Wednesday 12 June 2019

മാർക്സിനെ ചൂണ്ടിയ പിള്ള

അത്, മോഷണം ആയിരുന്നു 

നാലാംകിട പത്രാധിപരായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെപ്പറ്റി ഒരു മണ്ടന്‍ എഴുതിയ ഒരു വാചകം തിരുമണ്ടന്മാര്‍ ആവര്‍ത്തിച്ചു കാണാറുണ്ട്. 1917 ലെ റഷ്യന്‍ വിപ്ലവത്തിനും അഞ്ചുവര്‍ഷം മുന്‍പ്, 1912 ല്‍, പിള്ള, കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം എഴുതി എന്ന കൊട്ടിപ്പാടി സേവയാണ്, അത്.

അതൊരു മോഷണ മുതലായതിനാല്‍, ഞാന്‍ തൊണ്ടി സഹിതം പിടിച്ചിട്ടുണ്ട്. എന്റെ സാക്ഷ്യം പോരെങ്കില്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുറത്തിറക്കിയ, History of the Communist Movement in India എന്ന പുസ്തകത്തെ ആശ്രയിക്കാം. അതിന്റെ ആമുഖത്തില്‍, കാള്‍ മാര്‍ക്‌സിന്റെ പേര്, ഭാരതത്തില്‍ ആരൊക്കെ ആദ്യം പരാമര്‍ശിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. പി.സി. ജോഷിയും കെ. ദാമോദരനും ചേര്‍ന്ന് എഴുതിയ 'മാര്‍ക്‌സ് കംസ് ടു ഇന്ത്യ' (1975) എന്ന പുസ്തകത്തില്‍, 1903 ല്‍ കൊല്‍ക്കത്തയിലെ 'അമൃത ബസാര്‍ പത്രിക'യില്‍, Rise of Foreign Socialists: Their Remarkable Growth in the continent in Recent Years എന്ന ലേഖനത്തിലാണ്, ആദ്യം മാര്‍ക്‌സിന്റെ പേരുവന്നതെന്നു പറഞ്ഞത്, തെറ്റാണെന്ന് പാര്‍ട്ടി ചരിത്രം പറയുന്നു. എന്നിട്ട്, ജെ.വി.നായിക്കിലേക്ക് വരുന്നു. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി' എന്ന ഇടതുവാരികയുടെ 1999 മെയ് ഒന്നിലെ ലക്കത്തില്‍, നായിക്ക്, Lokamanya Tilak on Karl Marx and Class Conflict എന്ന ലേഖനം എഴുതി. അതില്‍ വെളിപ്പെടുത്തുന്നത്, 1881 മെയ് ഒന്നിലെ 'മഹ്‌റാട്ട'യില്‍ ബാലഗംഗാധര തിലകന്‍ എഴുതിയ ലേഖനത്തില്‍ മാര്‍ക്‌സിന്റെ പേര് ആദ്യം വന്നു എന്നാണ്. എന്നുവച്ചാല്‍, മാര്‍ക്‌സിസവുമായി ഒരു ബന്ധവുമില്ലാത്ത, ഭാരതീയതയുമായി നല്ല ബന്ധമുള്ള ഒരാളാണ്, മാര്‍ക്‌സിന്റെ പേരാദ്യം പറഞ്ഞത്. ആ ഖണ്ഡിക ഇവിടെ എടുത്തുചേര്‍ക്കുന്നില്ല.

