Thursday, 25 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 5

5.ലെനിൻ പ്ലഖനോവിനെ വെട്ടി നിരത്തി

ലെനിൻറെ തിരഞ്ഞെടുത്ത കൃതികളിൽ,സ്വന്തം ജീവിതവുമായി ബന്ധപ്പെട്ട ആഖ്യാനം ഒന്നേയുള്ളു -17  പേജ് നീണ്ട ആ വിവരണമാകട്ടെ,പ്ലഖനോവുമായി തർക്കിച്ച് പിരിഞ്ഞത്തിന്റേതാണ്.ഒരു പത്രവും മാസികയും തുടങ്ങുന്നതിനെപ്പറ്റി ലെനിൻ എഴുതിയ കുറിപ്പ്,വേറ സസൂലിച്ചിനെക്കൊണ്ട് പ്ലഖനോവ് മാറ്റി എഴുതിച്ചു.ലെനിൻറെ ഭാഷ പ്ലഖനോവിന് പിടിച്ചില്ല.ഉള്ളടക്കത്തിന് കാമ്പുള്ളതായും തോന്നിയില്ല.
ലെനിൻ ആദ്യമായി വിദേശത്തു പോകുന്നത്,1895 ൽ പ്ലഖനോവിനെ കാണാൻ വേണ്ടി തന്നെയാണ്.റഷ്യൻ മാർക്‌സിസ സ്ഥാപകരായ ലെനിനെയും ആക്സൽറോഡിനെയും ജനീവയിൽ ലെനിൻ കണ്ടു.സ്വതന്ത്ര ബൂർഷ്വയുമായി സഖ്യം വേണ്ടി വരുമെന്ന് അവർ ലെനിനെ വിശ്വസിപ്പിച്ചു.റഷ്യയിലേക്ക് മടങ്ങിയ ലെനിൻ,സെൻറ് പീറ്റേഴ്‌സ്ബർഗിലെ സമരങ്ങളെ തുടർന്ന് ഒന്നരക്കൊല്ലം ജയിലായി,ലഖു ലേഖകൾ എഴുതി.അതിനു ശിക്ഷയായി മൂന്നു കൊല്ലം സൈബീരിയയിലേക്ക് നാട് കടത്തി.അവിടെയും എഴുതി.ആധുനിക ന്യൂറോളജിയിൽ ഇത് തലച്ചോറിനെ ബാധിച്ച അസുഖമാണ് -ഹൈപ്പർഗ്രാഫിയ.കേരളത്തിലെ പാർട്ടിയിലും ഇത് ബാധിച്ചവർ ഉണ്ടായിരുന്നു.
പ്ലഖനോവ്  
സൈബീരിയയിൽ,റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകളുടെ കടമ എന്ന ലഘു ലേഖയും റഷ്യയിൽ മുതലാളിത്തത്തിൻറെ വികാസം എന്ന പ്രബന്ധവും എഴുതി.ഈ പ്രബന്ധമാണ്,എതിർ ചേരിക്ക് എതിരെ ലെനിൻറെ മാസ്റ്റർപീസ്.താൻ ഉൾപ്പെട്ട സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ആരുമായി സഖ്യത്തിൽ ഏർപ്പെടണം എന്ന് വ്യക്തമാക്കുന്നതാണ്,ലഘു ലേഖ.നമ്മുടെ പാർട്ടിക്ക് ഒരു കരട് പരിപാടി ( 1899 ) എന്ന രേഖയിൽ ലെനിൻ എഴുതി:പെറ്റി ബൂർഷ്വയുടെ ജനാധിപത്യാവശ്യങ്ങൾക്ക് പിന്തുണ നൽകുക എന്നാൽ,പെറ്റി ബൂർഷ്വയ്ക്ക് പിന്തുണ നൽകൽ അല്ല.
