Wednesday, 31 July 2019

ഒരു റഷ്യൻ യക്ഷിക്കഥ 13

13 .ഉത്തര ഖണ്ഡം -വിച്ഛേദം 

ത് വരെയുള്ള ചരിത്രത്തിൽ നിന്നുള്ള അനിവാര്യമായ വിച്ഛേദമായിരുന്നു,മിഖയിൽ ഗോർബച്ചേവ്.റെഡ് സ്‌ക്വയറിലെ ലെനിൻറെ മരവിച്ച ശരീരം,മാനവികത ഇല്ലാത്ത മാർക്സിസം -ലെനിനിസത്തിന് പരിച ആകുമായിരുന്നില്ല.ചരിത്രത്തെ നിർണയിക്കുന്നത് ഉൽപാദന ശക്തികളും സാമൂഹിക ഘടകങ്ങളും ആണെന്ന മണ്ടൻ ആശയം മുന്നോട്ട് വച്ച ഭൗതിക വാദം,മനുഷ്യന് ആന്തരിക ജീവിതം ഉണ്ടെന്നും അതെപ്പോഴും സ്വാതന്ത്ര്യം കാംക്ഷിക്കുമെന്നും തിരിച്ചറിഞ്ഞില്ല.1987 ഡിസംബർ എട്ടിന് അമേരിക്ക സന്ദർശിച്ച ഗോർബച്ചേവിന് മുന്നിൽ പ്രസിഡൻറ് റൊണാൾഡ്‌ റെയ്‌ഗൻ,അമേരിക്കൻ കവി റാൽഫ് വാൽഡോ എമേഴ്സനെ ഉദ്ധരിച്ചു:കൃത്യമായി ഒരു ചരിത്രം ഇല്ല;ജീവ ചരിത്രമേയുള്ളു.
ഗോര്ബച്ചേവിൻറെ മറുപടിയിലും എമേഴ്സൺ വന്നു:നന്നായി ചെയ്‌ത ഒരു പ്രവൃത്തിയുടെ പ്രതിഫലം,അത് ചെയ്‌തു എന്നത് തന്നെ.
ഗോർബച്ചേവ് 
ഗോർബച്ചേവ്,കോൺസ്റ്റാന്റിൻ ചേർണെങ്കോ ( 1911 -1985 ) യുടെ വെറും 13 മാസത്തെ ഭരണ ശേഷം,1985 ൽ ജനറൽ സെക്രട്ടറി ആകുമ്പോൾ,54 വയസ്സിൽ പി ബി യിലെ പ്രായം കുറഞ്ഞ ആളായിരുന്നു.യുക്രൈൻ അതിർത്തിയിലെ സ്ട്രാവോപോളോയിലെ ബോൾഷെവിക് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അദ്ദേഹം,1000 കിലോമീറ്റർ അകലെ,മോസ്‌കോ സർവകലാശാലയിൽ പഠിക്കുമ്പോഴാണ്,കമ്മ്യൂണിസ്റ്റ് ആയത്.ഗോർബച്ചേവിന്റെ അടുത്ത ബന്ധുക്കളിൽ ഒരാൾ സ്റ്റാലിന്റെ കൂട്ടുകൃഷിക്കാലത്ത് ഉന്മൂലനം ചെയ്യപ്പെട്ടിരുന്നു.ഗോർബച്ചേവ് ജനിച്ച ദിവസത്തെ പ്രവദ മെൻഷെവിക്കുകളുടെ നിഴൽ വിചാരണാ വാർത്തകൾ നിറഞ്ഞതായിരുന്നു.1929 ലെ 16 -o പാർട്ടി കോൺഗ്രസ് പാർട്ടിക്കുള്ളിൽ ശുദ്ധീകരണത്തിന് പ്രമേയം പാസാക്കിയിരുന്നു.ആ മാസം തന്നെ ഓർത്തഡോക്സ് സഭക്കെതിരായ നീക്കത്തിൽ നൂറുകണക്കിന് പള്ളികൾ നശിപ്പിച്ചു.
