Monday 16 September 2019

'മൂലധനം' വെറും അബദ്ധ പഞ്ചാംഗം

അന്ധനായ മാർക്‌സ് 13

ക ദൈവ സങ്കൽപത്തിന് പകരം,ഹിന്ദു മതത്തിലെ ബഹു ദൈവ സങ്കൽപം,ഭിന്നാഭിപ്രായങ്ങളെ ആദരിക്കുന്ന ജനാധിപത്യത്തിൻറെ ആധാര ശിലയാണ്.ദൈവത്തോട് ദേഷ്യപ്പെടാനും രോഷം കൊള്ളാനും ചില ക്ഷേത്രങ്ങളിൽ തെറി അഭിഷേകം നടത്താനും സ്വാതന്ത്ര്യമുണ്ട്.ദൈവമുണ്ണിക്കണ്ണനായി മടിയിൽ ഇരിക്കുകയും ക്ഷോഭ ശിവനായി മനുഷ്യനെ ഭസ്‌മമാക്കുകയും ചെയ്യും.ഹിന്ദു മതവും മത ഗ്രന്ഥങ്ങളും ധർമ്മ ശാസ്ത്രങ്ങൾ ആകയാൽ,ഈ ഭാവനയെല്ലാം ധർമ്മ സംസ്ഥാപനത്തിനാണെന്ന് ഉരുവിടുന്നു.ധാർമികത ബാഹ്യ വിപ്ലവം വഴിയല്ല,ആത്മ വിസ്ഫോടനം വഴിയേ ഉണ്ടാകൂ.

ഹെഗലിന് ഇത് മനസ്സിലാകാതെ പോയത്,അദ്ദേഹവും യൂറോപ്യൻ ഉറവിടങ്ങളെ ആശ്രയിച്ചത് കൊണ്ടാണ്.ഹെഗലിൻറെ ഹിന്ദു,ദൈവത്തെ താഴ്ത്തി കെട്ടുകയും മനുഷ്യ വ്യക്തിത്വവും സ്വാതന്ത്ര്യവും അടിയറ വയ്ക്കുകയും ചെയ്യുന്ന ഒരുവനാണ്.ജീവിതത്തെ ആദരിക്കുന്ന ധാർമികത അദ്ദേഹം ഹിന്ദുക്കളിൽ കാണുന്നില്ല.

ദൈവ ബാഹുല്യത്തിന് സമാന്തരമായി ഹെഗൽ ജാതി ബാഹുല്യത്തെയും കാണുന്നു.നിശ്ചേതനമായ ഒരു സമൂഹത്തിനുണ്ടായ വികാസമായി ജാതിയെ തുടക്കത്തിൽ കാണുന്ന ഹെഗൽ ഉടൻ അതിനെ,'അപഹാസ്യമായ ആത്മീയ അടിമത്ത' മായി വിശേഷിപ്പിക്കുന്നു.ഇന്ത്യൻ ഗ്രാമത്തിലും സമാനമായ മരവിപ്പാണ് ഹെഗൽ കണ്ടത് ( The Philosophy of History,Page 44 ):
"ഓരോ ഗ്രാമത്തിൻറെയും മൊത്ത വരുമാനം രണ്ടായി വീതിക്കുന്നു.ഒന്ന് രാജാവിനും മറ്റൊന്ന് കൃഷിക്കാർക്കും.ആനുപാതികമായ വീതം,അധികാരി ( Provost ),ന്യായാധിപൻ,ജല വിതരണക്കാരൻ,ബ്രാഹ്മണൻ,ജ്യോതിഷി,കൊല്ലൻ,ആശാരി,കുശവൻ,വെളുത്തേടൻ,ക്ഷുരകൻ,വൈദ്യൻ,നർത്തകി,ഭാഗവതർ,കവി തുടങ്ങിയവർക്ക് കിട്ടുന്നു.ഈ സംവിധാനം,ക്ളിപ്തവും മാറ്റമില്ലാത്തതും ഒരാളുടെയും ഇച്ഛയ്ക്ക് വിധേയം അല്ലാത്തതുമാണ്.അതിനാൽ,ഏതു തരം രാഷ്ട്രീയ വിപ്ലവവും ഹിന്ദുവിന് പ്രശ്നമല്ല.അയാളുടെ വിധി മാറ്റമില്ലാത്തതാണ് ".
ചാൾസ് മെറ്റ്കാഫെ 
മാർക്‌സ് ഇന്ത്യൻ ഗ്രാമ സങ്കൽപം ഇതിൽ നിന്ന് പകർത്തി.ഹെഗൽ ബ്രിട്ടീഷ് പാർലമെൻറ് സെലെക്റ്റ് കമ്മിറ്റിയുടെ ഈസ്റ്റ് ഇന്ത്യ കമ്പനി സംബന്ധിച്ച 1812 ലെ അഞ്ചാം റിപ്പോർട്ടിൽ നിന്ന് പകർത്തി.ഇത് 1835 -36 ൽ ഇന്ത്യയിൽ ആക്റ്റിങ് ഗവർണർ ജനറൽ ആയിരുന്ന ചാൾസ് മെറ്റ്കാഫെ,ഈസ്റ്റ് ഇന്ത്യ കമ്പനി ഡയറക്റ്റർ എന്ന നിലയിൽ നൽകിയതാണ്.ബംഗാൾ ആർമി മേജർ ആയിരുന്ന തോമസ് മെറ്റ്കാഫെയുടെ മകനായ അദ്ദേഹം,കൊൽക്കത്തയിൽ ആണ് ജനിച്ചത്.1789 -1812 ൽ കമ്പനി ഡയറക്റ്റർ ആയിരുന്നു.

