Tuesday 11 June 2019

കവയിത്രി ആത്മഹത്യ ചെയ്‌തു;കവി മാളത്തിൽ

ബ്രിട്ടനിൽ 19 നൂറ്റാണ്ടിലെ പ്രശസ്ത കവയിത്രി ലെറ്റിഷ്യ എലിസബത്ത് ലണ്ടൻ വിഷം കഴിച്ചു മരിച്ചതിനു പിന്നിൽ ചൂഷണത്തിൻറെ കഥകളുണ്ടെന്ന് പുതിയ ജീവചരിത്രം പറയുന്നു. L E L എന്ന പുസ്തകം എഴുതിയത് ലൂകാസ്റ്റ മില്ലർ. L E L എന്ന തൂലികാ നാമത്തിലാണ്, ലെറ്റിഷ്യ എഴുതിയിരുന്നത്.



ഇന്നത്തെ ഘാനയിൽ ഗവർണറായിരുന്ന ജോർജ് മക് ലീന്റെ ഭാര്യയായിരുന്ന ലെറ്റിഷ്യ വിഷം കഴിച്ചു മരിച്ചത് 1838 ലാണ്. നവ വധു. വിവാഹം ചെയ്ത് അവിടെ ചെന്നപ്പോഴാണ് അയാൾക്ക് അവിടത്തുകാരി ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞത്. അടിമത്തം അവസാനിച്ചെങ്കിലും, ഭർത്താവിൻറെ കോട്ടയിൽ കറുത്ത വർഗ്ഗക്കാരായ അടിമകൾ ഉണ്ടായിരുന്നു. ഇതൊക്കെ കാണുമ്പോൾ ലെറ്റിഷ്യയ്ക്ക് 36.ദുരിതത്തെപ്പറ്റി അവർ അമ്മയ്ക്ക് കത്തെഴുതി.രണ്ടു ദശാബ്ദം അവരായിരുന്നു ഏറ്റവും പ്രസിദ്ധയായ കവയിത്രി. സ്‌കൂളിലെ കവിതയെഴുത്തിൽ മിടുക്കു കാട്ടിയ അവളെ ദരിദ്രയായ അമ്മയാണ്, സാഹിത്യ ലോകം കാട്ടിക്കൊടുത്തത്. ലിറ്റററി ഗസറ്റിൻറെ വിവാഹിതനായ എഡിറ്റർ വില്യം ജേർഡന് കവയിത്രികളോട് താല്പര്യമായിരുന്നു. 1824 ൽ ബൈറൺ മരിച്ചതോടെ സ്വന്തം ജീവിതം കൂടി കവിതയിൽ പറയുന്നയാളെയാണ്, അയാൾക്ക് ലെറ്റിഷ്യയിൽ കിട്ടിയത്. വിപണിക്ക് വേണ്ടി മാത്രമല്ല, അല്ലാതെയും അവൾ ചൂഷണം ചെയ്യപ്പെട്ടു. അnയാളിൽ മൂന്ന് കുട്ടികൾ ഉണ്ടായി. അതിൻറെ ഗ്ലാനിയിൽ നിൽക്കുമ്പോഴായിരുന്നു, വിവാഹം.ജീവിതത്തിൻറെ സിംഹഭാഗവും ബ്രിട്ടന് പുറത്തായിരുന്ന ആ ഗവർണർ മാത്രമായിരുന്നിരിക്കും, കവയിത്രിയുടെ അവിഹിത സന്തതികളെപ്പറ്റി അറിയാതിരുന്ന ബ്രിട്ടീഷുകാരൻ. അതറിഞ്ഞപ്പോൾ ഉണ്ടായ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പുസ്തകത്തിൽ അനുമാനിക്കുന്നു.

