Friday 26 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 7

7.ജർമനി അയച്ച വിപ്ലവം 

നകീയ ഭരണകൂടത്തെ അട്ടിമറിക്കാൻ ലെനിൻ അവസാന തീരുമാനമെടുത്തത്,റഷ്യയിൽ തിരിച്ചെത്തി,കാര്പോവ്കയിലെ 31 നമ്പർ മുറിയിൽ ആയിരുന്നു.റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ ബോൾഷെവിക് വിഭാഗത്തിലെ 12 പേരുടെ രഹസ്യ യോഗം അദ്ദേഹം വിളിച്ചു:ലെനിൻ,ട്രോട് സ്‌കി,സിനോവീവ്,കാമനെവ്,സ്വേദ്ലോവ്,സെർഷിൻസ്‌കി,സ്റ്റാലിൻ,യുറിറ്റ്‌സ്‌കി,ബുബ്നോവ്,സോകോൾനിക്കോവ്,ലോമോവ്,അലക്‌സാൻഡ്ര കൊളോൻടെ.വാർവര യാക്കോവ് ലിയേവ മിനിറ്റ്സ് എഴുതി;സുഖാനേവിന്റെ ഭാര്യ ചായയും സാൻഡ് വിച്ചും നൽകി.

സിനോവീവ് ആയിരുന്നു,ലെനിൻറെ ഏറ്റവും അടുത്തയാൾ.
തീരുമാനത്തെ എതിർത്ത സിനോവീവും കാമനെവും അടുത്ത രാവിലെ ബദൽ രേഖ തയ്യാറാക്കി,ഗോർക്കിയുടെ പത്രത്തിൽ അച്ചടിക്കാൻ കൊടുത്തു.31 ന് അത്,അച്ചടിച്ചു വന്നു.അകത്തെ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ പുറത്തറിയിക്കുന്നത്,ഗുരുതരമായ പാർട്ടി വ്യതിയാനമാണ്.ലെനിൻ അവരോട് പൊറുത്തില്ല.അടുപ്പം കാരണം,കൊന്നില്ല.
ലെനിൻ അടച്ച ട്രെയിനിൽ എത്തുന്നു,ഏപ്രിൽ 16 ,1917 
അന്നത്തെ യോഗത്തിൽ,ഏഴംഗ പൊളിറ്റ് ബ്യുറോയെ തിരഞ്ഞെടുത്തു:ലെനിൻ,സിനോവീവ്,കാമനെവ്,ട്രോട് സ്‌കി,സ്റ്റാലിൻ,സൊകോൾനിക്കോവ്,ബുസ്‌നോവ്.
ഫിൻലൻഡിൽ നിന്ന് ലെനിൻ എത്തിയത്,ഒക്ടോബർ 20 നായിരുന്നു."വൈകിക്കുന്നത് മരണമാണ് " ( To delay is death ) എന്ന് പീറ്റർ ദി ഗ്രേറ്റ് പറഞ്ഞത് ലെനിന് അറിയാമായിരുന്നു.ജൂലൈ കലാപത്തിന് ശേഷമാണ്,ലെനിൻ പെട്രോഗ്രാഡിൽ നിന്ന് ഫിൻലൻഡിലേക്ക് രക്ഷപ്പെട്ടത്.ജർമ്മനിക്കെതിരെ ജൂൺ 16 ന് താൽക്കാലിക പ്രധാനമന്ത്രി കെറൻസ്കി യുദ്ധം പ്രഖ്യാപിച്ചിരുന്നു.മുന്നണിയിൽ നിന്ന് പെട്രോഗ്രാഡിൽ എത്തിയ സൈനികർ വീണ്ടും യുദ്ധത്തിന് പോകാൻ വിസമ്മതിച്ചു.അവർ കൂറുമാറി ബോൾഷെവിക് പക്ഷത്തായി.അവരും ക്രോൺസ്റ്റാറ്റിലെ നാവിക വ്യൂഹത്തിൽ കലാപം നടത്തി തിരിച്ചു വന്ന നാവികരും ബോൾഷെവിക്കുകളും ചേർന്നാണ്,കലാപത്തിന് വട്ടം കൂട്ടിയത്.ട്രോട് സ്‌കി അറസ്റ്റിലായി.

