Showing posts with label സഭ. Show all posts
Showing posts with label സഭ. Show all posts

Tuesday 18 June 2019

ഉയിർപ്പ്, ഒരു പൊളിച്ചെഴുത്ത്

യേശു കുരിശിൽ മരിച്ചില്ല 


യേശു കുരിശില്‍ മരിക്കാത്തതിനാല്‍, ഉത്ഥാനം അഥവാ ഉയിര്‍പ്പ്, പ്രതീകാത്മകമാണ്; മരിച്ച യേശു ജീവിച്ചു എന്നല്ല. യേശു കുരിശില്‍ മരിക്കുകയുണ്ടായില്ല. കുരിശില്‍ തറയ്ക്കപ്പെട്ടയാള്‍ രാത്രി മുഴുവന്‍ കുരിശില്‍ കിടക്കരുത്, എന്നതാണ്, ജൂതചട്ടം. 

യേശുവിന്റെ ബ്രഹ്മചാരി സംഘത്തിലെ എസനീയന്‍ എഴുതിയ 'കുരിശേറ്റല്‍' എന്ന കത്തില്‍, യേശുവിന്റെ ഒരു വശത്തെ മുറിവ് പരാമര്‍ശിക്കുന്നു. യേശുവിന്റെ കുരിശിലേറ്റിനുശേഷം അവിടെയെത്തിയ നിക്കോദേമസ് എന്ന വൈദ്യന്, യേശു മരിച്ചില്ല എന്നറിയാമായിരുന്നു. യേശു മരിച്ചിരുന്നെങ്കില്‍, ആ മുറിവില്‍നിന്ന് അത്രനേരം ചോര ഒഴുകില്ലായിരുന്നു. അതിനാല്‍, നിക്കോദേമസ്, അരിമത്തിയയിലെ ജോസഫിനെ പിലാത്തോസിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹം സ്വയം, ഔഷധലേപനത്തിനുള്ള മരുന്നുകള്‍ ശേഖരിക്കാനെന്ന നാട്യത്തില്‍, പുറത്തേക്ക് പോയി. അരയ്ക്കുമുകളിലെ മുറിവിനെപ്പറ്റി, കുരിശേറ്റല്‍ പ്രസ്താവിക്കുന്നു. അതിനര്‍ത്ഥം, ഈ മുറിവ്, പൊതുവിശ്വാസത്തിന് വിരുദ്ധമായി, സാമാന്യം താഴത്തായിരിക്കും. പ്രധാന അവയവങ്ങള്‍ക്കൊന്നും പരിക്കേറ്റില്ല. കുന്തം തൊലി പിളര്‍ത്തി എന്നേയുള്ളൂ. 

കുരിശേറ്റലിന്റെ ചട്ട പ്രകാരം, കാലുകള്‍ കുന്തംകൊണ്ട് കുത്തിയില്ല. അപ്പോഴുണ്ടായ ഭൂകമ്പം, യേശുവിന്റെ ഞരമ്പുകളെ വൈദ്യുതീകരിച്ചിരിക്കാം. അരിമത്തിയയിലെ ജോസഫിനെ പിലാത്തോസിനടുത്തേക്ക് അയച്ചു എന്ന ബൈബിള്‍ വചനം ഞാന്‍ അടിവരയിടുന്നു. എന്തിന്? യേശുവിന്റെ രക്ഷപ്പെടുത്തല്‍ സുഗമമാക്കാന്‍. യേശുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്നത്, 'താവു' കുരിശാണ്. ഇംഗ്ലീഷിലെ T എന്ന അക്ഷരംപോലെയുള്ളത്. 