ഇനി പാര്‍ട്ടി ചരിത്രം പറയുന്നതാണ് പ്രധാനം. മാര്‍ക്‌സിനെപ്പറ്റി ഒരു മുഴുനീള ലേഖനം ഭാരതത്തില്‍ ആദ്യം വരുന്നത്, 1912 മാര്‍ച്ചില്‍ 'മോഡേണ്‍ റിവ്യൂ' എന്ന മാസികയിലാണ്്. ദേശീയ പത്രപ്രവര്‍ത്തകനായ രാമാനന്ദ ചാറ്റര്‍ജി പത്രാധിപരായ ആ മാസികയില്‍, 'കാള്‍ മാര്‍ക്‌സ്: എ മോഡേണ്‍ ഋഷി' എന്ന പേരില്‍ ലേഖനം എഴുതിയത്, ലാലാ ഹര്‍ദയാല്‍ ആയിരുന്നു. അമേരിക്കയില്‍ ഗദര്‍ പാര്‍ട്ടി സ്ഥാപിച്ചവരില്‍ ഒരാളാണ്, ഹര്‍ദയാല്‍. ഹര്‍ദയാലിന്റെ ലേഖനം, നാലുമാസം കഴിഞ്ഞ്, ഓഗസ്റ്റില്‍, രാമകൃഷ്ണപിള്ള ചൂണ്ടിയതാണ്, പാടിപ്പുകഴ്ത്തുന്ന മാര്‍ക്‌സിന്റെ ആ ജീവചരിത്രം. അത് ജീവചരിത്രം ഒന്നുമല്ല; ഒരു നീണ്ടലേഖനം കോപ്പിയടിച്ചാല്‍ ലഘുലേഖയല്ലേ ആകൂ?

രാമകൃഷ്ണപിള്ള മലയാള പത്രപ്രവര്‍ത്തനത്തിന്റെ അമ്മാച്ചനാണോ, മച്ചമ്പിയാണോ എന്നൊന്നും എനിക്കറിയില്ല. എന്നാല്‍, ഭാരതീയ പത്രപ്രവര്‍ത്തനത്തിന്റെ പിതാവാണ്, രാമാനന്ദ ചാറ്റര്‍ജി. അദ്ദേഹത്തെ ഓര്‍ക്കാനുള്ള സന്ദര്‍ഭമാണ്, ഇത്. ഇത് അദ്ദേഹത്തിന്റെ 150-ാം ജന്മവര്‍ഷമാണെന്ന്, ദിലീപ് പഡ്ഗാവ്ങ്കര്‍ എഴുതുന്നു. ദിലീപിനെ ഞാന്‍ വിശ്വസിക്കണോ? കാരണം, രേഖകളില്‍ കാണുന്നത്, ചാറ്റര്‍ജി ജനിച്ചത്, 1865 മെയ് 29 ന് ആണെന്നാണ്. അങ്ങനെ അത് തെറ്റിപ്പോയാലും ഓര്‍ക്കാന്‍ ന്യായമുണ്ട്. അദ്ദേഹം മരിച്ചത്, 1943 സെപ്തംബര്‍ 30 നാണ്. ആ ശ്രാദ്ധം പത്തുനാള്‍ കഴിഞ്ഞിട്ടാണല്ലോ.

'മോഡേണ്‍ റിവ്യൂ'വിന്റെ സ്ഥാപകനും പത്രാധിപരും ഉടമയുമായിരുന്നു, ചാറ്റര്‍ജി. അതുപോലൊന്ന്, ഇനി ഉണ്ടാവുകയില്ല. അതില്‍ എഴുതിയിരുന്നത്, ടഗോര്‍, നെഹ്‌റു, സുഭാഷ്ചന്ദ്ര ബോസ്, ഗാന്ധി, റൊമെയ്ന്‍ റൊളാങ്, ലാലാ ലജ്പത്‌റായ്, ഭഗിനി നിവേദിത, ജാദുനാഥ് സര്‍ക്കാര്‍ എന്നിവരൊക്കെ ആയിരുന്നു! ഭാരതീയ ദേശീയ ബുദ്ധിജീവികളുടെ സംഗമബിന്ദുവായിരുന്നു, മാസിക. രാഷ്ട്രീയം, ധനശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവയെ സംബന്ധിച്ച പ്രബന്ധങ്ങള്‍, കവിതകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍, ചിത്രങ്ങള്‍ എന്നിവ അതില്‍ ഉണ്ടായിരുന്നു. ഭാരതത്തില്‍ ആദ്യമായി, പരിസ്ഥിതിനാശത്തെപ്പറ്റി രാധാ കമല്‍ മുക്കര്‍ജി എഴുതിയ ലേഖനങ്ങള്‍ അതില്‍ വന്നു. വെറിയര്‍ എല്‍വിന്റെ ആദ്യ മാനവശാസ്ത്ര ലേഖനങ്ങള്‍ അതില്‍ കണ്ടു. 1937 നവംബറില്‍ നെഹ്‌റു, 'ചാണക്യ' എന്ന തൂലികാ നാമത്തില്‍, സ്വയം വിമര്‍ശനപരമായ 'രാഷ്ട്രപതി' എന്ന ലേഖനം അതില്‍ എഴുതി.

