Sunday, 22 September 2019

നാടകo:ഗ്രീക്ക് യന്ത്രവും ചാക്യാർ ഗരുഡനും

പ്രളയ കാലത്തെ മൺവണ്ടി 1 

പടയാളികൾ നിത്യവും വാൾ മുതലായ ആയുധങ്ങൾക്ക് മൂർച്ച പിടിപ്പിക്കാറുണ്ടല്ലോ.എന്തിനാണത്?മൂർച്ച പിടിപ്പിച്ചില്ലെങ്കിൽ,ആയുധം തുരുമ്പു പിടിക്കും.എൻറെ ആയുധം കണ്ണാണ്.അതിന് ഞാൻ നിത്യം മൂർച്ച പിടിപ്പിക്കുന്നു.
  • ചെറുപരിഷ മാധവ ചാക്യാർ 
ഗ്രീക്ക് ദുരന്ത നാടക വേദി,രംഗ പടമില്ലാതെ,രംഗ കോപ്പുകൾ  ളില്ലാതെ,ശൂന്യമായിരുന്നുവെന്ന ധാരണ പരക്കെയുണ്ട്.ഗ്രീക്ക് നാടക വേദിയിലും അതുണ്ടായിരുന്നു.സോഫോക്ലിസാണ് അതുണ്ടാക്കിയത് എന്നാണ്,അരിസ്റ്റോട്ടിൽ രേഖപ്പെടുത്തുന്നത്.ഏസ്കിലസാണ് ആദ്യം ഉപയോഗിച്ചതെന്ന് വാദമുണ്ട്.
രംഗ വേദിയിലെ ഒരുക്കങ്ങളെപ്പറ്റിയുള്ള ലി സൈമൺസൻറെ The Stage is Set ( 1932 ) ലോക നാടക വേദിയെ സംബന്ധിച്ച ഇത്തരം നാല് തെറ്റിദ്ധാരണകൾ ഏതൊക്കെ എന്ന് പറയുന്നു:
  • രംഗ പടത്തിന്റെ മായാജാലം ഇല്ലാത്ത ലളിതവും ശൂന്യവുമായ ഗ്രീക്ക് വേദി.ശുദ്ധമായ ആ വേദിയിലേക്ക് നാം മടങ്ങണം ! അവിടെയാണ്,യഥാർത്ഥ ദുരന്ത നാടകം ഉണ്ടായത്.നമ്മുടെ ഭൗതിക വ്യവഹാരങ്ങൾക്ക് അപ്പുറത്തുള്ള,ഉദാത്തമായ യാഥാർഥ്യം.ഭൗതിക വ്യവഹാരം,ഹാസ്യ നാടകം എന്ന താഴേക്കിട കലയ്ക്കുള്ളതായിരുന്നു.
  • മധ്യകാല നാടക വേദിയുടെ ആത്മീയ ലാളിത്യം-രംഗ പടമില്ലാത്ത,തുറന്ന ചത്വരത്തിലെ ശൂന്യ വേദി.
  • ഷേക്‌സ്‌പിയറിന്റെ എലിസബത്തൻ നാടകവേദിയും ശൂന്യമായിരുന്നു.അതിനാൽ,ഊർജസ്വലം.പൗരുഷമുള്ളത്.അവിടെ,"ഇത് ആർഡനിലെ വനമാണ് " തുടങ്ങിയ സൂചകങ്ങളാണ് സെറ്റിനു പകരം ഉണ്ടായിരുന്നത്.
  • മോളിയെ ( Moliere ) യുടെ നാടക വേദിയും ശൂന്യവും ഊർജസ്വലവും ആയിരുന്നു.
സമ്പൂർണമായും ശൂന്യമായ വേദി പോരാ എന്ന് തോന്നിയത് കൊണ്ടാണ്,ഗ്രീക്ക് ദുരന്ത നാടകകാരന്മാർ രംഗ പടങ്ങളും രംഗ കോപ്പുകളും  ഒരുക്കിയത്.ക്രിയ നടക്കുന്നതിന് പശ്ചാത്തലം വേണമെന്ന് അവർക്ക് മാത്രമല്ല,സകല നാടകകാരന്മാർക്കും അറിയാമായിരുന്നു.നാടകീയ രംഗങ്ങളെ മാത്രമല്ല,സാഹചര്യങ്ങളെയും അവ സഹായിക്കുമെന്ന് അവർ കണ്ടെത്തി.മൂല ഗ്രീക്ക് നാടക വേദി,മലകളെയോ തുറമുഖത്തെയോ നോക്കി നിൽക്കുന്ന,വൃത്താകൃതിയുള്ള Orchesta ആയിരുന്നു.നായകനും ഗായക സംഘവും ( Chorus ) തമ്മിലുള്ള കൊടുക്കൽ വാങ്ങലിനപ്പുറം പോകുന്ന നാടകത്തിന് ആ അന്തരീക്ഷം പറ്റിയതല്ലെന്ന് അവർക്ക് തോന്നി.അത് മനസ്സിൽ വച്ച് നാടകമെഴുതിയാൽ നന്നാവില്ല.നാമിപ്പോൾ കാണുന്ന ഗ്രീക്ക് നാടക ത്രയ കാലമായപ്പോൾ,വേണ്ടത്ര യാഥാതഥ്യത്തോടെ നാടകീയ ക്രിയാംശം സങ്കൽപിച്ചപ്പോൾ,പൂർണമായും തുറന്ന നാടക വേദി പറ്റില്ലെന്ന് ബോധ്യം വന്നു.
ഡയനീഷ്യസ് നാടക വേദി 
അക്കാലത്തെ പ്രധാന പരിമിതി,ഒരു നാടകത്തിന് മൂന്ന് നടന്മാരേ പാടുള്ളു എന്ന നിബന്ധന ആയിരുന്നു.ഒരു നടൻ ഒരു കഥാപാത്രത്തിൻറെ വേഷമിട്ട ശേഷം,അടുത്ത കഥാ പാത്രമായി വേഷമിടാൻ ഇടവേള വേണം.അത് തുടർന്ന് കൊണ്ടിരിക്കണം.തുറന്ന വേദിയിൽ കഥാപാത്രമായി  നടൻ  വീണ്ടും എത്തുന്നതിനിടയിലെ കാലതാമസം,ഉദ്വേഗത്തെ ( Suspense ) ബാധിച്ചു.നടനെ കൊണ്ട് വരാനും പറഞ്ഞു വിടാനും എടുത്ത സമയം,മറ്റ് നാടകീയസന്ദർഭങ്ങളുടെ ഭംഗി ചോർത്തി.കഥാപാത്രമായി നാടകത്തിലേക്ക് മടങ്ങി വരും മുൻപ് നടൻ,പ്രേക്ഷകർക്ക് മുന്നിൽ ദീർഘ നേരം നിന്നു.