മാർക്‌സ് ഇന്ത്യൻ ഗ്രാമ സമൂഹങ്ങളെ 'ജാതിപ്പകർച്ചയുടെയും അടിമത്തത്തി'ൻറെയും പേരിൽ അപലപിക്കുന്നു.രാഷ്ട്രീയ സംഭവങ്ങളിൽനിന്ന് സമൂഹം അകന്നു നിൽക്കുന്നതായി അദ്ദേഹം വിലപിക്കുന്നു.

അന്നത്തെ 'ബൂർഷ്വാ ചിന്തകരുടെ വിഡ്ഢിത്തം മാർക്‌സ് അപ്പാടെ വിഴുങ്ങി.അഞ്ചാം റിപ്പോർട്ട് മാർക്‌സ് കാണുകയും 1853 ജൂൺ 25 ലെ ലേഖനത്തിൽ ( The British Rule in India ) ഉദ്ധരിക്കുകയും ചെയ്യുന്നു.മാർക്ക് വിൽക്‌സ് എഴുതിയ Historical Sketches of the South India ( 1810 ) എന്ന പുസ്തകത്തിൽ ഗ്രാമ സമൂഹങ്ങളെപ്പറ്റിയുള്ള ഖണ്ഡിക 1853 ജൂൺ 14 ന് എംഗൽസിനുള്ള  കത്തിൽ മാർക്‌സ് ഉദ്ധരിക്കുന്നു ( Selected Correspondence ).ജോൺ കാംപ്‌ബെലിൻറെ Modern India ( 1852 ) യിൽ നിന്നുള്ള ഭാഗങ്ങൾ ഒന്നിൽകൂടുതൽ തവണ ട്രിബ്യുൺ ലേഖനങ്ങളിലും മൂലധനം ഒന്നാം വാല്യത്തിലും ( Page 352 ) വരുന്നു.ജെയിംസ് സ്റ്റുവർട്ട് മിലിൻറെ History of British India ( 1806 -'18 ),1853 ജൂലൈ 11 ലെ ലേഖനത്തിൽ ( The East India Company -Its Hisory and Results ) ഉദ്ധരിക്കുന്നു.1853 ലെ ഈസ്റ്റ് ഇന്ത്യ കമ്പനി അവകാശ രേഖയ്ക്ക് മുൻപുള്ള പാർലമെൻറ് ചർച്ചയും റിപ്പോർട്ടും അവലംബിച്ച മാർക്‌സ്,'മനുസ്‌മൃതി' പരാമർശിക്കുകയും 1853 ജൂലൈ 11 ന് എംഗൽസിന് എഴുതിയ കത്തിൽ പറയുകയും ചെയ്യുന്നു ( Selected Correspondence,Page 62 ).സർ വില്യം ജോൺസിൻറെ 'മനുസ്‌മൃതി' പരിഭാഷ 1794 ൽ വന്നിരുന്നു.ഫ്രാങ്സ്വാ ബെർണിയറുടെ Travels അക്കാലത്ത് മാർക്‌സ് വായിച്ചത്,സമൃദ്ധമായി ഉപയോഗിച്ചു.ഔറംഗസേബിൻറെ കാലത്തെ മുഗൾ സാമ്രാജ്യ വിവരണം അതിലുണ്ട്.ആ സാമ്രാജ്യത്തിൻറെ പതന കാരണങ്ങൾ ബെർണിയർ വിശകലനം ചെയ്‌തത്‌,മാർക്‌സ്,A Contribution to the Critique of Political Economy യിൽ പകർത്തി.

