Saturday 15 June 2019

സി പി എം റാഞ്ചിയ ചട്ടമ്പി

ദ്വൈതാചാര്യനായ ചട്ടമ്പിസ്വാമികളുടെ ജന്മദിനം കൊണ്ടാടാന്‍ സിപിഎം തീരുമാനിച്ചതിൽ ദുഷ്ടലാക്കുണ്ട് . കേരളത്തിലെ നായര്‍ സമുദായം ബിജെപിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നതു തടയുകയാണ്, ലക്ഷ്യം. 24ന് ശ്രീകൃഷ്ണജയന്തിക്കൊപ്പമാണ്, ചട്ടമ്പിസ്വാമി ജയന്തിയും വരുന്നത് എന്നതിനാല്‍, ജന്മാഷ്ടമി ആഘോഷിക്കുന്നതു കൊണ്ടുള്ള ജാള്യത മറയ്ക്കാനും കഴിയും. 
ചട്ടമ്പി സ്വാമികള്‍ 1853 ല്‍ ജനിച്ച്, 1924 ല്‍ സമാധിവരെയും, കമ്മ്യൂണിസ്റ്റാണെന്ന പേരു കേള്‍പ്പിച്ചിരുന്നില്ല. അതിനകം,ലാലാ ഹർദയാലിന്റെ പ്രബന്ധം മോഷ്ടിച്ച്   സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രം (1912) എഴുതിയിരുന്നതു സ്വാമികള്‍ വായിച്ചതിനും തെളിവില്ല; അദ്ദേഹം ബൈബിള്‍ വായിച്ചിരുന്നു താനും. കേരളം ലോകത്തിന് സംഭാവന ചെയ്ത മഹാമനീഷി എന്ന നിലയില്‍, ചട്ടമ്പിസ്വാമികളെ ആര്‍ക്കും ആദരിക്കാം; പക്ഷേ, പെരുന്നയില്‍ ഇതുവരെ മാര്‍ക്‌സിന്റെ ചിത്രം വച്ചിട്ടില്ലാത്ത സ്ഥിതിക്ക്, അങ്ങോട്ടു കയറി സ്വാമികളെ ആലിംഗനം ചെയ്യുന്നതില്‍ അപാകത കാണുന്നവരെ കുറ്റം പറയാനാവില്ല. മാത്രമല്ല, ഈ നീക്കം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്. ഒരാളെ ആദരിക്കുമ്പോള്‍, ആദരം മൊത്തത്തിലാകണം. അങ്ങനെയാണോ ചട്ടമ്പിസ്വാമികളുടെ കാര്യം എന്നു സിപിഎം നേതൃത്വം വ്യക്തമാക്കേണ്ടതുണ്ട്. 
നാരായണ ഗുരുവും ചട്ടമ്പിയും 
അദ്ദേഹമെഴുതിയ മൂന്നു പ്രധാന പുസ്തകങ്ങള്‍ വച്ചുകൊണ്ടല്ലാതെ, അദ്ദേഹത്തെ വിലയിരുത്താന്‍ കഴിയില്ല. 'പ്രാചീന മലയാളം', 'അദ്വൈതചിന്താ പദ്ധതി', 'ക്രിസ്തുമത നിരൂപണം' എന്നീ പേരുകളിലുള്ള ആ പുസ്തകങ്ങള്‍ വായിച്ചിരുന്നുവെങ്കില്‍, കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഈ അബദ്ധത്തില്‍ ചെന്നുചാടുമായിരുന്നില്ല; സീതാറാം യെച്ചൂരിക്കു പറഞ്ഞുനില്‍ക്കാം: സ്വാമികളുടെ ഗുരു സുബ്ബ ജടാ പാഠികള്‍ തമിഴ്‌നാട്ടില്‍ അംബാസമുദ്രത്തിനടുത്ത കല്ലടക്കുറിച്ചിക്കാരനായിരുന്നെങ്കിലും, മൂലകുടുംബം, ആന്ധ്രയിലായിരുന്നു. ആ പുസ്തകങ്ങള്‍ സിപിഎം അംഗീകരിക്കുന്നുണ്ടോ? 'പ്രാചീന മലയാള'ത്തില്‍, പരശുരാമന്‍ കേരളം സൃഷ്ടിച്ചപ്പോള്‍, മലയിറങ്ങി താഴെക്കണ്ട ധീവരരെ, ചൂണ്ടയിലെ ടങ്കീസ് (ഇര കോര്‍ക്കുന്ന ചരട്) പൂണൂലാക്കിയിട്ട്, നമ്പൂതിരിമാരാക്കുകയായിരുന്നു എന്നുപറഞ്ഞിട്ടുണ്ട്. ഇഎംഎസ് പുസ്തകപ്പുഴുവായിരുന്നതിനാല്‍, അതു വായിച്ചതുകൊണ്ടാകാം, സ്വാമികളെ ആദരിക്കാതിരുന്നത്. 