Tuesday, 11 June 2019

മാർക്സിസത്തിൻറെ കൊഴിഞ്ഞു പോക്ക്

ന്ത്യയിൽ ഇറക്കുമതി ചരക്കായ മാർക്സിസത്തിൻറെ കൊഴിഞ്ഞു പോക്ക് ബംഗാളിൽ തന്നെ നടന്നത്, വിധി വൈപരീത്യം തന്നെ. മൗലികമായി ഒന്നും തന്നെയില്ലാത്ത ഒരു പ്രത്യയ ശാസ്ത്രം ബംഗാളിലും കേരളത്തിലും വേരു പിടിച്ചത്, രണ്ടിടത്തും അതിൻറെ വരവിനു മുൻപ്, നവോത്ഥാനം പൂർത്തിയായിരുന്നു എന്നതിനാൽ. ആ നവോത്ഥാന പ്രക്രിയയിൽ, വിവരമുള്ള സന്യാസിമാർ വഴി, വിവേകാനന്ദനും അരവിന്ദ ഘോഷും നാരായണ ഗുരുവും ചട്ടമ്പി സ്വാമികളുമൊക്കെ വഴി, അദ്വൈതം അന്തർധാരയായി കടന്നു കയറി. ദൈവവും മനുഷ്യനും ഒന്ന് എന്ന അദ്വൈത ചിന്ത, എങ്കിൽ ദൈവം വേണ്ട എന്ന നിലയിലേക്ക്, കമ്മ്യൂണിസ്റ്റുകൾക്ക് വളച്ചൊടിക്കാൻ എളുപ്പമായി. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പിറന്നത് തന്നെ ബംഗാളിലാണ്. അതും നവോത്ഥാന തുടർച്ചയായിരുന്നു.

ഗാന്ധിയുടെ കാലത്ത്, ബംഗാളിലെ കോൺഗ്രസ് ഗാന്ധിയുടെ നയങ്ങൾക്കൊപ്പം നിന്നില്ല എന്നത് ചരിത്രമാണ്. ചിത്തരഞ്ജൻ ദാസ് എന്ന വടവൃക്ഷം കോൺഗ്രസ് നേതാവായി നിന്ന ബംഗാളിൽ, ഗാന്ധിക്ക് കാര്യമായ പ്രവേശനം തന്നെ ഉണ്ടായിരുന്നില്ല. ഒന്നാന്തരം കവി കൂടിയായിരുന്ന ദാസിൻറെ കവിത, സാഗര ഗീതംമോഷ്ടിച്ചതാണ്, ജി ശങ്കരക്കുറുപ്പിൻറെ സാഗര സംഗീതം. ദാസിൻറെ കവിത ഇംഗ്ലീഷ്-ലേക്ക് പരിഭാഷ ചെയ്തത്, മഹർഷി അരവിന്ദനായിരുന്നു. കുറുപ്പ് കവിത പകർത്തിയ പോലെ, പി കൃഷ്ണ പിള്ള,മാർക്‌സിസം അവിടന്ന് പകർത്തി. കോൺഗ്രസുകാരനായി, ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിലിൽ ആയിരുന്നപ്പോഴാണ്, പിള്ള ബംഗാളിലെ തീവ്ര സംഘടനയായ അനുശീലനുമായി ബന്ധപ്പെട്ടതും അതിൽ അംഗമായതും. ഇ എം എസ് ചേർന്നത് പിന്നീടാണ്. മറ്റൊരു വഴിയിൽ, പി കേശവദേവ് ബാരിസ്റ്റർ എ കെ പിള്ളയുടെ വീട്ടിൽ പോയി, ജോൺ റീഡ് എഴുതിയ ലോകത്തെ പിടിച്ചു കുലുക്കിയ പത്തു ദിവസങ്ങൾ വായിച്ച് ആലപ്പുഴയിലെ ആദ്യ തൊഴിലാളി യൂണിയൻ നേതാവായി. അദ്ദേഹം മാർക്‌സിസം ആദ്യമായി പ്രസംഗിച്ച വഴിയിൽ രണ്ടു കിലോമീറ്റർ കൂടി
യാത്ര ചെയ്താൽ, അമൃതാനന്ദമയീ മഠം ആയി.
തൊഴിലാളികൾ ധാരാളമുണ്ട്, അവരെ കൈയിലെടുക്കാൻ; പുതിയൊരു വേദം കിട്ടി എന്ന മട്ടിൽ കാര്യങ്ങൾ നീങ്ങി. ഇ എം എസിനെയും മറ്റും കോൺഗ്രസിൽ ചാലപ്പുറം ഗ്യാങ് ഒതുക്കിയിരുന്നതിനാൽ, അദ്ദേഹത്തിനും വേറൊരു വേദി കിട്ടി. പുതിയ വേദത്തിൻറെ മൗലികതയില്ലായ്മ വിഷയമായിരുന്നില്ല. ഇന്ന് കത്തോലിക്കാ മതത്തിൽ നിന്ന് പെന്തക്കോസ്തിൽ ചേർന്ന് ഏഴകൾ കൊഴിയും പോലെ, മുതലാളിയുടെ സേവകത്വത്തിൽ നിന്ന് മോചിതനായ പോലെ തൊഴിലാളിക്ക് തോന്നി.