ഏറ്റവും അവികസിതവും ദരിദ്രവുമായ രാഷ്ട്രമായാണ് റഷ്യയെ പടിഞ്ഞാറൻ യൂറോപ്പ് കണ്ടിരുന്നത്.കര്ഷകരാ യിരുന്നു,കൂടുതൽ.വ്യവസായ തൊഴിലാളികൾ ന്യൂന പക്ഷം.റഷ്യയിൽ മാത്രമായിരുന്നു,ഭൂവുടമകൾക്ക് അന്ന് അടിമകൾ ഉണ്ടായിരുന്നത്.യൂറോപ്പിലെ മറ്റ് രാഷ്ട്രങ്ങൾ മധ്യ കാലഘട്ടത്തിൽ തന്നെ അടിമത്തം അവസാനിപ്പിച്ചിരുന്നു.റഷ്യയിൽ അടിമത്തം നിരോധിച്ചത് 1861 ൽ മാത്രമാണ്.1890 -1910 ൽ പെട്രോഗ്രാഡ്,മോസ്‌കോ എന്നീ റഷ്യൻ നഗരങ്ങളിൽ ജനസംഖ്യ ഇരട്ടിച്ചു.1854 -56 ലെ ക്രിമിയൻ യുദ്ധം മുതലുള്ള യുദ്ധങ്ങൾ റഷ്യയെ ദാരിദ്ര്യത്തിൽ ആഴ്ത്തി.ഭക്ഷ്യ ക്ഷാമം കൊടുമ്പിരിക്കൊണ്ടു.1905 ലെ വിപ്ലവത്തിന് ശേഷം സാർ ചക്രവർത്തി പൊതുസഭയായ ദൂമ ഇടക്കിടെ പിരിച്ചു വിട്ടു.1914 ഓഗസ്റ്റിൽ സെർബുകൾക്ക് വേണ്ടി റഷ്യ ഒന്നാം ലോകയുദ്ധത്തിൽ പങ്കു ചേർന്നത് കൂനിന്മേൽ കുരുവായി .1915 ൽ ചക്രവർത്തി തന്നെ യുദ്ധ മുന്നണിയിലേക്ക് പോയി.അദ്ദേഹത്തിൻറെ അസാന്നിധ്യത്തിൽ അലക്‌സാൻഡ്ര രാജ്ഞി,ഗ്രിഗറി റാസ്‌പുട്ടിനെ അന്തഃപുരത്തിലേക്ക് എടുത്തു.ഭരണം നിയന്ത്രിച്ച അയാളെ,1916 ഡിസംബർ 30 ന് പ്രഭു വർഗം കൊന്നു.മിതവാദികൾ വിപ്ലവകാരികൾക്കൊപ്പമായി.ഈ പശ്ചാത്തലത്തിൽ ആയിരുന്നു,1917 ഫെബ്രുവരി വിപ്ലവം.
