ഇരുപതാം നൂറ്റാണ്ടിലെ വലിയ ചിന്തകൻ ഴാങ് പോൾ സാർത്രിന്റെ സഹയാത്രിക സിമോങ് ദേ ബുവ്വ സ്ഥാപിച്ച ഇടതു മാസിക ലെ ടെംപെസ് മോഡേണെ പൂട്ടി. 74 കൊല്ലം പ്രസിദ്ധീകരിച്ചു.ഞായർ ഉച്ചയിലെ ഇതിൻറെ പത്രാധിപ സമിതി യോഗങ്ങൾ ആയിരുന്നു സൗഹൃദത്തിൻറെ ഏറ്റവും വലിയ മാതൃകയെന്ന് ബുവ്വ പറഞ്ഞിരുന്നു. അവസാന എഡിറ്റർ ക്ളോദ് ലാൻസ് മാൻ കഴിഞ്ഞ ജൂലൈയിൽ മരിച്ചതോടെ പൂട്ടൽ അനിവാര്യമായിരുന്നു.1986 ൽ ബുവ്വ മരിച്ചപ്പോഴാണ്, ലാൻസ് മാൻ എഡിറ്ററായത്. സാർത്രിന്റെ വിദ്യാർത്ഥിയായിരുന്ന ലാൻസ് മാൻ ബുവ്വയുടെ കാമുകനുമായിരുന്നു. വിസ്മയിക്കേ ണ്ട, സാർത്രും ബുവ്വയും ലൈംഗിക സ്വാതന്ത്ര്യം അനുഭവിച്ചവരാണ്. തൻറെ ശിഷ്യകളെയും ബുവ്വ സാർത്രിന്റെ കിടക്കയിൽ എത്തിച്ചിരുന്നു.
നവ പത്രപ്രവർത്തനം അമ്പതുകളിൽ ന്യൂയോർക്കിൽ നിന്ന് തുടങ്ങി എന്നവകാശപ്പെടുന്നുവെങ്കിലും നാല്പതുകളിൽ പാരിസിൽ ഈ മാസികയോടെ തുടങ്ങി എന്ന ബദൽ ചരിത്രവുമാകാം.ശൈലി മൗലികവും റിപ്പോർട്ടിങ് സാഹിത്യവുമായിരുന്നു.അപഗ്രഥനമാ കട്ടെ,വീറുള്ളതും.1945 ഒക്ടോബറിലെ ആദ്യ ലക്കം പത്ര പ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സ്ഫോടനമായിരുന്നു.അതിൻറെ മാനിഫെസ്റ്റോ ലോകം മുഴുവൻ പരിഭാഷ ചെയ്യപ്പെട്ടു.”ബൂർഷ്വയായി ജനിച്ച ഏത് എഴുത്തുകാരനും നിരുത്തരവാദിത്തത്തിൻറെ പ്രചോദനം അറിയാം പാരീസ് കമ്മ്യൂണിന് ശേഷമുള്ള അടിച്ചമർത്തലുകൾക്ക് ഉത്തരവാദി ഫ്ലോബേർ ആണെന്ന് ഞാൻ പറയും;കാരണം അതിനെതിരെ അദ്ദേഹം ഒന്നും എഴുതിയില്ല” എന്ന് തുടങ്ങുന്നതായിരുന്നു,അത്.
ചാർളി ചാപ്ലിൻറെ മോഡേൺ ടൈംസ് ആയിരുന്നു ശീർഷകം.റെയ്മോന്ദ് ആരോൺ,മെർലോ പോണ്ടി,മൈക്കിൾ ലെയറിസ്,ഫിലിപ് ടോയിൻബി എന്നിവർ എഴുതി.പിക്കാസോ മുഖചിത്രം വരച്ചു.തുടർന്നുള്ള ലക്കങ്ങളിൽ സാമുവൽ ബക്കറ്റും ഷെനെയുമൊക്കെ എഴുതി.എല്ലാ ചൊവ്വയും വെള്ളിയും വൈകിട്ട് ഇതിൻറെ ഓഫിസിൽ സാർത്രിനെ ആർക്കും ചെന്ന് കാണാമായിരുന്നു.ഇത് മാസികയിൽ അച്ചടിച്ചു,ഫോൺ നമ്പർ കൊടുത്തു.
No comments:
Post a Comment