Saturday 27 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 8

8 .ലെനിൻ തൊഴിലാളികൾക്ക് എതിരെ 


ലോക ചരിത്രത്തിൽ ലെനിന്റേതു പോലെ ഒരു വൃത്തികെട്ട ഭരണം വേറെ ഉണ്ടായിട്ടില്ല.

അയാൾ സിംഹാസനം ഏറിയ ശേഷം,ഭരണം വിലയിരുത്താനും മറ്റും പാർട്ടി യോഗങ്ങൾ നടന്നത് വല്ലപ്പോഴുമാണ്.യോഗങ്ങൾ നടക്കുമ്പോൾ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കും.ഒടുവിൽ സിനോവീവോ കാൾ റാഡെക്കോ ചോദിക്കും:" സഖാവിൻറെ അഭിപ്രായമെന്ത്?"
അപ്പോൾ പ്രസംഗിക്കും.

യോഗത്തിന് എത്തുന്നവരോട് പുച്ഛമായിരുന്നു.രണ്ട് പേരെ മാത്രം അയാൾ പരിഗണിച്ചു:ട്രോട് സ്‌കി,ഷെർഷിൻസ്കി.പോളിഷ്,ജർമൻ സോഷ്യലിസ്റ്റ് നേതാവായ റാഡെക് ( 1885 -1939 )  1917 ന് ശേഷം റഷ്യയിൽ എത്തി.ജൂതൻ.ശരിപ്പേർ കരോൾ സോബൽസോഹൻ .സ്റ്റാലിന്റെ കാലത്ത് കൊന്നു.ലെനിൻറെ രഹസ്യ പൊലീസ് ചേക യുടെ മേധാവി ആയിരുന്നു,ഫെലിക്സ് ഷെർഷിൻസ്കി ( Felix Dzerzhinsky )പോളിഷ് സമ്പന്ന കുടുംബത്തിലെ അംഗം.വിമത ശബ്‌ദം ഉയർത്തുന്നവരെ ഉന്മൂലനം ചെയ്യുകയായിരുന്നു,അയാളുടെ പണി.കൊല ഇഷ്ടപ്പെട്ടത് കൊണ്ടല്ല,സഖാക്കളുടെ പാപം സഹിക്കാൻ കഴിയാത്തത്‌ കൊണ്ടാണ് കൊന്നതെന്ന് അയാൾ പറഞ്ഞു പോന്നു.