റാസ്‌പുടിൻ 
ഇതുവഴി വന്ന കെറൻസ്കിയുടെ താൽക്കാലിക ഭരണ കൂടം അഭിപ്രായ സ്വാതന്ത്ര്യം,നിയമത്തിനു മുന്നിൽ സമത്വം,തൊഴിലാളികൾക്ക് സംഘടനാ സ്വാതന്ത്ര്യം എന്നിവ ഉറപ്പു വരുത്തിയെങ്കിലും യുദ്ധക്കെടുതിയിൽ ജനം വലഞ്ഞു.കർഷകർ കൃഷിയിടങ്ങൾ കൊള്ളയടിച്ചു.ഭക്ഷ്യ കലാപങ്ങൾ വാർത്ത അല്ലാതായി.ഫെബ്രുവരി 27 ന് തൊഴിലാളികൾ ഡപ്യുട്ടികളെ തിരഞ്ഞെടുത്ത് പെട്രോഗ്രാഡ് സോവിയറ്റ് ഉണ്ടാക്കി.അതിൽ ഭൂരിപക്ഷം,മെൻഷെവിക്കുകൾ ആയിരുന്നു.അവർ താൽക്കാലിക ഭരണകൂട ആസ്ഥാനമായ ടോറിഡ് കൊട്ടാരത്തിൽ തന്നെ യോഗം വിളിച്ചു.ജനാധിപത്യ പുനഃസ്ഥാപനം,മത വിവേചനം അവസാനിപ്പിക്കൽ,നിയമനിർമാണ സഭയിലേക്ക് തിരഞ്ഞെടുപ്പ് എന്നിവ ആയിരുന്നു ആവശ്യങ്ങൾ.കാമനെവ് ഉൾപ്പെടെ പല ബോൾഷെവിക്കുകളും താൽക്കാലിക ഭരണകൂടത്തെ തുണച്ചു.സോവിയറ്റിൽ മാത്രമല്ല,പെട്രോഗ്രാഡ്,മോസ്‌കോ എന്നിവിടങ്ങളിലും മെൻഷെവിക്കുകൾക്കായിരുന്നു,ഭൂരിപക്ഷം.
എന്നാൽ,ജൂലൈ കലാപത്തിന് ശേഷം ബോൾഷെവിക്കുകൾക്ക് ശക്തി കൂടി.ഫെബ്രുവരിയിൽ 24000 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത്,സെപ്റ്റംബറിൽ അത് രണ്ടു ലക്ഷമായി.നഗരങ്ങളിലും ഭൂരിപക്ഷം കിട്ടി.ഓഗസ്റ്റിൽ പട്ടാള മേധാവി കോർണിലോവ് അട്ടിമറിക്ക് ശ്രമിക്കുകയും കെറൻസ്കി ബോൾഷെവിക്ക് പിന്തുണ തേടി അവർക്ക് ആയുധങ്ങൾ നൽകുകയും ചെയ്‌തതോടെ,ഭരണകൂടം ഉന്തിയാൽ തകരുമെന്ന നില വന്നു.സെപ്റ്റംബർ ആദ്യം,തടവിലായിരുന്ന ബോൾഷെവിക്കുകളെ മോചിപ്പിച്ചു.മോചിതനായ ട്രോട് സ്‌കി,പെട്രോഗ്രാഡ് സോവിയറ്റ് ചെയർമാനായി.
പാർവുസ്,ട്രോട് സ്‌കി,ദ്യുഷ് ,1906 
ഫിൻലൻഡിൽ നിന്ന് ലെനിനെ തങ്ങളുടെ പ്രദേശം വഴി അടഞ്ഞ ട്രെയിനിൽ റഷ്യയിൽ എത്തിക്കാൻ ജർമൻ രഹസ്യ പൊലീസ് തീരുമാനിച്ചത്,ലെനിൻ റഷ്യയിൽ കുഴപ്പങ്ങൾ ഉണ്ടാക്കിക്കോളും എന്ന തോന്നലിൽ ആയിരുന്നു.1905 ലെ ഗാപോൺ അച്ചനെപ്പോലെ,മാർക്സിസ്റ്റ് വിപ്ലവ ഗ്രന്ഥങ്ങളിൽ കാണാത്ത ഒരു കഥാപാത്രമാണ്,ആ തന്ത്രം മെനഞ്ഞത് -മാർക്സിസ്റ്റ് സൈദ്ധാന്തികനും ജർമൻ ചാരനുമായ അലക്‌സാണ്ടർ പാർവുസ്.ലെനിന് പണവും മറ്റു സൗകര്യങ്ങളും എത്തിച്ചിരുന്നത്,പാർവുസ് ആയിരുന്നു എന്നാണ് സൂചന.