ഗോർബച്ചേവ് പഠിച്ചത് നിയമമാണ്;സാഹിത്യമായിരുന്നു പ്രിയം.അലക്‌സാണ്ടർ പുഷ്‌കിൻ,ലെർമോൺടോവ് എന്നിവരുടെ കവിതകൾ ഹൃദിസ്ഥം.മോസ്‌കോ സര്വകലാശാലയ്ക്കുള്ള യാത്രക്കിടയിൽ,രണ്ടാം ലോകയുദ്ധത്തിൽ തകർന്ന നഗരങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടു.നിയമ പഠനത്തിൽ,ഹമ്മുറാബിയുടെ നിയമ സംഹിത,മാക്യവെല്ലിയുടെ History of Florence,തോമസ് അക്വിനാസിൻറെ രചനകൾ,ഹോബ്‌സ്‌,ഹെഗൽ,റൂസോ എന്നിവരുടെ ചിന്തകൾ തുടങ്ങിയവ ശ്രദ്ധിച്ചു.ഗോര്ബച്ചേവിന്റെ സഹപാഠി ആയിരുന്നു,പിന്നീട് ചെക്കോസ്ലോവാക്യൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായ സെഡനെക് മൈനാഫ് .1968 ൽ റഷ്യ,കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചെക്കോസ്ലോവാക്യയെ ആക്രമിച്ചപ്പോൾ പാർട്ടിയിലെ സ്റ്റാലിനിസം മടുത്ത്,മൈനാഫ് വിമതർക്കൊപ്പം ചേർന്നു.വിമതനായ അലക്‌സാണ്ടർ ഡ്യുബ്ചെക്ക് പ്രസിഡൻറായി.സോവിയറ്റ് ടാങ്കുകൾ വിമതരെ അമർച്ച ചെയ്‌തതോടെ,മൈനാഫിന് പാർട്ടി സ്ഥാനങ്ങൾ നഷ്ടപ്പെട്ടു.1977 ൽ ഓസ്ട്രിയയിലേക്ക് കുടിയേറി,വിയന്ന റിസർച് ഇൻസ്റ്റിട്യൂട്ട് ഡയറക്ടറായി.
ഹെഗലിനെപ്പറ്റി ഗോർബച്ചേവ് സംസാരിച്ചിരുന്നത് മൈനാഫ് ഓർമിച്ചു:സത്യം എപ്പോഴും മൂർത്തമാണ്  ( Truth is always Concrete ) എന്ന ഹെഗലിൻറെ വാചകം,ഗോർബച്ചേവ് അവർത്തിച്ചിരുന്നതായി,ഗോർബച്ചേവ് അധികാരമേറിയ 1985 ൽ മൈനാഫ് എഴുതി.

അമേരിക്കയുമായുള്ള ശീത യുദ്ധം അവസാനിപ്പിച്ചതും സോവിയറ്റ് യൂണിയനിലെ രാജ്യങ്ങൾക്ക് സ്വയം നിർണയാവകാശം നൽകിയതും സോവിയറ്റ് യൂണിയൻ പിരിച്ചു വിട്ടതും ആണവ ശാസ്ത്രജ്ഞൻ സഖാറോവിനെ പുനരധിവസിപ്പിച്ചതും ഗോർബച്ചേവ് ആണെന്ന് നമുക്കറിയാം.ജോർജിയൻ പ്രശ്നത്തിൽ,മരണക്കിടക്കയിൽ ലെനിൻ,സ്റ്റാലിനെതിരെ നിലപാട് എടുത്തിരുന്നു.സോവിയറ്റ് യൂണിയനിലേക്ക് ബലമായി കൂട്ടിച്ചേർത്ത രാഷ്ട്രങ്ങൾക്ക് സ്വതന്ത്രാധികാരം എന്ന നയം ഗോർബച്ചേവിനെ സ്വാധീനിച്ചിട്ടുണ്ടാകാം.അതിനപ്പുറം,മനുഷ്യ മനസ്സിൻറെ സ്വാതന്ത്ര്യ വാഞ്ഛ കണ്ടിരിക്കും -ഒരു കൃത്രിമ പ്രത്യയ ശാസ്ത്രവും വ്യാജ നിർമിതികളും നില നിൽക്കില്ല.
