Tuesday 11 June 2019

കാഫ്‌ക വീണ്ടും വരുന്നു

 പ്രമുഖ അമേരിക്കൻ ചിന്തക സൂസൻ സൊൻടാഗിന്റെ ആദ്യ ഭർത്താവ് ഫിലിപ് റീഫിൻറെ അറിയപ്പെടുന്ന പുസ്തകമാണ്, Freud:The Mind of the  Moralist. ഇത് സൂസൻ തന്നെ എഴുതിയതാണെന്ന് അവരുടെ പുതിയ ജീവചരിത്രം പറയുന്നു. ബെഞ്ചമിൻ മോസർ എഴുതിയ സൊൻടാഗ്‌: ഹേർ ലൈഫ് എന്ന പുസ്തകം സെപ്റ്റംബറിൽ ഇറങ്ങും. റീഫിൻറെ ഒരു പ്രഭാഷണം കേട്ട് പത്തു ദിവസം മാത്രം കഴിഞ്ഞ്, അദ്ദേഹത്തെ വെറും പതിനേഴാം വയസ്സിൽ സൊൻടാഗ്‌ കെട്ടി. പാഠം, ജീവിതം എന്നിവയിൽ നിന്നാണ്, സൊൻടാഗ്‌ സഹ എഴുത്തുകാരി മാത്രമല്ല, യഥാർത്ഥ എഴുത്തുകാരി  എന്നതിന് മോസർ തെളിവ് നിരത്തുന്നത്.

സൊൻടാഗിന് 26 വയസുള്ളപ്പോഴാണ് പുസ്തകം വന്നത്. ആദ്യ പതിപ്പുകളിൽ സൂസൻ റീഫിന് – അന്ന് അതായിരുന്നു പേര് – ആമുഖത്തിൽ നന്ദിയുണ്ട്. 1961 ൽ അത് അപ്രത്യക്ഷമായി. 1959 ലെ വിവാഹ മോചന കരാറിൽ റീഫ് ആണ് രചയിതാവ് എന്ന് സൂസൻ സമ്മതിക്കുന്നതായി വ്യവസ്ഥയുണ്ട്. മോസറിന് സൊൻടാഗ്‌ ആർകൈവ്സ് പരിശോധിക്കാൻ അനുമതി കിട്ടി. അവരുടെ സുഹൃത്തുക്കൾ തുറന്നു സംസാരിച്ചു. റീഫിൻറെ ഗവേഷണവും കുറിപ്പുകളും രചനയിൽ ഉപയോഗിച്ചിട്ടുണ്ടെന്ന് മോസർ സമ്മതിക്കുന്നു. എന്നാൽ റീഫിൻറെ പദവിക്ക് അടിസ്ഥാനമായ ആ പുസ്തകം അദ്ദേഹം എഴുതിയതല്ല.

ദമ്പതിമാർ മസാച്യുസെറ്റ്സിൽ താമസിക്കുമ്പോൾ സംഗതി മൊത്തം ഉച്ചനേരങ്ങളിൽ  സൂസൻ തിരുത്തിയെഴുതുകയായിരുന്നുവെന്ന് സൂസന്റെ സുഹൃത്ത് മിണ്ടാ റേ അമിറാൻ സാക്ഷ്യപ്പെടുത്തി. 1957 ഓഗസ്റ്റിലെ സൂസന്റെ ഡയറിക്കുറിപ്പിലും ഈ വിവരമുണ്ട്. പത്തു മണിക്കൂർ അതിൽ ചെലവിടുന്നതായി അമ്മക്കെഴുതിയ കത്തിലുണ്ട്. 1958 ൽ സൂസന് എഴുതിയ കത്തിൽ, പുസ്തകത്തിലെ അവകാശം ഉപേക്ഷിച്ചോ എന്ന് സുഹൃത്ത് ജേക്കബ് ടോബ്സ് ചോദിക്കുന്നു. ഉവ്വ് എന്ന് പറഞ്ഞപ്പോൾ, മണ്ടത്തരമായിപ്പോയി എന്ന് മറുപടിയുമുണ്ട്. 40 കൊല്ലത്തിനു ശേഷം, പുസ്തകത്തിൻറെ കോപ്പി റീഫ്, സൂസന് അയച്ചത്, മാപ്പു ചോദിച്ചു കൊണ്ടാണ്.
തങ്ങൾക്കുണ്ടായ മകനെ കൂടെ കിട്ടാൻ വേണ്ടിയാണ്, പുസ്തകം റീഫിന്റേതാണെന്ന വ്യവസ്ഥയിൽ സൂസൻ ഒപ്പിട്ടത് – രക്ത ത്യാഗം.
വിവാഹമോചനം കഴിഞ്ഞ് സൂസന് ഉയർച്ചകളുണ്ടായി. അവർ പിൽക്കാലത്ത് എഴുതിയ പുസ്തകങ്ങളുമായി താരതമ്യം ചെയ്താൽ ആദ്യപുസ്തകം പിടി തരും.