ഹെഗലിൻറെ ഫിലോസഫി ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തിലെ ഖണ്ഡികകൾ അതേ പടി മോഷ്ടിച്ച അന്നത്തെ സുനിൽ ഇളയിടമായിരുന്നു, മാർക്സ്. ഹെഗലിൻറെ ചിന്തയിൽ നിന്ന് ദൈവത്തെ വെട്ടി നീക്കി, ഫോയർബാക്കിന്റെ എസ്സൻസ് ഓഫ് ക്രിസ്ത്യാനിറ്റി യിലെ ആശയങ്ങൾ ചേർത്താൽ മാർക്‌സിസം കിട്ടും. ഭാര്യ ജെന്നി  നാലാം പ്രസവത്തിനു പോയപ്പോൾ, വീട്ടു വേലക്കാരി ഹെലൻ ഡീമുത്തിൽ അവിഹിത സന്തതിയെ സൃഷ്ടിച്ച അരാജകത്വം കൂടി ചേർത്താൽ, ജീവിത ദര്ശനവും കിട്ടും. അത് അദ്വൈതത്തിൽ ഇല്ല. ശശിമാരിൽ ഉണ്ട്.
മാർക്സിസം ബംഗാളിൽ വേര് പിടിച്ചതിൽ  സുഭാഷ് ചന്ദ്ര ബോസിൻറെ പങ്ക് ചെറുതല്ല. ചിത്തരഞ്ജൻ ദാസിൻറെ ശിഷ്യനും പിൻഗാമിയുമായ ബോസ്, ഗാന്ധിയുമായി തർക്കിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ തീവ്രവാദി പ്രസ്ഥാനങ്ങളുമായി ബന്ധത്തിലായിരുന്നു. കോൺഗ്രസിന്റേതല്ലാത്ത ഒരു രാഷ്ട്രീയ ധാരയ്ക്ക് അവിടെ ഭൂമി കിളച്ചത് ബോസാണ്. ഇന്ത്യൻ കമ്മ്യൂണിസത്തിൻറെ പിതാവായ മുസഫർ അഹമ്മദ്, ബോസിനും എട്ടു കൊല്ലം മുൻപേ ജനിച്ചിരുന്നു. ബോസിൻറെ തീവ്രവാദം വന്നത് തന്നെ, ഇന്ത്യൻ പൈതൃകത്തിൽ നിന്നായിരുന്നു. ഈ ആത്മീയത ബംഗാൾ കമ്മ്യുണിസ്റ്റുകൾ പിന്തുടർന്നില്ല. അതായത്,മാർക്സിസത്തിൻറെ ഭാരതവൽക്കരണം നടന്നില്ല. മാത്രമല്ല, ആധുനിക ഊർജ്ജതന്ത്രം, ഭാരതീയ സിദ്ധാന്തങ്ങൾ ശരിവച്ചു മുന്നേറിയപ്പോൾ, മാർക്സിസത്തിൻറെ ശാസ്ത്രീയമായ പുതുക്കലും നടന്നില്ല. മൗലികമല്ലാത്ത സിദ്ധാന്തത്തിന്, അടിത്തറയില്ലാത്തതിനാൽ, പുതുക്കലുകൾ സാധ്യമല്ല. ഇങ്ങനെ ബംഗാളിലും കേരളത്തിലും പാർട്ടിയെ ബൂർഷ്വ റാഞ്ചി. മുതലാളിക്ക് ലെവി പിരിച്ച്, ബന്ദിപ്പണം കൊടുത്തു കൊണ്ടിരിക്കുകയാണിപ്പോൾ. മാർക്സിസത്തിൻറെ നടുവൊടിക്കുന്ന മസാല ബോണ്ടിൽ അത് കുടുങ്ങിപ്പോയി. കണ്ണകി വലിച്ചെറിഞ്ഞ ചിലമ്പ് പോലെ, അവശിഷ്ടങ്ങൾ മധുരയിലും കോയമ്പത്തൂരിലും പൊങ്ങി. അത് ജഡാവശിഷ്ടങ്ങളാണെന്ന് കേരള സഖാക്കൾ അറിയുമ്പോഴേക്കും, ഭരണകൂടം കൊഴിഞ്ഞിരിക്കും.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...