Tuesday 11 June 2019

ടിയാനന്മെന്നിലെ ടാങ്ക് മാൻ


ചൈനീസ് തലസ്ഥാനമായ ബെയ്‌ജിങിലെ ടിയാനന്മെൻ ചത്വരത്തിൽ കമ്യൂണിസ്റ്റ് ഭരണകൂടം നിരപരാധികളെ കൂട്ടക്കൊല നടത്തിയ ദുരന്തത്തിന്, ജൂൺ നാലിന് 30 വർഷം തികയുമ്പോൾ രണ്ടു മുഖങ്ങളാണ് ഓർമയിൽ വരുന്നത് – യു ആർ അനന്ത മൂർത്തിയുടെയും പി ഗോവിന്ദ പിള്ളയുടെയും. ഇന്ത്യയിൽ നിന്നുള്ള ഒരു സാംസ്‌കാരിക സംഘം, സംഭവം നടക്കുമ്പോൾ അവിടെ ഉണ്ടായിരുന്നു. അതിൽ അംഗമായിരുന്നു,അന്ന് കോട്ടയം സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന അനന്ത മൂർത്തി. അദ്ദേഹം തിരിച്ചെത്തിയ പാടെ, ഞാൻ വീട്ടിൽ ഹാജരായി. ഏതാനും ദിവസങ്ങൾ രാവിലെ മുതൽ അദ്ദേഹം, മുറിക്കുള്ളിൽ നടന്ന്,താൻ അവിടെ കണ്ടതും അനുഭവിച്ചതും എന്നോട് പറഞ്ഞു കൊണ്ടിരുന്നു. ഓരോ ദിവസവും പറഞ്ഞത്, മലയാളത്തിലാക്കി, ഞാൻ മനോരമ യിൽ പ്രസിദ്ധീകരിച്ചു. ആ നല്ല പരമ്പര പുസ്തകമായില്ല.
രണ്ടാമത്തെ മുഖം, പീജിയുടേതാകാൻ കാരണം, അദ്ദേഹം ചിന്ത യിൽ ചൈനീസ് ഭരണകൂടത്തെ എതിർത്ത് ലേഖനം എഴുതിയതിന്, പാർട്ടി അദ്ദേഹത്തെ ശാസിച്ചു എന്നത് കൊണ്ടാണ്. അന്ന്വാർത്തയും വ്യക്തിയും എന്ന പംക്തിയിൽ പീജിയെപ്പറ്റിയുള്ള വിലയിരുത്തൽ ഞാൻ ഇങ്ങനെ തുടങ്ങി: ” എ കെ ജി സെൻററിൽ നിന്ന് ടിയാനന്മെന്നിലേക്കുള്ള അകലം, ഒരു ശാസനയുടെ അകലമാണ്”.
അഞ്ചു കൊല്ലത്തിനു ശേഷം, ബെയ്‌ജിങിലെ ആ ചത്വരത്തിൽ ഞാൻ നിന്നത്, കമ്മ്യുണിസ്റ്റ് ലോകം പ്രപഞ്ചത്തിനു നൽകിയ നടുക്കങ്ങളെ ഓർത്തു കൊണ്ടാണ്. ഇതു പോലെ ഏകാധിപതികളെ സൃഷ്‌ടിച്ച രാഷ്ട്രീയ തത്വ ശാസ്ത്രം വേറെയില്ല. ഒരു തുക്കിടി ലോക്കൽ സെക്രട്ടറിയിൽ പോലും ഒരു ചെറുകിട സ്റ്റാലിനെ കാണാം.
ലോകം ടിയാന ന്മെൻ ദുരന്തത്തെ ഓർക്കുന്നത് ടാങ്ക് മാൻ എന്ന ചിത്രo വഴിയാണ്. ഷോപ്പിംഗ് കഴിഞ്ഞു വന്ന ഒരാൾ ആ സഞ്ചിയും പിടിച്ച്, കൂട്ടക്കൊല നടത്തി മടങ്ങുന്ന ടാങ്കുകൾക്ക് സ്വന്തം ശരീരം വാഗ്‌ദാനം ചെയ്യുന്നതാണ്, മായാത്ത ആ ചിത്രം. അതെടുത്തത്, അസോഷ്യേറ്റഡ് പ്രസ് ( എ പി ) ഫോട്ടോഗ്രഫർ, ജെഫ് വൈഡ്‌നർ.


ബാങ്കോക്കിൽ എ പി യുടെ ഫോട്ടോ എഡിറ്ററായിരുന്ന ജെഫിനോട് ബെയ്‌ജിങിൽ പോകാൻ കമ്പനി പറഞ്ഞത്, ടിയാനന്മെന്നിൽ, വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമായപ്പോഴാണ്. ഇന്നദ്ദേഹത്തിന് 62 വയസ്. ബാങ്കോക്കിലെ ചൈനീസ് കോൺസുലേറ്റ് വിസ നിഷേധിച്ചപ്പോൾ, ജെഫ്, ഹോംഗ് കോങിലേക്ക് പറന്നു. അവിടെ ട്രാവൽ ഏജൻസി വഴി ടൂറിസ്റ്റ് വിസ കിട്ടി. ലഗേജിൽ മൊബൈൽ ഡാർക്ക് റൂം കരുതി. ദിവസവും രാവിലെ സൈക്കിളിൽ ടിയാനന്മെനിൽ പോയി. 1989 മെയ് 30 ന് ടിയാനന്മെൻ ഗേറ്റിൽ, മാവോയുടെ വൻ ചിത്രത്തിന് എതിരെ ജനാധിപത്യത്തിൻറെ ദേവി യുടെ ചിത്രം വിദ്യാർത്ഥികൾ ഉയർത്തിയതിന്റെ ഫോട്ടോ എടുത്തു.