തുർക്കിയിൽ എഴുതിയാൽ തല കൊയ്യും 


വാർഡ് ജേതാവായ എലിഫ് ഷഫാക് ഉൾപ്പെടെയുള്ളവർക്കെതിരെ, തുർക്കിയിൽ അന്വേഷണ ഭീഷണി.ബാല പീഡനം,ലൈംഗികാതിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ എഴുത്തിൽ കൈകാര്യം ചെയ്‌തിട്ടുണ്ടോ എന്ന് ഭൂതക്കണ്ണാടി വച്ച് നോക്കുന്നു.ഇവയ്ക്ക് എഴുത്തുകാർ മാപ്പു നൽകുന്നു എന്ന മട്ടിലാണ് വിമർശനം.അബ്ദുല്ല സേവാക്കി എഴുതിയ ഒരു പേജ് ട്വിറ്ററിൽ പങ്കിട്ട ശേഷം,അദ്ദേഹത്തിനെതിരെ സാംസ്‌കാരിക വകുപ്പ് ക്രിമിനൽ പരാതി കൊടുത്തു.
ഒരു ബാലപീഡകൻ പറയുന്ന അനുഭവമായിരുന്നു,ആ പേജ്.ബാല പീഡനത്തിന് അബ്ദുല്ലക്കെതിരെ കേസെടുക്കണമെന്നും പുസ്തകം നിരോധിക്കണമെന്നും ബാർ കൗൺസിലും പ്രമേയം പാസാക്കി.അബ്ദുല്ലയും പ്രസാധകനും തടവിലാണ്.ഇതിനു ശേഷം സാമൂഹിക മാധ്യമങ്ങളിൽ,ഷഫാക്,നോവലിസ്റ്റ് ഐസേ കുലിൻ എന്നിവരുടെ പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങളും ചിലർ പങ്കു വച്ചു.മൂന്നു ദിവസമായി ആയിരക്കണക്കിന് ചീത്തവിളികൾ സന്ദേശമായി എത്തിയെന്ന് ഷഫാക് പറഞ്ഞു.The Gaze,Three Daughters of Eve എന്നീ പുസ്തകങ്ങൾ പ്രോസിക്യൂട്ടർ പരിശോധിക്കുന്നു.ബാലപീഡനം പരാമർശിക്കുന്ന ഏതു പുസ്തകവും ഭീഷണിയിലാണെന്ന് ഷഫാക് പറഞ്ഞു.എന്നാൽ ലൈംഗികാതിക്രമങ്ങൾ കൂടി വരുന്ന രാജ്യവുമാണ്,തുർക്കി.The Bastard of Istanbul എന്ന പുസ്തകത്തിലെ ഒരു കഥാപാത്രത്തെ വച്ച് 2006 ൽ ഷെഫാക്കിനെ വിചാരണ ചെയ്ത് വെറുതെ വിട്ടതാണ്.ആദ്യ ലോകയുദ്ധത്തിൽ അർമേനിയക്കാരുടെ കൂട്ടക്കൊലയെ വംശഹത്യയായി അതിൽ
പറഞ്ഞതായിരുന്നു,കുറ്റം.പീഡനത്തെ പ്പറ്റി എഴുതുന്നതിന് അർത്ഥം,അത് മാപ്പാക്കുന്നു എന്നല്ല,
ഷ ഫാക് ചൂണ്ടിക്കാട്ടി.വസ്തുത,മാപ്പു നൽകുന്നില്ല എന്നതാണ്.അവകാശങ്ങൾക്കായി പോരാടിയ ആളാണ് താൻ.യൂറോപ്പിൽ ബാലവിവാഹം കൂടുതലുള്ള സ്ഥലമാണ്,തുർക്കി.18 ആകും മുൻപേ 15% പെൺകുട്ടികളും വിവാഹിതരാകുന്നു.ഒരു ശതമാനം വിവാഹം 15 വയസിന് മുൻപാണ്.
ഷഫാക് 
സാഹിത്യ തട്ടിപ്പ് ചലച്ചിത്രമായി 


