Friday 26 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 6

6.ഗോർക്കി എഴുതി,ലെനിൻ വഞ്ചകൻ !

മാക്‌സിം ഗോർക്കി ഏറ്റവും മഹാനായ എഴുത്തുകാരനാണെന്ന് മാർക്സിസ്റ്റുകൾ വിശ്വസിക്കുന്നു.ഗോർക്കിക്ക് ലെനിനെപ്പറ്റി ഒരു മതിപ്പും ഉണ്ടായിരുന്നില്ല.ലെനിൻറെ മരണാനന്തരം ഗോർക്കി എഴുതിയ ഓർമയിൽ,അകൽച്ചയിൽ നിന്നുള്ള ആദരം കാണാനുണ്ട്.
1907 ഏപ്രിൽ 30 ന് ആരംഭിച്ച് ഒരുമാസം നീണ്ട റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ലണ്ടനിൽ നടന്ന അഞ്ചാം കോൺഗ്രസിൽ ലെനിനെ ഗോർക്കി കണ്ടു.ഗോർക്കിയുടെ നോവൽ അമ്മ യുടെ കയ്യെഴുത്തു പ്രതി ഐ പി ലേദിഷ്‌നികോവിൽ നിന്ന് വാങ്ങി ലെനിൻ വായിച്ചിരുന്നു.കോൺഗ്രസ് നടക്കുമ്പോൾ,പാർട്ടി ബോൾഷെവിക്കുകളും മെൻഷെവിക്കുകളും ആയി തിരിഞ്ഞിരുന്നു.
ഇതേ വർഷമാണ് ലെനിനെ ആദ്യം കണ്ടതെന്ന് ഗോർക്കി എഴുതിയത് ശരിയല്ല.ഇരുവരും ആദ്യം കണ്ടത്,സെൻറ് പീറ്റേഴ്‌സ്ബർഗിൽ 1905 ലായിരുന്നു.1907 ലെ ലണ്ടൻ കോൺഗ്രസ് ആ ബന്ധം ഉറപ്പിച്ചു.കോൺഗ്രസിൽ ഗോർക്കിക്ക് വോട്ടവകാശം ഉണ്ടായിരുന്നു;പ്രസംഗിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.ഗോർക്കിക്ക് 30 വയസ്സായിരുന്നു.ലെനിനെക്കാൾ രണ്ടു വയസ് കൂടുതൽ.
ലെനിനും ഗോർക്കിയും 
കോൺഗ്രസ് ചേരാനിരുന്നത് കോപ്പൻഹേഗനിലാണ്.ഡാനിഷ് സർക്കാർ അവസാനനിമിഷം  അനുമതി നിഷേധിച്ചതിനാൽ,300 പ്രതിനിധികൾ സ്വീഡനിലെ മാൽമോയിൽ എത്തി.അവിടെ താമസം കണ്ടുപിടിക്കുമ്പോഴേക്കും,സ്വീഡിഷ് സർക്കാർ വിപ്ലവകാരികളോട് സ്ഥലം കാലിയാക്കാൻ ആവശ്യപ്പെട്ടു.ഇംഗ്ലീഷ് സോഷ്യലിസ്റ്റുകളായ എച്ച് എൻ ബ്രയിൽസ് ഫോർഡ്,ജോർജ് ലാൻസ്ബ്യുറി എന്നിവർ ലണ്ടനിൽ സൗകര്യം ഒരുക്കി.സൗത്ത് ഗേറ്റ് റോഡിലെ റവ.എഫ് ആർ സ്വാനിന്റെ ബ്രദർ ഹുഡ് പള്ളിയായ വൈറ്റ് ചാപ്പലിലാണ് പാർട്ടി കോൺഗ്രസ് നടന്നത് .ഗോർക്കി ഓർമിച്ചു:"വെറും മറച്ചുവരുകൾ ഒരലങ്കാരവും ഇല്ലാതെ അസംബന്ധമായി നിന്നു.കുന്തം പോലുള്ള ഇടുങ്ങിയ ജനാലകൾ,ഇടുങ്ങിയ ഹാളിലേക്ക് നോക്കി നിന്നു.ഒരു ദരിദ്ര സ്‌കൂളിലെ ക്‌ളാസ് മുറി പോലെ ആ ഹാൾ തോന്നിച്ചു".
