മൈത്രേയിയെ ശ്രദ്ധിക്കുക
കുമാരനാശാൻ എഴുതിയ ‘മൈത്രേയി’ എന്ന പുസ്തകം ഇവിടത്തെ വലിയ പണ്ഡിതർ ഇതുവരെ ശ്രദ്ധിക്കാത്തത്, അദ്ദേഹത്തെ മാർക്സിസ്റ്റ് ആക്കാനുള്ള വൃഥാ ശ്രമങ്ങളിൽ ഒന്നാകാനാണ് സാധ്യത. ഇനിയുള്ള കാലത്ത് ആശാൻ സനാതന ധർമ്മത്തിന് ചെയ്ത സേവനങ്ങൾ കൂടുതൽ ചർച്ച ചെയ്യും, തർക്കമില്ല. ആ പാതയിൽ ചെറിയ കാൽവയ്പ് ആയിരുന്നു, ഞാൻ എഴുതിയ, ‘ആശാൻ ഉറപ്പിച്ച ഹിന്ദുത്വ’ എന്ന പുസ്തകം. ആശാൻ എഴുതിയ സ്തോത്ര കൃതികൾ ഉൾപ്പെടെ സകല രചനകളും നോക്കിയെങ്കിലും, അന്നും ‘മൈത്രേയി’ കണ്ടിരുന്നില്ല.
ബംഗാൾ തത്വചിന്തകൻ പണ്ഡിറ്റ് സീതാനാഥ് തത്വഭൂഷൺ എഴുതിയ മൈത്രേയി പുനരാഖ്യാനം ആധാരമാക്കി ആശാൻ എഴുതിയതാണ്, ‘മൈത്രേയി’. അദ്ദേഹത്തിന് വിദ്യാഭൂഷൺ എന്നും പേരുണ്ടായിരുന്നു. ആത്മീയ ചിന്തകനും സാമൂഹിക പരിഷ്കർത്താവും ആയിരുന്ന അദ്ദേഹത്തിൻ്റെ ഇംഗ്ലീഷ് പുസ്തകം, Maitreyi: A Study Retelling the Theology and Social Life Vedic Hindus, 1800-ൽ എഴുതിയതാണ്. ആശാൻ ഇത് മലയാളത്തിലാക്കി, താൻ പത്രാധിപരായ ‘വിവേകോദയ’ത്തിൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. 1953-ൽ സഹോദരൻ പ്രസ് ഇത് പുസ്തകമാക്കി.
തത്വഭൂഷൺ എഴുതിയത് നോവൽ എന്ന് ചിലർ കരുതുന്നുണ്ടെങ്കിലും, ആ പുസ്തകത്തിൽ നോവൽ എന്നില്ല. അത്, പുരാണ കഥയുടെ പുനരാഖ്യാനമാണ്.
![]() |
| തത്വഭുഷൻ |
"ചാതുർവർണ്യം മയാസൃഷ്ടം, ഗുണകർമ്മ വിഭാഗശഃ എന്ന തത്വം ആധാരമാക്കി വേണം ഉത്തരവാദപ്പെട്ട ഹിന്ദു പൗരന്മാർ സാമുദായിക കൃത്യങ്ങളിൽ പ്രവർത്തിക്കേണ്ടത്" എന്ന് വിശദമാക്കുകയാണ് ആശാൻ, ‘മൈത്രേയി’യിൽ ചെയ്യുന്നത്. മൈത്രേയിയും കാത്യായനിയും നടത്തുന്ന സംവാദത്തിലൂടെ ഹിന്ദുപൂർവ ചരിത്രം ജാത്യാതീതമായിരുന്നുവെന്നും സ്ത്രീ സ്വാതന്ത്ര്യം വിളിച്ചോതിയെന്നും വ്യക്തമാക്കുകയാണ്, അദ്ദേഹം.
മുഖവുരയിൽ ആശാൻ ഹിന്ദുമതത്തിൽ വരേണ്യപ്രഭാവം നിലനിന്നു എന്ന വാദത്തെ പൊളിക്കുന്നുണ്ട്. പ്രാചീന ഹിന്ദുക്കളുടെ ഇടയിൽ സ്ത്രീകൾക്കുണ്ടായിരുന്ന മധ്യസ്ഥിതിയും വിദ്യാഭ്യാസത്തിൽ അവർ എത്തിയിരുന്ന സ്ഥാനവും മതസംബന്ധമായ ചിന്തകളിൽ അവർക്കുണ്ടായിരുന്ന സ്വാതന്ത്ര്യവും യോഗ്യതയും എത്ര അഭിലഷണീയമായിരുന്നു?,” ആശാൻ വിസ്മയിക്കുന്നു.