തൊണ്ണൂറുകളിലെ ഇംഗ്ലീഷ് സാഹിത്യ ഇതിഹാസമായിരുന്നു, ജെ ടി ലിറോയ്. ജെറമിയ ടെർമിനേറ്റർ ലിറോയ്. ലോറിക്കാരുടെ വേശ്യയുടെ മകൻ. ലൈംഗിക പീഡനങ്ങൾക്ക് ഇരയായവൻ. ലിറോയിയെ പരിചയപ്പെടാൻ വമ്പന്മാരുടെ തിരക്ക്. ഹോളിവുഡ് നടിമാരുടെ പ്രണയ തള്ളൽ. 2006 ൽ കള്ളി പൊളിഞ്ഞു. ലിറോയ് ആണല്ല, സാവന്ന നൂപ് എന്ന പെണ്ണാണ്. ആ പേരിൽ വന്നതെല്ലാം എഴുതിയത്, സഹോദര ഭാര്യ ലോറ ആൽബർട്ട്.മഡോണയും ലിറോയിയിൽ ആകൃഷ്ടയായിരുന്നു. ഒരു സൺ ഗ്ളാസും വിഗും വച്ചാണ്, സാവന്ന, ലിറോയ് ആയത്. ആറു കൊല്ലം ഇങ്ങനെ പോയി. 2007 ൽ സാവന്ന തന്നെ സ്വന്തം കഥ എഴുതി: ഗേൾ ബോയ് ഗേൾ: ഹൗ ഐ ബികേം ജെ ടി ലിറോയ്. ഇക്കഥയാണ് സിനിമയായത്. ക്രിസ്റ്റിൻ സ്റ്റുവർട്ട് നായിക/നായകൻ, ലോറ ആൽബർട്ട് ആയി ലോറ ഡേർൺ.
ലിറോയും ലോറയും നല്ല കാലത്ത് 
ഇന്ന് സാവന്നയ്ക്ക് 38. ആണാണോ പെണ്ണാണോ എന്ന സംശയം കാഴ്ചയിൽ നിലനിർത്തുന്നു. ഫാഷൻ ഡിസൈനറാണ്. സാറ എന്ന പുസ്തകം പ്രശസ്തമായപ്പോഴാണ്, ലിറോയിയായി നടിക്കാൻ സാറ ആൽബർട്ട് സാവന്നയെ കൂട്ടിയത്. അത് ലിറോയിയുടെ ലൈംഗിക തൊഴിലാളിയായ അമ്മയുടെ കഥയായി അവതരിപ്പിക്കപ്പെട്ടു. സാറ ആൽബർട്ടിന്റെ ഭർത്താവ് ജിയോഫിൻറെ ഇളയ ഇളയ അനുജത്തിയാണ് സാവന്ന. എന്നാൽ, സാവന്നയുടെ ചുറ്റും ആളു കൂടിയത് സാറയെ അസ്വസ്ഥയാക്കി; അവർക്ക് പിരിയേണ്ടി വന്നു. തൻറെ കഥ എഴുതുകയാണെന്ന് സാറയെ സാവന്ന സാറ പറഞ്ഞു: “എഴുത്തുകാരനായി അഭിനയിച്ചത് കൊണ്ട് അതാവില്ല “.
ലിറോയ് ഇന്ന്
ലോകയുദ്ധത്തിൽ പോയ പുസ്തകങ്ങൾ തിരികെ 