ലെനിനെ പാർവുസ് 1900 ൽ മ്യുണിക്കിലും 1915 ൽ ബേണിലും 1917 ഏപ്രിൽ 13 ന് സ്റ്റോക്ക്ഹോമിലും കണ്ടിരുന്നു.ഇസ്‌ക്ര എന്ന പത്രമിറക്കാൻ ലെനിനെ പ്രേരിപ്പിച്ചത്,പാർവുസ് ആയിരുന്നു.പത്രം ഇറങ്ങിയത് ജർമനിയിൽ നിന്നാണ് ;പത്രം പിടിക്കാൻ ഗുരു പ്ലഖനോവിനെ ലെനിൻ നിരാകരിക്കുകയും ചെയ്‌തിരുന്നു.1905 ലെ വിപ്ലവ ശേഷം,ജനീവയിൽ നിന്ന് ട്രോട് സ്‌കി, പെട്രോഗ്രാഡിലേക്ക് പോകുന്നതിനു പകരം,പാർവുസിനെ കാണാൻ മ്യുണിക്കിലേക്കാണ് പോയത്.പാർവുസിന്റേതായിരുന്നു,ട്രോട് സ്‌കി പിന്നീട് എഴുതിയ,സുസ്ഥിര വിപ്ലവം ( Permanent Revolution ) എന്ന സിദ്ധാന്തം.
വൈറ്റ് റഷ്യയിലെ ബരേസിനോയിൽ ജൂത കുടുംബത്തിൽ ജനിച്ച പാർവുസിൻറെ ശരിപ്പേർ ഇസ്രായേൽ ലാസറേവിച് ഹെൽപ്ഹാൻഡ് എന്നായിരുന്നു.വിപ്ലവകാരിയും സമ്പന്നനുമാവുക എന്നതായിരുന്നു,ലക്ഷ്യം.അയാൾ രണ്ടും സാധിച്ചു.യൗവനത്തിൽ അലക്‌സാണ്ടർ എന്ന് പേര് മാറ്റി.അലക്‌സാണ്ടർ ഹെൽപ്ഹാൻഡ് എന്ന പേരിൽ കച്ചവടം നടത്തി.അലക്‌സാണ്ടർ പാർവുസ് എന്ന പേരിൽ മാർക്‌സിസ്റ്റ് സൈദ്ധാന്തിക പ്രബന്ധങ്ങൾ എഴുതി.സൈദ്ധാന്തിക ലോകത്ത്,റോസാ ലക്സംബർഗ് പോലും,അയാളെ ജീനിയസ് ആയാണ് കണ്ടത്.

പാവപ്പെട്ട കുടുംബത്തിലായിരുന്നു,ജനനം.അച്ഛൻ കൊല്ലനായിരുന്നു.കുട്ടിക്കാലത്ത് വീട് കത്തിച്ചാമ്പലായപ്പോൾ,കുടുംബം ഒഡേസയിലേക്ക് മാറി.ഇന്ന് യുക്രൈനിലാണ്,ഒഡേസ.ബേസൽ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്‌സിൽ ഡോക്റ്ററേറ്റ് നേടിയ പാർവുസ്,ജർമ്മനിയിലേക്ക് കുടിയേറി,റോസാ ലക്സംബർഗിനെ കണ്ടു.ജർമനി അയാൾക്ക് പൗരത്വം നൽകിയില്ല." കുറഞ്ഞ ചെലവിൽ പിതൃഭൂമി കണ്ടെത്താനാണ് എൻറെ ശ്രമം",അയാൾ റോസയോട് പറഞ്ഞു.1904 -1905 ലെ ജപ്പാനുമായുള്ള യുദ്ധത്തിൽ റഷ്യ തോൽക്കും എന്ന പാർവുസിൻറെ പ്രവചനം ശരിയായപ്പോൾ ജർമനിക്ക് അയാളോട് മതിപ്പ് തോന്നി.ഒരു രാജ്യത്തിന് പുറത്തു നടക്കുന്ന യുദ്ധം,ആ രാജ്യത്ത് കലാപത്തിന് ഉപയോഗിക്കാം എന്ന പാർവുസിൻറെ സിദ്ധാന്തമാണ്,ട്രോട് സ്‌കി,സുസ്ഥിര വിപ്ലവ ത്തിൽ പ്രയോഗിച്ചത്.1917 ലെ ഏപ്രിൽ സിദ്ധാന്തങ്ങളിൽ ( April Theses ) ലെനിൻ ഇത് ഉപയോഗിച്ചു.(ഒന്നാം ലോകയുദ്ധ കാലത്ത് എം എൻ റോയ് തുടങ്ങിയവർക്ക് ജർമനി പണം നൽകിയതും ഓർക്കാം ).