കാറ്റ കോംബ്സിലെ യേശു ചിത്രം -നാലാം നൂറ്റാണ്ട്
 
പെയിന്റിംഗുകള്‍ കണ്ട്, യേശു മൊത്തം കുരിശ് തന്നെത്താന്‍ വഹിച്ചു എന്നാണ് നമ്മുടെ ധാരണ. സത്യം അതല്ല. കുരിശിന്റെ വിലങ്ങനെയുള്ള, പ്ലാറ്റിബുലം എന്ന ഭാഗം മാത്രമാണ്, യേശു വഹിച്ചത്. അത് അന്നത്തെ ചട്ട പ്രകാരം, 110 പൗണ്ട് അഥവാ 50 കിലോ വരും. കുരിശിന്റെ ലംബമായ, സ്റ്റൈപ്‌സ് എന്ന ഭാഗം, കുരിശില്‍ തറയ്ക്കുന്നിടത്ത്, സ്ഥിരമായി നിന്നിരുന്നതാണ്. കൈപ്പത്തിയില്‍ മുള്ളാണി തറയ്ക്കുമായിരുന്നില്ല. കൈത്തണ്ടയിലെ റേഡിയല്‍, അള്‍ന എന്നീ ചെറിയ എല്ലുകള്‍ക്കിടയിലാണ്, ആണി തറച്ചിരുന്നത്. വൈദ്യനായ ലൂക്കോസ് അദ്ദേഹത്തിന്റെ സുവിശേഷത്തില്‍ പറയുന്നത്, ഗത്‌സമേനില്‍, യേശുവിന്റെ വിയര്‍പ്പ്, ചോരത്തുള്ളികളായി എന്നാണ്. 

ആധുനിക വൈദ്യശാസ്ത്രത്തില്‍, ഇതിന്, ഹെമാറ്റിഡ്രോസിസ് എന്ന് പറയും. മാനസികമായ പിരിമുറുക്കത്തില്‍, വിയര്‍പ്പുഗ്രന്ഥികളിലെ സൂക്ഷ്മ രക്തവാഹിനിക്കുഴലുകള്‍ (capillaries) പൊട്ടുന്നു. കുരിശേറ്റല്‍ സാധാരണ അവസാനിച്ചിരുന്നത്, കാലിലെ എല്ലുകള്‍ പൊട്ടിച്ചുകൊണ്ടാണ്. ഇര, മേലോട്ട് സ്വയം തള്ളാതിരിക്കാനാണ്, ഇത്. ഇതിന് Cruris fracture എന്നുപറയും. യേശുവിനൊപ്പം കുരിശില്‍ തറച്ച കള്ളന്മാരുടെ കാലുകളിലെ എല്ലുകള്‍ തകര്‍ത്തു. എന്നാല്‍ യേശുവിന്റെ എല്ലുകള്‍ തകര്‍ത്തില്ല. അതാണ്, അതിജീവനത്തിന് വഴിവച്ചത്. യോഹന്നാന്‍ (19:33-34) പറയുന്നു: അവര്‍ അവന്റെ കാലുകള്‍ ഒടിച്ചില്ല. പടയാളികളില്‍ ഒരാള്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തുവന്നു. ഉടനെ രക്തവും വെള്ളവും പുറത്തുവന്നു എന്നതിനര്‍ത്ഥം, യേശു ശ്വാസംമുട്ടി മരിച്ചില്ല എന്നുതന്നെ. മാര്‍ക്കോസും ലൂക്കോസും പറയുന്ന ഉയിര്‍പ്പിനെ കോറിന്തോസുകാര്‍ക്കുള്ള ആദ്യ കത്തില്‍, പൗലോസ് നിരാകരിക്കുന്നു (1കോറിന്തോസുകാര്‍, 15:50): 

സഹോദരരേ, ഞാന്‍ പറയുന്നു: ജഡത്തിനും രക്തത്തിനും ദൈവരാജ്യം അവകാശമാക്കാന്‍ സാധ്യമല്ല; നശ്വരമായതിന് അനശ്വരമായതിനെ അവകാശമാക്കാന്‍ സാധ്യമല്ല. 

കുരിശേറ്റലിന് സാക്ഷികളായ, മത്തായിയും യോഹന്നാനും, ഉയിര്‍പ്പിനെ പരാമര്‍ശിക്കുന്നില്ല. ശരീരത്തിന്റെ ഉയിര്‍പ്പ്, പല ഭാരതീയ പുരാണങ്ങളിലുമുണ്ടല്ലോ. തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ നിന്ന്, സുന്ദരമൂര്‍ത്തി നായനാര്‍, ഉടലോടെ സ്വര്‍ഗത്തിലേക്ക് പോയി. ഉടലോടെ സ്വര്‍ഗത്തിലേക്ക് പോകാം; മരിച്ചശേഷം എഴുന്നേറ്റു നടക്കാന്‍ പറ്റില്ല.