ണ്ടാം ലോകയുദ്ധത്തിന്റെ അവസാനം ബോൺ ലൈബ്രറിയിൽ നിന്ന് ബൽജിയൻ ഭടന്മാർ കൊള്ള ചെയ്‌തതായി കരുതിയിരുന്ന അപൂർവ്വഗ്രന്ഥങ്ങളും കയ്യെഴുത്തു പ്രതികളും തിരികെ കിട്ടി.
വിഖ്യാത ജർമൻ പക്ഷിനിരീക്ഷകനും പര്യവേഷകനുമായ മാക്സിമില്യൻറെ ലൈബ്രറിയിലെ 19 നൂറ്റാണ്ടിൽ വരച്ച പക്ഷി ഗ്രന്ഥങ്ങൾ ,. മധ്യകാല കയ്യെഴുത്തു പ്രതികൾ,പതിനഞ്ചാം നൂറ്റാണ്ടിലെ ചിത്രങ്ങൾ,ചരിത്ര ഭൂപടങ്ങൾ എന്നിവ  തിരിച്ചു കിട്ടിയവയിൽ പെടും.ബൽജിയംകാരി ടാനിയ ഗ്രിഗറി വീട്ടിലെ പുസ്തകങ്ങൾ വിൽക്കാൻ ഒരുമ്പെട്ടപ്പോഴാണ് ഈ 600 അമൂല്യ നിധികൾ വെളിച്ചം കണ്ടത്.പുസ്തക സ്നേഹിയായ ഇവരുടെ പിതാവ് അധിനിവേശകാലത്ത് ബോണിൽ സൈനികനായിരുന്നു.പുസ്തകങ്ങൾ ബൽജിയത്തിൽ അദ്ദേഹം കൊണ്ടു വന്ന സാഹചര്യം അറിയില്ല.2017 ൽ ലണ്ടനിലെ ലേലസ്ഥാപനമായ സോത്‌ബീസിനാണ് ഇവ വിൽക്കാൻ പോയത്.എവിടന്നു വന്നു എന്നത് മറയ്ക്കാൻ പേജുകൾ കളയുകയും കീറുകയും കവർ നീക്കുകയുമൊക്കെ ചെയ്‌തിരിക്കുന്നത്‌ കണ്ട് സ്ഥാപനത്തിന് തന്നെ സംശയം തോന്നി.ചിലതിലെ ഒപ്പുകളും മുദ്രകളും കണ്ട് ലൈബ്രറിയുമായി ബന്ധപ്പെട്ടു.കൊള്ളയടിക്കപ്പെട്ടതിൻറെ പട്ടിക ലൈബ്രറി കൈമാറി.
ടാനിയയ്ക്ക് ജർമ്മൻ ഫൗണ്ടേഷൻ പാരിതോഷികം നൽകി.