എംഗൽസിന് 1853 ജൂൺ രണ്ടിന് എഴുതിയ കത്തിൽ,'എന്ത് കൊണ്ടാണ് കിഴക്കിൻറെ ചരിത്രം മതങ്ങളുടെ ചരിത്രമായി തോന്നുന്നത് ?' എന്ന് മാർക്‌സ് ശങ്കിച്ചു.ഹെഗൽ ഇന്ത്യൻ സംസ്കാരത്തിൽ കണ്ട മത സവിശേഷതകൾ,ഗ്രാമ സമൂഹവുമായി ബന്ധപ്പെട്ടതാണ്.1853 ൽ 'ഗ്രാമ സമൂഹം ' എന്ന് കണ്ട മാർക്‌സ്,അത് ഇന്ത്യയെ സംബന്ധിച്ച സർവതിനെയും വിശദീകരിക്കുന്നതായി തെറ്റിദ്ധരിച്ചു.

മുതലാളിത്ത പൂർവ ഭൂവുടമാവകാശത്തെപ്പറ്റി മാർക്‌സ് അടിസ്ഥാനപരമായ അബദ്ധങ്ങൾ ഇത് കൊണ്ട് വരുത്തിക്കൂട്ടിയെന്ന് മാർക്സിസ്റ്റ് ചിന്തകർ കാണുന്നു.മാർക്‌സും എംഗൽസും തയ്യാറാക്കിയ 'ജർമൻ ഐഡിയോളജി' യിൽ തന്നെ,മുതലാളിത്ത പൂർവ ഉടമസ്ഥതയുടെ രൂപങ്ങൾ സിദ്ധാന്തിക്കാൻ ശ്രമമുണ്ട്.വേട്ടയുടെയും മൽസ്യ ബന്ധനത്തിന്റെയും പ്രാഗ് കാർഷിക കാലത്തെയും ഗോത്ര ഭൂമി,പ്രാചീന പൊതു ഉടമ,കൃഷിക്കാരുടെ ചെറിയ അടിമത്തമുള്ള ജന്മിത്ത ഭൂമി എന്നിങ്ങനെയാണ്,അതിൽ തരം തിരിച്ചത്.റോമൻ സമൂഹം,മധ്യകാല പശ്ചിമയൂറോപ് എന്നിവയിൽ നിന്ന് മാർക്സിന് തോന്നിയ സാങ്കൽപിക രൂപങ്ങൾ മാത്രമാണ്,ഇവ.രണ്ടാം ഗണത്തിലെ പൊതു ഉടമയിലാണ് ഇന്ത്യ എന്ന് മാർക്‌സ് ധരിച്ചു.'മൂലധന'ത്തിൻറെ  ആദ്യ വാല്യത്തിലും ഇന്ത്യൻ ഗ്രാമങ്ങളിൽ ഭൂമി പൊതു ഉടമയിൽ ആയിരുന്നു എന്ന വിഡ്ഢിത്തം വിളമ്പി ( പേജ് 350 ).കൃഷിക്കാർ പൊതുവായി കൃഷി ചെയ്‌തിരുന്ന സ്ഥലത്തെയാണ് മാർക്‌സ് സൂചിപ്പിച്ചത് എന്ന് കരുതിയാൽ,ഇത് പകർത്തിയത്,വിൽക്സിൽ നിന്നാണ്.
വിൽക്‌സ് എഴുതി :"ഒരു ഗ്രാമത്തിലെ ഭൂമി പൊതുവായി കൃഷി ചെയ്യുന്നതിന് ഉദാഹരങ്ങളുണ്ട്.ചെയ്‌ത അധ്വാനത്തിൻറെ അനുപാതത്തിൽ വിള തിരിച്ചു.പൊതുവെ അവകാശി തന്നെയാണ് നിലം ഉഴുതത് "( Page 137 ).മാർക്‌സ് 1853 ലേഖനത്തിന് ഉപയോഗിച്ച അഞ്ചാം റിപ്പോർട്ടിൽ ഇതില്ല.1853 ജൂൺ 14 ന് എംഗൽസിന് എഴുതിയ കത്തിൽ വിൽക്സിന്റെ ഈ വിവരണം മാർക്‌സ് പരാമർശിക്കുന്നു.1857 -'58 ൽ തയ്യാറാക്കിയ 'ഗ്രന്ത്രിസ്സേ'യിൽ,ഇന്ത്യയിലെ ചില ഗോത്രങ്ങൾക്കിടയിൽ.'അധ്വാനത്തിൻറെ പൊതു സംഘാടനം' ഉണ്ടെന്ന് പറയുന്നു ( പേജ് 473 ).'പൊതു കൃഷിയിൽ നിന്നാണ് പൊതു ഉടമാവകാശം ഉണ്ടായത്' എന്നും പറയുന്നു ( പേജ് 472 ).1858 ജൂൺ ഏഴിന് ട്രിബ്യുണി ൽ Lord Canning's Proclamation and Land Tenure in India എന്ന ലേഖനത്തിൽ മാർക്‌സ് എഴുതി:'മൂല ഹിന്ദു ഘടന അനുസരിച്ച്,ഭൂമിയുടെ അവകാശം ഗ്രാമ കോര്പറേഷനുകളിൽ ആയിരുന്നു.അവയാണ്,കൃഷിക്കായി ഭൂമി വ്യക്തികൾക്ക് നൽകിയിരുന്നത്".