തുർക്കിയിൽ ആയുധ വ്യാപാരത്തിൽ ഇടനിലക്കാരനായിരിക്കെ,പാർവുസ് ജർമൻ സ്ഥാനപതി ഹൻസ് ഫ്രയർ വോൺ വാൻഗൻഹെയ്‌മുമായി അടുത്തു.സഖ്യ കക്ഷികൾക്കിടയിൽ വിപ്ലവ അഞ്ചാം പത്തികളെ സൃഷ്ടിക്കുന്നതിൽ തൽപരനായിരുന്നു,അയാൾ.പൊതുപണിമുടക്ക് വഴി റഷ്യയെ തളർത്താനാകുമെന്ന് പാർവുസ് സ്ഥാനപതിയെ ബോധിപ്പിച്ചു.സ്ഥാനപതി,പാർവുസിനെ ബെർലിനിലേക്ക് അയച്ചു.1915 മാർച്ച് 15 ന് പാർവുസ്,ജർമൻ നേതൃത്വത്തിന് മുന്നിൽ 20 പേജ് പദ്ധതി അവതരിപ്പിച്ചു:റഷ്യയിൽ വൻ രാഷ്ട്രീയ സമരങ്ങൾക്കുള്ള പദ്ധതി ( A Presentation of Massive Political Strikes in Russia ).ബോൾഷെവിക്കുകളെ ഉപയോഗിച്ച് റഷ്യയെ രണ്ടാക്കുക എന്നതായിരുന്നു,പദ്ധതി.വംശീയ വിഘടന വാദികൾ,സാർ ഭരണത്തെ എതിർക്കുന്ന എഴുത്തുകാർ എന്നിവരും പദ്ധതിയിൽ പെട്ടു.പാർവുസ് ജർമൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി സൈദ്ധാന്തികനായി.സ്വിസ് സോഷ്യലിസ്റ്റ് ഫ്രിസ്‌ പ്ലാറ്റന്റെ മേൽനോട്ടത്തിൽ,1917 ഏപ്രിലിൽ ജർമൻ ഇന്റലിജൻസിനൊപ്പം പാർവുസ്,ലെനിനെയും 30 വിപ്ലവകാരികളെയും സ്വിറ്റ്‌സർലൻഡിൽ നിന്ന് ജർമനിയും സ്വീഡനും വഴി ട്രെയിനിൽ അയച്ചു.കോപ്പൻഹേഗൻ കേന്ദ്രമാക്കി,പോഷക കമ്പനികൾ വഴിയാണ്,പെട്രോഗ്രാഡിൽ ബോൾഷെവിക്കുകൾക്ക് പണം എത്തിച്ചത്.1905 ലും 1917 ലും പാർവുസ് പെട്രോഗ്രാഡിൽ എത്തി.