കാഫ്‌ക ഇനിയും വന്നേക്കും 

സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലുള്ള കാഫ്‌കയുടെ സേഫ് ഡെപ്പോസിറ്റ് പെട്ടികൾ തുറന്ന് ഉള്ളടക്കം ഇസ്രയേലിലേക്ക് അയയ്ക്കാൻ സൂറിച്ച് കോടതി ഉത്തരവിട്ടു. ഇതോടെ ചില അപ്രകാശിത കൃതികൾ ഉണ്ടാകാനും അവ പ്രസിദ്ധീകരിക്കാനും വഴി തെളിഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തെ വിഭ്രമത്തിലേക്ക് കൊണ്ടുപോയ ഇതിഹാസമാണ്, പ്രേഗിൽ ജനിച്ച് ജർമ്മൻ ഭാഷ സംസാരിച്ച ഫ്രാൻസ് കാഫ്‌ക എന്ന ജൂതൻ. കേരളത്തിന് പരിചിതൻ.ഇസ്രയേലും ജർമ്മനിയും അദ്ദേഹത്തിൻറെ പൈതൃകം അവകാശപ്പെടാറുണ്ട്. ഇസ്രയേൽ കോടതിവിധികൾ സൂറിച്ച് കോടതി ശരി വച്ചിരിക്കുകയാണ്. ഇസ്രയേൽ നാഷനൽ ലൈബ്രറിക്ക് കൊടുക്കാനാണ്, വിധി.
പ്രാഗിലെ കാഫ്‌ക പ്രതിമ 
മരണശേഷം പ്രസിദ്ധീകരിച്ച ചില രചനകൾ അപൂർണമാണ്. അവയുടെ അവസാനം നിധിപേടകങ്ങളിൽ ഉണ്ടാകാം. ഒരു ഇസ്രയേൽ കുടുംബത്തിൽ കാഫ്‌കയുടെ കയ്യെഴുത്തു പ്രതികൾ ഉണ്ടായിരുന്നത് കൈമാറാൻ സുപ്രീം കോടതി വിധിച്ചിരുന്നു. ഇസ്രയേലിലെ ബാങ്ക് ലോക്കറുകളിലും ടെൽ അവീവിലെ ഫ്ലാറ്റിലുമായിരുന്നു, അവ. നിയമത്തിൻറെ നൂലാമാലകൾ മനുഷ്യനെ വരിഞ്ഞു മുറുക്കുന്നത് കാഫ്‌കയുടെ നിരന്തര വിഹ്വലത ആയിരുന്നു.1924 ൽ 40 വയസ്സിൽ ക്ഷയം വന്ന് മരിക്കും മുൻപ് രചനകൾ സുഹൃത്ത് മാക്‌സ് ബ്രോഡിനെ എൽപിച്ചിരുന്നു. വായിക്കാതെ കത്തിച്ചു കളയാനാണ് കാഫ്‌ക പറഞ്ഞതെങ്കിലും ബ്രോഡ് വാക്ക് പാലിച്ചില്ല. ദി ട്രയൽ, ദി കാസിൽ, അമേരിക്ക എന്നിവ പ്രകാശിതമായി. 
മാക്‌സ് ബ്രോഡ് 
അറിയപ്പെടാതിരുന്ന കാഫ്‌ക ഇതിഹാസമായി. 1968 ൽ മരിക്കും വരെ ബ്രോഡ് എല്ലാം പ്രസിദ്ധീകരിച്ചില്ല.രേഖകൾ ഏതെങ്കിലും അക്കാദമിക് സ്ഥാപനത്തിന് നൽകാൻ സെക്രട്ടറി എസ്തർ ഹൊഫെയോട് നിർദേശിച്ചു. ഹൊഫെ ചിലത് വിറ്റു. ചിലത് വച്ചു. ട്രയലിൻറെ കയ്യെഴുത്തുപ്രതി 10 ലക്ഷം പൗണ്ടിന് (9 കോടി) സോത് ബീസ് ലേലം ചെയ്‌തു. എസ്തർ 2008 ൽ 101 വയസിൽ മരിച്ചപ്പോൾ ശേഖരം രണ്ടു പെൺമക്കൾക്ക് കിട്ടി.അവർ മരിച്ചപ്പോൾ ഒരാളുടെ പെൺമക്കൾക്ക് കിട്ടി. ഇതാണ് ഇസ്രയേലിന് കൊടുക്കാൻ വിധിച്ചിരിക്കുന്നത്.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...