ബ്രസീൽ പൈങ്കിളി 40 പേരെ പകർത്തി

ബ്രസീലിലെപൈങ്കിളി എഴുത്തുകാരി ക്രിസ്റ്റിൻ സെരൂയയ്‍ക്ക് എതിരെ, നാൽപതോളം എഴുത്തുകാരുടെ രചനകളിൽ നിന്ന് മോഷ്ടിച്ചതിന്, അമേരിക്കൻ പൈങ്കിളി എഴുത്തുകാരി നോറ റോബർട്ട്സ് കേസ് കൊടുത്തു. തൻറെ 10 പുസ്തകങ്ങളിൽ നിന്നുള്ള ഭാഗങ്ങൾ സെരൂയ പരാവർത്തനം ചെയ്‌തെന്ന് ഉദാഹരണസഹിതം നോറ ഹർജിയിൽ ചൂണ്ടിക്കാട്ടി. പകർപ്പവകാശ ലംഘനത്തിന് 25000 ഡോളർ (18 ലക്ഷം) നഷ്ടപരിഹാരം നോറ ആവശ്യപ്പെട്ടു. മോഷ്ടിച്ച ഭാഗങ്ങൾ നീക്കം ചെയ്യും വരെ സെരൂയയുടെ പുസ്‌തകങ്ങളുടെ വിൽപന തടയാനും ആവശ്യപ്പെട്ടു. നഷ്‌ടപരിഹാരം ബ്രസീലിലെ സാഹിത്യസംഘടനയ്ക്ക് നൽകുമെന്ന് നോറ അറിയിച്ചു.താൻ മനഃപൂർവം കോപ്പിയടിച്ചില്ലെന്ന് സെരൂയ നോറയുടെ പി ആർ ഒ യെ മെയിലിൽ അറിയിച്ചു. വേഗം, വേഗം, ഇനിയും, ഇനിയും എന്നു പറഞ്ഞ വഴികാട്ടികൾ തന്നെ വിഡ്ഢിയാക്കുകയായിരുന്നു. വാടക എഴുത്തുകാരും തന്നെ പറ്റിച്ചു.




ഖണ്ഡികകൾ തൻറെ നോവലിൽ നിന്ന് സെരൂയ അതേപടി പകർത്തിയതായി നോറ തെളിവ് നിരത്തി. നോറയുടെ ‘ദി ലയർ’ നോവലിൽ നിന്ന് സെരൂയ, ‘റോയൽ അഫയർ’ എന്ന നോവലിലാണ് പകർത്തിയത്. രണ്ടുമാസം മുൻപ് വായനക്കാർ സെരൂയയുടെ ‘റോയൽ ലവ്’ നോവലും കോർട് നി മിലൻറെ ‘ദി ഡച്ചസ് വാർ’ എന്ന നോവലും തമ്മിൽ സാമ്യം കണ്ടെത്തി. അന്നുമുതൽ ഒരു ഡസൻ നോവലിസ്റ്റുകൾ ആരോപണവുമായി വന്നു. ടെസ്സ ഡയർ, ലൊറേറ്റ ചേസ്, ലിൻ ഗ്രഹാം എന്നിവർ കൂട്ടത്തിലുണ്ട്. 40 എഴുത്തുകാരും 100 പുസ്തകവുമാണ് രംഗത്തുള്ളത്. “പലർക്കും കേസ് കൊടുക്കാൻ പണമില്ല, എനിക്ക് അതുണ്ട്”, നോറ പറഞ്ഞു.
ആമസോൺ സെരൂയയുടെ പുസ്തകങ്ങൾ നീക്കി.

ഹെർമൻ വോക്ക് 104 വരെ 

ജൂ
ത പാരമ്പര്യത്തിൽ നിന്ന് കെയിൻ മ്യൂട്ടിനി, ദി വിൻഡ്‌സ് ഓഫ് വാർ തുടങ്ങിയ മികച്ച നോവലുകൾ എഴുതിയ ഹെർമൻ വോക് വിട വാങ്ങി. 104 ആഘോഷിക്കാൻ പത്തു ദിവസം കൂടിയേ ഉണ്ടായിരുന്നുള്ളു. ഒരു പുസ്തകത്തിൻറെ പണിപ്പുരയിലായിരുന്നു. കലിഫോർണിയ പാം സ്പ്രിങ്സ് വസതിയിൽ ഉറക്കത്തിലായിരുന്നു മരണം. നിരവധി വർഷങ്ങൾ വാഷിങ്‌ടണിൽ ആയിരുന്നു.