പാർവുസ് 
സോഷ്യലിസ്റ്റ് ലോകം പാർവുസിനെ വെറുക്കുന്ന ഒരു സംഭവമുണ്ട്:ഗോർക്കിയുമായി അദ്ദേഹത്തിൻറെ The Lower Depths എന്ന നാടകം കളിക്കാൻ പാർവുസ് ഒരു കരാറുണ്ടാക്കി.ലാഭത്തിൻറെ 25% ഗോർക്കിക്ക് നൽകും.500 വേദികളിൽ നാടകം കളിച്ചിട്ടും,ഗോർക്കിക്ക് ഒന്നും കൊടുത്തില്ല.1,30,000  ഗോൾഡ് മാർക്ക് പാർവുസ് മോഷ്ടിച്ചതായി വാർത്ത പരന്നപ്പോൾ,റോസാ ലക്സംബർഗ് ഇടപെട്ട്,ഗോർക്കിയെ ശാന്തനാക്കി.കുറെ നാൾ കഴിഞ്ഞ് പാർവുസ് പണം കൊടുത്തു.ബെർലിനിലെ പീക്കോക് ദ്വീപിലെ 32 മുറിയുള്ള കൊട്ടാര സദൃശമായ വസതിയിലായിരുന്നു,പാർവുസിൻറെ മരണം.രണ്ടു മക്കളും സോവിയറ്റ് നയതന്ത്ര രംഗത്തായിരുന്നു.ട്രോട് സ്‌കി എഴുതിയ സോവിയറ്റ് ചരിത്രത്തിൽ,ശങ്കകൾക്ക് മറുപടി പറയാൻ ശ്രമം ഉണ്ടെങ്കിലും,1917 ലെ 'വിപ്ലവ 'ത്തിൽ ജർമൻ രഹസ്യ പൊലീസിൻറെ പങ്ക് നില നിൽക്കും.
ജർമനി ലെനിനെ റഷ്യയിൽ എത്തിക്കും മുൻപ്,റാസ് ലിവ്,ഹെൽസിങ് ഫോഴ്‌സ് എന്നിവിടങ്ങളിൽ,ഒരു വയ്‌ക്കോൽ പാടത്തും പൊലീസ് മേധാവിയുടെ വീട്ടിലും വച്ചാണ്,ലെനിൻ ഭരണ കൂടവും വിപ്ലവവും എഴുതിയത്.വയ്‌ക്കോൽ പാടത്തിൻറെ ശാന്തതയും പൊലീസ് ഭീകരതയും മൂടിനിൽക്കുന്ന ആ പുസ്തകത്തിൽ ഇല്ലാത്തത്,യുക്തിയാണ്.സ്വപ്നത്തിൻറെയും ഭ്രാന്തിൻറെയും നൂൽപ്പാലത്തിൽ കഴിയുന്ന ഒരു രോഗിയെ ആ പുസ്തകത്തിൽ കാണാം.വിപ്ലവാനന്തര സമൂഹത്തിൽ അതിക്രമങ്ങൾ ഉണ്ടാകുമെന്ന് ലെനിൻ പറയുന്നു അവയെ അമർച്ച ചെയ്യേണ്ടതില്ല.ജനം സ്വയം അത് ചെയ്യും.ചൂഷണമാണ്,അതിക്രമത്തിന് കാരണം.ചൂഷണം കൊഴിയുന്നതോടെ,അതിക്രമങ്ങളും കൊഴിയും.എത്ര വേഗം കൊഴിയുമെന്ന് പറയാൻ ആവില്ല.കൊഴിയുന്നതോടെ,ഭരണകൂടവും കൊഴിയും !

ഈ ഭ്രാന്തൻ സിദ്ധാന്തം ലെനിൻ,എംഗൽസിന്റെ ആന്റി ഡ്യുറിങി ൽ നിന്ന് എടുത്തതാകാം.എംഗൽസ് പറയുന്നു:" ഭരണകൂടം കൊഴിയുമ്പോഴാണ് ചരിത്രം തുടങ്ങുന്നത്.അപ്പോഴേ മനുഷ്യൻ സ്വതന്ത്രൻ ആകൂ ".ലെനിൻ പറയുന്നു:" ഭരണകൂടം ഉള്ളിടത്തോളം,സ്വാതന്ത്ര്യം ഇല്ല ;സ്വാതന്ത്ര്യം ഉള്ളപ്പോൾ ഭരണകൂടവും ഇല്ല ."