കേന്ദ്ര തടി കമ്മിറ്റി ( Central timber committee ) മേധാവി എന്ന നിലയിൽ തൊഴിൽ / പ്രതിരോധ സോവിയറ്റിൽ അംഗമായിരുന്ന സൈമൺ ലീബർമാൻ ഓർത്തിരുന്ന ഒരു സംഭവമുണ്ട്:വന മേഖലകളിലെ കർഷകർ നിശ്ചിത തൂക്കം വിറക് കേന്ദ്രത്തിന് നൽകാൻ ക്വോട്ട വച്ചിരുന്നു.പലപ്പോഴും അത് കിട്ടിയില്ല.എന്ത് പരിഹാരം എന്ന ചർച്ചയിൽ ഷെർഷിൻസ്കി പറഞ്ഞു:" കർഷകർ തന്നില്ലെങ്കിൽ ഇരട്ടി ഫോറസ്റ്റർമാർ നൽകണമെന്ന് നിശ്ചയിക്കാം;തന്നില്ലെങ്കിൽ വെടി വയ്ക്കാം".
ഷെർഷിൻസ്കി 
അങ്ങനെ നിരവധി ഫോറസ്റ്റർമാർ കൊല്ലപ്പെട്ടപ്പോൾ,ആ തൊഴിലിൽ അനുഭവ ജ്ഞാനം ഉള്ളവർ ഇല്ലാതായി.1919 വസന്തത്തിൽ പുട്ടിലോവ് ഫാക്റ്ററി തൊഴിലാളികൾ പെട്രോഗ്രാഡ് തെരുവുകളിൽ ലെനിന് എതിരെ പ്രകടനം നടത്തി.അവർ വിളിച്ചു പറഞ്ഞു:" ലെനിനും കുതിര മാംസവും തുലയട്ടെ,ഞങ്ങൾക്ക് സാറും ( ചക്രവർത്തി ) പന്നി മാംസവും മതി".
തൊഴിലാളികളെ വെടിവച്ചു കൊന്നു,ഫാക്ടറികൾ പൂട്ടി.ഫാക്റ്ററികൾക്ക് വേണ്ട അസംസ്‌കൃത വസ്‌തുക്കൾ,ലെനിൻ ഉയർത്തിയ ഭീകരത കാരണം കിട്ടിയില്ല.സമ്പദ് രംഗം താറുമാറായി.1921 ഫെബ്രുവരിയിൽ ലെനിൻ സുഹൃത്ത് ഗ്ളെബ് കിർഷിഷാനോവ്‌സ്‌കിക്ക് എഴുതി:"നാം യാചകരായി;പട്ടിണിയിൽ നാം അനാഥരായ പിച്ചക്കാരായി".
അലക്‌സാണ്ടർ ഷ്ല്യാപ്നിക്കോവും അലക്‌സാൻഡ്ര കൊലോന്റെയും നേതൃത്വം നൽകിയ ' തൊഴിലാളി പ്രതിപക്ഷം',ഫാക്റ്ററികൾ തൊഴിലാളികൾക്ക് കൊടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി.
നടക്കാത്ത ഒക്ടോബർ വിപ്ലവത്തെപ്പറ്റിയാണ്,' ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ എന്ന വ്യാജ നിർമിതി അമേരിക്കൻ പത്ര പ്രവർത്തകൻ ജോൺ റീഡ് ലോകത്തിന് നൽകിയത്.ലോകത്തെ ഇന്നും പിടിച്ചു കുലുക്കുന്ന നാല് സംഭവങ്ങൾ ലെനിൻറെ ദുർഭരണത്തിൽ നടന്നു.പോളണ്ടുമായുള്ള യുദ്ധം,തംബോവ്  കലാപം,ക്രോൺസ്റ്റാറ്റ് കലാപം,1921 -22 ലെ ക്ഷാമം.

