ഗണപതി ഓങ്കാര സ്വരൂപൻ
പ്രഥമ പൂജ്യൻ എന്നറിയപ്പെടുന്നതിനാൽ, ദൈനംദിന കാര്യങ്ങളിൽ ഏർപ്പെടും മുൻപ് ഗണപതിയെ നമിക്കുക ഹിന്ദുവിന് ശീലമാണ്. ഓങ്കാരത്തിൻ്റെ മൂർത്ത രൂപമാണ് ഗണപതി.
വേദമൂർത്തി എന്നതിനാൽ, വേദ ഗണേശൻ. നൃത്താചാര്യൻ ആയതിനാൽ നർത്തന ഗണപതി. ലാളിത്യം മുഖമുദ്ര ആയതിനാൽ, പവിത്ര വൃക്ഷങ്ങൾക്ക് കീഴിൽ ധാരാളം ഗണപതി ക്ഷേത്രങ്ങൾ കാണാം.
പല സവിശേഷതകളിൽ ആനത്തലയാണ് സാധാരണം. വിഘ്നേശ്വരൻ, വിനായകൻ, പിള്ളയാർ. തുടക്കങ്ങളുടെ മാത്രമല്ല, കലയുടെയും അക്ഷരങ്ങളുടെയും ദേവൻ.
വേദങ്ങളിൽ പ്രത്യക്ഷനായ ഗണപതി, ഗുപ്തഭരണ കാലത്ത് നാല്, അഞ്ച് നൂറ്റാണ്ടുകളിൽ ചിരപ്രതിഷ്ഠ നേടി. ശിവ -പാർവ്വതിമാരുടെ മകൻ ഗണപത്യ പൈതൃകത്തിൽ ജീവാത്മാവും പരമാത്മാവുമാണ്. ഗണപതി പുരാണം, മുദ്ഗല പുരാണം, ഗണപതി അഥർവ്വ ശീർഷം അഥവാ ഗണപതി ഉപനിഷത് എന്നിവ ഗണപതിയുടെ അപദാനങ്ങൾ പാടുന്നു.
ആനത്തലയുമായി പിറന്നവൻ എന്ന് പലരും കരുതുന്നുവെങ്കിലും, പല കഥകളിലും അദ്ദേഹത്തിന് ആനത്തല കിട്ടുന്നത് പിന്നീടാണ്. പാർവതി കളിമണ്ണ് കൊണ്ട് ഗണപതിയെ സൃഷ്ടിച്ചു. ശിവനും പാർവ്വതിക്കും ഇടയിൽ വന്നപ്പോൾ ശിവൻ ഗണപതിയുടെ തലയരിഞ്ഞു. പിന്നെ ശിവൻ ആനത്തല പകരം വച്ചു. ഗണപതിക്ക് മുൻപേ ആനയുണ്ട്!
ബുദ്ധി, സിദ്ധി, ഋദ്ധി (ഐശ്വര്യം) എന്നിവയുമായാണ് ഗണപതിക്ക് ബന്ധം. ഇവ സ്ത്രീ രൂപമെടുത്ത് ഗണപതിയുടെ ഭാര്യമാർ ആകുന്നു. ഗണപതിക്ക് ക്ഷേമം, ലാഭം എന്നീ പുത്രന്മാർ ഉണ്ടെന്ന് ശിവപുരാണം പറയുന്നു. ഉത്തരേന്ത്യയിൽ ഈ മക്കൾ ശുഭവും ലാഭവുമായി മാറുന്നു. സഹോദരനാണ് യുദ്ധ ദേവനായ കാർത്തികേയൻ.
ഏകദന്തൻ എന്നായിരുന്നു ആദ്യകാല നാമം. ഒരു കൊമ്പ് മുഴുവനായി ഉണ്ട്. മറ്റേത് മുറിഞ്ഞതാണ്. അതിനാൽ,
ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
എന്ന് കുട്ടിക്കാലത്തേ നാം പാടുന്നു.
ഏകദന്തം മാങ്ങാക്കായം
തത്ത കാത്തത് കൗതുകം
എന്നാണ് കുട്ടിക്കാലത്ത് പടിയിരുന്നതെന്ന് അമ്മ പറയുമായിരുന്നു!
പഴയ ചില ചിത്രങ്ങളിൽ മുറിഞ്ഞ കൊമ്പ് തുമ്പിക്കൈ കൊണ്ട് പിടിച്ചിരിക്കുന്നത് കാണാമായിരുന്നു. അതിനാൽ, ഏകദന്തൻ എന്നത് രണ്ടാം ജന്മത്തിലെ പേരാണെന്ന് മുദ്ഗല പുരാണം പറയുന്നു.