ഗോർക്കിയെ പരിചയപ്പെടുത്തിയപ്പോൾ ലെനിൻ കൈകൾ മുറുകെപ്പിടിച്ചു."ഇവിടെ വലിയ അടി പ്രതീക്ഷിക്കാം",ലെനിൻ പറഞ്ഞു.
R  എന്ന അക്ഷരം ലെനിൻ ഉച്ചരിക്കുമ്പോൾ കൊഞ്ഞ ഉണ്ടായിരുന്നു.വെയ്സ്റ്റ് കോട്ടിൻറെ കയ്യുറകളിൽ,ഇരു കൈകളുടെയും പെരുവിരൽ തിരുകുന്നത് ശീലമായിരുന്നു.നേതാവിൻറെ പകിട്ടില്ല.
ഗോർക്കിയെ പ്ലഖനോവിന് പരിചയപ്പെടുത്തി.പുതിയൊരു ശിഷ്യനെ കിട്ടിയ ക്ഷീണിതനായ അധ്യാപകനെപ്പോലെ,കൈകെട്ടി ഗുരു അലസമായി നോക്കി.പൊടുന്നനെ ലെനിൻ അമ്മ യിലെ  പോരായ്‌മകളെപ്പറ്റി സംസാരിക്കാൻ തുടങ്ങി.ധൃതിയിലാണ് പുസ്തകം എഴുതിയതെന്ന് ഗോർക്കി പറഞ്ഞു." ധൃതി വച്ചത് നന്നായി",ലെനിൻ പറഞ്ഞു," ആ പുസ്തകം ആവശ്യമായിരുന്നു.പല തൊഴിലാളികളും പ്രസ്ഥാനത്തിൻറെ ഭാഗമായത്,സ്വാഭാവികമായി,വികാരം കൊണ്ടാണ്.അമ്മ അവർക്ക് പ്രയോജനപ്പെടും."
അഞ്ചു ഗ്രൂപ്പുകളാണ്,കോൺഗ്രസിൽ പങ്കെടുത്തത്.ബോൾഷെവിക്കുകൾ,മെൻഷെവിക്കുകൾ,ബണ്ടിറ്റുകൾ,ലാത്വിയ,പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ,അവർ ബെഞ്ചുകളിൽ ഇരുന്നു.മെൻഷെവിക്കുകൾ ഇടത്ത്,ബോൾഷെവിക്കുകൾ വലത്ത്,മറ്റ് ഗ്രൂപ്പുകൾ ഇടയ്ക്ക്.
മറ്റുള്ളവർക്ക് മനസിലാക്കാൻ പ്രയാസമായ ജോർജിയൻ ചുവയുമായി സ്റ്റാലിൻ ഇരുന്നു.കാമനെവ്,സിനോവീവ്,ട്രോട് സ്‌കി തുടങ്ങി പിൽക്കാലത്ത് സ്റ്റാലിൻ കൊന്നവരും ഉണ്ടായിരുന്നു.പ്രസിദ്ധർ മെൻഷെവിക്കുകൾ ആയിരുന്നു -പ്ലഖനോവ്,ആക്സൽറോഡ്,ദ്യൂഷ്,മാർട്ടോവ്,ഡാൻ.
ലണ്ടനിൽ 1903 ലെ രണ്ടാം പാർട്ടി കോൺഗ്രസിലാണ് മെൻഷെവിക്കുകൾ ചേരി മാറിപ്പോയത്.1912 ൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
ഇവാനോവിച് എന്ന വ്യാജപ്പേരിലാണ് സ്റ്റാലിൻ വന്നിരുന്നത്.വോട്ടവകാശമുള്ള,പ്രസംഗ അവകാശമില്ലാത്ത പ്രതിനിധി.പാർട്ടിക്ക് പണമുണ്ടാക്കാൻ അയാൾ നടത്തിയ കൊള്ളകളെ കോൺഗ്രസ് അപലപിച്ചു.ആ പ്രമേയത്തെ ലെനിൻ എതിർത്തു.