ആശാൻ എന്തിനാണ് ബംഗാളിയിൽ നിന്ന് ഈ കഥ എടുത്തത്? അതിന്, പുസ്തകത്തിൽ ഉത്തരമുണ്ട്:
“വൈദിക കാലത്തെ ഹിന്ദുക്കളുടെ മതം, സമുദായ നടപടി ഇവയെ കാണിക്കുന്ന ഒരു കഥ. മൈത്രേയിയും കാത്യായനിയും നടത്തുന്ന സംവാദത്തിലൂടെ ഭാരതീയ സ്ത്രീദർശനത്തെ ആശാൻ അനാവരണം ചെയ്യുന്നു. ഒപ്പം, രണ്ടധ്യായങ്ങളിലൂടെ യാജ്ഞവൽക്യൻ്റെയും മൈത്രേയിയുടെയും കാത്യായനിയുടെയും വാക്കുകളിലൂടെ ജീവാത്മാ പരമാത്മാ സങ്കൽപവും വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ, ഭാരതത്തിലെ ഹിന്ദുപൂർവ ചരിത്രം ജാത്യാതീതമായ ഒന്നായിരുന്നുവെന്നും ബോധ്യപ്പെടുത്തുന്ന ഈ കൃതി, ഓരോ ഹിന്ദുവും വായിച്ച് ഹൃദിസ്ഥമാക്കേണ്ടതാണ്.”
അതായത്, ഹിന്ദുക്കൾ സനാതനധർമ്മം വിടാതിരിക്കാൻ ആശാൻ നൽകിയ സംഭാവനയാണ്, ഈ രചന. അക്കാരണത്താൽ തന്നെ, ഇത് നിക്ഷിപ്ത താൽപര്യക്കാർ ഇക്കാലമത്രയും ഇത് പൂഴ്ത്തി.
മൈത്രേയിയുടെ മാതൃക
മൂലകഥ തത്വഭൂഷൺ എഴുതിയത്, വൈദികകാലത്തെ മൈത്രേയി എന്ന ബ്രഹ്മവാദിനി അഥവാ തത്വചിന്തകയുടെ ജീവിതം നമുക്ക് മുന്നിൽ അനാവരണം ചെയ്യാനാണ്. പ്രാചീന ഭാരതീയ സംസ്കൃതിയുടെ താത്വിക ആഴങ്ങൾ വെളിവാക്കി മതാചാരങ്ങളുടെ ഉദ്ഭവം, ആത്മീയ പരിണാമം എന്നിവ അവലോകനം ചെയ്യുകയാണ്. ആത്യന്തിക സത്യം അറിയാൻ, ബ്രഹ്മത്തെ സാക്ഷാൽക്കരിക്കാൻ മൈത്രേയി ഭൗതിക സൗകര്യങ്ങളെ നിരസിക്കുന്നു. ആ ജ്ഞാന യാത്രയിൽ അദ്വൈത വേദാന്ത ആധാരങ്ങൾ നാം അറിയുന്നു.
വേദസമൂഹത്തിൽ സ്ത്രീകൾ സജീവമായിരുന്നു. സംവാദങ്ങളിൽ അവരെ ആദരിച്ചിരുത്തി. ഋഷി മൈത്രിയുടെ മകളും യാജ്ഞവൽക്യൻ്റെ ഭാര്യയായ മൈത്രേയി അദ്ദേഹത്തോട് ആവശ്യപ്പെട്ടത്, അമരത്വ ജ്ഞാനം കൈമാറാനാണ്. അവരുടെ സംവാദം ബൃഹദാരണ്യകത്തിൽ കാണാം. ഋഗ്വേദ മന്ത്രങ്ങൾ പലതും മൈത്രേയി സൃഷ്ടിച്ചത് എന്നാണ് വിശ്വാസം.
യാജ്ഞവൽക്യൻ സ്വത്ത് ഭാര്യമാരായ മൈത്രേയി, കാത്യായനി എന്നിവർക്ക് വീതം വയ്ക്കാൻ ഒരുങ്ങിയപ്പോൾ നടന്ന സംവാദമാണ്, പുസ്തകത്തിന് ആധാരം. കാത്യായനി വീട്ടുകാര്യങ്ങൾ, ഭർതൃ ശുശ്രൂഷ എന്നിവയിൽ ശ്രദ്ധിച്ചു. മൈത്രേയി ചോദിച്ചു: “ലോകത്തിലെ സ്വത്ത് മുഴുവൻ എന്റേത് ആയാലും എനിക്ക് അമരത്വം കിട്ടുമോ?”