ബ്രെഷ്നേവ് 
സ്റ്റാലിനും ഗോർബച്ചേവിനും ഇടയിൽ ഏറ്റവും കൂടുതൽ കാലം,18 വർഷം ജനറൽ സെക്രട്ടറി ആയിരുന്നത്,ലിയോനിദ് ബ്രഷ്നേവ് ആയിരുന്നു.സാമൂഹികവും സാമ്പത്തികവുമായ മരവിപ്പിൻറെ കാലം എന്നാണ് അതിനെ ഗോർബച്ചേവ് വിലയിരുത്തിയത്.
സ്റ്റാലിന് ശേഷം ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായ ജോർജി മലങ്കോവ് ( 1902 -1988 ) ഒൻപത് ദിവസം മാത്രമാണ്  ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത്.ലെനിനുമായുള്ള അടുപ്പത്തിൽ പടവുകൾ കയറിയ മലങ്കോവ്,1925 ൽ പാർട്ടി രേഖകളുടെ ചുമതലക്കാരനായി.സ്റ്റാലിന്റെ ആളായി.പാർട്ടിയിലെ ശുദ്ധീകരണത്തിനും രണ്ടാം ലോകയുദ്ധ കാലത്തെ മിസൈൽ പദ്ധതിക്കും ചുക്കാൻ പിടിച്ചു.രണ്ടാം ലോകയുദ്ധ കാലത്ത് മാർഷൽ ഷുഖോവ് കൈവരിച്ച നേട്ടങ്ങൾ തുടച്ചു നീക്കി.സ്റ്റാലിൻ മരിച്ചപ്പോൾ ജനറൽ സെക്രട്ടറി ആയ മലങ്കോവിനെ വെറും ഒൻപത് ദിവസത്തിന് ശേഷം പി ബി നീക്കി,ക്രൂഷ്‌ചേവിനെ കൊണ്ട് വന്നു .രണ്ടു കൊല്ലം കഴിഞ്ഞ് അയാളെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ക്രൂഷ്ചേവ് നീക്കി.1957 ൽ ക്രൂഷ്‌ചേവിനെതിരെ അട്ടിമറി ശ്രമം നടത്തി,പി ബി യിൽ നിന്ന് പുറത്തായി,കസാഖ് സ്ഥാനിലേക്ക് നാട് കടത്തി.1961 നവംബറിൽ പാർട്ടിയിൽ നിന്ന് പുറത്തായി.
ക്രൂഷ്ചേവ്,സ്റ്റാലിൻ,1936 
ക്രൂഷ്ചേവ് ( 1894 -1971 ) സ്റ്റാലിന്റെ ക്രൂരതകൾ ലോകത്തിന് മുന്നിൽ കൊണ്ട് വന്നു.ബഹിരാകാശ പദ്ധതിയുടെ അമരക്കാരൻ.സ്റ്റാലിന്റെ ഉന്മൂലനത്തെ അനുകൂലിച്ചു.1938 ൽ യുക്രൈൻ ഭരിക്കാൻ സ്റ്റാലിൻ അയച്ചു ; അവിടെ ഉന്മൂലനം നടപ്പാക്കി.അയാളിൽ സ്റ്റാലിനിസം മാറാതെ കിടന്നതിനാൽ 1964 ഒടുവിൽ പുറത്തായി.
ക്രൂഷ്‌ചേവിൻറെ കാർഷിക നയം പാളി.സൈന്യത്തെ കുറച്ച് മിസൈലുകൾ വിന്യസിച്ചുഇറ്റലിയിലും തുർക്കിയിലും റഷ്യക്കെതിരെ അമേരിക്ക മിസൈൽ വിന്യസിച്ചപ്പോൾ 1962 ഒക്ടോബറിൽ റഷ്യ ക്യൂബയിൽ മിസൈലുകൾ സ്ഥാപിച്ചു.ഒക്ടോബർ 16 -28 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി,ലോകത്തെ നടുക്കി.ക്രൂഷ്‌ചേവിനെ പുറത്താക്കി എങ്കിലും പെൻഷൻ നൽകി.മോസ്‌കോയിൽ ഫ്ലാറ്റും പ്രാന്തത്തിൽ ഡാച്ചയും കൊടുത്തു.

