Sunday 15 September 2019

മാർക്‌സ് -ഇതാ തൊണ്ടി മുതൽ

അന്ധനായ മാർക്‌സ് 11

ന്ത്യയെപ്പറ്റി മാർക്‌സ് അമേരിക്കൻ പത്രത്തിൽ എഴുതിയ ലേഖനങ്ങളിൽ,ഹെഗലിൽ നിന്ന് ഖണ്ഡികകൾ അതേ പടി പകർത്തിയത് കണ്ടാൽ ഞെട്ടും.കേരളത്തിലെ ചില മാർക്‌സിസ്റ്റ്‌ ഡോക്റ്ററേറ്റുകാരുടെ ഗുരു സ്ഥാനത്ത് അദ്ദേഹം വരും.

ന്യൂയോർക് ഡെയിലി ട്രിബ്യുൺ ചില ലേഖനങ്ങളിൽ നിന്ന് മാർക്‌സിന്റെ പേര് ഒഴിവാക്കിയിരുന്നു.പേരില്ലാത്തവ എത്രയെണ്ണം മാർക്സിന്റേതായിരുന്നു എന്നറിയില്ല.1920 -30 കാലത്ത് മോസ്കോയിലെ മാർക്‌സ് -എംഗൽസ് -ലെനിൻ ഇൻസ്റ്റിട്യൂട്ട് ഇതേപ്പറ്റി ഗേവഷണം നടത്തി.ഇതിൻറെ ഫലമായിരുന്നു,ഡോണ ടോർ എഡിറ്റ് ചെയ്‌ത Marx on China:Articles From The Newyork Daily Tribune,1853 -1860 (1951 / 1952 ).ഇന്ത്യയെപ്പറ്റി എഴുതിയവ,പേരുള്ളവ അലഹബാദിൽ നിന്ന് 1934 ലും 1938 ലും മുൽക് രാജ് ആനന്ദ് എഡിറ്ററായി,സോഷ്യലിസ്റ്റ് ബുക് പബ്ലിക്കേഷൻ പുറത്തിറക്കി.1940 ൽ മാർക്സിന്റെ Articles on India ലണ്ടനിൽ നിന്ന് രജനി പാമേ ദത്ത് പ്രസിദ്ധീകരിച്ചു.മാർക്സിന്റെ പേര് വച്ച എട്ട് ലേഖനങ്ങൾ.മുംബൈയിൽ നിന്ന് 1943 ലും '51 ലും പുതിയ പതിപ്പുകൾ ഇറങ്ങി.1953 ൽ മോസ്‌കോയിൽ നിന്നിറങ്ങിയ മാർക്സ്,എംഗൽസ് ട്രിബ്യുൺ ലേഖന സമാഹാരത്തിൽ 'ഇന്ത്യൻ കലാപം' എന്ന ലേഖനം ഉണ്ടായിരുന്നു.1857 സെപ്റ്റംബർ 16 ന് ട്രിബ്യുൺ പ്രസിദ്ധീകരിച്ച ഈ ലേഖനം,പുസ്തകത്തിൽ വന്നപ്പോഴാണ്,മാർക്‌സ് 1857 ലെ കലാപത്തെപ്പറ്റി എഴുതിയിട്ടുണ്ടെന്ന് ഇന്ത്യക്കാർ അറിഞ്ഞത്.മാർക്‌സിന്റെ പേരില്ലാതെയാണ് ഇത് പത്രത്തിൽ വന്നത്.1959 ൽ മോസ്‌കോയിൽ നിന്ന് മാർക്‌സ് -എംഗൽസ് സയുക്ത പേരിൽ On Colonialism രണ്ടു ഭാഗങ്ങൾ വന്നു.1968 ൽ പരിഷ്‌കരിച്ച നാലാം പതിപ്പ് ഉണ്ടായി.ഇവയും 1988 ൽ സംയുക്ത പേരിൽ The First Indian War of Independence പുസ്തകവും വന്നതോടെ,ട്രിബ്യുണിൽ വന്ന ഇന്ത്യൻ ലേഖനങ്ങൾ മുഴുവൻ കിട്ടി.
ബയാർഡ് ടെയ്‌ലർ 