പോളണ്ടുമായുള്ള യുദ്ധം 

1919 ഫെബ്രുവരി മുതൽ 1921 മാർച്ച് വരെയായിരുന്നു,റഷ്യ തോറ്റ പോളണ്ടുമായുള്ള യുദ്ധം.രണ്ടാം പോളിഷ് റിപ്പബ്ലിക്കും യുക്രേനിയൻ റിപ്പബ്ലിക്കും പ്രോട്ടോ സോവിയറ്റ് യൂണിയനും തമ്മിൽ,ഇന്നത്തെ പശ്ചിമ യുക്രൈൻ,ബെലാറസ് പ്രദേശങ്ങൾക്ക് വേണ്ടി ആയിരുന്നു,യുദ്ധം.സോവിയറ്റ് റഷ്യയും സോവിയറ്റ് യുക്രൈനും ചേർന്നതാണ്,പ്രോട്ടോ സോവിയറ്റ യൂണിയൻ.
വിപ്ലവകാരിയായ പോളണ്ട് ഭരണത്തലവൻ ജോസഫ് പിൽസുഡ്സ്‌കി,പോളണ്ടിന്റെ നേതൃത്വത്തിൽ മധ്യ,പൂർവ യൂറോപ്യൻ സാമ്രാജ്യത്തിനായി,പോളണ്ടിന്റെ അതിർത്തികൾ വികസിപ്പിക്കാൻ ഒരുമ്പെട്ടു.പോളണ്ടിനെ ജർമനിക്കുള്ള പാലമാക്കി റഷ്യൻ സാമ്രാജ്യ സ്ഥാപനമായിരുന്നു,ലെനിൻറെ ലക്ഷ്യം.1919 ൽ പോളണ്ട് പശ്ചിമ യുക്രൈനും 1920 ഏപ്രിലിൽ കീവും പിടിച്ചു.റഷ്യൻ സേന പോളിഷ് സൈന്യത്തെ വാഴ്‌സയിലേക്ക് ഓടിച്ചു.വാഴ്സ യുദ്ധത്തിൽ പോളണ്ട് ജയിച്ചു.1920 ഒക്ടോബറിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു.1921 മാർച്ച് 18 ന് ഒപ്പിട്ട റിഗ സന്ധി പ്രകാരം,പോളണ്ടിന് അതിനു കിഴക്കുള്ള 200 കിലോമീറ്റർ പ്രദേശം അധികം കിട്ടി.
പോളിഷ് പ്രതിരോധ നിര,1920 
പോളണ്ടിന്റെ വിജയം,റഷ്യൻ സ്വാധീനം ജർമനിയിലും ഹംഗറിയിലും റൊമാനിയയിലും വ്യാപിക്കാതെ കാത്തു.1989 ൽ പോളണ്ടിന്റെ ഭരണത്തിൽ നിന്ന് കമ്മ്യൂണിസ്റ്റുകൾ പുറത്താകും വരെ,ഈ യുദ്ധം പാഠപുസ്തകങ്ങളിൽ വന്നില്ല.ആരെങ്കിലും പ്രശ്‍നം ഉയർത്തിയാൽ,യുദ്ധത്തിന് കാരണം,'വിദേശ ഇടപെടൽ ' ആണെന്ന് പറഞ്ഞു പോന്നു.രണ്ടു രാജ്യങ്ങളെക്കൊണ്ടും ഇത് പറയിച്ചത്,കമ്മ്യൂണിസ്റ്റ് നേതാക്കൾ ആയിരുന്നു.മാർക്‌സിസം,സാമ്രാജ്യത്വത്തിന് ഇന്ധനമാകും എന്ന് ഗുണപാഠം.

