Saturday, 15 June 2019

കാഴ്‌ചയുടെ രാഷ്ട്രീയം

കാഴ്ചയുടെ രാഷ്ട്രീയത്തെപ്പറ്റിയുള്ള ഏതു ചർച്ചയിലും ആദ്യം പരാമർശിക്കാൻ കഴിയുന്ന ചിത്രമാണ്, 1568 ൽ നെതർലൻഡ്‌സിലെ നവോത്ഥാന ചിത്രകാരൻ പീറ്റർ ബ്രൂഗൽ വരച്ച, ‘അന്ധൻ നയിക്കുന്ന അന്ധന്മാർ.’ The Blind Leading the Blind or The Parable of the Blind. ഇതിൽ തുടങ്ങി, രാഷ്ട്രീയാന്ധതയിലേക്ക് പോകുന്നതാണ്, ഡേവിഡ് ഫോർ ഗാക്സിന്റെ, ‘അന്ധതയും കാഴ്ചയുടെ രാഷ്ട്രീയവും ‘ എന്ന പ്രബന്ധം.

മത്തായിയുടെ സുവിശേഷത്തിൽ, “അവരെ വിടുക, അവർ അന്ധരായ നായകരാണ്; അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും” (മത്തായി 15 :14 ) എന്ന വചനത്തെ ആധാരമാക്കിയുള്ളതാണ് ലിനൻ കാൻവാസിൽ 86 x 154 സെന്റിമീറ്റർ വലിപ്പത്തിലുള്ള ചിത്രം.

ബ്രൂഗൽ 
ആറ് അന്ധന്മാരുടെ ജാഥയാണ് ഇതിൽ കാണുന്നത്. അവരുടെ പാതയിൽ, ഒരു വശത്തു പുഴയും മറുവശത്തു പള്ളിയുള്ള ഗ്രാമവുമാണ്. നായകൻ പൃഷ്ഠം കുത്തി കുഴിയിലേക്ക് വീണിരിക്കുന്നു. അവരെല്ലാവരും അപരന്റെ വടിയിൽ പിടിച്ചിരിക്കുകയാൽ, പരസ്പരം വലിച്ചു വീഴാൻ പോകുന്നു. പശ്ചാത്തലത്തിൽ, ഒരു പശുക്കൂട്ടമുണ്ട്.ഓരോ ആൾക്കും സവിശേഷമായ കണ്ണ് ദീനമുണ്ടെന്നതാണ്,നിരീക്ഷണത്തിലെ പ്രത്യേകത.കൃഷ്ണമണിയിലെ ലൂക്കോമ മുതൽ മൊത്തത്തിൽ നീക്കിയ കണ്ണ് വരെ ഉണ്ട്.മറ്റ് ഇന്ദ്രിയങ്ങൾ നന്നായി ഉപയോഗിക്കാൻ,തല ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുകയാണ്,ഓരോ ആളും.ചിത്രത്തിലെ ആഖ്യാന രീതി ചെരിവുള്ളതാകയാൽ ( diagonal ),കോണോട് കോൺ ആകയാൽ , ആറു പേരും ഒന്നിന് പിന്നാലെ ഒന്നായി വീഴുന്നതിൻറെ ഭാവന അപാരമാണ്.ബോദ്‌ലെയറിൻറെ കവിതയെയും ഗെർട്ട് ഹോഫ്‌മാന്റെ ഒരു നോവലിന്  ചിത്രം പ്രചോദനമായി .ജർമൻ എഴുത്തുകാരൻ ഹോഫ്‌മാന്റെ നോവൽ പത്ത് അധ്യായം മാത്രമുള്ള,The Parable of the Blind.


ഈ ചിത്രത്തിൻറെ സൃഷ്ടി ഓരോ അന്ധനും പറയുന്നതാണ്,നോവൽ.ചിത്രകാരൻറെ വീട്ടിലേക്കുള്ള അവരുടെ അനിശ്ചിതമായ യാത്ര.വഴിയിൽ മുങ്ങിപ്പോകുമെന്ന അവസ്ഥ വരുന്നു;ഒരു പട്ടി ആക്രമിക്കുന്നു.അവർ ചിത്രകാരൻറെ വീട്ടിലെത്തി ആഹാരം കഴിച്ച ശേഷം ഒരു പാല ത്തിലേക്ക് നയിക്കപ്പെടുന്നു.ഒരു നിരയായി പോകുമ്പോൾ ഇവർ താഴെ വെള്ളത്തിലേക്ക് വീഴുന്നു.ഇത് ജാലകത്തിൽ നിന്ന് കാണുന്ന ചിത്രകാരൻ,അത് വരയ്ക്കുന്നു.
ചിത്രം കോണോട് കോൺ ആയി 
മരണത്തിന് ഒരു വർഷം മുൻപാണ് ബ്രൂഗൽ ഇതു വരച്ചത്. 1567 സെപ്റ്റംബർ 9 ന് സ്പെയിനിലെ ഫിലിപ്പ് രണ്ടാമൻറെ ഉത്തരവ് പ്രകാരം, നെതർലണ്ടിലെ ഗവർണ്ണർ ജനറൽ ഫെർണാണ്ടോ അൽവാരെസ്, രാഷ്ട്രീയ കലാപകാരികളെ വിചാരണ ചെയ്യാൻ കോടതിയുണ്ടാക്കിയിരുന്നു. കൂട്ട അറസ്റ്റും കൂട്ടക്കൊലയും പിന്നാലെയുണ്ടായി. സ്പെയിനിന്റെ അധീനതയിലായിരുന്ന നെതർലണ്ടിൽ, പ്രൊട്ടസ്റ്റന്റ് മതത്തെ അടിച്ചമർത്തുകയായിരുന്നു.അങ്ങനെ, രാഷ്രീയ ഉള്ളടക്കമുള്ളതാണ് ചിത്രം.
ഇന്നത്തെ ലോകത്ത് നയിക്കപ്പെടുന്നവർ കുഞ്ഞാടുകളാകാം; സഖാക്കളാകാം.തീവ്രവാദികളാകാം,മത ഭ്രാന്തന്മാരാകാം..നയിക്കപ്പെടാൻ ചുമ്മാ നിന്നു കൊടുക്കുന്നവനാണ്,അടിമ.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...