ദൈവവും മനുഷ്യനും വേദിയുടെ ഒരു ഭാഗത്ത് നിന്നു തന്നെ വന്നത് പ്രശ്നമായി.സുഹൃത്തും ശത്രുവും വരുന്നതും ഒരേ വശത്തു നിന്ന്.അന്നത്തെ നാടകങ്ങളിൽ,തിരിച്ചറിയൽ രംഗങ്ങൾ സുലഭമായിരുന്നു-ഒരുപാട് കാലം മുൻപ് നഷ്ടപ്പെട്ട അച്ഛൻ,അമ്മ,സഹോദരങ്ങൾ തുടങ്ങിയവർ നിർണായക സന്ദർഭത്തിൽ കണ്ടു മുട്ടി തിരിച്ചറിയുന്ന രംഗങ്ങൾ.ഇത്തരം രംഗങ്ങളേയും തുറന്ന വേദി,നാനാവിധമാക്കി.ഗ്രീക്ക് മനസ്സിൽ ദുരന്ത വിലാപം ഉണ്ടാക്കേണ്ടത്,ഇത്തരം രംഗങ്ങൾ ആയിരുന്നു.ഒരേ വഴിയിൽ കൂടി വേദിയിൽ വന്നവർ,വന്ന ശേഷം തിരിച്ചറിയുന്ന സന്ദർഭം അരോചകമായി.
തുറന്ന വേദിയിൽ,കഥാപാത്രങ്ങളുടെ പൊതു നീക്കങ്ങളും അതിൻറെ ശുദ്ധിയും ആധുനിക സൗന്ദര്യ സൈദ്ധാന്തികരെ തൃപ്തിപ്പെടുത്തിയേക്കാം.പ്രയോഗികമതികളായ നാടകകൃത്തുക്കളെപ്പോലെ,ഗ്രീക്ക് നാടകകാരനും ശുദ്ധിയെപ്പറ്റി ആകുലനായില്ല.മിക്കവാറും ഗ്രീക്ക് നാടകകാരന്മാർ സ്വവര്ഗാനുരാഗികൾ ആയിരുന്നതിനാൽ,നാടകത്തിലെ ധാർമികത ജീവിതത്തിൽ ഉണ്ടായിരുന്നുമില്ല.ശരാശരി പ്രേക്ഷകന് സംഭവം വിശ്വസനീയമാകണം എന്ന് അവർ കരുതി.അതുകൊണ്ട് മൂന്ന് വാതിലുകളുള്ള സ്ഥിരമായ രംഗ പടവും ആ വാതിലുകളിൽ കൂടിയുള്ള കഥാ പാത്രങ്ങളുടെ വരവും പോക്കും,കഥാപാത്രത്തിൻറെ രംഗ പ്രവേശ സാദ്ധ്യതകൾ ഇരട്ടിപ്പിച്ചു.നാടകകാരന് ഭാവന വികസിപ്പിക്കാൻ സ്വാതന്ത്ര്യം കിട്ടി.കഥാപാത്രത്തിന് വേഷം എളുപ്പം മാറത്തക്ക വിധം നാടകീയ സംഘർഷം വളർത്താനായി.കഥാപാത്രങ്ങളുടെ എണ്ണം കൂട്ടാനായി.
Orchestra ( വാദ്യസംഘം അല്ല ) എന്ന വൃത്താകാര നാടക വേദിയുടെ പിന്നിൽ വന്ന സ്ഥിരമായ രംഗപടം,പ്രേക്ഷകന് ചുമർ ചിത്രം മാത്രമായിരുന്നു.രംഗത്തിന് അനുസരണമായ രംഗ പടങ്ങൾ ഉണ്ടായ ശേഷമേ നാടകം അതിനായി കല്ലിൽ തീർത്ത സ്ഥിരം ക്ഷേത്രത്തിനോ കൊട്ടാരത്തിനോ മുൻപിലേക്ക് മാറിയുള്ളു.രംഗപടം വരും വരെ,ഗ്രീക്ക് നാടക കാരന്,സ്ഥല കാലങ്ങൾ നാടകം നടക്കുന്ന ഇടം ഏതെന്ന പ്രശ്‍നം ( Unity of Place ) ഉണ്ടായിരുന്നില്ല.രംഗ പടം ഉണ്ടായപ്പോൾ കഥ നടക്കുന്ന സ്ഥലം കാര്യമാക്കേണ്ടി വന്നു.കയ്യെഴുത്തു പ്രതിക്ക് കെട്ടുറപ്പുണ്ടായി.രംഗ പടം പരിഷ്കരിച്ച് അത് കല്ലിൽ ആലേഖനം ചെയ്‌ത്‌,വേദി 152 അടി വീതി ആയപ്പോൾ,അത് പരിമിതി ആയല്ല ഗ്രീക്ക് നാടകകാരൻ കണ്ടത്.അയാൾ അതിൻറെ ജഡത്വത്തെ ഉല്ലംഘിക്കാൻ ശ്രമിച്ചു.

സ്ഥിരമായ കൽ വേദി കൊട്ടാരമാണോ ക്ഷേത്രമാണോ എന്ന് പ്രേക്ഷകൻ അറിയേണ്ടിയിരുന്നില്ല.ക്ഷേത്രം ആണെങ്കിൽ ഒരു വിഗ്രഹം ഉണ്ടാകും.സോഫോക്ലിസിൻറെ 'ഈഡിപ്പസ് കൊളോണസിൽ  ( Oedipus at Colonus) നാടകം നടക്കുന്നത്,ചെറിയ വനത്തിലാണ്.അതിന് സ്ഥിരം കൽ നാടക വേദിയിലെ തൂണുകളിൽ നിറമുള്ള പലകകൾ വന്നു.ഈ വേദിയുടെ മുഖ്യ പരിമിതി,നാടക കാരന്,അകത്തെ ( Interior ) രംഗങ്ങൾ കാണിക്കാനാവുന്നില്ല എന്നതായിരുന്നു.ഭാരതീയ നാടകങ്ങളിൽ എന്ന പോലെ,ഗ്രീക്ക് നാടകത്തിലും,മതവിലക്കാൽ മരണ രംഗം അനുവദിച്ചില്ല.ദുരന്തം നിറഞ്ഞ ക്ലൈമാക്സ് കാണിക്കുകയും വേണം.മരണം നടന്നയുടൻ,കൊട്ടാര വാതിലുകളിലൂടെ പുറത്തേക്ക് തള്ളുന്ന ചക്ര വേദി ( Wagon Stage ) വഴിയാണ്,നാടക കാരൻ പ്രശ്‍നം പരിഹരിച്ചത്.ചക്ര വേദിയിൽ,മരണം നടന്ന സ്ഥലം ഉണ്ടായി.ഈ വേദി,Eccyclema.അതിലാണ്,രക്ത രൂക്ഷിതമായ സർവ നാശം നടന്നത്.യുറിപ്പിഡിസിനെ കളിയാക്കി,അരിസ്റ്റോഫനീസ് എഴുതിയ The Acharnians നാടകത്തിൽ,ഈ വേദിയെ പരാമർശിക്കുന്നു:

നല്ല പൗരൻ:ഹോ ! അടിമേ,അടിമേ !...യജമാനനെ വിളിക്കൂ .
അടിമ:നടക്കില്ല !
പൗരൻ:മോശമായിപ്പോയി.എങ്കിലും.ഞാൻ പോവില്ല.വരൂ,നമുക്ക് വാതിലിൽ മുട്ടാം.യൂറിപ്പിഡിസ്,എൻറെ ..,പ്രിയപ്പെട്ട യൂറിപ്പിഡിസ് ...
യൂറിപ്പിഡിസ്:എനിക്ക് സമയം പാഴാക്കാനില്ല 
പൗരൻ:ശരി,താങ്കളെ ചക്രത്തിൽ കൊണ്ട് വരാം 
യൂറിപ്പിഡിസ്:നടക്കില്ല 
പൗരൻ:എന്നാലും ....
യൂറിപ്പിഡിസ്:എങ്കിൽ,അവർ എന്നെ ചക്രത്തിൽ കൊണ്ട് വരട്ടെ ....

ഈ നാടകം മലയാളത്തിൽ വന്നിട്ടില്ല.ഇവിടെ വിവരിച്ച രംഗത്തിലെ അദ്‌ഭുതം,നാടക കൃത്തിനെ കഥാപാത്രങ്ങൾ തന്നെ വിളിക്കുന്നുവെന്നും അയാൾ തന്നെ പ്രതികരിക്കുന്നു എന്നതുമാണ്.ബെർടോൾട് ബ്രെഹ്തിനും മുൻപ്,യേശുവിന് മുൻപ് തന്നെ നാടക വേദിയിയിൽ അന്യവൽക്കരണം ( Alienation effect ) സംഭവിച്ചിരുന്നു.

രംഗം മാറുന്നത് വേദിയിൽ ആവിഷ്കരിക്കാൻ സ്ഫടിക ത്രികോണ സ്തംഭങ്ങൾ ( Prism ) ആയ Periaktoi പിന്നീട് ഉപയോഗിച്ചു.വേദിയിൽ ഇരു വശവും കൊട്ടാരത്തിൻറെയോ ക്ഷേത്രത്തിൻറെയോ ചുവരിൽ ഇവയെ,മരക്കപ്പികളിൽ തള്ളും.സ്തംഭത്തിൻറെ മൂന്ന് വശത്തും വ്യത്യസ്ത ദേശ നാമങ്ങൾ എഴുതിയിരിക്കും.അവ നാടകത്തിനിടയിൽ,പ്രേക്ഷകന് നേരെ തിരിക്കും.ഇത് പലപ്പോഴും പരിഷ്‌കരിച്ചു.നവോത്ഥാന കാലത്തെ രംഗാവിഷ്‌കാരികൾ,ഇത് സമൃദ്ധമായി ഉപയോഗിച്ചു.നന്റെസിൽ 1596 ൽ Arimene നാടകം കളിച്ചപ്പോൾ,Periaktoi പ്രയോഗിച്ചു.1605 ൽ,ഇനിഗോ ജോൺസ്,ഇത്,ഓക്സ്ഫഡിൽ ഉപയോഗിച്ചു.
തെസ്‌പിസിന്റെ വാഗൺ 

ഇത്തരം തന്ത്ര യന്ത്രങ്ങൾ പ്രയോഗിക്കാൻ പറ്റാത്തപ്പോൾ,ഗ്രീക്ക് നാടകകാരൻ,തുറന്ന അന്തരീക്ഷത്തിൽ തന്നെ സംഭവങ്ങൾ നടപ്പാക്കാൻ,സംഭാഷണത്തെ ആശ്രയിച്ചു.ഗ്രീക്ക് ദുരന്ത നായകന്മാരും നായികമാരും കൊട്ടാര പൂമുഖത്ത് വന്ന്,പുറത്തു നിൽക്കുന്നതിന്റെ കാരണം വിവരിച്ചു.യൂറിപ്പിഡിസിൻറെ Alcestis നാടകത്തിൽ,അപ്പോളോ പുറത്തു നിൽക്കാൻ കാരണമായി പറയുന്നത്,അഡ്‌മേറ്റസിൻറെ കൊട്ടാരത്തിനകത്ത്,ശവത്തിന്റെ സാമീപ്യം അശുദ്ധമായതിനാൽ എന്നാണ്.മരിച്ചു കൊണ്ടിരിക്കുമ്പോഴും,പുറത്ത് വന്ന അൽസെസ്റ്റിസ് പറയുന്നത്,ചാകും മുൻപ് ഒരിക്കൽ കൂടി സൂര്യനെ കാണാൻ എത്തി എന്നാണ്.Mede
a യിൽ നഴ്‌സ് പറയുന്നത്‍,ഉള്ളിൽ ദുഃഖം നീറിപ്പിടിച്ചതിനാൽ,അത് ആകാശത്തോട് വിളംബരം ചെയ്യാൻ താൻ പുറത്തെത്തി എന്നാണ്.സഹോദരന്മാരെ കാണാൻ ഗുഹ വിട്ടതാണെന്ന്,പോളിഫെമസ്,യൂറിപ്പിഡിസിൻറെ Cyclops നാടകത്തിൽ പറയുന്നു.സോഫോക്ലിസിൻറെ 'ഈഡിപ്പസ് രാജാവി'ൽ ഈഡിപ്പസ് പുറത്തെത്തിയത്,പ്രജകളുടെ ദുഃഖങ്ങൾ സേവകരോട് ചോദിച്ചറിയാൻ നിൽക്കാതെ,സംഗതികൾ വേറിട്ട് കാണാനാണ്.