മുഖ്യ താത്വികൻ പ്ലഖനോവ് ആയിരുന്നു,ഉദഘാടകൻ.പ്രസംഗം തുടങ്ങി 20 മിനിറ്റ് കഴിഞ്ഞപ്പോൾ ബോൾഷെവിക്കുകൾ അസ്വസ്ഥരായി.ലെനിൻ എരിപിരി കൊണ്ടു.പാർട്ടിയിൽ റിവിഷനിസ്റ്റുകൾ ഇല്ലെന്ന് ഗുരു പറ ഞ്ഞപ്പോൾ,ലെനിൻ ചിരി അമർത്തി.ലെനിൻ പ്രസംഗിക്കുമ്പോൾ,മെൻഷെവിക്കുകൾ തടസ്സപ്പെടുത്തി.അവർ ഒച്ച വച്ചു:ഈ കോൺഗ്രസ് തത്വം വിളമ്പാനുള്ളതല്ല.ഞങ്ങളെ പഠിപ്പിക്കണ്ട,ഞങ്ങൾ സ്‌കൂൾ കുട്ടികൾ അല്ല.താൻ ഗൂഢാലോചനക്കാരൻ !
ലെനിനൊപ്പം വില കുറഞ്ഞ ഹോട്ടലിൽ ആഹാരം കഴിച്ച സംഘത്തിൽ ആയിരുന്നു,ഗോർക്കി.ലെനിൻ അധികo കഴിച്ചില്ല -രണ്ടോ മൂന്നോ മുട്ട,ഒരു കഷണം പന്നിയിറച്ചി,ഒരു മഗ് ബീർ.
അക്കാലത്ത് ഇറ്റലിയിലെ കാപ്രിയിലാണ്,ഗോർക്കി താമസിച്ചിരുന്നത്.കോൺഗ്രസ് കഴിഞ്ഞ് പാരിസിൽ രണ്ടുമുറി ഫ്ലാറ്റിൽ ലെനിനെയും ഭാര്യയെയും ഗോർക്കി കണ്ടു.തൊഴിലാളികൾക്ക് സ്വയം പഠനത്തിനുള്ള ചരിത്ര പരമ്പര എന്ന ഗോർക്കിയുടെ ആശയം ലെനിൻ തള്ളി.അവർക്ക് വായിക്കാൻ നേരമില്ല.പുസ്തകം വാങ്ങുന്നത് ബുദ്ധിജീവികളാണ്.ഒരു പത്രവും ലഘു ലേഖകളും ആണ് വേണ്ടത്.ലെനിൻ പെട്ടെന്ന് എഴുന്നേറ്റ് പെരുവിരലുകൾ വെയ്സ്റ്റ് കോട്ടിൽ തിരുകി,മുറിയിൽ നടക്കാൻ തുടങ്ങി.കണ്ണുകൾ തിളങ്ങി.വരാനിരിക്കുന്ന യുദ്ധത്തെപ്പറ്റി ചെറു പ്രസംഗം നടത്തി.
മരിയ 
ഇരുവരും പിന്നെ കാപ്രിയിൽ കണ്ടു.ഓസ്ട്രിയൻ ചിന്തകൻ ഏണസ്റ്റ് മക്കിനു റഷ്യയിൽ ആരാധകർ ഉണ്ടാകുന്നത് സംസാരിച്ച് ലെനിൻ അയാളെ നിരാകരിച്ചു.യൗവ്വനം മുതൽ തത്വചിന്തയെ സംശയമാണെന്ന് ഗോർക്കി പറഞ്ഞു.അനുഭവവുമായി അതിന് ബന്ധമില്ല.തത്വ ചിന്ത പെണ്ണിനെപ്പോലെയാണ്;ചമഞ്ഞു വരും.ലെനിൻ പൊട്ടിച്ചിരിച്ചു.മുതലാളിത്തം ഭൂമിയെ എങ്ങനെ നശിപ്പിച്ചു എന്ന വിഷയത്തിൽ നോവൽ എഴുതാൻ ലെനിൻ പറഞ്ഞു.അവിടെയെത്തിയ നോവലിസ്റ്റായ ബൊഗ്ദാനോവിനെ ലെനിൻ കുത്തി നോവിച്ചു.