സഭയുടെ നിർമ്മിതി 

സഭ നിര്‍മിച്ച അശ്ലീല സിദ്ധാന്തമാണ്, ഉയിര്‍പ്പ്. ആ സിദ്ധാന്തം, ത്യാഗത്തെ ചെറുതാക്കുന്നു. ഉയിര്‍പ്പുണ്ടെങ്കില്‍, മരണം വഴിയുള്ള ത്യാഗം ഇല്ല. യേശു ഉയിര്‍ത്തുവെങ്കില്‍, ഒളിംപസില്‍നിന്ന് മനുഷ്യകുലത്തിന് അഗ്നികൊണ്ടുവന്ന പ്രൊമിത്യൂസിന്റെ ത്യാഗത്തിന് മുന്നില്‍, അവന്‍ ആരുമല്ല. പ്രൊമിത്യൂസിനെ, കഴുകന്‍മാര്‍ക്ക് തീറ്റയായി, പാറയില്‍ കെട്ടിയിടുകയായിരുന്നു. ഉയിര്‍പ്പുവഴി പ്രൊമിത്യൂസ് തിരിച്ചുവന്നിരുന്നെങ്കില്‍, അയാള്‍ ലോകത്തിന് മുന്നില്‍ ഇത്ര വലുതാകുമായിരുന്നില്ല. ഒരു ത്യാഗത്തിനും, ഉയിര്‍പ്പ് പകരമല്ല. ഉയിര്‍പ്പ് രക്തസാക്ഷിത്വമല്ല. ഒരു രക്തസാക്ഷി ഉയിര്‍ക്കുന്നത്, മാനവ മനസ്സിലാണ്. അതിനാല്‍, യേശു ഉയിര്‍ത്തില്ല എന്നു നാം വിശ്വസിക്കുന്നതാണ്, അദ്ദേഹത്തിന് നന്ന്.

യഹൂദിയയില്‍ പിലാത്തോസിന് മുന്‍പ് ഗവര്‍ണറായിരുന്ന പൂബ്ലിയസ് ലെന്തുലസ് എഴുതിയ ഒരു യേശു വിവരണം, കുരിശേറ്റല്‍ പുസ്തകത്തി ലുണ്ട്:

അവന്‍ കുലീനനും സുന്ദരനുമായിരുന്നു. മുടിക്ക്, പാകമായ ചെസ്റ്റ്‌നട്ടിന്റെ നിറമായിരുന്നു. ചുമലുകള്‍ക്ക് മണ്ണിന്റെ നിറം. നെറ്റിക്ക് നടുവില്‍ മുടി പകുത്തിരുന്നു. കട്ടിയുള്ള, നീളം കുറഞ്ഞ താടി, നടുവില്‍ പകുത്തിരുന്നു. അവന്‍ ശാസിച്ചപ്പോള്‍, ആളുകള്‍ ഭയന്നു. അപ്പോള്‍ അവന്‍ കരഞ്ഞു. അവന്‍ ചുരുക്കമായേ സംസാരിച്ചിരുന്നുള്ളൂ. ജ്ഞാനത്തില്‍ അവന്‍ അപാരനായിരുന്നു. അവന് എല്ലാ ശാസ്ത്രവും അറിയാമായിരുന്നു. അവന്‍ ചെരുപ്പുകള്‍ ധരിച്ചു. 

ഈ വിവരണം, റോമിലെ കാറ്റാ കോംബ്‌സിലെ ഒരു കുഴിമാടത്തില്‍ കാണുന്ന യേശുവിന്റെ ഏറ്റവും പഴയ ചിത്രവുമായി യോജിക്കുന്നു. ഒരു കലാകാരന്‍ വരച്ച ആദ്യ ചിത്രത്തോട്, 1266-1337 ല്‍ ജീവിച്ച ഗിയോട്ടോ വരച്ച ചിത്രത്തോട് കുറെയൊക്കെ യോജിക്കുന്നു. യോഹന്നാനൊപ്പം എസനീയ ബ്രഹ്മചാരി സംഘത്തില്‍ അംഗമായിരുന്ന യേശു, ഭാരതത്തിലാകാം, ശാസ്ത്രങ്ങള്‍ പഠിച്ചിരിക്കുക. ഗലീലിയയില്‍ പ്രത്യക്ഷപ്പെടും മുന്‍പേ, യേശു മറ്റുള്ളവര്‍ക്ക് ജ്ഞാനസ്‌നാനം നടത്തിയിരുന്നുവെന്ന്, ഡോ.എസ്. രാധാകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. ഫരിസേയരും സദ്ദൂക്കിയരുമായിരുന്നു, അന്ന് ജനപ്രിയര്‍. എസനീയര്‍ ചെറുവിഭാഗമായിരുന്നു.

