Friday, 14 June 2019

വാൾട്ടർ ബെഞ്ചമിൻ മാർക്‌സിസ്റ്റല്ല

ർമൻ തത്വചിന്തകനും കലാ വിമർശകനുമായ വാൾട്ടർ ബെഞ്ചമിനെ  (1892-1940) കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾ മാർക്‌സിസ്റ്റായാണ് വായനക്കാർക്കിടയിൽ അവതരിപ്പിച്ചിട്ടുള്ളത്. ജീവിതത്തിൽ കുറച്ചുകാലം കമ്മ്യൂണിസ്റ്റായിരുന്ന സി.ജെ.തോമസിനെ ആരും കമ്മ്യൂണിസ്റ്റ് എന്ന പറയാറില്ല. അദ്ദേഹം അതിനോട് കൽക്കട്ട തീസിസിനു (1948) പിന്നാലെ വിട പറഞ്ഞിരുന്നു. അതുപോലെ ജീവിതത്തിൽ മാർക്‌സിസത്തോട് വിട പറഞ്ഞ ആളാണ്, വാൾട്ടർ ബെഞ്ചമിൻ. 1940ൽ ‘ചരിത്ര തത്വചിന്തയെപറ്റിയുള്ള സിദ്ധാന്തങ്ങൾ’ (Theses on the Philosophy of History) എഴുതിയ  ബെഞ്ചമിൻ ജ്ഞാന ആത്മീയതയിലേക്ക് മടങ്ങുകയാണ് ചെയ്തത്. 1940 സെപ്റ്റംബർ 26 ന്  അദ്ദേഹം ആത്മഹത്യ ചെയ്തു. സ്റ്റാലിൻ ഉന്മൂലനം ചെയ്തതാണെന്നും വാദമുണ്ട്.


വാൾട്ടർ ബെഞ്ചമിൻ മാർക്‌സിസം ഉപേക്ഷിച്ചതിന് ദൃഷ്ടാന്തമായ സിദ്ധാന്തങ്ങൾ, അദ്ദേഹം, ‘പ്രസിദ്ധീകരിക്കരുത്’ എന്ന നിർദ്ദേശത്തോടെ മാർക്‌സിസ്റ്റ് സൈദ്ധാന്തിക ഹന്നാ ആരെണ്ടിന് അയക്കുകയായിരുന്നു. ഹന്നയുടെ ആദ്യ വിവാഹം ബെഞ്ചമിൻ്റെ  അടുത്ത ബന്ധു ഗുന്തർ ആൻ സ്റ്റർനുമായിട്ടായിരുന്നു. ഹന്ന, സിദ്ധാന്തങ്ങൾ മാർക്‌സിസ്റ്റ്
സൈദ്ധാന്തികൻ  തിയഡോർ അഡോർണോയ്ക്ക് കൊടുത്തു. ‘വാൾട്ടർ ബെഞ്ചമിൻ്റെ ഓർമ്മയ്ക്ക്’ എന്ന പേരിൽ 1942ൽ ന്യൂയോർക്കിലെ ഇൻസ്റ്റിട്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് ആണ് ഇത് പ്രസിദ്ധീകരിച്ചത്. 1947ൽ ഫ്രഞ്ച് പരിഭാഷയുണ്ടായി. ഹന്ന എഡിറ്റ് ചെയ്ത,’ ഇല്ല്യൂമിനേഷൻസ്’ (Illuminations) എന്ന ബെഞ്ചമിൻ്റെ പ്രബന്ധ സമാഹാരത്തിൽ 1968ൽ ഇത് ഇംഗ്ലീഷിൽ വന്നു.