ഉദര നിമിത്തം
ഗുപ്തകാലത്ത് ഗണേശൻ്റെ വഴിഞ്ഞൊഴുകുന്ന ഉദരം പ്രധാനമായിരുന്നു. അതിനാൽ, ഒരവതാരത്തിൽ ലംബോദരനും മറ്റൊന്നിൽ മഹോദരനും ആണെന്ന് മുദ്ഗല പുരാണത്തിലുണ്ട്. ഭൂത, വർത്തമാന, ഭാവി കാലങ്ങളിലെ സകല പ്രപഞ്ചവും ഉള്ളിൽ ഉള്ളതിനാൽ ലംബോദരൻ ആണെന്ന് ബ്രഹ്മാണ്ഡ പുരാണത്തിൽ.
ഗണേശൻ്റെ കൈകൾ രണ്ടു മുതൽ 16 വരെയാണ്. സർപ്പം ശരീരത്തിൽ പല രൂപത്തിൽ കാണാം. വാസുകിയെ കഴുത്തിൽ ചുറ്റി അണിഞ്ഞെന്ന് ഗണേശ പുരാണത്തിലുണ്ട്. മുദ്ഗല പുരാണ പ്രകാരം, ഗണപതിക്ക് എട്ട് അവതാരങ്ങൾ. അഞ്ചെണ്ണത്തിൽ എലിയാണ് വാഹനം. വക്രതുണ്ഡ അവതാരത്തിൽ സിംഹം വാഹനം. വികടൻ ആയപ്പോൾ മയിൽ. വിഘ്നരാജൻ ആയപ്പോൾ സർപ്പമായ ശേഷൻ വാഹനം. മഹോൽക്കടന് സിംഹം. മയൂരേശ്വരന് മയിൽ. ധൂമകേതുവിന് കുതിര. ഗജാനന് എലി.
സ്വാർത്ഥത വെടിഞ്ഞ് ആശകളെ അതിജീവിക്കുന്നതിൻ്റെ പ്രതീകമാണ് എലി. എലി കൃഷിയെ നശിപ്പിക്കുന്ന സംഹാരിയാണ്. മൂഷകൻ എന്ന സംസ്കൃത വാക്ക് കൊള്ള എന്നർത്ഥമുള്ള മൂശ് ധാതുവിൽ നിന്ന് ഉണ്ടാകുന്നു. അത് വിഘ്നമാണ്. അതിനെ തോൽപിക്കണം. അതിൻ്റെ ആശാനായ ഗണപതി അങ്ങനെ വിഘ്നേശ്വരൻ.
വ്യാസൻ മഹാഭാരതം എഴുതാൻ ഗണപതിയെ കേട്ടെഴുത്തുകാരനാക്കി. ഇടതടവില്ലാതെ പറയണം എന്ന ഉപാധി ഗണപതി വച്ചു. അതിനാൽ ചിലപ്പോൾ വ്യാസൻ സങ്കീർണ ശ്ലോകങ്ങൾ ചൊല്ലി. ഗണപതി അർത്ഥം ചോദിക്കുമ്പോൾ വിശ്രമിക്കാം.
കുണ്ഡലിനി യോഗത്തിൽ ഗണപതി വസിക്കുന്നത് മൂലാധാരത്തിലാണ്. ഓരോ മനുഷ്യനിലും ഗണപതി അവിടെയുണ്ട്. അതാണ് ആദ്യ ചക്രം. മുത്തുസ്വാമി ദീക്ഷിതരുടെ ഷോഡശ ഗണപതി കൃതികളിൽ, ‘ശ്രീ മൂലാധാര ചക്ര വിനായക’ എന്ന കീർത്തനം, പൂർണ ദീക്ഷിതരായ ശ്രീവിദ്യോപാസകരുടെ കാലികൃത്യ (നിത്യാനുഷ്ഠാനങ്ങൾ) ത്തിലെ ശ്വാസ നിവേദനം പോലും പരാമർശിക്കുന്നു. ഷോഡശ ഗണപതി കീർത്തനങ്ങളിൽ പെട്ടതാണ്, മഹാഗണപതിം മനസാ സ്മരാമി, വാതാപി ഗണപതിം ഭജേ എന്നിവ.
![]() |
| ഐശ്വര്യ ഗണപതി |
(ഗണപതി ഭഗവാനെ), അങ്ങ് ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും
ഇന്ദ്രനും അഗ്നിയും വായുവും
സൂര്യനും ചന്ദ്രനും
ബ്രഹ്മവും ത്രിലോകവും (ഭൂമി, ആകാശം, സ്വർഗം).