ഇന്ത്യയെപ്പറ്റിയുള്ള ലേഖനങ്ങൾ മാത്രം 1985 ൽ മീററ്റിൽ നിന്ന് ബെർക് ബർബറോഗ്ളു India : National Liberation and Class Struggle -A Collection of Classical Marxist Writings എന്ന സമാഹാരത്തിൽ ഉൾപ്പെടുത്തി.2001 ൽ ഐജാസ് അഹമ്മദ് On the National and Colonial Question എഡിറ്റ് ചെയ്‌തിറക്കി.2006 ൽ Karl Marx:India ഇക്‌ബാൽ ഹുസ്സൈൻ ഇറക്കി.അലിഗഡ് ഹിസ്റ്റോറിയൻസ് സൊസൈറ്റി 15 വർഷം ഗവേഷണം ചെയ്‌താണ്‌ ഇത് തയ്യാറാക്കിയത്.അമേരിക്കയിൽ വിർജീനിയ സർവകലാശാലയിലെ ആൽഡർമാൻ ലൈബ്രറിയിൽ ട്രിബ്യുൺ ലക്കങ്ങളുണ്ട്.

ആ പത്രത്തിൽ മാർക്‌സ് എഴുതിയ കാലത്ത് തന്നെ ഇന്ത്യയെപ്പറ്റി അമേരിക്കൻ പത്രപ്രവർത്തകൻ ബയാർഡ് ടെയ്‌ലർ ( 1825 -1878 ) എഴുതിയിരുന്നു.പേരില്ലാതെ വന്ന എല്ലാ ലേഖനങ്ങളും മാർക്സിന്റേതാവില്ല.മോസ്‌കോ പതിപ്പുകൾ മുഖവിലയ്ക്ക് എടുക്കാനാവില്ല.ടെയ്‌ലർ ഇന്ത്യ സന്ദർശിച്ചാണ് എഴുതിയത്.1854 ഏപ്രിൽ 22 ന് എംഗൽസിന് മാർക്‌സ് എഴുതിയ കത്തിൽ ടെയ്‌ലറുടെ ഇന്ത്യ സന്ദർശനത്തിന് പത്രം 500 പൗണ്ട് ചെലവാക്കിയിട്ടും,അയാളുടെ റിപ്പോർട്ടുകൾ താൻ ലണ്ടനിൽ നിന്ന് എഴുതിയവയെക്കാൾ ചെറുതും മോശവുമാണെന്ന് വിമർശിക്കുന്നു.1854 ൽ Poems of the Orient എന്ന കവിതാ സമാഹാരവും ടെയ്‌ലർ പ്രസിദ്ധീകരിച്ചു.പത്രത്തിൻറെ ലണ്ടൻ ലേഖകൻ പോളണ്ടുകാരനായ ഹംഗേറിയൻ ദേശീയ വാദി ഫെറൻസ് ഒറീൽ പൾസ്‌കി (Ferenc Pulszky 1814 -1897) എ പി സി എന്ന പേരിൽ ഇന്ത്യയെപ്പറ്റി എഴുതിയിരുന്നു.1854 മാർച്ച് 11 നും ഒക്ടോബർ പത്തിനും മാർക്‌സ് എംഗൽസിന് എഴുതിയ കത്തുകളിൽ,പൾസ്‌കിയെ തൻറെ ശത്രു എന്നും 'ലണ്ടൻ പത്രങ്ങളിൽ നിന്ന് നാണമില്ലാതെ കക്കുന്നവൻ' എന്നും ചീത്ത വിളിച്ചു.