'സ്വദേശാഭിമാനി' യുടെ സാഹിത്യ ലേഖനങ്ങള്‍, നിരൂപണങ്ങള്‍' എന്നൊരു പുസ്തകം സാഹിത്യ അക്കാദമി ഇറക്കിയിട്ടുണ്ട്. മിക്കവാറും നിരൂപണങ്ങള്‍ 'മോഡേണ്‍ റിവ്യൂ'വില്‍ നിന്ന് അടിച്ചുമാറ്റിയതായിരിക്കും. 'മോഡേണ്‍ റിവ്യൂ' ഇംഗ്ലീഷിലായിരുന്നെങ്കിലും, 'പ്രഭാസി' എന്ന സഹോദരി, ബംഗാളിയില്‍ ഇറങ്ങി. ഒരു രാഷ്ട്രീയകക്ഷിയുടെയും വാലാകാന്‍ ഇരു പ്രസിദ്ധീകരണങ്ങളും പോയില്ല. 'ഇന്ത്യന്‍ സോഷ്യല്‍ റിഫോമര്‍' എന്ന പ്രസിദ്ധീകരണം മാത്രമായിരുന്നു, അതിനോടു മത്സരിക്കാനുണ്ടായിരുന്നത്. സ്വാമി നിഗമാനന്ദയുടെ വിഖ്യാതമായ 'താക്കുരേര്‍ ചിതി' 1938 ഡിസംബര്‍ 26ന്, 'മോഡേണ്‍ റിവ്യൂ'വിലാണ് വന്നത്. ശിഷ്യന്മാര്‍ക്ക് നിഗമാനന്ദ പരമഹംസന്‍ എഴുതിയ 100 കത്തുകളാണ്, അവ. ചാറ്റര്‍ജിയുടെ മുഖം ടഗോറിനെപ്പോലിരിക്കുമെന്നോ, കേസരി ബാലകൃഷ്ണയെപ്പോലിരിക്കുമെന്നോ പറയാം
കേസരിയുടെ മുഖത്ത് ജ്ഞാനപ്രകാശം വിളങ്ങിയിരുന്നുവെന്ന്, എം.പി.പോളോ കുറ്റിപ്പുഴയോ എഴുതിയിട്ടുണ്ട്. ജ്ഞാനത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരുടെ മുഖത്ത്, സാത്വിക പ്രകാശം കളിയാടുന്നതു ഞാനും കണ്ടിട്ടുണ്ട്. വി.ആര്‍.കൃഷ്ണയ്യരുടെ അഗാധമായ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടില്ലേ? 