ഗ്രാമത്തലവൻ തരിശു ഭൂമി പുറത്തുള്ളവർക്കോ കൃഷിക്ക് തയ്യാറുള്ളവർക്കോ നൽകിയിരുന്ന പൊതു രീതിയാണ് ഇവിടെ വിവക്ഷ.ഭൂമി പൊതുവാണെന്ന് മാർക്‌സ് കരുതി.രണ്ടു സവിശേഷതകൾ കൂടി മാർക്‌സ് കണ്ടു ( ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം,1853 ജൂൺ 25 ):'തൊഴിൽ വിഭജനത്തിൽ വികാസം ഇല്ലാത്തതിനാൽ,കൃഷിയും നിർമാണ തൊഴിലും ഒന്നിച്ചു ".ഈ വാദം 'ഗ്രന്ത്രിസ്സേ'യിലും 'മൂലധന' ത്തിലും കേന്ദ്ര സ്ഥാനത്തുണ്ട്.
രണ്ടാമതായി,'മാറ്റമില്ലാത്ത തൊഴിൽ വിഭജനം' ജാതി വ്യവസ്ഥ വഴി ഉണ്ടായി.
കൈത്തൊഴിലുള്ളവർക്ക് മാറ്റമില്ലാത്ത വിപണിയാണ് ഇന്ത്യയിൽ ഉണ്ടായിരുന്നതെന്നും,തൊഴിൽ വിഭജനം ക്ലിപ്തമായതിനാലാണ് ഇതുണ്ടായതെന്നും മാർക്‌സ് പറഞ്ഞു.ഇന്ത്യയിൽ ഉണ്ടായിരുന്നത്,'തളം കെട്ടി നിന്ന നിശ്ചേതനമായ ജീവിതം' ആണ് !

'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് എഴുതി ( പേജ് 486 ):

"ഏഷ്യൻ രൂപം,ദീർഘ കാലം,കർക്കശമായി നില നിൽക്കും.അതിന് കാരണം,അതിൻറെ നിലനിൽപ്പിന്റെ അടിസ്ഥാന തത്വമാണ്.വ്യക്തി, സമൂഹത്തിൽ നിന്ന് സ്വതന്ത്രനല്ല.ഉൽപാദന ചക്രം,സ്വയം തുണയ്ക്കുന്നതാണ്.കൃഷിയുടെയും കൈത്തൊഴിലിൻറെയും ഐക്യം പോലെ ".

മാർക്‌സ് തുടരുന്നു:

"ഒരു ഗോത്രം മറ്റൊന്നിനെ കീഴടക്കുമ്പോൾ,സ്വത്തിൻറെ രൂപം മാറും,അടിമത്തത്തിലേക്ക് നീങ്ങും.ഇന്ത്യൻ സമൂഹത്തിൻറെ ആന്തരിക ദാർഢ്യം കാരണം,അടിമത്തം അതിൻറെ അടിസ്ഥാന സ്വഭാവത്തെ അട്ടിമറിക്കുന്നില്ല.ഗോത്ര സ്വഭാവത്തെ അധികരിച്ചുള്ള സ്വത്തിൻറെ വികാസം മാത്രമാണ് അടിമത്തം.സർവ ഘടനകളെയും പരിഷ്‌കരിക്കുന്നതാണ് അടിമത്തം എങ്കിലും,ഏഷ്യൻ മാതൃകയിൽ,അത് അങ്ങനെയല്ല " ( പേജ് 497 ).