ഗ്രീക്ക് ദുരന്ത നാടക വേദിയിൽ,കപ്പിയോ ക്രെയിനോ വഴി ദൈവത്തെ കെട്ടിയിരിക്കുന്നത്,ഭാവന സൃഷ്ടിക്കുന്നതിന് പകരം,ഭാവനയെ തകർക്കുന്നതാണെന്ന് നമുക്ക് പറയാം.നല്ല സൂര്യ പ്രകാശത്തിൽ കാണുന്ന കപ്പിയും കയറും ഗ്രീക്ക് പ്രേക്ഷകർ അവഗണിച്ചത്,ദൈവത്തെ മുകളിൽ നിന്ന് ഇറങ്ങുന്നതായി തന്നെ കാണാൻ ആഗ്രഹിച്ചത് കൊണ്ടാണ്.ഭാരതത്തിൽ ആണെങ്കിൽ,ഇങ്ങനെ കെട്ടിയിറക്കി എഴുന്നള്ളിക്കേക്കേണ്ടതില്ല;പ്രതീകങ്ങൾ മതി.ആധുനികർ പറയുന്ന ശുദ്ധ കല ആയിരുന്നു ഗ്രീസിൽ എങ്കിൽ പ്രതീകങ്ങൾ മതിയായിരുന്നു.മരണത്തിൻറെ നിഴൽ നാടകം ആകാമായിരുന്നു.മരണത്തെ ചക്രവണ്ടിയിൽ കൊണ്ട് വരേണ്ട.ഒരു ദൂതൻ വന്ന് മരണം പറഞ്ഞാൽ മതി ആയിരുന്നു.ഗ്രീക്ക് / പാശ്ചാത്യ മനോഭാവമാണ് നാടകത്തിൽ കണ്ടത്.റിയലിസത്തിൽ ആയിരുന്നു ശ്രദ്ധ.അത് ഉദാത്തം ആക്കുന്നതിൽ അല്ല.അതിനാൽ പിന്നെ യന്ത്രങ്ങൾ ഉണ്ടായി.പനോരമ,സൈക്ലോരമ എന്നിവയുടെ പ്രാഗ് രൂപമായ കാൻവാസിന്റെ അർദ്ധ വൃത്തമായ Hemicyclon,വിദൂര നഗരങ്ങളെ വരച്ചു കാട്ടി.നായകന്മാർ സ്വർഗത്തിൽ ഇരിക്കുന്നതും കടലിൽ പോരാടുന്നതും കാട്ടാൻ,കറങ്ങുന്ന Stropein വന്നു.

ദൈവങ്ങളെ കെട്ടിയിറക്കാനുള്ള യന്ത്രങ്ങളുടെ കഴിവ്,നാടകത്തിൽ മായിക പ്രഭാവമാണ് സൃഷ്ടിച്ചത്.യൂറിപ്പിഡിസിൻറെ 'Medea ' യിലെ രംഗവിവരണം നോക്കുക:
സേവകർ വാതിലിൽ ആഞ്ഞടിക്കുമ്പോൾ,ചിറകുള്ള വ്യാളികളുടെ രഥത്തിൽ,കുഞ്ഞുങ്ങളുടെ ജഡങ്ങൾക്കിടയിൽ,മേൽക്കൂരയിൽ മീഡിയയെ കാണുന്നു.
ജേസൺ ശപിക്കുമ്പോൾ,അവൾ 'രഥത്തിൽ പൊങ്ങി അപ്രത്യക്ഷയാകുന്നു'.
പൗരുഷമുള്ള ആണുങ്ങളുടെയും കരുത്തുള്ള പെണ്ണുങ്ങളുടെയും ഗ്രീക്ക് നാടകത്തിൽ,യാഥാതഥ്യത്തിന് അപവാദമാണ്,മുഖാവരണം ( Mask ).ഇതുപയോഗിച്ചപ്പോൾ,ചില നിബന്ധനകളെ കടന്നു കയറുകയായിരുന്നു:
  • ഒരു നാടകത്തിൽ അഭിനയിക്കാൻ മൂന്ന് നടന്മാരേ പാടുള്ളു എന്ന നിബന്ധന.
  • ഏതൻസിൽ 17000 പ്രേക്ഷകർക്ക് മുന്നിലും അതിനേക്കാൾ പ്രേക്ഷകരുള്ള മറ്റ് നഗരങ്ങളിലും,തുറന്ന വേദിയിൽ ആയിരുന്നു,കളി.വൃത്താകാരമായ Orchestra യിൽ,അതിൽ നിന്ന് നൂറടി മാറിയാണ് പകുതി പ്രേക്ഷകർ ഇരുന്നത് -ഒരു ഫുട്ബോൾ മൈതാനത്തെ അവസാന നിര പോലെ.
  • പ്രേക്ഷകർക്ക് ദൃശ്യം വലുതാക്കുന്ന കണ്ണാടിയോ ശബ്ദം വിപുലീകരിക്കുന്ന സംവിധാനമോ ഉണ്ടായിരുന്നില്ല.
ഗ്രീക്ക് നാടകത്തിൽ മുഖം മൂടി വന്നത്,സാങ്കേതിക പരിമിതികൾ കൊണ്ടാണ്.സൗന്ദര്യ ശാസ്ത്ര പരം അല്ല.

ഗ്രീക്ക് നാടക കലാകാരൻമാർ ആവശ്യം പോലെ,ശരീരാവരണവും ( Portrait Mask ) ഉപയോഗിച്ചിരുന്നു.സോക്രട്ടീസിനെ പരിഹസിക്കുന്ന അരിസ്റ്റോഫനീസിന്റെ The Clouds എന്ന ഹാസ്യ നാടകത്തിൽ,അദ്ദേഹത്തിൻറെ കഥാപാത്രം നിന്നാണ് അഭിനയിച്ചത്.പ്രേക്ഷകന് ആവരണം കണ്ട്,സാദൃശ്യത്തിൽ മതി മറക്കാമായിരുന്നു.The Knights എന്ന നാടകത്തിൽ,അരിസ്റ്റോഫനീസിന്,ക്ലിയോൺ രാജാവായി അഭിനയിക്കുമ്പോൾ,വീഞ്ഞിൻറെ മട്ട് കൊണ്ട് മുഖം കഴുകേണ്ടിയിരുന്നു.ആ\ദുഷ്ട രാജാവ് ജീവിച്ചിരിക്കെ,മുഖം മൂടി ധരിച്ചാൽ വിവരം അറിഞ്ഞേനെ !