മാർക്‌സിന്റെ ഇന്ത്യൻ ലേഖനങ്ങൾക്ക് പലരും ആശ്രയിച്ചിരുന്നത്,ഷ്ലോമോ അവിനേരി തയ്യാറാക്കിയ Karl Marx on Colonialism and Modernization ( 1968 ) എന്ന പുസ്തകമാണ്.പത്ര ലോഖനങ്ങളുടെ ഒറ്റ വാല്യം.മോസ്‌കോ പതിപ്പുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌താണ്‌ ഇത് വന്നത്.മാർക്‌സിന്റെയോ എംഗൽസിന്റെയോ പേരില്ലാത്ത എല്ലാ പത്ര ലേഖനങ്ങളും മോസ്‌കോ പതിപ്പിൽ ചേർത്തിട്ടില്ല.അവിനേരി ഉൾപ്പെടുത്തിയ ചിലതിൻറെ വിശ്വാസ്യത സംശയത്തിലാണ്.മോസ്‌കോയിൽ നിന്നിറങ്ങിയ മാർക്‌സ് സമ്പൂർണ കൃതികളുടെ 11 -17,19 വാല്യങ്ങളിലാണ് ( 1979 -81 ;1984 ) ഇന്ത്യൻ ലേഖനങ്ങൾ.എന്നാൽ പത്രത്തിൻറെ 1858 ഏപ്രിൽ അഞ്ച്,26 തീയതികളിൽ വന്ന ലേഖനങ്ങൾ ഈ വാല്യങ്ങളിൽ ഇല്ല.British Atrocities in India,Scheme for the Administration of India എന്നിവയാണ്,അവ.

ഫെറൻസ് പൾസ്‌കി 

നേരത്തെ പറഞ്ഞ പോലെ,1853 ജൂൺ 25 ന് എഴുതിയ The British Rule in India,ഓഗസ്റ്റ് എട്ടിന് എഴുതിയ The Future Results of the British Rule in India എന്നിവയിലാണ്,ഹിന്ദുമതത്തെപ്പറ്റിയും ഹിന്ദുക്കളെപ്പറ്റിയും പരാമർശങ്ങൾ.ഇവയ്ക്ക് ശേഷo മാർക്‌സ് ഇന്ത്യയെ വ്യത്യസ്തമായി വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട് -എന്നാൽ ഈ രണ്ടു ലേഖനങ്ങളുടെ ഭാഗങ്ങൾ മാർക്‌സ് അതേ പടി മൂലധന ത്തിൽ നില നിർത്തി.മൂലധന ത്തിനുള്ള കുറിപ്പുകൾ ഗ്രന്ത്രിസ്സേ എന്ന പേരിൽ വന്നതിൽ,മുതലാളിത്ത പൂർവ സാഹചര്യങ്ങളിൽ ഇന്ത്യയെ പ്രതിഷ്ഠിക്കാനുള്ള ശ്രമം കാണാം.ചില ഭേദഗതികളോടെ ഇന്ത്യയെ സംബന്ധിച്ച സിദ്ധാന്തങ്ങൾ മൂലധനം ഒന്നാം വാല്യത്തിൽ വന്നു.മാർക്‌സിന്റെ കുറിപ്പുകളിൽ നിന്ന് മൂലധനം രണ്ടും മൂന്നും വാല്യങ്ങൾ തയ്യാറാക്കിയത് എംഗൽസാണ്.അവയിൽ മൂല്യം വിശദീകരിക്കുമ്പോൾ,അവിടവിടെ ഇന്ത്യയുണ്ട്.മൂലധനം ഒന്നാം വാല്യം വന്ന 1867 ന് ശേഷം മാർക്‌സ് ഇന്ത്യയെ വിട്ടെന്നാണ് കുറിപ്പുകളിൽ നിന്ന് മനസ്സിലാകുന്നത്.മോസ്‌കോയിൽ നിന്ന് മാർക്‌സിന്റെ Notes on Indian History 1664 -1858 എന്ന പുസ്തകം ഇറക്കിയെങ്കിലും,അവയ്ക്ക് കുറിപ്പുകൾ എന്നെടുത്തു എന്ന് വ്യക്തമല്ല.1870 ൽ റോബർട്ട് സീവേൽ ഇറക്കിയ The Analytical History of India യിൽ നിന്ന് പകർത്തിയതാകാം.1841 ൽ പ്രസിദ്ധീകരിക്കുകയും 1874 ൽ പുതിയ പതിപ്പിറങ്ങുകയും ചെയ്‌ത മൗണ്ട് സ്റ്റുവർട്ട് എൽഫിൻസ്റ്റൻറെ History of India യാണ് മാർക്‌സ് ഉപജീവിച്ച മറ്റൊരു പുസ്തകം.അക്കാലത്ത് തന്നെ മോർഗനും കൊവാലെവ്‌സ്‌കിയും ഇറക്കിയ പുസ്തകങ്ങൾ  വഴി പുസ്തകം വഴി മാർക്സിന് ഇന്ത്യയിൽ പുതിയ താൽപര്യം ജനിച്ചെന്ന് ഡാനിയൽ തോർണർ Marx on India and Asiatic Mode of Production (1966) ൽ പറഞ്ഞിട്ടുണ്ട്; Communal Landholding (1879) ആണ് കൊവാലെവ്‌സ്‌കിയുടെ പ്രബന്ധം.

