'അന്ധനായ മാർക്‌സ്' ആമുഖം
മാർക്‌സിന്റെ ഇരുന്നൂറാം ജന്മവർഷവും 'മൂലധന'ത്തിൻറെ നൂറ്റൻപതാം വർഷവും കൊണ്ടാടിയ 2018 ൽ ഒരു പത്രാധിപരാണ് എന്നോട് ലേഖനം ആവശ്യപ്പെട്ടത്.''പത്തെണ്ണം ഉണ്ടാകും' എന്നായിരുന്നു എൻറെ മറുപടി.ആ പത്തിന് ശേഷം കുറേക്കൂടി വിശദീകരിച്ച് ആറെണ്ണം വേറൊരു മാസികയിൽ എഴുതി.
'അന്ധനായ മാർക്‌സ് ' എന്ന ശീർഷകത്തിന് കീഴിൽ 'പാളിയ സിദ്ധാന്തം,പാഴായ മൂലധനം' എന്ന ഉപശീർഷകമുണ്ടായിരുന്നു.പത്തെണ്ണം എന്ന് പറയുമ്പോൾ,മാർക്‌സ് ഇന്ത്യയെപ്പറ്റി എഴുതിയ 33 ലേഖനങ്ങളുടെ വിശകലനമായിരുന്നു,മനസ്സിൽ.അവ വന്നത്,'ന്യൂയോർക് ഡെയിലി ട്രിബ്യുൺ' എന്ന അമേരിക്കൻ പത്രത്തിൽ ആയിരുന്നു.അവയിൽ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ച്,മാർക്സിന് ഇന്ത്യയെ മനസ്സിലായില്ല എന്ന് ലളിതമായി വായനക്കാരോട് വിശദീകരിക്കാനാണ് ശ്രമിച്ചത്.എന്ത് കൊണ്ട് മനസ്സിലായില്ല എന്ന് കണ്ടെത്താൻ ഉറവിടങ്ങൾ അന്വേഷിക്കുകയും അവ വിശദീകരിക്കേണ്ടി വരികയും ചെയ്‌തു.
കൗമാരത്തിൽ ആകർഷണം തോന്നുകയും യൗവനത്തിൽ അടിസ്ഥാന പാളിച്ചകളുണ്ട് എന്ന് കാണുകയും ചെയ്‌ത പ്രത്യയ ശാസ്ത്രമാണ്,എനിക്ക് മാർക്‌സിസം.പത്രപ്രവർത്തകൻ എന്ന നിലയിലും ഇടതു പക്ഷ റിപ്പോർട്ടിംഗ് വേണ്ടി വന്നു.'ചെങ്കൊടി പുതച്ച കലഹം' എന്ന പരമ്പര പുസ്തകം ആകാതെ കിടക്കുന്നു.കേരളത്തിലെ തന്നെ അവിഭക്ത പാർട്ടി ചരിത്രം,
നക്ഷത്രവും ചുറ്റികയും'എന്ന പേരിൽ എഴുതി.ലോകമാകെ ഇടതു പക്ഷ അപചയം ശ്രദ്ധിച്ചു.ആ പ്രത്യയ ശാസ്ത്രം ഏകാധിപതികളെ എന്ത് കൊണ്ട് സൃഷ്ടിച്ചു എന്ന് നോക്കി.ആത്മീയ സ്‌പർശം ഇല്ലാത്ത പുസ്തകങ്ങൾ നില നിൽക്കില്ലെന്ന് സാഹിത്യ ശിക്ഷണത്തിൽ നിന്ന് മനസ്സിലായി;സോഷ്യലിസ്റ്റ് റിയലിസം എനിക്ക് മുന്നിൽ വരണ്ടുണങ്ങിയപ്പോഴും,.സ്റ്റാലിൻ പുച്ഛിച്ച ദസ്തയേവ്‌സ്‌ക്കി ഉയർന്നു നിന്നു.മനുഷ്യൻറെ ആന്തരിക ജീവിതത്തെ വിച്ഛേദിച്ച പ്രത്യയ ശാസ്ത്രവും വരണ്ടുണങ്ങും എന്ന് ഉന്മൂലനങ്ങളും സോവിയറ്റ് യൂണിയൻറെ പതനവും വെളിവാക്കി.
ലെനിൻ നായകനായി ഒരു നോവൽ മനസ്സിൽ വന്നിട്ട് കാൽ നൂറ്റാണ്ടായി;മാർത്താണ്ഡ വർമ്മയും നോവലായി മനസ്സിൽ കിടക്കുന്നു.ഇരുവരും മനസ്സിൽ സ്ഥാനം നേടിയത്,അന്ത്യ കാലത്തെ പീഡനങ്ങളാൽ ആയിരുന്നു.അധികാരത്തിൽ ഭ്രമിച്ചവൻറെ ശിശിരം,പ്രത്യയ ശാസ്ത്രം അധികാര ക്രമം മാത്രമാണെന്ന് ബോധ്യപ്പെടുത്തി.മാർക്സിസത്തിൻറെ വേരുകളിലേക്ക് പോയി.മാർക്സിന്റെ ജീവിതം കൂടി പറഞ്ഞാണ്,ആ പ്രവാസ ദുരിതങ്ങളും ചേർത്താണ്,പുസ്തകം ഉണ്ടായത്.