തംബോവ് കലാപം 

ആഭ്യന്തരയുദ്ധ കാലത്ത്,റഷ്യയിൽ 1920 -21 ൽ ഉണ്ടായ,ലോകത്തിലെ ഏറ്റവും വലിയ കർഷക കലാപം.ഇതിൽ 1,40,000 പേർ കൊല്ലപ്പെട്ടു.
മോസ്‌കോയിൽ നിന്ന് 300 മൈൽ തെക്കുകിഴക്ക് തംബോവ് ഒബ്ലാസ്റ്റ്,വോറൊനേഷ് ഒബ്ലാസ്റ്റ് ,മേഖലയിൽ ആണ് ഇതുണ്ടായത്.സോഷ്യലിസ്റ്റ് റവലൂഷനറി പാർട്ടി നേതാവായ അലക്‌സാണ്ടർ ആന്റോനോവ് ആണ് നേതൃത്വം നൽകിയത്.ആന്റോനോവ് ലഹള എന്നും അറിയപ്പെടുന്നു.

ലെനിൻ ഭരണം ഏറിയതോടെ,ബോൾഷെവിക്കുകൾ അധിക ധാന്യം പിടിച്ചെടുക്കൽ ( Prodrazryorstka ) നയം നടപ്പാക്കി.ഒരു മേഖലയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ധാന്യം,കാർഷിക ഉൽപന്നങ്ങൾ എന്നിവയിൽ,വീട്ടാവശ്യത്തിനുള്ളതു കഴിച്ച്,ബാക്കി നഗര വിതരണത്തിനായി ചെറിയ തുക നൽകി പിടിച്ചെടുക്കുന്ന പരിപാടി ആയിരുന്നു,ഇത്.തംബോവിൻറെ ക്വോട്ട 1.8 കോടിയിൽ നിന്ന് 2 .7 കോടി പൂഡ്‌സ് ആയി ഉയർത്തി.ഒരു പൂഡ്‌സ് 16 .38 കിലോ.
ഇതിൽ രോഷാകുലരായ കർഷകർ 1920 ഓഗസ്റ്റ് 19 ന് ഖിട്രോവോയിൽ കലാപം തുടങ്ങി.ജനത്തിന് മുന്നിൽ,കാരണവന്മാരെ തല്ലി റെഡ് ആർമി ധാന്യം പിടിച്ചതായിരുന്നു,പ്രകോപനം.തംബോവ് കർഷകർ യൂണിയൻ ഉണ്ടാക്കി സ്വന്തമായി കോൺഗ്രസ് വിളിച്ചുകൂട്ടി സോവിയറ്റ് അധികാരത്തെ നിരാകരിച്ചു;സ്വന്തമായി നിയമ നിർമാണ സഭ ഉണ്ടാക്കി.സഭ,പ്രായപൂർത്തി വോട്ടവകാശവും ഭൂപരിഷ്കരണവും പ്രഖ്യാപിച്ചു.ഭൂമി മുഴുവൻ കർഷകർക്ക് വിട്ടു നൽകുകയായിരുന്നു,ഉന്നം.
ആന്റോനോവ് ( നടുവിൽ )
കലാപകാരികളായ കർഷകരുടെ എണ്ണം 1920 ഒക്ടോബറിൽ 50000 ആയിരുന്നു.ഇവർക്കൊപ്പം റെഡ് ആർമിയിൽ നിന്ന് വിരമിച്ച ഭടന്മാരും ചേർന്നു,ഇക്കൂട്ടർ സോവിയറ്റ് രഹസ്യ പൊലീസ് ആയ ചേക യിൽ നുഴഞ്ഞു കയറി.70000 വരുന്ന കലാപകാരികളെ റെഡ് ആർമി,അതിൻറെ മേധാവി മിഖയിൽ തുഖാചേവ്സ്കിയുടെ നേതൃത്വത്തിൽ നേരിട്ടു.ബോൾഷെവിക്കുകൾ കർഷകർക്ക് നേരെ രാസായുധങ്ങൾ പ്രയോഗിച്ചു.ഏഴു ഉന്മൂലന ക്യാമ്പുകൾ ഭരണകൂടം തുറന്നു.1921 ഫെബ്രുവരി രണ്ടിന് ഭരണകൂടം ധാന്യം പിടിക്കൽ നിർത്തി .അന്റോനോവിനെ 1922 ൽ കൊന്നു.പത്താം കോൺഗ്രസിന് മുൻപ് ഈ മേഖലയിൽ,നികുതി ( Prodnalog ) ഏർപ്പെടുത്തി.കോൺഗ്രസ് ഈ നയം അംഗീകരിച്ചു.
കർഷകരായ കലാപകാരികളെ ബോൾഷെവിക്കുകൾ,കാട്ടുകള്ളന്മാർ എന്ന് വിളിച്ചു.കലാപ കാലത്ത്,കസാൻ മൊണാസ്ട്രിയുടെ വിന്റർ ചർച്,പ്രാദേശിക ചേക ആസ്ഥാനമാക്കി.അത് തംബോവ് സൈനിക കമ്മിസാരിയറ്റിന്റെ ആർകൈവ്സ് ആയി.1933 ൽ പ്രാദേശിക ഭരണകൂടം കലാപ രേഖകൾക്ക് തീയിട്ടു.തീ നിയന്ത്രണാതീതമായപ്പോൾ,വെള്ളമൊഴിച്ചു ;മണ്ണ് വിതറി.അൾത്താരയിൽ തീയിട്ടില്ല.അതിനാൽ,1982 ൽ കുറെ രേഖകൾ കിട്ടി.
തംബോവിലെ പാർട്ടി മേധാവി അലക്‌സാണ്ടർ ഷ്ലിക്റ്റർ ,ലെനിനെ നേരിട്ട് വിളിച്ച ശേഷമാണ്,പട്ടാളത്തെ അയച്ചത്.

കലാപത്തെ ആധാരമാക്കി,2011 ൽ ആൻഡ്രി സ്മിർനോവ് Once Upon a time there Lived a Simple Woman എന്ന സിനിമയെടുത്തു.അലക്‌സാണ്ടർ സോൾഷെനിത്സിൻറെ Apricot Jam and Other Stories ൽ യൗവനത്തിൽ കലാപകാരികളെ നേരിട്ട ജനറലിന്റെ കഥയുണ്ട്.