അസ് ജ ലാസിസ്  
 ബെഞ്ചമിൻ്റെ 1986ൽ ഇറങ്ങിയ  ‘മോസ്‌ക്കോ ഡയറി’ യാണ് അദ്ദേഹത്തിൻ്റെ പുസ്തകങ്ങളിൽ ഞാൻ ആദ്യം വായിച്ചത്. ബെഞ്ചമിൻ്റെ സ്വകാര്യജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുസ്തകം. വിച്ചി  ഫ്രാൻസിൽനിന്ന് ജൂതനായ ബെഞ്ചമിൻ നിരവധി വർഷങ്ങൾ തൻ്റെ കാമുകിയായിരുന്ന അസ് ജ   ലാസിസെന്ന ലാത്‌വിയയിലെ ബോൾഷെവിക്കിനെ കാണാൻ നടത്തിയ യാത്രയാണ്, ‘മോസ്‌കോ ഡയറി.’ നടിയും നാടക സംവിധായികയുമായ അസ് ജ  യെ  1924ൽ ബെഞ്ചമിൻ ഇറ്റലിയിലെ കാപ്രിയിൽ കണ്ടിരുന്നു. ജർമൻ നാടക കൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ബെർട്ടോൾട്ട് ബ്രഹ്തിന്റെ സുഹൃത്തായിരുന്ന, അസ് ജ , 1922ൽ ജർമനിയിലെത്തി ബ്രഹ്തിനെയും എർവിൻ പിസ്കേറ്ററിനേയും കണ്ടിരുന്നു. റഷ്യൻ കവി മയക്കോവ്സ്കിയേയും നാടക സംവിധായകൻ മേയർഹോൾഡിനെയും പറ്റി ഇവരോട് പറഞ്ഞത് അസ് ജ 
 യായിരുന്നു. മയക്കോവ്സ്കി ആത്മഹത്യ ചെയ്തു. മേയർഹോൾഡിനെ സ്റ്റാലിൻ കൊന്നു. ബെഞ്ചമിൻ മാർക്‌സിസ്റ്റ് ആകാൻ കാരണം തന്നെ അസ് ജ  യായിരുന്നു. ഇരുപതുകളിലും മുപ്പതുകളിലും ബെഞ്ചമിനു  മേൽ രതിതൃഷ്ണകൾ കത്തിച്ചതും അസ് ജ  തന്നെ. പ്രണയിനിയെ കാണാൻ 1926ൽ നടത്തിയ സാഹസിക യാത്രയുടെ വിവരണം കൂടിയാണ് ‘മോസ്‌കോ ഡയറി.’


 
ബെഞ്ചമിൻറെ ജീവിതത്തിലെ ബൗദ്ധിക സ്വാധീനമായിരുന്നു,അസ് ജ .അവരാണ്,ബ്രെഹ്തിനെ ബെഞ്ചമിന് പരിചയപ്പെടുത്തിയത്.ജോർജ് ലൂക്കാച്ചിൻറെ History and Class Consciousness വായിക്കാൻ പ്രേരിപ്പിച്ചതും അവർ തന്നെ.അവർക്കാണ്,ബെഞ്ചമിൻ One Way Street സമർപ്പിച്ചത്.അവരിൽ ഒരു കുഞ്ഞു വേണമെന്ന ബെഞ്ചമിൻറെ ആഗ്രഹം അവർ നിരാകരിച്ചു.ബെഞ്ചമിനൊപ്പം അവർ ജർമൻ നാടക വിമർശകൻ ബേൺഹാർഡ്‌ റീച്ചിനെയും കാമുകനാക്കിയിരുന്നു.അവർക്കു വേണ്ടി ബെഞ്ചമിൻ ഭാര്യ ഡോറയിൽ നിന്ന് വിവാഹ മോചനം നേടി .ജൂല കോഹൻ എന്ന ശിൽപിയും ബെഞ്ചമിൻറെ കാമുകി ആയിരുന്നു.അസ് ജയ്ക്ക് ശേഷം,ഓൾഗ പരീമിനോട് ബെഞ്ചമിൻ നടത്തിയ പ്രണയാഭ്യർത്ഥന അവർ നിരസിച്ചു.ഇക്കാലത്ത് 1932 ൽ വിൽപത്രം എഴുതി വച്ച്,നൈസിലെ ഹോട്ടൽ മുറിയിൽ ബെഞ്ചമിൻ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.കാഫ്‌ക യെപ്പറ്റിയുള്ള പബന്ധത്തിൽ,തന്നോട് കാഫ്‌ക പറഞ്ഞ ഒരു വാചകം ബെഞ്ചമിൻ ഉദ്ധരിക്കുന്നു :" ഒരുപാട് പ്രതീക്ഷയുണ്ട്;അനന്തമായ പ്രതീക്ഷയുണ്ട് -നമുക്കല്ല എന്ന് മാത്രം .".( There is hope,infinite hope,but not for us !).