രാഷ്ട്രീയ സഖ്യങ്ങളെ സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗിക്കാം എന്നേ ലെനിൻ കരുതിയിരുന്നുള്ളു.തൊഴിലാളി വർഗവും അടിസ്ഥാന തന്ത്രത്തിൻറെ ഭാഗം മാത്രമായി.ജനകീയ ചേരിക്ക് ശക്തി പോയപ്പോൾ,സോഷ്യൽ ഫെമോക്രാറ്റുകൾക്കിടയിൽ പുതിയ ആശയങ്ങൾ നാമ്പിടുന്നത് ലെനിനെ വിറളി പിടിപ്പിച്ചു.കാർഷിക പ്രശ്നത്തെപ്പറ്റി കൗട് സ്‌കി എഴുതിയ ലേഖനത്തെ വിമർശിച്ച് എസ് ബുൾഗാക്കോവ് എഴുതിയ ലേഖനം കണ്ട് താൻ രോഷാകുലനായെന്ന് ലെനിൻ തന്നെ പറഞ്ഞിട്ടുണ്ട്.ബേൺസ്റ്റീന് ജനപ്രിയത കൂടുന്നതും ബുൾഗാക്കോവ് തുടങ്ങിയവർക്ക് സ്വീകാര്യത കിട്ടുന്നതും ലെനിനെ ആകുലനാക്കി.അതിനാൽ താൻ തത്വചിന്ത പഠിക്കാൻ തുടങ്ങിയെന്ന് 1899 ജൂൺ 27 ന് ലെനിൻ എ എൻ പോട്രേസോവിന് എഴുതി.ഹോൾബാക്കിനെയും സി എ ഹെൽവെറ്റിയസിനെയും വായിച്ചു.ഇമ്മാനുവൽ കാന്റിനെ വായിക്കണം.തത്വ ചിന്താപരമായ തർക്കങ്ങൾ ലെനിൻ ഗൗനിച്ചില്ല.സോഷ്യൽ ഡെമോക്രാറ്റുകൾ ഇക്കണോമിസം എന്നൊരു വരട്ടുവാദം കൊണ്ടുവന്നപ്പോഴും ലെനിൻ കലി തുള്ളി.ഇവർ പുറത്തിറക്കിയ ക്രെഡോ എന്ന രേഖയ്ക്കുള്ള മറുപടിയാണ്,എന്താണ് ചെയ്യേണ്ടത്? എന്ന ലെനിൻറെ രേഖ.പ്ലഖനോവ് നിരവധി സിദ്ധാന്തങ്ങൾ കൊണ്ടു വന്നിട്ടും താൻ സൈദ്ധാന്തികൻ ആയില്ല എന്ന തോന്നലിൻറെ ഉൽപന്നം കൂടി ആയിരുന്നു,ഇത്.ഇത് ബോൾഷെവിസത്തിന് അടിത്തറയായി.
സൈബീരിയയിലെ തടവ് കഴിഞ്ഞ് 1900 തുടക്കത്തിൽ ലെനിൻ വീണ്ടും ജനീവയിൽ എത്തി.റഷ്യൻ സോഷ്യൽ ഡെമോക്രാറ്റുകളുടെ പ്രസ്ഥാനത്തിന്,ഇസ്‌ക്ര ( തീപ്പൊരി ) എന്ന പ്രസിദ്ധീകരണം ഉണ്ടാക്കാൻ ലെനിൻ പ്ലഖനോവിനെ കണ്ടപ്പോഴായിരുന്നു,പൊട്ടിത്തെറി.
യുവാവായ ലെനിൻ പ്രീതി നേടുന്നതിൽ പ്ലഖനോവിന് താൽപര്യം ഇല്ലായിരുന്നു.അവർ തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ആഖ്യാനമാണ്,ആദ്യം പറഞ്ഞത്.
ലെനിൻ(നടുവിൽ ) മാർട്ടോവ് ( വലത് )-1898 
അദ്‌ഭുതങ്ങൾ പ്രതീക്ഷിച്ചാണ്,ലെനിൻ എത്തിയത്.തൻറെ രോമക്കുപ്പായത്തിലെ ഒരു ബട്ടണുമായി പ്രേമത്തിലായ കർക്കശക്കാരനായ കരണവരാണ് പ്ലഖനോവ്  എന്ന് ഗോർക്കി എഴുതി.ആ ബട്ടണിൽ തടവി തടവി ഒരു ഘട്ടം എത്തുമ്പോൾ,പ്ലഖനോവ്,അതമർത്തും.ആ  നിമിഷം പ്രഭാഷണം ഒന്ന് നിൽക്കും.അത് കഴിഞ്ഞ് വാക്കുകളുടെ പ്രവാഹം.ലെനിൻ ആജ്ഞ സ്വീകരിക്കാൻ ഒരുക്കം അല്ലായിരുന്നു.അതിനാൽ എതിർത്തു.വേറയെ ലെനിന് ഇഷ്ടമായിരുന്നു.അവർ പ്ലഖനോവിനെ ആദരിക്കുന്നത് കണ്ട് ലെനിന് അദ്‌ഭുതം തോന്നി.വേറയും  ആക്സൽറോഡും പ്ലഖനോവിന് പരിചയായപ്പോൾ,ലെനിൻ ഏകനായി.പത്രം ,മാസിക എന്നിവയുടെ സൈദ്ധാന്തിക നിയന്ത്രണം ആർക്ക് എന്നായിരുന്നു,തർക്കം.