സ്വാതന്ത്ര്യം എന്ന മഹത്തായ ആശയത്തെ ഇത്ര വികലമായി അവതരിപ്പിക്കുന്നയാൾ,വികലമായ മാനസിക ഘടന ഉള്ളയാളായിരിക്കും.
ഈ കൊഴിഞ്ഞു പോക്കിനെ 1918 ൽ ബുഖാറിൻ ചോദ്യം ചെയ്തപ്പോൾ,അത് വലിയ കാര്യമല്ല എന്നായിരുന്നു,ലെനിൻറെ മറുപടി.ഈ ഭ്രാന്തൻ രചനയ്ക്ക് ലെനിൻ നെചായേവ്,ബക്കുനിൻ എന്നിവരുടെ ജൽപനങ്ങളും സ്വീകരിച്ചിരിക്കാം.പുസ്തകത്തിനായി തയ്യാറാക്കിയ കുറിപ്പുകളുടെ മാർജിനിൽ ബക്കുനിൻറെ പേരുണ്ട്.പാരീസ് കമ്മ്യൂണിന്റെ കാലത്ത്,മാർക്‌സ് എഴുതിയ കത്തുകളിൽ ഒന്നിലെ ഈ വാചകം ലെനിനെ സ്വാധീനിച്ചിരിക്കാം:കമ്മ്യൂണിസ്റ്റ് ഘടന ( Communard ) ഉദ്യോഗസ്ഥ -സൈനിക ഘടനയെ തട്ടിത്തകർക്കും -ഈ ഭൂഖണ്ഡത്തിൽ ജനകീയ വിപ്ലവത്തിനുള്ള പ്രാഥമിക ഉപാധി ഇതാണ് ( 1871 ഏപ്രിൽ ).
1917 സെപ്റ്റംബർ 25 -27 ൽ ലെനിൻ എഴുതിയ രണ്ടു കത്തുകൾ,റഷ്യയിലെ ജനാധിപത്യ ഭരണകൂടത്തെ മറിച്ചിടുമെന്ന് ഉറപ്പിച്ചു:ഇപ്പോൾ നാം അധികാരം പിടിച്ചില്ലെങ്കിൽ,ചരിത്രം നമുക്ക് മാപ്പ് നൽകില്ല;പെട്രോഗ്രാഡിലും മോസ്കോയിലും ഒരേസമയം അധികാരം പിടിക്കുക -ഒന്നിച്ചായില്ലെങ്കിൽ,മോസ്‌കോയിൽ തുടങ്ങണം.
ലളിതമായാണ് വിപ്ലവ പദ്ധതി ലെനിൻ ഇവിടെ വരച്ചത്-ടെലഗ്രാഫ് ഓഫിസുകൾ പിടിക്കുക;ഉദ്യോഗസ്ഥരെ തടവിലാക്കുക,പീറ്റർ /പോൾ കോട്ടയിൽ സേനയെ വിന്യസിക്കുക.
സെപ്റ്റംബർ ഒടുവിൽ ലാറ്റുക് എന്ന പത്രപ്രവർത്തകന്റെ വീട്ടിൽ ക്രേന്ദ്ര കമ്മിറ്റി അംഗം അലക്‌സാണ്ടർ ഷോട്ട് മാൻ ലെനിനെ കണ്ടു.വിപ്ലവം വഴി കെറൻസ്കി സർക്കാരിൻറെ കറൻസി നോട്ടുകൾക്ക് വിലയില്ലാതായാൽ,എന്ത് ചെയ്യുമെന്ന് ഷോട്ട് മാൻ ചോദിച്ചു."നാം പത്രം ഓഫീസുകളിലെ പ്രസുകളിൽ അടിക്കും ",ലെനിൻ പറഞ്ഞു.പൊക്കം കുറഞ്ഞ ആ മനുഷ്യൻ,എത്ര പാപ്പരായിരുന്നു !