മരണത്തിനു മുന്നിൽനിന്ന്, ജീവിത സമസ്യകളെ  നിർധാരണം ചെയ്യുന്ന  അന്വേഷകൻ്റെ മനസ്സാണ്, ‘സിദ്ധാന്തങ്ങളിൽ’ കാണുന്നത്. അതാണ് ബെഞ്ചമിൻ്റെ ഏറ്റവും വിവാദം സൃഷ്ടിച്ച പ്രബന്ധം. എന്നാൽ അഡോർണോ, മാക്സ് ഹോർകൻ ഹൈമർ, ഹെർബർട്ട് മർക്യൂസ്‌ എന്നിവരടങ്ങിയ ഫ്രങ്ക് ഫർട്ട് സ്കൂളിനെ  സൈദ്ധാന്തികമായി സ്വാധീനിച്ച ബെഞ്ചമിൻ്റെ പ്രബന്ധമാകട്ടെ, ‘യന്ത്രപകർപ്പുകളുടെ കാലത്തു കല’ (The Work of Art in the Age of  Mechanical Reproduction-1935) ആയിരുന്നു. ഇതിലും, ‘സിദ്ധാന്തങ്ങളി’ലും, ചിത്രകലയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ജ്ഞാനാന്വേഷിയെ കാണാം.
അദ്ദേഹത്തിൻറെ സിദ്ധാന്തം ലളിതമായി ഇതാണ്:ഡാവിഞ്ചിയുടെ ചിത്രത്തിന് അമൂല്യമായ ഒറ്റ മൂലമുണ്ട്.എന്നാൽ,മാൻ റേയുടെ ഒരു ഫോട്ടോയ്ക്ക് അതില്ല.എത്ര പകർപ്പെങ്കിലും ആകാം.അപ്പോൾ,ഒരു ചിത്രം പകർപ്പെടുത്താൽ,എന്തെങ്കിലും നശിക്കുന്നുണ്ടോ ?ഉണ്ടെന്നു ബെഞ്ചമിൻ പറയുന്നു -പ്രഭാ വലയം അഥവാ aura.സ്ഥല കാലങ്ങളുടെ മായികമായ വലയം.വാൻ ഗോഗിനെപ്പറ്റി ബെഞ്ചമിൻ പറഞ്ഞു: He  directly depicts the aura of things.

  കലാചരിത്രം, വാസ്തകലാ സിദ്ധാന്തം, സാംസ്‌കാരിക പഠനങ്ങൾ, മാധ്യമസിദ്ധാന്തങ്ങൾ, എന്നിവയെ സ്വാധീനിച്ച പ്രബന്ധമാണ് ‘യന്ത്രപകർപ്പുകളുടെ കാലത്തു കല.’ നാസി ഭരണ കാലത്തു, രാഷ്ട്രീയത്തിൽ വിപ്ലവ ആവശ്യങ്ങൾക്ക്  കലാസിദ്ധാന്ധം രൂപപ്പെടുത്തുകയായിരുന്നു, ബെഞ്ചമിൻ. പകർപ്പുകളുട കാലത്തു കലയ്ക്ക് പൈതൃക അനുഷ്‌ഠാന  മൂല്യമില്ലെന്ന് ബെഞ്ചമിൻ സിദ്ധാന്തിച്ചു. രാഷ്ട്രീയ പ്രയോഗത്തെ ആശ്രയിച്ചാണ്, കലയുടെ ഉൽപാദനം. ഫ്രഞ്ച് കവിയും തത്വചിന്തകനുമായ പോൾ വലേരിയുടെ ‘സർവവ്യാപ്തിയെ കീഴടക്കൽ’ (The Conquest of Ubiquity-1928) എന്ന പ്രബന്ധം ഉദ്ധരിച്ചു കൊണ്ടാണ് ബെഞ്ചമിൻ്റെ തുടക്കം. കലയെ സംബന്ധിച്ച മാർക്‌സിസ്റ്റ് കാഴ്ചപ്പാട്, സമൂഹ നിർമിതി, മുതലാളിത്ത ലോകത്തു കലയുടെ സ്ഥാനം, മുതലാളിത്തത്തിൻ്റെ വികസനം,  ചൂഷണം, മുതലാളിത്ത തകർച്ചയുടെ സാഹചര്യങ്ങൾ എന്നിവ ആമുഖത്തിൽ വിവരിച്ച ശേഷമാണ്, ബെഞ്ചമിൻ കലാ പ്രവർത്തനം വർത്തമാനകാലത്ത് എങ്ങനെ മാറിയിരിക്കുന്നു എന്ന് വിശദീകരിക്കുന്നത്.