മുഖം മൂടിയുടെ പരിമിതി,നാടകകാരന് അറിയുന്നതിൻറെ തെളിവുകൾ,നാടക പാഠങ്ങളിൽ കാണാം.മുഖം മൂടി അണിഞ്ഞാൽ,മുഖത്തെ ഭാവ മാറ്റങ്ങൾ കാണില്ല.സോഫോക്ലിസിൻറെ 'ഇലക്ട്ര' മരിച്ചതായി കരുതുന്ന സഹോദരൻ ഓറസ്‌റ്റസിനെ ചൊല്ലി വിലപിക്കുമ്പോൾ,പൊടുന്നനെ അയാൾ മുന്നിൽ വന്നു നിൽക്കുന്നു.പ്രേക്ഷകന് അവളുടെ ഭാവം കാണാൻ ആകാത്തതിനാൽ,ഓറസ്റ്റസ് പറയുന്നു:
"നീ വിലാപം തുടരുക.;അമ്മ നിൻറെ പ്രകാശമാനമായ മുഖത്തെ രഹസ്യം വായിക്കട്ടെ".
ദുരന്ത,ഹാസ്യ മുഖം മൂടികൾ 
ഏസ്കിലസിൽ ആരംഭിച്ച ഗ്രീക്ക് നാടക രചനയുടെ മഹത്തായ കാലം,യൂറിപ്പിഡിസിൻറെ ദുരന്ത നാടകങ്ങളിൽ അവസാനിച്ചു.യൂറിപ്പിഡിസിൻറെ റിയലിസം ,
അപകടകരമായ ആധുനികത'യായി,ആക്രമിക്കപ്പെട്ടു.ഏറ്റവും മികച്ച ദുരന്തകാരൻ യൂറിപ്പിഡിസ് ആയിരിക്കെ തന്നെ,കഥാപാത്രങ്ങളെ ആദര്ശവൽക്കരിക്കാത്തതിന് അദ്ദേഹത്തെ അരിസ്റ്റോട്ടിൽ വിമർശിച്ചു.മനുഷ്യർ അവർ ഇരിക്കും വിധമാണ് യൂറിപ്പിഡിസ് അവതരിപ്പിച്ചത്'എങ്ങനെയാകണം എന്ന വിധമല്ല എന്നായിരുന്നു വിമർശനം.യൂറിപ്പിഡിസിനെ 'ഉദ്ദേശ ശുദ്ധിയില്ലാതെ കഥാപാത്രത്തെ താഴ്ത്തിക്കെട്ടിയതിന്" അരിസ്റ്റോട്ടിൽ ശകാരിച്ചു.അരിസ്റ്റോഫനീസ്,The Acharnians എന്ന ഹാസ്യ നാടകത്തിൽ,യൂറിപ്പിഡിസിൻറെ ദുരന്ത നാടകങ്ങളിൽ കീറ വസ്ത്രവും ഊന്നുവടിയും ആണുള്ളത് എന്ന് കളിയാക്കി.അരിസ്റ്റോഫനീസിന്റെ നാടകത്തിൽ,വീടിൻറെ മേൽക്കൂരയിൽ കയറി നാടകം എഴുതുന്ന യൂറിപ്പിഡിസും,നല്ല പൗരനും തമ്മിലുള്ള സംഭാഷണം:

പൗരൻ:അങ്ങ് ദുരന്ത നാടകം എഴുതാൻ മുകളിൽ ഇരിപ്പാണോ?...അങ്ങ് വേദിയിൽ മുടന്തൻമാരെ പരിചയപ്പെടുത്തിയതിൽ എനിക്ക് അദ്‌ഭുതമില്ല.എന്തിനാണവരെ കീറത്തുണി ഉടുപ്പിക്കുന്നത്?അങ്ങയുടെ നായകന്മാർ പിച്ചക്കാരായതിൽ എനിക്ക് അദ്‌ഭുതമില്ല.ഞാൻ കാലിൽ വീണ് അപേക്ഷിക്കുന്നു,പഴയതിന്റെ കുറച്ചു കഷണങ്ങൾ എനിക്ക് തരൂ.ഗായക സംഘത്തെക്കൊണ്ട് നീണ്ട സoഭാഷണം പറയിക്കാനുണ്ട്.അവരെ പിച്ചക്കാരായി ചെയ്യിച്ചാൽ നന്നാവും.
യൂറിപ്പിഡിസ്:ഏതു കീറത്തുണി വേണം?നിരാശനും ദരിദ്രനുമായ വൃദ്ധൻ ഏനിയസിന്റെയോ?
പൗരൻ:അല്ല,കുറേക്കൂടി അവശൻറെ വേണം.
യൂറിപ്പിഡിസ്:അന്ധനായ ഫീനിക്സിന്റെ ആയാലോ?
പൗരൻ:അല്ല ....അയാളെക്കാൾ അവശൻ അങ്ങയുടെ കൈയിൽ ഉണ്ടല്ലോ 
യൂറിപ്പിഡിസ്:പിച്ചക്കാരൻ ഫിലോക്ടെറ്റസ് ?
പൗരൻ:അല്ല,എരപ്പാളി
യൂറിപ്പിഡിസ്:ആ മുടന്തൻ ബെല്ലനാഫോണിൻറെ നാറുന്ന വേഷം അല്ലേ ?ഓ,അല്ല,മിസിയൻ ടെലിഫാസിന്റെ.
പൗരൻ:അതെ ,ടെലിഫാസ്.ഞാൻ യാചിക്കുന്നു,ആ പീറ വേഷം തരൂ 
യൂറിപ്പിഡിസ്:അടിമേ,അയാൾക്ക് ടെലിഫാസിന്റെ കീറ വസ്ത്രം കൊടുക്കൂ.അത്,തൈസ്റ്റസിൻറെതിനെക്കാൾ ഭേദം;ഇനെയുടെത് പോലെ.

പൗരൻ യൂറിപ്പിഡിനോട് യാചിച്ച്,പിച്ചക്കാരൻറെ തൊപ്പിയും കുട്ടയും മൺകുടവും കൂടി കരസ്ഥമാക്കുമ്പോൾ,യൂറിപ്പിഡിസ് അമ്പരക്കുന്നു:

ദരിദ്രവാസി !എൻറെ മൊത്തം ദുരന്ത നാടകങ്ങളാണ് നീ കൊള്ളയടിച്ചത്.

നാടകത്തിൽ നാടകം നടക്കുന്ന,ലോക നാടക വേദിയിലെ അപൂർവ സന്ദർഭം.
നാടകത്തിലെ വേഷമാണ്,ഇവിടെ വിഷയം -കൂടിയാട്ടത്തിൽ,വേഷ ഭൂഷാദികളാണ്,അണിയലം.



ശുദ്ധമായ ഒരു നാടക വേദി ലോകത്തിലിപ്പോൾ ഉള്ളത്,കൂടിയാട്ടത്തിന്റേതാണ്.അതിൽ രംഗ പടമോ വേദിക്കോപ്പുകളോ യന്ത്രങ്ങളോ ഇല്ല.ഇംഗ്ലീഷിൽ ശുദ്ധ നാടക വേദി എന്ന് പറയുന്നത്,Bare Back Stage എന്ന പ്രയോഗം വച്ചാണ്.നഗ്ന വേദി,ശൂന്യ വേദി എന്നർത്ഥം കിട്ടും.നിരലങ്കാര നാടക വേദി എന്നും പറയേണ്ട -കൂടിയാട്ട വേദിക്ക് മുന്നിൽ ചില ആലങ്കാരങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.
യന്ത്രങ്ങൾ ഇപ്പോഴില്ല എന്നേയുള്ളു;നിലവിൽ ഇല്ലാത്ത
'പറക്കും  കൂത്ത്' എന്ന കൂടിയാട്ട ഭാഗത്ത്,യന്ത്രം ഉണ്ടായിരുന്നു.ആ കൂടിയാട്ടം നടന്നത് പറമ്പിൽ ആകയാൽ,സംസ്‌കൃത നാടക വേദി അഥവാ കൂടിയാട്ട വേദി,ക്ഷേത്രത്തിനുള്ളിൽ മാത്രമായിരുന്നു എന്നതും ശരിയല്ല.1745 ൽ   എൻറെ നാടായ തൃപ്പൂണിത്തുറയിൽ ആയിരുന്നു,അവസാനത്തെ
'പറക്കും കൂത്ത്.'അത് കൂത്തല്ല,കൂടിയാട്ട ഖണ്ഡമാണ്.ഹർഷ ദേവൻറെ 'നാഗാനന്ദ'ത്തിൽ,ഗരുഡൻ ജീമൂത വാഹനനെ കൊത്തിക്കൊണ്ട് പറക്കുന്ന ഖണ്ഡം.