ക്രോൺസ്റ്റാറ്റ് കലാപം 

സോവിയറ്റ് ബാൾട്ടിക് നാവിക വ്യൂഹത്തിൻറെ താവളമായ ഫിൻലൻഡ്‌ ഉൾക്കടലിലെ കോട്ട്ലിൻ ദ്വീപിലുള്ള നാവികക്കോട്ടയാണ്,ക്രോൺസ്റ്റാറ്റ്.55 കിലോമീറ്റർ അകലെയുള്ള പെട്രോഗ്രാഡിൻറെ കാവൽപ്പുര.അവിടെ സ്റ്റെപ്പാൻ പെട്രിചെങ്കോയുടെ നേതൃത്വത്തിൽ 1921 മാർച്ചിൽ ആയിരുന്നു,നാവിക കലാപം.നാവികരും നാട്ടുകാരുമായി 10000 പേരെ റെഡ് ആർമി വെടിവച്ചു കൊന്നു.
റഷ്യയുടെ സമ്പദ് രംഗം താറുമാറായിരുന്നു.വ്യവസായോത്പാദനം കുത്തനെ താണു.ഒന്നാം ലോകയുദ്ധകാലത്ത് നിന്ന് 1921 ൽ ഖനികളുടെയും ഫാക്റ്ററികളുടെയും ഉൽപാദനം 20 ശതമാനത്തിലേക്ക് താണു.മറ്റു ചില മേഖലകൾ മരവിച്ചു.പരുത്തി ഉൽപാദനം വെറും 5 %,ഇരുമ്പ് 2 %.ഒപ്പം 1920 ലെ വരൾച്ചയും 1921 ലെ ക്ഷാമവും.കർഷകർ പാടങ്ങൾ ഉഴുതില്ല.1921 ഫെബ്രുവരിയിൽ നൂറിലധികം കർഷക കലാപങ്ങൾ ഉണ്ടായി.പെട്രോഗ്രാഡ് തൊഴിലാളികൾ പണിമുടക്കി.റൊട്ടി റേഷൻ മൂന്നിലൊന്നായി.
1921 ഫെബ്രുവരി 26 ന് ക്രോൺസ്റ്റാറ്റിലെ നാവിക പ്രതിനിധികൾ പെട്രോഗ്രാഡിൽ എത്തി സ്ഥിതി വിലയിരുത്തി.28 ന് ബാൾട്ടിക് കപ്പലുകളായ പെട്രോപാവ്ലോസ്‌ക്,സേവാസ്റ്റോപോൾ എന്നിവയിലെ നാവികർ അടിയന്തര യോഗം ചേർന്ന് 15 ആവശ്യങ്ങൾ അടങ്ങിയ പ്രമേയം അംഗീകരിച്ചു.നിലവിലുള്ള സോവിയറ്റുകൾ തൊഴിലാളി,കർഷക താൽപര്യങ്ങൾ സംരക്ഷിക്കാത്തതിനാൽ,സോവിയറ്റുകളിലേക്ക് രഹസ്യ ബാലറ്റ് വഴി പുതിയ തിരഞ്ഞെടുപ്പ്,ആവിഷ്കാര സ്വാതന്ത്ര്യം,യൂണിയൻ സ്വാതന്ത്ര്യം,തടവുകാരുടെ മോചനം,സായുധ സേനകളിൽ പാർട്ടി നിരോധനം,റേഷൻ സമത്വം,കർഷക വാതന്ത്ര്യം എന്നിവയായിരുന്നു ആവശ്യങ്ങൾ.