ഈ ആശയം 'മൂലധന'ത്തിലുമുണ്ട് ( ഒന്നാം വാല്യം പേജ് 83,91;മൂന്നാം വാല്യം പേജ് 371 -'72 ). അധിനിവേശ ശക്തികൾ വ്യക്തിയെ നേരിട്ട് ചൂഷണം ചെയ്യുന്നതിന് പകരം,സംഘടിത സമൂഹത്തെ ചൂഷണം ചെയ്യുന്നു.1853 ൽ മാർക്‌സ് വായിച്ച ബെർണിയറുടെ യാത്രാവിവരണത്തിൽ,മുഗൾ ഭരണവും കിഴക്കൻ രാജ്യങ്ങളും ജീർണിച്ചത് സ്വകാര്യ സ്വത്ത് ഇല്ലാത്തതിനാലാണ് എന്ന അബദ്ധവുമുണ്ട്.1853 ജൂൺ രണ്ടിന് എംഗൽസിന് മാർക്‌സ് എഴുതി:"രാജാവാണ് ഭൂമിയുടെ ഏക അവകാശി.കിഴക്ക്,തുർക്കിയിലും പേർഷ്യയിലും ഇന്ത്യയിലും എല്ലാ പ്രതിഭാസത്തിൻറെയും അടിസ്ഥാനം,സ്വകാര്യ ഭൂസ്വത്തില്ല എന്ന സത്യത്തിൽ കാണാമെന്ന് ബെർണിയർ ശരിയായി കാണുന്നു.ഇതാണ് കിഴക്കെന്ന സ്വർഗത്തിന്റെ താക്കോൽ".
മൂലധനം ആദ്യ ജർമൻ പതിപ്പ് 
യൂറോപ്പിലെ ഭൂവുടമാ സമ്പ്രദായത്തിൽ നിന്ന് ഭിന്നമാണ് ഇന്ത്യയിലെ രീതി എന്നല്ലാതെ,ഇന്ത്യയിലെ ഭൂമി മുഴുവൻ പൊതു ഉടമയിലാണെന്ന് ബെർണിയർ പറഞ്ഞിട്ടില്ല.ഈ ശങ്ക കൂടിയതിനാൽ ആകണം,'ഗ്രന്ത്രിസ്സേ'യിൽ മാർക്‌സ് നിരീക്ഷിച്ചു:"സ്വത്ത് സമൂഹത്തിന്റേതായാലും ഭരണ കൂടത്തിന്റേതായാലും,വ്യക്തിക്ക് സ്വത്തില്ല " ( പേജ് 472 -473 ).സ്വത്തും അവകാശവും തമ്മിൽ വേർതിരിവ് ഉണ്ടാക്കി മാർക്‌സ് രക്ഷപ്പെടുന്നു.ഭരണാധിപനെ ഏകാധിപതി ( Despot ) ആക്കി രംഗത്തിറക്കുന്നു.സമൂഹം അവകാശിയും ഏകാധിപതി ഉടമയും !