ഗ്രീസിലെ ആദ്യ നാടക വേദി അലങ്കാരത്തിൽ എന്തായിരുന്നോ,അതിന് സാമ്യമുള്ളതാകാം കൂടിയാട്ട വേദിആദ്യ നാടക വേദി നിരാലങ്കാരമായിരുന്നു.ഇന്ത്യയിലെ ബംഗാളിൽ ഛോട്ടാ നാഗ് പൂരിൽ കുന്നിൻ മേഖലയിൽ ഖനനം ചെയ്തെടുത്ത നാടക ശാല,ബി സി രണ്ടാം നൂറ്റാണ്ടിലേത് ആയിരുന്നു.അലക്‌സാണ്ടർ ചക്രവർത്തി ഇന്ത്യയ്ക്ക് നാടകം പരിചയപ്പെടുത്തി എന്ന വാദത്തിൽ കഴമ്പില്ല.
ഏതിനം ഭൂമിയിലാണ് നാടക ശാല പണിയേണ്ടത് എന്ന് തുടങ്ങി,നീളം,വീതി,രംഗ മണ്ഡപത്തിൻറെ വിസ്‌തൃതി,അണിയറ ( Make up  room ) യുടെ നീളം,വീതി,വാതിലുകൾ,നാടകശാലയുടെ ജാലകം,വാതിൽ എന്നിവ ഏതു തരം,തൂണുകൾ എത്ര,സദസ്സിലെ ഇരിപ്പിടം എങ്ങനെ എന്നെല്ലാം ഭരതൻറെ 'നാട്യ ശാസ്ത്ര'ത്തിലുണ്ട്.നാടകശാലയ്ക്ക് 64 കോൽ നീളം,32 കോൽ വീതി, ( ഒരു മുഴക്കോൽ 24 അംഗുലം ).ഇതിൻറെ നേർ പകുതിയാണ്,രംഗ ശീർഷം അഥവാ സ്റ്റേജ്.അങ്ങനെ 32 കോൽ സമചതുരമാണ് പ്രേക്ഷകർക്കുള്ളത്.എന്ത് കൊണ്ടാണ് സദസ്സിന് ചെറിയ ഇടം?
മണ്ഡപേ വിപ്രകൃഷ്ടെ തു,
പാഠ്യമുച്ചാരിതാ സ്വരം 
അനഭിവ്യക്ത വർണ്ണത്വ 
ദ്വിസ്വരത്വം,ദൃശം ഭവേത് 
( സദസ്യർ വേദിയിൽ നിന്നകന്നിരുന്നാൽ,ദൂരെയുള്ളവർക്ക് കേൾക്കാൻ അഭിനേതാക്കൾ ഉച്ചത്തിൽ സംഭാഷണം പറഞ്ഞാൽ,അക്ഷര വ്യക്തതയില്ലാത്ത അപസ്വരമാകും ).
അമ്മന്നൂർ കുട്ടൻ ചാക്യാർ / ചിത്രം :ശ്രീകാന്ത് മേനോൻ 
പെരുമക്കൻമാരിൽ പെട്ട നാടകകാരൻ കുലശേഖര വർമനും അദ്ദേഹത്തിൻറെ സദസ്സിലെ പണ്ഡിതൻ തോലനും കൂടിയാട്ടം പരിഷ്കരിച്ച് വ്യവസ്ഥപ്പെടുത്തിയ ശേഷമുള്ള വേദിയെപ്പറ്റിയെ നമുക്കറിയാവൂ.അഷ്ടബന്ധ പ്രതിഷ്ഠ ചെയ്‌ത്‌ കലശം കഴിച്ച ക്ഷേത്രത്തിലേ ഇത് നടത്താവൂ എന്ന വ്യവസ്ഥ അപ്പോൾ വന്നതാകാം.കലയിൽ ഒരു ജാതിവൽക്കരണം നടന്നതാകാം.പുറത്തെ കല ബ്രഹ്മസ്വം ആയതാകാം.സംസ്‌കൃതം അധസ്ഥിതന് മനസ്സിലാകില്ല.കൂടിയാട്ടത്തിനായി മേൽപ്പത്തൂർ നാരായണ ഭട്ടതിരി പ്രബന്ധങ്ങൾ ( കഥകൾ ) തനി സംസ്‌കൃതത്തിൽ എഴുതിയതും ഓർക്കാം.

ക്ഷേത്രത്തിൻറെ പ്രത്യേക ഭാഗത്ത് ബ്രാഹ്മണ തച്ചു ശാസ്ത്രപ്രകാരം പണിതതാകണം കൂത്തമ്പലം.വലിയമ്പലത്തിൻറെ ഒരറ്റത്തോ,മതിൽക്കകത്ത് പ്രത്യേകം കണ്ട സ്ഥലത്തോ ആണ് പണിയേണ്ടത്.പ്രേക്ഷകർക്ക് കാണാൻ തറ, അഭിനയത്തിന് വേറിട്ട ഉയർന്ന തറയും ( രംഗം ), അതിന് പിന്നിൽ,ചാക്യാർക്ക് അണിയാൻ അണിയറ.അണിയറ രംഗ ഖണ്ഡമാണ്.രംഗത്തെ അഭിനയ സ്ഥാനം,മൃദംഗ പദം,നേപഥ്യo എന്നിങ്ങനെ വേർ തിരിച്ചു.ചാക്യാർക്ക് അഭിനയിക്കാൻ,വാരിത്രം അഥവാ വാര്യമായ മിഴാവ് വയ്ക്കാനുള്ള ഇടം,അണിയറ എന്നിങ്ങനെ അർത്ഥം.മൃദംഗം,മിഴാവ് -തലശ്ശേരി മുഴക്കുന്നിലെ മൃദംഗ ശൈലേശ്വരി ക്ഷേത്രം മിഴാവിനുള്ളതാണ്.
രംഗത്തിൽ പിന്നിലാണ് വാരിത്രം.കൊട്ടുന്നത് നമ്പ്യാർ.ഇതിന് വലത്ത് കുറച്ചു മുൻപിൽ വിരിച്ച മുണ്ടിലിരുന്ന് നങ്യാർ കുഴിത്താളം കൊണ്ട് മിഴാവിൻറെ കൊട്ടിന് അനുസരിച്ച് താളം പിടിക്കും.നമ്പ്യാരുടെ ജാതി സ്ത്രീയാണ് നങ്യാർ.ചാക്യാരെപ്പോലെ തന്നെ,വ്യഭിചാര ദോഷമാണ്,നമ്പ്യാർ ഉദ്ഭവത്തിനും കാരണം.നമ്പ്യാരും നങ്യാരും,നാടക വേദിയിൽ,ചാക്യാരുടെ അനുചരർ.

രംഗത്തിന് മുന്നിൽ,വിളക്ക് വച്ച് മൂന്ന് തിരി കത്തിക്കണം.ബ്രഹ്മാവ്,വിഷ്‌ണു,ശിവൻ എന്നിവരുടെ സാന്നിധ്യം.സാമാജികരായി ദേവലോകത്ത് ദേവന്മാരുടെയും നൈമിഷാരണ്യത്തിൽ ( യാഗം നടന്ന സ്ഥലം ) മഹര്ഷിമാരുടെയും സ്ഥാനത്ത്,ഭുദേവന്മാർ മാത്രമേ ഇരിക്കാവൂ.ലവകുശന്മാർ 'രാമായണം'പറഞ്ഞതും ശൗനകനോട്,വൈശമ്പായനനോട് ജനമേജയൻ പറഞ്ഞപോലെ 'മഹാഭാരതം പറഞ്ഞതും നൈമിഷാരണ്യത്തിലെ യാഗ വേദിയിൽ ആയിരുന്നു.കൂടിയാട്ടം ,വരേണ്യർക്ക് മുന്നിലാണ്.ഇതരർക്ക് ദൂരെ നിൽക്കാം.ത്രിമൂർത്തികൾ രംഗത്തുള്ളതിനാൽ,സദസ്യർ ചാക്യാരോട് മിണ്ടരുത്.ഇടയ്ക്ക് ക്ഷീണം തോന്നി ചാക്യാർ അണിയറയിലേക്ക് പോയി വൈകിയാൽ,അരങ്ങു മുഷിയുന്നു എന്ന് സൂചിപ്പിക്കാൻ,ബ്രാഹ്മണർക്ക് 'ഭോഷ' എന്ന് വിളിച്ചു പറയാം.ഭോഷൻ,ഭോഷ്‌ക് എന്നീ വാക്കുകളുടെ മൂലം പിടി കിട്ടിയല്ലോ.ഓരോ ദിവസത്തെയും അഭിനയം തീർന്നാൽ,സദസ്യരായ ബ്രാഹ്മണർ ഒത്ത് കൈ കൊട്ടണം.

ചാക്യാർ ഒറ്റയ്ക്ക് കഥ പറയുന്നതിന് വാക്ക് അഥവാ പ്രബന്ധം പറയൽ എന്ന് പറയും.അണിയറയിലിരുന്ന് കാല് കഴുകി ആചമിച്ച് തലയിൽ ചുവപ്പ് തുണി കെട്ടും.മുഖത്ത് നെയ് തേച്ച് ( ഉപസ്തരണം ) അരി,മഞ്ഞൾ,കരി എന്നിവ കൊണ്ട് മുഖമണിയും.ഒരു കാതിൽ കുണ്ഡലമിട്ട് മറ്റേതിൽ വെറ്റില തെറുത്ത് തിരുകി,ചെത്തിപ്പൂവ് തൂക്കി,വസ്ത്രം ( മാറ്റ് ) ഞൊറിഞ്ഞുടുത്ത്,വസ്ത്രം കൊണ്ട് ആസനം പിന്നിൽ വച്ച് കെട്ടി,കയ്യിൽ കടകം,അരയിൽ കടി സൂത്രം,തലയിൽ കുടുമ്മ,ചുവപ്പ് തുണി,പീലിപ്പട്ടം,വാസുകീയം ( പാമ്പ് ) എന്നീ അലങ്കാരങ്ങൾ ധരിച്ച്,രംഗ പ്രവേശത്തിന് തയ്യാറാകും.നമ്പ്യാർ വന്ന് മിഴാവിട്ടിരിക്കുന്ന കൂട്ടിൽ കയറി,മിഴാവ് ഒച്ചപ്പെടുത്തും.സദസ്സിനുള്ള അറിയിപ്പ്.ചാക്യാർ നങ്യാരോട് ഒപ്പമെത്തും.ചാക്യാരുടെ ആദ്യ ക്രിയ
'ചാരി' എന്ന നൃത്തം.അത് കഴിഞ്ഞ് 'വിദൂഷക സ്തോഭം'-കവിൾ വീർപ്പിക്കൽ,അരയിലെ രണ്ടാം മുണ്ട് കൊണ്ട് വീശൽ,കുടുമ്മ ചിക്കി കെട്ടി വയ്ക്കൽ.
സുഗ്രീവൻ 
കഥ ഈശ്വര കഥയാകണം.പുരാണേതിഹാസങ്ങളിൽ നിന്ന് വേണം.എന്നാൽ ഭാസൻറെ 'പ്രതിജ്ഞായൗഗന്ധരായണ'ത്തിലെ 'മന്ത്രാങ്ക'ത്തിൽ ഇട്ട്യാറാണൻറെ കഥ,കുട്ടഞ്ചേരി ചാക്യാന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ്.