മാർച്ച് ഒന്നിലെ പൊതുയോഗത്തിൽ ബാൾട്ടിക് കമ്മിസാർ മിഖയിൽ കാലിനിൻ പങ്കെടുത്തു.16000 നാവികർ കാലിനിന്റെ  ഭീഷണിക്ക് വഴങ്ങിയില്ല.ഏഴിന് റെഡ് ആർമി നാവികരെ ആക്രമിച്ചു.17 ന് ബോൾഷെവിക്കുകൾ എത്തി.അവരും സൈന്യവും ചേർന്ന് 10000 പേരെ കൊന്നൊടുക്കി.12 ദിവസത്തെ കലാപം അമർച്ച ചെയ്ത ശേഷം,ബോൾഷെവിക്കുകൾ പാരീസ് കമ്മ്യൂണിന്റെ 50 വർഷം കൊണ്ടാടി.1200 -2168 കലാപകാരികളെ ഉന്മൂലനം ചെയ്‌തു.
കലാപത്തിന് ശേഷം ലെനിൻ പറഞ്ഞു:" ഒരു മിന്നൽ പോലെ ക്രോൺസ്റ്റാറ്റ് സത്യം വെളിവാക്കി."
പെട്രിചെങ്കോ  
'യുദ്ധ കമ്മൂണിസം ' നിർത്തി ലെനിൻ പുത്തൻ സാമ്പത്തിക നയം കൊണ്ട് വന്നു.ലോകവിപ്ലവം ഉടൻ ഉണ്ടാവില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.കലാപ നേതാവായ പെട്രോചെങ്കോ കർഷക കുടുംബത്തിൽ നിന്നായിരുന്നു.നാവികരിൽ മുക്കാൽ പങ്കും തെക്കുകിഴക്ക് നിന്നുള്ള പുത്തൻ കർഷക യുവാക്കൾ ആയിരുന്നു.സ്വാതന്ത്ര്യം ആഗ്രഹിച്ചതായിരുന്നു,കുറ്റം.
കലാപശേഷം രക്ഷപ്പെട്ട് ഫിൻലൻഡിൽ എത്തിയ പെട്രിചെങ്കോ  അവിടെ ചാരനായി 1941 ൽ അറസ്റ്റിലായി.അയാളെ 1944 ൽ സോവിയറ്റ് യൂണിയനിലേക്ക് നാട് കടത്തി.പത്തു കൊല്ലം തടവിൽ കിടന്ന് മരിച്ചു.8000 പേർ ഫിൻലൻഡിൽ അഭയം തേടി.1917 ൽ 30 ലക്ഷം വ്യവസായ തൊഴിലാളികൾ ഉണ്ടായിരുന്നത്,കലാപശേഷം 12,40,000  ആയി കുറഞ്ഞു-58 .7% ഇടിവ്.കർഷകരുടെ എണ്ണം 21 ലക്ഷത്തിൽ നിന്ന് 34000 ആയി -98.59 % ഇടിവ്.
ലൂയി ഫിഷർ God that Failed ( 1949 ) എന്ന പുസ്തകത്തിൽ,കലാപത്തിൻറെ അനന്തര ഫലം ഇങ്ങനെ രേഖപ്പെടുത്തി:മുൻപ് സഖാക്കളും അനുഭാവികളും പാർട്ടി വിടുക മാത്രമായിരുന്നു;ക്രോൺസ്റ്റാറ്റിന് ശേഷം,അവർ പാർട്ടി വിരുദ്ധരായി.

