Saturday 15 June 2019

രണ്ട് വിപ്ലവക്കുട്ടികൾ

 ന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വിപ്ലവകാരി പുരുഷനല്ല.വെറും 14 വയസുണ്ടായിരുന്ന സുനീതി ചൗധരിയാണ് .ആ കഥ പറയാൻ ഓസ്‌ട്രേലിയയിലെ 'അഡ്‌ലെയ്ഡ് ക്രോണിക്കിളി'ന്റെ 1931 ഡിസംബര്‍ 17 വ്യാഴാഴ്ചയിലെ 37-ാം പേജില്‍നിന്ന് ഒരു വാര്‍ത്ത പരിഭാഷ ചെയ്യാം: 



സ്ത്രീകള്‍ മജിസ്‌ട്രേറ്റിനെ കൊന്നു ,ബംഗാളില്‍ അരാജകത്വം പൊലീസ് റൈഡിന്  പ്രതികാരം
'ദ അഡൈ്വര്‍ടൈസറി'ന് കേബിള്‍ 
കൊല്‍ക്കത്ത, ഡിസംബര്‍ 14: ഇന്നുരാവിലെ കിഴക്കന്‍ ബംഗാളിലെ കോമില്ലയിലെ ജില്ലാ മജിസ്‌ട്രേട്ടും കലക്ടറുമായ ചാള്‍സ് ജഫ്രി ബുക്‌ലാന്‍ഡ് സ്റ്റീവന്‍സിനെ രണ്ട് ഭാരതീയ അരാജകവാദി സ്ത്രീകള്‍ വെടിവച്ചുകൊന്നതോടെ, ബംഗാള്‍, ഭീകരതയുടെ നിഷ്ഠുരമായ ഉയിര്‍പ്പ് കണ്ടു. ഭീകരപ്രസ്ഥാന ചരിത്രത്തില്‍, ഉദ്യോഗസ്ഥനെതിരെ ആദ്യമായി സ്ത്രീകള്‍ നടത്തുന്ന ആക്രമണമാണ്, ഇത്. അരാജകത്വവാദികളുടെ താവളമെന്ന് സംശയിക്കപ്പെട്ട വിദ്യാര്‍ത്ഥി ഹോസ്റ്റലുകളിലും, വീടുകളിലും ശനിയാഴ്ച നടന്ന റെയ്ഡ് പരമ്പരയ്ക്ക് പിന്നാലെയായിരുന്നു, വധം. കോമില്ലയിലെ ഒരു ഡോക്ടറുടെ വീട്ടില്‍നിന്ന് ഒരുദ്യോഗസ്ഥനും പത്തു യുവാക്കളും അറസ്റ്റിലാവുകയും അവിടെനിന്ന് വെടിയുണ്ടയുള്ള റിവോള്‍വര്‍ കളവുപോവുകയും ചെയ്തിരുന്നു. അതിന് പിന്നാലെയായിരുന്നു, കൊല. സ്റ്റീവന്‍സിന് ഈ സ്ത്രീകള്‍ ഒരു പരാതി നല്‍കുകയായിരുന്നു എന്നുപറയുന്നു. അദ്ദേഹം തന്റെ ഡസ്‌കില്‍ അത് വായിക്കുമ്പോഴായിരുന്നു, ഒരു സ്ത്രീ റിവോള്‍വര്‍കൊണ്ട് സ്റ്റീവന്‍സിന്റെ വയറ്റില്‍ വെടിവച്ചുകൊന്നത്. സ്ത്രീകളില്‍ ഒരാള്‍ 20 വയസ്സിനടുത്താണ്. ഇരുവരും അറസ്റ്റിലായി. സ്റ്റീവന്‍സ് (42) വിവാഹിതനാണ്. ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ 18 വര്‍ഷമായി. കഴിഞ്ഞവര്‍ഷം മുതല്‍ ടിപ്പെര ( ത്രിപുര ) ജില്ലയിലാണ്. ഇത്, ഭാരതത്തിലെ പത്താമത്തെ ഭീകരപ്രവര്‍ത്തനമാണ്. ഈ വര്‍ഷം ബംഗാളില്‍ നടന്ന ഏഴാമത്തേതും. 