      ആധുനിക സന്ദർഭത്തിൽ കലാരൂപത്തെ അറിയാൻ കലാ  ജ്ഞാനം അനുകൂലമായി വികസിച്ചിരിക്കണം. പൂർണമായ യാന്തിക പകർപ്പിനുപോലും ഒരു പ്രധാന ഘടകമുണ്ടാവില്ല. അതിൻ്റെ സ്ഥലകാല സാന്നിധ്യം; അതുണ്ടായ സ്ഥലത്തെ അസ്തിത്വം. പകർപ്പ് കൂട്ടായ ഉൽപാദനത്തിൽ കൃത്യത കൊണ്ടുവരുമ്പോഴും, വിശ്വാസ്യത നേടുന്നില്ല. ബ്രൂഗലിൻ്റെ ‘അന്ധൻ നയിക്കുന്ന അന്ധന്മാർ’ (The Blind Leading The Blind) എന്ന ചിത്രം (1568) ബെഞ്ചമിൻ ഉദാഹരിക്കുന്നുണ്ട്. ഈ ചിത്രത്തിന് ‘അന്ധരുടെ ദൃഷ്ടാന്തം’ (Parable of the Blind) എന്നും പേരുണ്ട്. നേതാവായ അന്ധൻ വെള്ളം നിറഞ്ഞ കുഴിയിൽ വീഴുമ്പോൾ, തൊട്ടു പുറകെയുള്ളവർക്ക് അടിതെറ്റുന്നു. അവസാനത്തെ രണ്ടു സഖാക്കൾക്ക് ലക്ഷ്യം തന്നെ അറിയാതാകുന്നു. ഈ ചിത്രം പരാമർശിക്കാതെ കാഴ്ചയുടെ രാഷ്ട്രീയത്തെപ്പറ്റി ഒരു പ്രബന്ധവും എഴുതപ്പെടുന്നില്ല.

        മാർക്‌സിസത്തിന്  ആധാരമായ ചരിത്രപരമായ ഭൗതിക വാദത്തെ ‘അർധ മത തട്ടിപ്പാ’യി (quasi religious fraud) കടപുഴക്കിയെറിഞ്ഞ് , ആ പ്രത്യയ  ശാസ്ത്രത്തോട് എന്നന്നേക്കുമായി വിട പറയുന്ന ബെഞ്ചമിനെയാണ് ‘ചരിത്ര തത്വചിന്താ സിദ്ധാന്തങ്ങളിൽ’ കാണുന്നത്. തൻ്റെ വാദം സമർത്ഥിക്കാൻ വീണ്ടും ഒരു ചിത്രബിംബത്തെ ബെഞ്ചമിൻ ആശ്രയിക്കുന്നു. പോൾ ക്ളീയുടെ ‘ഏഞ്ചലസ് നോവസ്‌’ (1920). അക്കമിട്ട് 20 ഖണ്ഡികകളിൽ 20 തത്വങ്ങൾ പറയുന്ന ഈ അവസാന രചനയിൽ, ഒൻപതാം തത്വമാണ് നിർണായകം. അവിടെയാണ് ക്ളീയുടെ ചിത്രത്തിലെ മാലാഖയുടെ ബിംബത്തെ ബെഞ്ചമിൻ ആനയിക്കുന്നത്. വിനാശകാലത്തെ മാലാഖയുടേതാണ്, ഈ ചിത്രം.ഇത് ബെഞ്ചമിൻ മുറിയിൽ തൂക്കിയിരുന്നു.നാസി ഉന്മൂലന ക്യാമ്പുകൾ ജൂതനായ അദ്ദേഹത്തെ അലട്ടിയിരുന്ന കാലമായിരുന്നു,അത്.