1921 -22 ലെ ക്ഷാമം 

വോൾഗ,യുറാൾ നദീ മേഖലകളിലായിരുന്നു,ക്ഷാമം.ഒരു കോടിയോളം മനുഷ്യർ ക്ഷാമത്തിൽ മരിച്ചു.മനുഷ്യൻ,മനുഷ്യനെ തിന്നുന്ന നിലയുണ്ടായി.ഒന്നാം ലോകയുദ്ധം,റഷ്യൻ ആഭ്യന്തര യുദ്ധം എന്നിവ വഴി റയിൽ ഗതാഗതം താറുമാറായതും സമ്പദ് രംഗം ശോഷിച്ചതും ബോൾഷെവിക്കുകളുടെ ധാന്യം പിടിച്ചെടുക്കൽ മൂലം കർഷകർ ഭക്ഷ്യോൽപാദനം ഉപേക്ഷിച്ചതും വോൾഗയിലെ വെള്ളപ്പൊക്കവും ക്ഷാമത്തിന് മുൻപത്തെ വരൾച്ചയുമാണ് കാരണങ്ങൾ;കുലാക്കുകൾ ഭക്ഷണം പൂഴ്ത്തി എന്ന് ബോൾഷെവിക്കുകൾ പ്രചരിപ്പിച്ചു.
മാക്‌സിം ഗോർക്കിയുടെ അഭ്യർത്ഥന മാനിച്ച്,അമേരിക്കൻ വ്യവസായിയും പിന്നീട് പ്രസിഡൻറുമായ  ഹെർബർട്ട് ഹൂവറുടെ എ  ആർ എ ( American Relief Administration ) റഷ്യയിൽ ഭക്ഷ്യ വസ്‌തുക്കൾ എത്തിച്ചു."അമേരിക്കൻ ഭക്ഷണം കുട്ടികകൾക്ക് മാത്രം കൊടുത്താൽ മതി  എന്ന് ലെനിൻറെ തിട്ടൂരം വന്നു.
1921 ക്ഷാമം,യുക്രൈനിലെ കുട്ടി 
ക്ഷാമം,ക്രിസ്ത്യൻ സഭക്കെതിരെ നീങ്ങാൻ അവസരമാണെന്ന് ലെനിൻ 1922 മാർച്ച് 19 ന് പൊളിറ്റ് ബ്യുറോയ്ക്ക് എഴുതി.ഓർത്തഡോക്സ് സഭയുടെ 45 ലക്ഷം ഗോൾഡൻ റൂബിളിൻറെ സ്വത്ത് കണ്ടുകെട്ടി അതിൽ പത്തു ലക്ഷം ദുരിതാശ്വാസത്തിന് ചെലവാക്കി.
ക്രോൺസ്റ്റാറ്റ് കലാപത്തിന് ശേഷം നടന്ന പത്താം പാർട്ടി കോൺഗ്രസ്,റഷ്യയിൽ അനുസരണ കർക്കശമാക്കാൻ തീരുമാനിച്ചു.ചേക യ്ക്ക് അളവറ്റ അധികാരം നൽകി.മെൻഷെവിക്കുകളുടെയും സോഷ്യലിസ്റ്റുകളുടെയും അവശിഷ്ടങ്ങൾ കൂടി,ചേക വെടി വച്ച് തീർത്തു.
ഷെർഷിൻസ്കി 
ലെനിൻ 1917 ഡിസംബർ 20 ന് മിലിട്ടറി കമ്മിറ്റി പിരിച്ചു വിട്ട് സൃഷ്ടിച്ചതാണ്,ചേക .നിയമനിർമാണ സഭ നിലവിൽ വരുന്ന അടിയന്തര സാഹചര്യം പറഞ്ഞായിരുന്നു,സൃഷ്ടി.' ഉരുക്ക് ഫെലിക്സ്' എന്നറിയപ്പെട്ട ഫെലിക്‌സ് ഷെർഷിൻസ്കി ( 1877 -1926 ) മേധാവി ആയി.മരണം വരെ തുടർന്നു.കത്തോലിക്കനായ അയാളുടെ കുടുംബത്തിന് വലിയ തോട്ടമുണ്ടായിരുന്നു.തോട്ടത്തിൽ അയാളുടെ സഹോദരി 12 വയസിൽ വെടിയേറ്റ് മരിച്ചു.വെടി വച്ചത് ഷെർഷിൻസ്‌കിയാണോ സഹോദരൻ സ്റ്റാനിസ്ലാവ് ആണോ എന്ന് ഇനിയും തീരുമാനം ആയിട്ടില്ല.
പോളണ്ട് ഭരണത്തലവൻ പിൽസുഡ്സ്‌കിയും ഷെർഷിൻസ്കിയും ഒരേ സ്‌കൂളിലാണ് പഠിച്ചത്.1904 ൽ സ്വിറ്റ്‌സർലൻഡിൽ ഷെർഷിൻസ്കിയുടെ കൈയിലാണ്,രോഗിയായ കാമുകി ജൂലിയ ഗോൾഡ് മാൻറെ മരണം.അയാൾ വിഷാദ രോഗിയായി.1905 ലെ വിപ്ലവം അയാളെ അതിൽ നിന്ന് രക്ഷിച്ചു.ആറാം പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ എത്തി.ഒക്ടോബർ അട്ടിമറിക്ക് ലെനിൻ വിളിച്ച 12 പേരുടെ രഹസ്യ യോഗത്തിൽ ഷെർഷിൻസ്കി ഉണ്ടായിരുന്നു.ലൈനിനൊപ്പം നിന്ന അയാൾ ലുബിയങ്ക തടവറയിലേത് ഉൾപ്പെടെ നിരവധി നിലവറകളിൽ ഉന്മൂലനം നടപ്പാക്കി.വർഗ്ഗവും വിപ്ലവ പൂർവ ചരിത്രവും നോക്കി ആയിരുന്നു,ശിക്ഷ.അയാളുടെ ലുബിയങ്ക ഓഫിസ് ചുമരിൽ റോസാ ലക്സംബർഗിൻറെ ചിത്രം ഉണ്ടായിരുന്നു.

See https://hamletram.blogspot.com/2019/07/7.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...