ഗോർക്കിയുടെ വെപ്പാട്ടി മരിയ ആൻഡ്രിയെവയ്ക്ക് നൊവായ ഷിസൻ  ( നവജീവൻ ) എന്ന പത്രം ഉണ്ടായിരുന്നു.ബോൾഷെവിക്കുകൾ ഇതിൽ എഴുതാൻ തുടങ്ങി.ലെനിൻ ഇതും പിടിച്ചെടുക്കാൻ ഒരുമ്പെട്ടു.ബോൾഷെവിക്കുകളുടെ കയ്യിലായ പത്രം നിരോധിച്ചു.ഗോർക്കിയും മരിയയും ഫിൻലൻഡിലേക്ക് കടന്നു.
1914 ലെ യുദ്ധകാലത്ത്,റഷ്യയിൽ പാർട്ടി ഉണ്ടായിരുന്നില്ല.പുറത്ത് ലെനിൻറെ അനുയായികൾ കഷ്‌ടി 20 പേർ.ഇതിൽ സിനോവീവും ഇനെസ്സ ആർമാൻഡും മാത്രമേ ഉറച്ചവർ ആയിരുന്നുള്ളു.ലെനിൻറെ ശരിയായ പ്രണയിനി ആയിരുന്നു ഇനെസ്സ.ലെനിന് വേണ്ടി അവർ പിയാനോ വായിച്ചു.ബീഥോവൻറെ അപോഷ്യനാറ്റ ലെനിന് പ്രിയമായിരുന്നു.
1917 ൽ റഷ്യയിൽ സാർ ഭരണകൂടത്തെ അട്ടിമറിച്ചു കെറൻസ്കി ഉണ്ടാക്കിയ താൽക്കാലിക ഭരണ കൂടവും ബോൾഷെവിക്കുകളുടെ പെട്രോഗ്രാഡ് സോവിയറ്റും തമ്മിൽ തർക്കമായപ്പോൾ,ഇരുവരും സന്ധിയിൽ എത്തണമെന്ന് ഗോർക്കി,ഭരണകൂടത്തിന് എഴുതി.സൂറിച്ചിൽ നിന്ന് ലെനിൻ അയയ്ക്കുന്ന കത്തുകൾ പ്രവദ പ്രസിദ്ധീകരിച്ചിരുന്നു.ഇവ Letter From Afar എന്ന പേരിൽ പുറത്തു വന്നു.ഭരണ കൂടത്തിനുള്ള കത്തിൽ ഗോർക്കി ആവശ്യപ്പെട്ടത്,മാനത്തോടെ ജീവിക്കാനുള്ള സമാധാനം ആയിരുന്നു.