Ancient Society എഴുതിയ അമേരിക്കൻ നരവംശ ശാസ്ത്രജ്ഞനാണ്  ലൂയിസ് മോർഗൻ.റഷ്യൻ സാമൂഹ്യ ശാസ്ത്രജ്ഞൻ എം എം കൊവാലെവ്സ്കി മാർക്സിനെ ലണ്ടനിൽ കണ്ടിരുന്നു.മോർഗൻറെ Ancient Society (1877) കൊവാലെവ്‌സ്‌കി മാർക്സിന് കൊടുത്തു.1879 ൽ മാർക്‌സ് കൊവാലെവ്‌സ്‌കിയുടെ പ്രബന്ധത്തെപ്പറ്റി എഴുതിയ കുറിപ്പുകളിൽ,ഭൂമിയുമായുള്ള ബന്ധങ്ങളിൽ ഇന്ത്യയെപ്പോലെ വൈവിധ്യം മറ്റൊരു രാജ്യത്തും ഉണ്ടായിട്ടില്ലെന്ന് പറയുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ചരിത്രം മുഗളന്മാർക്ക് മുൻപും പിൻപും പരിശോധിച്ച മാർക്സിന് ഇന്ത്യൻ ഗ്രാമങ്ങൾ മാറിക്കൊണ്ടിരുന്നതായി ബോധ്യപ്പെട്ടു.*

കൊവാലെവ്സ്കി 

അതായത്, മാർക്‌സ് മൗലിക ചിന്തകൻ അല്ല. സോവിയറ്റ് യൂണിയൻ മാർക്‌സ് എഴുതിയതെല്ലാം തപ്പിയെടുത്ത് ഇറക്കിയപ്പോൾ നിർബാധം മാർക്‌സ് പകർപ്പെഴുത്ത് നടത്തിയത് വെളിച്ചത്ത് വന്നു.

ഇന്ത്യയെ സംബന്ധിച്ച വ്യാഖ്യാനം മാർക്‌സ് മോഷ്ടിച്ചത്,ഹെഗലിൻറെ The Philosophy of History യിൽ നിന്നാണ്.1830 ൽ ഹെഗൽ എഴുതിയത്,മാർക്‌സ് 1863 ൽ പകർത്തി.ജെ സിബ്‌റി പരിഭാഷ ചെയ്‌ത ( 1956 )  ഹെഗലിൻറെ പുസ്തകത്തിൽ ( പേജ് 163)   നിന്ന്:

The Hindoos have no history, no growth expanding into a veritable political condition. The diffusion of Indian culture had been a dumb,deedless expansion. The people of India have achieved no foreign conquests, but have on every occasion been vanquished themselves.
"ഇന്ത്യയ്ക്ക് ചരിത്രമേയില്ല;ഒരു രാഷ്ട്രീയാവസ്ഥയായി പരിണമിക്കാനുള്ള വികാസവുമില്ല.ഇന്ത്യൻ സംസ്കാരത്തിൻറെ വികാസം നിശബ്ദവും നിശ്ചേതനവുമായിരുന്നു.ഇന്ത്യൻ ജനത ഒരു വിദേശ രാജ്യവും കീഴടക്കിയില്ല,ഓരോ ഘട്ടത്തിലും കീഴടങ്ങുകയായിരുന്നു."