എന്നെ അദ്ഭുതത്തില്‍ ആഴ്ത്തിയ വാര്‍ത്തയാണ്, ഇത്. അതിന്റെ ആദ്യ കാരണം, ശാസ്ത്രീയമായി ഞാന്‍ പഠിച്ച പത്രപ്രവര്‍ത്തനത്തിലെ നിയമങ്ങളെല്ലാം ഇതില്‍ പാലിച്ചിരിക്കുന്നു എന്നതാണ്. കാര്യം ആദ്യം പറയുക, പശ്ചാത്തലം അവസാനം പറയുക എന്നതാണ് നിയമം. ഈ നിയമം ഞങ്ങള്‍ പ്രാദേശിക ലേഖകര്‍ക്കും പറഞ്ഞു കൊടുക്കാറുണ്ട്. അങ്ങനെ ഒരിക്കല്‍, അന്ന് ഞാന്‍ ജോലി ചെയ്തിരുന്ന പത്രത്തിലെ പാലാ ലേഖകന്‍ ജോസിനും പറഞ്ഞുകൊടുത്തു. പശ്ചാത്തലം അവസാനം പറയണം. അതുകഴിഞ്ഞ് ജോസ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: 
വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു പാലാ: അല്‍ഫോന്‍സാ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി റോസമ്മ (19) ഇന്നലെ രാത്രി ഭരണണങ്ങാനത്തെ വീട്ടില്‍ ആത്മഹത്യ ചെയ്തു. ആദ്യമായാണ്, ഈ കുട്ടി ആത്മഹത്യ ചെയ്യുന്നത്.
 ജോസിന്റെ റിപ്പോര്‍ട്ടിലെ ആ അവസാന വാചകമാണ്, പശ്ചാത്തലം; ബംഗാളില്‍ നടന്നതിനെക്കാള്‍ വലിയ ഭീകരത!
 ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് ഞാനെത്തിയിട്ട് ഒന്നരമാസമേ ആയുള്ളൂ. എല്ലാ ദിവസവും പത്രത്തിലെ തെറ്റുകളെപ്പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കും. അതില്‍ നിരീക്ഷിക്കുന്ന പ്രധാന സംഗതികളിലൊന്ന്, ചില റിപ്പോര്‍ട്ടുകള്‍, നീണ്ട ഒരു ഖണ്ഡികയാണ് എന്നതാണ്. ഒരു ഖണ്ഡിക, പലപ്പോഴും ഒരു കോളത്തിന്റെ പകുതിയോ അതില്‍ കൂടുതലോ ഉണ്ടാകും. 1931 ല്‍ ജനിച്ചാല്‍ മതിയായിരുന്നു എന്നിപ്പോള്‍ തോന്നുന്നു; ചെറിയ ഖണ്ഡികകളായി ജീവിക്കാമായിരുന്നു.
 ഈ റിപ്പോര്‍ട്ട് ഞാനെടുത്തത്, TROVE എന്ന സൈറ്റില്‍നിന്നാണ്; പത്രങ്ങളുടെ പഴയ ലക്കങ്ങള്‍ അതില്‍ കിട്ടും. ഇപ്പറഞ്ഞ പേജില്‍ കാണുന്ന മറ്റൊന്ന്, സ്റ്റീവന്‍സിനെ കൊന്ന് അടുത്തനാള്‍, ചൈനയിലെ ക്രിസ്ത്യന്‍ പ്രസിഡന്റ് ചിയാങ് കൈഷക്ക് രാജിവച്ചു എന്നതാണ്. ഇതുവായിക്കുംവരെ, ചിയാങ് കൈഷക്ക് ക്രിസ്ത്യാനിയായിരുന്നു, എന്ന് എനിക്കറിയില്ലായിരുന്നു. പല ക്രിസ്ത്യാനികളെയും നാം അറിയുന്നുണ്ടാവില്ല. സോണിയാ ഗാന്ധി കൂടെക്കൊണ്ടു നടക്കുന്ന എല്ലാവരും ക്രിസ്ത്യാനികളാണ്. എ.കെ.ആന്റണി, പി.ജെ.കുര്യന്‍, കെ.വി.തോമസ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, പി.സി.ചാക്കോ, ടോം വടക്കന്‍, വിന്‍സന്റ് ജോര്‍ജ്, അംബികാ സോണി, കപില്‍ സിബല്‍ എന്നിവരൊക്കെ അതില്‍ പെടും. പ്രസ്ബിറ്റീരിയന്‍ സഭക്കാരനാണ് , സിബൽ. 