ലെനിൻ ക്ഷുഭിതനായി.'മാനം' അയാൾക്ക് ബൂർഷ്വാ മുൻ വിധി ആയിരുന്നു.ഗോർക്കിയെ പിച്ചി ചീന്തി മാർച്ച് 25 ന് ലെനിൻ നാലാം കത്ത് എഴുതി.ചിത്ര ശലഭത്തിനു മേൽ റോഡ് റോളർ കയറ്റും പോലെ ആയിരുന്നു,അത്:

വെറും മണ്ടൻ മുൻവിധികൾ നിറഞ്ഞ ഇത്തരമൊരു കത്ത് വായിച്ചപ്പോൾ കയ്‌പ്‌ ( ഗോർക്കി എന്ന വാക്കിന് അർത്ഥം,കയ്‌പ്‌ ) അനുഭവപ്പെട്ടു.കാപ്രിയിൽ വച്ചുള്ള സംഭാഷണങ്ങളിൽ ഞാൻ ഗോർക്കിയോട് അദ്ദേഹത്തിനു പറ്റിയ രാഷ്ട്രീയ പിഴവുകളെപ്പറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.ശാസിച്ചിരുന്നു.ഗോർക്കി ഈ ശാസനകളെ സഹജമായ മധുര പുഞ്ചിരിയാൽ ഒഴിവാക്കി,ഏറ്റു പറയും,"ഞാനൊരു ചീത്ത മാർക്‌സിസ്റ്റ് ആണ്;ഞങ്ങൾ കലാകാരന്മാർ കുറച്ചൊക്കെ ഉത്തരവാദിത്തം ഇല്ലാത്തവരാണ്."...ഇതിനെതിരെ നമുക്ക് തർക്കിക്കാൻ ആവില്ല.ഗോർക്കിക്ക് നല്ല കലാശേഷിയുണ്ട്.അത് ആഗോള തൊഴിലാളി പ്രസ്ഥാനത്തിന് മുതൽക്കൂട്ടായിരിക്കും.പക്ഷെ,ഗോർക്കി എന്തിനാണ്,രാഷ്ട്രീയത്തിൽ ഇടപെടുന്നത്?ഗോർക്കിയുടെ കത്തിൽ കാണുന്നത്,ബൂർഷ്വകൾക്കും അവരുടെ സ്വാധീനത്തിൽപെട്ട ഒരു വിഭാഗം തൊഴിലാളികൾക്കുമുള്ള മുൻ വിധികളാണ്.ഇവക്കെതിരെ നിരന്തര പോരാട്ടത്തിന് പാർട്ടിയുടെയും രാഷ്ട്രീയ ബോധമുള്ള തൊഴിലാളികളുടെയും ശക്തി തിരിച്ചു വിടണം.ഈ യുദ്ധം സാർ ഭരണകൂടം തുടങ്ങി വച്ചതാണ്...ഭൂവുടമകളുടെയും മുതലാളിമാരുടെയും ഭരണകൂടം ...ആ ഭരണകൂടത്തോട് സമാധാനത്തിന് നിർദേശം വയ്ക്കുന്നത്,വേശ്യാലയ ഉടമയോട്,ചാരിത്ര്യ പ്രസംഗം നടത്തുന്നത് പോലെയാണ്.
നൊവായ ഷിസൻ,1905 
സൂറിച്ചിൽ നിന്നെഴുതിയ കത്ത്,സ്റ്റോക്ക് ഹോമിലേക്ക് അയച്ച് പെട്രോഗ്രാഡിൽ എത്തിക്കുകയായിരുന്നു.അപ്പോൾ ഫെബ്രുവരിയിലെ റഷ്യൻ വിപ്ലവം തുടങ്ങി പത്തു നാൾ പിന്നിട്ടിരുന്നു.വിപ്ലവ നായകൻ പ്രവാസത്തിലായിരുന്നു.എന്നിട്ടും,കൂട്ടുകാരനെ സംഹരിക്കുന്നതിൽ ആയിരുന്നു,കമ്പം.
കത്തിന് ഗോർക്കി അപ്പോൾ മറുപടി നൽകിയില്ല.ലെനിൻ റഷ്യയിൽ മടങ്ങിയെത്തി,ഭരണകൂട അട്ടിമറിയിൽ ഏർപ്പെട്ട ശേഷം,1917 നവംബർ 21 ന് ഗോർക്കി നൊവായ ഷിസൻ പത്രത്തിൽ ലെനിന് എതിരെ ആഞ്ഞടിച്ചു:

അന്ധരായ ഭ്രാന്തന്മാരും ദയയില്ലാത്ത സാഹസികരും സാമൂഹിക വിപ്ലവത്തിലേക്ക് പായുകയാണ് -ഇത് അരാജകത്വത്തിലേക്കും തൊഴിലാളി വർഗ്ഗത്തിൻറെ നാശത്തിലേക്കും വിപ്ലവത്തിൻറെ തന്നെയും നാശത്തിലേക്കുള്ള പോക്കാണ്.