എന്തിന്?

എന്തിനാണ്, യേശുവിനെ കുരിശില്‍ തറച്ചത്? അതൊരു രാഷ്ട്രീയ നടപടിയായിരുന്നു. അന്ന് രാഷ്ട്രീയമെന്നാല്‍, മതരാഷ്ട്രീയമാണ്. ഫരിസേയരും സദ്ദൂക്കിയരും കയ്യാളിയിരുന്ന മതത്തിനെതിരായ മതം യേശു മുന്നോട്ടുവച്ചു. സദൂക്കിയര്‍ എപിക്യൂറിയന്‍മാരും ഫരിസേയര്‍, സ്റ്റോയിക്കുകളുമായിരുന്നു. ഭക്ഷണത്തിലും പാനീയത്തിലും സുഖം കണ്ടെത്തിയിരുന്നവരാണ്, ഗ്രീക്ക് തത്വചിന്തകന്‍ എപിക്യൂറസിന്റെ ശിഷ്യര്‍; നിസംഗമായി എല്ലാം സഹിച്ചവരായിരുന്നു, സ്റ്റോയിക്കുകള്‍. യേശു ഇരുകൂട്ടരെയും ശാസിച്ചു; അവന്‍ ശിഷ്യരോട് പറഞ്ഞു (മത്തായി, 6-7): 

നിങ്ങള്‍ ശ്രദ്ധിക്കുക. ഫരിസേയരുടെയും സദ്ദൂക്കിയരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുക. അവന്‍ വീണ്ടും പറയുന്നു (മത്തായി, 23: 29-30): വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങള്‍ക്ക് ദുരിതം! നിങ്ങള്‍ പ്രവാചകര്‍ക്കു ശവക്കല്ലറകള്‍ തീര്‍ക്കുന്നു. നീതിമാന്‍മാരുടെ സ്മാരകങ്ങള്‍ അലങ്കരിക്കുന്നു.
 
ജൂതന്മാരില്‍ ഏറ്റവും അപകടകാരികളും നീചരും സൂത്രശാലികളുമാണ്, ഫരിസേയരെന്നു യേശു കണ്ടു. ഫരിസേയര്‍ കപടനാട്യക്കാരാണെങ്കില്‍, സദ്ദൂക്കിയര്‍, ആത്മാവ് അനശ്വരമാണെന്നും പുനര്‍ജന്മമുണ്ടെന്നുമുള്ള വാദം, നിരാകരിച്ചു. ഫരിസേയരും സദ്ദൂക്കിയരും യോഹന്നാന്റെയടുത്ത് ജ്ഞാനസ്‌നാനത്തിനു പോയപ്പോള്‍, എസനീയനായ അദ്ദേഹം വഴങ്ങിയില്ല. അദ്ദേഹം പറഞ്ഞു (മത്തായി, 3:7-8): അണലിസന്തതികളേ, വരാനിരിക്കുന്ന ക്രോധത്തില്‍ നിന്ന് ഓടിയകലാന്‍ ആരാണ് നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയത്? അതിനാല്‍, പ്രായശ്ചിത്തത്തിന്റെ കാഴ്ചദ്രവ്യങ്ങള്‍ കൊണ്ടുവരൂ.


ആദ്യ കുരിശേറ്റൽ ചിത്രം- :ഗിയോട്ടോ വരച്ചത് 

സദ്ദൂക്കിയരില്‍ പെട്ടവനായിരുന്നു , ഹെറോദ് രാജാവ്. അയാളെ, യോഹന്നാന്‍ പലകുറി ശപിച്ചിരുന്നു. അതിനാണ്, യോഹന്നാനെ തടവിലിട്ട് ശിരഛേദം നടത്തിയത്. ജൂതരുടെ വേദപുസ്തകമായ താലമൂടില്‍, ജാനസിന്റെ വര്‍ഷത്തില്‍ (ബിസി 106-79), പെസഹയുടെ തലേന്ന്, കല്ലെറിഞ്ഞുകൊന്ന് കെട്ടിത്തൂക്കിയ ഒരു യേശുബെന്‍ പന്തേരയെപ്പറ്റി പറയുന്നുണ്ട്. അയാളാണ് എസനീയ സമൂഹ സ്ഥാപകനെന്ന് പറയപ്പെടുന്നു. മൂന്നുവര്‍ഷം എസനീയ പരിശീലനം കിട്ടിയ ഫ്‌ളേവിയസ് ജോസഫസ് എന്ന ചരിത്രകാരന്‍, ടൈറ്റസ് ജറുസലേം നഗരം നശിപ്പിച്ചതിനു മുന്‍പും പിന്‍പും ജീവിച്ചിരുന്നു. യേശു പ്രചരിപ്പിച്ച എസനിയിസത്തെപ്പറ്റി അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. അവര്‍ സസ്യഭുക്കുകളായിരുന്നു. സമൂഹത്തില്‍നിന്നും സ്ത്രീകളില്‍നിന്നും അകന്നുജീവിച്ചു. 