പോൾ ക്ളീ 
ഇതിൽ ആദ്യകാല രചനകളിലെപ്പോലെ ജൂത മതാത്മകതയിലേക്ക്, കബ്ബാല (Kabbalah) പൈതൃകത്തിലേക്ക് ജീവിതത്തിൻ്റെ അർത്ഥം കണ്ടെത്താൻ ബെഞ്ചമിൻ തിരിയുകയാണ്. ഈ പൈതൃകത്തിൽ ഒരു വിശുദ്ധൻ്റെ കർമം, ‘ടിക്കുൻ’ (Tikun) ആണ്. ആദിയിൽ, ദൈവഘടകങ്ങൾ സ്‌ഫടിക പാത്രങ്ങളിൽ സൃഷ്ടിച്ചു. തിന്മ ബാധിച്ച് സ്ഫടികങ്ങൾ പൊട്ടിച്ചിതറി, ദൈവഘടകങ്ങൾ ഭൂമിയുടെ നാല് മുലകളിലേക്ക് പോയി.ഈ ചിതറിയ കഷ്ണങ്ങൾ വീണ്ടെടുത്ത് സ്ഫടിക പാത്രം പുനഃ സൃഷ്ടിക്കുന്ന കർമമാണ് ‘ടിക്കുൻ.’ ഈ തത്വത്തെ സർറിയലിസവുമായി സംയോജിപ്പിക്കുകയാണ് ബെഞ്ചമിൻ. അദ്ദേഹം  എഴുതുന്നു:


ക്ളീയുടെ ‘ഏഞ്ചലസ് നോവസ്‌’ ചിത്രത്തിലെ മാലാഖ ധ്യാനത്തിൽ നിന്നു നീങ്ങാൻ പോകുന്നു. കണ്ണുകൾ തുറിച്ച്, വാതുറന്ന്, ചിറകുകൾ വിരിച്ച്. ചരിത്രത്തിൻറെ  മാലാഖയെയും നാം ഇങ്ങനെ കാണണം. മാലാഖയുടെ മുഖം ഭൂതകാലത്തേക്കു തിരിഞ്ഞിരിക്കുന്നു.അവിടെ സംഭവ ശൃംഖലയുണ്ട്; ഒരു വിനാശവും. അവശിഷ്ടങ്ങൾക്കുമേൽ അവശിഷ്ടങ്ങൾ കുന്നുകൂടുന്നു. അവ മാലാഖയുടെ കാലിലേക്ക് എറിയപ്പെടുന്നു. മാലാഖക്ക് അവിടെ നിൽക്കണം, മരിച്ചവരെ ഉയിർപ്പിക്കണം, അവശിഷ്ടങ്ങൾ  പെറുക്കി സമഗ്രത  സൃഷ്ടിക്കണം. എന്നാൽ സ്വർഗ്ഗത്തിൽനിന്ന് ഒരു കൊടുങ്കാറ്റു വരുന്നു. അത് ചിറകി ൽ പതിച്ചതിനാൽ  മാലാഖക്ക് അവ ഒതുക്കാനാകുന്നില്ല. കൊടുങ്കാറ്റ്  അതിനെ ഭാവിയിലേക്ക് പായിക്കുന്നു. ഭാവിക്ക് പുറംതിരിഞ്ഞു അത് നിൽക്കുന്നു. മുന്നിലെ അവശിഷ്ട കൂന ആകാശം മുട്ടെ ഉയരുന്നു. ആ കൊടുങ്കാറ്റിനെ നാം പുരോഗതി എന്ന് വിളിക്കുന്നു. 