 അടുത്ത പ്രഭാതത്തിലും തർക്കം തുടർന്നു.തീപ്പൊരി എങ്ങനെയാണണച്ചത്‌ എന്ന ശീര്ഷകത്തിലാണ്,ലെനിൻറെ ആഖ്യാനം. മറ്റ് ലേഖനങ്ങളിലെ കൈയക്ഷരവുമായി നോക്കുമ്പോൾ രോഷം വിങ്ങിയതാണ്,ഒറ്റയടിക്ക് 17 പേജ് അണ പൊട്ടൽ.പ്ലഖനോവിൻറെ ഗുരുനാട്യവും പുച്ഛവും  കോപാകുലനാക്കി  എന്നാണ് ലെനിൻ എഴുതുന്നത്.കർശനമായ വാഗ്‌വാദത്തിൽ,താൻ വ്യക്തിപരമായ ആക്രമണങ്ങളിൽ പങ്കെടുത്തിട്ടില്ലെന്ന് പ്ലഖനോവ് പറഞ്ഞു.രാഷ്ട്രീയ തത്വങ്ങൾ വെളിവാക്കാൻ പ്ലഖനോവ്  ചില സ്വകാര്യ കത്തുകൾ ( ലെനിനുമായി അല്ല ) പ്രസിദ്ധീകരിച്ചത് വ്യക്തിപരം തന്നെയായിരുന്നു." പ്ലഖനോവ് അസഹിഷ്‌ണുത കാട്ടി",ലെനിൻ എഴുതി,"മറ്റുള്ളവരുടെ വാദങ്ങൾ കേൾക്കാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.അതിനു കഴിവില്ലായിരുന്നു,സത്യസന്ധൻ അല്ലായിരുന്നു."
വേറ സസൂലിച് 
'ഇസ്‌ക്രയുടെയും സാര്യയുടെയും പത്രാധിപ സമിതി പ്രഖ്യാപനത്തിൻറെ കരട്' എന്ന രേഖ ലെനിൻ തയ്യാറാക്കിയിരുന്നു.ഇസ്‌ക്ര,പത്രം.സാര്യ ( പ്രഭാതം )മാസിക.ഇതാണ് പ്ലഖനോവ് മടക്കിയത്.കുപിതനായി മാറ്റിയെഴുതി കൊടുത്തു.അത് തിരുത്താൻ വേറയ്ക്ക് കൊടു ത്തപ്പോൾ ലെനിൻ ഞെട്ടിപ്പോയി.പത്രാധിപ സമിതിയുടെ വോട്ടവകാശത്തെപ്പറ്റി ലെന്സിനും പ്ലഖനോവും തർക്കിച്ചു.സമിതിയിൽ ആറ് അംഗങ്ങൾ ആകാമെന്ന് തീരുമാനിച്ചു.പ്ലഖനോവ്,ആക്സൽറോഡ്,വേറ സസൂലിച്* ,ലെനിൻ,മാർട്ടോവ്,എ എൻ പോട്രെസോവ്.തനിക്ക് രണ്ടു വോട്ട് വേണമെന്ന് പ്ലഖനോവ് വാശി പിടിച്ചു.ലെനിൻ അതിനെ എതിർത്തു.
