Saturday, 15 June 2019

ഋഭു ഗീത അനുഭവം

തിരുവണ്ണാമലയിലെ രമണ മഹർഷിയുടെ ആശ്രമത്തിൽ നിന്നാണ് ഋഭു ഗീത കിട്ടിയത്. മഹർഷിക്ക് പ്രിയപ്പെട്ടതായിരുന്നു ഈ പുസ്തകം. ഗീതകളിൽ ബൃഹത്തും അഗാധവും ആണ് ഇത്. 50 അധ്യായ ങ്ങൾ, 2000 ശ്ലോകങ്ങൾ. ഭഗവദ് ഗീതയാകട്ടെ, 18 അധ്യായങ്ങൾ, 800 ശ്ലോകങ്ങൾ.
12 ഭാഗങ്ങളുള്ള ശ്രീശിവരഹസ്യത്തിലെ ആറാം ഭാഗമാണ്, ഋഭു ഗീത. ഒരു ലക്ഷം ശ്ലോകങ്ങളുള്ളതാണ് ,ശ്രീശിവ രഹസ്യ പുരാണം. ശൈവ പുരാണങ്ങളിൽ ഒന്നാണ്, അത്.
ഋഭു മഹർഷി, ശിഷ്യനായ നിദഘ മുനിക്കു  നൽകുന്ന ആത്മീയ ജ്ഞാനമാണ് ഈ ഗീത. ഋഭുവിനു പരമശിവനിൽ നിന്ന് തന്നെ കിട്ടിയ ജ്ഞാനമാണ് അത് എന്ന് വിശ്വാസം. പുലസ്ത്യ   മഹർഷിയുടെ പുത്രനായ നിദഘൻ, ദേവികാ നദീതീരത്തെ വിരാ നഗരത്തിൽ പാർക്കുമ്പോൾ ഋഭു നൽകിയതാണ് ആത്മജ്ഞാനം. ഇരുവരുടെയും പേരുകൾ ചില ഉപനിഷത്തുക്കളിൽ പരാമർശിക്കുന്നുണ്ട്: കൃഷ്ണ യജുർവേദത്തിലെ തേജോബിന്ദു ഉപനിഷത്, വരാഹോപനിഷത്, അഥർവ വേദത്തിലെ നാരദ പരിവ്രാജകോപനിഷത്, അന്നപൂർണോപനിഷത്, സാമവേദത്തിലെ മഹോപനിഷത്.
അഗാധമായ ഈ ഗീതയ്ക്ക് വലിയ പ്രചാരമില്ലാത്തതിനാൽ അത് സമീപ കാലത്തേ അച്ചടിയിൽ വന്നുള്ളൂ. രമണ മഹർഷിക്ക് പരിചിതം,ഭിക്ഷു ശാസ്ത്രികൾ, ഉലകനാഥ സ്വാമി എന്ന പേരിൽ ചെയ്ത തമിഴ് പരിഭാഷയായിരുന്നു. 1885 മുതൽ കോവിലൂര് മഠം പുറത്തിറക്കിയിരുന്ന ഈ പരിഭാഷ, 1898 ൽ മഹർഷിക്ക് നാഗലിംഗ സ്വാമി ഗ്രന്ദശാലയിൽ  നിന്ന് ആദ്യ ശിഷ്യൻ പളനി സ്വാമി എടുത്തു കൊടുക്കുകയായിരുന്നു. അന്ന് തിരുവണ്ണാമലയിലെ ഗുരുമൂർത്തത്തിലെ മാന്തോപ്പിൽ കഴിഞ്ഞിരുന്ന മഹർഷിക്ക് 18 വയസ്സ്. രണ്ടു കൊല്ലം മുൻപ്, 16 വയസ്സിൽ മധുരയിലെ വീട്ടിൽ ആത്മജ്ഞാന നേരത്തു തോന്നിയതൊക്കെ പുസ്തകത്തിൽ കണ്ടുവെന്ന് പിൽക്കാലത്തു മഹർഷി ഓർമിച്ചു.