ബങ്കുരയിലെ പഥക്പുര ഗ്രാമത്തില്‍, ശ്രീനാഥ് ചതോപാധ്യയുടെയും (ബംഗാളി ബ്രാഹ്മണരില്‍, ചാറ്റര്‍ജിയും ചതോപാധ്യയും ഒന്ന്, മുക്കര്‍ജിയും മുഖോപാധ്യയും ഒന്ന്) ഹരസുന്ദരി ദേവിയുടെയും മൂന്നാമത്തെ മകനായിരുന്നു, രാമാനന്ദ ചാറ്റര്‍ജി/ചതോപാധ്യായ. കവിതയായിരുന്നു, കുട്ടിക്കാലത്ത് ഇഷ്ടം. രംഗലാല്‍ ബന്ദോപാധ്യായയുടെ ദേശാഭിമാന കവിതകളില്‍ ശ്രദ്ധയുടക്കി. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ബിരുദത്തിന് ഒന്നാം റാങ്കു നേടിയപ്പോള്‍, പ്രൊഫസര്‍ ഹേരംബചന്ദ്ര മൈത്ര, ബ്രഹ്മസമാജത്തിന്റെ 'ഇന്ത്യന്‍ മെസഞ്ചര്‍' എന്ന മുഖപത്രത്തില്‍ സഹപത്രാധിപര്‍ ജോലി കൊടുത്തു. മൈത്രയായിരുന്നു, പത്രാധിപര്‍. 1890 ല്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി, സിറ്റി കോളജില്‍ അധ്യാപകനായി. ചെടികള്‍ക്കും പ്രാണനുണ്ടെന്ന് തെളിയിച്ച മഹാശാസ്ത്രജ്ഞനായ ജഗദീശ് ചന്ദ്രബോസിനൊപ്പം, 'മുകുള്‍' എന്ന കുട്ടികളുടെ മാസിക തുടങ്ങി; സന്യാസി തുല്യനായ, ശിവനാഥ് ശാസ്ത്രി, പത്രാധിപര്‍. ചാറ്റര്‍ജി 1895 ല്‍ അലഹബാദ് കായസ്ഥ പാഠശാലയില്‍ അധ്യാപകനായി അങ്ങോട്ടു പോയെങ്കിലും, രണ്ടുവര്‍ഷത്തിനകം തിരിച്ചെത്തി, ബംഗാളി സാഹിത്യമാസികയായ 'പ്രദീപി'ന്റെ ചീഫ് എഡിറ്ററായി. അഭിപ്രായഭിന്നത കാരണം പിരിഞ്ഞ്, 1901 ല്‍ 'പ്രഭാസി' ആരംഭിച്ചു. ആറുവര്‍ഷത്തിനുശേഷം, 'മോഡേണ്‍ റിവ്യൂ' വന്നു. 

ഒരു സംഘം വിദ്യാര്‍ത്ഥികളോട് ചാറ്റര്‍ജി, 1934 മാര്‍ച്ച് 10 ന് ഒരു പത്രം എന്തായിരിക്കണം എന്നു വിവരിച്ചു: ലോകമാകെയുള്ള മനീഷികളില്‍നിന്ന് വിചാരവും ആശയങ്ങളും വസ്തുതകളും ശേഖരിക്കുക, വാര്‍ത്തകള്‍ ശേഖരിക്കുക. തെരുവിലലയുന്ന മനുഷ്യനുപോലും മനസിലാകുന്ന ഭാഷയില്‍ അത് അവതരിപ്പിക്കുക. പൊതുജനാഭിപ്രായം സത്യസന്ധമായി, നാട്ടിലെത്തിക്കുന്നതോടൊപ്പം, അത് ശരിയായ ദിശയില്‍ അല്ലെങ്കില്‍, അതിനെ ചോദ്യംചെയ്യാനുള്ള ചങ്കൂറ്റവും കാട്ടുക. നല്ല പത്രാധിപരാകാന്‍, രാഷ്ട്രീയം, ഭരണം എന്നിവയെപ്പറ്റിയുള്ള വിവരവും രാജ്യങ്ങളുടെ ഉയര്‍ച്ച താഴ്ചകളുടെ ചരിത്രബോധവും ധനശാസ്ത്രം, സാമൂഹിക ശാസ്ത്രങ്ങള്‍ എന്നിവയെപ്പറ്റി മാത്രമല്ല, ഇന്‍ഷുറന്‍സിനെപ്പറ്റിപ്പോലുമുള്ള അറിവുണ്ടാകണം. ലോകമാകെയുള്ള തൊഴില്‍ സമരങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പരീക്ഷണങ്ങള്‍, ഭിന്നമതങ്ങളെപ്പറ്റിയുള്ള ജ്ഞാനം എന്നിവ ഉണ്ടാകണം. പ്രത്യേക ലേഖകരെ വച്ച്, ഇവ താളുകളില്‍ വേണ്ടവിധം അവതരിപ്പിക്കണം. പുസ്തകാവലോകനങ്ങള്‍, കത്തുകള്‍, ചിത്രങ്ങള്‍ എന്നിവ വേണം. സ്വദേശാഭിമാനി പിള്ളയെപ്പോലെ, രാജഗോപാലാചാരിയെ ജാരഗോപാലാചാരി എന്നുവിളിക്കുന്നത് പത്രപ്രവര്‍ത്തനമല്ല എന്നര്‍ത്ഥം. 