മാസങ്ങൾ കഴിഞ്ഞ്,1858 മെയ് 25 ന് ട്രിബ്യുണി ൽ How Lucknow was Taken എന്ന ലേഖനത്തിൽ,ഈ വിഡ്ഢിത്തം മാർക്‌സ് ഉപേക്ഷിച്ചു.'മൂലധന'ത്തിൻറെ മൂന്നാം  വാല്യത്തിൽ എത്തുമ്പോൾ, ഏകാധിപതി,നികുതി പിരിക്കുന്ന മേൽക്കോയ്മ മാത്രമാണ്.യൂറോപ്പിലെ രാജാവല്ല.1858 ലെ ലേഖനത്തിൽ,ഭരണ കൂടത്തിനും കർഷകനും ഇടയിൽ,ജമീന്ദാർ എന്ന അവകാശിയെ കൂടി മാർക്‌സ് അവതരിപ്പിക്കുന്നു.കൃഷിക്കാർ കുടിയാന്മാരും ജമീന്ദാർ ഭൂവുടമയുമാണ്.അങ്ങനെയെങ്കിൽ,അധിനിവേശം വഴി ഭൂവുടമസ്ഥതയും ആകാമെന്ന് വന്നു.അതിന് മുൻപ് വരെ,'ഏഷ്യയിലാകെ മുസ്ലിംകൾ ഭൂമിയിൽ ഭരണ കൂട ഉടമസ്ഥത കൊണ്ട് വന്നിരിക്കാം' എന്നാണ് മാർക്‌സ് കരുതിയത് ( 1853 ജൂൺ 14 ലെ കത്ത് ).നികുതി/കരം ഇസ്ലാം ഭരണത്തിൻറെ സവിശേഷത ആയിരുന്നല്ലോ. ഏതു സമൂഹത്തിൻറെയും ഘടനാ മാറ്റങ്ങളിൽ,അധിനിവേശത്തിനും പങ്കുണ്ടാകുമെന്ന് മാർക്‌സ് കണ്ടില്ല.'മൂലധനം' എഴുതുന്നത് വരെയുള്ള പത്തു വർഷങ്ങളിൽ,റിച്ചാർഡ് ജോൺസിൻറെ ആശയം കടമെടുത്ത്,കോളനി പൂർവ ഇന്ത്യയിൽ ചരക്കു കൈമാറ്റം നടന്നിരിക്കാമെന്ന് മാർക്‌സ് കരുതിയിരുന്നു എന്ന് കാണാം.മിച്ച മൂല്യം,വാടക ആയോ കരമായോ വരുന്നു.ഇത് സാധ്യത മാത്രമായാണ് മാർക്‌സ് കണ്ടത്.''ഇന്ത്യൻ നെയ്ത്തുകാരൻ ഒരു ഇടപാടുകാരൻ നിർദേശിച്ചാൽ മാത്രം നെയ്യുന്ന നിസംഗ വ്യക്തി''യാണെന്ന് 'മൂലധന'ത്തിൽ മാർക്‌സ്,ഹ്യൂഗ് മുറെ,ജെയിംസ് വിൽസൺ എന്നിവർ എഴുതിയ Historical and Descriptive Account of British India ( 1832 ) രണ്ടാം വാല്യത്തിൽ നിന്ന് ഉദ്ധരിക്കുന്നു.യൂറോപ്പിൽ സംഭവിക്കാത്തവണ്ണം,ഇന്ത്യയിൽ ഭരണ കൂടം,നികുതിയെ വാടകയാക്കി മാറ്റുന്നതിൽ എങ്ങനെ വിജയിച്ചു എന്നത്,മാർക്സിന് പിടി കിട്ടിയില്ല.എംഗൽസിന്റെ നിർദേശ പ്രകാരം,മാർക്‌സ് ഇതിൻറെ കാരണം,ഭരണകൂടം ഏറ്റെടുത്തു നടത്തുന്ന ജലസേചനത്തിൽ കണ്ടു ( 1853 ജൂൺ ആറിന് മാർക്‌സ് എംഗൽസിന് എഴുതിയ കത്ത്,Selected Correspondence ,Page 59 ).ഈ വാദവും വേര് പിടിച്ചില്ല.
\
റിച്ചാഡ് ജോൺസ് 
കൊവാലെവ്‌സ്‌കിയുടെ Communal Landholding ( 1879 ) പുറത്തു വന്നപ്പോൾ,ഇന്ത്യയെപ്പറ്റി പറഞ്ഞതൊക്കെ തെറ്റി എന്ന തോന്നൽ മര്കസിനുണ്ടായി എന്ന് അതേപ്പറ്റിയുള്ള മാർക്‌സിന്റെ കുറിപ്പുകളിൽ കാണാം.മുഗൾ ഭരണകാലം ഫ്യൂഡലിസമായിരുന്നു എന്ന് കൊവാലെവ്‌സ്‌കി സിദ്ധാന്തിച്ചു.ഇന്ത്യൻ ഗ്രാമസമൂഹത്തിൽ സ്വകാര്യ സ്വത്തുണ്ടായെന്നും അത് ആഭ്യന്തര സംഘർഷങ്ങൾക്ക് ഇടയാക്കിയെന്നും മാർക്‌സ് ഇതിൽ പറയുന്നുണ്ട് എങ്കിലും 'മൂലധനം'ആദ്യ വാല്യം വിഡ്ഢിത്തവുമായി ഇറങ്ങി കഴിഞ്ഞിരുന്നു.ഇന്ത്യ നിശ്ചേതനമായി തളം കെട്ടിക്കിടന്ന ഒരു സമൂഹമല്ല.അതിൻറെ ഉപരിഘടന,മാർക്‌സ് പറഞ്ഞ പോലെ 'കിഴക്കൻ ഏകാധിപത്യം ' ( Oriental despotism ) അല്ല.