കൂടിയാട്ടം,സംസ്‌കൃത നാടകത്തിലെ ഒരങ്കo ചാക്യാരും സംഘവും ചേർന്ന് അവതരിപ്പിക്കുന്നതാണ്.അപ്പോൾ രംഗാലങ്കാരം നിർബന്ധം.കുരുത്തോല,വാഴ,പട്ടും കൂറയും തുടങ്ങി,കൂത്തമ്പലത്തിൻറെ തൂണുകളിൽ വെവ്വേറെ അലങ്കാരങ്ങൾ വേണം.മച്ചിൽ ശരിയായി കൊത്തിയ ദിക് പാലക പ്രതിമകളോട് കൂടിയ കൂത്തമ്പലത്തിലെ രംഗത്തിൻറെ മേൽ ഭാഗം,ആ പ്രതിമകൾക്ക് മറവ് വരാതെ അലങ്കരിക്കണം.പ്രതിമകൾ കൊത്തിയിട്ടില്ലെങ്കിൽ,മേൽ ഭാഗം മുഴുവൻ കൂറ വിരിക്കണം.അലങ്കരിക്കണം.നടൻമാർ അണിഞ്ഞു കഴിഞ്ഞാൽ,കുല ദൈവങ്ങൾ,ആചാര്യന്മാർ എന്നിവരെ വന്ദിക്കും-കഥകളി അരങ്ങിൽ തിരശീലയ്ക്കുള്ളിൽ നടത്തുന്ന 'തോടകം' പോലെ.

നമ്പ്യാർ മിഴാവ് ഒച്ചപ്പെടുത്തിയാൽ ഗോഷ്ഠി കൊട്ടൽ -നമ്പ്യാർ കൊട്ടും,നങ്യാർ പാടും.  'അക്കിത്ത'ചൊല്ലൽ' എന്ന് പറയും.അത്,ഗണപതി,സരസ്വതി,ശിവൻ എന്നിവർക്ക് വന്ദനം.നമ്പ്യാർ പിന്നെ തറ്റുടുത്ത് മൃദംഗ പദത്തിൽ മിഴാവിന് മുന്നിൽ നിന്ന് ശ്ലോകവും കഥാസാരവും ചൊല്ലി അരങ്ങ് തളിക്കും.തിരശീല പിടിച്ച്,നടൻറെ പ്രവേശനമായി;വായിക്കാൻ കൊട്ടും.ആദ്യ നാടാണ് പ്രവേശിക്കും.
സ്ത്രീവേഷം മുഖത്ത് എപ്പൊഴും പഴുക്ക അഥവാ ചുവപ്പ് തേയ്ക്കും.പ്രത്യേക മുടി,മാറ്റ്.ആസനമില്ല.പ്രത്യേക കഞ്ചുകം,ഉത്തരീയം.ശൂർപ്പണഖ തുടങ്ങിയ ദുഷ്ട സ്ത്രീകൾ,'കരി'.തലയിൽ പുല്ല് കൊണ്ട് കിരീടത്തിന് പകരം വച്ച് കെട്ടും.രാജാവും പഴുക്ക.രാവണാദികൾ കത്തി.അർജുനൻ,മിത്രാ വസു തുടങ്ങിയവർ പച്ച.ഭീമൻ,ബാലി,സുഗ്രീവൻ തുടങ്ങിയവരും പഴുക്ക.രാജാക്കന്മാർ അല്ലാത്ത ധീരോദാത്തർ പച്ച.ധീരോദ്ധതർ പഴുക്ക.കേശ ഭാരം,കിരീടം,ചെത്തിപ്പൂ.കഞ്ചുകം,അലങ്കാരങ്ങൾ,അരയിലെ കടി സൂത്രം എന്നിവ അണിയണം.മാറ്റ് ഞൊറിഞ്ഞുടുക്കണം.ആസനം വച്ച് കെട്ടണം.ഹനുമാന്റെ കിരീടം,കുപ്പായം,വാല് എന്നിവയ്ക്ക് പഞ്ഞി.ഭൃത്യ വേഷങ്ങൾ ഉചിതം പോലെ,കത്തി,പച്ച.കേശഭാരം,കിരീടത്തിന് പകരം,പരന്ന 'കൊളപ്പുരത്തട്ട്';'കൊഴല്','പണക്കെട്ട്' എന്നീ അലങ്കാരങ്ങൾ.

വേഷങ്ങൾക്ക് കഥകളിയുമായി സാമ്യമുണ്ടെന്നും ഇല്ലെന്നും പറയാം.ചാക്യാർ കന്നി കൂത്തിന് അണിയുന്ന വേഷം കൂടിയാട്ടത്തിലെ വേഷം തന്നെ.ദേഹത്ത്,അരിമാവ് കൊണ്ടണിയും.തലയിൽ ചുവപ്പ് തുണി കെട്ടും.തലയിൽ വാസുകീയം ധരിക്കും.തലയിൽ കെട്ട്,അരയിൽ ആസനം.എല്ലാം കേരളീയം.ചുവപ്പ് തുണി കെട്ടൽ,യാത്ര കളിയിലുണ്ട്.യുദ്ധത്തിന് പോകുന്ന ശൂദ്രനും ഈ തുണി കെട്ടും.തട്ടും ആസനവും തീയാട്ടിൽ ഉണ്ട്.വാസുകീയം സർപ്പ പൂജയിൽ നിന്ന്.സർപ്പക്കാവ് കേരളത്തിലേയുള്ളു.

ഒരു കാതിൽ വെറ്റില തെറുത്ത് വയ്ക്കുന്നതും മറ്റേതിൽ ചെത്തിപ്പൂ കെട്ടി തൂക്കുകയും ചെയ്യുന്നത്,ശ്രദ്ധിക്കണം -വിദൂഷകനെ സൂചിപ്പിക്കുന്നു.വേദത്തിൽ പറഞ്ഞ സോമ ലത കൊണ്ട് വന്നു ബ്രാഹ്മണരാൽ ദ്രോഹിക്കപ്പെട്ട ശൂദ്രനെ കുറിക്കാനാണ്,വെറ്റില.ദളിത സ്ത്രീയോട് വക്കാണത്തിന് പോയി തോറ്റ സിയ ബ്രാഹ്മണനെ കുറിക്കാനാണ് പൂവ്.രണ്ടും ചേർന്നാൽ,വിദൂഷകൻ.ഈ നാടകങ്ങളിൽ സ്ഥിരമായി,വിദൂഷകനും വേലക്കാരിയുമായി വഴക്ക് കാണാം.വിദൂഷകൻ സംസ്‌കൃതം അല്ല,നാടനായ പ്രാകൃതമാണ്,പറയുക.ചെത്തിപ്പൂ ഭദ്രകാളി പൂജയെയും വെളിച്ചപ്പാടിൻറെ ശൂദ്രത്വത്തെയും കൂടി കുറിക്കുന്നു.വിദൂഷകൻ മൊത്തത്തിൽ മലയാളിയാണ് -പെരുമാളിന്റെ പരിഷ്കരണത്തിന് മുൻപ്,മൊത്തത്തിൽ നാടകം കേരളീയം ആയിരുന്നോ എന്നറിയില്ല.ഏതായാലും,ഈ വേഷങ്ങൾ അല്ല,സംസ്‌കൃത നാടകങ്ങൾ കേരളത്തിന് പുറത്ത് അരങ്ങേറിയപ്പോൾ ഉണ്ടായത്.'രംഗം പ്രസാദ്ധ്യ വിധിവൽ' എന്ന് പറഞ്ഞതിനാൽ,അതതിടത്തെ സാഹചര്യം അനുസരിച്ച് നടന്നു.