രണ്ടാം ലോകയുദ്ധത്തിന് ശേഷം ഉയർന്നു വന്ന പ്രധാന എഴുത്തുകാരിൽ ഒരാളായ വോക് ആണ് ജൂത കഥകൾ ആദ്യമായി പൊതുധാരയിലേക്ക് കൊണ്ട് വന്നത്. റേഡിയോ നടന്മാർക്ക് തമാശയെഴുതിയും ചരിത്രനോവലിൽ കൈവച്ചും ഒക്കെയായിരുന്നു തുടക്കം. 1952 ൽ കെയിൻ മ്യുട്ടിനിക്ക് പുലിറ്റ്സർ സമ്മാനം കിട്ടിയതോടെ ശ്രദ്ധേയനായി. അധികാരം കൊണ്ട് ഉന്മാദിയായ നായകനായിരുന്നു അതിലെ നേവി ക്യാപ്റ്റൻ. അതിലെ കോടതി രംഗം വോക് നാടകമാക്കി. കെയിൻ മ്യുട്ടിനി സിനിമയും വിൻഡ്‌സ് ഓഫ് വാർ ടി വി പാരമ്പരയുമായി. ഹെമിങ്‌വേ, ജോയ്‌സ് എന്നിവർ മത വിരുദ്ധരായിരുന്നു. എന്നാൽ, വോക്, സി എസ് ലൂയിസിനെപ്പോലെ വിശ്വാസികളുടെ ചെറിയ സംഘത്തിലായിരുന്നു – അങ്ങനെയുണ്ടായതാണ്, ദിസ് ഈസ് മൈ ഗോഡ്. ജൂത വേദമായ തലമൂദ് ദിവസവും വായിച്ചിരുന്നു. ജോർജ് ടൗൺ സിനഗോഗിൽ പോയിരുന്നു. 90 വയസു കഴിഞ്ഞ ശേഷമാണ് ലോ ഗിവർ നോവൽ എഴുതിയത്.100 ൽ ഓർമ്മകൾ എഴുതി. വോക്കിൻറെ ആയുസ്സ് മുൻ നിർത്തിയാണ്, സ്റ്റീഫൻ കിംഗ് ഹെർമൻ വോക് ഈസ് സ്റ്റിൽ എലൈവ് എന്ന കഥ എഴുതിയത്.

ആർമിറ്റേജ് ആസ്ഥാന കവി
കരോൾ ആൻ ഡഫിയുടെ പിൻഗാമിയായി സൈമൺ ആർമിറ്റേജിനെ ബ്രിട്ടൻ ആസ്ഥാന കവിയാക്കി. വെസ്റ്റ് യോർക്ക് ഷറിൽ നിന്നുള്ള അദ്ദേഹം പ്രൊബേഷൻ ഓഫിസർ ആയിരുന്നു. ധിഷണയില്ലാത്ത കവിത എന്ന് സ്വയം വിലയിരുത്തുന്ന അദ്ദേഹം ഇരുപത്തൊന്നാം ആസ്ഥാന കവിയാണ്. ഇത് പറഞ്ഞ് തെരേസ മേ വിളിച്ച കാര്യമറിഞ്ഞപ്പോൾ മാതാപിതാക്കൾ പൊട്ടിക്കരഞ്ഞെന്ന് സൈമൺ പറഞ്ഞു. 1994 ൽ കവിതയ്ക്കു വേണ്ടി ജോലി രാജി വച്ചപ്പോൾ അവർ ഖിന്നരായിരുന്നു. അത് കൊണ്ട് അവരെ പോയിക്കണ്ട് വിവരം പറഞ്ഞു.
കുറച്ചു കഴിഞ്ഞ് പിതാവ് സന്ദേശം അയച്ചു: “ഞങ്ങൾ കരച്ചിൽ നിർത്തി”.
തമാശക്കാരനാണ് പിതാവ്. “നിൻറെ മുത്തച്ഛനുണ്ടായിരുന്നെങ്കിൽ ഇതറിഞ്ഞ് മരിച്ചേനെ” എന്നും പ്രതികരിച്ചു.





