Saturday 15 June 2019

ഇളയിടം ഡോക്ടറേറ്റ് സമ്മർദം വഴി

സുനിൽ പി ഇളയിടം മോഷ്ടിച്ചോ?

ടതു പ്രഭാഷകനും കാലടി ശ്രീശങ്കര സർവകലാശാലാ മലയാളം അധ്യാപകനുമായ സുനിൽ പി ഇളയിടത്തിൻ്റെ പിഎച്ച്  ഡി പ്രബന്ധം പാസാക്കാൻ വലിയ സമ്മർദ്ദമുണ്ടായെന്ന് വ്യക്തമായി. പ്രബന്ധത്തിൻ്റെ മൂന്നു പരിശോധകരിൽ ഒരാൾ പ്രബന്ധം തിരുത്തി സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വേറൊരു പരിശോധകനെ വച്ചു പാസാക്കിക്കാനായിരുന്നു സമ്മർദ്ദം. മൂന്നു പരിശോധകരിൽ ഒരാൾ തിരുത്താൻ ആവശ്യപ്പെട്ടാൽ തന്നെ വീണ്ടും ഏതാനും വർഷങ്ങൾ അതിനു ചെലവാക്കേണ്ടി വരും. ഇതൊഴിവാക്കാനായിരുന്നു, പിൻവാതിൽ ശ്രമങ്ങൾ. ഇളയിടത്തിനു ഡോക്ടറേറ്റ് നൽകിയത് 2008 ൽ ആയിരുന്നു. രക്ഷാ ശ്രമത്തിൽ, അന്നത്തെ ഒരു ഇടതു മന്ത്രിയും പങ്കാളി ആയി എന്നാണ് വിവരം.


“രാഷ്ട്രീയ പാർട്ടികളിൽ നിന്നും അധ്യാപക,വിദ്യാർത്ഥി സംഘടനകളിൽ
നിന്നും ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു”, അന്നത്തെ വൈസ് ചാൻസലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ സ്ഥിരീകരിച്ചു. ഡോ. പി.പവിത്രനായിരുന്നു ഇളയിടത്തിൻ്റെ ഗൈഡ് എന്ന് രേഖകൾ വ്യക്തമാക്കുന്നു. എം.ജി.ശശിഭൂഷൺ, വിജയ് കുമാർ മേനോൻ, എം എം ബഷീർ എന്നിവരായിരുന്നു പരിശോധകർ. ഇതിൽ ശശിഭൂഷണാണ് പ്രബന്ധം തിരുത്താൻ ആവശ്യപ്പെട്ടത്. പൂർണ നിരാകരണമാണ് വേണ്ടിയിരുന്നത് എങ്കിലും, ഭാവിയെ ഓർത്തു തിരുത്താൻ ആവശ്യപ്പെടുകയായിരുന്നു എന്നറിയുന്നു. ഒരാൾ ഈ നിലപാടെടുത്താൽ, നാലാമനെ വയ്ക്കാൻ വൈസ് ചാൻസലർക്ക് വിവേചനാധികാരമുണ്ട്. വയ്ക്കാം, വയ്‌ക്കാതിരിക്കാം. നാലാമനെ വയ്ക്കാൻ സമ്മർദ്ദമുണ്ടായപ്പോൾ, ഡോ. ഡി.ബെഞ്ചമിനെ വയ്ക്കുകയായിരുന്നു.

“ആധുനികതാ വാദത്തിൻ്റെ രാഷ്ട്രീയാബോധം മലയാള നോവലിലും ഇന്ത്യൻ ചിത്ര കലയിലും”എന്നതായിരുന്നു പ്രബന്ധ വിഷയം. ഈ ശീർഷകം തന്നെ അർത്ഥ ഗ്രഹണ ക്ലേശമുള്ളതാണെന്ന് ശശിഭൂഷൺ തൻ്റെ റിപ്പോർട്ടിൽ നിരീക്ഷിച്ചു. “Political Unconscious” എന്ന പ്രയോഗത്തിന് രാഷ്ട്രീയാവബോധരാഹിത്യമെന്നോ അരാഷ്ട്രീയമെന്നോ ആകേണ്ടിയിരുന്നു, പരിഭാഷ.
 