നീ തന്നെ ഓങ്കാരം.
വേദത്തിൽ
വേദകാലത്തും ഗണപതിയുണ്ട് എന്നതിന് ഋഗ്വേദ മന്ത്രം തന്നെ തെളിവ്. അതിൽ രണ്ടാം മണ്ഡലത്തിലെ ഇരുപത്തിമൂന്നാം സൂക്തത്തിലെ ആദ്യ മന്ത്രം ഇങ്ങനെ:
ഓം ഗണാനാം ത്വാ ഗണപതിം ഹവാമഹേ
കവിo കവീനാമുപമശ്രവസ്തം
ജ്യേഷ്ഠരാജം ബ്രാഹ്മണം ബ്രാഹ്മണസ്പത
ആ ന: ശൃണ്വന്നൂതിഭിഃസ്സീദസാധനം.
ഗണനാഥനായ അങ്ങേയ്ക്ക് ഞങ്ങളുടെ ത്യാഗപൂർണമായ പ്രാർത്ഥനകൾ അർപ്പിക്കുന്നു. അങ്ങ് ജ്ഞാനികളുടെ ജ്ഞാനമാണ്. ഉപമകൾക്കപ്പുറമാണ്. എല്ലാറ്റിൻ്റെയും ആദ്യ കർത്താവും രാജാവുമാണ്. ചടങ്ങുകളുടെ അധിപതിയാണ്. എല്ലാ ദിവ്യ സേനയുടെയും അധിപതിക്ക് പ്രണാമം.
ആദിമ പ്രപഞ്ച ധിഷണയാണ് ഗണപതി. വിഘ്നരാജൻ മാത്രമല്ല, പവിത്ര ജ്ഞാനത്തിൻ്റെ സൂക്ഷിപ്പുകാരനും വിശുദ്ധ ധാരണയുടെ സംരക്ഷകനും ദിവ്യസ്ഥാനത്തേക്കുള്ള കവാടവുമാണ്. ഗണപതിയിൽ അന്തർലീനമായ പ്രപഞ്ച ജ്ഞാന തത്വവുമായി വ്യക്തിബോധത്തെ ബന്ധിപ്പിച്ച് ബൗദ്ധിക വിഘ്നങ്ങൾ നീക്കുകയാണ് ഈ മന്ത്ര ലക്ഷ്യം. ഋഗ്വേദ ബ്രാഹ്മണസ്പതി സൂക്തത്തിലെ ഈ മന്ത്രം, ഏറ്റവും പ്രാചീനമായ പ്രാർത്ഥനകളിൽ ഒന്നാണ്.
ബ്രാഹ്മണസ്പതിയാണ് പ്രാർത്ഥനയുടെയും ആചാരങ്ങളുടെയും പ്രഭു. അദ്ദേഹത്തിന് സമർപ്പിച്ച ഈ മന്ത്രമാണ്, ഗണപതിയെ സംബന്ധിച്ച ആദ്യ വേദ പരാമർശം. ഗണപതി ഭാഗ്യ ദേവത മാത്രമല്ല, പ്രപഞ്ച ധിഷണയുടെ സംഘാടന തത്വമാണ്. ഐതിഹ്യങ്ങൾക്ക് മുൻപേ ഗണപതി തത്വമുണ്ട് എന്നർത്ഥം.
രാവിലെ 108 തവണയോ നിർണായക കാര്യങ്ങൾക്ക് മുൻപ് 11 തവണയോ ഈ മന്ത്രം ഉരുവിടുക.
സകല വേദമന്ത്രങ്ങളുടെയും തുടക്കത്തിൽ ഓങ്കാരമുണ്ട്. അതാണ് ഈശ്വരൻ്റെ മുഖ്യ നാമം. പ്രണവ സ്വരൂപമാണ് ഗണപതി.
ആ ദേവന് മോദകവും ലഡ്ഡുവും നിവേദിക്കും. മോദകപാത്രം ഗണപതി വഹിക്കും. ചുവപ്പ് ഗണപതിയുമായി ഇണങ്ങിയതിനാൽ രക്തചന്ദനവും ചുവന്ന പൂക്കളും അർച്ചിക്കും. കറുകപ്പുല്ലും ഉപയോഗിക്കും.