ബ്രിട്ടൻറെ ഏറ്റവും വലിയ സാഹിത്യ ആദരം തുടങ്ങിയത് 17 നൂറ്റാണ്ടിലാണ്. ബെൻ ജോണ്സണ് ജയിംസ് ഒന്നാമൻ പെൻഷൻ നൽകിയത് തുടക്കമായിരുന്നു. 5750 പൗണ്ട് ഒരു വർഷം കിട്ടും. 600 കുപ്പി ഷെറി കിട്ടും.പത്തു കൊല്ലം ഉണ്ടാകും. കിട്ടുന്ന പണം കാലാവസ്ഥാ മാറ്റ പ്രചാരണത്തിന് ഉപയോഗിക്കും. കേരളത്തിലാണെങ്കിൽ കവി വീടിന് രണ്ടാം നില പണിതേനെ.
1989 ൽ സൂം എന്ന സമാഹാരം വഴിയാണ് സൈമൺ പൊട്ടി വീണത്. ടെഡ് ഹ്യൂഗ്‌സിന്റെ പിൻഗാമി എന്ന്പറയാം. ഫിലിപ് ലാർക്കിനെപ്പോലെ ആഴം കണ്ടെത്തിയ കവി.
സാംസ്‌കാരിക വകുപ്പിൻറെ ചുരുക്കപ്പട്ടികയിൽ നിന്നാണ് തിരഞ്ഞെടുപ്പ്. കറുത്ത വർഗക്കാരനോ ന്യൂനപക്ഷമോ വന്നിട്ടില്ല. ഇo ത്യാസ് ധാർകർ, ദൽജിത് നാഗ്ര, ആലീസ് ഓസ്വാൾഡ് എന്നിവർ പട്ടികയിലുണ്ടായിരുന്നുവെന്നും ധാർകർ നിരസിച്ചെന്നും കേൾക്കുന്നു.

വംശീയ കവിത മാളത്തിൽ

കുടിയേറ്റക്കാർ എലികളാന്നെന്ന് കവിത എഴുതിയ രാഷ്ട്രീയക്കാരൻ രാജിവച്ചു. ഹിറ്റ്ലറുടെ നാടായ ഓസ്ട്രിയൻ നഗരം ബ്രണ്ണം ഇന്നിലെ ഡപ്യൂട്ടി മേയർ ക്രിസ്ത്യൻ ഷിൽകറാണ് രാജിവച്ചത്. വലതുപക്ഷ ഫ്രീഡം പാർട്ടി അംഗമായ ഷിൽകർ,”നഗര എലി” എന്ന ശീർഷകത്തിലാണ് കവിത എഴുതിയത്. പാർട്ടി പത്രത്തിൻറെ ഈസ്റ്റർ പതിപ്പിലായിരുന്നു. കുടിയേറ്റക്കാരെപ്പറ്റിയായിരുന്നു, കവിത. കുടിയേറ്റക്കാരനായ ആഖ്യാതാവ് കുടിയേറ്റക്കാരോട് പറയുന്നു: ‘ഉടൻ ഓടി രക്ഷപ്പെടുക; അല്ലെങ്കിൽ അലിഞ്ഞു ചേരുക. രണ്ടു സംസ്‌കാരങ്ങളെ കൂട്ടിക്കുഴയ്ക്കുന്നത്, രണ്ടിനെയും, നശിപ്പിക്കലാണ്”.





ജൂതന്മാരെയും താൻ വെറുക്കുന്ന സമുദായങ്ങളെയും ഹിറ്റ്‌ലർ എലികൾ എന്നാണ് വിളിച്ചിരുന്നത്. ആത്മകഥയായ’മീൻ കാഫി’ ൽ എലികളെപ്പോലെ മനുഷ്യരും ഒരേവർഗ്ഗത്തിൽ പെട്ടവരാണ് ഇണ ചേരേണ്ടതെന്നും അല്ലാത്തപക്ഷം ശുദ്ധിയും ശക്തിയും ദുർബലമാകുമെന്നും ഹിറ്റ്‌ലർ പറഞ്ഞിരുന്നു. എലികളെയും മനുഷ്യരെയും താരതമ്യപ്പെടുത്തിയ ചരിത്രോന്മാദത്തിന് ഷിൽകർ മാപ്പ് പറഞ്ഞു. പ്രകോപിപ്പിക്കാനായിരുന്നു, വെറുപ്പിക്കാനല്ല തൻറെ കവിതയെന്നും ഷിൽകർ പ്രതികരിച്ചു. മുൻ നാസികൾ രൂപീകരിച്ചതാണ്, ഫ്രീഡം പാർട്ടി. കവിത മനുഷ്യ വിരുദ്ധവും നാറുന്നതും വംശീയവുമാണെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് പറഞ്ഞു.

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...