ചാറ്റര്‍ജി ആരായിരുന്നു എന്നറിയാന്‍, അനികേന്ദ്രസെന്‍, ദോവാംഗ്ഷു ദത്ത, നിലാഞ്ജന എസ് റോയ് എന്നീ പത്രപ്രവര്‍ത്തകര്‍ ഇറക്കിയ, രാമചന്ദ്ര ഗുഹ അവതാരിക എഴുതിയ, 'പാട്രിയട്ട്‌സ്, പോയറ്റ്‌സ് ആന്‍ഡ് പ്രിസണേഴ്‌സ്' എന്ന പുസ്തകമുണ്ട്. നീരദ് സി. ചൗധരിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ 'ദൈ ഹാന്‍ഡ്, ഗ്രേറ്റ് അനാര്‍ക്ക്' ഉണ്ട്. 'മോഡേണ്‍ റിവ്യൂ'വില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു, നീരദ്. ആ പേരില്‍നിന്നാണ്, ദരിദ്ര ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഒരാള്‍ ധിഷണകൊണ്ട്, ലോകം കീഴടക്കിയ കഥ ചൗധരിയില്‍നിന്നറിയാം. പെണ്ണുങ്ങളെപ്പറ്റി ചാറ്റര്‍ജിക്കുണ്ടായിരുന്ന അന്ധവിശ്വാസത്തോട്, നീരദ് യോജിച്ചില്ല. രാഷ്ട്രീയ കാരണങ്ങളാല്‍ പോലും, പെണ്ണിന് ഒരിക്കലും തെറ്റുചെയ്യാനാവില്ലെന്ന്, ചാറ്റര്‍ജി വിശ്വസിച്ചു.

നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഉച്ചസ്ഥായിയില്‍, രണ്ടു ബംഗാളി യുവതികള്‍, ശാന്തിഘോഷും സുനീതി ചൗധരിയും ജില്ലാ മജിസ്‌ട്രേട്ടായിരുന്ന ചാള്‍സ് ജെഫ്രി ബുക്‌ലന്‍ഡ് സ്റ്റീവന്‍സിനെ വെടിവച്ചു കൊന്ന ശേഷവും, ചാറ്റര്‍ജി ഈ വിശ്വാസത്തില്‍ ഉറച്ചുനിന്നു. സ്ത്രീകള്‍ വിദ്യാഭ്യാസ നേട്ടം കൊയ്താല്‍, ചാറ്റര്‍ജി പടംവച്ച് അച്ചടിച്ചു. പെണ്ണുങ്ങളെപ്പറ്റി ചാറ്റര്‍ജി പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. പെണ്ണ് കോഴ വാങ്ങാന്‍ തുടങ്ങിയാല്‍, മലവെള്ളപ്പാച്ചില്‍ പോലെയാണ്. പണക്കിഴിയില്‍ തുള വീഴും. അണുവിടപോലും, ജാതിയോ വര്‍ഗീയതയോ, ചാറ്റര്‍ജിയില്‍ ഉണ്ടായിരുന്നില്ല. ചാറ്റര്‍ജിയുടെ ദീക്ഷ, ബ്രഹ്മസമാജക്കാരുടെ പൊതുദീക്ഷയായിരുന്നുവെന്ന്, നീരദ് എഴുതുന്നു. എനിക്ക് തോന്നുന്നത്, അത് തത്വദീക്ഷ ആയിരുന്നു, എന്നാണ്. ജനീവയില്‍, ഐക്യരാഷ്ട്രസഭയ്ക്ക് മുന്‍പത്തെ ലീഗ് ഓഫ് നേഷന്‍സിന്റെ സമ്മേളനത്തിന്റെ സദസ്സിലുണ്ടായിരുന്ന ചാറ്റര്‍ജിയെ ടഗോറായി, ആളുകള്‍ തെറ്റിദ്ധരിക്കുകയുണ്ടായി. അപ്പോള്‍, അത് ഒരു സാഹിത്യദീക്ഷയുമായിരുന്നു!

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...