ഈ പാതയിൽ ലെനിനും കിങ്കരന്മാരും ധരിക്കുന്നത്,ഏതു കുറ്റവും ചെയ്യാമെന്നാണ്.പെട്രോഗ്രാഡിൽ കൂട്ടക്കൊല.മോസ്‌കോയിൽ നാശം.സംസാര സ്വാതന്ത്ര്യത്തിനു വിലക്ക്.വിവേകം നശിച്ച അറസ്റ്റുകൾ -പ്ലീഹ്‌വെയും സ്റ്റോലിപെനും കാട്ടിയ അതേ രാക്ഷസീയ പ്രവൃത്തികൾ.
അവരിരുവരും ജനാധിപത്യത്തിനും റഷ്യയിൽ ക്രമവും സത്യസന്ധവുമായിരുന്ന എല്ലാറ്റിനും എതിരെ പ്രവർത്തിച്ചു എന്നത് നേരാണ്.ലെനിനാകട്ടെ,തൊഴിലാളി വർഗ്ഗത്തിലെ വലിയ വിഭാഗത്തിൻറെ പിന്തുണയുണ്ട്.തൊഴിലാളികളുടെ സാമാന്യ ബുദ്ധിയും അവരുടെ ചരിത്ര ദൗത്യത്തെക്കുറിച്ചുള്ള തിരിച്ചറിവും അവരുടെ കണ്ണ് തുറപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ലെനിൻ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുക അസാധ്യമാണ്.ബക്കുനിൻ,നെചായേവ് എന്നിവരുടെ പാതയിൽ,അരാജക പ്രവണതകൾ നിറഞ്ഞ ഭ്രാന്താണ്,ലെനിനുള്ളത്.
തങ്ങളുടെ ചോര കൊണ്ടാണ് ലെനിൻ പരീക്ഷണം നടത്തുന്നതെന്ന് തൊഴിലാളി വർഗം തിരിച്ചറിയണം.തൊഴിലാളി വർഗ്ഗത്തിൻറെ വികാരത്തെ വലിച്ചു നീട്ടി അതിൻറെ ഫലം എന്തായിരിക്കുമെന്ന് പരീക്ഷിക്കുകയാണ്.റഷ്യയിലെ തൊഴിലാളി വർഗത്തിന്,ഇന്നത്തെ സാഹചര്യങ്ങളിൽ അയാൾ വിജയം പ്രതീക്ഷിക്കുന്നില്ല.തൊഴിലാളി വർഗത്തെ രക്ഷിക്കാൻ ഒരു അദ്‌ഭുതം അയാൾ പ്രതീക്ഷിക്കുന്നുണ്ടാകാം.
അദ്‌ഭുതങ്ങളുണ്ടാവില്ലെന്ന് തൊഴിലാളി മനസ്സിലാക്കണം.അവനെ കാത്തിരിക്കുന്നത്,വിശപ്പും പൂട്ടിയ വ്യവസായ ശാലകളും നിലച്ച ഗതാഗതവും നീണ്ട രക്തരൂക്ഷിതമായ  അരാജകത്വവും ചോര പുരണ്ട,ഇരുൾ മൂടിയ പ്രത്യാഘാതവുമാണ്.അതിലേക്കാണ്,തൊഴിലാളി വർഗത്തെ നേതാക്കൾ നയിക്കുന്നത്.ലെനിൻ സർവശക്തനായ മായാജാലക്കാരനല്ല.അയാൾ തീരുമാനിച്ചുറച്ച ചെപ്പടി വിദ്യക്കാരനാണ്.അയാൾക്ക് തൊഴിലാളി വർഗ്ഗത്തിൻറെ ജീവനോടോ,ആത്മാഭിമാനത്തോടോ ഒരു മമതയും ഇല്ല.സാഹസികരും ഭ്രാന്തന്മാരും ചെയ്യുന്ന വൃത്തികെട്ട,അസംബന്ധമായ,ഹീനമായ കുറ്റങ്ങൾ തൊഴിലാളി വർഗത്തിന് മേൽ ചാരാനുള്ള ശ്രമം തൊഴിലാളികൾ അനുവദിക്കരുത്.ലെനിനല്ല ,തൊഴിലാളി വർഗത്തിനായിരിക്കും,ഉത്തരവാദിത്തം.