ജർമനിയിലെ പ്രഷ്യയിൽ ജനിച്ച മാർക്സിന്റെ ജൂത കുടുംബം ,പ്രോട്ടെസ്റ്റൻറ് മതം രാജ്യ മതമായതിനാൽ അതിലേക്ക് മാറുകയായിരുന്നു.പാരിസിലെ പ്രവാസ കാലത്ത് തത്വ ശാസ്ത്രത്തിന് പുറമെ സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും അടിത്തറയുള്ള ഒരു പുസ്തകം അപൂർണമാക്കി നിർത്തിയാണ് മാർക്സ് ലണ്ടനിലേക്ക് പോയത്.ബ്രിട്ടനിലും രാജ്യ ,മതമായിരുന്നു,പ്രൊട്ടെസ്റ്റന്റ് മതം.മുതലാളിത്തത്തിന് ആ മതം സംഭാവന ചെയ്തോ എന്ന് മാർക്‌സ് അന്വേഷിച്ചില്ല.ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അവകാശ രേഖയിൽ തന്നെ പ്രേഷിത പ്രവർത്തനം ഉണ്ടായിരുന്നതാണ്.ആ മതത്തിന് കുഴപ്പമുണ്ടോ എന്ന് തിരക്കാതെ,ഹിന്ദു മതത്തെ കിരാതമായി കാണുകയാണ് മാർക്‌സ് ചെയ്‌തത്,യാത്രാ വിവരണങ്ങളും ഈസ്റ്റ് ഇന്ത്യ കമ്പനി റിപ്പോർട്ടുകളും അദ്ദേഹത്തെ വഴി തെറ്റിച്ചു.പ്രോട്ടെസ്റ്റന്റ് മതത്തെ മാർക്‌സ് ചർച്ചയ്ക്ക് എടുക്കാത്തതിനാൽ,ആ ഭാഗത്ത് മാക്‌സ് വെബറിനെ ആശ്രയിക്കേണ്ടി വന്നു.
ഹിന്ദുമതത്തെ മാത്രമല്ല,ഇന്ത്യയുടെ ഭൂവിനിയോഗത്തെയും രാഷ്ട്രീയത്തെയും ഭൂതകാലത്തെയും മാർക്‌സ് തെറ്റായി വായിച്ചു.ഹെഗൽ അവ്യക്തതകൾ കൊണ്ട് തെറ്റിന് കൊഴുപ്പ് കൂട്ടി.ഫോയർബാക്ക് ദൈവത്തെ വിച്ഛേദിച്ച് തെഴിലാളിയെ കൊണ്ട് വന്നു.ഒന്നായ മാനുഷ്യകത്തെ രണ്ടായി പിളർന്ന് മാർക്‌സ് ആഗോള സംഘർഷം വിതച്ചു,ജൂത പാരമ്പര്യത്തിലെ വാഗ്‌ദത്ത ഭൂമി ഒരു വർഗത്തിന് വാഗ്‌ദാനം ചെയ്‌ത്,മറ്റേ വർഗ്ഗത്തെ ഉന്മൂലനം ചെയ്യാൻ പഠിപ്പിച്ചു.ഇന്ത്യയെപ്പറ്റി തെറ്റ് മനസിലായപ്പോഴേക്കും 'മൂലധനം' ഇറങ്ങിയിരുന്നു.പ്രത്യയ ശാസ്ത്രം പാടെ പൊള്ളയാണെന്ന് ലോകം തിരിച്ചറിയുമ്പോഴേക്കും ,തലയോടുകളുടെ ഘോഷയാത്രകൾ റഷ്യയിലും ഉപഗ്രഹ രാജ്യങ്ങളിലും നടന്നു കഴിഞ്ഞിരുന്നു.നിണ സമുദ്രത്തിൽ ഏകാധിപതികൾ മുങ്ങി മരിച്ചിരുന്നു.
റോസാ ലക്സംബർഗിനെപ്പോലെ ലോക മാർക്‌സിസ്റ്റ് സൈദ്ധാന്തികർ മാത്രമല്ല,ഡി ഡി കോസംബി,ഇർഫാൻ ഹബീബ്,ഐജാസ് അഹമ്മദ് തുടങ്ങിയ ഇന്ത്യൻ മാർക്‌സിസ്റ്റ് ചിന്തകരും മാർക്‌സ് ഇന്ത്യയെ കണ്ടത് കുരുടൻ ആനയെ കണ്ടത് പോലെയാണെന്ന് ശരിയായി മനസ്സിലാക്കി;കോസംബി നേരത്തെ മനസിലാക്കി.ഇന്ത്യയ്ക്ക് മഹദ് ഭൂതകാലം ഇല്ല എന്ന് പറഞ്ഞ മാർക്സിനെ മഹത്വം എണ്ണിപ്പറഞ്ഞാണ്,കോസംബി വിമർശിച്ചത്.ഇത്തരം മാർക്സിസ്റ്റുകൾ നൽകിയ സൂചനകൾ വികസിപ്പിച്ചതാണ്,ഈ പുസ്തകം.ഇ എം എസ്,മാർക്‌സ് ഇന്ത്യയെപ്പറ്റി മാർക്‌സ് വിവരിച്ച വിഡ്ഢിത്തത്തിൽ തന്നെ അവസാനകാലത്തും തൂങ്ങി നിന്നു എന്ന സത്യം നടുക്കുന്നതാണ്.1934 ൽ മുൽക്ക് രാജ് ആനന്ദ് എഡിറ്റ് ചെയ്‌ത മാർക്‌സ് ലേഖനങ്ങളിൽ നിന്ന് ഒരിഞ്ചു പോലും അദ്ദേഹം മുന്നോട്ട് പോയില്ല.ഇന്ത്യ മഹിതമാണെന്ന് കണ്ടില്ല.
മലയാളികൾക്കും അങ്ങനെ ഇത് ഒരു വീണ്ടെടുപ്പാകും എന്ന് കരുതുന്നു.
( 'അന്ധനായ മാർക്‌സ്' എന്ന പുസ്തകത്തിൻറെ ആമുഖം )
No comments:
Post a Comment