'ക്രിസ്തുമത നിരൂപണ'മാകട്ടെ, ക്രിസ്തുമതസാരം, ക്രിസ്തുമത ഛേദനം എന്നീ ഭാഗങ്ങള്‍ അടങ്ങുന്നതാണ്. സ്വാമികളുടെ ശിഷ്യന്മാരായ കരുവാ ഏറത്ത് കൃഷ്ണനാശാന്‍, കാളിയാങ്കല്‍ നീലകണ്ഠപ്പിള്ള എന്നിവര്‍, അവരുടെ മതപ്രഭാഷണങ്ങളില്‍ ക്രൈസ്തവ ഉപദേശികളെ എതിര്‍ക്കാനായി, സ്വാമികളെ അഭയംപ്രാപിച്ചപ്പോള്‍, എഴുതിയതാണ്, 'ക്രിസ്തുമത നിരൂപണം'. തത്വചിന്താ പ്രൊഫസറായ സുന്ദരംപിള്ളയാണ്, ഇംഗ്ലീഷില്‍ വന്ന ബൈബിള്‍ വ്യാഖ്യാനങ്ങള്‍ സ്വാമികള്‍ക്ക് വായിച്ചുകൊടുത്തത്. ഷണ്‍മുഖദാസന്‍ എന്ന തൂലികാനാമത്തില്‍ വന്ന പുസ്തകത്തിലെ ആശയങ്ങള്‍, ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്താണ്, നീലകണ്ഠപ്പിള്ള ആദ്യം പ്രസംഗിച്ചത്. മതംമാറ്റത്തെ തടയുകയായിരുന്നു, ലക്ഷ്യം. കൃഷ്ണനാശാന്‍, ഈഴവനായിരുന്നു. 
മത്തായിയും മര്‍ക്കോസും ലൂക്കോസും യോഹന്നാനും എഴുതിയ സുവിശേഷങ്ങളില്‍ യേശുവിന്റെ ഉയിര്‍പ്പിനെപ്പറ്റിയുള്ള പരസ്പര വൈരുദ്ധ്യങ്ങളെ കീറിമുറിക്കുന്ന 'ക്രിസ്തുമതഛേദനം', തീക്ഷ്ണമാണ്. അതില്‍ തീവ്രത കുറഞ്ഞ ഒരു ഭാഗം ഇതാ: ''നാലുപേരും വിരുദ്ധങ്ങളായിട്ടു പറഞ്ഞു എന്നുവരികിലും, അവരില്‍ ഒരുത്തനെങ്കിലും, ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റില്ല എന്നുപറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ എന്നു ചില ക്രിസ്ത്യന്‍മാര്‍ പറയുന്നു എങ്കില്‍, ഇതിലേക്ക് ഒരു ദൃഷ്ടാന്തം പറയാം, കേള്‍പ്പിന്‍. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരെ ഷാപ്പില്‍ കട്ടിലിന്മേല്‍ കാലത്ത് ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ ഒരു വെളുത്ത കാക്ക ഇരുന്നു എന്ന് ഒരുവനും, ആ കാക്ക തന്നെ ആ സമയത്ത് വെമ്പായത്തു കുറുപ്പിന്റെ വീട്ടില്‍ കിടക്കയില്‍ ഇരുന്നതായിട്ട് മറ്റൊരുത്തനും, ആ സമയത്തു തന്നെ ആ കാക്ക ശംഖുമുഖത്തു കൊട്ടാരത്തില്‍ ഇരുന്നതായിട്ട് മൂന്നാമതൊരുത്തനും, ആ കാക്ക ആ സമയത്തുതന്നെ കൊട്ടാരക്കര ക്ഷേത്രത്തില്‍ ഇരുന്നതായിട്ട് ഒരുത്തനും പറഞ്ഞു കഴിഞ്ഞാല്‍, അതിനെ കേള്‍ക്കുന്നവര്‍, ഇവരിലാരും വെള്ളക്കാക്ക ഇല്ലെന്നു പറഞ്ഞില്ലല്ലോ, ആയതുകൊണ്ട് വെള്ളക്കാക്ക ഉണ്ടായിരുന്നതു തന്നെ എന്നു നിരൂപിക്കുമോ? പരിഹസിക്കുമോ? പരിഹസിക്കുകതന്നെ ചെയ്യും.'' 
അതിനാല്‍, ഇഎംഎസ് ചട്ടമ്പിയെ ബാധ്യതയായി കണ്ട അതേ നിലപാടില്‍ പാര്‍ട്ടി തുടര്‍ന്നില്ലെങ്കില്‍, സ്വാമികളെ ചുവപ്പണിയിക്കാനുള്ള ശ്രമം പാഴ്‌വേലയാകും.
ഓഗസ്റ്റ് 16,2016 

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...