ഹെഗൽ ഈസ്റ്റ് ഇന്ത്യ റിപ്പോർട്ടിൽ നിന്ന് പകർത്തിയ ഈ വിഡ്ഢിത്തം മാർക്‌സ് 'ബ്രിട്ടീഷ് ഭരണത്തിൻറെ ഭാവി ഫലങ്ങൾ' എന്ന ലേഖനത്തിൽ പകർത്തിയത് നോക്കുക :

Indian society has no history, at least no known history. What we call its history is but the history of successive intruders who founded their empires on the passive basis of that unresisting and unchanging society. ( The Newyork Daily Tribune / 8 August 1853 )
"ഇന്ത്യൻ സമൂഹത്തിന് ചരിത്രമേയില്ല;അറിയപ്പെടുന്ന ചരിത്രം.അതിൻറെ ചരിത്രമെന്ന് നാം പറയുന്നത് മാറ്റമില്ലാത്തതും പ്രതിരോധിക്കാത്തതുമായ ആ സമൂഹത്തിൻറെ അലസമായ അടിത്തറയിൽ സാമ്രാജ്യം കെട്ടിപ്പടുത്ത അധിനിവേശ ശക്തികളുടെ ചരിത്രത്തെയാണ് ".

ഹെഗൽ ഇന്ത്യൻ മതവിശ്വാസത്തെപ്പറ്റി ഇങ്ങനെ എഴുതി:

The ideology of the Hindoo culture is a pantheism of imagination, expressed in the universal deification of all finite existence and degradation of the Divine, deprivation of man of personality and freedom...the morality of which is involved in respect for human life is not found among the Hindoos.( The Philosophy of History/Pages 140,141,150).
"ഹിന്ദു സംസ്കാരത്തിൻറെ കാതൽ ഭാവനയിൽ വിരിഞ്ഞ ദൈവ ശ്രേണിയാണ്.അവ നിലനിൽക്കുന്ന എല്ലാറ്റിനെയും ദൈവവൽക്കരിക്കുകയും ദൈവത്തെ താഴ്ത്തിക്കെട്ടുകയും മനുഷ്യ വ്യക്തിത്വം,സ്വാതന്ത്ര്യം എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു....ഹിന്ദുക്കൾക്കിടയിൽ,മനുഷ്യ ജീവനെ ആദരിക്കുന്ന ദൈവികത കാണാനില്ല."

മാർക്‌സ് ആവർത്തിച്ചു:

The murder itself is a religious right in Hindoostan-a brutalizing worship of nature, exhibiting its degradation in the fact that man, the sovereign of nature, fell down on his knees in adoration of Hanuman, the monkey, and Sabbala, the cow. (The Newyork Daily Tribune/25 June 1853.)
"ഇന്ത്യയിൽ കൊല തന്നെ മതാചാരമാണ്-പ്രകൃതി ആരാധന മാരകമാണ്.പ്രകൃതിയുടെ യജമാനനായ മനുഷ്യനെ അത്,ഹനുമാൻ എന്ന കുരങ്ങനും പശുവായ കാമധേനുവിനും മുന്നിൽ സാഷ്ടാംഗ പ്രണാമം നടത്തി,താഴ്ത്തികെട്ടുന്നു".

മനുഷ്യ ജീവനെ ആരാധിക്കുന്ന ധാർമികത ഹിന്ദുക്കൾക്കില്ല എന്ന ഹെഗലിൻറെ പ്രസ്താവനയ്ക്ക്,ധർമ്മ ശാസ്ത്രങ്ങളായ 'മഹാഭാരത'ത്തിന്റെയും 'വാല്‌മീകി രാമായണ'ത്തിന്റെയും നാട്ടുകാരായ നാം മറുപടി പറയേണ്ടതില്ല.

