തീവയ്‌പ് റിപ്പോർട്ട് വിഷയം
കേരളത്തിൽ ആദ്യമായാണ് മതവിശ്വാസം തിരഞ്ഞെടുപ്പ് വിഷയമാകുന്നത് എന്നാണ്, പൊതുവേ രാഷ്ട്രീയ വിശകലനം നടത്തുന്നവർ, പ്രത്യേകിച്ചും ഇടതു പക്ഷക്കാർ ഭാവിക്കുന്നത്. കണ്ണടച്ചിരുട്ടാകുന്ന നിലപാടാണ് ഇത്. 1957 ൽ അവിഭക്ത കമ്യുണിസ്റ്റു പാർട്ടി അധികാരത്തിൽ എത്തിയത്, ശബരിമലയുമായി ബന്ധപ്പെട്ട ഹിന്ദു വിശ്വാസം ആളിക്കത്തിച്ചായിരുന്നു.
തിരുവിതാംകൂറിൽ പാർട്ടി സ്ഥാനാർത്ഥികൾ ഭൂരിപക്ഷവും നായന്മാരായിരുന്നു എന്നതും പാർട്ടി സെക്രട്ടറി എം.എൻ.ഗോവിന്ദൻ നായർ, എൻ.എസ്.എസ് സ്ഥാപകൻ മന്നത്തു പത്മനാഭൻറെ ഇഷ്ടക്കാരനായിരുന്നു എന്നതും രഹസ്യമല്ല. ഗോവിന്ദൻ നായരുടെ പിതാവ് മന്നത്തിനൊപ്പം ഉൽപന്ന പിരിവു നടത്തിയിരുന്നു; എം.എൻ.പൊതു ജീവിതം തുടങ്ങിയത് എൻ.എസ്.എസിലായിരുന്നു. വീടാകട്ടെ, പന്തളത്തും.
1950 മേയിൽ ശബരിമല ക്ഷേത്രം തീവയ്ക്കപ്പെട്ടു. മെയ് 20 ന് നടയടച്ച ശേഷം ഒരാഴ്‌ചയ്‌ക്കുള്ളിലാണ് അതു നടന്നത്. ജൂൺ 16 രാത്രിയാണ് പൊലീസ് വിവരം അറിഞ്ഞത്. ശാന്തിക്കാരൻ 14 ന് നട തുറക്കാൻ പോയപ്പോൾ ശ്രീകോവിലും മണ്ഡപവും സ്റ്റോർ മുറിയും കത്തി നശിച്ചിരുന്നു. അയ്യപ്പ വിഗ്രഹം ഉടഞ്ഞിരുന്നു.
അന്വേഷണത്തിനായി സ്പെഷ്യൽ ബ്രാഞ്ച് ഡി.ഐ.ജി. കെ.കേശവ മേനോനെ കോൺഗ്രസ് മുഖ്യമന്ത്രി പറവൂർ ടി.കെ.നാരായണ പിള്ള ചുമതലപ്പെടുത്തി. അയ്യപ്പ വിഗ്രഹം തകർക്കുക എന്ന മത വിരുദ്ധ ലക്ഷ്യമായിരുന്നു തീവയ്‌പിന് പിന്നിലെന്ന് കുറ്റപ്പെടുത്തിയ റിപ്പോർട്ട്, അതിന് കാരണക്കാർ കാഞ്ഞിരപ്പള്ളിയിലെ ചില എസ്റ്റേറ്റ് ഉടമകളാണെന്ന് കണ്ടെത്തി. റിപ്പോർട്ട് പറവൂർ ടി.കെ.യും പിന്നീട് മുഖ്യമന്ത്രിമാരായ സി. കേശവനും എ.ജെ.ജോണും പട്ടം താണുപിള്ളയും പനമ്പിള്ളി ഗോവിന്ദ മേനോനും പൂഴ്ത്തി.
കോൺഗ്രസ് മുഖ്യമന്ത്രിമാർ പൂഴ്ത്തിയ റിപ്പോർട്ട് തങ്ങൾ അധികാരത്തിൽ വന്നാൽ പ്രസിദ്ധീകരിക്കുമെന്ന് എം.എൻ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ വാഗ്‌ദാനം ചെയ്തു.
കേശവ മേനോൻ റിപ്പോർട്ട് |
ഇതു വിശ്വസിച്ചു അതു വരെ വോട്ട് ചെയ്യാതിരുന്ന നായർ മുത്തശ്ശിമാർ വരെ, പരമ്പരാഗത കോൺഗ്രസ് തറവാടുകളിൽ നിന്ന് പോളിംഗ് ബൂത്തിലെത്തി.
ആ സ്ത്രീ സഞ്ചയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്. നായന്മാരുടെ ശിപായി ലഹളയാണ്, അന്നുണ്ടായത്. കേശവ മേനോൻറെ റിപ്പോർട്ട്, ഇ.എം.എസ് സർക്കാർ 1957 ഡിസംബർ 10 ന് പ്രസിദ്ധീകരിച്ചു. ഭൂപരിഷ്കരണ ബിൽ അവതരിപ്പിക്കുന്നതിന് മുൻപായിരുന്നു ഇത്. വിദ്യാഭ്യാസ ബില്ലിനെതിരെ ക്രൈസ്‌തവർ പ്രക്ഷോഭം നടത്തുമ്പോൾ മന്നത്തു പത്മനാഭനെ വരുതിയിലാക്കാമെന്നും ശബരിമല റിപ്പോർട്ട് വഴി ക്രൈസ്തവരെ നിശബ്ദരാക്കാമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി കണക്കു കൂട്ടി.
1957 ലെ അനുഭവത്തിൽ നിന്ന്, പിണറായി വിജയനിൽ എത്തുമ്പോൾ, പാർട്ടി, പ്രതിലോമ സോഷ്യൽ എഞ്ചിനിയറിങ്ങിനാണ് ശ്രമിക്കുന്നത്. ശബരിമലയിൽ ദളിത് ആക്ടിവിസ്റ്റുകളെ കണ്ടത് അത് കൊണ്ടാണ് ഹിന്ദുക്കളിൽ, അവർണരും മത ന്യൂന പക്ഷങ്ങളും കൂടെ നിൽക്കുമെന്ന് കരുതുന്നുണ്ടാകണം. 1957 ൽ കൂടെ നിന്ന നായർ സമുദായത്തെ പാർട്ടി അകറ്റിക്കഴിഞ്ഞു. അന്ന് ബി.ജെ.പി ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ, അമൃതാന്ദമയിക്കെതിരെ സംസാരിച്ചു വേറെയും വിശ്വാസികളെ പിണക്കിക്കഴിഞ്ഞു. അങ്ങനെ, ശബരിമല സി.പി.ഐ-എമ്മിന് ഈ തിരഞ്ഞെടുപ്പിൽ, റിവേഴ്‌സ് എഞ്ചിനീറിങ് വിഷയമാണ്. ഇത് വരെ കേരളത്തിലെ ഹിന്ദു പാർട്ടി അതായിരുന്നു. അല്ലെന്നു വന്നാലും, അധികാരമേറുമോ എന്നറിയാനുള്ള പരീക്ഷണം.
കേസരി, ജനുവരി 22, 2019
No comments:
Post a Comment