ലെനിൻ എഴുതുന്നു:(ലെനിൻ / തിരഞ്ഞെടുത്ത കൃതികൾ,വാല്യം 4,പേജ് 342 )

ജാല വിദ്യയാൽ എന്ന പോലെ പ്ലഖനോവിനോടുള്ള എൻറെ ആകർഷണം അപ്രത്യക്ഷമായി.അവിശ്വസനീയമായ തലത്തിൽ ഞാൻ അപമാനിക്കപ്പെട്ടു.എനിക്കു നൊന്തു.എനിക്ക് ജീവിതത്തിൽ ഒരിക്കലും മറ്റൊരാളോടും ഇത്ര ആദരവും പരിഗണനയും ആദരവും തോന്നിയിരുന്നില്ല.ഒരാൾക്ക് മുന്നിലും ഇത്ര വിനയത്തോടെ ഞാൻ നിന്നിട്ടില്ല.ഇത് പോലെ വേറൊരാളിൽ നിന്നും എനിക്ക് പുറകിൽ തൊഴി കിട്ടിയിട്ടില്ല.അതാണ് ഉണ്ടായത്....കുഞ്ഞുങ്ങളെപ്പോലെ ഭയപ്പെടുത്തി ഞങ്ങളുടെ ബുദ്ധിയെ തളർത്തി....ഒരു മാന്യതയുമില്ലാതെ ഞങ്ങളെ നിരാകരിച്ചു.രാവിലെ സഹ എഡിറ്ററാകാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ തന്നെ ശാന്തമായി പ്ലഖനോവ് ഞങ്ങളെ കെണിയിലാക്കുകയായിരുന്നു.അത് നിശ്ചയിച്ചറപ്പിച്ച ചതുരംഗ കളി ആയിരുന്നു....

എല്ലാം ഉപേക്ഷിച്ച് റഷ്യയിലേക്ക് മടങ്ങാൻ തോന്നിയെന്ന് ലെനിൻ എഴുതുന്നു.എന്നാൽ ഏകാധിപതിയുമായി ഒരു കൂടിക്കാഴ്ച കൂടിയാകാമെന്ന് തീരുമാനിച്ചു.ഒരു ശവമടക്കിനു പോകും പോലെ ആയിരുന്നു,ഇത്.താൻ ചീത്തയാണെന്ന് ലെനിൻ പ്ലഖനോവിനോട് തുറന്നടിച്ചു.പ്രസക്തമല്ലാത്ത തോന്നലുകൾക്ക് ലെനിൻ അടിമയായെന്ന് കാരണവർ സിദ്ധാന്തിച്ചു.ലെനിൻറെ സഹായത്തെ ആശ്രയിച്ചല്ല താൻ കഴിയുന്നത്.വിയോജിപ്പുണ്ടായതിനാൽ കൈകൂപ്പി ചാരിയിരിക്കാൻ പോകുന്നില്ല.വേണമെങ്കിൽ രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിക്കാം.
ഇത് കേട്ട് ലെനിൻ ക്ഷുഭിതനായി കൂടിക്കാഴ്ച അവസാനിപ്പിച്ചു.അടുത്ത നാൾ വീണ്ടും കാരണവരെ കണ്ടു.പത്രാധിപ സമിതിയിൽ വാഗ്വാദം അനുവദിക്കാമോ എന്നറിയാൻ.കാരണവർ നിരസിച്ചു.എങ്ങനെയാണ് വോട്ടെടുപ്പ് എന്ന് ലെനിൻ ചോദിച്ചു.അടിസ്ഥാന പ്രശ്നങ്ങളിൽ വോട്ടെടുപ്പ് പറ്റില്ലെന്നായി,കാരണവർ.പത്രമിറക്കാൻ ന്യൂറംബെർഗിലേക്ക് പോകുമ്പോൾ,ലെനിൻറെ ഉള്ളു കലമ്പി.