ആദ്യം ഉദ്ധരിച്ച റിപ്പോര്‍ട്ടിനെ സംബന്ധിച്ച അടുത്ത അദ്ഭുതം, വേണ്ടപോലെ ഇങ്ങനെയൊരു കൊലപാതകം, ഒരുപാട് വിപ്ലവങ്ങള്‍ ശ്രദ്ധിച്ച ഞാന്‍ പരതിയിരുന്നില്ല എന്നതാണ്. ഭാരതീയ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായ രാമാനന്ദ ചാറ്റര്‍ജിയെപ്പറ്റി പഠിക്കുമ്പോഴാണ്, ഇത് ശ്രദ്ധയില്‍ വന്നത്. ഭഗത്‌സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്‌ദേവിനെയുമൊക്കെപ്പറ്റി ധാരാളം നാം ചരിത്രപുസ്തകത്തില്‍ വായിക്കുന്നു. 1928 ഡിസംബര്‍ 17 ന്, ലഹോറിലെ ജില്ലാ പൊലീസ് ആസ്ഥാനത്തുനിന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ജോണ്‍ പി.സോന്‍ഡേഴ്‌സ് മടങ്ങുമ്പോള്‍, ഭഗത്‌സിങ്, ശിവറാം രാജ് ഗുരു , സുഖ്‌ദേവ് ഥാപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിവര്‍, ഗൂഢാലോചനയുടെ ഫലമായി അദ്ദേഹത്തെ കൊന്നു. സൂപ്രണ്ട് ജയിംസ് എ.സ്‌കോട്ടാണെന്ന് തെറ്റിദ്ധരിച്ചാണ്, സോന്‍ഡേഴ്‌സിനെ കൊന്നത്. ലാലാ ലജ്പത് റായിയെ ലാത്തികൊണ്ടടിച്ചയാളാണ്, സ്‌കോട്ട്. റായ് 1928 നവംബര്‍ 17 ന് ഹൃദയാഘാതത്താല്‍ മരിച്ചു. അതിന്റെ പ്രതികാരമായിരുന്നു ഭഗത് സിങ്ങിന്റെ ഗൂഢാലോചന. ആളുമാറിയത് എന്തായാലും തെറ്റായിപ്പോയി.
 ബംഗാളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന രണ്ടു സംഘങ്ങളാണുണ്ടായിരുന്നത്; ജുഗാന്തറും അനുശീലന്‍ സമിതിയും. അനുശീലനെപ്പോലെ തന്നെ, ജുഗാന്തറും, കായിക ക്ലബ് എന്ന മട്ടിലാണ് തുടങ്ങിയത്. ജുഗാന്തറിന്റെ നിരവധി അംഗങ്ങളെ പിടികൂടി, ആന്‍ഡമാനിലുള്ള തുറന്നജയിലിലേക്ക് അയയ്ക്കുകയായിരുന്നു. ഒന്നാംലോക യുദ്ധത്തിനുശേഷം, പലര്‍ക്കും ശിക്ഷയില്‍ ഇളവുകിട്ടി. അനുശീലനില്‍ അംഗമായിരുന്നു, പി. കൃഷ്ണപിള്ള, അദ്ദേഹം വഴി, ഇഎംഎസും. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാറും അനുശീലനില്‍ അംഗമായിരുന്നു. കൃഷ്ണപിള്ളയ്ക്കും ഇഎംഎസിനും, ആര്‍എസ്എസിലും അംഗങ്ങളാകാമായിരുന്നു. സോന്‍ഡേഴ്‌സിന്റെ കൊലകഴിഞ്ഞ്, മൂന്ന് കൊല്ലം കഴിഞ്ഞാണ്, സ്റ്റീവന്‍സിന്റെ കൊല; തീയതി, ഏതാണ്ട്, സോന്‍ഡേഴ്‌സ് മരിച്ചതിനടുത്ത്. 'അഡ്‌ലെയ് ഡ് ക്രോണിക്ക്ള്‍' റിപ്പോര്‍ട്ടില്‍, ഭാരതത്തില്‍ സ്ത്രീകള്‍ നടത്തിയ ആദ്യ 'ഭീകരാക്രമണ'മാണ് അത് എന്ന ഉഗ്രന്‍ വിവരമുണ്ട്. ആ സ്ത്രീകളുടെ വിശദാംശങ്ങള്‍ അറിയുമ്പോഴാണ്  മുന്‍ നക്‌സലൈറ്റ്  അജിതയെപ്പറ്റി മതിപ്പുകുറയുന്നത്.