മൂലധനം' കഴിഞ്ഞ് എൽഫിൻസ്റ്റൻറെ ഇന്ത്യ ചരിത്രത്തിൽ നിന്ന് കുറിപ്പുകൾ എടുത്തപ്പോഴും മാർക്സിന് അബദ്ധം തോന്നിയിരിക്കണം.ഇതിൽ നിന്ന് അക്ബറിൻറെ ( 1556 -1605 ) കാലത്തെ നികുതിയെപ്പറ്റിയാണ് കുറിപ്പുകൾ എടുത്തത്.ഉൽപാദനത്തിൽ മൂന്നിലൊന്ന് അക്ബർ നികുതി ആയി എടുത്തു.കണക്കിന് പഴയ വിലകൾ നോക്കി അനുപാതം നിശ്ചയിച്ച അക്ബർ,നികുതി പണമായി വാങ്ങി.ഈ വിവരം,മാർക്‌സിന്റെ ഇന്ത്യൻ സിദ്ധാന്തത്തിൻറെ അടിക്കല്ലിളക്കി.തുടർന്ന് മാർക്‌സ് ഹെൻറി സമ്മർമെയ്‌നിന്റെ Lectures on the Early History of Institutions ( 1875 ),എൽ എച്ച് മോർഗൻറെ Ancient Society ( 1877 ) എന്നിവ വായിച്ചു.ഇന്ത്യൻ സമൂഹത്തിന് മേൽ ഭരണകൂടം നിന്നു എന്ന പിടിവാശി മാർക്‌സ് ഉപേക്ഷിച്ചു.ഏതു സമൂഹത്തിലും സംഘർഷം ഉണ്ടെന്ന് മനസിലായി.

മുതലാളിത്ത സമൂഹത്തിൽ മാത്രമാണ് മിച്ചമൂല്യം വഴി മൂലധനപ്പെരുപ്പം ( Capital accumulation ) ഉണ്ടാകുന്നത് എന്ന മാർക്‌സിന്റെ വാദത്തെ 1913 ൽ മാർക്സിസ്റ്റ് സൈദ്ധാന്തിക റോസാ ലക്സംബർഗ് ചോദ്യം ചെയ്‌തു ( Rosa Luxemberg / The Accumulation of Capital ).ഇന്ത്യയെപ്പോലുള്ള മുതലാളിത്ത പൂർവ കൊളോണിയൽ,കാർഷിക സമ്പദ് വ്യവസ്ഥകളിൽ നിർബന്ധിത ചരക്ക് കൈമാറ്റം വഴി,മുതലാളിക്ക് മിച്ചമൂല്യം ഉണ്ടാകുമെന്ന് അവർ മാർക്സിനെ തിരുത്തി.ഒരടഞ്ഞ മുതലാളിത്ത ലോകത്തെയാണ് 'മൂലധനം' ചർച്ച ചെയ്യുന്നത്.ആ ലോകം അടഞ്ഞതല്ല.ബ്രിട്ടൻ ഇന്ത്യയിൽ നിന്ന് കൊള്ള ചെയ്‌തുണ്ടാക്കിയ പ്രാഥമിക മൂലധനമല്ല ഇവിടെ വിവക്ഷ.അത് മാർക്‌സും കണ്ടു.മുതലാളിത്ത ലോകത്തിന് അന്യമായ ഉൽപന്നങ്ങൾ അതിന് മുതലാളിത്ത പൂർവ ലോകത്ത് തേടിപ്പോകേണ്ടതായി വരും.മുതലാളിത്ത ലോകം,സ്വന്തം ലോകം തുറക്കേണ്ടി വരും.റോസയുടെ ഈ തിരുത്ത് തന്നെയും,ഇന്ത്യയെപ്പോലെ ഒരിടത്ത് അലസ ഗ്രാമ സമ്പദ് വ്യവസ്ഥയല്ല എന്ന സത്യത്തെ ഉറപ്പിച്ചു.
റോസാ ലക്സംബർഗ് 
റോസയുടെ സിദ്ധാന്തത്തെ വിമർശിച്ച നിക്കോളായ് ബുഖാറിൻ,'മൂലധന' ത്തിൻറെ ഒന്നാം വാല്യത്തിൽ നിന്ന് രണ്ടു ഖണ്ഡികകൾ എടുത്ത്,മാർക്‌സിനും ഇതറിയാമായിരുന്നു എന്ന് വരുത്താൻ ശ്രമിച്ചു.വികസിച്ച രാജ്യം പിന്നാക്ക രാജ്യത്തിന് ചരക്കു വിറ്റും അവിടന്ന് അസംസ്‌കൃത വസ്‌തു വാങ്ങിയും,'മിച്ച ലാഭം' ഉണ്ടാക്കുന്നു എന്നാണ് മാർക്‌സ് ആ ഖണ്ഡികകളിൽ പറഞ്ഞത് ( പേജ് 232 -233 ).ചെറിയ അധ്വാനം,വലിയ അധ്വാനവുമായി കൈമാറ്റം നടക്കുന്നു.ഇങ്ങനെ 'ധനിക രാഷ്ട്രം ദരിദ്ര രാഷ്ട്രത്തെ ചൂഷണം ചെയ്യുന്നു'.