ഭിക്ഷു ശാസ്ത്രിയെപ്പറ്റി ഒരു കഥയുണ്ട്: ഒന്നുമില്ല,ഒന്നുമില്ല, ബ്രഹ്മം മാത്രമേയുള്ളു എന്നതാണ് ഋഭു ഗീതയുടെ സത്ത. ബാക്കിയെല്ലാം മുയൽകൊമ്പു പോലെയും വന്ധ്യയുടെ പുത്രനെപ്പോലെയും ആകാശ കുസുമത്തെ പോലെയും അയഥാർത്ഥം. ഇതിൽ മുങ്ങി നിരീശ്വരനായ ശാസ്ത്രിക്ക് കാഴ്ച നഷ്ടപ്പെട്ടു. “ഒന്നുമില്ല”എന്ന് പറയുന്നതിൻ്റെ  വിവക്ഷ, ഈശ്വരന് നിർഗുണ സ്വരൂപമാണെന്നാണ്. സഗുണ സ്വരൂപമില്ല എന്നല്ല. സഗുണ സ്വരൂപത്തെ നിരാകരിച്ചതിനു കിട്ടിയ ശിക്ഷയാണ് കാഴ്ചയില്ലായ്മ എന്ന് തോന്നി, ഋഭു ഗീത യുടെ പരിഭാഷയിൽ ഓരോ അധ്യായത്തിന്റെയും അവസാനം നടരാജനെ സ്തുതിച്ചു സ്വന്തമായി ഓരോ ശ്ലോകം ശാസ്ത്രി എഴുതിയപ്പോൾ,കാഴ്ച തിരിച്ചു കിട്ടി.
ശ്രീ ശിവരഹസ്യത്തിന്റെ സംസ്കൃതത്തി ഉള്ള കയ്യെഴുത്തു പ്രതി തഞ്ചാവൂരിൽ ലളിത മഹൽ എന്നറിയപ്പെടുന്ന കയ്യെഴുത്തു ഗ്രന്ഥ ശാലയിലാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നുള്ള ഋഭു ഗീത 1994 ൽ ഡോ .എച് .രാമ മൂർത്തി പരിഭാഷ ചെയ്ത് അമേരിക്കയിലെ സൊസൈറ്റി ഓഫ് അബൈഡൻസ്‌ ഇൻ ട്രൂത് പ്രസിദ്ധീകരിച്ചു. തമിഴ് പരിഭാഷയിൽ നിന്ന് 122 ശ്ലോകങ്ങൾ പ്രൊഫസർ എൻ.ആർ. കൃഷ്ണ മൂർത്തി 1984 ൽ മൊഴി മാറ്റിയിരുന്നു.
കാഞ്ചി കാമകോടി പീഠത്തിലെ ചന്ദ്രശേഖരേന്ദ്ര സരസ്വതിക്കും പ്രിയപ്പെട്ടതായിരുന്നു ഋഭു ഗീത.
ഗീതകൾ പലതുണ്ട്: മഹാഭാരതത്തിലെ ഭീഷ്മ പർവത്തിൽ വരുന്ന ഭഗവദ് ഗീത, സാന്ദർഭിക സംവാദമാണ്. അതിൽ തന്നെയാണ്, വ്യാധ ഗീതയും കൃഷ്ണൻ തെന്നെ ഉപദേശിക്കുന്ന അനുഗീതയും. സ്കന്ദ പുരാണത്തിൽ ഗുരു ഗീതയും ഗണേശ പുരാണത്തിൽ ഗണേശ ഗീതയും വരുന്നു. ഭഗവതത്തിലാണ് ഉദ്ധവ ഗീത. ദത്താത്രേയ ൻ്റെതാണ് അവധൂത ഗീത. ശ്രീരാമൻ ലക്ഷ്മണനെ ഉപദേശിക്കുന്നതാണ്, രാമ ഗീത. അഷ്ടാവക്രൻ ജനകന് നൽകുന്നതാണ്, അഷ്ടാവക്ര ഗീതയാണ്, ആഴത്തിൽ, ഋഭു ഗീതയ്ക്ക് അടുത്ത് വരുന്നത്.
ഡോ. ലിംഗേശ്വര റാവു, ഡോ.അനിൽ ശർമ എന്നിവർ പരിഭാഷ ചെയ്തു 2009 ൽ പ്രസിദ്ധീകരിച്ച സംസ്‌കൃത മൂലമുള്ള സമ്പൂർണ പതിപ്പാണ് ഞാൻ വായിച്ചതു. സച്ചിദാനന്ദം സാക്ഷാത്കരിക്കുന്നതെങ്ങനെ, ജീവന്മുക്തനും വിദേഹ മുക്തനും ആകുന്നതെങ്ങനെ തുടങ്ങി, സമാധി, ഷാജ സമാധി, മുക്തി എന്നിവയുടെ സാക്ഷാത്കാരം വിവരിക്കുകയാണ് ഇവിടെ.
ജ്ഞാനേശ്വറിൻ്റെ  ‘അമൃതാനുഭവം’ ആണ് മുൻപ് അദ്വൈത  സത്തയുടെ അനുഭവം എനിക്ക് സമ്മാനിച്ചത്.
ആചാരങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്തിനായി, ഋഭു ഗീതയിൽ നിന്ന് ചില ശ്ലോകങ്ങൾ:
വ്രതാനി മിഥ്യ  ഭുവനാനി  മിഥ്യ
ഭാവാദി മിഥ്യ ഭവനാനി  മിഥ്യ
ഭയം ച മിഥ്യ ഭരണാദി  മിഥ്യ
ഭു ക്തം ച മിഥ്യ ബഹു ബന്ധ  മിഥ്യ
(വ്രതങ്ങൾ,ലോകം,ഭാവ ങ്ങൾ,മന്ദിരങ്ങൾ ഭയം,തുണകൾ മിഥ്യ ,അനുഭവം മിഥ്യ,ബന്ധം മിഥ്യ )
സർവ്വ വർണ സർവ ജാതി സർവ ക്ഷേത്രം ച തീർത്ഥകം
സർവ്വ വേദം സർവ ശാസ്ത്രം സർവ്വം ശശ വിഷാണവത്
(എല്ലാ ജാതിയും സമുദായവും ക്ഷേത്രവും തീർത്ഥങ്ങളും വേദങ്ങളും ശാസ്ത്രങ്ങളൂം മുയൽ കൊമ്പു പോലെ -മുയലിനു കൊമ്പില്ലല്ലോ)
വര്ണാശ്രമ വിഭാഗശ്ച ഭ്രാന്തിരിവ ന സംശയ :
ബ്രഹ്മ വിഷ്ണുവീശ രുദ്രാണാം   ഉപാസ ഭ്രാന്തിരേവ
(വര്ണാശ്രമ ജീവിത ക്രമങ്ങൾ വിഭ്രാന്തി;ബ്രഹ്മാവ്,വവിഷ്ണു ,ഈശൻ ,രുദ്രൻ എന്നിവയുടെ ഉപാസനയും വിഭ്രാന്തി ).

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...