  കാൾ മാർക്സിൻ്റെ ചരിത്രപരമായ  ഭൗതികവാദത്തെ (Historical Materialism), വാൾട്ടർ ബെഞ്ചമിൻ, ശീർഷാസനത്തിൽ നിർത്തുകയാണ്. പ്രബന്ധത്തിൽ ഉടനീളം, മാർക്‌സിസത്തെ പൊളിക്കാൻ, കാവ്യ ശാസ്ത്ര ബിംബങ്ങൾ അദ്ദേഹം നിരത്തുന്നു. ബെഞ്ചമിൻ്റെ 20 സിദ്ധാന്തങ്ങളിൽ ആദ്യത്തേത്, ശാസ്ത്രീയവും വസ്തുനിഷ്ഠവുമെന്ന് മാർക്സ് പറയുന്ന ചരിത്രപരമായ ഭൗതികവാദം, അർധ മത തട്ടിപ്പാണ്, എന്നതാണ്. ബെഞ്ചമിൻ ഇവിടെ കൊണ്ട് വരുന്ന ബിംബം 18-ാം നൂറ്റാണ്ടിൽ ചിലർ ആനയിച്ച ടർക്ക് (Turk) എന്ന ചെസ്സ് കളിക്കുന്ന വ്യാജ യന്ത്രമനുഷ്യന്റേതാണ്. 1770ൽ വോൾഫ് ഗാങ്  കെം പാലൻ, ഓസ്‌ട്രേലിയയിലെ മരിയ തെരേസ രാജ്ഞിയെ ആകർഷിക്കാൻ സൃഷ്ടിച്ച യന്ത്ര മനുഷ്യനായിരുന്നു, ഇത്. നെപ്പോളിയനെയും ബെഞ്ചമിൻ ഫ്രാങ്കളിനെയും വരെ, 84 വർഷം, ടർക്ക്, ചെസ്സിൽ തോൽപിച്ചു. അത് യന്ത്ര മനുഷ്യനായിരുന്നില്ല അതിൻ്റെ ഉള്ളിൽ  ഒരു കുള്ളനായിരുന്നുവെന്ന്  പിന്നീട് വെളിപ്പെട്ടു. കുള്ളന്മാർ മാറിമാറി വന്നു. കളിച്ച മഹാരഥർ, യന്ത്രമനുഷ്യന് മുന്നിൽ പകച്ച്, കളിയിൽ തോറ്റു. ഇതുപോലെ ടർക്കിനോട് സദൃശമായ ഒന്നിനെ തത്വചിന്തയിൽ സങ്കൽപിച്ചാൽ, അതാണ് ചരിത്രപരമായ ഭൗതികവാദം എന്ന് ബെഞ്ചമിൻ പരിഹസിച്ചു. ആ
പാവ എന്നും ജയിക്കുമെന്നാണ്  സങ്കൽപ്പം. ദൈവശാസ്ത്രത്തിൻ്റെ സേവന ങ്ങളുള്ളിടത്തോളം, മാർക്സിസത്തിന്  വലിയ കോലാഹലമില്ലാതെ ഏതു ശത്രുവിനേയും തോൽപ്പിക്കാം. ദൈവശാസ്ത്രമാകട്ടെ പൊക്കമില്ലാത്തതും, വിരൂപവും, അകറ്റിനിർത്തപ്പെടേണ്ടതുമാണ്.

  ഇവിടെ “ചരിത്രപരമായ ഭൗതികവാദം” എന്നിടത്തെല്ലാം ബെഞ്ചമിൻ ഉദ്ധരണി  ചിഹ്നങ്ങൾക്കുള്ളിലാണ് അത് പ്രയോഗിച്ചിരിക്കുന്നത്. ഇത് വച്ച് ബെഞ്ചമിൻ ചരിത്രപരമായ ഭൗതികവാദത്തെയല്ല,  യാന്തിക ചരിത്രപരമായ ഭൗതികവാദത്തെയാണ്  ലാക്കാക്കിയത് എന്നൊരു തൊടുന്യായം ഫ്രഞ്ച്-ബ്രസീലിയൻ മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ മൈക്കൽ ലോവി കൊണ്ടുവന്നു.ബെഞ്ചമിൻ രണ്ടും മൂന്നും കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലുകളിലെ സൈദ്ധാന്തികരെയാണ് കുള്ളന്മാരെന്നു വിളിച്ചത് എന്നാണ് ലോവിയുടെ വാദം. ഈ വാദം വിലപ്പോവില്ല. 1889-1916ലാണ് രണ്ടാം ഇന്റർനാഷണൽ. ബെൽജിയൻ ലേബർ പാർട്ടിയുടെ എമിലി വാൻഡർവെയ്‌ഡ്‌ ചെയർമാനും കാമിലെ ഇയ്‌സ്‌മാൻസ് സെക്രട്ടറിയുമായ ഇതിൽ, 1905 മുതൽ ലെനിൻ അംഗമായിരുന്നു. ഈ ഇന്റർനാഷണൽ ആണ് മെയ് ഒന്ന് തൊഴിലാളിദിനമായി പ്രഖ്യാപിച്ചത്. ലെനിൻ കുള്ളനാണെന്നാണോ ലോവിയുടെ വാദം? റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ 1919ൽ നിലവിൽ വന്ന കോമിന്റേൺ  ആണ്, മൂന്നാം ഇന്റർനാഷണൽ. 1943ൽ ഇതിനെ സ്റ്റാലിൻ പിരിച്ചുവിട്ടു. 1939ൽ ജർമനിയുമായി റഷ്യയുണ്ടാക്കിയ അനാക്രമണ സന്ധി, ബെഞ്ചമിനെ  സ്റ്റാൻലിൻ വിരുദ്ധനാക്കിയിരുന്നു.