എലോൺ മസ്കിനെ കാണുമ്പോൾ മോദി അങ്ങോട്ട് ചോദിക്കേണ്ട ചോദ്യമാണ്!
ആകെ ഭൗതിക സ്വത്തിൽ നിന്ന് കിട്ടുന്നത്, സുഖജീവിതമാണെന്നും അമരത്വ പ്രതീക്ഷ വെറുതെയാണെന്നും ഭർത്താവ് പറഞ്ഞപ്പോൾ, മൈത്രേയി ബ്രഹ്മജ്ഞാനം ചോദിച്ചു.
വൈശമ്പായന ശിഷ്യനായ യാജ്ഞവൽക്യൻ, ശുക്ലയജുർവേദ സംഹിതയുടെ സമാഹർത്താവാണ്. മിഥിലയിൽ ജനക രാജാവ് സംഘടിപ്പിച്ച ബഹുദക്ഷിണ യജ്ഞത്തിൽ കേന്ദ്രബിന്ദുവാണ്, അദ്ദേഹം. ജനക സദസ്സിലെ പണ്ഡിതയായ ഗാർഗി, അദ്ദേഹത്തെ കൂട്ടത്തിലെ വലിയ ബ്രഹ്മവാദിയായി പ്രശംസിച്ചു.
ഒരിക്കൽ ക്ഷുഭിതനായ ഗുരു, യാജ്ഞവൽക്യനോട് പഠിപ്പിച്ചതെല്ലാം മടക്കി നൽകാൻ ആവശ്യപ്പെട്ടു. അങ്ങനെ യാജ്ഞവൽക്യൻ ഛർദിച്ചത് ഭക്ഷിക്കാൻ തൈത്തീരിയ പക്ഷികളാകാൻ മറ്റ് ശിഷ്യരോട് ഗുരു ആവശ്യപ്പെട്ടു. അതാണ്, ഒരു ഉപനിഷത് തൈത്തിരീയോപനിഷത് ആയത്. ശതപഥബ്രാഹ്മണവുമായും യാജ്ഞവൽക്യന് ബന്ധമുണ്ട്.
അഗസ്ത്യ മഹർഷിയുടെ ഭാര്യ ലോപാമുദ്രയാണ് ചില ഋഗ്വേദ മന്ത്രങ്ങൾ സമാഹരിച്ചത്. ഘോഷ, അപാല എന്നിവർ ഋഗ്വേദ മന്ത്രങ്ങൾ സമാഹരിച്ച ഋഷികമാരാണ്. സുലഭ എന്ന ബ്രഹ്മവാദിനി മഹാഭാരതത്തിൽ ഉണ്ട്. സംഘമിത്ര, വിശ്വംഭര തുടങ്ങി പലരെയും നമ്മുടെ മഹിത പൈതൃകത്തിൽ കാണാം. എന്നിട്ടാണ് ജാതിവാദികൾ ഒരു രാജ്യത്തും പാഠം അല്ലാതിരുന്ന ഒരു രചനയിലെ "നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി" എന്ന പോഴത്തം പാടി നടക്കുന്നത്. ഒരു ഭാരതീയ പാഠത്തിലും നിലവിളക്ക് സ്ത്രീ കൊളുത്തരുത് എന്ന് പറഞ്ഞിട്ടില്ല എന്ന് മതേതരവാദികൾ ഓർത്താൽ നന്ന്.
അത് പോലെ ഓർക്കണം, നളിനിയും ലീലയും സാവിത്രിയും വാസവദത്തയും സീതയും മാതംഗിയും മാത്രമല്ല, ആശാൻ്റെ നായികമാർ -ഇവർക്കെല്ലാം മാതൃകയായി മൈത്രേയി ഇതാ ഉയർന്നു നിൽക്കുന്നു. ചണ്ഡാല ഭിക്ഷുകി ബുദ്ധ തത്വം ഉൾക്കൊണ്ടു. ലീല ഭൗതിക സുഖം ത്യജിച്ച് പ്രണയ സാഫല്യത്തിന് കാട് കയറി. നളിനി ബാല്യസുഹൃത്ത് ദിവാകരനെ സന്യാസിയായി കണ്ടപ്പോൾ ആത്മീയതയിലേക്ക് ഉണർന്നു. ആശാൻ്റെ നായികമാരിൽ എല്ലാം ഒരു അന്വേഷണമുണ്ട്. ആ തിരച്ചിലിൻ്റെ പരമകാഷ്ഠയാണ്, ‘മൈത്രേയി.’
© Ramachandran