ശശിഭൂഷൺ ചൂണ്ടിക്കാട്ടിയ പ്രധാന ന്യൂനതകൾ ഇവയാണ്: മലയാള നോവലിലും ഇന്ത്യൻ ചിത്ര കലയിലും എന്ന ഉപശീർഷകം വിവക്ഷിക്കുന്ന അന്വേഷണം പ്രബന്ധത്തിൽ ഇല്ല. ഒ വി വിജയൻ്റെ ‘ഖസാക്കിൻ്റെ ഇതിഹാസം,’ ചിത്രകാരൻ കെ.സി.എസ് പണിക്കരുടെ ‘മലബാർ കർഷകൻ്റെ ജീവിതം ‘ എന്നിവയെപ്പറ്റി മാത്രമാണ് പ്രബന്ധത്തിൽ വിശദ ചർച്ചയുള്ളത്. എം. മുകുന്ദൻ (മയ്യഴിപ്പുഴയുടെ തീരങ്ങളിൽ), കാക്കനാടൻ (ഉഷ്ണമേഖല), വി.കെ.എൻ (പിതാമഹൻ), സേതു (പാണ്ഡവപുരം), ആനന്ദ് (ആൾക്കൂട്ടം ) എന്നീ നോവലുകൾ പഠന വിധേയമാക്കിയിട്ടില്ല. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യം ആധാരമാക്കിയ വിജയൻ്റെ ‘ധർമ്മപുരാണം’ പരാമർശിച്ചിട്ടില്ല. 

എം.എഫ് ഹുസൈൻ, സതീഷ് ഗുജ്റാൾ, ജി.ആർ. സന്തോഷ്, സി.എൻ.കരുണാകരൻ, എ .രാമചന്ദ്രൻ, നമ്പൂതിരി, കെ.വി.ഹരിദാസൻ തുടങ്ങിയ ആധുനികരുടെ ചിത്രങ്ങളും പൊതു പഠനത്തിന് വിധേയമാക്കിയില്ല. ആധുനിക ചിത്ര കല കേരളീയമല്ല എന്ന വാദം ഇളയിടം ഉന്നയിക്കുന്നുണ്ടെങ്കിലും, സമർത്ഥിക്കുന്നില്ല. കെ.സി.എസ് പണിക്കരുടെ ‘കർഷക കുടുംബം,’ ‘കമ്പോളം,’ ‘നരകിക്കുന്ന ചണം,’ ‘വാക്കുകളും പ്രതീകങ്ങളും ‘ എന്നീ ചിത്രങ്ങൾ പരാമർശിക്കുന്നില്ല. പണിക്കർ പ്രതിനിധാനം ചെയ്‌ത ‘മദ്രാസ് സ്‌കൂൾ,’ ബിനോദ് ബിഹാരി മുഖർജിയുടെ സ്വാധീനത്തിലാണ് ഉറവെടുത്തത് എന്ന ഇളയിടം കണ്ടെത്തൽ ശരിയല്ല. ഡി. പി. റോയ് ചൗധരിയായിരുന്നു അതിനു പ്രചോദനം. എം.ഗോവിന്ദൻ ,പ്രചരിപ്പിച്ച റാഡിക്കൽ ഹ്യൂമനിസം, ഇടശ്ശേരിയുടെ കവിതകളിലും ‘കൂട്ടുകൃഷി ‘എന്ന നാടകത്തിലും കാണുന്ന പരിവർത്തനോത്സാഹം എന്നിവയുടെ പശ്ചാത്തലത്തിൽ സജീവമായ പൊന്നാനി കളരിയെപ്പറ്റി അന്വേഷിച്ചിട്ടു വേണമായിരുന്നു, മലബാർ കർഷക ജീവിതത്തെ അപഗ്രഥിക്കാൻ. ആധുനിക നിരൂപണ സംജ്ഞകൾ മുൻകൂട്ടി തിരഞ്ഞെടുത്തു സ്ഥാന നിർണയം നടത്തിയ ശേഷം, അവയെ കോർത്തിണക്കുന്ന കൃത്രിമ വാക്യ സൃഷ്ടികളാണ് പ്രബന്ധത്തിൽ ഉടനീളമെന്ന് ശശിഭൂഷൺ വിമർശിക്കുന്നു. വളച്ചു കെട്ടി പറയുന്ന വിലക്ഷണ രീതി, ഗവേഷണ പ്രബന്ധത്തിലെ ഭാഷയെപ്പറ്റി തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ശശിഭൂഷൺ പറയുന്നു 
 