ഇസ്‌ക്ര 
ലെനിൻറെ ഭാഷ സംസ്‌കാര ഹീനവും കരണവരുടേത്,സൗമ്യവും ആയിരുന്നു.ലെനിൻ ഉപയോഗിക്കുന്ന ചീത്ത വാക്കുകൾ റഷ്യൻ സോഷ്യലിസ്റ്റ് റിയലിസ സാഹിത്യത്തിൽ സുലഭമായിരുന്നു.ഇക്കാര്യത്തിൽ മാർക്‌സും ദിമിത്രി പിസാറേവും ആയിരുന്നു,ലെനിന് മാതൃക.കടിഞ്ഞാൺ വിടാതെ ലെനിൻ ജർമനിയിൽ ഇസ്‌ക്രയ്ക്കും സാര്യയ്ക്കും യന്ത്രം ഒരുക്കി.ഭാര്യ ക്രൂപ്സ്കേയ തടവ് കഴിഞ്ഞ് മ്യുണിക്കിൽ എത്തിയപ്പോൾ,അവരെ പത്രാധിപ സമിതി അധ്യക്ഷയാക്കി.പ്ലഖനോവ് സ്വിറ്റ്‌സർലൻഡിൽ തുടർന്നു -അസ്തമിക്കുന്ന കാരണവർ.1901 ലെ ശിശിരത്തിൽ ലെനിൻറെ ആദ്യ സൈദ്ധാന്തിക ഗ്രന്ഥം പുറത്തു വന്നു.ചർണിഷേവ്സ്കിയുടെ പ്രസിദ്ധ നോവലിൻറെ ശീർഷകം കടമെടുത്തു:എന്താണ് ചെയ്യേണ്ടത്?( What is to be Done ?).ഇതിലെ സിദ്ധാന്തങ്ങൾക്ക് മാർക്സിസവുമായി ഒരു ബന്ധവും ഇല്ല.സെർജി നെചായേവ്,പിസാറേവ് എന്നിവരുടെ ആശയങ്ങൾ കടം എടുക്കുകയായിരുന്നു.തൊഴിലാളി വർഗ്ഗത്തിൻറെ ഉന്നമനം ആ വർഗ്ഗത്തിൻറെ തന്നെ പണിയാണ് എന്ന മാർക്‌സിയൻ സിദ്ധാന്തം നിരാകരിച്ച്,പരിശീലനം സിദ്ധിച്ച ഒരു സംഘം ബുദ്ധിജീവികൾ വിപ്ലവത്തിൻറെ കാവലാളായി നിൽക്കുമെന്ന് ഉറപ്പിക്കുന്നു."സ്വന്തം പ്രയത്നത്താൽ,തൊഴിലാളി വർഗത്തിന് തൊഴിലാളി യൂണിയൻ മനസ്സുണ്ടാക്കാനേ കഴിയൂ ,ലെനിൻ എഴുതുന്നു  പ്രവാചകനെപ്പോലെയാണ് ലെനിൻ ഇതിൽ സ്വയം അവതരിപ്പിക്കുന്നത്.ലെനിൻ കടം കൊണ്ട നെചായേവിന്റെ പുസ്തകത്തിൻറെ പേരു തന്നെ,വിപ്ളവത്തിന്റെ അനുഷ്ടാന വിധി ( The Revolutionary Catechism ) എന്നാണ്.
റഷ്യൻ തൊഴിലാളി വർഗത്തെ ലോക തൊഴിലാളി വർഗ നായകന്മാരാക്കും എന്ന് ലെനിൻ ഇതിൽ പറയുമ്പോൾ,ജർമൻ,ബ്രിട്ടീഷ്,അമേരിക്കൻ തൊഴിലാളികളെക്കാൾ പിന്നാക്കമായിരുന്നു.
നെചായേവ് 
ഇസ്‌ക്രയുടെ ആദ്യ ലക്കത്തിൽ പ്ലഖനോവിൻറെ ലേഖനം ഉണ്ടായിരുന്നു.