ജനറൽ സെക്രട്ടറി ആയ ബ്രഷ്നേവിന്  ( 1901 -1982 ) കീഴിൽ കോസിജിൻ ആയിരുന്നു,പ്രധാന മന്ത്രി.രാജ്യത്തിൻറെ സ്വാധീനം കൂടി,സൈന്യം വലുതായി.സാമ്പത്തിക,സാമൂഹ്യ മരവിപ്പ് ആൻഡ്രോപോവ്,ചെർണെങ്കോ എന്നിവരുടെ കാലത്തും പടർന്നു നിന്നു.'മരവിപ്പിൻറെ യുഗം ' ( Era of Stagnation ) എന്ന് ഇക്കാലത്തെ ഗോർബച്ചേവ് വിളിച്ചു.അടുത്ത 20 കൊല്ലത്തിനുള്ളിൽ കമ്മ്യൂണിസം വരും എന്ന് 1961 ൽ ക്രൂഷ്ചേവ് പ്രഖ്യാപിച്ചത് വച്ച്,തൻറെ കാലത്തേത്, വികസിത സോഷ്യലിസം  ആണെന്ന്  ബ്രഷ്നേവ് സിദ്ധാന്തിച്ചു.ക്രൂഷ്ചേവിൻറെ സ്വതന്ത്ര നയങ്ങൾ പിൻവലിച്ചു.സ്റ്റാലിനിസ്റ്റ് നയങ്ങൾ തിരിച്ചു കൊണ്ട് വന്നു.
ബ്രഷ്നേവിന് കീഴിൽ 1966 ഫെബ്രുവരിയിൽ ആൻഡ്രി സിൻയാവ്സ്കി,യുലി ഡാനിയൽ എന്നീ എഴുത്തുകാർക്ക് എതിരെ നടന്ന വിചാരണ ,വിമത ശബ്ദങ്ങൾക്ക് ആക്കം കൂട്ടി.പാസ്റ്റർനാക്കിന്,സ്റ്റാലിൻ മരിച്ച ശേഷവും 1957 ൽ ഡോക്ടർ ഷിവാഗോ റഷ്യയിൽ പറ്റാതെ ഇറ്റലിയിൽ പ്രസിദ്ധീകരിക്കേണ്ടി വന്നിരുന്നു.1958 ൽ പാസ്റ്റർനാക്കിന് കിട്ടിയ നൊബേൽ സമ്മാനം വാങ്ങാൻ സമ്മതിച്ചില്ല.ബ്രഷ്നേവ് കാലത്ത് അലക്‌സാണ്ടർ സോൾഷെനിത്‌സിനെ പോലുള്ള എഴുത്തുകാർക്ക് ലോകം ചെവി കൊടുത്തു.

ബ്രഷ്നേവിൻറെ പിൻഗാമി യൂറി ആൻഡ്രോപോവ് ( 1914 -1984 ) 15 മാസം കഴിഞ്ഞ് മരിച്ചു.ഹംഗറിയിലെ വിമത ഉയിർത്തെഴുന്നേൽപിനെ അടിച്ചമർത്തിയത്,അവിടെ സോവിയറ്റ് സ്ഥാനപതി ആയിരുന്ന ആൻഡ്രോപോവ് ആയിരുന്നു.അയാൾ കെ ജി ബി മേധാവി ആയിരുന്നു.അഞ്ചാം ജനറൽ സെക്രട്ടറി ചെർണെങ്കോ 13 മാസം കഴിഞ്ഞ് മരിച്ചതോടെ പി ബി പ്രായം കുറഞ്ഞ ഒരാളെ തേടി.1970 ൽ സ്ട്രാവോപോൾ പാർട്ടി സെക്രട്ടറിയും 1974 സുപ്രീം സോവിയറ്റ് സെക്രട്ടറിയുമായ ഗോർബച്ചേവ് ( ജനനം 1931 ) ഗ്ലാസ്‌നസ്ത് ( ഇറക്കൽ ),പെരസ്‌ത്രോയിക്ക ( പുനഃസംഘടന ) എന്നിവയുടെ പേരിൽ വിഖ്യാതനായി.പാർട്ടി ഭരണം നിർത്തിയ നടപടി,1991 ൽ സോവിയറ്റ് യൂണിയൻ ഇല്ലാതാകുന്നതിൽ കലാശിച്ചു.1991 ഡിസംബർ  26 ന് സോവിയറ്റ് യൂണിയൻ പിരിച്ചു വിടുന്ന തീരുമാനത്തിൽ ഒപ്പിടുന്നതിന് തലേന്ന് ഗോർബച്ചേവ് രാജി വച്ച്,അധികാരം ബോറിസ് യെൽസിന് കൈമാറി.അന്ന് വൈകിട്ട് ക്രെംലിനിൽ സോവിയറ്റ് പതാക താഴ്ത്തി.പഴയ റഷ്യൻ പതാക ഉയർത്തി.