ഷോട്ട് മാൻ 

പാർട്ടി കൂടെ നിന്നില്ലെങ്കിൽ,സ്വന്തം നിലയ്ക്ക് അധികാരം പിടിക്കും എന്ന് വ്യക്തമാക്കിക്കൊണ്ട് ,ഒക്ടോബർ 12 ന് ലെനിൻ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് രാജിവച്ചു.ഒക്ടോബർ 21 ന് അയാൾ എഴുതി:റഷ്യൻ വിപ്ലവത്തിൻറെയും ലോക വിപ്ലവത്തിൻറെയും വിജയം,രണ്ടോ മൂന്നോ ദിവസത്തെ മാത്രം ആശ്രയിച്ചിരിക്കുന്നു.
അത്ര തന്നെ വേണ്ടി വന്നില്ല.വെറും 20 മണിക്കൂറിൽ ഭരണകൂടം വീണു.
ബ്രിട്ടനും ജർമനിയും സമാധാനസന്ധിയിൽ എത്തുമെന്ന് കിംവദന്തി ഉണ്ടായിരുന്നു.അങ്ങനെ വന്നാൽ,അവർ വെവ്വേറെ റഷ്യയെ ആക്രമിക്കുമെന്നും ബോൾഷെവിക്കുകൾ ക്ഷൗരം ചെയ്യേണ്ടി വരുമെന്നും ഏകാധിപതിക്ക് തോന്നി.അധികാരദാഹി അടങ്ങിയില്ല.
ഒക്ടോബർ 24 നും 25 നും ( നമ്മുടെ നവംബർ 6-7 ) ഇടയിൽ ഏകാധിപതിക്ക് ദരിദ്രജനം സിംഹാസനം ഒരുക്കി.

ലെനിൻ അധികാരമേറിയ ശേഷം,നിയമനിർമാണ സഭാ തിരഞ്ഞെടുപ്പുകളിൽ അയാളുടെ ബോൾഷെവിക്കുകൾക്ക് കിട്ടിയത്,24 % മാത്രം വോട്ടായിരുന്നു.പെട്രോഗ്രാഡിനും മോസ്‌കോയ്ക്കും പുറത്ത്,ബോൾഷെവിക്കുകൾക്ക് വോട്ടില്ല എന്ന് തെളിഞ്ഞു.അപ്പോൾ ലെനിൻ രാജി വയ്‌ക്കേണ്ടതായിരുന്നു.പകരം അയാൾ,ബോൾഷെവിക്കുകൾ അല്ലാത്തവരെ സോവിയറ്റ് അംഗത്വത്തിൽ നിന്ന് പുറത്താക്കി.1918 ജനുവരിയിൽ നിയമ നിര്മാണസഭ പിരിച്ചു വിട്ടു.1918 ജൂലൈ 16 ന് സാർ ചക്രവർത്തി കുടുംബത്തെ ഉന്മൂലനം ചെയ്‌തു.
നിയമ നിർമാണ സഭ പിരിച്ചു വിട്ടത്,ജനാധിപത്യ ധ്വംസനം ആയിരുന്നു എന്ന് മാർക്സിസ്റ്റ് ചിത്രകാരി റോസാ ലക്സംബർഗ് എഴുതി.ഭരണകൂടമുള്ളപ്പോൾ മനുഷ്യന് സ്വാതന്ത്ര്യമില്ല എന്നെഴുതിയ ഏകാധിപതി മനുഷ്യനെ അറിഞ്ഞില്ല.

See https://hamletram.blogspot.com/2019/07/6.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...