പ്രഫുല്ല നളിനി ബ്രഹ്മ 
 സ്റ്റീവന്‍സിനെ കൊന്നത്, ശാന്തിഘോഷും സുനീതി ചൗധരിയുമായിരുന്നു. അന്ന്, ശാന്തിക്ക് വയസ്സ് വെറും 15, സുനീതിക്ക്, 14. കോമില്ലയിലെ വിക്‌ടോറിയ കോളജില്‍ ഫിലോസഫി പ്രൊഫസറായ, ദേബേന്ദ്രനാഥ് ഘോഷിന്റെ മകളായിരുന്നു, ശാന്തി. അദ്ദേഹം ദേശീയ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1916 നവംബര്‍ 22 ന് ജനിച്ച ശാന്തി, 1931 ല്‍ യുഗാന്തറിൻറെ ഛാത്രി സംഘ (വിദ്യാര്‍ത്ഥിനികളുടെ സംഘടന) സെക്രട്ടറിയായി. കോമില്ലയിലെ ഫൈസുന്നീസ ഗേള്‍സ് ഹൈസ്‌കൂളിലെ സഹപാഠി പ്രഫുല്ല നളിനി ബ്രഹ്മ വഴി പ്രചോദിതയായി, ശാന്തി, വിപ്ലവസംഘടനയായ ജുഗാന്തര്‍ പാര്‍ട്ടിയില്‍, സുനീതിക്കൊപ്പം ചേര്‍ന്നു. ബ്രിട്ടീഷ് ഭരണത്തെ തുരത്താന്‍ കൊലപാതകം ആയുധമാക്കിയ സംഘടന. വാള്‍, കുന്തം, വെടിക്കോപ്പ് എന്നിവയില്‍ ശാന്തി പരിശീലനം നേടി. 1931 ഡിസംബര്‍ 14 ന്, ശാന്തിയും സുനീതിയും, തങ്ങളുടെ ക്ലാസിലെ കുട്ടികളെ വച്ച് ഒരു നീന്തല്‍ ക്ലബ് സംഘടിപ്പിക്കാനുള്ള അനുവാദം ചോദിച്ചാണ്, സ്റ്റീവന്‍സിന്റെ ബംഗ്ലാവില്‍ ചെന്നത്. അതിനുള്ള അപേക്ഷ സ്റ്റീവന്‍സ് വായിക്കുന്നതിനിടെ, ശാന്തിയും സുനീതിയും, ഷാളിനടിയില്‍ ഒളിപ്പിച്ച ഓട്ടോമാറ്റിക് പിസ്റ്റളുകള്‍ പുറത്തെടുത്ത്, അദ്ദേഹത്തെ വെടിവച്ചുകൊന്നു. 1932 ഫെബ്രുവരിയില്‍, ഇരുവരെയും ജീവപര്യന്തം നാടുകടത്തി. തൂക്കുമരം കിട്ടാത്തതിലും, രക്തസാക്ഷിത്വം വരിക്കാനാവാത്തതിലും ദുഃഖിതരായ ശാന്തിയും സുനീതിയും പറഞ്ഞു: ''കുതിരത്തൊഴുത്തില്‍ ജീവിക്കുന്നതിനെക്കാള്‍ ഭേദം, മരണമാണ്.'' തടവില്‍ ശാന്തി അപമാനവും ശാരീരിക ദണ്ഡനങ്ങളും ഏറ്റുവാങ്ങി. ഏഴുവര്‍ഷം തടവുപിന്നിട്ടപ്പോള്‍, ഗാന്ധിയും ബ്രിട്ടീഷ് ഭരണകൂടവും തമ്മില്‍ നടന്ന ചര്‍ച്ചവഴി, ശാന്തിയെയും സുനീതിയെയും മോചിപ്പിച്ചു. ശാന്തി, ബംഗാളി വിമന്‍സ് കോളജില്‍ ചേര്‍ന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി; ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. പിന്നെ, കോണ്‍ഗ്രസിലേക്ക് വഴിമാറി. 1942 ല്‍ പ്രൊഫസര്‍ ചിത്തരഞ്ജന്‍ ദാസിനെ വിവാഹം ചെയ്തു. 1952 മുതല്‍ പത്തുവര്‍ഷം പശ്ചിമബംഗാള്‍ ലജിസ്ലേറ്റീവ് കൗണ്‍സിലിലും, 1962-64 ല്‍ നിയമസഭയിലും, അംഗമായി. 'അരുണ്‍ ബാഹ്‌നി' എന്ന പുസ്തകമെഴുതി. 1989ല്‍ മരിച്ചു. 