ആൻഡ്രോപോവ് 
അതിന് മുൻപേ ഓഗസ്റ്റ് -ഡിസംബറിൽ റിപ്പബ്ലിക്കുകൾ സോവിയറ്റ് യൂണിയൻ വിട്ടു പോയി.
പി ബി യിലെ ശത്രുക്കളെ നീക്കിയാണ് ഗോർബച്ചേവ് നയം നടപ്പാക്കിയത്.മുഖ്യ ശത്രു ലെനിൻഗ്രാഡ് സെക്രട്ടറി ഗ്രിഗറി റൊമാനോവിനെ റിട്ടയർ ചെയ്യിച്ച് മദ്യപാന ചികിത്സാ കേന്ദ്രത്തിലേക്ക് അയച്ചു.ടൈഖോനോവിനെ നീക്കി.1985 ഏപ്രിൽ 23 ന് അനുയായികളായ യെഗോർ ലിഗച്ചേവ്,നിക്കോളായ് റീഷ്കോവ് എന്നിവരെ പി ബി യിൽ കൊണ്ട് വന്നു.ജൂലൈയിൽ ഷെവർദ് നദ്‌സെയെ എടുത്ത് ഗ്രോമിക്കോയെ നീക്കി.കെ ജി ബി തലവൻ വിക്റ്റർ ചെബ്രിക്കോവിനെ പി ബി അംഗമാക്കി.പ്രതിരോധ മന്ത്രി സോകോലോവിനെ ക്യാൻഡിഡേറ്റ് അംഗമാക്കി.ഡിസംബറിൽ യെൽസിനെ മോസ്‌കോ സെക്രട്ടറിയാക്കി.വിക്തോർ ഗ്രിഷിനെ നീക്കി.
യെൽസിനെയും വിരട്ടി.1987 ഒക്ടോബറിൽ സി സി യോഗത്തിൽ യെൽസിൻ രണ്ടാം സ്ഥാനക്കാരനായ ലിഗച്ചേവിനെ പരിഷ്‌കരണ ശത്രുവായി വിമർശിച്ചു.യെൽസിൻ പാർട്ടി ചട്ടം ലംഘിച്ച വാഴക്കാളിയാണെന്ന് ഗോര്ബച്ചേവ്  തിരിച്ചടിച്ചു.യെൽസിനെ തരം താഴ്ത്തി.

ഗോര്ബച്ചേവിൻറെ നയം മാറ്റം കിഴക്കൻ യൂറോപ്യൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ വിപ്ലവങ്ങൾ സൃഷ്ടിച്ചു.ഇത് വസന്തം എന്ന് വിളിച്ചവയ്ക്ക് വിപരീതമായി,ശിശിരം ( Autumn of Nations ) എന്നറിയപ്പെട്ടു.1989 ൽ പോളണ്ടിൽ വലേസ നയിച്ച സോളിഡാരിറ്റി വിപ്ലവത്തിലായിരുന്നു,തുടക്കം.ഹംഗറി,കിഴക്കൻ ജർമനി,ബൾഗേറിയ,ചെക്കോസ്ലോവാക്യ,റൊമാനിയ എന്നിവ കമ്മ്യൂണിസ്റ്റ് നുകത്തിൽ നിന്ന് സ്വതന്ത്രമായി.റൊമാനിയയിൽ മാത്രം ചോര ചിന്തി -അത് ഡ്രാക്കുളയുടെ നാടാണല്ലോ.
