടു എന്നാണ്.
ബൊളീവിയയില്‍ ചെ യെ ചോദ്യം ചെയ്ത സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗ്‌സിനോട് ചെ പറഞ്ഞ കണക്കാകട്ടെ, താന്‍ തന്റെ ജീവിതകാലത്ത് 2000 പേരെ കൊന്നു എന്നത്രെ. ചെ, കബാനയുടെ ചുമതല വിട്ടശേഷം നടന്ന ഉന്മൂലനങ്ങളും അധിക കണക്കിലുണ്ടാകാം.
കാസ്‌ട്രോയ്ക്ക് മാത്രമല്ല, ഇളയ സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയ്ക്കും ലാ കബാന, ശത്രുക്കള്‍ക്കുള്ള പീഡനക്കോട്ടയായിരുന്നു; ഇപ്പോള്‍ ഇത്, എല്‍മോറോ കോട്ടയ്‌ക്കൊപ്പം, പാര്‍ക്കാണ്. രാത്രി ഒന്‍പതിന് ഒരു വെടിയൊച്ച കേള്‍ക്കാം. നഗരവാതിലുകള്‍ അടയ്ക്കാന്‍ കൊളോണിയല്‍ കാലത്ത് ഉയര്‍ന്നിരുന്ന ആ വെടിയൊച്ച മാത്രം, വിപ്ലവം വേണ്ടെന്ന് വച്ചിട്ടില്ല. വെടിയൊച്ചകള്‍ വിപ്ലവത്തിന്റെ ഭാഗമാണല്ലോ.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...