 സുനീതി അന്ന് 
ത്രിപുരയിൽ കോമില്ല   ഇബ്രാഹിംപൂര്‍ ഗ്രാമത്തില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഉമാചരണ്‍ ചൗധരിയുടെയും സുരസുന്ദരിയുടെയും മകളായി, 1917 മെയ് 22 നാണ്, സുനീതി ജനിച്ചത്. സുനീതി സ്‌കൂളിലായിരുന്നപ്പോള്‍, രണ്ടു സഹോദരന്മാര്‍ വിപ്ലവപ്രസ്ഥാനത്തിലായിരുന്നു. കോമില്ലയിലെ വിപ്ലവകാരി ഉല്ലാസ്‌കര്‍ ദത്തയുടെ ജീവിതമായിരുന്നു, പ്രചോദനം.ഫൈസുന്നിസ സ്‌കൂളിൽ സീനിയറായ പ്രഫുല്ല നളിനി നിരോധിക്കപ്പെട്ട പുസ്തകങ്ങൾ എത്തിച്ചു.മാതൃഭൂമിക്കായുള്ള ത്യാഗമാണ് ജീവിതം എന്ന സ്വാമി വിവേകാനന്ദൻറെ വാക്കുകൾ ആവേശമായി .ജില്ലാ വളണ്ടിയർ കോർപ്‌സ് മേജർ ആയി . നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ട അക്കാലത്തു സുഭാഷ് ചന്ദ്ര ബോസ് പങ്കെടുത്ത  വിദ്യാര്‍ത്ഥി സമ്മേളനത്തില്‍, ശാന്തിയും സുനീതിയും വളന്റിയര്‍മാരായിരുന്നു; സുനീതിയായിരുന്നു, ക്യാപ്റ്റന്‍. വിപ്ലവ പ്രസ്ഥാനത്തിൽ സ്ത്രീകൾ എവിടെയായിരിക്കണം എന്ന് പ്രഫുല്ല ചോദിച്ചപ്പോൾ ബോസ് പറഞ്ഞു:"മുൻ നിരയിൽ".മൂവരെയും ഒളിവിലായ ബീരേൻ ഭട്ടാചാര്യ അഭിമുഖം നടത്തി ,ധീരകൾ എന്ന് വിധിച്ചു.ത്രിപുര വിദ്യാർത്ഥി സംഘടനാ നേതാവ് അഖിൽ ചന്ദ്ര നന്ദി പരിശീലന മേല്നോട്ടത്തിനെത്തി.
സമീപത്തെ മൈനാമതി കുന്നിന്‍ മുകളില്‍, കഠാരയിലും തോക്കിലും പരിശീലനം നേടിയശേഷം, സുനീതിയെയും ശാന്തിയെയും പാര്‍ട്ടി, ആക്രമണത്തിന് നിയോഗിച്ചു.

സുനീതി ഭർത്താവിനും മകൾക്കുമൊപ്പം 
ജില്ലാ മജിസ്‌ട്രേറ്റ് നേതാക്കളെ തടവിലിട്ട സത്യഗ്രഹം അടിച്ചമർത്തുകയായിരുന്നു .സമാധാനം പറഞ്ഞവരെയൊക്കെ തടവിലാക്കി .അത് തടയാനുള്ള നിയോഗമായിരുന്നു ,സുനീതിക്കും ശാന്തിക്കും .1931 ഡിസംബർ 14 ന് മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവിനു മുന്നിൽ അവരെ കേറ്റിയ വണ്ടി നിന്നു .ഇരുവരും ആവേശത്തോടെ ഇറങ്ങി.സാരിയാണ് ഉടുത്തത്.തണുപ്പകറ്റാൻ,അതിനു പുറത്ത് സിൽക്ക് ചുറ്റിയിരുന്നു.ഇവർ ഇടനാഴി കടക്കും മുൻപേ വണ്ടിക്കാരൻ ധൃതിയിൽ സ്ഥലം വിട്ടു .ഓർഡർലി വശം,തങ്ങൾക്ക് മജിസ്‌ട്രേറ്റിനെ കാണണമെന്ന കുറിപ്പ് കൊടുത്തയച്ചു.സബ് ഡിവിഷണൽ ഓഫിസർ നേപ്പാൾ സെന്നിനൊപ്പം സ്റ്റീവൻസ് പുറത്തു വന്നു .ഇള സെൻ,മീര ദേവി എന്നീ പേരുകളിൽ നീന്തൽ ക്ലബ് വേണമെന്ന് കാട്ടി അവർ നൽകിയ കുറിപ്പിൽ അയാൾ നോക്കി.Your Majesty എന്ന സംബോധന അതിശയോക്തിയും തുടർന്നുള്ള വാചകങ്ങൾ മുറി ഇംഗ്ലീഷും ആയിരുന്നു .കത്തിൽ ഒപ്പു വേണമെന്ന് ഇരുവരും പറഞ്ഞു .അയാൾ ഒപ്പിട്ട് തിരിച്ചു വന്നു .സാരി ചുറ്റിയ സിൽക്ക് അപ്പോൾ കാണാനില്ലായിരുന്നു,രണ്ടു റിവോൾവറുകൾ അയാൾക്ക് നേരെ ചൂണ്ടി .വെടിയുണ്ടകൾ മുഴങ്ങി . സുനീതിയുടെ റിവോള്‍വറിലെ ആദ്യ വെടിയുണ്ട, സ്റ്റീവന്‍സിനെ കൊന്നു. 