ബുഖാറിൻ രക്ഷാ ദൗത്യം നടത്തിയെങ്കിലും ( Bukharin / Imperialism and Accumulation of Capital ) മാർക്‌സ് ഈ ഖണ്ഡികകളിൽ പരാമർശിച്ചത് ഇന്ത്യയെ അല്ല.ഇന്ത്യ മാർക്സിന് ചരക്കു കൈമാറ്റം നടക്കാത്ത സ്ഥലമായിരുന്നല്ലോ.ട്രിബ്യുൺ ലേഖനങ്ങളിലെയും മൂലധന ത്തിലെയും കാഴ്ചപ്പാടുകൾ തമ്മിൽ അന്തരമില്ല.ഇന്ത്യൻ മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രഭാത് പട് നായിക്കും ബുഖാറിനെപ്പോലെ ഒരു ദൗത്യം ഏറ്റിട്ടുണ്ട്:ട്രിബ്യുൺ ലേഖനങ്ങളിൽ കാണുന്നത്,'മൂലധന'ത്തെക്കാൾ വിശാല കാഴ്ചപ്പാടാണ് എന്ന വിചിത്ര വാദം അദ്ദേഹം മുന്നോട്ട് വയ്ക്കുന്നു ( The Other Marx ).മാർക്‌സ് 'മൂലധനം' ഒന്നാം വാല്യമേ എഴുതിയുള്ളൂ;അദ്ദേഹം തന്നെ രണ്ടും മൂന്നും എഴുതിയിരുന്നെങ്കിൽ,.മുതലാളിത്ത പൂർവ ലോകത്തെ മുതലാളിത്ത പ്രവണതകൾ കണ്ടേനെ എന്ന് പട് നായിക്ക് പറയുമ്പോൾ,അദ്ദേഹം എംഗൽസിനേക്കാൾ മാർക്‌സുമായി സൗഹൃദം ഭാവിക്കുകയാണ്.രണ്ടും മൂന്നും എംഗൽസ്,മാർക്‌സിന്റെ കുറിപ്പുകളിൽ നിന്ന് എഴുതി എന്ന് മാത്രമല്ല,ഇരുവരും നിരന്തരം ബന്ധപ്പെട്ടിരുന്നവരുമാണ്.മാർക്സിന് വിവരമുണ്ടായിരുന്നില്ല എന്ന് കോസംബി തന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്.

അതിനാൽ പട് നായിക്ക് വേറൊരു വാദം നിരത്തുന്നു -തൊഴിലാളി വിപ്ലവത്തിന് മുൻപ് ദേശീയ സ്വാതന്ത്ര്യ സമര സാധ്യത മാർക്‌സ് കണ്ടിരുന്നെങ്കിലും,ഉടൻ തൊഴിലാളി വിപ്ലവം വരുമെന്ന് അദ്ദേഹം കരുതിയിരിക്കാം !ഇക്കാരണത്താൽ,മുതലാളിത്ത പൂർവ ലോകത്തെ വിശകലനം ചെയ്യാതെ,നാഗരിക മുതലാളിത്തത്തിൽ മാർക്‌സ് ഭ്രമിച്ചു പോയി.അതിനാൽ,യൂറോപ്യൻ തൊഴിലാളി വിപ്ലവത്തിന് കീഴിൽ,ഇന്ത്യ ചെറിയ സംഭവമായി.ഇത് കൊണ്ടാണ് ഇന്നും നാഗരിക മാർക്സിസ്റ്റുകൾ ട്രിബ്യുൺ ലേഖനങ്ങൾ ചർച്ച ചെയ്യാത്തത് എന്നും പട് നായിക് വിലപിക്കുന്നു.

ട്രിബ്യുൺ ലേഖനങ്ങൾ കാക്കത്തൊള്ളായിരം നാഗരിക മാർക്സിസ്റ്റുകൾ ചർച്ച ചെയ്‌ത്‌ പുസ്തകങ്ങൾ എഴുതിയതിന്റെ ഉദാഹരണങ്ങൾ ഞാൻ നിരത്തിയിട്ടുണ്ട്;പട് നായിക്കിന് മാർക്‌സിസം തന്നെ അറിയില്ല.അലസ ഗ്രാമ വ്യവസ്ഥയിൽ നിന്ന് തൊഴിലാളി വിപ്ലവത്തിലേക്ക് കുതിച്ചു ചാട്ടം മാർക്സിസത്തിൽ ഉണ്ടോ?
--------------------------------
See https://hamletram.blogspot.com/2019/09/blog-post_16.



No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...