ലെനിൻറെ സിദ്ധാന്തം,പാർട്ടിയെ പ്രൊഫഷനൽ ബുദ്ധിജീവികൾ റാഞ്ചാൻ ഇടയാക്കുമെന്നും അതിന് മാർക്‌സുമായി ബന്ധമില്ലെന്നും പ്ലഖനോവ് എഴുതിക്കൊണ്ടിരുന്നു.സ്വന്തം നിലയ്ക്ക് തൊഴിലാളി വർഗത്തിന് സോഷ്യലിസ്റ്റ് അവബോധം ഉണ്ടാകില്ലെന്ന ലെനിൻറെ നിരീക്ഷണം മാർക്സിസത്തിന് നിരക്കില്ല.1905 ലെ വിപ്ലവവും പ്ലഖനോവിൻറെ ചിന്തയെ മാറ്റിയില്ല.ഇതിനു ശേഷം ലെനിൻ പ്ലഖനോവിനെ ഗുരുസ്ഥാനത്തു നിന്ന് നീക്കി.ലെനിൻ ഉൾപ്പെട്ട ബോൾഷെവിക്ക് ചേരിക്ക് എതിരായ മെൻഷെവിക്ക് ചേരിയിൽ ഗുരു ചേർന്നു.1905 നു ശേഷം ചരിത്രം,തത്വശാസ്ത്രം,സൗന്ദര്യ ശാസ്ത്രം എന്നിവയിൽ ഗുരു എഴുത്ത് ഒതുക്കി.നിരവധി വാല്യങ്ങളുള്ള റഷ്യൻ സാമൂഹ്യ തത്വശാസ്ത്ര ചരിത്രം മനസ്സിൽ ഉണ്ടായിരുന്നെങ്കിലും,മൂന്ന് വാല്യങ്ങളേ പൂർത്തിയാക്കാൻ ആയുള്ളൂ.1905 -1914 ൽ കമ്മ്യൂണിസ്റ്റ് ഇന്റർനാഷനലിലെ മധ്യ ചേരിക്ക് ഒപ്പമായിരുന്നു.ഒന്നാം ലോകയുദ്ധ കാലത്ത്,സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിലെ വലതു ചേരിയിൽ എത്തി.1917 ഫെബ്രുവരിയിൽ രാജഭരണം കട പുഴകിയപ്പോൾ,പ്ലഖനോവ് റഷ്യയിൽ തിരിച്ചെത്തി.ഒക്ടോബർ ' വിപ്ലവം ' ബോൾഷെവിക്കുകൾക്ക് പറ്റിയ പാളിച്ചയാണെന്ന് അദ്ദേഹം കണ്ടു.ഫെബ്രുവരിയിൽ ലെനിൻ ഇല്ലാത്ത നേരത്തു നടന്ന വിപ്ലവത്തിൻറെ നേട്ടങ്ങളെ അത് നശിപ്പിക്കുമെന്ന് പ്രവചിച്ചു.1918 മെയ് 30 ന് ഒരു ഫിനിഷ് ചികിത്സാ കേന്ദ്രത്തിൽ നിരാശനും ഏകാകിയുമായി മരിച്ചു.ലെനിന് ശേഷം,പുനരധിവാസമുണ്ടായി.
ഫിൻലൻഡിലേക്ക് അവസാനകാലത്ത് പോയത്,'ജന ശത്രു' എന്ന് വിളിച്ച്,സദാ പ്ലഖനോവിനെ ലെനിൻറെ റെഡ് ഗാർഡുകൾ വേട്ടയാടിയത് കൊണ്ടായിരുന്നു.ആ കാരണവരെ നാം ഓർക്കണം:1904 ൽ തന്നെ, ലെനിൻ ഉന്മൂലനത്തിന് ഒരുമ്പെടുമെന്ന് ഗുരു പറഞ്ഞിരുന്നു.**ലെനിൻ മുന്നോട്ടു വച്ച സംഘടനാ സംവിധാനത്തെ മാർട്ടോവ് എതിർത്ത്,ലെനിൻ രാജി വച്ചു പോയ ശേഷമാണ് ഇത് ഗുരു പറഞ്ഞത്.റോസാ ലക്‌സംബർഗും അത് മുൻകൂട്ടി കണ്ടിരുന്നു.
-------------------------------
* വേറ സസൂലിച്:ആദ്യ റഷ്യൻ വിപ്ലവകാരി സെർജി നെചായേവിന്റെ ശിഷ്യ,മെൻഷെവിക് നേതാവ്.സെൻറ് പീറ്റേഴ്‌സ്ബർഗ് ഗവർണർ ഫയദോർ ട്രെപ്പോവിനെ വെടിവച്ചു പരുക്കേൽപിച്ചു.ലെനിനും നെചായെവിനും ഇടയിലെ കണ്ണി
.  
** Plekhanov: Imagine that the Central Committee possessed the still-debated right of liquidation. The Central Committee everywhere liquidates the elements with which it is dissatisfied, everywhere seats its own creatures and, filling all the committees with these creatures, without difficulty guarantees itself a fully submissive majority at the congress.The congress, constituted of the creatures of the Central Committee, amiably cries Hurrah!, approves all its successful and unsuccessful actions, and applauds all its plans and initiatives.( Adam Bruno Ulam/The Bolsheviks,1965 ,Page 193 ).

See https://hamletram.blogspot.com/2019/07/3.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...