ആദ്യം നായകൻ വരുമ്പോൾ,ഒരു മിഴാവ് പോരാ,രണ്ടെണ്ണവും പഞ്ച വാദ്യവും വേണം.എപ്പോഴൊക്കെ ഈ രാജ പാത്രം വരുന്നുവോ അപ്പോഴൊക്കെ ഇങ്ങനെയാണ്.കൂടിയാടുന്ന അങ്കത്തിൻറെ ആദ്യ വാക്ക് ചൊല്ലണം.അങ്ങനെ.രണ്ടാം ദിവസം മുതൽ,നിർവഹണം.'മുതലാങ്കം' മുതൽ കൂടിയാട്ട് വരാൻ പോകുന്ന അങ്കം വരെയുള്ള ഭാഗത്തിൻറെ ഏകാംഗ അഭിനയമാണ്,നിർവഹണം.അത് കഴിഞ്ഞു പിന്മാറുന്ന നായകൻ,പിന്നെ കൂടിയാടുമ്പോൾ,രംഗത്ത് വരും.നായകൻ പോയ ശേഷം വരുന്ന വിദൂഷകന് ഒരു മിഴാവ്.ഇയാളുടെ നിർവഹണം കഴിഞ്ഞ് അടുത്ത നാൾ,പുരുഷാർത്ഥ ചതുഷ്ടയം -ധർമാർത്ഥ കാമ മോക്ഷങ്ങളുടെ സ്ഥാനത്ത്,അശനം,രാജ സേവ,വിനോദം,വഞ്ചനം.അശനം മാത്രം,രാത്രിയിൽ.
തളിപ്പറമ്പിലെ പെരും തൃക്കോവിൽ ക്ഷേത്ര ഊരാളന്മാരായ മേക്കാൻതലയും കീഴ്ക്കാൻതലയും തമ്മിൽ നടന്ന ശണ്ഠയാണ്,ചതുഷ്ടയതിന് ആധാരം.ഇത് തളിപ്പറമ്പിലെ 'അനധീത മംഗല'ക്കാർ ചെയ്യുന്നതാണ്.കേരള ചരിത്രത്തിൽ,ആദ്യ ബ്രാഹ്മണ സങ്കേതം,തൃക്കാരിയൂർ ആയിരുന്നു.പെരുമാക്കന്മാർ വന്നപ്പോൾ,തളിപ്പറമ്പായി.വിദൂഷകൻ അവരിൽ ഒരാളാണ്.ചതുഷ്ടയത്തിലെ ആദ്യ നാൾ,ആ ശണ്ഠ ആവിഷ്കരിക്കുന്ന 'വാത് തീർക്കൽ'ആണ്.വൈഷ്ണവ,ശൈവ മതങ്ങൾ തമ്മിലെ വഴക്കാണ് ധ്വനി.നല്ല ശ്ലോകം ഉദ്ധരിച്ച് പൊട്ട ശ്ലോകം ഉണ്ടാക്കുന്ന സംഘത്തെ പരിഹസിക്കും.'ബിഡാളക മാഹാത്മ്യം' എന്ന പീറക്കവിതയിൽ,ഇങ്ങനെയുണ്ട്:

മീശയാ ശോഭതേ മോന്ത,മോന്തയാ മീശയും തഥാ 
മീശയാ മോന്തയാ ചൈവ ഭവാനേറ്റം വിരാജതേ 
മിഴാവ് കൊട്ടുന്നു 
തുടർന്നുള്ള ദിവസത്തെ 'വിഗോദ പുരുഷാർത്ഥ'ത്തിൽ,ഊരാളർ,ശാന്തിക്കാരൻ,പുഷ്പകൻ,പൊതുവാൾ,പിഷാരടി,വാരിയർ,ചാക്യാർ,നമ്പ്യാർ,ഓതിക്കോൻ,മൂത്തത് എല്ലാമുണ്ട്.ഇവർ മലയാളം പറയുന്നു.ചാക്യാർ ഇങ്ങനെ പറയും:

നൊങ്ങണ്ണം പഴമാല മാന്തൊലി മര -
പ്പൂളെന്നിയേ ഭൂഷണം 
മഞ്ഞചിന്നി ചിരട്ട ചാണ പൊളി\തോൽ 
താളം കുടക്കാൽ മുറി 
എല്ലാം കെട്ടിയെടുക്കുമാ മുതു നടൻ 
തന്നസിയാർ നങ്ങിയാ -
രിത്യേ തൈസ്സഹ ദീന വൃത്തിരിഹ 
പോന്നായാതി ശൈലൂഷക :

അപ്പോൾ നമ്പ്യാർ പറയും:

അംഗം തന്നെ മൃദംഗമായി നിതരാം 
കൈവീഴ്ച കൊണ്ടുച്ചകൈ -
രംഗശ്രീയൊടു തായ മാറ്റു തുനിയും നംഗ:
കുടുംബം വഹൻ 
ഭംഗിക്കായ്തമിഴ് ചേർന്ന പുസ്തകവരം 
കൈക്കൊണ്ടു കക്ഷാന്തരേ 
സംഗീതാർത്ഥമഹോ! സമാഹിതമതിസ്ത -
ന്നമ്പിയാർ വന്നിതാ.

മൂത്തത്  ഇങ്ങനെ:

വഴിവാട്ടരി പാട്ടരിക്കളക്കും 
പെരുതായുള്ളൊരു കുഷ്ഠഭഗ്നദേഹ:
ഉരി മാത്രമവൻ നിവേദ്യമാക്കും 
പുതുവാൾ മൂത്തവനേഷ സംപ്രയാതി 

ശിഷ്യരായ അക്കിശർമൻ,ഭവ ശർമൻ,തൂണിങ്കൽ പട,എലി വാലൂശി,ചേരാവാലൂശി,കടവത്ത് കല്ലൂശി,ഊശി വിഗ്രഹം,അയ്തോമുക്കാക്ക,ഹിരണ്യൻ,പ്രജാപതി,എളവേളം  പിള്ളി,മോർപ്പാള കേശവൻ,ചൊറിയൻ,ഒട്ടൊട്ടു ചൊറിയൻ,പെരുംചൊറിയൻ,കളിയടക്കയിലിട്ടി വാസു,വിഡ്ഢിച്ചവച്ചിറക്കി തുടങ്ങിയവരോടൊത്ത് ഓതിക്കോൻ വരുന്നു..
പുരാതന കാലത്ത്, ഇത്തരം കഥാപാത്രങ്ങളെ ഉണ്ടാക്കി നടത്തിയ ഹാസ്യ ക്രിയാംശം അപാരമാണ്.അശനം എന്നാൽ മനുഷ്യരെ പറഞ്ഞു പറ്റിച്ച് കൊള്ളയടി -അതാണ് രാത്രി മാത്രം ചെയ്യുന്നത്.

നല്ല ഭക്ഷണം ഇങ്ങനെ:

കണ്ണിമാങ്ങ കരിങ്കാളൻ 
കനലിൽ ചുട്ട പപ്പടം 
കാച്യ മോരോട് തന്നീടിൽ 
കാണാം ഭക്ഷണ കൗശലം 
............................
ഏണാങ്ക മണ്ഡലം പോലെ 
ചേണാർന്നീടിന പപ്പടം
ഊണിന് കാലമാകുമ്പോൾ 
വേണം കാച്ചി വിളമ്പുവാൻ 

കൂത്തമ്പലം ചിരിക്കാൻ തുടങ്ങുകയായി.
നിർവഹണം കഴിഞ്ഞ് പിറ്റേന്ന് മുതൽ അഭിനയിക്കുന്ന അങ്കത്തിൽ,ആദ്യo പ്രവേശിക്കുന്ന കഥാ പാത്രങ്ങൾ ഒന്നിച്ചു വന്ന് നടത്തുന്ന പ്രകടനമാണ്,കൂടിയാട്ടം.അത് മൂന്ന് രാത്രി.വിദൂഷകൻ വേദിയിൽ അവിടവിടെ ഉണ്ടാകും.ഇടപെടും.മറ്റ് പാത്രങ്ങൾ യഥാ സമയം വന്നു പോകണം.ശ്ലോകങ്ങളും പ്രതി ശ്ലോകങ്ങളുമായി,വിദൂഷകൻ അരങ്ങ് കൊഴുപ്പിക്കും.ഈ അങ്കം മുഴുവൻ 'കൂടി ആട്ടി' കഴിഞ്ഞാൽ നായകൻ ഒഴികെയുള്ളവർ രംഗം വിടും.നായകൻ,ഭരത വാക്യത്തിൻറെ സ്ഥാനത്ത് അങ്കം മുടിക്കും.അപ്പോൾ നങ്യാർ കൊട്ടും -'മുടിയക്കിത്ത കൊട്ടുക' എന്ന് പറയും.ചാക്യാർ കാൽ കഴുകി ആചമിച്ച്,വിളക്കിൽ നിന്ന് ഒരു തിരിയെടുത്ത് കെടുത്തി,അതിൽ തന്നെ ഇടും.കൂടിയാട്ടം തീർന്നു.

നാടകത്തിൽ ഓരോ അങ്കവും ഓരോ രസത്തിനുള്ളതാകയാൽ,ഒരങ്കമെടുത്ത് ഒരു രസം കൂടി ആടുകയാണ്.മൊത്തത്തിൽ നാടകത്തിൽ ഒരു രസവും ( ട്രാജഡി / കോമഡി ) അതിൻറെ സഞ്ചാരീ ഭാവങ്ങളുമാണ് ഉണ്ടാവുക.രസ പുഷ്ടിക്ക് കോട്ടം ഉണ്ടാകാതിരിക്കാൻ,കൂടിയാട്ടം,ഒരങ്കം മാത്രമാക്കി.അഭിനയത്തിൽ ശ്രദ്ധിക്കാൻ രംഗ പടം പോലുള്ള സംഗതികൾ അനുവദിച്ചില്ല.പർവ്വതവും കാടും നദിയും രാജധാനിയും സ്വർഗ്ഗവും എല്ലാം നടൻറെ മുഖത്ത് പ്രതിഫലിക്കും.അതാണ് വിധി.അഭിനയം പരമ കാഷ്ഠയിൽ എത്തും.ചാക്യാരുടെ മുഖത്ത് നിന്ന് പ്രേക്ഷകൻറെ ശ്രദ്ധ മാറിക്കൂടാ-കൈ മുദ്രകൾ രണ്ടു തോളിന്റെയും പരിധിയിൽ വേണം.കഥകളിയെപ്പോലെ ചൊല്ലിയാട്ടം വേണ്ട.ചവിട്ടും ചാട്ടവും നായർ കളരിക്കാണ്.ശൂദ്ര സ്വത്ത് ശുദ്ധ നാടകത്തിൽ വേണ്ട .