ഗോർക്കി 
ഒരു പാർട്ടിയുടെയും സംരക്ഷണമില്ലാതെ,ഗംഭീരമായ ഏകാന്തതയിൽ,ഗോർക്കി,റഷ്യയുടെ മനഃസാക്ഷി ആയി നിന്നു.ലെനിൻറെ ഉരുക്കുമുഷ്ടിക്കു പോലും ഗോർക്കിയെ നിശബ്ദനാക്കാൻ കഴിഞ്ഞില്ല.
വിപ്ലവത്തെ ലെനിൻ ഒറ്റി എന്ന് വെളിവാക്കി,നവംബർ 23 ന് പത്രത്തിൽ,ഗോർക്കി,തൊഴിലാളികൾക്കുള്ള ഒരു വിളംബരം പ്രസിദ്ധീകരിച്ചു:

തൊഴിലാളി വർഗത്തോട് 

നെചായേവിന്റെ വഴിയിലൂടെ,"മാലിന്യക്കൂമ്പാരത്തിലൂടെ അതിവേഗം ലെനിൻ റഷ്യയിലേക്ക്,സോഷ്യലിസ്റ്റ് ഭരണകൂടത്തെ" കൊണ്ടു വന്നിരിക്കുന്നു.നമുക്ക് ഏതു റഷ്യക്കാരനെയും അപമാനിച്ച് നമുക്കൊപ്പം കൊണ്ടു വരാം  എന്ന് നെചായേവ് പറഞ്ഞതിനോട് ഒട്ടി നിൽക്കുന്നവരാണ്,ലെനിനും ട്രോട് സ്‌കിയും അവരെ ചളിക്കുണ്ടിലേക്ക് അനുഗമിക്കുന്നവരും.അങ്ങനെ,വിപ്ലവവും തൊഴിലാളി വർഗവും ഹീനമായി അപമാനിക്കപ്പെട്ടിരിക്കുന്നു.തൊഴിലാളികൾ കൂട്ടക്കൊലകൾക്കും വംശഹത്യകൾക്കും നിര്ബന്ധിക്കപ്പെട്ടിരിക്കുന്നു...

മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ തൊഴിലാളികളെ സമ്മതിപ്പിച്ച ശേഷം ലെനിനും കിങ്കരന്മാരും ജനാധിപത്യത്തിൻറെ ശത്രുക്കൾക്ക് അതിൻറെ വായടയ്ക്കാൻ അവസരം നൽകിയിരിക്കുന്നു.ലെനിൻ -ട്രോട് സ്‌കി ഏകാധിപത്യത്തെ എതിർക്കുന്നവർക്കെതിരെ ക്ഷാമം,കൂട്ടക്കൊല എന്നീ ഭീഷണികൾ പ്രയോഗിച്ചു.ഈ നേതാക്കൾ അവരുടെ പീഡനത്തെ ന്യായീകരിക്കുന്നു.വർഷങ്ങളായി ഈ രാജ്യത്തെ നന്മയുള്ളവർ ഇത്തരം പീഡനങ്ങൾക്കെതിരെയാണ് പോരാടിയത്.
സോഷ്യലിസത്തിൻറെ നെപ്പോളിയന്മാരാണ് തങ്ങളെന്ന് ഈ ലെനിനിസ്റ്റുകൾ ഭാവിക്കുന്നു.ഓരോ പ്രദേശത്തേക്കും അവർ കടന്നു കയറി റഷ്യയുടെ പതനം ഉറപ്പു വരുത്തുന്നു.ഒരു ചോരക്കടൽ വഴിയാണ്,റഷ്യൻ ജനത ഇതിനു വില നൽകേണ്ടത്....
( ലെനിന് ) ' നേതാവ് ' ആകാനുള്ള മേന്മകളുണ്ട്.അത്തരമൊരു പദവിക്ക് വേണ്ട ധാർമിക ശൂന്യത അദ്ദേഹത്തിനുണ്ട്.ജനത്തോട് ' വരേണ്യനു'ള്ള പുച്ഛവും അദ്ദേഹത്തിനുണ്ട്.