ഇളയിടത്തിൻ്റെ പിഎച്ച് ഡി പ്രബന്ധം, അമേരിക്കൻ സാഹിത്യ വിമർശകനും മാർക്സിസ്റ്റ് രാഷ്ട്രീയ ചിന്തകനുമായ ഫ്രഡറിക് ജെയിംസൻ്റെ പുസ്‌തകത്തിൻ്റെ ആശയാനുവാദമാണെന്ന് പ്രബന്ധ പരിശോധകനായിരുന്ന ശശിഭൂഷൺ എന്നോട് പറയുകയുണ്ടായി. 1981 ലാണ് ജെയിംസൻ്റെ ‘The Political Unconscious: Narrative as a Socially Symbolic Art’ എന്ന പുസ്തകം വന്നത്. ഇളയിടം പ്രബന്ധ വിഷയമാകട്ടെ, The Political Unconscious In Malayalam Novel and Indian Art എന്നായിരുന്നു. “അബോധതല രാഷ്ട്രീയം എന്ന വിഷയമെടുത്തു കട്ടിലിന് അനുസരിച്ചു ആളെ വെട്ടുകയായിരുന്നു,” ശശിഭൂഷൺ പറഞ്ഞു.

ജെയിംസൺ 

അയ്യപ്പപണിക്കരാണ് ജെയിംസൻ്റെ പുസ്തകത്തെപ്പറ്റി തന്നോടു പറഞ്ഞതെന്ന് ശശിഭൂഷൺ ഓർമ്മിച്ചു. പണിക്കർക്ക് ജെയിംസനെ നേരിട്ടറിയാമായിരുന്നു. അങ്ങനെയാണ്, പുസ്തകം ലൈബ്രറികളിൽ അന്വേഷിച്ചത്. ആശയം അപഹരിച്ചു എന്ന് വിലയിരുത്തലിൽ പറഞ്ഞില്ല. വിലയിരുത്തൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ തെറ്റുകൾ തിരുത്തിയാണ് ഇളയിടം പ്രബന്ധം ‘ദമിതം ‘എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചത്. ചൂണ്ടിക്കാണിക്കാത്ത തെറ്റുകൾ അപ്പോഴും പുസ്തകത്തിൽ നില നിന്നു. കാസർകോഡ് അനന്തപുര ക്ഷേത്രത്തിൽ മഹിഷാസുര മർദിനി ചിത്രമുണ്ട്. ഇതേപ്പറ്റി ചിത്രകാരനായ കെ.കെ.മാരാരും ആൽബർട്ട് ഫ്രൻസും എഴുതിയ ‘Wall Paintings In North Kerala/India:1000 years of Temple Art’ എന്ന പുസ്തകത്തിൽ പരാമർശമുണ്ട്. മഹിഷം എന്നാൽ എരുമയാണ്. എന്നാൽ, ഈ പുസ്തകത്തിൽ Weeping Cow (കരയുന്ന പശു) എന്നു തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എരുമയെ പശുവായി ഇളയിടവും പകർത്തി. അനന്തപുരക്ക്, ഫ്രൻസും മാരാരും തെറ്റായി പ്രയോഗിച്ച അനന്തേശ്വരയും ഇളയിടം പകർത്തി. മാർക്സിസ്റ്റ് ആണെങ്കിലും ചിത്രം കാണാൻ അമ്പലം വരെ ഒന്നു പോകാമായിരുന്നു.