കൂടിയാട്ടം ക്ഷേത്ര സ്വത്ത് മാത്രം ആയിരുന്നോ?

എൽ കെ അനന്ത കൃഷ്‌ണയ്യരുടെ 'കൊച്ചിയിലെ ജാതികളും മതങ്ങളും' എന്ന പുസ്തകത്തിൽ,'മത്ത വിലാസം','പറക്കും കൂത്ത് ' എന്നിങ്ങനെ രണ്ട് കൂടിയാട്ടങ്ങൾ കൂടി,സാധാരണ കൂടിയാട്ടത്തിന് പുറമെ നിലവിലുണ്ടെന്ന് പറയുന്നു.'മത്ത വിലാസം' സംസ്‌കൃത നാടകം കൂടിയാട്ട രീതിയിൽ അഭിനയിക്കുന്നേയുള്ളു.അത് കൂടിയാട്ട വിഭാഗം അല്ല.
'പറക്കും കൂത്ത് ' ഒടുവിൽ തൃപ്പൂണിത്തുറയിൽ 1745 ൽ  അവതരിപ്പിച്ചത്,അമ്മന്നൂർ ഇട്ടിയമ്മൻ ചാക്യാരും മഹാകവി കുഞ്ചൻ നമ്പ്യാരും ചേർന്നായിരുന്നു.കുരീക്കാട്ട് തീപ്പെട്ട രാമവർമ്മ ആറാമന്റെ കാലത്ത്.കുഞ്ചൻ നമ്പ്യാർക്ക് ( 1705 -1770 ) അന്ന് 40 വയസ്സ് .ഇട്ടിയമ്മൻ അത് അവതരിപ്പിച്ചതിനെപ്പറ്റി ഒരു ശ്ലോകമുണ്ട്:

മഞ്ചാനത്യാർത്ഥ സമ്പന്നാൽ 
ധ്രുവ നിത്യമ്മനാം നടൻ 
പറന്ന നേരം നഷ്ടാസ്തേ 
നാഗാ: പ്രീതി വരാം യയുഃ ?

'മഞ്ചാനത്യാർത്ഥ സമ്പന്നാൽ', സംഭവം നടന്ന കലി ദിനം -കൊല്ല വർഷം 920 മേടം 23.അതായത് 1745 .അന്ന് നക്ഷത്രം രേവതി.
കുഞ്ചൻ നമ്പ്യാരുടെ മിഴാവ് / അമ്പലപ്പുഴ ക്ഷേത്രം 
കൂടിയാട്ടത്തിലെ ഒരു ഖണ്ഡമാണ്,ഹർഷന്റെ 'നാഗാനന്ദം' നാടകത്തിലെ നാലാമങ്കത്തിൽ ഗരുഡൻ കുന്നിന്മേൽ നിന്ന് പറന്നു വന്ന്,താഴെ ഉറങ്ങുന്ന ജീമൂത വാഹനനെ കൊത്തിയെടുത്ത് വീണ്ടും കുന്നിന്മേലേക്ക് പോകുന്ന രംഗം.ഇതാണ് 'പറക്കo കൂത്ത്'.സാധാരണ കൂടിയാട്ടം അരങ്ങിന് പുറമെ,64 കോൽ ഉയരത്തിൽ ( 44 .88 മീറ്റർ ) മറ്റൊരു അരങ്ങ് കെട്ടി ഉണ്ടാക്കും.ആ ഉയരത്തിലുള്ള അരങ്ങിലും നിലവിളക്കും മിഴാവും നമ്പ്യാരും നങ്യാരും ഉണ്ടാകും.നാടകത്തിലെ കുന്നിൻറെ പ്രതീകമാണ് ഉയരത്തിലെ ഈ അരങ്ങ്.അവിടെയാണ് ഗരുഡ വേഷം ധരിച്ച ചാക്യാരുടെ രംഗ പ്രവേശം.ഗരുഡ വേഷത്തിൽ,64 സ്ഥാനങ്ങളിൽ നീളവും ഉറപ്പുമുള്ള 1001ചരടുകൾ ബന്ധിച്ചിരിക്കും.ഗരുഡ പ്രവേശവും അനുബന്ധ ക്രിയകളും കഴിഞ്ഞാണ്,പറക്കൽ.താഴെ ജീമൂത വാഹനൻ,ചുവന്ന പട്ടു കൊണ്ട് ശരീരം മൂടി തലയിൽ ചെത്തി മാല ചാർത്തി കിടക്കും.ഗരുഡൻ പറക്കുമ്പോൾ,ശരീരത്തിൽ ബന്ധിച്ച ചരടുകൾ വൈദഗ്ധ്യത്തോടെ,നമ്പ്യാർ,അയയ്ക്കുകയും മുറുക്കുകയും ചെയ്യും.അയാൾക്ക് പിഴച്ചാൽ,ചാക്യാർ അപകടത്തിലാകും.അങ്ങനെ ചാക്യാർമാർ മരിച്ചിട്ടുണ്ട്:

കുട്ടഞ്ചേരി ചാക്യാര് 
കൊടുങ്ങല്ലൂർ പറന്നനാള് 
തദാ വന്ന തരക്കേട്‌:
തല തൂങ്ങി കിടന്നു പോയ് 

ഗരുഡൻ ചാക്യാർ,വട്ടമിട്ടു പറന്ന് താഴെയുള്ള അരങ്ങിൽ എത്തും.ജീമൂത വാഹനൻറെ തലയിലെ ചെത്തി മാല കൊത്തിയെടുക്കും.വീണ്ടും വട്ടത്തിൽ കറങ്ങി,ഉയരത്തിലെ അരങ്ങിൽ എത്തും.
അഭിനയത്തിൻറെ കൊടുമുടി.ജീവൻ പണയം വച്ചുള്ള നടനം.
നടത്തിയിരുന്നത് വെളിമ്പറമ്പിലാണ്.അത് നടത്തിയിരുന്ന സ്ഥലമാണ് കണ്ണൂരിലെ കൂത്തു പറമ്പ്.തലശ്ശേരിക്കടുത്ത ഒരു പറമ്പിൽ,നാലഞ്ച് നൂറ്റാണ്ടു മുൻപ് പെരുഞ്ചെല്ലൂർ വാസുദേവ ചാക്യാർ പറക്കo  കൂത്ത് നടത്തിയതിനാലാണ്,അത് കൂത്തു പറമ്പായത്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് നിൽക്കുന്നിടം പണ്ട് കൂത്ത് പറമ്പായിരുന്നു.

കഥകളിക്ക് ഉള്ളതിൽ അധികമാണ്,കൂടിയാട്ടത്തിന് വേണ്ട അഭ്യസനം.ചവിട്ടും ചാട്ടവും കഥകളിയിൽ ഉള്ളത്ര ഇല്ല.പതിഞ്ഞു നിന്ന് ഒരുപാട് അഭിനയിക്കാനുണ്ട്.സാധകം വേണം.വെളുപ്പിനുണർന്ന് മുഖത്തെണ്ണ തേച്ച് കണ്ണിളക്കുകയും കവിളും ചുണ്ടും പുരികവും വിറപ്പിക്കുകയും വേണം.ഇങ്ങനെ അഭിനയിക്കാൻ നിലാവിരിക്കുക അല്ലെങ്കിൽ നിലാവ് സേവിക്കുക എന്ന സമ്പ്രദായമുണ്ട്.ദിവസവും ചന്ദ്രൻ ഉദിക്കുന്നത് മുതൽ അസ്തമയം വരെ കണ്ണ് പല തരത്തിൽ ഇളക്കണം.അപ്പോൾ വെളുത്ത വാവ് രാത്രി മുഴുവൻ അങ്ങനെ ചെയ്യേണ്ടി വരും.അങ്ങനെ ചെയ്ത ചാക്യാരുടെ മുഖത്താണ് ജനം സന്ദർഭവും വസ്‌തുവും വികാരവും കണ്ടത്.അയാൾ ആദ്യം ശ്ലോകം അഭിനയിക്കേണ്ടത്,കൈ കെട്ടി നിന്ന്,മുഖം കൊണ്ട് മാത്രമാണ്.

നാം ഗ്രീസിനെക്കാൾ ഒട്ടും ചെറുതല്ല.
-----------------------------------------
Reference:
The Stage is Set / Lee Simonson,കൂത്തും കൂടിയാട്ടവും / അമ്മാമൻ തമ്പുരാൻ,അമ്മന്നൂർ ചാച്ചു ചാക്യാർ / ഡോ കെ ടി രാമ വർമ്മ .

See https://hamletram.blogspot.com/2019/09/blog-post_2.html





No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...