സുനീതിയുടെ മേജർ യൂണിഫോമിന് അടിയിൽ ഒരു വാചകം ബംഗാളിയിൽ എഴുതിയിരുന്നു :സംഹാരത്തിനുള്ള കത്തുന്ന ആവേശം എൻറെ രക്തത്തിൽ ഇന്ന് തിളയ്ക്കുന്നു.
പീഡനങ്ങൾക്ക് അവർ തയ്യാറെടുത്തിരുന്നു.സ്വയം വിരൽ തുമ്പുകളിൽ പിൻ കൊണ്ട് കുത്തി നോക്കിയിരുന്നു . മ ര്‍ദനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ ഇരുവരും ചിരിച്ചു; പാടി. ചെറിയ പ്രായം കണക്കിലെടുത്താണ്, ശിക്ഷ, ജീവപര്യന്തമായത്. വിധിക്കുശേഷം, ജയിലിലേക്ക് നീങ്ങുമ്പോള്‍ കാസി നസ്‌റുള്‍ ഇസ്ലാമിന്റെ കവിത അവര്‍ അവിടെ ചൊല്ലി: ''ഈ തടവറകള്‍ തകര്‍ക്കുക; ഈ തടവറകള്‍ക്ക് തീയിടുക.'' സുനീതിയുടെ അച്ഛനുള്ള പെന്‍ഷന്‍ സര്‍ക്കാര്‍ നിര്‍ത്തി. മൂത്ത രണ്ട് സഹോദരന്മാരെ തടവിലിട്ടു. കുടുംബം പട്ടിണിയിലായി. അനുജന്‍ പട്ടിണികിടന്നു മരിച്ചു. ഏഴുവര്‍ഷത്തെ തടവിനുശേഷം പുറത്തുവന്ന, സുനീതി, ഡോക്ടറായി. 1947 ല്‍ തൊഴിലാളി നേതാവായ പ്രദ്യോത് കുമാര്‍ഘോഷിനെ വിവാഹം ചെയ്തു. ഒരു മകള്‍-ഭാരതി സെന്‍. 


ശാന്തി അന്ന് 
സ്റ്റീവൻസ് മരണത്തിന് രണ്ടു കൊല്ലം മുൻപ് മാത്രമാണ് വിവാഹിതനായത്;ഒരു മകൾ ജനിച്ച് അധികമായിരുന്നില്ല .പ്രധാന ആസൂത്രകയായ പ്രഫുല്ലയെ തടവിലിട്ടുഅത് കഴിഞ്ഞ് വീട്ടു തടങ്കലിലായി .അഞ്ചു വർഷത്തിന് ശേഷം ചികിത്സ കിട്ടാതെ മരിച്ചു.
കഥ ഇവിടെ തീരുന്നു. പത്രപ്രവര്‍ത്തനത്തില്‍, വാര്‍ത്ത, ഒരു ശീര്‍ഷാസന പിരമിഡ് ആണ്. മാംസളമായ ഭാഗങ്ങള്‍ ആദ്യം; വെട്ടിക്കളയാവുന്ന ചെറിയ വിവരങ്ങള്‍ അവസാനം. ഈ വാര്‍ത്ത ഇവിടെ തീരുമ്പോള്‍, ഒരു ദുഃഖമേയുള്ളൂ. കൊല്ലപ്പെട്ട സ്റ്റീവന്‍സിനെപ്പറ്റി വലിയ വിവരമൊന്നും ഇല്ല. അതാണ്, ദുര്‍മരണങ്ങളുടെ വിധി.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...