ഇന്ത്യയ്ക്ക് ചരിത്രമില്ലെന്നും ഉള്ളത്  അധിനിവേശക്കാരുടേതാണെന്നും ഹെഗലിനെ വളച്ചൊടിച്ച് വിഡ്ഢിത്തം വിളമ്പിയ മാർക്‌സിനാകട്ടെ, ഇന്ത്യയിലെ ഏറ്റവും വലിയ മാർക്സിസ്റ്റ് ചരിത്രകാരൻ ദാമോദർ ധര്മാനന്ദ്‌ കോസംബി (1907 -1966) നിശിതമായി An Introduction to the Study of Indian History (Page 11 -12) യിൽ മറുപടി പറഞ്ഞു:
"മാർക്‌സിന്റെ പ്രസ്താവനയെ എതിർക്കാതെ വിട്ടുകൂടാ.ഇന്ത്യൻ ചരിത്രത്തിൻറെ മഹദ് ഘട്ടങ്ങൾ,മൗര്യ,ശതവാഹന,ഗുപ്‌ത കാലങ്ങൾക്ക് അധിനിവേശക്കാരുമായി ഒരു ബന്ധവുമില്ല.അക്കാലത്താണ് അടിസ്ഥാന ഗ്രാമ സമൂഹം രൂപം കൊണ്ടതും വികസിച്ചതും പുത്തൻ വാണിജ്യ കേന്ദ്രങ്ങൾ വളർന്നതും ".

അർനോൾഡ് ടോയൻബിയെ വായിച്ചിട്ടും താൻ ആത്മാവ്,ഗോത്ര സ്‌മൃതികൾ,ധാർമിക വിജയങ്ങൾ,ചാതുർവർണ്യത്തിന്റെ സത്ത എന്നിവയുടെ ആഴമറിയാൻ പാട് പെടുന്നതായി കോസംബി സമ്മതിക്കുന്നു.മാർക്സിസത്തിൽ തടഞ്ഞു നിന്നാൽ അങ്ങനെ സംഭവിക്കും.മുൽക് രാജ് ആനന്ദ് എഡിറ്റ് ചെയ്‍ത മാർക്‌സ് -എംഗൽസ് -ഇന്ത്യ പുസ്തകം ആഴമില്ലാത്തതാണെന്നും അതിന് രജനി പാമേ ദത്ത്,എഡ്‌ജൽ റിക്വഡ്,നെഹ്‌റു,സജ്ജാദ് സഹീർ,പി സി ജോഷി,സെഡ് എ അഹമ്മദ് എന്നിവർ സഹായിച്ചു എന്നത് കൗതുകം മാത്രമാണെന്നും കോസംബി വിലപിക്കുന്നു.പുസ്തകമിറക്കിയ സോഷ്യലിസ്റ്റ് ബുക് ക്ലബിൽ അംഗങ്ങളായ സുഭാഷ് ചന്ദ്ര ബോസ്,നരേന്ദ്ര ദേവ്,ജയപ്രകാശ് നാരായൺ,എം ആർ മസാനി,റാം മനോഹർ ലോഹ്യ എന്നിവർ പഠനം അപൂർണമാണെന്ന് വായനക്കാരന് മുന്നറിയിപ്പ് നൽകാതിരുന്നത്,ഖേദകരമാണെന്നും ഈ ആഴമില്ലായ്‌മ അവരുടെ പിൽക്കാല ചാഞ്ചാട്ടങ്ങളിൽ കണ്ടുവെന്നും കോസംബി വിമർശിക്കുന്നു.
---------------------------------
*Marx at the Margins: On Nationalism, Ethnicity and Non-Western Societies / Kevin Anderson.

See https://hamletram.blogspot.com/2019/09/blog-post_15.html

No comments:

Post a Comment

FEATURED POST

BAMBOO AND BUTTERFLY: A MALABAR WOMAN FOR BRITISH RESIDENT

The Amazing Life of a Thiyya Woman S he shared three males,among them a British Resident and a British Doctor.The Resident's British ...