ഗണപതിക്ക് 32 രൂപങ്ങളുണ്ടെന്ന് പുരാണങ്ങൾ പറയുന്നു. മുദ്ഗല പുരാണത്തിൽ തുടങ്ങി, പത്തൊൻപതാം നൂറ്റാണ്ടിലെ കന്നട ശ്രീ തത്വനിധിയിലെ ശിവനിധിയിൽ എത്തുമ്പോൾ വലിയ വിവരണങ്ങൾ കിട്ടുന്നു. മൈസൂർ ജില്ലയിലെ നഞ്ചൻഗുഡ്, ചാമരാജ് നഗർ ക്ഷേത്രങ്ങളിൽ 32 രൂപത്തിലും ശില്പങ്ങൾ കാണാം. ഓരോന്നിനും സംസ്കൃത ധ്യാന ശ്ലോകങ്ങൾ താഴെയുണ്ട്. Ganesa: The Enchanter of the Three Worlds -ൽ പോൾ മാർട്ടിൻ ഡബോസ്ത് പറയുന്നത്, ശ്രീ തത്വനിധിയിൽ ഗണപതിയുടെ ഇരു കൈ രൂപങ്ങളും 14 കൈ, 20 കൈ രൂപങ്ങളും ഇല്ല എന്നാണ്.
എസ് കെ രാമചന്ദ്ര റാവു The Compendium on Ganesha യിൽ വിശദീകരിക്കുന്നത്, ശ്രീ തത്വനിധിയിലെ രൂപങ്ങൾ ഷോഡശ ഗണപതി എന്ന പേരിൽ ആരാധിക്കുന്നവ മാത്രമാണ്. അതിൽ പതിമൂന്നാമത്തെ മഹാഗണപതിയാണ് പൊതുവായി കാണുന്നതും ആരാധിക്കുന്നതും. ഈ രൂപം ആരാധിക്കുന്ന താന്ത്രിക സമൂഹമുണ്ട്. ശക്തി ഗണപതി, ഉച്ഛിഷ്ട ഗണപതി, ലക്ഷ്മി ഗണപതി എന്നിവ താന്ത്രിക രൂപങ്ങളാണ്. നേപ്പാളിൽ ഹേരംബ ഗണപതി പ്രസിദ്ധമാണ്.
നർത്തന ഗണപതി എന്നാൽ
ഗണപതിയുടെ 32 രൂപങ്ങളിൽ പതിനഞ്ചാണ് നൃത്യ ഗണപതി. കല്പവൃക്ഷത്തിന് കീഴിൽ നൃത്തം ചെയ്യുന്ന സന്തുഷ്ട രൂപം. ഒരു കാൽ നിലത്തും മറ്റേത് ഉയർന്നും കാണുന്നു. മഞ്ഞ നിറം, നാല് കൈകൾ. ആദ്യ വലതു കൈയിൽ ഒടിഞ്ഞ കൊമ്പുണ്ട്. തോട്ടി, മഴു, കയർ എന്നിവ മറ്റ് കൈകളിൽ. വിരലുകളിലും തുമ്പിക്കയ്യിലും മോതിരങ്ങൾ. തുമ്പിക്കയ്യുടെ അറ്റത്ത് മോദകം. ചില ചിത്രങ്ങളിൽ കൈയിലാണ് മോദകം.
തിരുവനതപുരം പഴവങ്ങാടി ക്ഷേത്രത്തിൽ ഈ രൂപമുണ്ട്. മൈസൂർ ക്ഷേത്രങ്ങളിലും കാണാം. തമിഴ് നാട് കരൂർ കൊടുമുടി മകുടേശ്വരർ ക്ഷേത്രത്തിൽ ഇതാണ് വിഗ്രഹം. ഈ ഗണപതിയുടെ നക്ഷത്രം മകം. കലാകാരൻമാർ ഈ ഗണപതിയെ തൃപ്തിപ്പെടുത്തുന്നു. ഊത്തുക്കാട് വെങ്കട കവി എഴുതിയ സംസ്കൃത കീർത്തനം “ആനന്ദ നർത്തന ഗണപതിം ഭാവയേ” കർണാടക സംഗീതത്തിൽ പ്രസിദ്ധമാണ്.
മുദ്ഗല പുരാണത്തിൽ നർത്തന ഗണപതിയുടെ ധ്യാന ശ്ലോകം/മൂല മന്ത്രം നമ്മുടെ നാട്ടിലെ ഭരത നാട്യ നർത്തകർക്കും നർത്തകിമാർക്കും വേണ്ടി ഇതാ:
കർത്താർപിത കുഠാരം ച പാശാങ്കുശ വരായുധം
കപിത്ഥ മോദക ധരം നൃത്യന്തം ച ഭജാമ്യഹം.
© Ramachandran

No comments:
Post a Comment