    ലോവിയുടെ വാദം വിഡ്ഢിത്തമാണെന്നതിന്, ബെഞ്ചമിൻ്റെ പ്രബന്ധത്തിൽ പ്രത്യക്ഷ ഉദാഹരങ്ങളുണ്ട്. ചരിത്രപരമായ ഭൗതികവാദം പ്രവചിച്ചത്  വിപ്ലവാത്മകമായ  ഭാവിയെ ആണ്. എന്നാൽ ചരിത്രപരമായ ഭൗതികവാദം ഭാവിക്കും പുരോഗതിക്കും പുറംതിരിഞ്ഞു നിൽക്കുന്നതാണ് ബെഞ്ചമിൻ കണ്ടത്.
ബെഞ്ചമിൻ വിശദീകരിക്കുന്നു:

ഭൂതകാലത്തിൻ്റെ ‘അനന്തമായ’ ചിത്രമാണ്, ചരിത്രപരമായ ഭൗതികവാദം മുന്നോട്ടു വച്ചത്. ഭൗതികവാദിയാകട്ടെ, അതിൻ്റെ അനുഭവവും. എന്നാൽ, അത് ഒറ്റയ്ക്ക് നിൽക്കുന്നു (16-ാം സിദ്ധാന്തം ). ‘അനന്തമായ ചിത്ര’ത്തെ ബെഞ്ചമിൻ നിരാകരിക്കുന്നു. ചരിത്രം സ്വയം നിൽക്കുന്ന അനുഭവമാണ്. അതു വേണ്ടവണ്ണം ഭൂതകാലത്തെ കാണുന്നില്ല. അതിൻ്റെ ഓർമ്മ ഒരു വിനാശകാലത്തെ മിന്നൽ മാത്രമാവുന്നു
(6-ാം സിദ്ധാന്തം ).

അവസാനത്തെ (20) സിദ്ധാന്തത്തിൽ ബെഞ്ചമിൻ ആശ്രയിക്കുന്നത് മിശിഹായ്ക്കുള്ള ജ്യൂത  ആത്മീയാന്വേഷണത്തെയാണ്. ഇതുതന്നെ ബെഞ്ചമിൻ്റെ മാരക പീഡയാർന്ന ജീവിതാന്ത്യവുമാകുന്നു. അതിൽ നാം കാണുന്നത് മാനവികതയും ശൂന്യതാവാദവും (Nihilism)തമ്മിലുള്ള സംഘർഷവും വിനാശവും പൈതൃകത്തിലേക്കുള്ള തിരിച്ചു പോക്കുമാണ്. മിശിഹ ഇനി എപ്പോൾ വരുമെന്നതിനെപ്പറ്റിയുള്ള പല ജ്യൂത വ്യാഖ്യാ നങ്ങളും  സംയോജിപ്പിച്ച് ബെഞ്ചമിൻ പറയുന്നു: ഓരോ നിമിഷവും മിശിഹ വരാനുള്ള തുറന്ന വാതിലാണ്.
ഈ അവസാന  രചനയിൽ ബെഞ്ചമിൻ തൻ്റെ സുഹൃത്തും, ജർമനിയിൽ ജനിച്ച ജ്ഞാനതത്വ ചിന്തകനുമായ ഗർഷോം ഷോലമിനെ പരാമർശിക്കുന്നുണ്ട്. പിന്നീട് ഇസ്രയേലിൽ കുടിയേറി മിസ്റ്റിസിസത്തിൻ്റെ പ്രൊഫസറായ ഷോലം പറഞ്ഞത്, ബെഞ്ചമിൻ ചരിത്രപരമായ ഭൗതികവാദത്തെപ്പറ്റി നടത്തിയ വിമർശം,  അന്തിമമായിരുന്നു എന്നാണ്; “അവശേഷിക്കുന്നത് ആ പ്രയോഗം മാത്രമാണ്.”

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...