1989 ഏപ്രിൽ -ജൂണിൽ ഇത് ചൈനയിൽ ടിയാന്മെൻ സ്‌ക്വയറിൽ എത്തി.നവംബറിൽ ബർലിൻ മതിൽ തകർന്നു
സോവിയറ്റ് യൂണിയൻ പിരിച്ചു വിട്ടപ്പോൾ 11 രാജ്യങ്ങൾ ഉണ്ടായി -അര്മേനിയ,അസർബൈജാൻ,ബെലാറസ്,ജോർജിയ,കസാഖ് സ്ഥാൻ,കിർഗിസ്ഥാൻ,മൊൾഡോവ,താജിക്കിസ്ഥാൻ,തുർക് മെനിസ്ഥാൻ,യുക്രൈൻ,ഉസ്‌ബെക്കിസ്ഥാൻ.1991 സെപ്റ്റംബറിൽ ബാൾട്ടിക് രാജ്യങ്ങളായ എസ്തോണിയ,ലാത്വിയ,ലിത്വേനിയ എന്നിവ സ്വതന്ത്രമായി.1990 -92 ൽ അൽബേനിയയും യുഗോസ്ലാവിയയും കമ്മ്യൂണിസം വിട്ടു.യുഗോസ്ലാവിയ അഞ്ച് രാജ്യങ്ങളായി -ബോസ്‌നിയ,ക്രൊയേഷ്യ,മാസിഡോണിയ,സ്ലോവേനിയ,യുഗോസ്ലാവിയ.2006 ൽ യുഗോസ്ലാവിയ രണ്ടായി -സെർബിയ,മോണ്ടിനെഗ്രോ.2008 ൽ സെർബിയ പിളർന്ന് കൊസോവോ കൂടി ഉണ്ടായി.ചെക്കോസ്ലോവാക്യ 1992 ൽ ചെക്കും സ്ലോവാക്യയുമായി.1990 ൽ എത്യോപ്യ,മംഗോളിയ,തെക്കൻ യെമൻ എന്നിവ മൊഴി ചൊല്ലി .1991 ൽ കംബോഡിയ കമ്മൂണിസം വിട്ടു.ചൈന,ക്യൂബ,ലാവോസ്,വിയറ്റ്നാം,കൊറിയ എന്നിവിടങ്ങളിൽ നാമമാത്രം.

ഇനി മാർക്സിസത്തിൻറെ ശിശിരം.

ടൈം വാരിക 1985 ഓഗസ്റ്റിൽ ഗോർബച്ചേവിനെ അഭിമുഖം ചെയ്തപ്പോൾ,ദൈവ പരാമർശം വഴി അദ്ദേഹം ഞെട്ടിച്ചു.ബന്ധങ്ങൾ മെച്ചമാക്കാനുള്ള വിവേകം നമുക്ക് ദൈവം നിരസിച്ചിട്ടില്ല എന്ന് ഗോർബച്ചേവ് നിരീക്ഷിച്ചു.എന്നാൽ ടൈം,ദൈവം എന്ന വാക്ക് മാറ്റി,ചരിത്രം പകരം വച്ച് ,സംഗതി മതേതരമാക്കി.* മനുഷ്യന് അജ്ഞാതമായ കാര്യങ്ങൾ പ്രപഞ്ചത്തിലുണ്ട് എന്ന് കരുതാനും സ്വാതന്ത്ര്യമുണ്ട്.ആ മേഖല മാർക്സിസത്തിൽ ഇല്ല.അതിൽ ജനറൽ സെക്രട്ടറിയാണ് ദൈവം.
അത് കൊണ്ടാണ്,ഇത് മാർക്സിസത്തിന്റെയും ഇല പൊഴിയും കാലമായത്.
-------------------------------------
*Gorbachev :An Intimate Biography /Strobe Talbott ,1988 ,Inroduction

See https://hamletram.blogspot.com/2019/07/12.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...