യോഹന്നാന്റെയും യേശുവിന്റെയും കാലത്ത് പലസ്തീനില്‍ എസനീയര്‍ ജീവിച്ചിരുന്നത്, നസ്രേത്ത്, പൈതബാരയ്ക്കടുത്ത് ആക്കര്‍ താഴ്‌വര, മസേദ കൊട്ടാരത്തിനടുത്ത ഇഗുത്താ മല, ജറുസലേമിനടുത്ത ബഥാനിയ, താബോര്‍ താഴ്‌വര, യോഹന്നാനെ പില്‍ക്കാലത്ത് തടവിലിട്ട മക്കേരോസിനു ചുറ്റുമുള്ള പട്ടണം എന്നിവിടങ്ങളിലായിരുന്നു. യേശുവിന്റെ സമകാലികനായിരുന്ന അലക്‌സാണ്ട്രിയയിലെ നവ പ്ലാറ്റോണിസ്റ്റ് ഫിലോ പറയുന്നത്, എസനീയര്‍ നാലായിരം പേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. എസനി എന്ന വാക്ക്, ഈശാന അഥവാ ശിവനില്‍ നിന്നുണ്ടായതാണെന്ന സിദ്ധാന്തത്തില്‍ കഴമ്പുണ്ടോ എന്നറിഞ്ഞുകൂടാ

യേശുവിനെ പരാമര്‍ശിക്കുമ്പോള്‍, കേരള ക്രിസ്ത്യാനികള്‍ പലപ്പോഴും നാഥന്‍ എന്ന വാക്കുപയോഗിക്കാറുണ്ട്. കൊൽക്കത്ത രാമകൃഷ്ണ മഠത്തിലെ സ്വാമി പ്രജ്ഞാനാനന്ദ, Christ the Savior and  Christ Myth എന്ന പുസ്തകത്തിൽ പറയുന്നത്, നാഥനും ശിവനാണെന്നാണ്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈന്യാധിപനും മാസിഡോണിയയിലെ പ്രഭുവുമായിരുന്ന ഹെഫര്‍സ്റ്റിയണ് ഫിലോ എഴുതി: ഇതാണ് ഭാരതം, ഇതാണ് യോഗവിദ്യ. 

അദ്വൈതം പഠിച്ചശേഷമേ എനിക്ക് യേശുവിനെ മനസിലായുള്ളൂ: ഏഷ്യയില്‍ മനുഷ്യര്‍ നിലത്തിരുന്നാണ് ഭക്ഷിച്ചിരുന്നത്; യൂറോപ്പിലെ ചിത്രകാരന്മാര്‍ വരച്ചതിനാലാണ്, അവസാനത്തെ അത്താഴ ചിത്രങ്ങളില്‍ തീന്‍മേശ വന്നതെന്ന് വിവേകാനന്ദന്‍ നിരീക്ഷിച്ചിട്ടുണ്ട്. അതുപോലെ, ഒരു ഏച്ചുകെട്ടലാണ്, ഉയിര്‍പ്പ്. അതില്ലെങ്കില്‍ സഭയില്ല; ഉയിര്‍പ്പുണ്ട് എന്നു കുഞ്ഞാടുകളെ വിശ്വസിപ്പിച്ചാണ് സഭ നില്‍ക്കുന്നത്. ഉയിര്‍പ്പില്ലാത്തതിനാല്‍, സഭ പിരിച്ചുവിടേണ്ടതാണ്. അതു നടപ്പില്ല-കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധി പറഞ്ഞിട്ടു നടപ്പായില്ലല്ലോ.  അങ്ങനെ, സഭ, ജീര്‍ണതകളുടെ കുപ്പത്തൊട്ടിയായി. 


© Ramachandran

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...