സർക്കാർ പട്ടാള നിയമം പ്രഖ്യാപിച്ചപ്പോൾ വഴികളിൽ ജനം സേനയെ തടഞ്ഞു. ഡെങ് സിയാവോ പിങിനും സഖാക്കൾക്കും അത് ദഹിച്ചില്ല. ജൂൺ മൂന്ന് രാത്രി സേന ചത്വരത്തിൽ ജനക്കൂട്ടത്തെ ഭേദിച്ചപ്പോൾ, ജെഫിനൊപ്പം ലേഖകൻ ഡാൻ ബിയേഴ്‌സും ഉണ്ടായിരുന്നു. ടാർ പൂശിയ ഒരു കല്ല് തലയിൽ വന്നു പരുക്കേറ്റ് ജെഫ് ഹോട്ടലിലേക്ക് മടങ്ങി. അടുത്ത ഉച്ചയ്ക്ക് ജെഫ് കണ്ടത്, സ്വന്തം ഭരണ കൂടം തങ്ങൾക്കു നേരെ നീങ്ങുന്നത് കണ്ടു ബോധം കെട്ട ജനത്തെയാണ്. വാഹനങ്ങൾ കത്തിക്കരിഞ്ഞു കിടക്കുന്നു. സേനയെ നിരാലംബരായ ജനം പ്രതിരോധിക്കുന്നു. പട്ടാളം ചത്വരം കീഴടക്കിയ ചിത്രത്തിനായി, ബെയ്‌ജിങ്‌ ഹോട്ടലിനു മുകൾ നിലയിൽ എത്തി. അവിടെ അമേരിക്കയിൽ നിന്ന് കൈമാറ്റ പദ്ധതിയിൽ എത്തിയ വിദ്യാർത്ഥി കിർക് മാർട്ട്സനെ കണ്ടു മുട്ടി. ഒരുപാടു കാലം പരിചയമുള്ള പോലെ കിർക് പെരുമാറി, ഹോട്ടലിന് കാവൽ നിന്ന സേനക്കിടയിലൂടെ കടക്കാൻ ജെഫിനെ സഹായിച്ചു. ആറാം നിലയിലെ തൻറെ മുറിയിൽ കിർക്, ജെഫിനെ കടത്തി -അവിടെ നിന്ന് തെരുവ് നന്നായി കാണാം. ഫിലിം തീർന്നിരുന്നു. അതിനായി എ പി ബ്യുറോയിൽ പോകുന്നത് ആലോചിക്കാനേ വയ്യ. ലോബിയിൽ പേടിച്ചരണ്ട ടൂറിസ്റ്റുകളോട് ചോദിക്കാൻ പോയ കിർക് രണ്ടു മണിക്കൂർ കഴിഞ്ഞ് ഫിലിമുമായി എത്തി. ഒരൊറ്റ റോൾ മാത്രം. രാത്രി മുഴുവൻ ജെഫ് ഉറക്കമിളച്ചു. ജൂൺ അഞ്ച് പുലർച്ചെ ടാങ്കുകളുടെ ഇരമ്പം കേട്ട് ബാൽക്കണിയിൽ ചെന്നു. ചിത്രമെടുക്കാൻ തുടങ്ങിയപ്പോൾ സഞ്ചിയുമായി ഒരു മനുഷ്യൻ ടാങ്കുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. അയാൾ തൻറെ ചിത്രം അലമ്പാക്കും എന്ന് ജെഫ് കരുതി. അയാളെ നോക്കി നല്ല ചിത്രത്തിന് ജെഫ് കാത്തു. അയാളെ അവർ വെടി വച്ചില്ല. എങ്കിൽ, ഒരു ക്ളോസ് ഷോട്ട് വേണമെന്ന് തോന്നി. രണ്ടു തവണ ടാങ്കുകളെ തടഞ്ഞ അയാൾ, ഒരു തവണ അതിനു മുകളിൽ കയറി, സൈനികനോട് തർക്കിച്ചു. നീല വസ്ത്രമണിഞ്ഞ രണ്ടു പേർ അയാളെ അവിടന്ന് മാറ്റി – ആ മൂന്നു പേർ ആരെന്നു നമുക്കറിയില്ല. അഞ്ചു ഫൊട്ടോഗ്രഫർമാരും വിഡിയോഗ്രാഫർമാരും സംഭവം ചിത്രീകരിച്ചു. ജെഫിൻറെ ചിത്രം പ്രശസ്തമായി – പുലിറ്റ്സർ സമ്മാനത്തിന്റെ അവസാന ഘട്ടം വരെ എത്തി. ലോകത്തെ സ്വാധീനിച്ച 100 ചിത്രങ്ങളിൽ ടൈം വാരിക ഇതുൾപ്പെടുത്തി. സംഹാരത്തെ പ്രതിരോധിക്കുന്നത്, ചിലപ്പോൾ ഒരു മനുഷ്യൻ മാത്രമായിരിക്കും. ടിയാനന്മെനുമായി ബന്ധപ്പെട്ട 3000 വാക്കുകൾ ചൈനയിൽ ഇൻറർനെറ്റ് സെർച്ചിൽ ഭരണ കൂടം നിരോധിച്ചിട്ടുണ്ട്. അതിലൊന്നാണ്, ടാങ്ക് മാൻ.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...