ചിത്ര കലയും സാഹിത്യവും അറിയുന്നയാൾ എന്ന നിലയിലാണ്, തന്നോട് വിലയിരുത്താൻ സമ്മതം ചോദിച്ചതെന്ന് ശശിഭൂഷൺ പറഞ്ഞു. പ്രബന്ധ വിഷയം കണ്ടപ്പോൾ പന്തികേട് തോന്നി. ചിത്രകാരനായ കെ.സി.എസ്.പണിക്കരെ ഹിന്ദുത്വ വാദിയായാണ് ഇളയിടം ചിത്രീകരിച്ചത്. അമൂർത്ത ചിത്ര കലയ്ക്ക് ഭാരതീയ മാനം നൽകിയ ആളാണ് പണിക്കർ. അദ്ദേഹം വരയ്ക്കുമ്പോൾ, ഹിന്ദുത്വ വന്നിട്ടില്ല. മകൻ്റെ കണക്ക് ഹോംവർക്ക് പുസ്തകത്തിലെ കടലാസ് ചീന്തിയാണ്, പണിക്കർ ചിത്രത്തിൽ ആൾജിബ്ര വരച്ചത്. പണിക്കരുടെ നാട്ടിൽ പശുവിൻ്റെ യും കാളയുടെയും കഴുത്തിൽ, രോഗം വരാതിരിക്കാൻ, പനയോലയിൽ തകിടുണ്ടാക്കി ജപിച്ചു കെട്ടാറുണ്ട്. വണ്ണാന്മാരാണ് അതു ചെയ്യുക. പൂതപ്പാട്ടിലെ പൂതം കെട്ടുന്നവൻ്റെ പണിയും അതാണ്. ഇതാണ്,പണിക്കരുടെ ‘വാക്കുകളും പ്രതീകങ്ങളും’ ചിത്ര പരമ്പരയിൽ വന്നത്. 1974 ൽ എൻ.രവീന്ദ്രൻ എഡിറ്ററും താൻ അസോസിയേറ്റുമായി ‘പ്രസര' എന്ന കലാ മാസിക നടത്തിയിരുന്നുവെന്ന് ശശിഭൂഷൺ ഓർമിച്ചു. ഇതേപ്പറ്റിയൊക്കെ അതിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്. അന്ന് ഹിന്ദുത്വയുണ്ടോ?
 
ഭാരതീയതയെ രാഷ്ട്രീയ ഹിന്ദുത്വയായി ഇളയിടം ചിത്രീകരിച്ചതിൽ അരിശം തോന്നി. പൂർണമായും നിരാകരിക്കാനാണ് മനസു പറഞ്ഞത്. ഭാവി കളയേണ്ടെന്നു കരുതി തിരുത്താൻ പറഞ്ഞു. "അതു കൊണ്ട്, പ്രബന്ധത്തിൻ്റെ ഫുട് നോട്ടിൽ എൻ്റെ ‘കേരളത്തിലെ ചുവർ ചിത്രങ്ങൾ’ എന്ന പുസ്തകത്തോട് കടപ്പാട് രേഖപ്പെടുത്തിയിരുന്നത്, ഇളയിടം പുസ്തകത്തിൽ ഒഴിവാക്കി", ശശിഭൂഷൺ പറഞ്ഞു.
 
Political Unconscious എന്നതിന്, രാഷ്ട്രീയാവബോധരാഹിത്യമെന്നോ അരാഷ്ട്രീയമെന്നോ വേണമെന്നും രാഷ്ട്രീയാബോധം എന്ന് ഇളയിടം പ്രയോഗിച്ചത് ശരിയായില്ലെന്നും താൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതു മനസിലായില്ലെന്നും താൻ പക്ഷപാതപരമായാണ് വിലയിരുത്തിയതെന്നും ആരോപിച്ചു ഇളയിടം മന്ത്രിക്ക് കത്ത് നൽകി, വേറൊരു പരിശോധകനെ സൃഷ്ടിക്കുകയായിരുന്നു – ശശിഭൂഷൺ കുറ്റപ്പെടുത്തി.

വൃത്തഭംഗത്തിന് ഡോക്ടറേറ്റ്..വായിക്കുക:



No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...