ലെനിൻ നേതാവും റഷ്യൻ വരേണ്യനുമാണ്.ആ ജീർണിച്ച വർഗ്ഗത്തിൻറെ ധാർമിക വിശേഷങ്ങളെല്ലാം അദ്ദേഹത്തിനുണ്ട്.ഇക്കാരണത്താലാണ്,ആരംഭം മുതൽ തോൽക്കുന്ന ക്രൂര പരീക്ഷണത്തിലേക്ക് റഷ്യൻ ജനതയെ നയിക്കാൻ അവകാശമുണ്ടെന്ന് അദ്ദേഹം കരുതിയത്.
യുദ്ധം കൊണ്ട് നശിക്കുകയും ക്ഷീണിക്കുകയും ചെയ്‌ത നമ്മുടെ ജനത ഇപ്പോൾ തന്നെ ആയിരക്കണക്കിന് ജീവൻ ബലി കഴിച്ചു.ഇനി പതിനായിരക്കണക്കിന് വേണ്ടി വരും.ദീർഘ കാലം നാം തകർച്ചയിൽ ആയിരിക്കും.
റഷ്യ ഈ ദുരന്തം സഹിക്കുന്നത് ലെനിനെ ദുഃഖിപ്പിക്കുന്നില്ല.അയാൾ വരട്ടുവാദത്തിൻറെ അടിമയാണ്.വൈവിധ്യമാർന്ന ജീവിതത്തെപ്പറ്റി അയാൾക്ക് ബോധമില്ല.ജനത്തെ അറിയില്ല.അവരുടെ കൂടെ നിന്നിട്ടില്ല.അവരെ എങ്ങനെ കലാപങ്ങൾക്ക് പ്രേരിപ്പിക്കാം എന്ന് പുസ്തകങ്ങളിൽ നിന്ന് പഠിച്ചിട്ടുണ്ട്.എളുപ്പത്തിൽ അവരുടെ വികാരങ്ങളെ ഇളക്കാനും അറിയാം.രസവാദിയുടെ കൈയിലെ മൂലകം പോലെയാണ്,അയാൾക്ക് തൊഴിലാളി വർഗം.നിശ്ചിത സാഹചര്യങ്ങളിൽ,ഈ മൂലകത്തെ സോഷ്യലിസ്റ്റ് ഭരണകൂടമാക്കുക അസാധ്യമാണ്.പരീക്ഷണം പരാജയപ്പെട്ടാൽ ലെനിന് എന്ത് ചേതം?
രസവാദി ജഡ പദാർത്ഥങ്ങളിൽ പരീക്ഷണം നടത്തുന്നു.ലെനിൻ ആകട്ടെ,ജീവിക്കുന്ന മാംസത്തിൽ പരീക്ഷണം നടത്തി വിപ്ലവത്തെ പതനത്തിൽ എത്തിക്കുന്നു.ലെനിൻറെ പാതയിലെ സത്യസന്ധരായ തൊഴിലാളികൾ ഭീകരമായ പരീക്ഷണമാണ് തങ്ങളിൽ നടക്കുന്നത് എന്നറിയണം.ഈ പരീക്ഷണം അവരിലെ ശക്തിയെ നശിപ്പിക്കും.ദീർഘ കാലം വിപ്ലവത്തിൻറെ സ്വാഭാവിക വികാസം തടയപ്പെടും.

ഗോർക്കി വിപ്ലവത്തെ മ്യൂസിയം ഡയറക്ടറുടെ ശങ്കകളോടെയാണ് സ്വാഗതം ചെയ്തതെന്ന് ട്രോട് സ്‌കി കളിയാക്കി.ഗോർക്കി ഭയന്നില്ല.പത്രം ധീരമായി ലെനിനെ ആക്രമിച്ചു-അതിൻറെ പ്രസിദ്ധീകരണം ബലം പ്രയോഗിച്ച് തടയും വരെ.

See https://hamletram.blogspot.com/2019/07/5.html









No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...